“ഒരാള് അവിടെ കാണണംന്നു് പറഞ്ഞു് ഇരിപ്പുണ്ടു്. കൊറെ നേരായി” പോസ്റ്റ് നോക്കി തരം തിരിച്ചു മുമ്പിലേക്കു നീക്കിവയ്ക്കുന്നതിനിടയിൽ രാമൻനായർ പറഞ്ഞു.
“ഒക്കില്ലെന്നു പറഞ്ഞേക്കൂ.”
“അതു ഞാൻ പറഞ്ഞു: നേർത്തെ ഒക്കെ എടപാടു ചെയ്താലെ കാണാൻ ഒക്കൂ എന്നും പറഞ്ഞു. അപ്പോ, ദേ ഈ എഴുത്തു് എഴുതിത്തന്നു. ഒരുപാടു് സമയായി പാവം അവിടെ കാത്തു് നിക്കണു.”
ഓഹോ, ഈ രാമൻനായർക്കു് എപ്പോൾ തുടങ്ങി ഇങ്ങനെ കാത്തു നിൽക്കുന്നവരോടൊക്കെ സഹതാപം!
നോട്ടു കൈമാറിക്കാണും. അതുതന്നെ. ആ എഴുത്തു് മറ്റു കത്തുകളുടെ കൂട്ടത്തിൽ മേശപ്പുറത്തുവെച്ചു് രാമൻനായർ പോയി. ‘പേഴ്സണൽ’ ആയിട്ടു് ഒരു കാര്യം പറയാനുണ്ടു്. കുറച്ചു സമയം തരാൻ സൗകര്യപ്പെടുമോ? ഇന്നു തരപ്പെട്ടില്ലെങ്കിൽ നാളെ എപ്പോൾ വരണമെന്നു പറഞ്ഞാൽ വരാം. അത്യാവശ്യകാര്യമാണു്. ബുദ്ധിമുട്ടിക്കുകയില്ലെന്നു വിശ്വസിക്കുന്നു.
വലിയ വിനയത്തിലാണു്!
എന്താണു് ഇയാൾക്കു് വേണ്ടതു് ? ഇത്ര അത്യാവശ്യമായിട്ടു്.
പി. എസ്. സി.-യുടെ ഇന്റർവ്യു ഉണ്ടല്ലോ അടുത്ത ആഴ്ച. അതിനു താനാണു് പോകുന്നതു് എന്നു് അറിഞ്ഞിട്ടായിരിക്കും. ഒന്നു കേറ്റിവിടാൻ താൻ വിചാരിച്ചാൽ മതിയല്ലോ.
അതിനു് ഇങ്ങനെ വലിയ വിനയത്തിൽ എഴുതിയാൽ ഒന്നും പോരാ, കുട്ടി! നല്ല നീല നോട്ടുകൾ വരണം.
വിക്ടറിന്റെ ഉമ്മറത്തുകൂടി കാറും കൊണ്ടുപോകാൻ വയ്യാതെ ആയിരിക്കുന്നു. അവർ ഇങ്ങോട്ടു ഫോൺ ചെയ്തു് ഇന്നലെ എന്നല്ലേ പറഞ്ഞതു്? കുറെ അധികം ആയിക്കാണണം. എന്നാലും ആ കള്ള ജൂതനു് ധൈര്യം വന്നല്ലോ, ആഫീസിലേയ്ക്കു് ഫോൺ വിളിയ്ക്കാൻ അയാളുടെ മകന്റെ പാലം പണിയും കൺട്രാക്റ്റും ഒക്കെ കാണിച്ചുകൊടുത്തേക്കാം.
ഫോൺ വിളിച്ചിരിയ്ക്കുന്നു!
അതു വന്നു പറഞ്ഞപ്പോൾ ആ രാമൻനായരുടെ ഒരു എക്സ്പ്രെഷൻ—അവന്റെ ഒരു ചിരിയും, ചെവിടത്തൊന്നു കൊടുക്കാനാണു് തോന്നിയതു്. നിവൃത്തിയില്ലല്ലോ. അങ്ങനത്തെ കാലമല്ലേ?
ഏതായാലും വിനയക്കാരൻ നാളെ കാലത്തെ ഇങ്ങടു് പോരട്ടെ. വിനയം അല്ലാതെ വേറെ വല്ലതും ഉണ്ടോ അയാളുടെ കൈയിൽ എന്നു് അറിയാമല്ലൊ.
എഴുത്തിന്റെ മാർജിനിൽ നോട്ട് ഇട്ടു് മാറ്റിവയ്ക്കാൻ തുടങ്ങുമ്പോഴാണു് താഴെ മേൽവിലാസം കൊടുത്തിരിയ്ക്കുന്നതു് ശ്രദ്ധിച്ചതു്. ഏയ്, ഇയാൾ എം. ബി. ബി. എസ്. ആണു്. എൻജിനീയർ അല്ല. അപ്പോൾ പി. എസ്. സി.-യുടെ ഇന്റർവ്യു അല്ല. ഡോക്ടർമാരുടെ ഇന്റർവ്യൂവിൽ തനിക്കു് കാര്യമില്ലല്ലോ.
പിന്നെ ഇതു് ഏതു് ശകുനം മുടക്കി ആണു്?
ഇയാളെ കണ്ടതുകൊണ്ടെന്തു ഗുണം!
വേണ്ട!
എന്നാലും ഒരു പരിചയവുമില്ലാത്ത ആള് ഇങ്ങനെ എഴുതുമോ?
അയാൾ കുറേനേരം പേരിൽതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു.
അതായിരിക്കുമോ?
ആ, അതു തന്നെ ആള്!
സൂവിനു വേണ്ടി അവർ നേർത്തേ പിടിച്ചു വച്ചിരുന്ന ആള്!
കണ്ടുകളയാം. ജാമാതാവാകാൻ പോകുകയല്ലേ? കണ്ടുകളയാം എങ്ങനെ ഇരിയ്ക്കുന്നു എന്നു് അറിയാമല്ലോ.
പക്ഷേ, എന്താണു് ഇപ്പോൾ ഇയാൾക്കു് ഇങ്ങനെ തോന്നാൻ. വെറുതെ ഇരിക്കുമ്പോൾ അമ്മായിയച്ഛനെ ഒന്നു കാണണമെന്നു്? വലിയ ബഹുമാനവും! കാശു ചോദിക്കാനായിരിക്കും. അല്ലാതെ എന്തിനാ? കിട്ടിയതൊന്നും പോരാ.
അതിനാണെങ്കിൽ ആള് മാറിപ്പോയി, മോനേ! ഇവിടെ വിക്ടറിന്റെ കടം വീട്ടാൻ വഴി നോക്കിക്കൊണ്ടിരിക്കുകയാണു്. ശമ്പളം കിട്ടിയാൽ പതിനഞ്ചാം തിയതിക്കു മുമ്പു് ഒക്കെ എവിടേക്കാണാവോ പോകുന്നതു് !
രാമൻനായർ ഒപ്പിടീക്കാൻ ഒരു കെട്ടു് ഫയലും കൊണ്ടു വന്നു.
“ഈ എഴുത്തു തന്ന ആൾ അവിടെത്തന്നെ ഉണ്ടോ? വരാൻ പറയൂ.”
അയാൾ ഒന്നും മിണ്ടാതെ പോയി.
വാതിൽക്കൽ പതുക്കെ തട്ടു് കേട്ടു.
“കം ഇൻ.” ഫയലിൽ നിന്നു് തലപൊക്കാതെ അയാൾ പറഞ്ഞു.
അതൊരു വേലയാണു്. ആൾ അടുത്തെത്തിക്കഴിയുമ്പോൾ പെട്ടെന്നു് തലപൊക്കി നേരെ മുഖത്തേക്കു് അങ്ങു് നോക്കുക. അപ്പോൾ പരിഭ്രമം ഉള്ള ആളാണെങ്കിൽ ഒന്നു് പരിഭ്രമിക്കാതെ ഇരിക്കില്ല. പിന്നെ വളച്ചു കൊണ്ടുവരാൻ എളുപ്പമാണു്.
ഇയാളുടെ അടുത്തു് ഇതൊന്നും നടപ്പില്ല എന്നു തോന്നുന്നു. ഒരു കൂസലും ഉള്ള ലക്ഷണമില്ല.
കൊള്ളാം, അവർ തപ്പിപ്പിടിച്ച ആള് തരക്കേടില്ല. കാണാൻ കൊള്ളാം ഏതായാലും.
“ഇരിക്കു.” അയാൾ പേന അടച്ചുമാറ്റിവച്ചു.
സൗകര്യം ഇവിടെയാവും എന്നു് വിചാരിച്ചാണു് ഞാൻ ഇങ്ങോട്ടു് വന്നതു് “വളരെ ബിസി ആണോ? വീട്ടിൽ വന്നു സംസാരിക്കുന്നതിനേക്കാൾ അസൗകര്യമായോ?”
“സാരമില്ല.”
“എന്നെ മനസ്സിലായില്ലായിരിക്കും.”
“ഇല്ലല്ലോ.”
“ഞാൻ കഴിഞ്ഞകൊല്ലം മെഡിസിൻ കംപ്ലീറ്റ് ചെയ്തതാണു്.”
“സന്തോഷം. ജോലി ആയില്ലേ?”
“ഉവ്വു്, ഉടനെ കിട്ടി. ഇവിടെ ജനറൽ ഹോസ്പിറ്റലിൽ.”
“അപ്പോൾ താമസം?”
“വീടു് ഇവിടെ അടുത്തുതന്നെയാണു്.”
“ശരി.”
പിന്നെ അയാൾ കുറച്ചു നേരത്തേക്കൊന്നും മിണ്ടിയില്ല.
“നിങ്ങൾക്കുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ?”
“എന്നെ മനസ്സിലായില്ലേ. എനിക്കു പഠിക്കാൻ പണം തന്നതു് അങ്ങയുടെ ഫാദർ-ഇൻ-ലാ ആണു്.”
അതെ. തനിക്കും അങ്ങോരു തന്നെയാണല്ലോ പണം തന്നതു്. അതല്ലേ അവരുടെ ടെക്നിക്ക്! കഴുത്തിൽ കുരുക്കിട്ടു പിടിക്കുക.
“ഓ ശരി.”
“അങ്ങയുടെ ഫാദർ-ഇൻ-ലായോടു് എന്റെ അച്ഛൻ, ഞാൻ ജയിച്ചാൽ എന്നെക്കൊണ്ടു് അങ്ങയുടെ മകളെ ‘മാരി’ ചെയ്യിച്ചോളാം എന്നു പറഞ്ഞിരുന്നു.”
“ആ ഉറപ്പിൻമേലാണോ നിങ്ങൾക്കു് പണം തന്നതു്?”
“ആ ഉറപ്പു മാത്രമല്ല, ഞങ്ങൾ താമസിക്കുന്ന വീടു് ഈടു് കൊടുത്തിട്ടുമുണ്ടു്.”
അതേ പണിതന്നെ. തന്റെ അടുത്തു് എടുത്ത അതേ വഴി. ഇരിക്കുന്ന വീടു് പണയം എഴുതിച്ചാൽ പിന്നെ പുള്ളി ഓടില്ലല്ലോ.
“ഉം—”
“അങ്ങും എന്നെപ്പോലെ ബുദ്ധിമുട്ടി പഠിച്ചതാണെന്നു് അറിഞ്ഞു. അതു കൊണ്ടാണു് ഞാൻ ഇന്നു് ഇങ്ങോട്ടു വന്നതു്.”
“എന്തിനാണു് വന്നതെന്നു് പറഞ്ഞില്ലല്ലോ.”
“അങ്ങയോടു് ഒരു കാര്യം—” അയാൾ നിറുത്തി.
നേർത്തെ തോന്നിയതു ശരിയാണോ? കാശു തന്നെയാണോ ആവശ്യം?
“എന്താണെന്നു പറയു.”
“ഞാൻ തുറന്നു പറയട്ടേ?”
“പിന്നെ? അതിനല്ലേ ഹേ, നിങ്ങള് വന്നതു്?”
“അതെ എങ്കിലും—”
“വെറുതെ സമയം മിനക്കെടുത്താതെ.”
“അങ്ങയുടെ വീട്ടുകാർ പറഞ്ഞു കല്യാണം ഉടനെ നടത്തണമെന്നു്.”
“അതിനു് ?”
“ഞാൻ വേറൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു, സർ.”
“ഏ—അയാൾ കസേരയിൽ നിവർന്നിരുന്നു. തികച്ചും പഴയ കഥ തന്നെയോ? താനും ലീലയും.”
ഈ ചെറുപ്പക്കാരൻ-
“എന്താണു് നിങ്ങൾ പറഞ്ഞതു്? എനിക്കു് മനസ്സിലായില്ല.”
“ഞാൻ അങ്ങയുടെ മകളെയല്ലാതെ വേറൊരു പെൺകുട്ടിയെ സ്നേഹിക്കുന്നു. എന്റെ കൂടെ മെഡിസിനു പഠിച്ചതാണു്.”
ലീല തന്റെ കൂടെ പഠിച്ചതല്ല. തന്റെ മുറപ്പെണ്ണായിരുന്നു. അമ്മാവന്റെ മകൾ.
താനും ലീലയും ഒന്നിച്ചു പഠിച്ചില്ല. അവൾ രണ്ടുമൂന്നു വയസ്സിനിളപ്പമാണു്. കോളേജിൽ പഠിക്കാൻ തന്റെ വീട്ടിൽ വന്നു താമസിച്ചു. അത്രയേ ഉള്ളൂ.
വീരവനിത ഉണ്ണിയാർച്ച. ഝാൻസിറാണി ലക്ഷ്മീഭായി—എന്തൊക്കെ പേരാണു്. കോളേജിൽ അവളെ വിളിച്ചിട്ടുള്ളതു് !
ഇപ്പോൾ ഇതൊക്കെ ഓർമ്മയിൽ വരാൻ?
ഒന്നും മറന്നിട്ടില്ലെന്നോ? ഇത്രയും കൊല്ലമായിട്ടും
തീരാത്ത വഴക്കുകൾ ആയിരുന്നു താനും ലീലയും തമ്മിൽ.
അവളെ ശുണ്ഠിപിടിപ്പിക്കാൻ എന്തു രസമായിരുന്നു!
സ്ത്രീ സമത്വവാദി—പുരുഷമേധാവിത്വത്തിനെതിരെ സ്ത്രീകളുടെ ചാമ്പ്യൻ—വീരവനിത ഉണ്ണിയാർച്ച.
വീരവനിത! കഷ്ടം!
എത്ര എളുപ്പം കരയുമായിരുന്നു അവൾ! ശൗര്യമൊക്കെ അത്രയേ ഉള്ളൂ.
കരച്ചിലും ചിരിയും ശുണ്ഠിയും എല്ലാം എത്ര എളുപ്പമായിരുന്നു!
ഓട്ടിൻപുറത്തു് മഴത്തുള്ളികൾ വീഴുന്ന ശബ്ദം കേട്ടാൽ പാട്ടു വരുന്ന ലീല! ഇടിമിന്നുമ്പോൾ മുറ്റത്തു് ഇറങ്ങി നിൽക്കുന്ന ലീല!
ഇളവെയിലും പൂക്കളും മഞ്ഞയും മഴയും എല്ലാം ഇഷ്ടപ്പെട്ടിരുന്ന തന്റെ ലീല! എല്ലാറ്റിനേയും എല്ലാവരേയും സ്നേഹിച്ചിരുന്ന തന്റെ ലീല.
വീരവനിത
“എന്റെ ജീവിതത്തിൽ ഇനി വേറൊരു സ്ത്രീക്കിടമില്ല, സർ.” ചെറുപ്പക്കാരൻ തുടർന്നു സംസാരിക്കുകയാണു്.
“ഞാൻ ഇതല്ലാതൊരു വിവാഹം കഴിച്ചാൽ പിന്നെ ആ ജീവിതത്തിനു് ഒരർത്ഥം ഉണ്ടായിരിക്കുകയില്ല. അതും വെറും പൊള്ളയായിരിക്കും സർ.”
പൊള്ളയല്ലേ തന്റെ ജീവിതം? ഇതിനെന്തെങ്കിലും വല്ല അർത്ഥവുമുണ്ടോ?
ഈ ചെറുക്കൻ
എന്നാലും ഇവനെ ഇങ്ങനെ വിട്ടുകൂടാ.
“ഇതൊക്കെ മെലോഡ്രാമ ആണു്. ഏതോ പുസ്തകത്തിൽ നിന്നു് പഠിച്ചതു് ഉരുവിടുകയാണു് നിങ്ങൾ.”
“മെലോഡ്രാമയോ, സർ? പുസ്തകത്തിൽ നിന്നു് പഠിച്ചതു്! അങ്ങയുടെ മകൾക്കു് എന്റെ കൂടെ സുഖമായിരിക്കുവാൻ കഴിയുമോ? വേറൊരു സ്ത്രീയെ മനസ്സിൽ കൊണ്ടു നടക്കുന്ന ആളുടെ കൂടെ?”
അതാലോചിച്ചിട്ടില്ല ഇതുവരെ. ലക്ഷ്മിക്കുട്ടിക്കു് ജീവിതം സുഖമാണോ? സുഖവും അസുഖവും-
തടിച്ച ബാങ്ക് എക്കൗണ്ടും മോട്ടാർകാറും വൈരക്കമ്മലും അല്ലേ അവൾക്കു സുഖം?
താൻ അവൾക്കു് തടിച്ച ബാങ്ക് എക്കൗണ്ട് ഉണ്ടാക്കി കൊടുത്തില്ല. വിക്ടറിന്റെ അവിടെ കടം മാത്രമാണു് തനിക്കു സമ്പാദ്യം.
“അങ്ങേയ്ക്കു് ദേഷ്യം വരികയാണു്. ഒന്നു് ആലോചിച്ചു് നോക്കണേ! അങ്ങും ഒരു കാലത്തു് ചെറുപ്പം ആയിരുന്നതല്ലേ? മൂന്നു് ആളുകൾ ഇതു കൊണ്ടു് നശിക്കും. എനിക്കു നല്ലൊരു ജീവിതം നയിക്കണമെന്നുണ്ടു്. ഒരു പാടു് ‘അംബിഷൻസ്’ ഉണ്ട്, സർ, എനിക്കു്. വല്ലതും കാര്യമായിചെയ്യണം എനിക്കു് എന്റെ ജീവിതം കൊണ്ടു്. അതിനു് എന്നെ ഒന്നു് അനുവദിക്കു. അവൾ കൂടെ ഇല്ലെങ്കിൽ ഞാൻ തകർന്നു പോകും സർ.”
തനിക്കും ഉണ്ടായിരുന്നു. പ്ലാനുകളും ആദർശങ്ങളും.
പലതും ചെയ്യണമെന്നുണ്ടായിരുന്നു. ലീലയും താനും കൂടി നാടിനെ സേവിക്കാൻ ഒക്കെ ഒരുങ്ങിയിരുന്നതല്ലേ? ജയിലിൽ പോകാൻവരെ പ്ലാൻ ഉണ്ടായിരുന്നു.
താനും ചെറുപ്പം ആയിരുന്നില്ലേ ഒരിക്കൽ എന്നു്!
ചെറുപ്പമായിരുന്നു. മുമ്പിലിരിക്കുന്ന ഈ ചെറുപ്പക്കാരനെപ്പോലെ ചടച്ചു് കൊലുന്നനെ.
താനും ഒരു കാലത്തു് കവിത വായിച്ചിരുന്നു എന്നും സുഭാഷിന്റെയും ജവഹർലാലിന്റെയും പ്രസംഗങ്ങൾ കേട്ടു് ആവേശം കൊള്ളാറുണ്ടായിരുന്നു എന്നും ഇപ്പോൾ കണ്ടാൽ ആരെങ്കിലും പറയുമോ?
തന്നിലെ കവിതയും ആവേശവും കെട്ടടങ്ങി. ചട്ടക്കാരിപ്പെണ്ണുങ്ങളുടെ ചായം പുരട്ടിയ ചുണ്ടുകളിലും വിക്ടറിന്റെ പുറകിലത്തെ മുറിയിൽ പൊട്ടിക്കുന്ന കുപ്പികളിൽ നുരച്ചു പതയുന്ന വിദേശമദ്യത്തിലുമായി തന്റെ ആവേശവും കവിതയും കെട്ടടങ്ങി.
തന്റെ അധഃപതനത്തിലേക്കുള്ള വഴി വിക്ടറിന്റെ പുറകിലത്തെ വാതിലിൽ കൂടി ആയിരുന്നല്ലോ. വിക്ടറിന്റെ ബില്ലുകൾ കൊടുത്തുതീർക്കുവാൻ ശമ്പളം മതിയാകാതെ വന്നപ്പോഴല്ലേ താൻ വേറെ വഴികൾ തിരഞ്ഞു തുടങ്ങിയതു് ? ചെയ്യാൻ പാടില്ലാത്ത എന്തെല്ലാം ചെയ്തിരിക്കുന്നു കുറച്ചു രൂപയ്ക്കു വേണ്ടി! കൊടുക്കാൻ പാടില്ലാത്ത എത്ര കൺട്രാക്റ്റുകൾ കൊടുത്തു! ഗവർമേന്റു പണം പറ്റിക്കുന്നതിനു് എത്ര തവണ കണ്ണടച്ചു കൂട്ടു നിന്നു!
അധഃപതനത്തിൽ നിന്നു് അധഃപതനത്തിലേക്കു് ആ ചെകുത്താൻ സുബ്രഹ്മണ്യയ്യരാണു് കൈപിടിച്ചു് താഴേത്തേക്കിറക്കിയതു് ഓരോ പടിയായി.
ഒരു ദുർബലനിമിഷത്തിൽ ഒപ്പിടാൻ പാടില്ലാത്ത ഇടത്തു് ഒപ്പിട്ടു പോയി. അതാണു് തുടക്കം. പണത്തിനു ഞെരുക്കം ഉണ്ടായിരുന്ന സമയത്തു് ആ ചെകുത്താന്റെ പ്രേരണകൊണ്ടു് ആദ്യമായി ചെയ്യരുതാത്തതു് ചെയ്തു പോയി. അതിൽപ്പിന്നെ അയാളുടെ കൈയിലെ ഒരു കരു മാത്രമല്ലേ താൻ? അയാളുടെ കണ്ണിലെ ഭീഷണിക്കു വഴങ്ങി എന്തെല്ലാം തെറ്റുകൾ പിന്നെ ചെയ്തിരിക്കുന്നു!
താൻ നശിച്ചു.
താനും നശിച്ചു. ലീലയും നശിച്ചു.
ലീല—വരുന്ന സന്ന്യാസിമാരുടെയൊക്കെ കാൽക്കൽ തലമുട്ടിച്ചു്—അഖണ്ഡനാമജപവും അവഭൃഥസ്നാനവും പൂജയും ജപവും അമ്പലത്തിൽ പോക്കും ആയി—മഴവില്ലിന്റെ ഏഴഴകും ഉള്ളവളായിരുന്ന തന്റെ ലീല.
രണ്ടാം മുണ്ടിന്റെ വക്കത്തൊക്കെ കരയ്ക്കു പകരം രാമ, രാമ എന്നു് തുന്നിപ്പിടിപ്പിച്ചാണത്രേ ഇപ്പോൾ നടക്കുന്നതു്. കുട്ടികളെക്കൊണ്ടു് ക്ലാസ്സിൽ ചെന്നു് ‘രാമ, രാമ’ എന്നു് എഴുതിക്കുകയാണുപോലും ഇപ്പോൾ പണി. അതിനു് ഒരിക്കൽ വഴക്കായി എന്നല്ലേ കേട്ടതു്? ഏതോ ഒരു കുട്ടിയുടെ രക്ഷാകർത്താവു് പരാതി പറഞ്ഞു് അവരുടെ ഹെഡ്മിസ്ട്രസ്സ് എക്സ്പ്ലനേഷൻ ചോദിക്കുകയോ റിപ്പോർട്ടയയ്ക്കുകയോ എന്തൊക്കെയോ ബഹളം ഉണ്ടായിപോലും. ഇരുപതു കൊല്ലം.
അതിൽ പിന്നെ കണ്ടിട്ടില്ല. അല്ല ഒരിക്കൽ കണ്ടു. അമ്മാവൻ മരിച്ചു് അടിയന്തിരത്തിനു് ചെന്നപ്പോൾ മിന്നൽപോലെ ഒരു നോക്കു് കാണുകയുണ്ടായി. അതു വേണ്ടായിരുന്നു. പഴയ ഓർമ്മ മാത്രം മതിയായിരുന്നു മനസ്സിൽ റോസാപ്പൂപോലെ തുടുത്തു് കൊഴുത്തു് ഇരുന്ന തന്റെ ലീല അവൾ ഇങ്ങനെ വാടിത്തളരാതെ, ക്ഷീണിച്ചുണങ്ങാതെ, എന്നും പതിനെട്ടായി തന്റെ ഉള്ളിൽ കഴിഞ്ഞാൽ മതിയായിരുന്നു.
മൂന്നുപേരും നശിച്ചു.
ലക്ഷ്മിക്കുട്ടി—അവളും നശിച്ചോ?
ഒരുപക്ഷേ, തന്റെ ജീവിതത്തിലേക്കു് കടന്നുവന്നപ്പോൾ അവളും എഴുതാത്ത സ്ലെയ്റ്റ് ആയിരുന്നിരിക്കാം. സ്നേഹമില്ലാത്ത ഈ ദാമ്പത്യബന്ധം ആണോ അവളെയും ഇങ്ങനെ ആക്കിയതു്?
അന്നു് അവൾ ഇടപെട്ടു് അങ്ങനെ പറഞ്ഞതു്
അവൾക്കു് വിശ്വാസക്കുറവു് തോന്നാൻ കാരണം താൻ നൽകിയിട്ടുണ്ടായിരുന്നില്ലേ?
എന്നാലും അവളുടെ അച്ഛന്റെ കൈയിൽ പൂത്ത പണം ഇരിക്കുമ്പോൾ, തനിക്കു് ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ ചോദിച്ചപ്പോൾ
തനിക്കു വേണ്ടി പറയുന്നതിനു പകരം അവൾ
അവൾ തടസ്സം പറഞ്ഞതുകൊണ്ടാണവളുടെ അച്ഛൻ പണം തരാതെ ഇരുന്നതു്.
മുഴുവൻ അവളുടെ കുറ്റമാണോ?
താൻ പോയാൽ തിരിച്ചിങ്ങോട്ടു് വരില്ല എന്നു് അവൾക്കു തോന്നിയിരിക്കാം.
മുടക്കിയ മുതൽ നഷ്ടപ്പെടുമോ എന്നുളള ഭയം—അതാണു് താൻ അതിനു കൊടുത്ത അർത്ഥം.
അതിൽ പിന്നീടു് ആ വീടു് ഒരു വീടായിരുന്നിട്ടുണ്ടോ?
തനിക്കു സമയത്തിനു ഭക്ഷണം മേശപ്പുറത്തു് എത്തുന്നുണ്ടോ എന്നും അലമാരിയിൽ അലക്കിയ ഉടുപ്പുകൾ ഒഴിയാതെ ഉണ്ടോ എന്നും നോക്കുന്ന ഒരു യന്ത്രം മാത്രമായിട്ടല്ലേ താൻ അതിൽപ്പിന്നെ അവളെ കണക്കാക്കിയിട്ടുള്ളൂ?
ആ വീട്ടിൽ താൻ ഗൃഹനാഥനോ ഭർത്താവോ അച്ഛനോ ആയിരുന്നിട്ടുണ്ടോ അതിൽപ്പിന്നെ?
അച്ഛൻ!
താൻ മുഖത്തൊന്നു സൂക്ഷിച്ചുനോക്കിയാൽ കണ്ണിൽവെള്ളം നിറയ്ക്കുന്ന മകൻ—അമ്മയുടെ ബുദ്ധിയും അച്ഛന്റെ സൗന്ദര്യവും കിട്ടിയവളെന്നു നല്ല ബോധമില്ലാത്തപ്പോൾ ഒരിക്കൽ താൻ പറഞ്ഞുപോയ മകൾ
മുഴുവൻ തെറ്റു്!
ഈ വിവാഹം തെറ്റാണെന്നു തനിക്കു് അന്നേ അറിയാമായിരുന്നില്ലേ? പക്ഷേ, ഇത്രയ്ക്കു് ഇങ്ങനെ
തെറ്റു്—മൂന്നു് ജീവിതങ്ങൾ നശിപ്പിച്ച തെറ്റു്.
അന്നു താൻ അവസാനമായി യാത്ര ചോദിച്ചപ്പോൾ ലീല കരഞ്ഞില്ല. അന്നു് പോരുന്നതുവരെ അവളുടെ കണ്ണു് നിറഞ്ഞില്ല.
“കുട്ടേട്ടൻ വ്യസനിക്കരുതു്. സമാധാനമായിരിക്കൂ. തലയിലെഴുത്താണു്. ശാന്തയുടെയും രമയുടെയും കാര്യം ആലോചിക്കൂ.”
തൊട്ടാവാടി എന്നു താൻ വിളിക്കാറുണ്ടായിരുന്ന അവൾ തന്നെ സമാധാനിപ്പിക്കുകയാണു് അന്നുണ്ടായതു്.
ശാന്തയും രമയും-
“ഈ രണ്ടു പെൺകുട്ടികളുടെ കൈയും പിടിച്ചു് ഞാൻ റോഡിലേക്കിറങ്ങണോടാ മോനേ?”
അച്ഛന്റെ ആ ചോദ്യമാണു് തന്നെ തോൽപ്പിച്ചതു്. കടം വീട്ടാൻ വേറെ വഴി ഒന്നും ഇല്ലായിരുന്നു.
ശാന്തയും രമയും—അവരുടെ മുഖത്തു പിന്നെ നോക്കിയിട്ടില്ല.
രമ—അരുമയായി ലാളിച്ച അമ്മയില്ലാത്ത കുട്ടി! അവളെപ്പോലും അടുത്തു് വിളിച്ചു് ഒരു വാക്കു് മിണ്ടിയിട്ടില്ല. അതിനുശേഷം. അവളുടെ ഭർത്താവു് മരിച്ചപ്പോൾ പോലും ഒന്നു കാണാൻ പോയില്ല. അനിയത്തിമാർ!
ഈ ചെറുപ്പക്കാരനു് അനിയത്തിമാരില്ലേ?
ഈയാൾ മുമ്പിലിരിക്കുന്ന കഥ മറന്നു് ഓരോന്നു് ആലോചിച്ചു പോയി.
തന്നെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടു് ഇരിയ്ക്കുകയാണു്. എന്താണു് അയാൾ തന്റെ മുഖത്തു വായിക്കുന്നതു്?
“നിങ്ങൾക്കു് സഹോദരിമാരില്ലേ?”
“ഉണ്ടു്. ഒരനിയത്തി ഉണ്ടു്. അതു കൊണ്ടല്ലേ ഞാൻ അങ്ങയെ ആശ്രയിക്കാൻ വന്നിരിക്കുന്നതു്. അവൾ പഠിക്കുകയാണു്. ബി. എസ്. സി. ഫൈനൽ ഇയർ. അവളൊന്നു ജയിച്ചു് ഒരു ജോലി ആക്കിക്കൊടുത്താൽ പിന്നെ വീടു് പോയാലും സാരമില്ല.”
ഈയാളുടെ അനിയത്തി പഠിക്കുകയാണു്. സഹോദരനെ വിറ്റിട്ടു് വേണ്ട അവൾക്കു് ജീവിക്കാൻ. അവൾക്കു് സ്വന്തം കാലിൽ നിൽക്കാൻ കഴിയും.
“ഞാൻ ആണത്തമില്ലാത്തവനാണെന്നു ധരിക്കരുതു് സർ. അങ്ങയുടെ പണം ഒരു പൈസ ബാക്കി ഇല്ലാതെ ഞാൻ മടക്കിത്തരും. എനിക്കു കുറച്ചു സമയം തരണം. എന്നുമാത്രമേ അപേക്ഷയുള്ളു. എന്റെ വിമലയുടെ വീട്ടിലും പണമില്ല. ഉള്ളതെല്ലാം വിറ്റാണു് അവൾ പഠിച്ചതു്. അല്ലെങ്കിൽ അവൾ തന്നേനെ ഈ കുരുക്കിൽ നിന്നു് എന്നെ രക്ഷിക്കാനുളള പണം. ഞങ്ങൾ രണ്ടുപേരും പണി എടുക്കാൻ തയ്യാറാണു്. എനിക്കു കുറച്ചു സമയം തരു, ഞാൻ മുഴുവൻ വീട്ടിക്കോളാം. മുതലും പലിശയും ശരിക്കു കണക്കുപറഞ്ഞു് ഏൽപ്പിച്ചോളാം.
ഇതൊക്കെ ആയിട്ടും ഞാൻ വീടുവിറ്റു കടം വീട്ടാൻ നോക്കിയേനെ. പക്ഷേ, എന്റെ അച്ഛൻ പറയുന്നു, അങ്ങയുടെ ഫാദർ-ഇൻ-ലാ മരിക്കുന്നതിനു മുമ്പു് അദ്ദേഹം വാക്കുകൊടുത്തിട്ടുണ്ടു് എന്നു്. അച്ഛന്റെ വാക്കു് മകൻ ബഹുമാനിക്കേണ്ടതല്ലേ? അങ്ങു വിചാരിച്ചാലേ എനിക്കു രക്ഷയുള്ളു. അങ്ങയ്ക്കിതു നിർബന്ധമില്ലെന്നു പറഞ്ഞാൽ ഞാൻ എന്റെ അച്ഛനെ പറഞ്ഞു് സമ്മതിപ്പിച്ചോളാം.
അങ്ങു് ഒരു വാക്കുപറയൂ.
എന്നെ ഇതിൽ നിന്നു് ഒഴിവാക്കിത്തരൂ. ആ പുണ്യം കൊണ്ടു് അങ്ങയുടെ മകൾക്കു് മുഴുവൻ ഹൃദയവും കൈവശമുള്ള നല്ലൊരു വരനെ കിട്ടാതിരിക്കുകയില്ല.”
“പുണ്യം-”
“അപ്പോൾ അങ്ങന്റെ അപേക്ഷ നിരസിക്കുകയാണോ?”
“ഒക്കില്ല എന്നു പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും? ഈ വിവാഹത്തിനു നിങ്ങൾ സമ്മതിച്ചല്ലേ പറ്റൂ?”
“ഇല്ല, സർ ഈ വിവാഹം നടക്കില്ല. നടന്നുകൂടാ. അങ്ങു് നിരസിക്കുകയാണെങ്കിൽ ഞാൻ എന്തുചെയ്യും എന്നോ? എന്തെങ്കിലും ചെയ്യും ഇതു തന്നെ ചെയ്യും.”
“അങ്ങയുടെ മകളായ എന്റെ അനുജത്തിയുടെ അടുക്കൽ ഞാൻ ചെന്നു് അപേക്ഷിക്കും, എന്നേയും അവളെ തന്നെത്താനും നശിപ്പിക്കരുതേ എന്നു്.”
ലീലയുടെ മകൻ ഇതുപോലെ ചുണയും ആണത്തവും ഉള്ളവൻ ആയിരുന്നേനെ. അല്ലാതെ താൻ മുഖത്തേക്കൊന്നു നോക്കിയാൽ കണ്ണിൽ വെള്ളം നിറയ്ക്കുന്നവൻ ആവില്ലായിരുന്നു.
ലീലയുടെ മകൻ
ലീലയ്ക്കു് മക്കൾ ഇല്ലല്ലോ, കണ്ണിൽ ചോരയില്ലാത്ത ദൈവത്തിന്റെ പേർ വിളിച്ചു ജപിച്ചുകൊണ്ടു് നടക്കുകയല്ലേ ലീല?
ലീലയ്ക്കു് കുട്ടികളില്ല.
ലീലയ്ക്കു് ഉണ്ടാകാതിരുന്ന കുട്ടികൾ
ലീലയ്ക്കു് ഉണ്ടാകുമായിരുന്ന കുട്ടികൾ
ലീലയ്ക്കു് ഇല്ലാത്ത കുട്ടികൾ
ഇല്ലാത്തവർ. ഇല്ലായ്മയിലും താഴെയായവർ
ചാൾസ്ലാംബി ന്റെ സ്വപ്നശിശുക്കളെപ്പോലെ മറവിയുടെ ആറ്റിനക്കരെ ആയിരത്താണ്ടു കാലം കാത്തുനിന്നാലും അവർക്കു് ഒരു ദേഹവും ഒരു രൂപവും കിട്ടുകയില്ല.
മകനേ, നീ പൊയ്ക്കോ. എന്റെ മകൾക്കു് പണമുണ്ടു്. അവൾക്കു് വേറൊരു വരനെ കിട്ടാതിരിക്കില്ല. നീ പറഞ്ഞതുപോലെ മുഴുവൻ ഹൃദയവും കൈവശമുള്ള ഒരു വരൻ.
നീ പോകൂ.
“ശരി, നിങ്ങളെ ഞാൻ നിർബ്ബന്ധിക്കുന്നില്ല. പോയി നിങ്ങളുടെ എന്താണു് ആ കുട്ടിയുടെ പേരു്?”
“വിമലയാണു, സാർ.”
“ആ! വിമലയുമായി സുഖമായിരിക്കൂ. പണം സൗകര്യംപോലെ മടക്കിത്തന്നാൽ മതി.”
“സർ—”
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.