അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. ഇനി കാണുകയും ഉണ്ടാവില്ലല്ലോ.
എന്റെ ഏട്ടന്റെ കൂട്ടുകാരൻ ആയിരുന്നു. രാജേട്ടൻ പറഞ്ഞു കേട്ടിട്ടുള്ള അറിവു് മാത്രമേ എനിയ്ക്കു് അദ്ദേഹത്തെക്കുറിച്ചുള്ളു.
പതിനാലു് പതിനഞ്ചു് വയസ്സു് പെൺകുട്ടികൾക്കു് ജ്യേഷ്ഠൻമാരോടു് വീരാരാധന തോന്നുന്ന പ്രായമാണു്.
അതിനു മുമ്പു് അടിപിടിയാണു് പ്രധാനം. ഏട്ടനുമായി രണ്ടു മൂന്നു വയസ്സിലധികം പ്രായവ്യത്യാസമില്ലെങ്കിൽ പ്രത്യേകിച്ചും. എന്തു പറഞ്ഞാലും കളിയാക്കുകയും എപ്പോഴും ഉപദ്രവിക്കുകയും ചെയ്യുന്ന ശല്യക്കാരാണു് അപ്പോൾ ഏട്ടൻമാർ.
“അമ്മേ, ദേ ഈ ഏട്ടൻ-”
“എന്തിനാടാ അവളെ കരയിക്കണതു്?”
“അമ്മ വന്നൊന്നു നോക്കു ഇവള് ഇവിടെ എന്താ കാണിക്കണതു് എന്നു്.”
“അവനോടു് കളിയ്ക്കാൻ പോണ്ട, പെണ്ണേ. വല്ല പണീം ഉണ്ടെങ്കിൽ നോക്കാണ്ടെ?-”
അവർക്കു് സമയം പോകണ്ടേ? വിടാതെ പുറകെ നടക്കുന്ന അനിയത്തിമാരെ കരയിപ്പിക്കുന്നതല്ലേ വീട്ടിലെത്തിയാൽ പ്രധാന വിനോദം.
ഉപദ്രവിയ്ക്കുന്ന പ്രായം കടന്നു് അവരും വലുതായി പിന്നാലെ നടന്നു് ശല്യപ്പെടുത്തുന്ന പ്രായം കടന്നു് അനിയത്തിമാരും വലുതായി പിന്നത്തെ കാലമാണു് വീരാരാധനയുടെ സമയം.
അതു് സുന്ദരമായ കാലമാണു്. അതുപോലെ ഒരടുപ്പം പിന്നെ ഉണ്ടാവില്ല. രണ്ടുപേരും ശരിയ്ക്കു് മുതിർന്നു് പുരുഷനും സ്ത്രീയും ആയിക്കഴിഞ്ഞാൽ പിന്നെ അവരവരുടെ ജീവിതം ആയി. അകന്നകന്നു പോകൽ മാത്രമാണു് പിന്നീടു്. അതെ അതു സുന്ദരമായ കാലമാണു്.
എനിയ്ക്കു് പതിനാലു വയസ്സുള്ളപ്പോഴാണു് എന്റെ ഏട്ടൻ മദിരാശിയ്ക്കു് പഠിയ്ക്കാൻ പോയതു്.
അന്നു് അദ്ദേഹത്തിന്റെ കൂട്ടുകാരൻ ആയിരുന്ന ആളെപ്പറ്റിയാണു് ഞാൻ പറഞ്ഞു വന്നതു്.
കൂട്ടുകാരൻ എന്നല്ല പറയേണ്ടതു്. രാജേട്ടൻ കുട്ടിയും അദ്ദേഹം അദ്ധ്യാപകനും ആയിരുന്നല്ലോ. എന്താണു് പറയേണ്ടതു് എന്നറിയില്ല. അദ്ധ്യാപകൻ എന്നു മാത്രം പറഞ്ഞാൽ ഒന്നും ആവില്ല.
അദ്ദേഹത്തിനെ ഞാൻ മാധവമേനോൻ എന്നു വിളിയ്ക്കാം. അതല്ല അദ്ദേഹത്തിന്റെ പേരു്. എങ്കിലും അങ്ങനെ വിളിയ്ക്കാം.
രാജേട്ടൻ പഠിച്ചുകൊണ്ടിരുന്ന കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം ഏട്ടനെ പഠിപ്പിച്ചിട്ടില്ല. ഏട്ടന്റെ വിഷയം അല്ലായിരുന്നുവല്ലോ.
അവധിയ്ക്കു് രാജേട്ടൻ വീട്ടിൽ വരുമ്പോൾ പറഞ്ഞു കേട്ടിട്ടുള്ള അറിവു മാത്രമേയുള്ളു.
ഏട്ടൻ പറയുന്നതെന്തും വേദവാക്യമായിരുന്നു അന്നു്. കോളേജ് പൂട്ടി വരുന്ന ദിവസം കാത്തു് ഇരിയ്ക്കുമായിരുന്നു.
എനിയ്ക്കു് അറിയാൻ വയ്യാത്ത ഞാൻ കണ്ടിട്ടില്ലാത്ത—കാണാൻ ഞാൻ ആർത്തിയോടെ കൊതിച്ചിരുന്ന—പുറമേയുള്ള ലോകത്തിലേയ്ക്കുള്ള ജനാലയായിരുന്നു അന്നെനിയ്ക്കു് ഏട്ടൻ.
പുരുഷൻമാരുടെ ലോകം.
ഒരു കൊച്ചു പെൺകുട്ടിയുടെ ഭാവന എന്തെല്ലാം നിറങ്ങളാണു് ആ ലോകത്തിനു കൊടുക്കുക.
കുലീനതയുടേയും ആഭിജാത്യത്തിന്റേയും മതിൽകെട്ടുകൾ ഇല്ലെങ്കിൽ കൂടിയും സ്ത്രീക്കു് പ്രവേശിയ്ക്കാൻ കഴിയാത്ത ആ ലോകം.
സിഗരറ്റും സൈക്കിളും വീരസാഹസികതയും—ശക്തിയുടെ ലോകം.
(ഭംഗിയായി ചൂളം അടിയ്ക്കുന്ന ഒരു സ്ത്രീയെ ഇപ്പോൾ എനിയ്ക്കു് അറിയാം.)
രാജേട്ടൻ കഥകൾ എല്ലാം എന്നോടാണു് പറയുക. വന്നാൽ രണ്ടു ദിവസത്തേയ്ക്കു് എല്ലാവരും ചുറ്റും കാണും. പിന്നെ ഓരോരുത്തർക്കു് അവരവരുടെ കാര്യം. ക്ഷമയോടെ എല്ലാം കേൾക്കാൻ ഏട്ടനു് ഞാൻ അല്ലാതെ ആരേയും കിട്ടില്ല.
കോളേജിലെ വിശേഷങ്ങൾ—ഓരോരോ മാസ്റ്റർമാരുടെ പ്രത്യേകതകളും, കുട്ടികൾ ക്ലാസ്സിൽ കാട്ടുന്ന ഓരോ വികൃതിത്തരങ്ങളും എല്ലാം ഒന്നും വിടാതെ പറയുമായിരുന്നു.
രാജേട്ടന്റെ അന്നത്തെ വർണ്ണനകളാണു് എനിയ്ക്കു് ഇംഗ്ലീഷു സിനിമകളോടു് ഇത്രയ്ക്കു ഭ്രമം ഉണ്ടാക്കിയതു്. സ്റ്റുവർട്ട് ഗ്രേഞ്ചറിനേയും ഓഡ്രിഹെപ്ബേണിനെയും ഗ്രെഗറി പെക്കിനേയും ഞാൻ പരിചയപ്പെടുന്നതു് അന്നാണു്.
കേട്ടിട്ടുള്ള പരിചയം മാത്രം.
സിനിമ കാണണമെങ്കിൽ അമ്മയോ അച്ഛനോ കൂടെ വന്നാലല്ലേ ഒക്കൂ. അവർക്കൊട്ടു കാണുകയും വേണ്ട.
മൂത്ത ഏട്ടൻമാർ രണ്ടുപേരും ജോലിയിലായി ഓരോ ദിക്കിലാണു്. ഏടത്തിയും ദൂരെ.
സിനിമ എന്നും പറഞ്ഞു് ഒരുപാടു് നിർബന്ധം ആയാൽ
“നിന്റെ ഏടത്തി ഒരിക്കലും ഇങ്ങനെ ശാഠ്യം പിടിച്ചിട്ടില്ല.”
തീർന്നു.
ഇങ്ങനെ നല്ല ഒരു ഏടത്തി ഉണ്ടായതാണു് ഏറ്റവും വലിയ ശല്യം, വില കൂടിയ നിറമുള്ള തുണികൾ വേണമെന്നു പറയുമ്പോഴും അവരുടെ വലിയ നിഴൽ ആയിരിയ്ക്കും മുമ്പിൽ.
ഞാൻ അവരെ മനസ്സിൽ പലപ്പോഴും പ്രാകിയിട്ടുണ്ടു് എന്നു എന്റെ പ്രിയപ്പെട്ട ഏടത്തി അറിയില്ല.
ഞാനും രാജേട്ടനും ആയിരുന്നു ചങ്ങാതിമാർ. ഞങ്ങൾ തമ്മിലാണു് കൊച്ചിലേ ഏറ്റവും അധികം അടിപിടിയും നടന്നിട്ടുള്ളതു്.
“ഭദ്രകാളി-”
“ചുടലമാടൻ-” കുറയ്ക്കുന്ന അനിയത്തിയാണോ?
രാജേട്ടൻ ആദ്യമായി പെട്ടിയും കിടക്കയും ഒക്കെ കൊണ്ടുപോയ ദിവസം ഞാൻ കിടന്നു് കരഞ്ഞ കരച്ചിൽ ഇന്നും ഓർമ്മയുണ്ടു്.
ഏട്ടൻ എനിയ്ക്കു് എഴുത്തുകൾ അയയ്ക്കാറില്ല. അവധിക്കു വരുമ്പോൾ—ആ ദിവസങ്ങൾ എത്ര വേഗമാണു് പോകുക.
അന്നു് ഏട്ടൻ പറഞ്ഞിട്ടുള്ളതു് എല്ലാം വാസ്തവമായിരുന്നു എന്നു് എനിയ്ക്കിപ്പോൾ തോന്നുന്നില്ല. എന്തു് പുളു അടിച്ചാലും ചിലവാകുമെന്നു് കണ്ടാൽ
രാജേട്ടൻ മദിരാശിയിൽനിന്നു് കൊണ്ടു വന്ന ആദ്യത്തെ പരിഷ്ക്കാരം ഇതായിരുന്നു. കാലത്തു് എണീറ്റ ഉടൻ കാപ്പി കുടിയ്ക്കണം.
ഞങ്ങളുടെ വീട്ടിൽ കുളിയ്ക്കാതെ ആരും ഒന്നും കഴിച്ചു പോകരുതെന്നായിരുന്നു ശട്ടം. അമ്മയ്ക്കു് ആദ്യമൊക്കെ കുളിച്ചാൽ മാത്രം പോരാ അമ്പലത്തിൽ തൊഴുതു വരികയും കൂടി വേണമായിരുന്നു.
രാജേട്ടൻ മദിരാശിയിൽ ചെന്നു് ആദ്യം ഉപേക്ഷിച്ചതു ഈ കുളിയാണു്.
തിരിച്ചു വന്നപ്പോഴും ബെഡ്കോഫി വിടാൻ മടി. കാലത്തെ ഈ കാപ്പി സംഘടിപ്പിച്ചു കൊടുത്തിരുന്നതു ഞാനാണു്. അമ്മ കുളിച്ചു തൊഴുതു വരുമ്പോഴേക്കു് ഗ്ലാസുകൂടി കഴുകി കമിഴ്ത്തിയിരിയ്ക്കും.
അമ്മ അറിയുന്നില്ലെന്നാണു് അന്നു ഞങ്ങൾ രണ്ടുപേരും വെച്ചിരുന്നതു്.
അവർ അറിഞ്ഞിരുന്നു എന്നു് എനിയ്ക്കു് തീർച്ചയുണ്ടു്. അവരുടെ പൊന്നുമകൻ കുളിയ്ക്കുകയേ ഇല്ല എന്നു് പറഞ്ഞിരുന്നെങ്കിലും അവർ അപ്രിയം കാണിയ്ക്കില്ലായിരുന്നു. മകൻ തന്റെ ചട്ടം തെറ്റി നടന്നാൽ അതു് അറിഞ്ഞില്ലെന്നു് ഭാവിച്ചു് കണ്ണടയ്ക്കുകയല്ലാതെ എതിരു പറയുക ഉണ്ടാവില്ലായിരുന്നു.
ഞങ്ങൾക്കു് അതു് മനസ്സിലാകാറായിരുന്നില്ലല്ലോ. അന്നു് വലിയ ഒരു ഗൂഢാലോചനയോ രഹസ്യപ്രവർത്തനമോ ഒക്കെ ആയിട്ടാണു് ഈ കാപ്പി ഉണ്ടാക്കൽ ഞങ്ങൾ അന്നു കണക്കാക്കിയിരുന്നതു്. എന്തൊരു ഭയങ്കര രസമായിരുന്നു അതു്. എന്തെല്ലാം പുകവെള്ളങ്ങളാണു് കാപ്പി എന്നും പറഞ്ഞു പാവം ഏട്ടനെക്കൊണ്ടു കുടിപ്പിച്ചിട്ടുള്ളതു്.
പോയി രണ്ടാമത്തെ അവധിയ്ക്കു വന്നപ്പോഴാണു് മാധവൻ മാസ്റ്ററെ ഞങ്ങൾക്കൊക്കെ പരിചയമായതു്. ഏട്ടനു് അവിടെ വെച്ചു ടൈഫോയ്ഡ് പിടിച്ചു. അദ്ദേഹമാണു് അടുത്തിരുന്നു് ശുശ്രൂഷിച്ചതു്—തനിയ്ക്കു് നല്ല സുഖമില്ലാതിരുന്നിട്ടും അതു വകവയ്ക്കാതെ. അത്തവണ ഏട്ടൻ മടങ്ങിപ്പോയതു് ഹോസ്റ്റലിൽനിന്നു താമസം മാറ്റി അദ്ദേഹത്തിന്റെ കൂടെ താമസിച്ചോളാൻ അനുവാദവും ആയിട്ടാണു്. കുട്ടികളുടെ ജീവൻ ആയിരുന്നു അദ്ദേഹം. ദിവസേന വൈകുന്നേരം കുറെ പേർ വീട്ടിൽ കൂടും. അവരുടെ കൂടെ ചേർന്നു് അവരെപ്പോലെ ബഹളം കൂട്ടുകയും ചിരിച്ചുല്ലസിയ്ക്കുകയും ചെയ്യുമ്പോൾ അസാധാരണ ബുദ്ധിവൈഭവവും വായിച്ചറിവും ഉള്ള ആളാണു് ഇതു് എന്നു തോന്നില്ല.
അതും ഹൃദയത്തിനു സാരമായ സുഖക്കേടുള്ള ഒരു മനുഷ്യൻ. ഏതു നിമിഷവും മുന്നറിയിപ്പുകൂടാതെ കയറി വരാവുന്ന മരണം പുറകിലുണ്ടു് എന്നു് അറിഞ്ഞുകൊണ്ടുള്ള ജീവിതം.
രാജേട്ടനോടു് മാത്രമേ അസുഖത്തിന്റെ കാര്യം പറയാറുള്ളു.
അതിനെപ്പറ്റി സംസാരിയ്ക്കുന്നതു് അദ്ദേഹത്തിനിഷ്ടമല്ല.
അദ്ദേഹം ഇങ്ങനെ വർത്തമാനം പറഞ്ഞു ലഹളകൂട്ടുന്നതിനെതിരായിരുന്നു ഏട്ടൻ.
ഏട്ടനോടു് മാത്രം സംസാരിയ്ക്കുന്നതാണു് ഏട്ടൻ ഇഷ്ടപ്പെട്ടിരുന്നതു് എന്നു തോന്നുന്നു.
ഒരിയ്ക്കൽ ഈ ബഹളം കാരണം തനിയ്ക്കു പഠിക്കാൻ സൗകര്യമില്ലെന്നു പറഞ്ഞു നോക്കുകകൂടി ചെയ്തുവത്രേ.
“രാജനു് പഠിയ്ക്കാൻ സൗകര്യമില്ലാതെ ആകുന്നതു് എനിയ്ക്കും വിഷമമുള്ള സംഗതിയാണു്. അങ്ങനെയാണെങ്കിൽ രാജൻ ഹോസ്റ്റലിൽ തന്നെ താമസിയ്ക്കുകയേ നിവൃത്തിയുള്ളു.”
അസൗകര്യത്തിന്റെ കാര്യം ഏട്ടൻ പിന്നെ പറഞ്ഞിട്ടില്ല.
അദ്ദേഹം മാസികകളിൽ എഴുതുമായിരുന്നു, മനുഷ്യൻ ചിരിച്ചു തല തല്ലിപ്പോകുന്ന വിനോദഭാവനകൾ. ചിരി ഇല്ലാത്ത ഒന്നും അദ്ദേഹം എഴുതാറില്ല.
അധികം ദേഹം ആയാസപ്പെടരുതു് എന്നു് ഡോക്ടർ ഉപദേശിച്ചിരുന്നെങ്കിലും കുട്ടികളുടെ കൂടെ പൊരിവെയിലത്തു ക്രിക്കറ്റ് കളിയ്ക്കാൻ നിൽക്കാൻ ഒരു കൂസലുമില്ല.
പകലൊക്കെ ഇങ്ങനെ കഴിഞ്ഞു് രാത്രി മുഴുവൻ അദ്ദേഹത്തിനു വേദന അനുഭവിക്കേണ്ടി വരും. എന്നാലും കൂട്ടാക്കില്ല.
ഏട്ടൻ നിർബന്ധിച്ചു നോക്കിയിട്ടുണ്ടു് സൂക്ഷിച്ചിരിയ്ക്കാൻ.
“എന്തു് സൂക്ഷിയ്ക്കണു? ഒന്നു മിണ്ടാണ്ടു് ഇരിയ്ക്കു്. ഒരു ദിവസം എന്തായാലും മരിയ്ക്കുമേ.”
ഒരു ദിവസം എന്തായാലും മരിയ്ക്കും. പിന്നെ ചിരിച്ചുകൊണ്ടു് കഴിയുക.
അദ്ദേഹത്തിനെപ്പറ്റി പറഞ്ഞു് ഞങ്ങൾ രണ്ടുപേരും കൂടി വേദന തിന്നിട്ടുണ്ടു്. കുറച്ചുകൂടി കരുതലോടെ ജീവിയ്ക്കുവാൻ അദ്ദേഹത്തെ നിർബന്ധിയ്ക്കുവാനുളള പദ്ധതികൾ ഉണ്ടാക്കാറുണ്ടു്.
അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല. കണ്ടാൽ എങ്ങനെയാണു് എന്നുപോലും ശരിക്കറിയില്ല. ചടച്ചാണു്, നല്ലപൊക്കം, ഇരുനിറം ഇത്രയും അറിയാം.
മുടി ചുരുണ്ടതാണോ? വലിയ കണ്ണാണോ? അറ്റം കുറച്ചു വളഞ്ഞ മൂക്കാണെനിക്കിഷ്ടം. അങ്ങിനത്തതാണോ അദ്ദേഹത്തിന്റെ മൂക്കു്?
ഇങ്ങനെ ഒരു നൂറു വട്ടം കാര്യം അറിയണമായിരുന്നു.
ഒരു ഏട്ടനോടു് ഇതെല്ലാം ചോദിയ്ക്കുന്നതെങ്ങനെ?
ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുന്നതു് അദ്ദേഹത്തിനു് വെറുപ്പാണു്. ഒരു സ്നാപ്പുപോലും കണ്ടിട്ടില്ല.
“ഞാൻ പറഞ്ഞില്ലേ സുന്ദരനൊന്നുമല്ല. നല്ല പെർസണാലിറ്റി ഉണ്ടു് പക്ഷേ,” ഇതിലപ്പുറമൊന്നും പറയാനില്ല ഏട്ടനു്.
ഒരു പുരുഷൻ മറ്റൊരു പുരുഷനെ എത്ര കണ്ടു് സ്നേഹമാണെങ്കിലും ഇത്രയ്ക്കേ ശ്രദ്ധിക്കുള്ളായിരിയ്ക്കും.
അവർ രണ്ടുപേരും കൂടി നീന്താൻ പോയ കഥ സംഭവം നടന്നു് കുറെ കഴിഞ്ഞാണു് ഞാൻ അറിഞ്ഞതു്.
കൂടെക്കൂടെ പോകുന്നതാണു് അവർ അങ്ങനെ. സാധാരണ പോകുന്ന കടപ്പുറത്തല്ല അത്തവണ പോയതു്. കുറെ അധികം ദൂരേയ്ക്കു് നീന്തുകയും ചെയ്തു.
“തിരിയു, മടങ്ങാം നമുക്കു്.” പെട്ടെന്നദ്ദേഹം പറഞ്ഞു. കാര്യം എന്താണെന്നു് മനസ്സിലായില്ലെങ്കിലും ഏട്ടൻ തിരിഞ്ഞു. കരയ്ക്കെത്താറായി തിരിഞ്ഞു നോക്കിയപ്പോഴാണു് അറിയുന്നതു് അദ്ദേഹം വളരെ പുറകിലാണു് എന്നു്.
പരിഭ്രമിച്ചു് തിരിച്ചുചെല്ലാൻ തുടങ്ങിയപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു. “രാജൻ കേറിക്കോളു, ഞാൻ ദേ എത്തി.”
അദ്ദേഹം എത്തുന്നതുവരെ ഏട്ടൻ അവിടെ നിന്നു. രണ്ടുപേരും ഒന്നിച്ചു കയറി. “എന്താ പിന്നാലെ നിന്നതു്?”
“സ്രാവുള്ള കടപ്പുറമാണു് ഇതു്. പിന്നെയാണു് ഞാൻ ഓർത്തതു്. ഇവിടെ അങ്ങനെ സാധാരണ നീന്താറില്ല. എന്തോ ഒന്നു് ഇളകുന്നതു് കണ്ടു എന്നു തോന്നി വെള്ളത്തില്.”
“സ്രാവിനെകണ്ടാൽ വേഗം കേറുകയല്ലേ വേണ്ടതു്?”
“രാജൻ കൊച്ചല്ലേ. മുമ്പേ പൊയ്ക്കോട്ടെ എന്നു വിചാരിച്ചു.”
ഏപ്രിലിൽ വലിയ അവധിക്കു് വന്നപ്പോഴാണു് ഇതു് ഏട്ടൻ എന്നോടു് പറഞ്ഞതു്. ഇടയ്ക്കു് വന്നപ്പോഴൊന്നും പറഞ്ഞില്ല.
ആ അവധിക്കാണു് ഞാൻ അദ്ദേഹത്തിനുവേണ്ടി കർച്ചീഫ് തുന്നിയതു്. കമ്പിളികൊണ്ടു് ഒരു മഫ്ളർ തുന്നാനാണു് ഞാൻ ആദ്യം വിചാരിച്ചിരുന്നതു്. കമ്പിളി തുന്നാൻ എനിയ്ക്കറിഞ്ഞുകൂടാ. അതിനുള്ള സൂചികൾ ഇല്ല നൂലും ഇല്ല. തുന്നാൻ പഠിയ്ക്കാം എന്നു വിചാരിച്ചാൽ തന്നെയും ഈ സാധനങ്ങൾ ഒക്കെ വാങ്ങിയ്ക്കുമ്പോൾ എല്ലാവരും അറിയും. പട്ടുനൂൽ ആരും അറിയാതെ വാങ്ങിയ്ക്കുന്നതു് ഒരു പ്രശ്നമല്ല. വെള്ളത്തുണിയിൽ തയ്ക്കുന്നതു് അഥവാ ആരെങ്കിലും കണ്ടാൽ തന്നെ ചോദ്യങ്ങൾ ഉണ്ടാവില്ല.
മഫ്ളർ ആയിരുന്നു അദ്ദേഹത്തിനു് വേണ്ടതു്. എന്തുചെയ്യാൻ.
കർച്ചീഫ് തന്നെ ആവട്ടെ എന്നു നിശ്ചയിച്ചു. (കർച്ചീഫ് തുന്നി സ്നേഹമുള്ളവർക്കു കൊടുക്കുന്നതു് ഭാഗ്യദോഷമാണു് എന്നു് ഇന്നാള് ആരോ പറഞ്ഞു.)
നാലു ചതുരൻ കഷ്ണങ്ങൾ മുറിച്ചെടുത്തു. വക്കു വീതിയിൽ മടക്കി തുന്നി. ഒരു മൂലയിൽ ഒരു പൂവു്. എതിരേയുള്ള കോണിൽ അദ്ദേഹത്തിന്റെ പേരിന്റെ ആദ്യക്ഷരങ്ങൾ.
തുന്നൽ പണിയിൽ വിദഗ്ധയല്ല ഞാൻ—അന്നും ഇന്നും.
എങ്കിലും ഞാൻ തുന്നി. ചുളിയാതെ ഇരിയ്ക്കണമെങ്കിൽ തുണി വട്ടത്തിലുള്ള ഫ്രെയ്മിൽ വെച്ചു് പിടിപ്പിച്ചിട്ടുവേണം പൂ തുന്നാൻ എന്നു് എനിയ്ക്കു് അന്നു് അറിഞ്ഞുകൂടായിരുന്നു.
തുന്നിക്കഴിഞ്ഞപ്പോൾ കൈയിൽ പിടിച്ചു് അഴുക്കായിട്ടുണ്ടോ എന്നു് സംശയം തോന്നിയതു കൊണ്ടു് നനച്ചു. മേൽ തേയ്ക്കുന്ന വാസന സോപ്പിട്ടു് പതച്ചു നനച്ചു മഞ്ഞ നൂലിന്റെ നിറം കുറച്ചു് ഇളകി.
സാരമില്ലെന്നു വെച്ചു. കുറച്ചേ പടർന്നിട്ടുള്ളു. ഞാൻ ആ കർച്ചീഫുകൾ മടക്കി പുസ്തകം കനം വെച്ചു് ഇസ്തിരി ഇട്ടതു പോലെ ആക്കി. പാടുപെട്ടു് എവിടെനിന്നോ സമ്പാദിച്ച വർണ്ണക്കടലാസിൽ പൊതിഞ്ഞു. തുറന്നു കാണിച്ചതിനു ശേഷമാണു് ഏട്ടനെ ഏൽപ്പിച്ചതു് കൊണ്ടു കൊടുക്കാൻ.
പിറ്റേ ദിവസമാണു് രാജേട്ടനു് പോകേണ്ടതു്. അമ്മ കായ് വറുത്തതും ശർക്കര ഉപ്പേരിയും ഒക്കെ വലിയ ടിന്നുകളിലാക്കി കൊണ്ടു വന്നപ്പോൾ പെട്ടിയിൽ എല്ലാത്തിനു കൂടി സ്ഥലമില്ല.
(ഈ ടിന്നുകൾ മടക്കി എത്തിച്ചുകൊള്ളണമെന്നാണു് അമ്മയുടെ ചട്ടം. ഏട്ടൻ ഒരിക്കലും കൊണ്ടുവരാറില്ല.)
കിടക്കയിൽ വെക്കാമെന്നു് ഏട്ടൻ പറഞ്ഞു. അതമ്മയ്ക്കു് സമ്മതമല്ല. ഉപ്പേരി തണുക്കും.
“നീ മാറ്. ഞാൻ നോക്കട്ടെ എല്ലാ തവണയും കൊണ്ടുപോണതാണല്ലോ. ഇത്തവണ ഒരു സ്ഥലല്ല്യായ. വാരിവലിച്ചിട്ടു നിറച്ചിരിയ്ക്കുകയായിരിക്കും. ഞാൻ ഒന്നു് ഒതുക്കി നോക്കട്ടെ.”
അമ്മ ഓരോന്നായി പുറത്തിട്ടു. രണ്ടാമതും അടുക്കി തുടങ്ങി. സ്ഥലം ഉണ്ടായി. പക്ഷേ, എന്റെ ആ കടലാസ്സ് പൊതി അമ്മയുടെ കണ്ണിൽപ്പെട്ടു.
“ഇതെന്താ?”
ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ നിന്നു.
“നിനക്കിതെവിടുന്നു കിട്ടി?”
“ഞാൻ തുന്നിയതാണമ്മേ” വരുന്നതു വരട്ടെ എന്നു വെച്ചു ഞാൻ പറഞ്ഞു.
തിരിച്ചുവെച്ചു് പൊതിയാൻ തുടങ്ങിയപ്പോഴാണു്
അമ്മ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടു് എന്നതു് ഒരു അഭിമാനമായിട്ടാണു് ഞാൻ അതുവരെ കണക്കാക്കിയിരുന്നതു്
“ഇതു് ആരുടെ പേരിന്റെ അക്ഷരം?”
ഏട്ടൻ മിണ്ടിയില്ല. ഞാൻ തലപൊക്കിയതു തന്നെയില്ല.
അന്നു വൈകുന്നേരം എനിയ്ക്കു കുറെ ശകാരം കിട്ടി ആരോടും പറയാതെ കർച്ചീഫ് തുന്നി വല്ല ആണുങ്ങൾക്കും കൊടുത്തയയ്ക്കാൻ തുടങ്ങിയതിനു്.
ഏട്ടൻ പോകുന്നതിനു മുൻപു് കുറെ കിട്ടി എന്നു തോന്നുന്നു.
അങ്ങനെ ഞാൻ പാടു് പെട്ടു് ഉറക്കമൊഴിച്ചിരുന്നു് തുന്നിയുണ്ടാക്കിയ ആ കർച്ചീഫുകൾ എത്തേണ്ടയിടത്തു് എത്തിയില്ല.
അന്നു ഞാൻ ഒരുപാടു കരഞ്ഞു.
അടുത്ത അവധിയ്ക്കു് ഏട്ടൻ വന്നപ്പോഴേയ്ക്കും അദ്ദേഹത്തിനു വളരെ കൂടുതൽ ആയിരുന്നു. ക്രിക്കറ്റ് കളിയ്ക്കാനൊന്നും പോകാതായി. വൈകുന്നേരം നടക്കാനിറങ്ങുമ്പോൾ ചങ്ങാതിയുടെ മട്ടിൽ ഏട്ടന്റെ തോളത്തു കൂടി ഇടുന്ന കൈ പലപ്പോഴും ഏട്ടനെ ഒരു താങ്ങാക്കാനാണു് പ്രയോജനപ്പെടുക. അര ഫർലോങ്ങ് നടന്നാൽ നിൽക്കണം.
“നല്ല കാറ്റുണ്ടു് ഇവിടെ ഇല്ലേ? കുറച്ചു് നിൽക്കാം. പതുക്കെ പോയാൽ മതിയല്ലോ. കാറ്റു കൊള്ളാനല്ലേ ഇറങ്ങിയതു്.”
കാര്യം അറിയാവുന്ന രാജേട്ടൻ ഉടനെ നിൽക്കും.
മുറിയിൽ കുട്ടികൾ കൂട്ടം കൂടി ലഹളവെയ്ക്കുമ്പോൾ ഇപ്പോൾ അദ്ദേഹം പണ്ടത്തെപ്പോലെ അവരുടെ കൂടെ ചേർന്നു് ഉറക്കെ സംസാരിയ്ക്കാറില്ല.
“രാജൻ ആ ജനലൊന്നു തുറക്കു. ഭയങ്കര ഉഷ്ണം ഇല്ലേ?”
മഹാ പാപികളെ, ഓരോ ശ്വാസവും വിഷമിച്ചു് വലിയ്ക്കുന്ന ഈ വലിയ മനുഷ്യനെ നിങ്ങൾ കൊല്ലുകയാണു്. ഇറങ്ങിപ്പോകു അതിനകത്തുനിന്നു് എന്നു് വിളിച്ചു പറയാൻ ഏട്ടനു് ധൈര്യം ഇല്ലായിരുന്നു.
രാജേട്ടന്റെ കൂടെയാണു് നാട്ടിലേക്കു പോന്നതു്. റെയിൽവേ സ്റ്റേഷനിൽ വന്നിരുന്ന അദ്ദേഹത്തിന്റെ അമ്മ മകൻ വണ്ടിയിൽ നിന്നു് ഇറങ്ങുന്നതു കണ്ടു് ബോധം കെട്ടു വീണു.
ആ അവധിക്കു് അദ്ദേഹം മരിച്ചു. മരവിപ്പിയ്ക്കുന്ന വേദന കുറെ നാൾ കൊണ്ടു നീങ്ങി. എല്ലാത്തിനോടും എല്ലാവരോടും.
-പ്രത്യേകിച്ചു് എന്നോടു തന്നെ—കടുത്ത വിദ്വേഷമായി മാറി അതു്.
വളരെക്കാലത്തേയ്ക്കു് പിന്നെ എനിയ്ക്കൊന്നു ചിരിയ്ക്കാൻ കഴിഞ്ഞിട്ടില്ല.
ആ കർച്ചീഫുകൾ അങ്ങു് എത്തിയിരുന്നെങ്കിൽ എന്റെ ഈ ജീവിതത്തിന്റെ മുഴുവൻ പ്രാർത്ഥനകളും ആശിസ്സുകളും കൊണ്ടു് ആ കർച്ചീഫുകൾ അങ്ങെത്തിയിരുന്നെങ്കിൽ—അദ്ദേഹം മരിയ്ക്കില്ലായിരുന്നു എന്നു ഞാൻ സങ്കൽപ്പിച്ചിരുന്നോ?
എന്നിലെ മുഴുവൻ ആർദ്രതയും ഊറ്റിയെടുത്തു് അതുകൊണ്ടു് നിറം പിടിപ്പിച്ച മഞ്ഞ നൂലുകൊണ്ടു് ഞാൻ പാടുപെട്ടു് തയ്ച്ചുണ്ടാക്കിയ കർച്ചീഫുകൾ മൃത്യുഞ്ജയ മന്ത്രം ജപിച്ച വല്ല ‘യന്ത്ര’ത്തകിടു പോലെ അദ്ദേഹത്തെ മരണത്തിൽ നിന്നു രക്ഷിയ്ക്കുമായിരുന്നു എന്നു് ഞാൻ വിശ്വസിച്ചിരുന്നോ?
അതിൽ പിന്നെ ഞാൻ കർച്ചീഫ് തുന്നിയിട്ടില്ല.
ഇന്നെന്റെ പിറന്നാളാണു്. എനിയ്ക്കു് പിറന്നാൾ സമ്മാനമായി തപാലിൽ വന്ന ഒരു ഡസൻ കർച്ചീഫുകളുടെ കടലാസു് പെട്ടി മുമ്പിൽ തുറന്നു കിടക്കുന്നു.
കോണോടുകോൺ ചേർത്തു മടക്കി പച്ചക്കരകൾ പുറത്തു കാണത്തക്ക വിധം ഭംഗിയായി അടുക്കിവെച്ചിട്ടുള്ള കർച്ചീഫുകൾ കൈകൊണ്ടു് തയ്ച്ചവ അല്ല.
മാറാലപോലെ ലോലമായ ഈ ലേഡീസ് ഹാങ്കികൾ സമ്മാനമായി കിട്ടുമ്പോൾ വേദനയുടെ കയ്പു മുഴുവൻ മാറിയിട്ടില്ലാത്ത ഓർമ്മകൾ അയവിറക്കാനുണ്ടു് എനിയ്ക്കു് എന്നു് ഇതു് അയച്ച ആൾക്കു് അറിയില്ല.
എനിയ്ക്കു് പച്ചനിറമാണു് ഇഷ്ടം എന്നു് ഓർമ്മിച്ചുകൊണ്ടു് അരുമയോടെ ഒരുക്കിയിരിക്കുന്നു നേർമ്മയുടെ ഈ അഴകുകൾ.
സ്നേഹത്തിന്റെ ഒരു ലോകം തന്നെ ഉണ്ടു് ഇവയ്ക്കു് പുറകിൽ എങ്കിലും.
ഞാൻ പണ്ടു് മഞ്ഞ ഇതളുകൾക്കു് നടുക്കു് വയലറ്റുപൊട്ടുകളുമായി പൂ തുന്നി ഉണ്ടാക്കിയ ആ കർച്ചീഫുകൾക്കു് എന്തു സംഭവിച്ചു?
അമ്മയുടെ കാൽപ്പെട്ടിയിൽ ഉണങ്ങിയ കൈതപ്പൂവിന്റെ വാസന അടിയ്ക്കുന്ന അമ്മയുടെ മുണ്ടു പെട്ടിയിൽ—പഴയ എഴുന്നൂറ്റി മൂന്നു് മൽ ഒന്നരകളുടേയും ഉപയോഗിയ്ക്കാൻ കൊള്ളാതായി, കൊടുത്തു സ്റ്റീൽ പാത്രങ്ങൾ പകരം മേടിയ്ക്കാൻ വേണ്ടി സൂക്ഷിയ്ക്കുന്ന കസവു് രണ്ടാമുണ്ടുകളുടേയും അടിയിൽ അവ ഇപ്പോഴും നിറം മങ്ങി കിടപ്പുണ്ടോ?
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.