സംഹാരനർത്തനം
നാശത്തിന്റെ പ്രചണ്ഡതാണ്ഡവം
വളരുകയും ചുരുങ്ങുകയും ചെയ്യുന്ന
പ്രപഞ്ചത്തിന്റെ തുടിപ്പുകൾ
താളം പിടിയ്ക്കുമ്പോൾ
കാലം
അജ്ഞാതമായ അപരാതയിലേയ്ക്കു്
അനാദിയായ നിഗൂഢതയിലേയ്ക്കു്
അതിന്റെ നിർവ്വികാരമായ, തിരിച്ചുവരവി
ല്ലാത്ത, വഴി തുടർന്നു
കൊണ്ടിരിയ്ക്കുമ്പോൾ
യുഗയുഗങ്ങളുടെ ചരിത്രങ്ങൾ
നിവർത്തിയ
യവനികയ്ക്കു മുമ്പിൽ
നിത്യമായ മരണമേ,
അങ്ങു് നിന്നു നൃത്തം ചെയ്യുന്നു.
അനന്തബ്രഹ്മാണ്ഡ വിസ്തൃതികളിൽ
തണുത്തുറഞ്ഞ നിശ്ശബ്ദതകളിൽ
ജീവൻ എന്ന ഈ നിസ്സാരത ഒരിയ്ക്കലും
കണ്ടിട്ടില്ലാത്ത നിസ്സീമശ്ശൂന്യതകളിൽ
അപാരതയിൽ കാവലാളുകളായി
അങ്ങിങ്ങു് നിന്നു കത്തി ജ്വലിക്കുന്ന
പ്രകാശത്തിന്റെ ഗോളങ്ങളിൽ
അങ്ങയുടെ കാലടികൾ വീഴുന്നു.
വാദ്യമേളങ്ങൾ ഇല്ല.
വിരാമമില്ലാതെ കറങ്ങുന്ന പ്രപഞ്ചയൂഥ-
ങ്ങളുടെ മൂളൽ മാത്രം.
ഇരുട്ടിലും ഇരുട്ടായ നിത്യജ്യോതിസ്സേ,
വെളിച്ചത്തിന്റെ വെളിച്ചമായ
അന്ധകാരമേ.
ഒരുകാൽ പച്ചച്ച ഭൂമിയിൽ
ഒരു കാൽ കത്തുന്ന സൂര്യനിൽ
എന്റെ ഈ കുനിയാൻ കൂട്ടാക്കാത്ത
തലയിലും, ത്രിവിക്രമാ,
അങ്ങയുടെ കാൽ വെയ്ക്കു.
ഞാൻ എന്ന ഈ കുമിള ആ കാലടികളിൽ
തട്ടി തകർന്നിരുന്നെങ്കിൽ,
എന്നിലെ
ഈ ദുർബ്ബലതകൾ
സങ്കോചങ്ങൾ
കൊച്ചു് കൊച്ചു് അഭിലാഷങ്ങൾ
ആനന്ദങ്ങൾ
ഉന്മുഖചിന്തകൾ
വേദനകൾ
തുച്ഛമായ വേദനകൾ
ഊതിപ്പെരുപ്പിച്ചു് ഞാൻ വലുതാക്കുന്ന
തുച്ഛമായ വേദനകൾ
അലിവുകൾ
സുഖതൃഷ്ണകൾ
എല്ലാം
അങ്ങയിൽ ചേർന്നു് ഇല്ലാതായിരു-
ന്നെങ്കിൽ!
വികാരമില്ലാത്ത
അലിവില്ലാത്ത
അവസാനിയ്ക്കാത്ത
അങ്ങയുടെ നൃത്തം തുടരുമ്പോൾ
മൃത്യോ,
അങ്ങയിൽ ഞാൻ ജീവിയ്ക്കാൻ
തുടങ്ങിയിരുന്നെങ്കിൽ!
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.