നിന്നെ ഞാൻ സ്നേഹിക്കുന്നു
അറിയാൻ കഴിയാത്തവളെ
സ്വന്തമാക്കാൻ സാധിക്കാത്തവളെ
നിന്നെ ഞാൻ സ്നേഹിക്കുന്നു.
വേദനതികട്ടി വരുന്ന
ഇന്നലെയാണെനിക്കു്
നീ
ഉദ്വേഗം നിറഞ്ഞ ഇന്നു്-
ഇരുട്ടിൽ കിടക്കുന്ന നാളെ-
നിന്നെ ഞാൻ സ്നേഹിക്കുന്നു.
ജീവിതം പോലെ അഭികാമ്യയാണു് നീ
മരണം പോലെ ആകർഷകയാണു് നീ
വിദൂര പർവ്വത രേഖപോലെ
അപ്രാപ്യയാണു് നീ
സാന്ധ്യമേഘംപോലെ നിറം പകരുന്നവൾ
നിന്നെ ഞാൻ സ്നേഹിക്കുന്നു.
നീ വരുന്നതിനുമുമ്പു്-
ആമയായിരുന്നു ഞാൻ
അംഗങ്ങൾ ഉൾവലിക്കുന്ന ആമ.
മുറിപ്പെട്ടാലോ എന്നു ഭയന്നു് ഞാൻ
കാൽ അനക്കിയില്ല
വേദന കാണരുതെന്നു വച്ചു് ഞാൻ കണ്ണടച്ചു.
ആർത്തനാദം കേൾക്കാതിരിക്കാൻ
ഞാൻ ചെവി പൊത്തിപ്പിടിച്ചു…
കണ്ണും ചെവിയും അടച്ചു്
നിന്നേടത്തു് അനങ്ങാതെ
നിൽക്കുമ്പോൾ
എന്റെ മേൽ പ്രഹരങ്ങൾ
തെരുതെരെ വന്നു വീണു-
പ്രകൃതിയുടെ ദയയില്ലാത്ത ആഘാതങ്ങൾ.
വേദനകൊണ്ടു് പിടയ്ക്കുമ്പോൾ-
മുറിവുകളിൽ നിന്നു് രക്തം
വാർന്നൊലിക്കുമ്പോൾ
ചുണ്ടു് കടിച്ചമർത്തി തലയുയർത്തിപ്പിടിച്ചു്
ഞാൻ നിന്നു.
വിരക്തിയുടെ പടച്ചട്ടയിട്ടു് വലിച്ചു് മുറുക്കി.
നിസ്സംഗതയുടെ മൂടൽമഞ്ഞു് പോലത്തെ
മൂടുപടം തലവഴി
ഇട്ടു് മൂടി
ആമയായിരുന്നു ഞാൻ.
ബാഹ്യലോകത്തിൽ നിന്നു് അവയവങ്ങളെ
ഉള്ളിലേക്കു് വലിക്കുന്ന ആമ…
ഹൃദയം മരവിച്ചു് കട്ടിപിടിച്ചു് തുടങ്ങിയപ്പോൾ
അവിടെ ഇനി ചലനമൊന്നുമുണ്ടാവില്ലെന്നു്
വിചാരിച്ചപ്പോൾ
നീ മുമ്പിൽ വന്നു.
മണ്ണിൽ തൊട്ടു് നിൽക്കുന്ന മാനത്തിന്റെ
ഓമന മഴവില്ലു്!
കവിതപോലെ മനോഹാരിണി
പ്രേമഗാനം പോലെ ഹൃദയസ്പർശിനി
നിന്നെ ഞാൻ സ്നേഹിക്കുന്നു.
നിന്റെ അസുലഭമായ പുഞ്ചിരിയിൽ-
ഉണങ്ങി മരുഭൂമിയായിരുന്നിടത്തു് നീർ വീണു.
മുരടിച്ചു് പോയിരുന്നതു് വീണ്ടും തളിരിട്ടു.
ലോകം പുതിയതായി കണ്ടു ഞാൻ
വിരക്തിയുടെ ഏങ്കോണിച്ച ചില്ലിലൂടെയല്ല.
നിസ്സംഗതയുടെ വഴുതിവീഴുന്ന
മറയിലൂടെയല്ല.
നഗ്നമായി
സുന്ദരമായി
നിന്നെ ഞാൻ സ്നേഹിക്കുന്നു.
ഭൂമിയിൽ കാലുറപ്പിച്ചു് ചവിട്ടാൻ
നീ എന്നെ പഠിപ്പിച്ചു.
ചെളിയാവുമെന്നുവെച്ചു് നടക്കാതെ
ഇരിക്കുകയായിരുന്നു ഞാൻ
ഈ മണ്ണിനഴകുണ്ടെന്നു്-
അതിലെ വൃത്തികേടുകൾ കണ്ണീരിന്റെ
തെളിനീരിൽ കഴുകി
പോകാനുള്ളതെയുള്ളു എന്നു്
നീ എന്നെ പഠിപ്പിച്ചു.
വാക്കുകൾ കൊണ്ടല്ല.
നിന്റെ ഉജ്ജ്വല സത്തയിൽ കൂടി.
നിന്നെ ഞാൻ സ്നേഹിക്കുന്നു.
ജീവിതത്തിൽ കവിത കലർത്തിയവളെ
ഹൃദയത്തിൽ ഗാനം പകർത്തിയവളെ
നിന്നെ ഞാൻ സ്നേഹിക്കുന്നു.
സർവ്വം സഹയായ അമ്മയല്ല നീ.
വിഭ്രമിപ്പിക്കുന്ന കാമിനിയാണു് നീ.
ജീവൻപോലെ ചൈതന്യവതി.
വാസന്ത ഭംഗിപോലെ വിമോഹിനി
നിന്നെ ഞാൻ സ്നേഹിക്കുന്നു.
എനിക്കു് കൈയെത്താത്ത ദൂരം
നീ പൊയ്ക്കഴിഞ്ഞു.
മറ്റൊരാൾക്കു് അവകാശപ്പെട്ടതായി
ക്കഴിഞ്ഞു നീ.
ബോധപൂർവ്വം
എന്നെ നീ വേദനയിലേക്കെറിഞ്ഞു
നിന്നെ ഞാൻ സ്നേഹിക്കുന്നു.
ഈ കണ്ണുനീരിനു് ഉപ്പുരസമുണ്ടു്
ജീവിതത്തിന്റെ ഉപ്പുരസം.
എന്നെ വേദനിപ്പിച്ചവളെ
എന്റെ ഹൃദയം മുറിപ്പെടുത്തിയവളെ
നിന്നെ ഞാൻ സ്നേഹിക്കുന്നു.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.