നിർമ്മല പെട്ടെന്നു് കൈ പുറകോട്ടു വലിച്ചു. കടലാസ്സുകൾ അയാളുടെ കൈയിൽ നിന്നു ‘പിഷ് ’ എന്ന ഒരൊച്ചയോടെ മേശപ്പുറത്തു വീണു. അവൾ ഒന്നും മിണ്ടാതെ അവ പെറുക്കി എടുത്തു എണീറ്റു.
“എന്നാൽ ആ പറഞ്ഞ ചെയ്ഞ്ചസ് വരുത്തൂ.”
അവൾ പുറത്തേയ്ക്കു കടന്നു. കതകിന്റെ നടുക്കു പിടിപ്പിച്ച തുണി കൊണ്ടുള്ള സ്പ്രിങ്ങ് വാതിൽ പുറകെ അടഞ്ഞു. ഛേ, മോശമായിപ്പോയി, കൈ പുറകോട്ടു വലിച്ചതു്. അങ്ങോർക്കു് മനസ്സിലായിക്കാണും.
എന്തൊരു മോശം!
ഏഴു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണു്. എന്നിട്ടു്—മോശം! അവൾ മൈക്രോസ്കോപ്പിന്റെ മുമ്പിൽ പോയിരുന്നു.
അങ്ങേ മുറിയിൽനിന്നു ഭാസ്കരന്റെ മൂളിപ്പാട്ടു കേൾക്കാം. എന്തോ കൊള്ളാവുന്ന കാര്യം കിട്ടിയിട്ടുണ്ടു് അയാൾക്കു്. അപ്പോഴാണു് മൂളിപ്പാട്ടു വരുക. നല്ലവനാണു് ഭാസ്കരൻ. അയാളും അയാളുടെ വെള്ളെലികളും ഇൻസുലിൻ കുത്തിവെപ്പും ഹിന്ദിപ്പാട്ടുകളും, വേറെ പ്രശ്നങ്ങളൊന്നുമില്ല. ഉയർന്നുവരാനുള്ളവനാണു്. ബുദ്ധിമാൻ. അതു് അയാൾക്കുതന്നെ അറിയാം. ചെറുപ്പവുമാണു്.
ചെറുപ്പം—ചെറുപ്പമാണെങ്കിൽ പ്രശ്നങ്ങളൊന്നുമില്ല, ഉത്തരം കാണാൻ കഴിയാത്തതായിട്ടു്. അയാൾക്കു് ഇരുപതു് ഇരുപത്തിരണ്ടു വയസ്സുകാണും.
എന്തിനും ചങ്കൂറ്റമുള്ള പ്രായം. താനും അതുപോലെ…
ഛേ, ഡയറക്ടറുടെ മുറിയിൽവെച്ചു വേണ്ടായിരുന്നു. പോട്ടെ. അവൾ മൈറ്റിനെ ഇട്ടുവെച്ചിരുന്ന കുപ്പികൾ ഒന്നുരണ്ടെണ്ണം ഇൻക്യുബേറ്ററിൽ നിന്നു് എടുത്തു.
ആ ഭാസ്കരനെപ്പോലെ ഇതിലങ്ങു മുഴുകാൻ പറ്റിയിരുന്നെങ്കിൽ—അതെങ്ങനെ? തനിക്കു് പ്രാരബ്ധങ്ങൾ…
അല്ലെങ്കിലും, ഭർത്താവു് ശീമയ്ക്കു പോയപ്പോൾ മൂന്നു കൊല്ലത്തേക്കു വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ടു് റിസർച്ച് ചെയ്യാൻ വന്ന താനും ഈ ഭാസ്കരനും ഒരു പോലെ ആകുന്നതെങ്ങനെ?
ബോർഡിലുള്ള ഒരു മി. വർഗ്ഗീസുമായി രവിക്കു പരിചയം ഉള്ളതുകൊണ്ടു് തനിക്കു് സ്കോളർഷിപ്പ് കിട്ടി.
ഈ ഭാസ്കരനെപ്പോലെ പാസ്സായ ഉടനെയാണു് വന്നിരുന്നതെങ്കിൽ താനും കൊള്ളാവുന്നതു വല്ലതും ചെയ്തുപോയേനേ. ഏഴെട്ടു കൊല്ലം വീടും ഭരിച്ചിരുന്നു് അറിയാമായിരുന്നതൊക്കെ മറന്ന ശേഷം വന്നാൽ ഇങ്ങനെ ഇരിക്കും.
ഇതും കൂടി ഇല്ലായിരുന്നെങ്കിൽ താൻ എന്തു ചെയ്യുമായിരുന്നു? രാജീവ് ബോർഡിങ്ങിൽ. രവി ഇംഗ്ലണ്ടിൽ. ഇതില്ലായിരുന്നെങ്കിൽ പിന്നെ താൻ…
“മിസ്സിസ് പണിക്കർ ബിസിയാണോ?” തോമസ് വരാന്തയിൽനിന്നു കയറി വന്നു.
“ഏയ്. അല്ല. ബിസി…”
“ഭാസ്കരൻ പാട്ടു തകർക്കുന്നല്ലോ.”
“ഇന്നു് പാട്ടോടു പാട്ടാണു്. വലിയ എക്സൈറ്റ്മെന്റ്.”
“അയാള് വല്ല ബയോകെമിസ്ട്രിക്കും പോകാതെ, ഈ മറൈൻ ബയോളജിയിൽ വരരുതായിരുന്നു.”
“ഇതിപ്പോൾ തീരും. സബ്മിറ്റ് ചെയ്യാൻ മാത്രം ധാരാളം ആയിട്ടുണ്ടു്. പിന്നെ നല്ല ജോലി കിട്ടുമല്ലോ.”
“അതോടെ തീർന്നു. എന്നെ കണ്ടില്ലേ? ഞാനങ്ങു പൊങ്ങിവരും എന്നും പറഞ്ഞു വിട്ടതാണു് എന്റെ മാസ്റ്റർമാര്.”
“എന്നിട്ടപ്പോൾ എന്താണു് മിസ്റ്റർ തോമസ്സിനു തരക്കേടു്.”
ഇപ്പോൾ റിസർച്ചൂല്ല്യ, ഗവേഷണോല്ല്യ. ഒന്നൂല്ല്യ. വാസ്തവത്തിൽ. കേളേജിൽ കിട്ടണ ശമ്പളത്തിനേക്കാൾ കൂടുതലാണു് ഈ സ്റ്റൈപ്പൻഡ്. അതുകൊണ്ടു പോന്നു. ഒരു മൂന്നുകൊല്ലം ഇങ്ങിനേം കഴിയട്ടെ.
“ഔസേപ്പ് ഇങ്ങോട്ടു കൊണ്ടുപോരു.” അയാൾ വരാന്തയിലേക്കു നോക്കി വിളിച്ചു പറഞ്ഞു: “ഞാൻ കാപ്പിക്കു് അയച്ചിരുന്നു. ഇവിടെ വച്ചു് കുടിക്കാമല്ലോ.”
“ഓഹോ.”
“ഔസേപ്പ് കൃഷ്ണൻകുട്ടിയേയും ഉണ്ണിമേന്നെയും കൂടി ഇങ്ങട്ടു് വിളിച്ചേക്കു, കേട്ടോ. പാക്കരാ, എടോ പാക്കരാ കാപ്പി വേണങ്കിൽ വാ.”
“തൊമ്മിച്ചേട്ടാ, പൊന്നു തൊമ്മിച്ചേട്ടനല്ലേ? ഒന്നിങ്ങോട്ടു കൊടുത്തയച്ചേരെ. എനിയ്ക്കിപ്പോൾ സത്യമായിട്ടും വരാൻ വയ്യ” ഭാസ്കരൻ അകത്തു നിന്നു വിളിച്ചു പറഞ്ഞു: “എന്നാൽ നീ കുടിയ്ക്കണ്ട.”
“അയ്യോ മിസിസ്സ് പണിക്കർ, ഒന്നു കൊടുത്തയക്കാൻ പറയണേ.”
അവൾ ഒരു ബീക്കറിൽ മുക്കാൽ ഭാഗം കാപ്പി ഒഴിച്ചു് തന്നെത്താൻ എടുത്തു് അകത്തു് ഭാസ്കരൻ മൈക്രോസ്കോപ്പിന്റെ മുമ്പിൽ കുനിഞ്ഞു് ഇരിക്കുന്നിടത്തേയ്ക്കു കൊണ്ടു ചെന്നു.
“റൊമ്പ താങ്ക്സ്.”
അവൾ വാതിലടച്ചു പോന്നു. വർത്തമാനം പറഞ്ഞു് അയാൾക്കു് ശല്യം ഉണ്ടാക്കുന്നതെന്തിനു്?
എവിടെ നിന്നോ സ്റ്റൂളുകൾ പെറുക്കി മേശയ്ക്കു് ചുറ്റും ഇട്ടു് മൂന്നുപേരും ഇരിപ്പായിട്ടുണ്ടു്.
“മിസ്സിസ് പണിക്കർ സെർവു് ചെയ്യണം.”
അവൾ നാലു ബീക്കറിൽ കാപ്പി ഒഴിച്ചു. “മിസ്സിസ് പണിയ്ക്കർ, കാണിച്ചോ പേപ്പർ?” കാപ്പി കുടിക്കുന്നതിടയിൽ തോമസ്സ് ചോദിച്ചു.
“ഓ.”
“എന്തു പറഞ്ഞു അങ്ങോര്?”
“ഒന്നു രണ്ടിടത്തു് മാറ്റാൻ പറഞ്ഞു. നമുക്കു വരുന്ന ആ ജർമ്മൻ ജേർണൽ ഇല്ലേ? അതിൽ ഫിഫ്റ്റി എയ്റ്റിൽ ഇതിനോടു് ബന്ധപ്പെട്ട ഒരു പേപ്പർ വന്നിട്ടുണ്ടത്രേ. അതു നോക്കാൻ പറഞ്ഞു.”
“ഒന്നു സമ്മതിച്ചു കൊടുത്തേ പറ്റു. അയാൾക്കു് സബ്ജക്റ്റ് അറിയാം.”
“അതു് ശരിയാ.” ഉണ്ണിമേനോനും യോജിച്ചു.
“അങ്ങോർക്കു് അറിഞ്ഞുകൂടാത്തതു് വല്ലതുമുണ്ടെങ്കിൽ അതു് അറിഞ്ഞിട്ടു കാര്യമില്ലാത്തതാണു്.”
“പഹയൻ”
“മെഫിസ്റ്റോഫിലസ്.” കൃഷ്ണൻകുട്ടിയുടെ വക.
“അതാരാടാ?” തോമസ്സ് ചോദിച്ചു.
“സാത്താൻ”
“കൃഷ്ണൻകുട്ടിയെ അങ്ങോരു് ഇന്നലെ കുടഞ്ഞു് നാശമാക്കി അതാണു്.” ഉണ്ണിമേനോൻ ചിരിച്ചു. “തോമസ്സ് അറിഞ്ഞില്ലേ? ഇയാളുടെ തിയറി ഉണ്ടല്ലോ, എവല്യൂഷൻ ഓഫ് പ്രോട്ടോസോവ. അതിന്നലെ അങ്ങേരു് കൊന്നു കുഴിച്ചിട്ടു.”
“അതുകള” കൃഷ്ണൻകുട്ടിക്കു ചൊടിച്ചു. “എന്റെ പേപ്പർ കൊള്ളില്ല എന്നു് അങ്ങോരു പറഞ്ഞതുകൊണ്ടല്ല. അതങ്ങോരു കാര്യകാരണസഹിതം പറഞ്ഞു് ബോദ്ധ്യപ്പെടുത്തി. ഞാൻ സമ്മതിച്ചു. അതുകൊണ്ടല്ല. അയാള് ചീത്തയാണു്. മനസ്സാക്ഷി എന്നൊന്നില്ല. സാത്താൻ.
“ഡാർക്ക്, സിനിസ്റ്റർ—നിർത്തെടോ കൃഷ്ണൻകുട്ടി. തന്റെ പ്രോട്ടോസോവ ഏതായാലും കൊള്ളില്ലായിരുന്നു.”
“പ്രോട്ടോസോവ…”
“അതു് പറയാതെ, മേന്നേ, തോമസ്സ് കൃഷ്ണൻകുട്ടിയുടെ ഭാഗം ചേർന്നു. അയാളുടെ മനസ്സു് ചീത്തയാണു്. സ്വന്തം കാര്യം എന്നല്ലാതെ വേറെ ഒരു വിചാരവുമില്ല.”
“ബാക്കി എല്ലാവരും പിന്നെ സർവ്വോദയത്തിലാണു്.” ഉണ്ണിമേനോൻ വിട്ടില്ല.
“ഭാര്യയും പിള്ളരും എന്നെങ്കിലും കാണുമല്ലോ. ഇതു് അതൂല്ല്യ. വീടൂല്യ. കുടുംബോല്ല്യ. ഒറ്റ തടി. അവനവന്റെ സുഖം മാത്രം.”
“അയാൾക്കു പത്തു നാൽപ്പതു വയസ്സു് കാണണ്ടേ?” കൃഷ്ണൻകുട്ടി.
“പിന്നെ? ഇവിടെ ആയിട്ടു് തന്നെ ഏഴെട്ടു് കൊല്ലമായി.”
“കണ്ടാൽ തോന്നില്ല അത്രയൊന്നും.”
ഉണ്ണിമേനോൻ ആ ഭാഗമാണു് എന്നിട്ടും.
“മിസ്സിസ് പണിക്കർ അങ്ങേരുടെ ബംഗ്ലാവു് കണ്ടിട്ടുണ്ടോ?” തോമസ്സ് അവളുടെ നേർക്കു് തിരിഞ്ഞു.
“ഇല്ല”
“ഒന്നാം തരം കെട്ടിടം. ടെന്നിസ് കോർട്ടും സ്വിമ്മിങ്ങ് പൂളും അൽസേഷ്യൻ പട്ടികളും, ഭയങ്കരഫോം”
“സന്ധ്യ ആയാൽ ബോധമില്ലത്രെ.” കൃഷ്ണൻകുട്ടി പറഞ്ഞു.
“മിസ്സിസ് പണിക്കർക്കു് പിടിക്കില്ല, ഈ മാതിരി വർത്തമാനമൊന്നും.” ഉണ്ണിമേനോന്നു് ഈ സംസാരം മതിയാക്കണമെന്നാണു്.
“സാരമില്ല. ഞാൻ ഇരിക്കുന്നതു് കണക്കാക്കണ്ട.”
“ഭയങ്കരനാണു്, മിസ്സിസ് പണിക്കർ. മഹാഭയങ്കരൻ.”
സാത്താൻ—മനപ്പൂർവ്വമാണോ ആ കടലാസ്സു്—എന്നാലും മോശമായിപ്പോയി. അന്നു വൈകുന്നേരം വൈ. ഡബ്ലിയു. സി. എ.-യിൽ തിരിച്ചത്തിയപ്പോൾ ബാംഗ്ലൂരിൽനിന്നു് രാജീവിന്റെ സ്കൂൾ മുദ്രയുള്ള കവറിൽ എഴുത്തുണ്ടു്.
“ഡിയർ മിസ്സിസ് പണിക്കർ”
അതു് സൂപ്രണ്ടിന്റെയാണു്, അവർ മാസത്തിൽ രണ്ടു തവണ അയക്കുന്ന റിപ്പോർട്ട്. രാജീവിന്റെ കൊച്ചു തുണ്ടുമുണ്ടു്.
“My Dear Mummy.
Got your letter. Thanks, I am alright. How are you? I had a letter from father.
He sent me three stamps. Have you got stamps?
Yours affly,
Rajiv Panikkar”
വരിതെറ്റാതെ ഇരിക്കാൻ വര ഇട്ടു കൊടുത്തിട്ടുണ്ടു്. അവർ അടുത്തിരുന്നു് എഴുതിച്ചതായിരിക്കും.
രാജീവ്—അവൻ ഉണ്ടാകുന്നതിനു മുമ്പു പെൺകുട്ടി ആവണം, ചിത്ര എന്നു പേരിടണം എന്നു് ആഗ്രഹിച്ചിരുന്നതാണു്.
അവനു് സ്റ്റാമ്പ് എവിടെ നിന്നെങ്കിലും ഉണ്ടാക്കണമല്ലോ.
ഡയറക്ടർക്കു് ഇന്നലെ ഫിൻലൻഡിൽനിന്നു് എഴുത്തുണ്ടായിരുന്നു. അങ്ങേരു പറഞ്ഞു ഹെൽസിങ്കി യൂനിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറുടെ എഴുത്തു വന്നു എന്നു്.
അങ്ങോരോടു് ചോദിച്ചാൽ സ്റ്റാമ്പ് തരും. പലയിടത്തുനിന്നും എഴുത്തു വരുന്നതാണു്. കഴിഞ്ഞ ആണ്ടല്ലേ യൂറോപ്പിലൊക്കെ പോയിട്ടു വന്നതു്?
ഛേ! ഡയറക്ടർ…
തിരിഞ്ഞുതിരിഞ്ഞു പിന്നെയും അങ്ങോരുടെ അടുത്തുതന്നെ എത്തി.
മെഫിസ്റ്റോഫിലിസ്—ഡാർക്ക്; സിനിസ്റ്റർ…
ഒന്നു രണ്ടാഴ്ച കഴിഞ്ഞു.
ഡയറക്ടറോടു് സ്റ്റാമ്പ് ചോദിച്ചില്ല. ഉണ്ണിമേനോന്റെ അനിയനു് സിലോണിലാണു് ജോലി. അയാൾ കൊടുത്തു രണ്ടു പൊട്ട സ്റ്റാമ്പ്, അതു് അയച്ചു.
ഡയറക്ടറുടെ മുറിയിൽ പോകുമ്പോൾ ഒക്കെ കാണും മേശയുടെ ഒരു ഭാഗത്തു് അടുക്കില്ലാതെ ഇട്ടിരിക്കുന്ന കടലാസ്സുകളുടെ കൂട്ടത്തിൽ ഫിൻലൻഡിലെ സ്റ്റാമ്പുള്ള ആ കവർ. “അതു നിങ്ങൾക്കു് ആവശ്യമില്ലാത്തതാണു്. എന്റെ മകനു് അയച്ചു കൊടുക്കാൻ ഞാൻ എടുത്തോട്ടെ?” എന്നു ചോദിയ്ക്കാൻ നാവു പൊങ്ങിയില്ല എന്തുകൊണ്ടോ.
അങ്ങോരുടെ മുറിയിൽ പോകുന്നതു തന്നെ വിഷമം.
അതിനകത്തു തങ്ങി നിൽക്കുന്ന വില കൂടിയ വരവു് സിഗരറ്റിന്റെ ഗന്ധം. കറങ്ങുന്ന ഫാനിനു് ചുവട്ടിൽ അലസമായിട്ട മുടിയുമായി അയാളുടെ ഇരിപ്പു്. പുറകിൽ കടലിന്റെ നിലയ്ക്കാത്ത ഇരമ്പൽ…
മനുഷ്യരുടെ ഇടയിൽ നിന്നൊക്കെ വളരെ ദൂരെയാണു് താനെന്ന തോന്നലാണു് അതിനുള്ളിൽ കടന്നാൽ. കയറിയാൽ ഇറങ്ങുന്നതുവരെ സമാധാനമില്ല. പക്ഷേ, ദിവസം ഒന്നു രണ്ടു പ്രാവശ്യം വീതമെങ്കിലും പോകാതെ ഇരിക്കാൻ പറ്റില്ല. അങ്ങോരോടു ചോദിച്ചാലല്ലേ ഒക്കൂ? കാര്യം നടക്കണ്ടേ?
കാര്യം നടക്കൽ മാത്രമാണോ… ഭാസ്കരന്റെ ഹിന്ദിപ്പാട്ടും മറ്റവരുടെ സൊള്ളലും ആയി ഒന്നുരണ്ടാഴ്ച അങ്ങനെ പിന്നെയും കഴിഞ്ഞു.
മൈറ്റിന്റെ വളർച്ചയിലും വർദ്ധനയിലും അവൾ കുറേശ്ശേ മുഴുകാൻ തുടങ്ങുകയായിരുന്നു.
അഞ്ചാറു് നല്ല സ്ലൈഡുകൾ ഉണ്ടാക്കി. പടം വരച്ചുകൊണ്ടു് കാണിച്ചപ്പോൾ സ്ലൈഡ് കാണണമെന്നായി അങ്ങോര്.
അവൾ മുമ്പെയും അയാൾ പുറകെയും ആയി അവളുടെ മുറിയിലേയ്ക്കു നടന്നു.
ഭാസ്കരൻ ഇല്ല അകത്തു്. മറ്റേ മൂന്നു പേർക്കും കൂടി അങ്ങേഭാഗത്തെ വലിയ മുറിയാണു്. അതിനകത്തുനിന്നു് ഇങ്ങോട്ടു് കാണില്ല. അവൾ ഓരോ സ്ലൈഡായി എടുത്തു് അയാൾക്കു് നോക്കാൻ പാകത്തിൽ ശരിയാക്കി വെച്ചു കൊടുത്തു. അഞ്ചെണ്ണവും കഴിഞ്ഞു. ആറാമത്തതു് വെച്ചു് അവൾ മാറിയതു് ഒരു നിമിഷം കൊണ്ടു് തെറ്റിപ്പോയി. അവൾ തല ഉയർത്തിയതും അയാൾ താഴ്ത്തിയതും ഒരേ മുഹൂർത്തത്തിലായി.
പതുക്കെ ഒരു കൂട്ടിമുട്ടൽ.
രക്തം മുഴുവൻ അവളുടെ മുഖത്തേയ്ക്കടിച്ചു കയറി.
കുറച്ചു നേരം കഴിഞ്ഞു് അവൾ തല ഉയർത്തിയപ്പോൾ അയാൾ മുട്ടിയ ഇടം തടവിക്കൊണ്ടു് നിൽക്കുന്നു.
അവൾക്കു് വേദനിച്ചില്ല. അപ്പോൾ അയാൾക്കും അത്രയൊന്നും വേദനിച്ചിരിക്കാൻ ഇടയില്ല.
“അയാം സോറി” അയാൾ പറഞ്ഞു.
എന്നിട്ടു് അയാൾ ചിരിച്ചു.
ആ ചിരിയിൽ വ്യസനം ഉണ്ടായിരുന്നില്ല.
അവളുടെ തല പിന്നെയും താണു.
“കൊളളാം, നന്നായിരിക്കുന്നു. അഭിനന്ദനം!” അയാൾ ആറാമത്തേതും നോക്കിക്കഴിഞ്ഞു് പോകാൻ തുടങ്ങുകയാണു്.
അവൾ ഒന്നും മിണ്ടിയില്ല.
അയാളുടെ തല തൊട്ട ഇടം പൊള്ളുന്നു എന്നു തോന്നി.
വരാന്തയിൽനിന്നു തോമസ്സിന്റെ ശബ്ദം കേട്ടു, ഇങ്ങോട്ടുള്ള വരവാണു്.
ആരേയും ഇപ്പോൾ കാണാൻ വയ്യ.
അവൾ ധൃതിയിൽ മറ്റേ വരാന്തയിലേക്കു കടന്നു.
കോണി അഞ്ചാറു പടി ഇറങ്ങിക്കഴിഞ്ഞപ്പോൾ സമാധാനമായി.
താഴെ വാതിൽക്കൽ കിട്ടൻ അവളെ കണ്ടുകൊണ്ടു് എഴുന്നേറ്റു നിന്നു.
അയാൾ അവളുമായി സൗഹാർദ്ദത്തിലാണു്. മുകളിൽ റിസർച്ച് ചെയ്യുന്നവർക്കു് കൂടക്കൂടെ ഈ മീനുകളേയും കാണേണ്ട കാര്യമുണ്ടു് എന്നാണു് അയാളുടെ ധാരണ.
അതിനകത്തെ ഇരുട്ടിൽ കയറി നിന്നപ്പോഴാണു് ശ്വാസം നേരെ വീണതു്. നല്ല തിരക്കുണ്ടു്. ക്യൂവിന്റെ പിന്നിലെ അറ്റത്തു് അവളും കൂടി.
ആ സ്വർണ്ണമീനുകളേയും കടൽപ്പാമ്പുകളേയും ഒക്കെ എത്ര തവണ കണ്ടിട്ടുള്ളതാണു്.
തന്റെ തല അയാളുടെ തലയുമായി കൂട്ടിമുട്ടിയ ഇടം ഈ ഇരുട്ടത്തു് തിളങ്ങിക്കാണുന്നുണ്ടോ?
ഈ സ്ത്രീയെ ശ്രദ്ധിക്കുക, സാധാരണ സ്ത്രീകളെപ്പോലെ അല്ല ഇവൾ, ഭർത്താവും മകനും ഉണ്ടായിട്ടും വേറൊരാളെ മനസ്സിൽ…
ഇങ്ങനെ എടുത്തു കാണിക്കത്തക്ക വല്ലതുമുണ്ടോ എന്റെ മുഖത്തു്?
ഇതെങ്ങോട്ടുളള പോക്കാണു്?
കടലാമകൾ രണ്ടും കൂടി പതിവുപോലെ യുദ്ധം നടത്തിയിരിക്കണം. അവയെ ഇട്ടിരിക്കുന്ന ചില്ലുമുറി മുഴുവൻ രക്തമാണു്.
കടലാമകളേ, നിങ്ങൾക്കു്—ഞങ്ങൾ മനുഷ്യരെപ്പോലെ പ്രശ്നങ്ങൾ ഇല്ലല്ലോ. പിന്നെ…
എത്ര പതുക്കെ നിന്നിട്ടും നടന്നുനടന്നു വാതിലിന്റെ അടുത്തായി. ഇറങ്ങുകയോ? അതോ ഒരു വട്ടം കൂടി ചുറ്റുകയോ?
ഒരു കൂട്ടം പുതിയ ആളുകളെ കയറ്റിവിടാൻ കിട്ടൻ വാതിൽ തുറന്നു. അവൾ പുറത്തേയ്ക്കു പോന്നു. ഇനി എന്തു ചെയ്യും? ആ മൈക്രോസ്കോപ്പിന്റെ മൂട്ടിലേക്കു പോവുകയോ?
വയ്യ. അവൾ മുറ്റത്തേയ്ക്കിറങ്ങി. മണി മൂന്നാകുന്നതേയുള്ളു. വെയിൽ താണില്ല. കടപ്പുറത്തെങ്ങും തണൽ കാണില്ല. എന്നാലും സാരമില്ല. കോളേജുകുട്ടികൾ ആണെന്നു തോന്നിയ ഒരു കൂട്ടം, കരക്കു കയറ്റിയ ഒരു കെട്ടുവള്ളത്തിന്റെ തണലിൽ കപ്പലണ്ടിയും കൊറിച്ചുകൊണ്ടിരിക്കുന്നു.
വേറൊരു വഞ്ചിയുടെ അടുത്തു് അവളും ചെന്നിരുന്നു.
പണ്ടൊരിക്കൽ ഇതുപോലെ പൊരിവെയിലത്തു് കുടയും പിടിച്ചു് ഇവിടെ വന്നിരുന്നിട്ടുണ്ടു്.
അന്നു രവി ഉണ്ടായിരുന്നു കൂടെ.
വീട്ടിൽ വഴക്കു മൂത്തിരുന്ന സമയം. രവിക്കു കാണണം എന്നു പറഞ്ഞു് കുറിപ്പു കൊടുത്തയച്ചു. താനാണു് സമയം പറഞ്ഞതു്. വരികയും ചെയ്തു. എന്തു തന്റേടമായിരുന്നു അന്നു്!
ആ തന്റേടത്തിന്റെയും വാശിയുടേയും ഫലം—ഒറ്റപ്പിടി പിടിച്ചു നിന്നാണു് രവിയെ കല്ല്യാണം കഴിച്ചതു്. അന്നിങ്ങനെ വാശിപിടിച്ചില്ലായിരുന്നെങ്കിൽ…
വാശി…
ചേട്ടത്തിയമ്മ പ്രസവിച്ചെണീറ്റു വന്നു രവിയെ അങ്ങനെ പുച്ഛിച്ചു് സംസാരിച്ചില്ലായിരുന്നെങ്കിൽ താൻ താൻ ഇത്ര നിർബ്ബന്ധം പിടിക്കുമായിരുന്നോ?
“നെല്ലുകുത്തുകാരിയുടെ മോനാണു് സമ്മതിക്കില്ല” എന്നു് അവരു പറഞ്ഞു. രവിയുടെ അമ്മൂമ്മയും കൂടെ അവരുടെ വീട്ടിൽ പണിക്കു ചെന്നിട്ടുണ്ടത്രെ.
സമ്മതിക്കില്ല എന്നു് അവരു തീർത്തു പറഞ്ഞു. അപ്പോഴാണു് വാശി കയറിയതു്. അവരാരു് സമ്മതിക്കാനും സമ്മതിക്കാതിരിക്കാനും? അച്ഛനും അമ്മയും ആണെങ്കിൽ അവർക്കു പറയാൻ അധികാരമുണ്ടു്. അവരില്ല. പിന്നെ ചേട്ടൻമാരും ചേട്ടത്തിയമ്മമാരും കൂടി എത്രകണ്ടു് നോക്കി എന്നു് അറിയാവുന്നതാണല്ലോ.
പറയാൻ അവർക്കു് ഒരു കാര്യവുമില്ല. അവരോടുള്ള വൈരാഗ്യമായിരുന്നു വാസ്തവത്തിൽ.
രവി അടുത്ത ലോഡ്ജിൽ താമസമായിരുന്നു. കണ്ടിട്ടുണ്ടു് എന്നൊക്കയല്ലാതെ നേരെ സംസാരിച്ചിട്ടു പോലുമില്ലായിരുന്നു. സാധാരണ രീതിക്കു് വന്ന ഒരു വിവാഹാലോചന. ഒരു പ്രത്യേകതയും ഇല്ലായിരുന്നു. ആ ചേട്ടത്തിയമ്മ ഇടം കോലിട്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ നടന്നില്ല എന്നു കൂടി വന്നേനെ. അശേഷം നിർബ്ബന്ധം ഇല്ലായിരുന്നു തനിക്കതുവരെ. അവരുടെ വർത്തമാനം കേട്ടപ്പോൾ നിശ്ചയിച്ചു, ഇതു നടത്തിയേ അടങ്ങൂ എന്നു്, വല്യേട്ടന്റെ മുറിയിൽ ചെന്നു് അന്നു് പറഞ്ഞതു്: “മര്യാദയ്ക്കു് നടത്തി തന്നോളൂ. ഇല്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും.” വാക്കുകൾ ഇതല്ലായിരുന്നെങ്കിലും ഇതായിരുന്നു അടിയിൽ.
ചെന്നു പറയുന്നതിന്റെ തലേദിവസമാണു് രവി എഴുത്തു കൊടുത്തയച്ചിട്ടു് ഇവിടെ വന്നിരുന്നു് വർത്തമാനം പറഞ്ഞതു്.
ആളില്ലാത്ത കടപ്പുറത്തു് നട്ടുച്ചയ്ക്കു് അടുത്തടുത്തു് രണ്ടു മണിക്കൂറോളം കുത്തിയിരുന്നു് പ്ലാനും പദ്ധതിയും ഒക്കെ ഉണ്ടാക്കിയിട്ടും തലനാരു് പോലും ഒന്നു തൊട്ടില്ല രവി. എന്നിട്ടു് ആ രവിയോടാണു് ഇപ്പോൾ—ഈശ്വരാ, ഇതെങ്ങോട്ടുള്ള പോക്കാണു്!
അന്നും ഇന്നും ഒരിക്കലും രവിയുടെ അടുത്തു് പ്രത്യേകമായ വികാരമൊന്നും തോന്നിയിട്ടില്ല.
വാശി ഒരു വശത്തു്; ബഹുമാനവും മതിപ്പും മറ്റൊരു വശത്തു്. ഇതു പോലെ നേരെ നോക്കാൻ വയ്യായ്കയോ മറ്റോ ഒരിക്കലും രവിയുടെ അടുത്തു് തോന്നിയിട്ടില്ല.
എട്ടു് കൊല്ലത്തെ വിവാഹജീവിതം ഏഴുവയസ്സായ ഒരു മകൻ—എന്നിട്ടിപ്പോൾ…
ഒരു മനുഷ്യനു് ചുരുണ്ട മുടി ഉള്ളതുകൊണ്ടു്— കൂട്ടിത്തൊടണമോ എന്നു സംശയിച്ചു നിൽക്കുന്ന കനത്ത പുരികങ്ങൾക്കു താഴെ അയാൾക്കു് അറ്റം തുടുത്ത വലിയ കണ്ണുകൾ ഉള്ളതുകൊണ്ടു്—അയാളുടെ ഇരുണ്ട മുഖത്തു് നനുത്ത മീശ ആകർഷകമായതുകൊണ്ടു്—അയാൾക്കു് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കാൻ അറിയാവുന്നതുകൊണ്ടു്—അയാൾക്കു് ചടച്ചു് നീണ്ട വിരലുകൾ ഉള്ളതുകൊണ്ടു്—അയാൾക്കു് ഇരുമ്പിന്റെ ബലം ഉണ്ടെന്നു് കണ്ടാൽ തോന്നുന്നതുകൊണ്ടു്—
പുരുഷൻമാരെ കാണാതെ അകത്തമ്മയായി കഴിഞ്ഞതൊന്നുമല്ല. എത്ര പേരുടെ കൂടെ ടെന്നീസ് കളിച്ചിരിക്കുന്നു. എത്ര പേരുടെ കൂടെ പാർട്ടിക്കിരുന്നിരിക്കുന്നു. എന്നിട്ടു്…
മദ്ധ്യവയസ്സിന്റെ ചാപല്യം—അണയാൻ പോകുന്ന യുവത്വത്തിന്റെ വൈകൃതങ്ങൾ…
മദ്ധ്യവയസ്സായില്ലല്ലോ തനിക്കു്.
അണയാൻ പോകുന്ന യുവത്വം—അങ്ങനെ അല്ലല്ലോ കണ്ണാടി പറയാറു്. ഈശ്വരാ ഇതെന്തൊരു പരീക്ഷണം.
തനിക്കു് അച്ഛനും അമ്മയും ഒരു വീടും ഉണ്ടായിരുന്നെങ്കിൽ ഈ എട്ടുകൊല്ലം കൊണ്ടു് തനിക്കു് ഒരു വീടു് ഉണ്ടാക്കാമായിരുന്നില്ലേ അതല്ല ചെയ്തതു്. സൊസൈറ്റി ലേഡി ആവാൻ നടന്നു.
കമ്പനിയിലെ ഫാമിലി ക്വാർട്ടേഴ്സിൽ വെച്ചു് തന്റേതായിരിക്കണം ഏറ്റവും മുമ്പിൽ. ഏറ്റവും നല്ല കുഷനുകൾ—ഏറ്റവും പുതിയ മട്ടിലുള്ള അടുക്കള—ഏറ്റവും നന്നായി ഉടുത്തൊരുങ്ങി നടക്കണം—ഏറ്റവും പരിഷ്ക്കാരമായിട്ടു് പെരുമാറണം. എന്നും വൈകുന്നേരമായാൽ പാർട്ടികൾ—ക്ലബ്ബ്— ടെന്നിസ്…
മകനും അതുപോലെ പരിഷ്ക്കാരി ആവാൻ വേണ്ടി മാസാമാസം വലിയ തുക ചിലവാക്കി അവനെ ബോർഡിങ്ങിൽ ആക്കി.
ഇതല്ലാതെ ഒരു വീടു് താൻ ഉണ്ടാക്കിയില്ല. എന്നിട്ടു് ഇപ്പോൾ രവി ശീമയിലും മകൻ ബാംഗ്ലൂരും ആയിരിക്കുമ്പോൾ…
എന്തൊരധഃപതനം…
ഇവിടെ ഇങ്ങനെ കുത്തിയിരുന്നിട്ടെന്തു കാര്യം? ഔസ്സേപ്പിനു വാതിൽ പൂട്ടി പോകണമായിരിക്കും.
അവൾ എഴുന്നേറ്റു തിരിച്ചു നടന്നു. ശബ്ദമുണ്ടാക്കാതെ കോണികയറി മുറിയിൽ ചെന്നു് എല്ലാം പെറുക്കി വെച്ചു പൂട്ടി കുടയും എടുത്തു പോന്നു. ഭാസ്കരൻ മാത്രമെ കണ്ടുള്ളു.
അയാൾക്കു് അതുമിതും ചോദിക്കുന്ന സ്വഭാവം ഇല്ല.
ബസ്സിറങ്ങി രണ്ടടി നടന്നാൽ മതി ഹോസ്റ്റലിലേക്കു്. അതിന്റെ ഇടയിലായിട്ടു് ഒരു സ്റ്റേഷനറിപ്പീടികയുണ്ടു്. എന്നും കാണുന്നതാണു്. അവൾ അങ്ങോട്ടു കയറി.
“മേശപ്പുറത്തു ഫോട്ടോ വെയ്ക്കുന്ന സ്റ്റാൻഡുണ്ടോ?”
അധികം തിരയേണ്ടി വന്നില്ല. പാകത്തിനൊരെണ്ണം കിട്ടി.
അവൾ മുറിയിൽ കയറിയ ഉടൻ സാരി മാറുന്നതിനുകൂടി മുമ്പു് പെട്ടി തുറന്നു് ആൽബം എടുത്തു്, ഏതാണു് വേണ്ടതു് ?
രവി പോകാൻ സമയത്തു് എടുത്തതു മതി. മൂന്നുപേരും കൂടി എടുത്തതാണു്.
അവൾ ആ പടം ഇളക്കി എടുത്തു. ഫ്രെയ്മിനകത്തു കയറ്റി മേശമേൽ കട്ടിലിന്റെ തലയ്ക്കൽ കിടന്നാൽ കാണുന്ന വിധം വെച്ചു. അതെ. താൻ എന്നും ഉറങ്ങുന്നതിനു മുമ്പു് ഒടുക്കവും ഉണർന്നാൽ ആദ്യവും കാണേണ്ടതു് ഇവരുടെ മുഖമാണു്.
ഇവരാണു് തന്റെ പുരുഷൻമാർ.
പിറ്റേന്നു് അവൾ പോയില്ല. ലീവെഴുതി കൊടുത്തയച്ചു.
എത്ര ദിവസം പോകാതെ ഇരിക്കാം? പോകാതെ ഇരുന്നിട്ടു് എന്താണു കാര്യം?
എവിടെ തുടങ്ങിയാലും ആലോചന ചെന്നെത്തുന്നതു് ഈ ഒരിടത്തു തന്നെ.
അടുത്ത ദിവസം അവൾ പോയി. അവളെ ആളയച്ചു വിളിപ്പിച്ചു മുറിയിൽ. കാര്യം മാത്രം പറഞ്ഞു. അങ്ങേ അറ്റത്തെ മര്യാദ.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു.
കാലത്തു ചെന്നാൽ ഇതു തന്നെ ശ്രദ്ധ.
താഴെ കാറ് വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ? മിക്ക ദിവസവും ആ സമയത്തു മത്സ്യം കാണാൻ വരുന്നവരുടെ കാറുകളുടെ ബഹളമാണു്. പക്ഷേ, ഏതു ബഹളത്തിലും ഈ ഹോൺ തിരിച്ചറിയാം. ആ ഡോർ അടയുന്ന ശബ്ദം കൂടി കേട്ടാൽ മനസ്സിലാകും.
തന്നത്താനാണു് ഡ്രൈവ് ചെയ്യുക. ശബ്ദം കേൾക്കുമ്പോഴേക്കും ഔസേപ്പ് ഓടിച്ചെല്ലും. പിൻസീറ്റിൽ പുസ്തകങ്ങളും ഫയലും മറ്റും കാണും. മറ്റെ അറ്റത്താണു് മുറി. കോണിയുടെ തൊട്ടു്. കയറിവരുന്ന ശബ്ദം കേൾക്കില്ല. പക്ഷേ, കാറിന്റെ ശബ്ദത്തിൽ അറിയാം വന്നോ ഇല്ലയോ എന്നു് ചിലപ്പോൾ പതിനൊന്നു പതിനൊന്നരവരെ താമസിക്കും വരാൻ. അതു വരെ വേറെ ഒന്നിലും മനസ്സു നിൽക്കില്ല.
വന്നു കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കാരണമുണ്ടാക്കി ആ മുറിവരെ ഒന്നുപോകണം.
ഒരു ദിവസം അദ്ദേഹം ലീവെടുത്തു. അന്നാണു് എവിടം വരെയായി എന്നു മനസ്സിലായതു്.
പത്തരകഴിഞ്ഞു. പതിനൊന്നര കഴിഞ്ഞു. വരുന്ന ശബ്ദം ഇല്ല. ഇരിക്കപ്പൊറുതി ഇല്ലാതായി. എന്തുപറ്റി എന്നു് ആരോടു് ചോദിച്ചാലാണു് അറിയുക. നേരത്തെ വന്നുവോ? താൻ അറിയാഞ്ഞിട്ടാണോ?
അവൾ മുറിവരെ ചെന്നുനോക്കി. ഇല്ല. വാതിൽ പൂട്ടിക്കിടക്കുന്നു.
മടങ്ങി വരുമ്പോൾ വരാന്തയിൽ ഔസേപ്പിനെ കണ്ടു. ഇയാൾക്കു് അറിയാമായിരിക്കും.
“ഔസേപ്പ്, ഡയറക്ടർ വന്നില്ലേ?”
“ഇല്ല, ഇന്നു് വരില്ല. പനി ആണു്”
“കൂടുതൽ ഒന്നും ഇല്ലല്ലോ”
“ഏയ്, നീരിളക്കം. അത്രേയുള്ളു.”
അന്നു നാലു മണിവരെ അവിടെ ഇരുന്നിട്ടു് ഒരു പ്രയോജനവും ഉണ്ടായില്ല. മനസ്സു് നിർത്താൻ കഴിഞ്ഞാലല്ലേ പണി നടക്കൂ?
ഹോസ്റ്റലിൽ മടങ്ങിച്ചെന്നു് അവൾ രവിയുടേയും രാജീവിന്റേയും കൂടെയുള്ള ആ ഫോട്ടോ എടുത്തു മടിയിൽവെച്ചു് അതിൽതന്നെ നോക്കി ഇരുന്നു കുറെ നേരം.
ഇല്ലായിരുന്നു മേശപ്പുറത്തു് വെക്കേണ്ടിയിരുന്ന പടം. ഇതു രവി പോകാൻ നേരത്തു് എടുത്തതാണു്. രവി കേറി വണ്ണം വെച്ചതിനു ശേഷം കഷണ്ടി തലയുടെ പകുതിയും ആക്രമിച്ചതിനുശേഷം. കല്ല്യാണപ്പടം മതിയായിരുന്നു അതിൽ രവിയും—
അവൾ ആൽബത്തിൽനിന്നു് ആ പടം ഇളക്കി എടുത്തു. ഫ്രെയ്മിലെ ഫോട്ടോ മാറ്റി ഇതു് ആ സ്ഥാനത്തു വെച്ചു കഴിഞ്ഞപ്പോഴാണു് ഓർത്തതു് ഇതിൽ രാജീവില്ല. അവൾ അവന്റെ ഒരു നല്ല സ്നാപ്പ് തെരഞ്ഞെടുത്തു് മറ്റേപടത്തിന്റെ മുകളിൽ ഒരു മൂലയിലായിട്ടു് അതു് തിരുകി വെച്ചു.
ഫോട്ടോ മേശപ്പുറത്തു് ചെരിച്ചുവെച്ചു് അതിന്റെ കാൽക്കൽ ലെറ്റർ പാഡ് നിവർത്തിയിട്ടു് അവർ രവിക്കു് എഴുതാനിരുന്നു.
Dear darling of my heart,
എന്താണെഴുതുക?
“ഇവിടെ ഞാൻ ഒരു പുരുഷനിൽ ഭ്രമിച്ചിരിക്കുകയാണു്. എന്നെക്കൊണ്ടു് ഇതു ചെറുക്കാൻ ആവുന്നില്ല. ഞാൻ ശ്രമിക്കായ്കയല്ല, രവി. എന്റെ കാലിനടിയിലെ മണ്ണുകൂടി ഈ ഒഴുക്കിൽ ഒലിച്ചു പോവുകയാണു്” എന്നോ?
“പ്രിയപ്പെട്ടവനേ, വരൂ. ഒന്നു് കാണാൻ കൊതിക്കുകയാണു് ഞാൻ എന്നോ?”
രവി വരില്ല.
“നിമ്മി, നിനക്കു് പറയാൻ എളുപ്പം കഴിയും. അങ്ങെത്തണമെങ്കിൽ പത്തു രണ്ടായിരം രൂപാ ചെലവാണു്. അതെവിടെ നിന്നുണ്ടാകും? രാജീവിനു് അയക്കാൻ തന്നെ കഷ്ടിയാണു് ഇവിടെ എനിക്കു കിട്ടുന്നതു്.
നീ കൊച്ചു കുട്ടിയാണോ ഈ മാതിരി വിഡ്ഢിത്തമൊക്കെ എഴുതി. അയക്കാൻ. എന്തൊരു കമ്പം! നിനക്കൊരു ബാലൻസ് ഇല്ല അല്ലെങ്കിലും keep yourself occupied, body and mind. എന്നാൽ പിന്നെ ഈ മാതിരി വിഡ്ഢിത്തത്തിനൊന്നും സമയം ഉണ്ടാവില്ല.
ഇതു തന്നെയായിരിക്കും മറുപടിയുടെ മട്ടു്. ആഴ്ചയിൽ ഒരു ദിവസം ഞായറാഴ്ച, വൈകുന്നേരം സമയം വെച്ചു് ഭാര്യയ്ക്കു് എഴുത്തെഴുതുന്ന ആളാണു് രവി.
ഇല്ല. അവിടെ നിന്നു് തനിക്കു് രക്ഷയില്ല.
ദിവസങ്ങൾ കഴിഞ്ഞു.
ചിലപ്പോൾ അവൾ ആലോചിച്ചുപോകും. തന്റെ പരിചയക്കാരിൽ എത്രയോ പേർക്കു് ഇങ്ങനെ ഓരോ ‘അഫയർ’ ഉള്ളതായിട്ടു് തനിക്കറിയാം, പിന്നെ താൻ മാത്രം ഇത്രയ്ക്കു് പരിഭ്രമിക്കുന്നതു്—
ഭർത്താവു് രണ്ടായിരം നാഴിക ദൂരെ തനിച്ചു കിടക്കുമ്പോൾ—
രവിക്കു് വേറെ പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ പിന്നെയും—
പാവം രവി.
ഏഴു് വയസ്സുള്ളൊരു മകൻ—
അഞ്ചെട്ടു കൊല്ലം കൂടി കഴിഞ്ഞാൻ അവൻ ഈശ്വരാ…
ഒരു ശനിയാഴ്ചയായിരുന്നു.
ഭാസ്കരൻ ദൽഹിയിൽ സയൻസ് കോൺഗ്രസ്സിനു് ഡെലിഗേറ്റ് ആയി പോയിരിക്കയാണു്. അയാളുടെ ഒരു പേപ്പർ വായിക്കുന്നുണ്ടു്.
തോമസ്സ് ഉച്ചയ്ക്കു പോയിട്ടു വന്നില്ല. മറ്റവർ രണ്ടുപേരും അവരുടെ മുറിയിൽ തിരക്കിട്ടു് പണിയാണു്.
അവൾ ഒരു സംശയവും കൊണ്ടു് ഡയറക്ടറുടെ മുറിയിൽ ചെന്നു.
തനിച്ചേ ഉണ്ടായിരുന്നുള്ളൂ.
അയാൾ ഒരു പടം വരച്ചു് വിവരിച്ചു തരികയാണു്. നേരെ കാണാൻ വേണ്ടി അവൾ എഴുന്നേറ്റു് മേശമേൽ കൈ ഊന്നി കുനിഞ്ഞു നിൽക്കുകയും.
അയാളുടെ ശബ്ദം നിലച്ചതു് അവൾ പെട്ടെന്നാണു് അറിഞ്ഞതു്.
അവൾ തല ഉയർത്തിയില്ല.
അയാളുടെ ഇടതുകൈ അവൾ മേശമേൽ കൈ ഊന്നിയിരിക്കുന്നതിന്റെ അകലെയല്ലാതെ അലസമായി കിടക്കുകയാണു്.
ഇരുണ്ടു് മെലിഞ്ഞു് നീണ്ട വിരലുകൾ.
“അഞ്ചു തലയുള്ള സർപ്പം”.
പെട്ടെന്നു് അയാളുടെ കൈ അവളുടെ വെളുത്തു കൊഴുത്ത കൈയ്ക്കു മുകളിൽ ആയി.
അവൾ അറിയാതെ കൈ മലർന്നു.
ആ ശക്തിയുള്ള പിടുത്തത്തിൽ അവളുടെ പതുപതുത്ത കൈ ഒരു നിമിഷ നേരത്തേയ്ക്കമർന്നു.
അവൾ കൈ കുതറി വലിച്ചു. പുറത്തേക്കോടി.
കോണിപ്പടി ഇറങ്ങുമ്പോഴും ആരും കണ്ടില്ല.
താഴത്തെ തിരക്കിനടിയിൽ കൂടി തല ഉയർത്താതെ നടന്നു് അവൾ റോഡിലേക്കു് ഇറങ്ങി.
ഒരു ബസ്സ് കിടപ്പുണ്ടു്. അവൾ കയറി ഇരിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു ഓടാൻ.
കടപ്പുറത്തെ ഇരമ്പിപ്പായുന്ന കാറ്റിന്റെ അലർച്ചയ്ക്കിടയിൽ അവൾ ഒരു കൈകൊണ്ടു തല താങ്ങി സീറ്റിന്റെ മൂലയിലേക്കൊതുങ്ങി ഇരുന്നു.
ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞിട്ടാണുണർന്നതു്. തിരിച്ചു നടക്കേണ്ടി വന്നു.
മുറിയിൽ കടന്നു വാതിലും കുറ്റിയിട്ടു നിൽക്കുമ്പോൾ മണി നാലടിക്കുന്നതു കേട്ടു. എത്ര നേരം ആ കൊച്ചുമുറിയ്ക്കകത്തു് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കഴിച്ചു എന്നറിഞ്ഞുകൂടാ.
അടുത്ത തിയേറ്ററിൽ നിന്നു് ഉറക്കെ പാട്ടു കേട്ടു. മാറ്റിനി കഴിഞ്ഞു. അവൾ മേശയ്ക്കടുത്തു ചെന്നു മകന്റെയും ഭർത്താവിന്റെയും പടം ഉള്ള ആ സ്റ്റാൻഡ് മാറോടടക്കിപ്പിടിച്ചു മുട്ടുകുത്തി നിന്നു. എന്റെ മകനെ നീ മാത്രമെയുള്ളു എനിക്കൊരു രക്ഷ!
അവൾ എഴുന്നേറ്റു് സൂട്ട്കേസ് എടുത്തു മുമ്പിൽ തുറന്നു വെച്ചു. മൂന്നു നാലു സാരിയും ബ്ലൗസുമെല്ലാം ധൃതിയിൽ പെറുക്കി അതിനകത്താക്കി. ആറരയ്ക്കാണു് വണ്ടി. ഉടനെ പോയെങ്കിലേ കിട്ടൂ.
തലേദിവസം സ്റ്റൈപ്പൻഡ് കിട്ടിയതാണു്. ദൈവാധീനം!
ബാഗിൽ പണം ഉണ്ടു്. അവൾ മുറി പൂട്ടി താക്കോൽ മോനെ ഏൽപ്പിക്കാൻ പോയി.—
അവർ മുൻവശത്തെ മുറ്റത്തു് നിൽക്കുകയാണു്.
“ഞാൻ ബാംഗ്ലൂർ വരെ ഒന്നു പോവുകയാണു്. മിസ്. ജോർജിനെ കണ്ടില്ല.
ഒന്നു പറഞ്ഞേക്കുമോ? താമസിച്ചാൽ എനിക്കു് ട്രെയിൻ തെറ്റും.”
“എന്താ വിശേഷിച്ചു്?”
“എന്റെ മോനു് നല്ല സുഖമില്ല എന്നെഴുത്തു വന്നു”
അവിടെയും ഇവിടെയും നിന്നിരുന്നവർ ഒക്കെ എത്തി.
“എന്താ? അധികം ഒന്നും ഇല്ലല്ലോ?”
എന്റെ മകനേ, നിനക്കു് അസുഖം ഒന്നും ഇല്ലാതിരിക്കട്ടെ!
“ഇല്ല. അധികമൊന്നുമില്ല. ഞാൻ ചെല്ലണമെന്നു് അവൻ എഴുതിയിരിക്കുന്നു. തന്നെയല്ലേ അവിടെ? എന്നാൽ ഞാൻ ഇറങ്ങട്ടെ. ഇനിയും വർത്തമാനം പറഞ്ഞു നിന്നാൽ വണ്ടി തെറ്റും.”
“പെട്ടിയെടുക്കാൻ മത്തായിയെ കൂടി വിളിക്കാമായിരുന്നില്ലേ?”
“വിളിച്ചില്ല.”
“മത്തായീ…”
തോട്ടം നനച്ചുകൊണ്ടിരുന്ന അവൻ ഓടി വന്നു.
“ദേ ഇതൊന്നു എടുത്തോളു. സ്റ്റേഷൻ വരെ ഒന്നുകൂടെ ചെല്ലൂ.”
വണ്ടി പോകാറായി നിൽക്കുന്നു. ടിക്കറ്റുവാങ്ങി സ്ത്രീകളുടെ ഒരു മുറിയിൽ കയറി. വണ്ടി നീങ്ങുകയും ചെയ്തു.
അവൾ ഒരു മൂലയിൽ കൂടി. എതിരേ ഇരുന്ന ഒരു സ്ത്രീ ഇരയെ കിട്ടിയ സന്തോഷത്തോടെ വർത്തമാനം തുടങ്ങി.
മകൻ അവിടെ ബോർഡിങ്ങിൽ ചേർന്നു പഠിക്കുകയാണു്. അവനെ കാണാൻ പോകുകയാണു്. ഇവരോടു് ഇത്രയും പറഞ്ഞാൽ മതിയല്ലോ.
“കോളേജിലാണോ കുട്ടീ?”
“അല്ല”
“സ്കൂളിൽ പഠിക്കുന്ന കുട്ടി”
“തന്നെ നിന്നോളുമോ അമ്മയെക്കാണാതെ? എന്തു് പ്രായായി?”
“ഏഴു വയസ്സ്.”
“ഏഴു വയസ്സോ? എന്റെ കുട്ടപ്പൻ ഏഴു് വയസ്സുള്ളപ്പോഴൊക്കെ എന്റെ കൂടെ കെടത്തിയില്ലെങ്കിൽ ഒറങ്ങില്ല എന്നായിരുന്നു.”
“ഇതു് നിങ്ങളുടെ കുട്ടപ്പനല്ല, എന്റെ രാജീവാണു്.” എന്നു് പറയണം എന്നു തോന്നി. പറഞ്ഞില്ല. ചിരിക്കുകമാത്രം ചെയ്തു.
“ഭർത്താവുണ്ടോ കൂടെ?”
“ഇല്ല.”
“തന്നേള്ളു?”
“അതെ.”
“ശീലമായാൽ പിന്നെ ഇതിനൊന്നും വെഷമല്ല്യ.”
അവൾ ഒന്നും മിണ്ടിയില്ല.
“ഭർത്താവിനു് എന്താ ജോലി?”
“ഇവിടെ ഇല്ല. ഇംഗ്ലണ്ടിലാണു്.”
“ഇംഗ്ലണ്ടിലോ?”
“അതെ.”
“ജോലിയോ”
“പഠിക്കാൻ പോയിരിയ്ക്കുകയാണു്”
“അപ്പോ നിങ്ങള് തന്നെ താമസാണു് ഭർത്താവിനേം മോനേം ഒക്കെ ഓരോടത്തു് പറഞ്ഞയച്ചു്?”
അതു തന്നെയാണു് താൻ ചെയ്യുന്നതു്. ഭഗവാനേ, ഈ സ്ത്രീ—ഇവിടെ എവിടെയാ അമ്മേടെ കൂടെയാ താമസം?”
അവസാനത്തെ വിധിപറയൽ ദിവസം നിർദ്ദയനായ ന്യായാധിപന്റെ മുമ്പിൽ ഇതു് പോലെ ഉത്തരം പറയേണ്ടി വരുമ്പോൾ—കണക്കു മുഴുവൻ തീർത്തു് വരവും ചിലവും തിട്ടപ്പെടുത്തുമ്പോൾ—
വണ്ടി നിന്നു. ഒരു പുതിയ ആൾ വന്നു് അടുത്തിരുന്നു. പ്രശ്നാവലി അവരുടെ നേർക്കായി. രക്ഷയായി.
രക്ഷയാണോ?
അവർ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നപ്പോൾ അവയ്ക്കു് എന്തുത്തരം പറയണം എന്നുളള ആലോചനയിൽ ആയിരുന്നു മനസ്സു് മുഴുവൻ. വേറെ ഒന്നിനെ പറ്റിയും ആലോചിക്കാൻ സമയമില്ല.
ചോദ്യങ്ങൾ നിലച്ചു. ഉള്ളിൽ പിന്നെയും കൊടുങ്കാറ്റായി.
തൃശ്ശിനാപള്ളിയിൽ ഇറങ്ങി അസമയത്തു കാത്തുനിന്നു വണ്ടി മാറിക്കേറുന്ന ബുദ്ധിമുട്ടു് അനുഭവിയ്ക്കുമ്പോൾ കുറച്ചുനേരത്തേക്കു മനസ്സിനു സ്വസ്ഥതയായിരുന്നു.
പരിചയമില്ലാത്ത സ്ഥലം. രാത്രി സമയം. ഉണർവ്വോടെ ഇരിക്കേണ്ടതു് അത്യാവശ്യമാണു്. പാഴ്ചിന്തകൾക്കു് ഇടയില്ല. രണ്ടു സ്റ്റേഷൻ കഴിഞ്ഞു് നാലഞ്ചു് ആളിറങ്ങി സ്ഥലം ഒഴിഞ്ഞു കിട്ടുന്നതുവരെ നിൽക്കേണ്ടി വന്നു. അത്രയ്ക്കു തിരക്കാണു് വണ്ടിയിൽ. കിടക്കാൻ സ്ഥലം കിട്ടിയില്ല. വെളുപ്പാൻ കാലമായപ്പോൾ ചാരി ഇരുന്നൊന്നു മയങ്ങി.
കണ്ണുമിഴിച്ചതു് വിശക്കുന്നു എന്ന തോന്നലോടെയാണു്. നേരം നല്ല പോലെ വെളുത്തു. തലേന്നു് ഉച്ചക്കുശേഷം ഒന്നും കഴിച്ചതല്ല.
മകൻ എന്ന രക്ഷാസ്ഥാനം അടുത്തു എന്ന വിചാരത്താൽ ഭക്ഷണത്തിന്റെ ഓർമ്മ വന്നു.
അവൾ എഴുന്നേറ്റു. തിരക്കു വളരെ കുറവുണ്ടു്. ബ്രഷും പേസ്റ്റും ഒന്നും എടുത്തിട്ടില്ല. എല്ലാം മറന്നു.
അവൾ മുഖം കഴുകി വന്നു് ഒരു വിധം പറഞ്ഞൊപ്പിച്ചു് ഒരു ഗ്ലാസ്സ് കാപ്പിയും രണ്ടു ദോശയും വാങ്ങിക്കഴിച്ചു.
മലയാളം അറിയാവുന്നവർ ആരുമില്ല മുറിയിൽ. ആരോടെങ്കിലും സംസാരിച്ചാൽ കൊള്ളാമെന്നു തോന്നി. നിവൃത്തിയില്ല. കടു നിറമുള്ള ചേല ചുറ്റിയ തമിഴരും കർണ്ണാടകക്കാരുമാണു് മുറിമുഴുവൻ.
അവളും അവളുടെ ചിന്തകളും തനിച്ചായി.
ബാംഗ്ലൂർ എത്തിയപ്പോൾ ഉച്ച ആവാറായി. അവൾ കൈയിൽ ഹാൻഡ് ബാഗു തൂക്കി മറ്റെ കൈയിൽ സൂട്കേസ് താങ്ങി പുറത്തേക്കു കടന്നു.
മകന്റെ സ്കൂളിന്റെ പേർ പറഞ്ഞു കൊടുത്തു് ഒരു ഓട്ടോറിക്ഷയിൽ കയറി ഇരുന്നു.
സ്കൂൾ കെട്ടിടത്തിൽ ആണു് ആദ്യം ചെന്നതു്. കുട്ടികൾ ഇടനേരത്തിനു് വിട്ടു് ഹോസ്റ്റലിലാണു്.
ആ കെട്ടിടം കണ്ടുപിടിച്ചു് അവിടത്തെ ഗേയ്റ്റ് കീപ്പറെ പിടികൂടി മേട്രനെ വിളിക്കാൻ പറഞ്ഞേൽപ്പിച്ചപ്പോഴേക്കും സ്കൂളിൽ മണി അടിക്കുന്നതു കേട്ടു.
അവൻ പോകുമോ? ഇനിയും കാണാൻ ഒക്കില്ലേ?
ഒരു പതിനഞ്ചു മിനിറ്റ് അവരുടെ ഹാളിൽ കാത്തിരിക്കേണ്ടി വന്നു മേട്രൺ വരാൻ.
കാണേണ്ടതു അത്യാവശ്യമാണു്. കൂടിയേ തീരു എന്നു് അവൾ നിർബ്ബന്ധമായി പറഞ്ഞിട്ടേ അവർ കുട്ടിയെ ക്ലാസ്സിൽ നിന്നു് വിളിപ്പിക്കാമെന്നു് ഏറ്റുള്ളൂ.
ഇരുന്നു ഇരുന്നു് മടുത്തു തുടങ്ങിയപ്പോൾ അവൻ വന്നു. കാക്കിട്രൗസറും കാക്കി ഷർട്ടും പച്ച ടൈയും സ്കൂൾ ബാഡ്ജും—അവളുടെ പൊന്നുമകൻ. അവൾ കസേരയിൽ നിന്നു് എഴുന്നേൽക്കുന്നതിനു മുമ്പു് അവൻ അടുത്തെത്തി കൈ നീട്ടി: “Oh Mummy, how are you?” അവൻ ചെറുതായി പുഞ്ചിരിച്ചു വലതു കൈ നീട്ടിപ്പിടിച്ചു നിൽക്കുകയാണു്.
അവനെ വാരിയെടുത്തു മാറോടു ചേർക്കാൻ കൊതിച്ചു്—
“You are a brick to have come just now, mum. I would have caught it from old Ghosh, this period. Peter called me a lucky guy”
താൻ വയറ്റിൽ ചുമന്നു മാറത്തു വളർത്തിയ കുഞ്ഞാണോ ഇതു്?
എന്തു ക്ലാസ്സാണു്?”
“Dictation, I go wrong always.”
“മലയാളം പറയൂ മോനേ?”
“You are fined for talking vernacular here. Four annas from your pocket money if you are caught.”
“ഞാനും നീയും മാത്രമല്ലേ ഉള്ളൂ ഇവിടെ.”
“You can’t be sure.”
“Talk in English, Rajiv. ആ ശീലം വരട്ടെ. You have to learn it.”
താൻ തന്നെയാണു് പറഞ്ഞു് പറഞ്ഞു് അവനെ പഠിപ്പിച്ചതു്.
“പീറ്റർ ആരാണു്?”
“Peter Sakharia. My best friend. Head boy in our from”
സൂപ്രണ്ട് കയറി വന്നു. അമ്മയും മകനും കൂടി ഇത്രയും നേരം വർത്തമാനം പറഞ്ഞാൽ മതി എന്നായിരിക്കും അയാളുടെ അഭിപ്രായം.
“Can I take him with me? I shall bring him back tomorrow in time for class”
“Oh, we have a feast here tonight, But, of course if you are particular.”
“അയ്യോ ഇന്നു രാത്രി—ഞാൻ പീറ്ററോടു്-”
അവൻ മലയാളമാണു് പറയുന്നതു്.
“നിനക്കു് ഇവിടത്തെ ഫീസ്റ്റിനുള്ളതെല്ലാം ഞാൻ വാങ്ങിച്ചു തരാം.”
“അതല്ല, പീറ്റർ-”
“ഉം പീറ്ററിനും എന്തു പറ്റി?”
“മാജിക്കു കാണിച്ചു തരാം എന്നു പറഞ്ഞിരുന്നു പീറ്റർ.”
“അതു നാളെ ആവാമെന്നു പറയു.”
“ഇതു് മൂൺ ലൈറ്റ് ഫീസ്റ്റ് ആണു്. നിലാവത്തേ മാജിക്ക് കാണിക്കാൻ പറ്റുള്ളൂ.”
“ഇനിയും വരുമല്ലോ മൂൺ ലൈറ്റ് ഫീസ്റ്റ്. മാസത്തിൽ ഒന്നുണ്ടല്ലോ.”
“അയ്യോ! പീറ്റർ പിണങ്ങും. ഞാൻ പിന്നാലെ നടന്നിട്ടാണു് കാണിച്ചു തരാം എന്നു സമ്മതിച്ചതു്. എന്നിട്ടു് ഞാൻ അമ്മയുടെ കൂടെ-”
അവനെ ആദ്യം ഇവിടെ കൊണ്ടു വന്നു വിട്ടു് പോകുമ്പോൾ—
“അമ്മേ എന്നേം കൂടി കൊണ്ടുപോകൂ. ഞാൻ അവിടെ പഠിച്ചോളാം. എനിക്കു വയ്യാ, തന്നെ.”
“നീ നന്നായി വരാനാണു് മോനേ. Be a man, son!”
അവന്റെ കുഞ്ഞിക്കൈകൾ കഴുത്തിൽ നിന്നു് എടുത്തുമാറ്റി അവനെ നീക്കി നിർത്തി ഇറങ്ങിപ്പോയി. ഇന്നിപ്പോൾ താൻ യാചകിയായി വന്നപ്പോൾ—
“അല്ലെങ്കിൽ അമ്മ പോണ്ട. ഇന്നിവിടെ താമസിച്ചോളു. മി. ഓസ്റ്റിനോടു് ചോദിച്ചാൽ മതി സമ്മതിക്കുമോ എന്നു്.”
“I am afraid that is difficult, Mrs. Panicker. There is no room to offer you. I am very sorry.”
മി. ഓസ്റ്റിൻ മലയാളി ചട്ടക്കാരനാണു്. അയാൾക്കു് എല്ലാം മനസ്സിലായി. തന്റെ മകനു് തന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു. അവനു് ആവശ്യമുണ്ടായിരുന്ന സമയത്തു് താൻ അവന്റെ കൂടെ നിന്നില്ല. ഇപ്പോൾ തനിക്കു് ആവശ്യം വന്നപ്പോൾ—
“I am sorry, mother. Peter will be so angry.”
പീറ്റർ—
പീറ്റർ—പീറ്റർ സഖറിയാ—നീയാണു് ഇപ്പോൾ എന്റെ കുഞ്ഞിന്റെ എല്ലാം. ഞാൻ ആകേണ്ടിയിരുന്ന എല്ലാം. ഞാൻ ആകാതിരുന്ന എല്ലാം. അവനെ നോക്കിക്കോളണേ! ഒരു ദുർഗയായ അമ്മയുടെ പ്രാർത്ഥനയാണു്. എന്റെ കുഞ്ഞിനെ നോക്കിക്കോളണേ! അവനു് നേർവഴി കാണിച്ചു കൊടുക്കണേ!
അവനും തന്നെപ്പോലെ തായ്വേരു് ഉറച്ചു പിടിച്ചിട്ടില്ലാത്ത മരമായി വളരുമോ?
എന്റെ മകനേ! എന്റെ കുഞ്ഞേ: “ചായ കൊണ്ടുവരാൻ പറയട്ടെ?” ഓസ്റ്റിനു തന്നെ പറഞ്ഞയച്ചു കുട്ടിയെ കൊണ്ടുപോകാൻ ധൃതിയായി.
“വേണ്ട. താങ്ക്സ്.” അവൾ എഴുന്നേറ്റു. “മോനേ, രാജീവ്-” അവൾ അവന്റെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു മാറത്തുചേർത്തു് അമർത്തി. അവന്റെ മുഖത്തു് അമ്പരപ്പു് മാത്രമാണു്.
എന്റെ കണ്ണും പുരികവും ഉള്ള എന്റെ കുഞ്ഞേ, നീ വലുതായി വിധിപറയാൻ ഇരിക്കുമ്പോൾ ഓർക്കണേ: നിന്റെ അമ്മ നിന്റെ മുമ്പിൽ വന്നു കൈക്കുമ്പിൾ കാട്ടി മുട്ടുകുത്തി നിന്ന ഈ നിമിഷം. ഓർമ്മിയ്ക്കുമോ? എന്റെ മകനെ, നീ ഓർമ്മിയ്ക്കണേ!
ഒരു മണി അടിച്ചു.
“ഞങ്ങൾക്കു കളിക്കാൻ പോകാനുള്ളതാണു്.”
അവൾ അവന്റെ കൈവിട്ടു. തലതാഴ്ത്തി പുറത്തേയ്ക്കു പോന്നു. തന്നെ കാത്തു കിടക്കുന്ന റിക്ഷയിൽ കയറി വീണു.
സ്വന്തം കുഞ്ഞിനു വേണ്ടാതായ അമ്മ. സാരിത്തലപ്പുകൊണ്ടു് മുഖം പൊത്തി അവൾ തേങ്ങി. ചുറ്റും കാൻവാസ് കൊണ്ടു മറച്ചു ഗുഹപോലുള്ള ആ വണ്ടിയിൽ ഒറ്റക്കിരുന്നു് അവൾ തേങ്ങി. ഉറക്കെ ഉറക്കെ തേങ്ങി.
വണ്ടിക്കാരൻ വണ്ടി നിർത്തി. ഒരു നാൽക്കവലയിൽ ആണു്, അവൾ മുഖത്തു നിന്നു് സാരിമാറ്റി.
അയാൾ ഇറങ്ങി തന്നെ നോക്കി നിൽക്കുകയാണു്. ഭാഷ അറിഞ്ഞുകൂടല്ലോ.
“റെയിൽവേസ്റ്റേഷൻ.” അവൾ പറഞ്ഞു. അയാൾ കുറച്ചു സമയം കൂടി നോക്കി നിന്നു മുമ്പിൽ തിരിച്ചു കയറി റെയിൽവേ സ്റ്റേഷൻ—നാശത്തിലേക്കുള്ള വാതിൽ—
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.