“രാംശരൺ, ആരാണു് ആ പെൺകുട്ടി?”
“പുരോഹിതന്റെ മകൾ ആയിരിക്കണം. ഇതിനടുത്താണു് അദ്ദേഹത്തിന്റെ താമസം.”
“ഭാർഗ്ഗവാചാര്യന്റെയോ?”
“അതെ. തിരുമേനി.”
“അത്ഭുതം. ദർഭപ്പുല്ലിന്മേൽ റോസാപ്പൂ വിരിയുക.”
“ഈ കന്യകയുടെ അമ്മ അതിസുന്ദരിയായിരുന്നു എന്നു കേട്ടിട്ടുണ്ടു്.”
“അവരിപ്പോഴില്ലേ?”
“മരിച്ചു. പുരോഹിതനു് ലോകത്തു് ഇപ്പോൾ ആകെ ഉള്ളതു് ഈ മകൾ മാത്രമാണു്.”
“എന്തൊരു അഭൗമലാവണ്യം.”
“അമ്മയുടെ തനി ഛായയാണെന്നാണു് പറയപ്പെടുന്നതു്.”
മഹാരാജാവിനു് അവൾ നടന്നു മറഞ്ഞ വഴിയിൽനിന്നു് കണ്ണു് പറിക്കാൻ പറ്റുന്നില്ല.
വനദേവത…
“മൂടൽമഞ്ഞിന്റെ മറനീക്കി ആ അപ്സരസ്സു് അങ്ങനെ നടന്നടുത്തപ്പോൾ വസന്തം എതിരെ വരികയാണു് എന്നു് തോന്നിയില്ലേ രാംശരൺ?”
രാംശരൺ കൈകൊണ്ടു് വായപൊത്തി ചിരിച്ചു.
“നീ ഒരു അരസികനാണു് രാംശരൺ?”
മഹാരാജാവു് കുതിരയെ തിരിച്ചു. കൊട്ടാരത്തിൽ എത്തും വരെ പിന്നെ ഒന്നും മിണ്ടുക ഉണ്ടായില്ല.
സ്വാമിയെ അറിയാവുന്ന രാംശരണും ഒന്നും മിണ്ടിയില്ല.
മുഷിവു് മാറാൻ വേണ്ടി സവാരിക്കിറങ്ങിയതാണു്.
മഹാരാജാവു് മനോരാജ്യത്തിൽ ലയിച്ചു. അന്തഃപുരത്തിലെ ആ അരോചകമായ വൈവിധ്യരാഹിത്യം കൊണ്ടു് മടുത്താണു് വ്യായാമം എങ്കിലും ആവട്ടെ എന്നു് വെച്ചു് ഇറങ്ങിതിരിച്ചതു്.
യുദ്ധഭൂമിയിലെ കാർക്കശ്യവും കഷ്ടപ്പാടും കഴിഞ്ഞു് തിരിച്ചെത്തിയപ്പോൾ കുറച്ചു ദിവസത്തേക്കു് ഈ സുഖജീവിതം ആനന്ദമായി.
ഓ, അതെത്രവേഗം ചെടിച്ചു.
വൈവിദ്ധ്യം എന്നൊന്നില്ല.
ഇന്നലത്തെപ്പോലെ ഇന്നു്. ഇന്നത്തെപ്പോലെ നാളെ. ഒരു വ്യത്യാസവുമില്ല.
എന്നിട്ടു് ഇന്നു് കാലത്തേ ധവന്റെ പുറത്തു കയറി രാംശരണേയും കൊണ്ടു് പുറപ്പെട്ടപ്പോൾ ഇങ്ങനെ ഒരു ഒരനുഭവം പ്രതീക്ഷിച്ചിരുന്നോ?
മാവിൻ തോപ്പിലെ മരങ്ങളുടെ ഇടയിൽക്കൂടി മഴവില്ലുപോലെ ഒരു അപ്സരസ്സു് പെട്ടെന്നിങ്ങനെ പ്രത്യക്ഷപ്പെടുമെന്നു്…
പിറ്റെദിവസവും അതേസമയത്തു് രാജാവു് രാംശരണിനേയും കൂട്ടി മാന്തോപ്പിന്റെ വക്കത്തെത്തി.
യാമങ്ങൾ കഴിഞ്ഞു. നിന്നു നിന്നു മടുത്തു. കാണാൻ കൊതിച്ചതു് കണ്ടില്ല.
കുടവും അരയിൽ ഒതുക്കി ഈറൻ തലമുടിക്കു് മുകളിൽ കൂടി സാരിത്തുമ്പു വലിച്ചിട്ടു് ആ ദേവത പ്രത്യക്ഷപ്പെട്ടില്ല.
വെയിൽ ഉദിച്ചുപൊങ്ങിയപ്പോൾ തിരിച്ചുപോന്നു. തലേന്നാളത്തെ പോലെ സുഖദചിന്തകൾ അല്ലായിരുന്നു ഉള്ളിൽ.
പിറ്റേന്നും അതിന്റെ പിറ്റേന്നും വന്നു. തോപ്പിലൂടെ നടന്നു് ചിറക്കരവരെപോയി. താഴ്‌ന്നു് പന്തലിച്ചു കിടന്ന മരങ്ങൾക്കിടയിലൂടെ കുതിരയോടിക്കാൻ വയ്യ. ഇറങ്ങി നടന്നു. പലരും കുളിക്കുന്നുണ്ടു് ചിറയിൽ. കണ്ണു് തിരക്കിയ ആൾ മാത്രം ഇല്ല.
കുറെക്കൂടി നേർത്തേ ആക്കി വരവു്. ഇല്ല എന്നിട്ടും പറ്റിയില്ല.
ഓരോ ദിവസവും കാണാതെ മടങ്ങിപ്പോരുമ്പോൾ അവൾ കൂടുതൽ കൂടുതൽ ആകർഷകയാവുകയാണു്.
കളിക്കോപ്പു് കയ്യിൽ കിട്ടുന്നതിനുമുമ്പു് നഷ്ടപ്പെട്ടുപോയ കുട്ടി.
‘ദർശനം നിഷേധിക്കപ്പെടുമ്പോൾ കൂടുതൽ കൂടുതൽ പ്രിയദർശിനി’ ആവുകയാണു് അവൾ.
രാംശരണിനു് മടുത്തു.
അയാൾ സൂത്രത്തിൽ ഒരന്വേഷണം നടത്തിവന്നു.
പുരോഹിതപുത്രി ദിവസവും വെള്ളം കൊണ്ടുവരുന്നതിനു് ചിറയിലേക്കു് പോകാറില്ല. അച്ഛന്റെ കൺമണിയാണു് മകൾ. അവളെ സാധാരണ ഇത്രയും ദൂരം തനിയെ അയയ്ക്കാറില്ല. അന്നു് എന്തോ പ്രത്യേക കാരണം കൊണ്ടു് ആ കന്യക അവിടം വരെ പോയതാണു്.
അവരുടെ താമസസ്ഥലത്തു് കുളമുണ്ടു്. അവിടെയാണു് സാധാരണ കുളിക്കുക.
ചിറക്കരയിലും മാവിൻതോപ്പിലും കാത്തുനിന്നിട്ടു് കാര്യമില്ല.
വെളുപ്പാൻകാലത്തെ സവാരി നിന്നു. ഒരാഴ്ച രാജാവു് സഹിച്ചു. ഇതു് ഒരു ജ്വരംപോലെയായിത്തീരുകയാണു്.
“രാംശരൺ”
“തിരുമേനി…”
“എനിക്കവളെ കിട്ടിയേ തീരൂ.”
“പുരോഹിതൻ…”
“അതാണു് പറയാൻ തുടങ്ങിയതു്. പുരോഹിതനോടു് ചെന്നു് ചോദിക്കൂ.”
“ബ്രാഹ്മണകന്യക…”
“ഈ അംബർ രാജ്യത്തിലെ ഭരണാധികാരിയാണു് ഞാൻ.”
“തിരുമേനി, പുരോഹിതനെ ഭീഷണിപ്പെടുത്താ ൻ…”
“മൂന്നു് ഉപായങ്ങളും നോക്കിക്കോളൂ…”
“അങ്ങനെ വഴങ്ങുന്ന ആളല്ല അതു്.”
“അങ്ങനത്തെ ഒരാളുണ്ടോ?”
“ആ ബ്രാഹ്മണൻ… ഈ വിചാരം മനസ്സിൽനിന്നു കളയൂ. തിരുമേനി.”
“എടോ, ഭീഷണിയല്ലാതെ വേറെ ഉപായമൊന്നുമില്ലേ? അംബർ രാജാവിന്റെ പട്ടമഹിഷി—”
“പട്ടമഹിഷിയോ തിരുമേനി? അപ്പോൾ സുനന്ദാദേവി…”
നഗരത്തിന്റെ അതിർത്തിവിട്ടു് കുറച്ചു ദൂരെയാണു് പുരോഹിതന്റെ കൊച്ചു വീടു്. മാവുകൾ അന്യോന്യം തൊട്ടുരുമ്മി പടർന്നു പന്തലിച്ചു് കാടുപോലെ കിടക്കുന്ന തോപ്പിന്റെ വക്കത്തു്.
സ്വൽപ്പം ശങ്കയോടെയാണു് അന്നു് വൈകുന്നേരം രാംശരൺ ആ പുൽമേഞ്ഞ പുരയുടെ മുറ്റത്തു് ചെന്നു നിന്നതു്.
ചുമച്ചു തൊണ്ടയനക്കി ശബ്ദം ഉണ്ടാക്കിയപ്പോൾ പുരോഹിതൻ ഇറങ്ങി വന്നു.
നെഞ്ചുവരെ എത്തുന്ന നീണ്ട താടി. മുഖത്തു് എല്ലുകൾ എഴുന്നു നിൽക്കുന്നു. നരച്ച പുരികങ്ങൾക്കു താഴെ രണ്ടു കുഴിയിൽ തീക്ഷ്ണമായ കണ്ണുകൾ.
കുശലപ്രശ്നാദികൾ കഴിഞ്ഞു. ഇനി കാര്യം പറയണ്ടേ?
എങ്ങനെയാണു് തുടങ്ങുക. ബ്രാഹ്മണന്റെ ക്ഷമ നശിക്കും മുമ്പു് പറഞ്ഞില്ലെങ്കിൽ…
“ആചാര്യൻ സഹധർമ്മിണി മരിച്ചിട്ടു് പിന്നെ വിവാഹം…”
“ഇല്ല. ഞാൻ പുനർവിവാഹം ചെയ്തില്ല.”
“അപ്പോൾ മകൾക്കു് തുണക്കു്.”
“ഞാൻ ഉണ്ടു്.”
“സ്ത്രീകൾ ആരും… കുട്ടി മുതിർന്നില്ലേ?”
പുരോഹിതന്റെ പുരികങ്ങൾ ഉയർന്നു കൂട്ടിമുട്ടി.
“വേറൊരാൾക്കു വേണ്ടി കന്യകയെ യാചിക്കാനാണു് ഞാൻ വന്നതു്.” രാംശരൺ ധൃതിയിൽ പറഞ്ഞു.
“ഉം” ഒരു മൂളൽ മാത്രം.
“പെൺകൊടിക്കു് പ്രായം…”
“ആരാണു് ആൾ?”
“ഗുരോ, അങ്ങയുടെ പുത്രി ലക്ഷ്മീദേവിയാണു്.”
“ആരാണു് വരണാർത്ഥി?”
“അവളുടെ സൗന്ദര്യത്തിന്റെ കീർത്തികേട്ടു്…”
“ആൾ ആരാണെന്നു പറയൂ.”
“അങ്ങയുടെ കന്യക രത്നമാണു്. എല്ലാ രത്നങ്ങളും ചേരേണ്ട സ്ഥാനം…”
പുരോഹിതൻ ഒന്നും മിണ്ടിയില്ല.
രാംശരണിനു് സാധാരണ തോന്നാത്ത ഒരു പരുങ്ങൽ…
ഒരു സൈന്യം മുഴുവൻ എതിരേ വന്നാലും കുലുങ്ങാത്തവൻ ആണു്. ഏതു കിണഞ്ഞ യുദ്ധത്തിലും സ്വാമിയുടെ കുതിരയുടെ പിന്നിൽ നിന്നു് മാറിയിട്ടില്ല. ഈ ബ്രാഹ്മണന്റെ നോട്ടത്തിനു് മുമ്പിൽ…
“രാജാധിരാജനാണു് എന്നെ പറഞ്ഞയച്ചതു്. അങ്ങയുടെ പുത്രി തിരുമേനിയുടെ അന്തഃപുരേശ്വരി…”
“എന്തു്?”പുരോഹിതൻ ചാടിയെഴുന്നേറ്റു. രാംശരണും എണീറ്റു.
“മഹാരാജാവിന്റെ പട്ടമഹിഷി—അംബർ രാജ്യത്തിലെ മഹാറാണി…”
“എന്തു പറഞ്ഞു?”
“ഓർത്തു നോക്കൂ, അങ്ങയുടെ പൗത്രൻ സിംഹാസനത്തിൽ…”
“നിർത്തു്.”
അതൊരു ഗർജ്ജനമായിരുന്നു. രാംശരൺ ഞെട്ടിപ്പോയി.
“രാജാവിനു് അതു് പറയാൻ ധൈര്യംവന്നോ? ബ്രാഹ്മണകന്യക…”
“മഹാരാജാവു്…”
“മഹാരാജാവു്—ഭാർഗ്ഗവ വംശത്തിൽ പിറന്ന കന്യകയെ…”
“അദ്ദേഹം ക്ഷത്രിയനാണു്.”
“ക്ഷത്രീയൻ—നീചൻ…”
“ബ്രാഹ്മണകന്യകയെ ക്ഷത്രിയനു് വരിച്ചുകൂടെന്നില്ലല്ലോ. അതു് ശാസ്ത്രം നിഷേധിച്ചിട്ടൊന്നുമില്ല.”
“ഏതു് ശാസ്ത്രമാണു് അതു് അനുവദിച്ചിരിക്കുന്നതു്?”
“ശുക്രപുത്രി യയാതിയെ വരിച്ചില്ലേ?”
“ശുക്ര പുത്രി—വേണ്ട. ഒന്നും പറയണ്ട. യാഗഭാഗം ശ്വാനനു നക്കാനുള്ളതല്ല.”
“ശ്വാനൻ—പുരോഹിതരെ, അങ്ങു് ആലോചിക്കാതെ സംസാരിക്കുകയാണു്.”
“ഛീ. കടക്കു് പുറത്തു്. ഒരക്ഷരം മിണ്ടിപ്പോകരുതു്. എന്റെ മകളെ തരില്ല.”
കാറ്റത്തു് കുതിരയോടിച്ചു് കൊട്ടാരത്തിൽ എത്തിയപ്പോഴേക്കും രാംശരണിന്റെ തല തണുത്തു. അയാളുടെ കോപം ഒന്നടങ്ങി.
രാജാവു് അക്ഷമനായി കാത്തുനിൽക്കുന്നു.
“എന്തായി”
“പുരോഹിതൻ തരില്ല. ബ്രാഹ്മണകന്യകയെ ക്ഷത്രിയനു കൊടുക്കില്ല.”
“തീർത്തു പറഞ്ഞോ? പട്ടമഹിഷി ആക്കാമെന്നു് പറഞ്ഞില്ലേ?”
“പറഞ്ഞു. എല്ലാം പറഞ്ഞു, സ്വാമി ഒന്നും അദ്ദേഹത്തിന്റെ ചെവിയിൽ കേറില്ല.”
“സുനന്ദാദേവി ഇരിയ്ക്കുമ്പോൾ പട്ടമഹിഷി ആക്കാമെന്നു് നാം പറഞ്ഞിട്ടു്”
“ആ ബ്രാഹ്മണനു്…”
“ബ്രാഹ്മണൻ—ഇതിനു് പകരം ചോദിച്ചിട്ടു് മേൽക്കാര്യം.”
“ഭാർഗ്ഗവാചാര്യൻ ഇവിടത്തെ മിക്ക കുടുംബങ്ങളിലേയും പുരോഹിതൻ ആണു്. അദ്ദേഹത്തെ ശിക്ഷിക്കുകയോ ദണ്ഡിപ്പിക്കുകയോ ചെയ്താൽ ജനങ്ങൾ…”
“അയാളെ ശിക്ഷിക്കുമെന്നു് ആരു് പറഞ്ഞു?”
“തിരുമേനീ, ഘോരമാന്ത്രികനാണു് അയാൾ തീകൊണ്ടു് കളിക്കലാവും അതു്. ഒരു വയസ്സന്റെ അവിവേകം—അങ്ങു് ക്ഷമിക്കു് തിരുമേനി. പിന്നെ ആ പെണ്ണു്—അതിലും സുന്ദരിമാർ എത്ര പേരുണ്ടു്. വല്ലാത്തവനാണു് ആ ബ്രാഹ്മണൻ.”
“നീ പേടിക്കണ്ട. അയാളെ ഞാൻ ഒരു പാഠം പഠിപ്പിക്കും. അയാൾ ഇങ്ങോട്ടു് കാൽപിടിക്കാൻ വരും.”
ബ്രാഹ്മണകന്യക…
അവളൊന്നു് തിരിഞ്ഞുനോക്കിയോ? പാവം പെണ്ണു്.
പുരോഹിതപുത്രിയുടെ ദിനചര്യകൾ പഠിച്ചുവരാൻ രാംശരൺ നിയുക്തനായി. അയാൾ സമ്മതമില്ലാതെ പോയി. തിരുവായ്ക്കെതിർവായുണ്ടോ?
കന്യക ദിവസവും കാലത്തു് കുളിക്കാൻ പോകും. സ്വന്തം കുളത്തിലാണു്. തനിയെയാണു് പോവുക.
പുരോഹിതനും മകളുമല്ലാതെ ഒരു വൃദ്ധമാത്രമേയുള്ളു വീട്ടിൽ. അടുത്തെങ്ങും വേറെ വീടുകളുമില്ല.
ഒരു ദിവസം കാലത്തു് പെൺകിടാവു് കുളിക്കാൻ പോകുമ്പോൾ കുളക്കരയിൽ കുതിരപ്പുറത്തു നിന്നു് വീണു് അവശനിലയിൽ ഒരു യോദ്ധാവിനെ കാണുകയുണ്ടായി.
അയാൾക്കു് കുറച്ചു് വെള്ളം കുടിക്കാൻ വേണം.
അയാളെ കുതിരനിൽക്കുന്നിടംവരെ നടക്കാൻ അവൾ സഹായിക്കുകയുമുണ്ടായി. കുളികഴിഞ്ഞു് തിരിച്ചെത്തിയപ്പോൾ എല്ലാം പറയുന്ന ധാത്രിയോടു് ഈ സംഭവം അവൾ എന്തുകൊണ്ടോ പറയുകയുണ്ടായില്ല. അന്നു് സന്ധ്യക്കു് പ്രാർത്ഥനക്കിരുന്നപ്പോൾ പീലിത്തിരുമുടിയും കിങ്ങിണിയും അരമണിയുമായി ഉണ്ണിക്കണ്ണനല്ലായിരുന്നു മുമ്പിൽ.
മണ്ണിൽ അവശനിലയിൽകിടന്നു് തന്നെ ദയനീയമായി നോക്കുന്ന ഒരു ദീർഘകായൻ. അങ്ങനെ ആ പഴയ നാടകം ആ പുൽമേഞ്ഞ പുരയുടെ നിഴലിൽ നിന്നകന്ന പറമ്പിൽ ആടുകയുണ്ടായി.
ഋഷികന്യകയും പൌരവനും.
പറഞ്ഞു് എരികേറ്റാൻ അനസൂയയും പ്രിയംവദയും ഇല്ലായിരുന്നു.
അൻപോടെ നോക്കിനിൽക്കാൻ മാൻകിടാങ്ങളും ഇല്ലായിരുന്നു.
മാവിൻ ചില്ലകൾക്കിടയിൽക്കൂടി വരുന്ന കാറ്റു് ചൂളം അടിച്ചു് കടന്നുപോയി.
കുളക്കരയിലെ പഞ്ചസാരമണൽ പുച്ഛിച്ചു് ചിരിച്ചു.
ആ അമ്മയില്ലാത്ത പാവം കുട്ടി നട്ടു നനച്ചു് അരുമയായി വളർത്തിയ വെള്ളമന്താരം മാത്രം ദുഃഖിച്ചു് കണ്ണു് ചിമ്മി. അതിലെ വെള്ളപ്പൂക്കൾ കണ്ണടക്കുന്നതു് അവൾ ശ്രദ്ധിക്കുക ഉണ്ടായില്ല. ജീവിതാനന്ദം ഉടലെടുത്തുനിന്നു് മാടിവിളിക്കുമ്പോൾ—ആ കുളക്കരയിലെ കട്ടെടുത്ത നിമിഷങ്ങൾ മാത്രമാണു് ജീവിതം. ബാക്കിയെല്ലാം അയവിറക്കൽ.
മാസങ്ങൾ കഴിഞ്ഞു,
വല്ലികൾ പൂക്കുന്നതും ഇലകൊഴിയുന്നതും ശ്രദ്ധിക്കാത്ത കാലം കുതിച്ചു പാഞ്ഞു.
കവിത തീർന്നു. കടുത്ത യാഥാർത്ഥ്യം മാത്രമാണു് ഇപ്പോൾ മുൻപിൽ
അവസാനം ഒരു ദിവസം പുരോഹിതനും അറിഞ്ഞു.
“ആരാണു് നിന്നെ ചതിച്ചതു്? പറയ്”
അവൾ ഒന്നും മിണ്ടിയില്ല.
“പറയ്. പറയ്” വൃദ്ധൻ ഗർജ്ജിച്ചു. “ആരാണെന്നു് പറയ്”
പുരോഹിതൻ മകളെ തലമുടി ചുറ്റിപ്പിടിച്ചു് വലിച്ചു. അവളിൽ നിന്നു് ഒരു ദീനസ്വരം പോലുമില്ല.
വൃദ്ധൻ ഭ്രാന്തനായി മാറുകയാണു്.
“പറയ്. പറയ്”
ജന്തുബലിക്കു് ഉപയോഗിക്കുന്ന വാൾ കാളിയുടെ മുമ്പിൽ ഇരിപ്പുണ്ടു്. അതു് കൈയിൽ വന്നതു് എങ്ങനെയെന്നു് പുരോഹിതൻ അറിഞ്ഞില്ല.
“പറയ്. പറയ്.”
അവൾ തലപൊക്കിയതു തന്നെയില്ല.
വൃദ്ധന്റെ കൈ ഉയർന്നു താണു.
ആ സാധു പെൺകുട്ടിയുടെ കഷ്ടപ്പാടുകൾ അവസാനിച്ചു… മുറ്റത്തു് കാളീവിഗ്രഹത്തിനു് മുമ്പിൽ ഹോമകുണ്ഡത്തിൽ തീ കത്തിജ്ജലിച്ചു. പുരോഹിതൻ മകളുടെ ജീവനറ്റ ദേഹം കൈയിലെടുത്ത ഉപാസനാമൂർത്തിയുടെ മുമ്പിൽ നിന്നു.
“ദേവി, ഭദ്രകാളീ, ഞാൻ അവിടത്തെ സേവിച്ചിട്ടുണ്ടെങ്കിൽ ഇതു ചെയ്തവനു് അതിനുള്ള ശിക്ഷകൊടുക്കണേ. ഇന്നേക്കു് ഒരു കൊല്ലം തികയുന്നതിനുമുമ്പു് അവനും എന്നെപ്പോലെ നീറി നീറി ചാകാൻ ഇടവരണേ.” വൃദ്ധൻ മകളെയും കൊണ്ടു് തീയിലേക്കു് ചാടി.
ആ വഴിയെ കടന്നുപോയ ഒരു ആട്ടിടയൻ മാത്രം ആ കൃത്യത്തിനു സാക്ഷിയായി. അയാൾക്കു് പുരോഹിതനെ ചെന്നു തടുക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.
പുരോഹിതന്റെ നരബലിയുടെ ഘോരമായ കഥ നാട്ടിലാകെ പരന്നു. മഹാരാജാവിന്റെ ചെവിയിലുമെത്തി.
അദ്ദേഹം കേൾക്കാതിരിക്കാൻ രാംശരൺ കുറെ ശ്രമിച്ചു. ആറുമാസത്തിനുള്ളിൽ മഹാരാജാവു് കിടപ്പിലായി. രോഗം എന്താണെന്നു് കണ്ടുപിടിക്കാൻ ആർക്കും കഴിഞ്ഞില്ല. വൈദ്യൻമാരും മാന്ത്രികരും കിണഞ്ഞു് നോക്കിയിട്ടും ഗുണമില്ല.
കൊല്ലം തികയുന്ന ദിവസം ചോരയിൽ കുളിച്ചു് സന്ധ്യനേരത്തു് അദ്ദേഹം മരിച്ചു.
(ഹൾ സായിപ്പിന്റെ Annals of Amber-ൽ അദ്ദേഹം ഇങ്ങനെ എഴുതിട്ടുണ്ടു്. ബലിഷ്ഠനും ഭീമകായനും ആയ അജിത്സിങ്ങ് മഹാരാജാവു് ബ്രാഹ്മണശാപത്താൽ മരിച്ചു എന്നാണു് കഥ.)
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.