വിവാഹിതരും അവിവാഹിതരും ആണുങ്ങളും പെണ്ണുങ്ങളുമായി പത്തിരുന്നൂറു പേർ പണിയെടുക്കുന്ന വലിയ ആപ്പീസിലെ ഒരു മുറി. കാലത്തു പതിനൊന്നുമണി സമയം.
ഇരുപത്താറുവയസ്സുള്ള ഒരു ഐ. എ. എസ്സുകാരൻ ആഫീസറായി വന്നിരിക്കുന്നു.
ഇതാണു് സംഭവം.
മുറിയിലെ ഫാൻ കറങ്ങുന്ന തൂവെള്ള കോൺക്രീറ്റുമച്ചിനു താഴെ ഏഴാളാണിരിക്കുക.
ആറുമക്കളുളള പ്രാരാബ്ധക്കാരൻ പണിക്കർ. നല്ലവനായ മുരളീധരൻ. എപ്പോഴും എല്ലാവരേയും എല്ലാത്തിനേയും പ്രാകുന്ന തോമസ്. കവിയും വിഷാദക്കാരനുമായ രവീന്ദ്രൻ. സുന്ദരിയും ഇളക്കക്കാരിയുമായ ലളിതാദേവി. കൂടെക്കൂടെ ആസ്ത്മയുടെ ഉപദ്രവം വരുന്ന വേദാന്തി നളിനി, ഗർഭിണിയായ മാലതി.
ഇത്രയും പേരാണാളുകൾ.
ഇനി ഇവരെപ്പറ്റി കുറച്ചുകൂടി
പറഞ്ഞതുപോലെ പണിക്കർക്കു് ആറുമക്കളാണു്. മൂത്തതു് പ്രീയൂണിവേഴ്സിറ്റിക്കു പഠിക്കുന്നു. ഇളയതു് അമ്മയുടെ ഒക്കത്തു്. പണിക്കരുടെ തല പകുതി നരച്ചു. കുട്ടിയിലേ സർവ്വീസിൽ കയറി അവിടെയിരുന്നു് അവധി എടുത്താണു് കോളേജിൽ പഠിച്ചതും ബി. എ. ജയിച്ചതും.
വായിൽ നിന്നു മുറുക്കാൻ ഒഴിഞ്ഞ നേരമില്ല. തുപ്പാൻ എന്ന കാരണത്താൽ മുറിയിൽ നിന്നൊന്നു പുറത്തുകടക്കാമല്ലോ എന്നാണു് ഇങ്ങനെ സദാ മുറുക്കുന്നതെന്തിനെന്നു ചോദിച്ചാൽ പറയുക.
കൂട്ടത്തിലെ നല്ലവനായ മുരളീധരനെപ്പറ്റി അധികം പറയാനില്ല. സുന്ദരിയും ഇളക്കക്കാരിയുമായ ലളിതയോടു് അയാൾക്കു് ശകലവും എന്നല്ല നല്ലവണ്ണം തന്നെ പ്രേമമുണ്ടായിരുന്നു എന്നതാണു് അയാളുടെ സവിശേഷത.
മേലുദ്യോഗസ്ഥനോടു് എന്തോ മര്യാദകേടായി പറഞ്ഞതിനു് വടക്കുനിന്നു് സ്ഥലംമാറ്റമായി വന്നിരിക്കുന്നതാണു് തോമസ്. അയാളുടെ സ്കൂൾ ടീച്ചറായ ഭാര്യയും രണ്ടു കുട്ടികളും നാട്ടിൽത്തന്നെയാണു്. ഹോട്ടലിലെ ചോറിൽ കല്ലു കടിച്ചാലും മകനു് ജലദോഷമാണെന്നു് എഴുത്തുവന്നാലും ഭാര്യയുടെ അച്ഛൻ മരിച്ചു, നിലം കൊയ്യാൻ കാലത്തെ ബസ്സിനു് കാത്തുനിന്നു് തെറ്റി കിട്ടിയില്ലെങ്കിലും എല്ലാത്തിനും അയാൾ പഴയ മേലുദ്യോഗസ്ഥനെയാണു് ആളില്ലെന്നു് പരാതിപറഞ്ഞാലും പ്രാകുക.
വിഷാദക്കാരൻ രവീന്ദ്രനു് അമ്മാവന്റെ മകളെ പ്രേമമാണു്. അച്ഛന്റെ മരിച്ച അനിയത്തിമാരെ പറഞ്ഞയിച്ചിട്ടുവേണം വിവാഹം കഴിക്കാൻ എന്ന വിചാരമാണു് അയാളെ വിഷാദം പഠിപ്പിച്ചതു്. ഇപ്പോൾ അയാൾ നടത്തുന്ന രണ്ടു കാര്യങ്ങൾ കവിതയെഴുത്തും കാത്തിരിപ്പുമാണു്. പ്രേമഭാജനമായ അമ്മാവന്റെ മകൾക്കു് സ്ഥിരം ഉദ്യോഗം മേൽപ്പറഞ്ഞ രണ്ടാമത്തെ കാര്യവും.
ശരിക്കും സുന്ദരിയെന്നു പറയാവുന്നവളാണു് ലളിത. നല്ലനിറം, ചുരുണ്ട മുടി, ഉരുണ്ട കവിളുകൾ, രണ്ടോമന നുണക്കുഴികളും. എല്ലാവരുടേയും ചെല്ലമാണവൾ. ഒറ്റമകൾ. ഉദ്യോഗസ്ഥയായ അമ്മ, എം. എസ്സിക്കു് പഠിക്കാൻ നിർബന്ധിച്ചപ്പോൾ അവരെ തോൽപ്പിക്കാൻ ജോലിക്കു വന്നതാണു്. തല നരച്ച പണിക്കരോടും വിഷാദക്കാരൻ രവീന്ദ്രനോടും പ്രാകുന്ന തോമസ്സിനോടും എല്ലാം അവൾ കളിക്കാൻ ചെല്ലും.
അടുത്തതു് വേദാന്തി നളിനിയല്ലേ? തന്നോടു് സമ്മതം ചോദിക്കാതെ ഈ ലോകത്തേക്കു് ഇറക്കിവിടുകയും പിന്നീടു് തോന്നിയപോലെ വളർത്തുകയും പഠിക്കാൻ മിടുക്കിയായതുകൊണ്ടു് (തൊട്ടടുത്തുതന്നെ കോളേജുണ്ടാവുകയും ചെയ്തതുകൊണ്ടു്) പഠിപ്പിക്കുകയും ചെയ്ത അച്ഛനമ്മമാരോടുള്ള കടപ്പാടിന്റെ പേരിലാണു് അവൾ വേദാന്തിയായതു്. മൂന്നു് അനിയൻമാർക്കും, നാലു് അനിയത്തിമാർക്കും (അവരും സമ്മതം വാങ്ങാതെ ഇങ്ങോട്ടു കൊണ്ടു വരപ്പെട്ടവർ) ഉണ്ണാനും ഉടുക്കാനും എടുക്കാൻ തന്നെ ശമ്പളം തികയില്ല. പിന്നെയല്ലേ ബാക്കി കാര്യങ്ങൾ.
ആരുടെയും സഹായം കൂടാതെ നട്ടെല്ലുവളയ്ക്കാതെ പഠിച്ചു് ജയിച്ചു് ഉടനെ ജോലിയും കിട്ടിയപ്പോൾ വളരെയേറെ ആശകളും ആഗ്രഹങ്ങളും അവൾക്കുമുണ്ടായിരുന്നതാണു്. കുറെ നല്ല സാരിവേണം, പുസ്തകം വായിക്കണം, സിനിമകാണണം, ഉല്ലസിച്ചു നടക്കണം. പിന്നെ പ്രേമം—എല്ലാമുണ്ടായിരുന്നു തലയിൽ.
നേരെ മുകളിൽ നിൽക്കാതെ കറങ്ങുന്ന ഫാനിന്റെ കാറ്റിൽ സ്വപ്നങ്ങൾ പറന്നുപോയി. കുറെ സ്ഥലം കാലിയായി. തലയിൽ ബാക്കിയുള്ളിടത്തു് കാടുകയറാതിരിക്കാനുള്ള ശ്രമമായി പിന്നെ. ഇംഗ്ലീഷു സിനിമ കാണണമെന്നു തോന്നുമ്പോൾ അവൾ മൂന്നണയ്ക്കു കിട്ടുന്ന ആഴ്ചപ്പതിപ്പുകളിൽ വല്ലവരും കണ്ടിട്ടെഴുതിയ നിരൂപണങ്ങൾ വായിച്ചു. റൊമാൻസിനുള്ള ആവേശം അനിയൻ കോളേജ് ലൈബ്രറിയിൽ നിന്നെടുത്തുകൊണ്ടുവരുന്ന മുഷിഞ്ഞ പുറം ചട്ട കീറിത്തുടങ്ങിയ നോവലുകൾ—നോവലുകളേ ഇങ്ങനെ മുഷിയാറുള്ള, അതു വായിക്കാനല്ലേ ആളുള്ളു—വായിച്ചു തീർത്തു.
അങ്ങനെ വളർന്നു് ഇപ്പോൾ കഠോപനിഷത്തിൽ എത്തിയിരിക്കുകയാണു്. വാവടുക്കുമ്പോൾ വരുന്ന വലിവു് വേദാന്തത്തിലേക്കടുപ്പിക്കാൻ പറ്റിയ വഴിയുമാണല്ലോ.
ഒന്നരവയസ്സായ മൂത്തമകനെ വേലക്കാരിയെ ഏൽപ്പിച്ചു് വീട്ടിൽ നിർത്തി രണ്ടാമത്തവനെ വയറ്റിൽ ചുമന്നു് ആപ്പീസിൽ വരുന്ന മാലതി ഒരു പാവമാണു്. അവൾക്കിപ്പോൾ ക്ഷീണവും വയ്യായ്മയും ആയതുകൊണ്ടു് ജോലി അധികവും മറ്റുള്ളവർ ചെയ്തുകൊടുക്കുകയാണു് പതിവു്.
എല്ലാവരും ആയല്ലോ.
ഏഴു സ്വഭാവമുള്ളവരും ഏഴുമാതിരിക്കാരും ആയ ആ ഏഴാളുകൾ അങ്ങനെ പത്തിനു വന്നു കയറിയാൽ നാലിനിറങ്ങുന്നതുവരെ മുറിയ്ക്കകത്തു് ഇണങ്ങിയും പിണങ്ങിയും ഒന്നുപോലെ കഴിഞ്ഞു.
പണിക്കർ പഠിക്കാതെ നടന്നു തോറ്റ മകന്റെ കാര്യം പറയുമ്പോൾ നളിനി തെമ്മാടിയായ അനിയന്റെ വിക്രമങ്ങൾ വർണ്ണിച്ചു. തോമസ് മകളുടെ ജലദോഷം വിസ്തരിക്കുമ്പോൾ മാലതി, കുട്ടിക്കു് പല്ലുവരാനുണ്ടായ അസുഖങ്ങൾ വിവരിക്കും. വിഷാദക്കാരൻ രവീന്ദ്രൻ അധികമൊന്നും മിണ്ടാറില്ല. അയാളും മുരളീധരനും കൂടി രഹസ്യമായി ‘പ്രേമം’ സംസാരിക്കാറുണ്ടോ എന്തോ?
അങ്ങനെ എല്ലാവരും സുഖമായി വസിക്കുമ്പോഴാണു് ഇന്ത്യാഗവൺമെന്റ് ട്വീഡ് സൂട്ടിൽ പൊതിഞ്ഞ സ്ഫുട്നിക്കുപോലെ ആ ഇരുപത്താറുവയസ്സായ ഐ. എ. എസ്സുകാരനെ അങ്ങോട്ടെറിയുന്നതു്. ആകപ്പാടെ കോളിളക്കം.
ഇവിടെ മാത്രമല്ല കേട്ടോ.
ആ ചങ്കൻ കെട്ടിടത്തിലെ ഓരോ മുറിയിലും വരാന്തയിലും ഒരു ചില്ലറ ഭൂമി കുലുക്കം നടക്കുന്നു എന്ന മട്ടു്.
ഓഫീസർമാർ മാറിമാറിവരും. എന്നാലും ഇതു് ചെറുപ്പക്കാരൻ—മണി പതിനൊന്നര.
മുറിയിൽ എല്ലാം നിശ്ശബ്ദം.
ആദ്യത്തെ ഒരു ചർച്ചയ്ക്കുശേഷം എല്ലാവരും ഇരുന്നു് കാര്യമായി പണിനോക്കുന്നു. ഫയൽ നോട്ടവും എഴുത്തും തകൃതി.
സമയം പിന്നെയും കഴിഞ്ഞു. അവസാനം പണിക്കരെ വിളിക്കാൻ ആളുവന്നു.
മുകളിലത്തെ ആപ്പീസുമായുള്ള ഇടപാടുകളെല്ലാം തലമൂത്ത പണിക്കരാണു് നടത്തുക. സൂപ്രണ്ടാവാൻ നിൽക്കുകയാണു് അദ്ദേഹം.
പണിക്കർ ഫയലുകളെല്ലാം പതുക്കെ പൊക്കിയെടുത്തു് വാതിൽക്കൽ നിന്നു് എല്ലാവരേയും നോക്കി ഒരു ചിരിയും ചിരിച്ചു പോയി.
കഥകളിൽ പറയുന്നതുപോലെ മിനിറ്റുകൾ അരിച്ചു നീങ്ങി.
“ആവു വരുന്നുണ്ടു്. അരമണിക്കൂറായി പോയിട്ടു്” വാച്ചിൽ തന്നെ നോക്കിയിരിക്കുകയായിരുന്ന ലളിത പെട്ടെന്നു് പ്രഖ്യാപിച്ചു.
പണിക്കർ വന്നിരുന്നു് മുറുക്കാൻ പൊതി അഴിച്ചു.
“എങ്ങനെ ഇരിക്കുന്നെന്നു പറയണം സാറെ. കൊള്ളാമോ? കേട്ടതു ശരിയാണോ?” ലളിതയ്ക്കു ക്ഷമയറ്റു.
“ബഹുസുന്ദരൻ” പണിക്കർ വരാന്തയിലേക്കിറങ്ങി ഒന്നു നീട്ടിത്തുപ്പി.
“കുടുംബം ഇല്ല.” അദ്ദേഹം കണ്ണിറുക്കി കാണിച്ചു. “പാംലാൻഡ്സ്ലാണു് താമസം. ഇത്രയും വർത്തമാനം ഞാൻ സമ്പാദിച്ചു കൊണ്ടുവന്നു പോരേ?”
“അവിടെ ഒരു മുറിക്കു് ദിവസം എട്ടോ പത്തോ മറ്റോ കൊടുക്കണ്ടേ?” നല്ലവനായ മുരളീധരനു് അതാണാലോചന.
“കൊടുക്കട്ടെ മോനെ. ചെറുപ്പമല്ലേ കൊടുക്കട്ടെ.” തോമസ് പറഞ്ഞു. “ഒന്നു കാണാൻ എന്താണു വഴി പണിക്കരുചേട്ടാ” ലളിത ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
“നാണം കുണുങ്ങിയൊന്നുമല്ല. രണ്ടു ദിവസം കഴിട്ടെ. ഇതിലെയൊക്കെ വരും.”
“രണ്ടു ദിവസം കഴിയാനോ. ഇന്നെനിക്കുറക്കം വരില്ല കണ്ടില്ലെങ്കിൽ.”
“എന്നാൽ കുഞ്ഞു് ഇന്നൊരു ദിവസം ഉറങ്ങണ്ട.”
“കർട്ടന്റെ ഇടയിൽക്കൂടി കണ്ടാൽ മതിയെങ്കിൽ പ്ലാനുണ്ടു്. ഇറങ്ങിയൊന്നു പതുക്കെ നടന്നേക്കണം വരാന്തയിൽ കൂടി. കാര്യം പറ്റിക്കാം” തോമസ് തട്ടിവിട്ടു.
“ജനലു് തുറന്നു കിടക്കുകയാണോ പണിക്കരു ചേട്ടാ?” അതിൻമേൽ പിടിച്ചു ലളിത.
“അതെ.”
“ഓ ഞാനൊന്നു പോയിട്ടുവരട്ടെ. നളിനി വരുന്നുവോ?”
“മാലതിയുണ്ടോ?”
“എനിക്കാവരാന്തയിൽ കൂടെ വെറുതെ തെക്കുവടക്കു നടക്കാൻ വയ്യ.”
“വെറുതെ ആവണ്ട ഔട്ട് ആഡിറ്റിൽ പോയി തങ്കമ്മ എന്തുചെയ്യുന്നു എന്നു നോക്കാം.”
“വേണ്ട. ഞാനില്ല.”
“അനങ്ങാൻ കഴിയില്ല. അതുതന്നെ.”
ലളിത തനിയെ ഇറങ്ങി.
“ഇതൊക്കെ ഭയങ്കര കൃത്യവിലോപമാണു് സാറെ.” തോമസ്സ് പിന്നിൽ നിന്നു് വിളിച്ചു പറഞ്ഞു.
പത്തുപതിനഞ്ചു മിനിട്ട് കഴിഞ്ഞവൾ തിരിച്ചത്തിയപ്പോൾ മാലതിയാണു് ആദ്യം ചോദിച്ചതു്.
“കണ്ടോ?”
“കണ്ടു. തിരിച്ചുവരുമ്പോൾ എണീറ്റു് വാതുൽക്കൽ വന്നു നിൽക്കുകയായിരുന്നു. നല്ലവണ്ണം കണ്ടു.”
“എങ്ങനെയുണ്ടു്?”
“Tall, dark and handsome.” നളിനിയാണുത്തരം പറഞ്ഞതു്.
“നളിനി കണ്ടോ?” ലളിതയ്ക്കതു പിടിച്ചില്ല.
“പിന്നെ?”
“അതെന്തെങ്കിലും ആവട്ടെ പറഞ്ഞതു ശരിയല്ലേ. അതുപോലെയല്ലേ ഇരിക്കുന്നതു്?”
“ഉം നിറം കുറച്ചു കുറവാണു്. എന്നാലും നല്ല ശ്രീയുണ്ടു്. നല്ല പൊക്കവും.”
“ഞാൻ പറഞ്ഞതു പറ്റിയേ.”
“ഓ, വല്യ ആളുതന്നെ.”
അന്നത്തെ ദിവസം അതുപോലെ പിന്നെയും അഞ്ചാറു ദിവസങ്ങളും കഴിഞ്ഞു. പുതിയ ഓഫീസറെപ്പറ്റിയുള്ള ഭ്രമം കുറയുന്നില്ല. സാക്ഷാൽ മൻമഥമൻമഥനായ ഗോപീരമണൻ തന്നെ ഇറങ്ങി വന്നിരുന്നെങ്കിലും അവിടെ ഇതിലും വലിയ ഇളക്കമുണ്ടാവാനില്ല. രണ്ടാൾ ചേരുന്നിടത്തൊക്കെ സംഭാഷണവിഷയം പുതിയ ഓഫീസർ തന്നെ.
ഒരു ദിവസം കാലത്തു് അദ്ദേഹം എന്തോ ആവശ്യത്തിനു് ശിപായിയേയും പിന്നിൽ നടത്തി വരാന്തയിൽ അവരുടെ മുമ്പിൽ കൂടി കടന്നുപോയി.
“സാറേ, ദേ പോണു. സാറ് കണ്ടിട്ടില്ലല്ലോ.” തോമസ് നളിനിയെ വിളിച്ചു് കാണിച്ചു.
മാലതി ലീവിൽ ആയിരുന്നു അന്നു്. ലളിത മുറിയിൽ ഇല്ലാത്ത സമയവും.
അവൾ തിരിച്ചുവരാൻ കാത്തിരുന്നു നളിനി.
“ഞാനും കണ്ടു കേട്ടോ. മുഹമ്മദ് വന്നു മലയുടെ അടുത്തേയ്ക്കു്.”
ലളിത എത്തിയ ഉടനെ അവൾ പറഞ്ഞു.
“എങ്ങനെയുണ്ടു്?” ലളിതയ്ക്കു് ഉത്സാഹമായി തുടങ്ങി.
“Unheard melodies are sweeter”
നളിനി പറഞ്ഞു.
ലളിത ഒന്നും പിടികിട്ടാതെ പകയ്ക്കുന്നതു കണ്ടപ്പോൾ ചിരി വന്നു.
തനിയെ ചിരിക്കുന്നതുകൊണ്ടു് മുരളീധരൻ ചോദിച്ചു.
“എന്തു പറ്റി?”
“ഒന്നുമില്ല. വെറുതെ അധികപ്രസംഗം പറഞ്ഞു ചിരിക്കുകയാണു്.”
അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം പതിവില്ലാതെ പണിക്കർ അവധിയെടുത്തു. കുറേ ഫയലുകളും കൊണ്ടു് മുരളീധരൻ മുകളിലേയ്ക്കു് പുറപ്പെട്ടു.
ഒരു പ്രസാദവുമില്ലാതെയാണയാൾ മടങ്ങിവന്നതു്. “ലളിതയെ അവിടെ വിളിക്കുന്നു.”
“എന്നെയോ?” സാധാരണ ക്ലാർക്കുമാരെ അങ്ങനെ വിളിക്കാറില്ല. “അതെ. നേരത്തെ അയച്ച ഫയലിൽ എന്തോ തെറ്റു കണ്ടിട്ടാണെന്നു തോന്നുന്നു.”
ലളിത പിന്നെ ഒന്നും പറയാതെ പോയി.
അവൾ തിരിച്ചു വന്നപ്പോൾ ശകാരം കേട്ട ലക്ഷണമൊന്നുമില്ലായിരുന്നു.
“എന്താ ലളീ, ചാടിച്ചോ അങ്ങേര്?” നളിനി ചോദിച്ചു.
അവൾ ചിരിച്ചു കണ്ണടച്ചു.
അന്നു മുഴുവൻ മുരളീധരനു് വല്ലായ്മ ആയിരുന്നു. എന്താണെന്നു് നളിനി എടുത്തു ചോദിച്ചിട്ടും പറഞ്ഞില്ല.
പിറ്റേദിവസം പണിക്കര് വന്നപ്പോഴാണു് സംഗതി അറിഞ്ഞതു്. ലളിതയും മുരളീധരനും ഇല്ലാത്ത സമയം നോക്കിയാണു് പറഞ്ഞതു്. കാലത്തു് മുരളീധരൻ ഫയലും കൊണ്ടുപോയപ്പോൾ നടന്നതിതാണു്.
പുതുമോടിയല്ലേ. ഓഫീസർ സാധാരണയിലധികം ശ്രദ്ധയെടുത്തു് കടലാസ് പരിശോധിച്ചു. അഞ്ചാറു നിസ്സാര പിശകുകൾ കണ്ടുപിടിക്കുകയും ചെയ്തു.
അവസാനമാണു് ലളിതയുടെ ഫയൽ വന്നതു്. സൗന്ദര്യമുള്ളവർ പണിയെടുക്കുമോ?
ലളിതയുടെ കടലാസ്സുകൾ എന്നും ഒരിക്കൽകൂടി നോക്കിയാണു് പണിക്കർ കൊണ്ടുപോകുന്നതു്. അതു വല്ലതും മുരളീധരൻ അറിഞ്ഞുവോ? അവിടെയും ഇവിടെയും നോക്കി നെറ്റി ചുളിച്ചുകൊണ്ടു് ഓഫീസർ പറഞ്ഞു.
“ഈ ഫയൽ അയച്ച ആളെ ഇങ്ങോട്ടു വരാൻ പറയു.”
Don Quixote Chivalry യോ പ്രേമത്തിന്റെ ഉഷ്ണമോ എന്തോ ഒന്നു് മുരളീധരനെക്കൊണ്ടു പറയിച്ചു: “അതൊരു സ്ത്രീയാണു സർ.”
“എടുത്ത വാക്കിനു് ആ ദുഷ്ടൻ പറഞ്ഞതിതാണു്.”
“ആണോ? എന്നാൽ അവരോടു് ഒരു മൂടുപടമിട്ടു് ഇങ്ങോട്ടു വരാൻ പറയൂ…”
അന്നു് പണിക്കര് ഫയൽകൊണ്ടുവന്നപ്പോൾ അവിടെ വച്ചിട്ടു് പൊയ്ക്കോളാൻ പറഞ്ഞു.
അരമണിക്കൂർ ആയിക്കാണും. ലളിതയെ വിളിക്കുന്നു എന്നു പറഞ്ഞു പ്യൂൺ വന്നു.
ആർക്കും കാര്യം എന്താണെന്നു മനസ്സിലായില്ല. ലളിതയ്ക്കു മാത്രം പരിഭ്രമമൊന്നും കണ്ടില്ല.
പോയി പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞേ തിരിച്ചുവന്നുള്ളു. മുഖം നിറയെ വെളിച്ചം.
“എന്തിനാണു് വിളിച്ചതു്?” അവൾ അടുത്തുവന്നപ്പോൾ നളിനി പതുക്കെ ചോദിച്ചു.
“എന്റെ ഫയൽ അല്ലേ? തെറ്റുണ്ടായിരുന്നു.” അവൾ തിരക്കിട്ടു് കടലാസ്സ് മറിക്കാൻ തുടങ്ങി.
നളിനി പിന്നെ ഒന്നും മിണ്ടിയില്ല.
“കാപ്പി വരുത്തട്ടേന്നു ചോദിച്ചു.” കുറച്ചു കഴിഞ്ഞു ലളിത പതുക്കെ പറഞ്ഞു.
“ഓഹോ, അപ്പോൾ സൽക്കരിക്കാനാണു് വിളിച്ചതു്? conquest കഴിഞ്ഞു?”
“ഒന്നു ചുമ്മാതിരിക്കൂ നളിനീ.”
“ദേ ഇതുപോലെ രണ്ടു പ്രാവശ്യം നോക്കിയാൽ മതി. അങ്ങേരു വീണതു തന്നെ.”
“ഞാൻ ഉണ്ടല്ലോ. നിർത്തിയില്ലെങ്കിൽ—അങ്ങേർക്കു് കാപ്പികൊണ്ടു വരുന്ന സമയമായിരുന്നു അതാണു് ചോദിച്ചതു്.” നളിനി ചിരിച്ചു:
പിറ്റേ ദിവസവും പന്ത്രണ്ടു മണി ആയപ്പോൾ ലളിതയെ മുകളിലേയ്ക്കു വിളിക്കാൻ പ്യൂൺ വന്നു.
തിരിച്ചു വന്നയുടൻ നളിനി ചോദിച്ചു:
“കാപ്പി കുടിച്ചോ?”
“പിന്നെ, ഞാൻ അങ്ങേരുടെ കാപ്പി കുടിക്കുകയല്ലേ?”
“അപ്പോൾ വരുത്തിവെച്ചിരുന്നു.”
അവൾ ഒന്നും പറഞ്ഞില്ല. നുണക്കുഴികൾ ഒന്നു തെളിഞ്ഞുമാഞ്ഞു.
“ഇതു പറ്റുന്ന ലക്ഷണമാണല്ലോ” നളിനി പറഞ്ഞു.
“എന്താണു് പറ്റുന്നതു്?”
“ഒന്നും പറയണ്ട, വെച്ചോളൂ.”
“ഈ നളിനിയെക്കൊണ്ടു തോറ്റു. വെറുതെ വേണ്ടാത്തതു്—”
“വേണ്ടാത്തതു് അല്ലല്ലോ? വേണ്ടതല്ലേ ഇതു്…”
എന്നും ലളിതയെ മുകളിലേക്കു വിളിപ്പിക്കുക പതിവായി.
ഓഫീസിലെ പ്യൂൺ കാലത്തേ വരുന്നതു് കണ്ടാൽ മുരളീധരന്റെ മുഖം കറുത്തു. പിന്നെ അന്നു മുഴുവൻ ദേഷ്യമാണു്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ കഴിയും മറുപടി.
ലളിതയുടെ നുണക്കുഴി നീങ്ങിയ നേരമില്ല. അവിടത്തെ വെളിച്ചത്തിന്റെ തോതനുസരിച്ചു് മുരളീധരന്റെ മുഖത്തിരുട്ടും.
ഒരു ദിവസം പതിവുപോലെ ലളിതയെ വിളിച്ചുകൊണ്ടു് പോയിരിക്കുകയായിരുന്നു.
മുരളീധരൻ താടിക്കു കൈയും കൊടുത്തു് കീഴ്പ്പോട്ടു് നോക്കിയിരിക്കുന്നു.
തോമസ്സ് പതുക്കെ പാട്ടു മൂളാൻ തുടങ്ങി. രവീന്ദ്രൻ വേണ്ടെന്നു് ആംഗ്യം കാണിച്ചു. തോമസ്സ് കൂട്ടാക്കിയില്ല. പാട്ടു് ഉറക്കെ ഉറക്കെയായി.
“നിസ്സാരമായൊരു പെണ്ണുമൂലം—”
“Shut up, you fool.” മുരളീധരൻ ചാടിയെഴുന്നേറ്റു.
തോമസും എഴുന്നേറ്റു. രണ്ടുപേരും ഒരരനിമിഷം അങ്ങോട്ടും ഇങ്ങോട്ടും നോക്കിനിന്നു.
“തോമസ് ” പണിക്കർ എഴുന്നേറ്റു് തോമസിന്റെ തോളത്തു കൈവച്ചു. തോമസ്സ് ഒരക്ഷരവും മിണ്ടിയില്ല.
മുരളീധരൻ തിരിഞ്ഞു് പുറത്തേയ്ക്കു് ഇറങ്ങിപ്പോയി.
“അവൻ പാവമാണു് തോമസേ” കുറച്ചു നേരം കഴിഞ്ഞു പണിക്കർ പറഞ്ഞു.
“എടാ അപ്പനെ ഇയാൾക്കിത്ര കലശലാണു് സുഖക്കേടെന്നു് ആരറിഞ്ഞു.”
“ഇതൊന്നു നിർത്തണമല്ലോ എങ്ങനെയങ്കിലും.” കുറച്ചുനേരം ആലോചിച്ചിരുന്നു് പണിക്കർ തുടങ്ങി.
“ആ പെൺകൊച്ചു് അതിനു് ഇഷ്ടമുള്ളതു് കാട്ടും. അതിനിയാള് മുഖം വീർപ്പിച്ചാൽ പറ്റുമോ?” തോമസ്സ് എതിർ പങ്കാണു്.
“ലളിതസ്സാറിനോടു് ആരെങ്കിലും ഇതൊന്നു് പറയണമെന്നാണു് എന്റെ അഭിപ്രായം.” ഒരിക്കലും മിണ്ടാത്ത രവീന്ദ്രൻ തലപൊക്കാതെ പറഞ്ഞു.
“Bravo തുല്യദുഃഖിതന്റെ അഭിപ്രായം ശ്രദ്ധേയമാണു്.” തോമസ് വിടുന്ന മട്ടല്ല.
“തോമസേ, ചുമ്മാതിരി. നളിനിയോ മാലതിയോ ഇതൊന്നു സൂചിപ്പിച്ചുകൊടുത്താൽ മതി ലളിതയോടു്.”
പണിക്കർ സംഗതി കാര്യമായെടുത്തു.
“എന്നെക്കൊണ്ടാവില്ല.” മാലതിക്കു് സംശമേയില്ല.
“അതെന്താ സാറെ, നാക്കുകൊണ്ടല്ലേ സംസാരിക്കുന്നതു്.
ക്ഷീണമൊന്നും വരാനില്ലല്ലോ” തോമസ്.
“ഞാൻ പറഞ്ഞാൽ ലളിത കേൾക്കില്ല.”
“എന്നാൽ നളിനിസാറ് പറഞ്ഞാട്ടേ.”
“ശ്ശൂ—” ലളിത നടന്നു വരുന്നതു കണ്ടുകൊണ്ടു് നളിനി പറഞ്ഞു.
വർത്തമാനം പെട്ടെന്നു നിന്നു.
പിറ്റേ ദിവസം കക്ഷികൾ രണ്ടുപേരും മുറിയിൽ ഇല്ലാത്ത സമയത്തു് ബാക്കിയുള്ളവർ അടിയന്തിര യോഗം ചേർന്നു. ലളിതയെ കാര്യങ്ങളുടെ കിടപ്പു് പറഞ്ഞു മനസ്സിലാക്കുന്ന ചാർജ്ജ് നളിനിയെ ഏൽപ്പിച്ചു.
ഉച്ചയ്ക്കു് Interval-നു് ഭക്ഷണം കഴിഞ്ഞ ഉടൻ ഓരോരുത്തർ ഓരോ വഴിക്കു ‘മാഞ്ഞു’
നേരത്തെ പറഞ്ഞൊപ്പിച്ചിരുന്നതുപോലെ രവീന്ദ്രൻ മുരളീധരനെ സ്വന്തം കവിത വായിച്ചു കേൾപ്പിക്കാൻ കൊണ്ടുപോയി. പണിക്കര് മുറുക്കാൻ വാങ്ങാൻ ഇറങ്ങി. തോമസ് ചക്കാത്തിനു് സിഗരറ്റ് കിട്ടുമോ എന്നു നോക്കാൻ. കിടക്കണമെന്നു പറഞ്ഞു് മാലതി വെയിറ്റിങ്ങ് റൂമിൽത്തന്നെ കൂടി. ഇങ്ങോട്ടു വന്നതേയില്ല ഉണ്ടിട്ടു്. പശ്ചാത്തലമെല്ലാം ഒരുങ്ങി.
നളിനി തൊണ്ടയനക്കി ചുമച്ചു, ഒച്ച വരുന്നില്ല.
ലളിത ഈ സന്നാഹമെല്ലാം കണ്ടു് പാവത്തിനെപ്പോലെ ചുമ്മാ ഇരിക്കുകയാണു്. നളിനിക്കവളെ രണ്ടു കൊടുക്കാൻ തോന്നി.
“ലളീ,” അവസാനം രണ്ടും കൽപ്പിച്ചു തുടങ്ങി. “എനിക്കു് ലളിയോടു് കുറച്ചു് കാര്യമായി പറയാനുണ്ടു്.”
“ഓ.”
“ആദ്യം തന്നെ ഒരു ചോദ്യം ചോദിക്കട്ടെ?”
“എന്തു ചോദ്യമാണു്?”
“നമ്മുടെ ഓഫീസർക്കു് ലളിതയോടു് പ്രേമമാണോ?”
“അതെനിക്കെങ്ങനെ അറിയാം.”
“ലളിക്കങ്ങോട്ടുണ്ടോ?”
അവൾ ചിരിച്ചു.
“ഈ കാലത്തേയുളള സന്ദർശനവും കാപ്പികുടിയും മോശമാണെന്നു മനസ്സിലായിട്ടുണ്ടോ?”
“ഒറ്റ ദിവസം കാപ്പികുടിച്ചിട്ടില്ല.”
“എന്നാലും ഈ കാണാൻ പോക്കു്—”
“പിന്നെ ഓഫീസർ വിളിച്ചാൽ എനിക്കു വരാൻ കഴിയില്ലെന്നു് ഞാൻ പറയണോ?”
“അതുവേണ്ട. അങ്ങേരെക്കൊണ്ടു് വിളിപ്പിക്കാതെ ഇരുന്നാൽ മതി.”
“അതിനു ഞാനെന്തു ചെയ്യണം? എന്നെ വിളിക്കരുതെന്നു് പറയണമോ?”
“ഈ നുണക്കുഴിയിങ്ങനെ കാട്ടാതിരുന്നാൽ മതി.”
“അവൾ ഒന്നുകൂടി വെളുക്കെ ചിരിച്ചു.”
“ആ മുരളീധരനെ ഭ്രാന്തുപിടിപ്പിക്കാൻ നോക്കുകയാണോ ലളിത?”
“ഞാനാരേയും ഭ്രാന്തു പിടിപ്പിച്ചില്ല. ആരെങ്കിലും ചെന്നു് പറയുമെങ്കിൽ എന്നെ വിളിപ്പിക്കരുതെന്നു്”
“ലളിതാദേവി, ഈ കളി കൊള്ളില്ല.”
അവൾ പിന്നെയും ചിരിച്ചു.
“കൈയിലെ കാക്കയാണു് കാട്ടിലെ കുയിലിനെക്കാൾ നല്ലതു്.”
അവൾ അപ്പോഴും ചിരിച്ചു.
“ഞാൻ കളി പറയുകയല്ല.”
“അല്ല” ലളിതയും സമ്മതിച്ചു.
“ലളി നമ്മുടെ ഓഫീസറെ കല്ല്യാണം കഴിക്കാമെന്നു് നിശ്ചയിച്ചിട്ടുണ്ടോ? വ്യംഗ്യം കൊണ്ടൊന്നും രക്ഷയില്ല.
അവൾക്കതേ ചിരി.
“മുരളീധരനെ കല്ല്യാണം കഴിക്കാമെന്നുണ്ടോ?”
അപ്പോഴും ചിരി.
“ആരെയാണു് തത്രഭവതി കല്ല്യാണം കഴിക്കാൻ പോകുന്നതു്?”
“അമ്മയുടെ കോളേജിൽ ഒരു ലക്ചററെ ആണു്.”
“ദൈവത്തിനു സ്തുതി. നേരാണോ?”
“അപ്പോൾ ഓഫീസർ അല്ല?”
“അല്ല.”
“മുരളീധരനല്ല?”
“അല്ല.”
“ഭയങ്കരീ.”
ഇന്റർവൽ സമയം കഴിയാറായി ഓരോരുത്തരായി തിരിച്ചെത്തി. മുരളീധരനൊഴികെ ബാക്കി എല്ലാവരുമായി. അയാൾ ഈയിടെ കൃത്യസമയത്തിനേ എത്തൂ.
“സുഹൃത്തുക്കളെ”, നളിനി എഴുന്നേറ്റു നിന്നു പറഞ്ഞു. “എനിക്കു് നിങ്ങളെ ഒരു സുപ്രധാന കാര്യം അറിയിക്കാനുണ്ടു്. നമ്മുടെ ലളിതാ ദേവി കല്യാണം കഴിക്കാൻ പോകുന്നു.”
“പയ്യൻ കുടുങ്ങിപ്പോയോ?” തോമസ്സ് ഇടയ്ക്കുകയറി പറഞ്ഞു.
“മി. തോമസ് ഞാൻ പറഞ്ഞുകൊണ്ടു വന്നതു് മുഴുവനാക്കട്ടെ. ലളിതാ ദേവി കല്ല്യാണം കഴിക്കാൻ പോവുകയാണു്. അവളുടെ അമ്മയുടെ കോളേജിലെ ഒരു ലക്ചററെ” അവൾ ഇരുന്നു.
“ഹുറൈ. ത്രീചിയേഴ്സ് ഫോർ ലളിതാദേവി”
തോമസ് ചാടി എഴുന്നേറ്റു.
മുരളീധരൻ കീഴ്പോട്ടു നോക്കി നടന്നുകൊണ്ടു് വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു.
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.