മാനേജരുടെ മുറിയ്ക്കകത്തു് കയറിയപ്പോൾ അവിടെ അദ്ദേഹം മാത്രമേ കാണൂ എന്നാണു് വിചാരിച്ചതു്.
മേശയുടെ രണ്ടരികിലുമായി മുഖത്തോടുമുഖം നോക്കി വേറെ രണ്ടുപേർ കൂടി ഉണ്ടു്.
“ഇരിക്കൂ.”
അവൾ നേരെ എതിരെയുള്ള കസേരയിൽ ഇരുന്നു.
“നിങ്ങളുടെ എഴുത്തു് കിട്ടിയ ഉടനെ വരാൻ ഒരുങ്ങിയതാണു്. പക്ഷേ, ഇന്നലെ തരപ്പെട്ടില്ല.”
“ആ ബില്ല് പേ ചെയ്ത കാര്യം അല്ലേ? അതു് ഇവിടെ വന്നതായി വരവു വെച്ചിട്ടില്ല. ഞങ്ങൾ ഇവിടെ മുഴുവൻ തിരക്കി.”
“പിന്നെ ആ രൂപയ്ക്കു് എന്തു സംഭവിച്ചു? മൂന്നു മാസം ആവാറായി തന്നിട്ടു്.”
“രൂപാ കേഷ് ആയിട്ടു് കൊടുത്തയ്ക്കുകയാണോ ചെയ്തതു്? തൽക്കാല രശീതിപോലെ വല്ലതും കിട്ടിയിട്ടുണ്ടോ?”
“ചെക്ക് കൊടുത്തയയ്ക്കുകയാണു് ചെയ്തതു്. രശീതി ഒന്നും ഇല്ല.”
“ചെക്കാണോ? പിന്നെ വിഷമമില്ല. കണ്ടുപിടിയ്ക്കാം. ഇവിടെ എന്റർ ചെയ്യാൻ വിട്ടുപോയതായിരിക്കും. അന്വേഷിക്കാം. ചെക്കിന്റെ നമ്പറും തീയതിയും കിട്ടിയാൽ മതി. യാതൊരു കുഴപ്പവുമില്ല.”
“ഈ ചെക്ക്-”
“യാതൊന്നും വിഷമിക്കാനില്ല. കേഷ് ചെയ്ത ഡേറ്റ് ബാങ്കിൽ നിന്നു് കണ്ടുപിടിക്കാം. കമ്പനിയുടെ പേരിൽ അല്ലേ ചെക്ക് എഴുതിയിരിക്കുന്നതു്?’
“അല്ല, അതല്ലേ-”
“പിന്നെ ആർക്കാണു് എഴുതിയതു്?”
“കേഷ് ചെക്ക് ആണു് കൊടുത്തതു്. Pay Cash എന്നു് എഴുതി.”
“ഓ-”
“കേഷ് ചെക്ക് ആയാൽ ഇൻകം ടാക്സ് വരുമ്പോൾ കൂട്ടാതെ കഴിക്കാം. അതു് ഒരു ഉപകാരമാണു് എന്നു് അവിടത്തെ ആൾ പറഞ്ഞു.”
“അങ്ങനെ പറഞ്ഞോ? അതു പറയാൻ വഴിയില്ലല്ലോ.”
“ഉവ്വു് ഇതിനുമുമ്പും ഒരിയ്ക്കൽ അങ്ങിനെ കൊടുത്തിട്ടുണ്ടു്. ഉടനെ രശീതിയും കിട്ടിയിട്ടുണ്ടു്.”
“ചെക്കിന്റെ നമ്പറും തീയതിയും ഓർമ്മയുണ്ടോ?”
“തീയതി ഓർമ്മയില്ല. കടക്കുറ്റിയിൽ അതു് ഇട്ടിട്ടില്ല. മറന്നുപോയിക്കാണണം. ചെക്കിന്റെ നമ്പർ-”
അവൾ ബാഗിൽ നിന്നു് ഡയറി എടുത്തു് തുറന്നു. “34851”
“എത്ര രൂപാ ആണെന്നാണു് പറഞ്ഞതു്?” വടക്കുവശത്തിരുന്ന തടിച്ച ആൾ ചോദിച്ചു.
“തൊള്ളായിരിത്തി എൺപത്തി രണ്ടു്.’
“ഓ ആയിരത്തിന്റെ അടുത്തുണ്ടല്ലോ”
“ഉവ്വു്. രണ്ടുമൂന്നു തവണയായിട്ടു് എടുത്ത സാധനങ്ങളുടെയാണു്. എല്ലാ ബില്ലുകളും കൂടെ ഒന്നിച്ചു് അങ്ങു് കൊടുക്കുകയാണു് ചെയ്തതു്.”
“ഈ ചെക്ക് ഏകദേശം എന്നാണു് കൊടുത്തതു് എന്നും ഓർമ്മയില്ലേ?”
അയാളുടെ സ്വരത്തിൽ പുച്ഛരസം ഉണ്ടായിരുന്നോ? പെണ്ണുങ്ങൾ കാര്യം നടത്താൻ തുടങ്ങിയാൽ ഇങ്ങനെ ഇരിയ്ക്കും എന്ന ഒരു ധ്വനി. മൂന്നു് എണ്ണത്തിന്റേയും കൂടി മട്ടും ഇരിപ്പും—അവൾ ചുണ്ടു കടിച്ചു പിടിച്ചു് ഒരു നിമിഷം മിണ്ടാതിരുന്നു. ഇല്ല ശുണ്ഠിവന്നാൽ രക്ഷയില്ല. തെറ്റു് എന്റെ പേരിൽ ആണു്.
“ഞാൻ ഈ ചെക്ക് കൊടുത്തതു് വീട്ടിൽ വെച്ചാണു്. അന്നു് പിന്നെ ഡിസ്പെൻസറിയിൽ പോയില്ല. മൂന്നു നാലു ദിവസം കഴിഞ്ഞാണു് ഓർമ്മിച്ചു് പുസ്തകത്തിൽ ചിലവു് ചേർത്തതു്, അന്നത്തെ തീയതിയും വെച്ചു് ബുക്കിൽ എഴുതിയ തീയതി പറയാം.” അവൾ ഡയറി വീണ്ടും പുറത്തേയ്ക്കെടുത്തു.
“ഏപ്രിൽ 17-ാംനു”
“ഈ കേഷ് ചെക്ക് മതി എന്നു പറഞ്ഞതു് ആരാണു്?”
“മിസ്റ്റർ ഗോപിനാഥൻനായർ. നിങ്ങളെ റെപ്രസന്റ് ചെയ്തു് അവിടെ വന്നിട്ടുള്ളതെല്ലാം അദ്ദേഹം ആണു്.”
ഗോപിനാഥൻനായർ—അയാൾ കാരണമാണു് തനിയ്ക്കു് ഇങ്ങനെ ഒരു മണ്ടത്തരം പറ്റിയതു്.
അയാളുടെ വെളുത്ത നിറവും നീളൻ മുടിയും.
“ഗോപിനാഥൻ നായർ? നായർ ടൂറിൽ ആണു്. ആകപ്പാടെ മുഴുവൻ വിഘ്നമാണല്ലോ.” തടിയൻ മനുഷ്യൻ ചിരിയ്ക്കുകയാണോ?
“എന്തു വിഘ്നം ആയാലും വേണ്ടില്ല. I won’t stop till I get at the bottom of this. മനപ്പൂർവ്വം പറ്റിയ്ക്കുക എന്നുവെച്ചാൽ-”
“ഷുവർ ഞങ്ങൾക്കും അതുതന്നെ ആഗ്രഹം. ഇതിനൊരു തുമ്പുണ്ടാക്കിയേ മതിയാകു. ഞങ്ങൾ അൺഹെൽപ്പ്ഫുൾ ആണു് എന്നു വിചാരിയ്ക്കരുതു്. നമ്മൾക്കു് സിസ്റ്റമേറ്റിക് ആയിട്ടു് പ്രൊസീഡ് ചെയ്യാം. ഡോക്ടർ ക്ഷോഭിക്കരുതു്. ഞങ്ങൾ-”
“ക്ഷോഭം ഒന്നും ഇല്ല.”
ഇയാളാണു് തടിയനേക്കാൾ സഹിയ്ക്കാൻ വയ്യാത്തതു്. കൊച്ചുകുട്ടികളോടു് സംസാരിയ്ക്കുന്നതുപോലെ.
“ചെക്കുമേടിച്ചു് കൊണ്ടുപോയതു് നായർ ആണോ?” ഒരു പെൻസിലും തിരുപ്പിടിച്ചു് അതിൽതന്നെ നോക്കി മിണ്ടാതെ ഇരുന്നിരുന്ന കഷണ്ടിക്കാരൻ പെട്ടെന്നു് ചോദിച്ചു.
“അല്ല. അതൊരു പ്യൂൺ ആയിരുന്നു.”
കഷണ്ടിക്കാരന്റെ നോട്ടം പിന്നേയും പെൻസിലിൽ ആയി.
“മി. നായരുടെ കുറിപ്പും കൊണ്ടു വന്നു. പ്യൂണിന്റെ കൈയിൽ കൊടുത്തയയ്ക്കാൻ എഴുതിയിരുന്നു.”
“ആ കുറിപ്പു് സൂക്ഷിച്ചിട്ടുണ്ടോ?”
“ഉണ്ടായിരുന്നു. ഇപ്പോൾ കാണാനില്ല.”
ഇത്തവണ തടിയൻ ശരിയ്ക്കും ചിരിച്ചു.
“ആ പ്യൂണിനെ എനിയ്ക്കു കണ്ടാൽ അറിയാം.”
“ശിപായിമാർക്കു് ഷിഫ്റ്റ് ഉണ്ടു്. എല്ലാവരും ഇവിടെ ഇപ്പോൾ ഇല്ല. ഞങ്ങൾ അന്വേഷിയ്ക്കാം.”
ഷിഫ്റ്റേ, ഷിഫ്റ്റ്
“അപ്പോൾ നിങ്ങൾ—ഞാൻ വേറെ വഴിനോക്കിക്കോളാം.” അവൾ എഴുന്നേറ്റു.
“ഡോക്ടർ മുഷിഞ്ഞുപോവുകയാണോ? തെറ്റിദ്ധരിക്കരുതു്. ഞങ്ങൾ രണ്ടു ദിവസത്തിനകം അന്വേഷിച്ചു് വിവരം അറിയിയ്ക്കാം.”
“ശരി. താങ്ക്സ് ഞാൻ ഇറങ്ങട്ടെ.”
ആ മാനേജർ ഒപ്പം പടിവരെ വന്നു.
അയാൾ കൂടെ വരാഞ്ഞിട്ടായിരുന്നു! കാണിച്ചുക്കൊടുക്കാം! അച്ഛന്റെ മോളാണെന്നു് കാട്ടിക്കൊടുത്തേയ്ക്കാം.
ദ്രോഹികൾ
അവരുടെ ഒരു ഭാവം.
കാറിനകത്തിരുന്നു് കുറെ കാറ്റുകൊണ്ടു കഴിഞ്ഞപ്പോൾ തല തണുത്തു. അവരേയും കുറ്റം പറഞ്ഞിട്ടു് കാര്യമില്ല. യാതൊരു ബോധവും ഇല്ലാതെ വെറും പെണ്ണുങ്ങളെപ്പോലെ കാണിച്ചാൽ പിന്നെ—സംഗതി മുഴുവൻ അറിഞ്ഞപ്പോഴാണു് അവർക്കും കളി തുടങ്ങിയതു്. അതുവരെ ഗൗരവമായിരുന്നു.
മണ്ടത്തരം കാണിച്ചിട്ടുതന്നെ.
ആ ഗോപിനാഥൻനായർ
അത്രയും വേണം തനിക്കു്.
ഒരാള് വന്നു് ഒന്നു ചിരിച്ചു് ഏതാണ്ടൊക്കെ പറഞ്ഞപ്പോൾ എല്ലാം അങ്ങു് സമ്മതിച്ചു.
പണ്ടേ ഉള്ള ആ തോമസ്സിനോടോ മിസ്സ് കുരിയനോടോ ഒന്നു ചോദിയ്ക്കാമായിരുന്നില്ലേ. അതു് തോന്നിയില്ല.
അച്ഛൻ എല്ലാം നോക്കിക്കൊണ്ടിരുന്നപ്പോൾ മുതൽക്കേ എത്രയോ കൊല്ലമായി ഈ കമ്പനിയിൽ നിന്നു് മരുന്നുകൾ വരുത്തുന്നതാണു്. എങ്ങനെയാണു് ചെക്ക് കൊടുത്തിരുന്നതു് എന്നു് അന്വേഷിക്കാതെ
അച്ഛൻ കിടപ്പാകുന്നതുവരെ ഞാൻ രോഗികളുടെ കാര്യമല്ലാതെ ബാക്കിയൊക്കെ എങ്ങനെ നടക്കുന്നു എന്നു് ഒരിയ്ക്കലും നോക്കിയിട്ടില്ലല്ലോ. അതാണു് അബദ്ധം പറ്റിയതു്. എന്നാലും ചുമ്മാ ഇങ്ങനെ കേഷ് ചെക്ക് എഴുതിക്കൊടുക്കരുതെന്നു് അറിയാഞ്ഞിട്ടാണോ?
വിഡ്ഢി
പുറത്തു പറയാൻ കൊള്ളില്ല.
ഇത്രയൊക്കെ ആയിട്ടു് ഒരു ചെക്ക് എഴുതാൻ അറിഞ്ഞുകൂടാ എന്നു്. അറിഞ്ഞുകൂടാഞ്ഞിട്ടാണോ?
ഗോപിനാഥൻ നായർ
ആ കൺസൾട്ടിങ്ങ് റൂമിനു് അകത്തേയ്ക്കു് ഫയൽ കേസും കൊണ്ടു് കടന്നുവരുമ്പോൾ കൂടെ ഇളം വെയിലിന്റെ പ്രകാശവും കടന്നു വരുന്നതായിട്ടാണു് തോന്നിയിട്ടുള്ളതു്.
അകത്തെ മുറിയിൽ നിന്നു് വരുന്ന കാർബോളിക് സോപ്പിന്റെയും ലോഷന്റെയും കടുത്ത ഗന്ധം. ചുമരിൽ പാർക്ക് ഡേവീസ്കാർ അയയ്ക്കുന്ന പടം.
ആദ്യശസ്ത്രക്രിയയുടെ പ്രാകൃതതയുടെ ആ പടത്തിനു് സൗന്ദര്യമുള്ളതായി തോന്നിയിട്ടില്ല.
ഒരു ഡോക്ടറുടെ പരിശോധനാ മുറിയിൽ സൗന്ദര്യത്തിനു് ഇടംഇല്ലല്ലോ.
മേശപ്പുറത്തെ ചില്ലിനു് ചുവട്ടിലും ഓരോ കമ്പനിക്കാർ അയക്കുന്ന പടങ്ങൾ.
അതൊക്കെ എന്തിനു വെക്കുന്നു എന്നു് അന്വേഷിച്ചിട്ടില്ല. അച്ഛൻ വെച്ചിരുന്നു, താനും വെക്കുന്നു.
അയാൾ ആ വെളുത്ത ചിരിയുമായി വല്ലപ്പോഴും ഒരിയ്ക്കൽ കയറി വരുമ്പോൾ
അനീമിയകൊണ്ടു് വിളറി മഞ്ഞച്ച ഗർഭിണികൾ—തന്നെകണ്ടാൽ കരയാൻ തുടങ്ങുന്ന കുട്ടികൾ (ഓ ഇത്ര വളരെ കരയുന്ന കുട്ടികൾ ഉണ്ടോ ഭൂമിയിൽ?)
ഹിസ്റ്റീരിയക്കാർ പെൺപിള്ളേർ—എനിക്കു് വയ്യ, ഡോക്ടർ, വായിക്കാൻ വയ്യ. പുസ്തകം നോക്കാൻ വയ്യ, ഉടൻ തലവേദനയാണു്.
പ്രസവക്കാരും ഇവരും അല്ലാതെ ഒരു ഗൗരവമുള്ള കേസ് വരില്ല. അതൊക്കെ ആണുങ്ങളുടെ അടുത്തുപോകും.
പുറം വേദന. തലവേദന. സർവ്വത്ര വേദന. പരാതികൾ
-എനിയ്ക്കു് വയ്യ ഡോക്ടർ എനിയ്ക്കു് വയ്യ. പരാതികൾ മാത്രം.
സംസ്കാരത്തിന്റെ ലക്ഷണങ്ങളിൽ ഒന്നായി കരുതപ്പെടുന്ന സ്വയം നിയന്ത്രണത്തിന്റെ ഉടുപ്പു് സങ്കോചം കൂടാതെ ഊരാവുന്ന ഇടമല്ലേ ഡോക്ടറുടെ കൺസൾട്ടിങ്ങ് മുറി? വേദനയുടേയും പരാതികളുടേയും ആ ലോകത്തിലേയ്ക്കു് വേദനയും പരാതികളും കൂടാതെ അയാൾ പുഞ്ചിരിച്ചുകൊണ്ടു് കടന്നു വരുമ്പോൾ
ചുളി വീഴാത്ത പാന്റും ഷർട്ടും അതിനു് സുന്ദരമായി ചേരുന്ന ടൈയും അയാൾക്കു് എന്തു് രസമായി സംസാരിയ്ക്കാൻ അറിയാം. എത്ര മടുത്തു് ഇരിയ്ക്കുകയാണെങ്കിലും അയാൾ വന്നാൽ ഒരു ഉണർവ്വു് ആണു്.
അയാളെ കാണുമ്പോഴാണു് ഒന്നു് ചിരിയ്ക്കുന്നതു്. എന്നിട്ടു് ആ മനുഷ്യൻ.
മനഃപൂർവ്വം പറഞ്ഞു് പറ്റിച്ചു്
തന്റെ ദൗർബല്യം മനസ്സിലാക്കി
ആദ്യത്തെ തവണ ശരിയ്ക്കു് രശീതി കൊടുത്തയച്ചു. അതു് കൊച്ചു തുകയായിരുന്നു. ശരിയ്ക്കും വലിയ തുക വന്നപ്പോൾ
സ്റ്റേറ്റ് ബാങ്കിന്റെ മുമ്പിൽ എത്തിയപ്പോൾ അവൾ കാർ നിർത്തിച്ചു് ഇറങ്ങി. ഏജന്റിന്റെ മുറിയിൽ ഒരു പത്തിരുപതു് മിനിറ്റ് ഇരിക്കേണ്ടി വന്നു. അപ്പോഴേയ്ക്കും അവർ പഴയ കണക്കൊക്കെ നോക്കി കണ്ടുപിടിച്ചുകൊണ്ടു വന്നു. മൂന്നു് മാസത്തിനു മുമ്പു് ഏപ്രിൽ 11-ാം തീയതി ആ ചെക്ക് മാറ്റിയതു് ഒരു റാഫേൽ ആണു്.
വീട്ടിൽ എത്തിയ ഉടൻ അവൾ കമ്പനിയിലേയ്ക്കു് ഈ വിവരം കുറിച്ചു് കൊടുത്തയച്ചു. പോയ ആൾ ഒരു മണിയ്ക്കൂറിനുള്ളിൽ മറുപടിയും കൊണ്ടുവന്നു.
അവിടെ റാഫേൽ എന്നു് ഒരു പ്യൂൺ ഇല്ല. ഒരാഴ്ചക്കകം നായർ മടങ്ങി വരും. അപ്പോൾ അന്വേഷിക്കാം. അതിനിടയ്ക്കു് അവൾ കമ്പനിയ്ക്കു് ഫോർമൽ ആയിട്ടു് ഒരു കംപ്ലെയിന്റ് എഴുതട്ടെ.
അയാൾ വരുന്നതുവരെ കാക്കുകയല്ലാതെ നിവൃത്തിയില്ല. കാത്തിട്ടും പ്രയോജനം ഉണ്ടോ? അയാൾ ഏൽക്കുമോ?
ഏതായാലും നല്ലപോലെ ശ്രദ്ധിച്ചു് തീയതിയും നമ്പറും ഒക്കെ വെച്ചു് ശരിയ്ക്കൊരു പരാതി എഴുതിക്കൊടുത്തു.
ഒരാഴ്ച കഴിഞ്ഞേ അവിടെ നിന്നു് എന്തെങ്കിലും അനക്കം പ്രതീക്ഷിക്കേണ്ടു എന്നു് ഉറപ്പിച്ചു് ഇരിയ്ക്കുമ്പോൾ ആണു് കമ്പനിയിൽ നിന്ന എഴുത്തും കൊണ്ടു് ഒരു ശിപായി വന്നതു്.
-ഇയാളാണോ ചെക്ക് മേടിച്ചു് കൊണ്ടുപോയ ശിപായി എന്നു ഓർക്കാമോ? ഇത്രയും മാത്രം ആയിരുന്നു എഴുത്തിൽ.
ഇതു തന്നെ ആൾ. ആലോചിച്ചു് ആലോചിച്ചു് അവൾ മുഖം ഓർമ്മയിൽ കൊണ്ടു വന്നിരുന്നു.
അയാളുടെ പേർ രാഘവൻ എന്നാണു്.
ബാങ്കുകാർ തെറ്റിപ്പറഞ്ഞതായിരിക്കും അപ്പോൾ.
കമ്പനിയിൽ അവർക്കു വേറെ എന്തെങ്കിലും തുമ്പു് കിട്ടിയിട്ടുണ്ടായിരിക്കും. ആളെ കണ്ടുപിടിച്ചല്ലോ. ഇനി ഗൗരവമായി എടുക്കുമായിരിയ്ക്കും.
അഞ്ചെട്ടു ദിവസം പിന്നെയും കഴിഞ്ഞു. അവിടെ നിന്നു് വിവരം യാതൊന്നും ഇല്ല. അവരുടെ അന്വേഷണം ഒക്കെ തീർന്നോ? ഒന്നുകൂടി എഴുതി ഓർമമിപ്പിച്ചെങ്കിലോ?
വ്യാഴാഴ്ച ഉച്ചക്കു് രോഗികളുടെ തിരക്കൊഴിഞ്ഞു. പോകാൻ എണീറ്റപ്പോൾ ഒരാൾ കാണാൻ വന്നു നിൽക്കുന്നു എന്നു് തോമസ് വന്നു പറഞ്ഞു.
ഈ നട്ടുച്ചയ്ക്കേ കണ്ടുള്ളു വരാൻ സമയം? തനിയ്ക്കുമുണ്ടു് ഒരു വീടു് എന്നു് ഓർമ്മയ്ക്കാത്തതെന്തു് ഇവർ? എട്ടുമണിയ്ക്കു് മുമ്പു് ഇറങ്ങിയതാണു്.
ആൾ വന്നു് കയറിയപ്പോൾ ഒരു മിനിറ്റ് നേരത്തേയ്ക്കു് പിടികിട്ടിയില്ല. പിന്നെ ഓർമ്മ വന്നു. അന്നു് ആ കമ്പനിമാനേജരുടെ മുറിയിൽ പോയപ്പോൾ പെൻസിലിൽ നോക്കിക്കൊണ്ടിരുന്ന കഷണ്ടിക്കാരൻ
“ഡോക്ടർക്കു് എന്നെ ഓർമ്മയുണ്ടോ എന്നു് അറിയില്ല.” കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാൾ ചോദിച്ചു.
“ഉവ്വു്.”
അയാൾ പിന്നെയും കുറച്ചു സമയം മിണ്ടാതിരുന്നു.
അന്നത്തെ കേസിനെപ്പറ്റി സംസാരിയ്ക്കാനാണു് ഞാൻ വന്നതു്.
“ആ എന്തായി?”
“നായർ ടൂർ കഴിഞ്ഞു് മടങ്ങി എത്തി.”
“എത്തിയോ?”
“ഉവ്വു്. മിനിഞ്ഞാന്നു് വന്നു.”
“ഓ.”
“ആ രൂപയുടെ കാര്യം ചോദിച്ചു.”
“എന്നിട്ടെന്തു പറഞ്ഞു?”
“മേടിച്ചതായി അയാൾ സമ്മതിച്ചു. അത്യാവശ്യം വന്നപ്പോൾ മറിച്ചു പോയതാണു്. അല്ലാതെ പറ്റിയ്ക്കണം എന്ന ഉദ്ദേശമേ ഉണ്ടായിരുന്നില്ല.”
“മൂന്നു മാസം കഴിഞ്ഞു. ഇത്രയും കാലം-”
“ഡോക്ടർ അറിയുന്നതിനു് മുൻപു് തിരിയെ വെക്കണമെന്നായിരുന്നു വിചാരിച്ചിരുന്നതു്.”
“പിന്നെ എന്താണു് വെക്കാത്തതു്?”
“ഇപ്പോൾ വെക്കാൻ തയ്യാറാണു്. ഇതുവരെ തരപ്പെട്ടില്ല.”
“ഇപ്പോഴോ? എല്ലാം പുറത്തറിഞ്ഞു. ഇനി ഒളിയ്ക്കാൻ പറ്റില്ല എന്നായി അല്ലേ?”
“ചോദിച്ച ഉടൻ അയാൾ സമ്മതിച്ചല്ലോ. സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തു ചെയ്യും. അയാൾ ഡിനൈ ചെയ്തിരുന്നെങ്കിൽ ഏതു് കോടതിയിൽ പോയാലും ഡോക്ടർക്കു് ഒന്നും ചെയ്യാൻ ഒക്കില്ലായിരുന്നല്ലോ. രാഘവൻ ചെക്ക് മാറ്റി എന്നുവെച്ചിട്ടു് അതു് തെളിവൊന്നും ആവില്ല. അയാളാണു് ചെക്ക് കൊണ്ടുപോയതു് എന്നു് ഡോക്ടർ പറയുന്നു. അതിനും ഒരു ക്രോസ് എക്സാമിനേഷൻ സ്റ്റാൻഡ് ചെയ്യാവുന്ന തെളിവൊന്നുമില്ല. ഞാൻ മാറ്റിയോ എന്നു് എനിയ്ക്കു് ഓർമ്മയില്ല എന്നാണു് രാഘവൻ പറഞ്ഞതു്. ഇനി അഥവാ ഈ ചെക്ക് ഗോപിനാഥൻനായർക്കു് നിങ്ങൾ കൊടുത്തതാണു് എന്നു തെളിഞ്ഞാലും നായർക്കു് ഡോക്ടർ ആയിരം രൂപ കൊടുത്തു എന്നതിനപ്പുറം ഒന്നും ആവില്ല. കമ്പനിയുടെ റെപ്രസന്ററ്റീവ് എന്ന നിലയ്ക്കാണു് കൊടുത്തതു് എന്നുള്ളതിനു് തെളിവുണ്ടോ? കമ്പനിയ്ക്കു് വരാനുളള ആയിരം രൂപ അല്ല, ഇതു് വേറെ പണമാണു് എന്നു് നായർക്കു് പറയാം.”
“ചതി കഴിഞ്ഞിട്ടു് ഇനി കള്ളംകൂടി-”
“അല്ല, ഡോക്ടർ പറയുന്നതുപോലെ ചതിയ്ക്കലായിരുന്നു ഉദ്ദേശം എങ്കിലത്തെ കാര്യമാണു് പറയുന്നതു്”
“എന്റെ കയ്യിൽ അന്നു് കൊടുത്തയച്ച കുറിപ്പുണ്ടെന്നു് അറിയാവുന്നതു കൊണ്ടു് സമ്മതിച്ചു. അതുതന്നെ.” താൻ അതു് കളഞ്ഞു എന്നു് അയാൾക്കു് അറിയില്ലല്ലോ. ഇവർ അതു് പറഞ്ഞു കാണില്ല.
“ഓ, അതു് കിട്ടിയോ അതിൽ കമ്പനിയുടെ ബില്ലിന്റെ തുക കൊടുത്തയയ്ക്കണം എന്നു് ഉണ്ടോ?”
“അതിൽ-അതായതു്-”
“പോട്ടെ, ഇതിന്റെയൊന്നും ചോദ്യമില്ല. കമ്പനിയ്ക്കുള്ള തുകയാണു് ഡോക്ടർ കൊടുത്തതു് എന്നു് നായർ ഏറ്റുകഴിഞ്ഞു. പണം അടയ്ക്കാൻ അയാൾ ഇപ്പോൾ ഒരുക്കവുമാണു്.”
“ഇത് ഈ ആയിരം രൂപയുടെ കാര്യമല്ല. അതിങ്ങു് തിരിയെതന്നതുകൊണ്ടു് തീരുകയും ഇല്ല. മനഃപൂർവ്വം കളവു് ചെയ്തു കഴിഞ്ഞു നിൽക്കക്കള്ളിയില്ലാതെ ആയപ്പോൾ-”
“പിന്നെയും ഡോക്ടർ അതു തന്നെ പറയുകയാണു്. ഇതിൽ മനഃപൂർവ്വം ഒന്നും ഇല്ല. ഒരത്യാവശ്യത്തിനു് ഈ പണം ഒന്നങ്ങു് മറിച്ചുപോയി എന്നതിൽ കവിഞ്ഞു്-”
“എന്തു് അത്യാവശ്യമാണു്? തത്സമയത്തിനു് ഒരത്യാവശ്യം വന്നു!”
“അയാളുടെ അമ്മയ്ക്കു് കേൻസർ ആണു്.”
അവൾ ഒന്നും മിണ്ടിയില്ല.
“കുറച്ചു ദിവസംകൊണ്ടു് ചികിത്സയിൽ ആയിരുന്നു. കേൻസർ ആണു്. കോബാൾട്ട് ട്രീറ്റ്മെന്റിനു് മദിരാശിക്കു് കൊണ്ടുപോകണം എന്നു് അവരെ ഇവിടെ നോക്കിയിരുന്ന ഡോക്ടർ പറഞ്ഞതു് ഈ ആയിരം രൂപ മേടിച്ച ദിവസമാണു്.”
അവൾ കേട്ടുകൊണ്ടു് ഇരിയ്ക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല “ഡോക്ടർ വിശ്വസിയ്ക്കണം. ലെവൻത്തിനല്ലേ ഡോക്ടറുടെ ചെക്ക് മാറിയതു്. 13-ാം തീയതി മുതൽ അയാൾ ലീവ് ആയിരുന്നു. രണ്ടാഴ്ചത്തേയ്ക്കു്. അമ്മയേയും കൊണ്ടു് മദിരാശിക്കു് പോയിരിയ്ക്കുകയായിരുന്നു. മദിരാശിയിൽ ഒരു നേഴ്സിങ്ങ് ഹോമിൽ കൊബാൾട്ട് ട്രീറ്റ്മെന്റ് പണം ചിലവുണ്ടെന്നു് ഡോക്ടറോടു് പറയേണ്ടതില്ലല്ലോ. കൊണ്ടുപോകാൻ സമയത്തു് തൽക്കാലം വേറെ രൂപാ കൊടുക്കണമെങ്കിൽ കൈയിൽ ഇല്ലാത്തതുകൊണ്ടു്-”
“എന്നിട്ടു് ഇപ്പോൾ അമ്മയ്ക്കു് എങ്ങനെ ഇരിക്കുന്നു?”
“അധികമാണു്. അവിടെ നിന്നു് കൊണ്ടുപോന്നു.”
“ഇപ്പോൾ പിന്നെ പണം എങ്ങനെ ഉണ്ടായി?”
“ഉണ്ടാകാതെ തരമില്ലാത്തതുകൊണ്ടുണ്ടായി.”
“വേറെ വല്ലവരേയും കബളിപ്പിച്ചിട്ടായിരിക്കും.”
“മിസ്സ് മാലതി, ഞാൻ ഇങ്ങനെ വല്ലവരുടെയും കാര്യത്തിനു് ശുപാർശ ചെയ്യാൻ പോകുന്നവൻ ഒന്നും അല്ല സാധാരണ. ഇയാളുടെ കേസ് കഷ്ടമാണു് എന്നു് ബോദ്ധ്യപ്പെട്ടതുകൊണ്ടാണു് ഞാൻ ഡോക്ടറെ വന്നുകണ്ടു് ഇത്രയും ബുദ്ധിമുട്ടിയ്ക്കാൻ ഇറങ്ങിയതു്. ഇങ്ങനെ ഒരു തെറ്റു് വന്നുപോയി. പാടില്ലാത്തതാണു്. ശരി, പക്ഷേ, മനഃപൂർവ്വം കരുതിക്കൂട്ടി അങ്ങിനെ ഒന്നും ഇല്ല ഇതിനു് പിന്നിൽ-”
“ഒരായിരംരൂപ കടം വേണമെന്നു്”—അവൾ വാചകം മുഴുവൻ ആക്കിയില്ല.
അയാൾ മുന്നിൽ വന്നിരുന്നു്. എന്റെ അമ്മയ്ക്കു് സുഖമില്ല, ചികിത്സിക്കാൻ കൊണ്ടുപോകാൻ പണം വേണം എന്നു് ഒരിയ്ക്കൽ പറഞ്ഞിരുന്നെങ്കിൽ
ആയിരമല്ല
ഓ, കാരണമൊന്നും പറയാതെ, ഒരായിരം രൂപ വേണമല്ലോ, മാലതി എന്നു പറഞ്ഞിരുന്നെങ്കിൽ
പലകപ്പല്ലുകൾ പുറത്തുകാട്ടുന്ന അയാളുടെ ആ വെളുത്ത ചിരിയും ചിരിച്ചു്
“ഇതിന്റെ തീരുമാനം എടുക്കാൻ രണ്ടു ദിവസത്തിനകം ഡയറക്ടർ ബോർഡ് മീറ്റിങ്ങ് കൂടും. മിക്കവാറും ഇയാളെ പിരിച്ചുവിടാൻ ആയിരിക്കും തീരുമാനം. ഇതു് വലിയ ഒരു കുറ്റം ആണു്. ഞങ്ങളിൽ പലർക്കും അയാളോടു് സിമ്പതി ഉണ്ടു് എന്നു വന്നാലും ലീനിയൻസി ഒന്നും കാട്ടില്ല. അയാളുടെ റെക്കോർഡ് നല്ലതാണു്. ഇതുവരെ പരാതികൾ ഒന്നും കേട്ടിട്ടില്ല. എങ്കിലും—ഡോക്ടറുടെ പൊസിഷനിൽ ഇരിയ്ക്കുന്ന ഒരാൾ പരാതി എഴുതിത്തന്നതു് കൈയിൽ ഉള്ളപ്പോൾ-” അയാൾ നിർത്തി. അവൾ ഒന്നും മിണ്ടിയില്ല.
“ഡോക്ടർ ആ പരാതി പിൻവലിക്കുകയാണെങ്കിൽ ഡയറക്ടർ ബോർഡിൽ ഉള്ള എന്നെപ്പോലെ ചിലർക്കു മറ്റുള്ളവരെ പറഞ്ഞു സമ്മതിപ്പിച്ചു് ശിക്ഷ കുറയ്ക്കുവാൻ സാധിച്ചേക്കും.”
അവൾ അപ്പോഴെങ്കിലും എന്തെങ്കിലും പറയണം എന്നപോലെ അയാൾ നിർത്തി. അവളുടെ മുഖത്തേയ്ക്കു് നോക്കിയിരുന്നു കുറച്ചുനേരം.
“ഞങ്ങളുടേതു പോലെ ഒരു കമ്പനിയിൽ നിന്നു് ഇതുപോലൊരു കുറ്റത്തിനു് പിരിച്ചുവിട്ടാൽ പിന്നെ ഇയാളുടെ കരിയർ അതോടെ തീർന്നു. ഇങ്ങനെ ഒരു ജോലി അയാൾക്കു് ഇനി കിട്ടില്ല. ഇതോടെ അയാൾ തകരും. എനിക്കയാളിൽ പ്രത്യേക താൽപ്പര്യം വല്ലതും ഉണ്ടായിട്ടാണു് പറയുന്നതു് എന്നു് ധരിക്കരുതു്. നല്ലൊരു ചെറുപ്പക്കാരൻ ഇങ്ങനെ അങ്ങു് നശിയ്ക്കുന്നല്ലോ എന്നു മാത്രമേയുള്ളു.”
“നേർത്തെ ഇൻകം ടാക്സുകാരെ കളിപ്പിയ്ക്കാനെന്നും പറഞ്ഞു് കേഷ് ചെക്ക് എഴുതി മേടിച്ചതോ? പറ്റിയ്ക്കണമെന്നു് ആദ്യമേ പ്ലാൻ ഇട്ടിരുന്നെങ്കിൽ പിന്നെ-”
താൻ അയാളുടെ വെളുത്ത തൊലി കണ്ടു്—അതു് അയാൾക്കു് മനസ്സിലായിരുന്നിരിയ്ക്കും. എന്തു പറഞ്ഞാലും സമ്മതിയ്ക്കും. ഏതു് കഥയും ഇവിടെ ചിലവാകും എന്നു് കണ്ടിരിയ്ക്കും.
“അതും ഞാൻ അന്വേഷിച്ചു. ഇയാളും അവിടത്തെ വേറെ ഒന്നുരണ്ടു ചെറുപ്പക്കാരും കൂടെ തുടങ്ങിയ പ്രാക്ടിക്കൽ ജോക് ആണു് ഇതു്. വലിയ തണ്ടൻ ഒരു ഇൻകംടാക്സ് ഓഫീസർ ഉണ്ടു് അയാളെ തോൽപ്പിച്ചു് കാണിച്ചു തരാം എന്നു് വെച്ചിട്ടാണത്രെ.”
അവൾ ചിരിച്ചു.
അയാളുടെ മുഖം ചുവന്നു.
“So you insist on your pound of flesh.”
“ഉപ്പു് തിന്നവൻ വെള്ളം കുടിക്കണം.”
“ഞാൻ നിൽക്കട്ടെ”
എപ്പൊഴെ വീട്ടിൽ എത്താമായിരുന്നു, ശിപാർശിക്കാരും
അയാളുടെ പുറകെ തന്നെ അവളും ഇറങ്ങി. മുമ്പിൽ കിടക്കുന്നതു് അയാളുടെ കാർ ആയിരിക്കണം.
കാറിന്റെ ബോണറ്റിൽ ചാരി
ഗോപിനാഥൻ നായർ!
ശിപാർശിക്കാരനേയും കൂട്ടിക്കൊണ്ടു വന്നു് ചാരിനിൽക്കുകയായിരുന്നു പടിയ്ക്കൽ അല്ലേ?
കാർ നീങ്ങി. ഇങ്ങോട്ടു് കണ്ടില്ല. അവളുടെ കാർ മുമ്പിലേയ്ക്കു് വന്നു.
അന്നു വൈകുന്നേരം അവൾ വീടു മുഴുവനു ഒരു പരിശോധന നടത്തി.
അയാളുടെ കുറിപ്പു് അവിടെ എവിടെയെങ്കിലും കാണണം. കടലാസുകൾ കളയുന്ന പതിവില്ല.
മുഴുവൻ തിരഞ്ഞു. അവസാനം മുണ്ടലമാരിയിൽ സാരികളുടേയും ബ്ലൗസുകളുടെയും അടിയിൽ ഉണ്ടു്.
മുണ്ടിന്റെ ഇടയിൽ കൊണ്ടു ചെന്നു പൂഴ്ത്തിവെച്ചിരിക്കുന്നു. വിഡ്ഢി! “Please send the cheque per bearer. Thanks”
ഇത്രയുമേ ഉള്ളൂ തുണ്ടിൽ!
അലമാരിയിൽ വാസനിപ്പിച്ചു് സൂക്ഷിച്ചു് വെച്ചിരിയ്ക്കുന്ന സ്നേഹലേഖനം
ഇതുകൊണ്ടു് പണം കൊടുത്തതിനു് തെളിവു് ആകുമോ? ആവില്ലേ?
താൻ പിന്നെ ഒരാൾക്കു് വെറുതെ ആയിരം ഉറുപ്പിക കൊടുത്തു എന്നു് പറയാൻ ഒക്കുമോ?
ഇതും കൂടെ അങ്ങു് കൊടുത്തയച്ചാലോ?
കൊടുത്തയക്കണമോ വേണ്ടയോ എന്നു് ആലോചിച്ചു് തീർച്ചയാവാതെ നടന്നു മൂന്നുനാലു് ദിവസം.
തിങ്കളാഴ്ചത്തെ തപാലിൽ ഒരെഴുത്തു വന്നു. ആ കമ്പനിയുടെ സീൽ ഉള്ള കവറിൽ.
രണ്ടാമത്തെ പ്രാവശ്യം വായിച്ചപ്പോഴാണു് കാര്യം മനസ്സിലായതു്. ആരോഗ്യപരമായ കാരണങ്ങളാൽ കമ്പനിയുടെ ജോലിയിൽ തുടരാൻ നിവൃത്തിയില്ലാത്തതിനാൽ ജോലി രാജിവെച്ചിരിയ്ക്കുന്നു.
ഗോപിനാഥൻ നായർ കമ്പനി മാനേജർക്കു് എഴുതിയ എഴുത്തിന്റെ പകർപ്പു്.
ഡോക്ടർ മിസ്സ് മാലതിനായർക്കുള്ള പകർപ്പു് എന്നു് അടിയിൽ ടൈപ്പ് ചെയ്തിട്ടുണ്ടു്.
ജോലി ഇല്ലാതായി.
കാറിന്റെ ബോണറ്റിൽ ചാരി നിൽക്കുമ്പോൾ ഉയർന്ന നെറ്റിയിലേയ്ക്കു് നീളൻ മുടി വീണു കിടന്നിരുന്നു.
ആ വൈരാഗ്യത്തിനിടയിലും അതു് താൻ ശ്രദ്ധിക്കുകയുണ്ടായി.
ഗോപി
ജനനം: ജൂൺ 2, 1930
മരണം: ജനുവരി 18, 1965
പഠിച്ച വിദ്യാലയം: ബനാറസ് ഹിന്ദു സർവ്വകലാശാല.
ശ്രദ്ധേയമായ രചന(കൾ): ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം.
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി. എ. കുട്ടിമാളു അമ്മയുടെയും മകളായാണു് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീടു് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജുകളിൽ അദ്ധ്യാപക വൃത്തിനോക്കി.
1956-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പു് പ്രസിദ്ധീകരിച്ച ‘മകൾ’ എന്ന നീണ്ടകഥയിലൂടെയാണു് രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നതു്. 1958-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. 1960-ൽ ‘ഉച്ചവെയിലും ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ടു് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. തങ്ങളുടെ കഥയാണു രാജലക്ഷ്മി വിറ്റുകാശാക്കുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണു് ഇതിനു കാരണമായതു്. എഴുതിയ നോവൽ പിന്നീടു് രാജലക്ഷ്മി കത്തിച്ചുകളയുകയുണ്ടായി. 1965-ൽ ‘ഞാനെന്ന ഭാവം’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു. മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണു് രാജലക്ഷ്മി കഥകൾ എഴുതിയിരുന്നതു്. 1965 ജനുവരി 18-നു് രാജലക്ഷ്മി രാവിലെ വീട്ടിൽ നിന്നു് കോളേജിലേക്കു് പുറപ്പെട്ടു. പക്ഷേ, വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്തു. അന്നു് അവർക്കു് 34 വയസ്സായിരുന്നു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി. എ. സരസ്വതിയമ്മ
മലയാളത്തിന്റെ എമിലി ബ്രോണ്ടി എന്നാണു് രാജലക്ഷ്മി അറിയപ്പെടുന്നതു്. ഏഴു് ചെറുകഥയും ഒരു ഗദ്യ കവിതയും കവിതാ സമാഹാരവും, മൂന്നു് നോവലും എഴുതി. ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിക്കു് 1960-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. ഈ നോവൽ പിന്നീടു് ദൂരദർശനിൽ സീരിയലായും ആകാശവാണിയിൽ നാടകമായും സംപ്രേക്ഷണം ചെയ്തു. മറ്റു് നോവലുകൾ ‘ഞാനെന്ന ഭാവം’, ‘ഉച്ചവെയിലും ഇളം നിലാവും’ എന്നിവയാണു്. “നിന്നെ ഞാൻ സ്നേഹിക്കുന്നു” എന്ന കവിതാ സമാഹാരം വളരെ ശ്രദ്ധിക്കപ്പെട്ടു.
- ഒരു വഴിയും കുറേ നിഴലുകളും
- ഉച്ചവെയിലും ഇളംനിലാവും (അപൂർണ്ണം)
- ഞാനെന്ന ഭാവം
- രാജലക്ഷ്മിയുടെ കഥകൾ
- സുന്ദരിയും കൂട്ടുകാരും
- മകൾ
- ആത്മഹത്യ
കുമിള (1963), നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് (നോവൽ) 1960—ഒരു വഴിയും കുറേ നിഴലുകളും.