സ്വപ്നത്തിൽ തങ്കമണിയുടെ മുടി മുരിങ്ങത്തിരിമാതിരി ചുരുണ്ടിട്ടായിരുന്നില്ല. അതു ചീകിയിട്ട വശത്തേക്കു് അനുസരണയോടെ ചെരിഞ്ഞു കിടന്നു. മുന്നിലെ സ്ഫടികമേശമേലിരുന്ന പാത്രങ്ങൾ വക്കു പൊട്ടിയതോ പിടി പോയതോ ആയിരുന്നില്ല. കൂട്ടത്തിൽ വലിയ കണ്ണാടിപ്പാത്രത്തിൽ കുമിഞ്ഞിരുന്ന പൊളിച്ച ചെമ്മീനുകളെ തങ്കമണി അരുമയോടെ, അധികാരത്തോടെ തലോടി. സ്വപ്നത്തിൽ തങ്കമണിയുടെ വിരലുകൾ നീണ്ടു മെലിഞ്ഞു വെളുത്തിട്ടായിരുന്നു. ഒരു വിരൽ നീളത്തിൽ ഒടിച്ചുവെച്ചിരുന്ന ഈർക്കിൽ കഷണങ്ങളിലോരോന്നെടുത്തു് തങ്കമണി ഒരു ചെമ്മീന്റെ വാലറ്റം മുതൽ മേലറ്റം വരെ ദയയോടെ കോർത്തെടുത്തു. ഈർക്കിലിന്റെ ഔദാര്യത്തിൽ ഞെളിഞ്ഞിരുന്ന ചെമ്മീനെ മുട്ടവെള്ളയിൽ മുക്കി റൊട്ടിപ്പൊടിയിലുരുട്ടി എണ്ണയിലിട്ട് പൊരിക്കേണ്ടതാണെന്നു് അവൾ ക്യാമറയെ നോക്കി അറിയിച്ചു. പാചകപരിപാടിക്കിടയിലെ പരസ്യത്തിന്റെ സമയത്തു് എന്നത്തെയും പോലെ സ്വപ്നം മുറിഞ്ഞു പോവുകയും അവളുടെ നേർത്ത വിരലുകൾ അപ്രത്യക്ഷമാവുകയും മുടി ചുരുണ്ടു കയറുകയും ചെയ്തു. കയ്യിലേക്കു നോക്കാനൊരുമ്പെട്ട തങ്കമണിക്കു് അതു് ദിവാകരൻ അധീനത്തിൽ വെച്ചിരിക്കയാണല്ലോ എന്നു് പെട്ടെന്നോർമ്മ വന്നു. അയാളുടെ ചുരുക്കം ചില ദൗർബല്യങ്ങളിലൊന്നായതു കൊണ്ട് കൈയിലെ ജീവൻ പിൻവലിച്ചു് അവൾ ശ്വാസമടക്കിക്കിടന്നു. ദിവാകരനും പതിവു സ്വപ്നത്തിലായിരുന്നു. അതുപക്ഷേ, ഉണങ്ങാത്ത മുടിയുടെ മണമുള്ള തങ്കമണിയുടെ അരികിൽ ഒച്ചയുണ്ടാക്കാതെ വന്നുകിടക്കുന്നതിനും ഏറെ മുമ്പു തുടങ്ങിയിരുന്നു എന്നു മാത്രം.
ചുമരിനു നേരെ ചെരിഞ്ഞു കിടന്നിരുന്ന ദിവാകരൻ, അപ്പോഴും കാലുകൾ മണ്ണിൽ പുതയുന്നു. ഇലകൾ തമ്മിൽ കൂട്ടിത്തുന്നിയ വീട്ടിൽ സ്വസ്ഥമായിക്കഴിഞ്ഞിരുന്ന നീറുറുമ്പുകൾ ചവിട്ടടിയിൽ പെട്ടു് പാതി ചതയുന്നു. ശേഷിച്ചവ പകയോടെ കാലുകളിലൂടെ തുടയിടുക്കിലേക്കും അരക്കെട്ടിലേക്കും പാഞ്ഞു കയറുന്നു. തൊലിയുടെ നിറം തിരിച്ചറിയാനാവാത്ത വിധം തിങ്ങിക്കൂടിയ രോമങ്ങളുടെ കടയിൽ കടിച്ചു തൂങ്ങുന്നു. ചവിട്ടുന്തോറും പുതയുന്ന മണ്ണും മണ്ണടിഞ്ഞു തുടങ്ങിയ ഇലക്കൂട്ടവും കഴുകിയിട്ടും പോവാതെ കാലിൽ പറ്റുന്നു.
നേർത്ത വെളിച്ചമുള്ളതായിരുന്നു സുജാതയുടെ വീടു്. നിറയെ കായ്ച്ചുകിടക്കുന്ന പപ്പായമരങ്ങൾക്കിടയിൽ കിതപ്പു മാറാത്ത ഒരു പഴയമോട്ടോർസൈക്കിൾ. വാതിലിനു താഴെ പുതുമ മാറാത്ത റബ്ബർ ചെരിപ്പുകൾ. സുജാതയുടെ ജനൽ ഒരിക്കലും അടഞ്ഞു കണ്ടിട്ടില്ല. നാട്ടിലെ പെണ്ണുങ്ങളെല്ലാം ഉറങ്ങുംമുമ്പു് ജനലുകൾ ഭദ്രമായി അടച്ചു കുറ്റിയിടുമ്പോൾ അവൾ മേലുകഴുകി വന്നു് ജനലുകൾ മലർക്കെ തുറന്നിട്ടു് കിടക്കയിലേക്കു വീഴുന്നു. ഇലഞ്ഞിയുടെ മണം പുറത്തേക്കൊഴുകുന്നു. കൂട്ടിത്തുന്നിയ പഞ്ഞിത്തുണ്ടുകൾ പിടിവിട്ടകലുന്നതു പോലെ കിടക്കയിൽ അവൾ അഴിയുന്നു. ചിതറുന്നു. എത്രവാരിക്കൂട്ടിയിട്ടും കിട്ടാതെ വിരലുകൾക്കിടയിലൂടെ ഊർന്നു പോകുന്നു. ഒറ്റത്തള്ളിനു തുറന്നു പോകുന്ന വാതിലിനപ്പുറം നാലാം കാലില്ലാത്ത മേശ ചേർത്തു വയ്ക്കുന്നു. പപ്പായക്കൂട്ടത്തിലെ പഴയ മോട്ടോർ സൈക്കിളിനെക്കുറിച്ചു് ഒന്നും പറയാതിരിക്കുന്നു. കൂട്ടത്തിൽ നിന്നു് ഇടയ്ക്കിടെ കാണാതാവുന്നതു് ആരെയാണു്? ഇല്ലാതാവുന്നതു് ആരൊക്കെയാണു്? ദിവാകരനു് ശ്വാസം മുട്ടി. അയാൾ കണ്ണു തുറന്നു. “നീ ഒറങ്ങ്വാ?” അയാൾ ചോദിച്ചു. തങ്കമണി മുരടനക്കി തിരിഞ്ഞു കിടന്നു. “ നിങ്ങളെപ്പഴാ വന്നു കെടന്നേ? നിങ്ങക്കു് ഈ മീറ്റിങ്ങൊക്കെ പകലാക്കിക്കൂടെ? രാത്രി എന്തിനാ പറമ്പു് നിറയെ നടക്കുന്നേ? പാമ്പു് കടിക്കാനാ?”
ഇലക്കൂട്ടത്തിനിടയിലൂടെ പാഞ്ഞു പോയ ഒരു തണുത്ത വരയുടെ ഓർമ്മ ദിവാകരനെ ഉലച്ചു കളഞ്ഞു. പപ്പായക്കൂട്ടങ്ങൾക്കിടയിൽ മോട്ടോർസൈക്കിൾ കിതയ്ക്കുന്ന ശബ്ദം വീണ്ടും കാതിൽ വീണു. റബ്ബർ ചെരിപ്പുകളുടെ അമർത്തിയ കരച്ചിൽ കേട്ടിരുന്നോ എന്നു് ഉറപ്പിക്കാൻ പറ്റിയില്ല.
“എന്നാലും അതെന്താ ദിവാകരേട്ടാ, ആ ചെരിപ്പും വണ്ടീം?” ഷാജി തോണ്ടി വിളിച്ചു. പപ്പൻ മേസ്തിരി എണീറ്റു മൂരി നിവർന്നു.
“അതറിഞ്ഞിട്ടെന്തിനാ നിനക്കു് പോണ്ടീറ്റാ?”
“അല്ല, പപ്പൻ മേസ്രീടെ അല്ലാന്നറിഞ്ഞാ മതി”
ഷാജി വിട്ടില്ല, മേസ്തിരി അവന്റെ നേരെ കൈയോങ്ങി
“ഇതു ശരിയാവില്ല ദിവാകരാ”
വെയിറ്റിങ്ങ് ഷെഡിലെ ഇരുട്ടിൽ പപ്പൻ മേസ്തിരി പറഞ്ഞു.
“ഇതു നമുക്കൊന്നു പറയണ്ടേ ദിവാകരാ?”
നാരായണൻ മാഷു് ചോദിച്ചു.
“നാട്ടുകാർ ഇടപെടേണ്ട ഒരു സാഹചര്യമുണ്ടായാൽ അതു് മോശാന്നു് നമ്മക്കു് പറയാലോ” മാഷു് ശബ്ദം താഴ്ത്തി.
“എന്തിനാണെന്റെ മാഷേ” കരീം ചിരിച്ചു. “എന്തു് സാഹചര്യം? സാഹചര്യം വേണങ്കി നമ്മക്കു് ഇപ്പണ്ടാക്കിക്കൂടേ?”
ദിവാകരൻ കരീമിന്റെ പുറത്തെ മാംസപേശികൾ ശ്രദ്ധിക്കുകയായിരുന്നു. തങ്കമണി ഒന്നമർത്തിപ്പിടിച്ചാൽ കുഴഞ്ഞു പോവുന്ന തരമല്ല അവയെന്നോർത്തപ്പോൾ വല്ലായ്മ തോന്നി. തുറന്നിട്ട ജനലിലെ വെളിച്ചത്തിൽ ഇരുണ്ടുറച്ച ഒരു മുതുകിൽ അള്ളിപ്പിടിക്കുന്ന കൈകളുടെ ഓർമ്മ നീറുറുമ്പു പോലെ ദിവാകരനെ പൊതിഞ്ഞു. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
“നിങ്ങള് ഒറങ്ങ്വാ?” തങ്കമണി ചോദിച്ചു.
സ്വപ്നത്തിലെ പാചകപരിപാടിയെക്കുറിച്ചു് ദിവാകരനോടു് പറയുകയായിരുന്നു അവളുടെ ഉദ്ദേശ്യം. അയാളോടു് പറയാതിരുന്ന ഒരു കാര്യവും തങ്കമണിയെ ഒരുപാടു കാലമൊന്നും അലട്ടിയിട്ടില്ല. എന്നാലു അതങ്ങു് പറഞ്ഞേക്കാമെന്നു് അവൾ വിചാരിച്ചു. അവൾ ചെമ്മീൻ എന്നു പറഞ്ഞു തുടങ്ങിയതും അവ്യക്തമായി ചില ശാപവാക്കുകൾ ഉരുവിട്ടുകൊണ്ടു് ദിവാകരൻ ഒന്നുകൂടി തിരിഞ്ഞു കിടന്നു.
“നീ ഒറങ്ങ്വല്ലേ… നിന്റെ ഒറക്കം നടക്കട്ടെ” കിടക്കയിൽ ദിവാകരന്റെ ഇരുവശത്തേക്കും ദയനീയമായി കിടന്ന മുണ്ടു് അവളെടുത്തു് അയാളുടെ ശരീരത്തിലേക്കിട്ടു
“നിങ്ങള് കോപ്പാട്ടാട്ടീന്നു് കേട്ടിട്ട്ണ്ടാ?” നാരായണൻ മാഷു് ചോദിച്ചു.
ആരും മിണ്ടിയില്ല.
“പേരുകേട്ടൊരുത്തിയാ. അവള് കിണറ്റിൽ വീണപ്പോൾ രക്ഷിക്കാനിറങ്ങിയവരെക്കൊണ്ടു് കിണറു നിറഞ്ഞതു കാരണം പിന്നാലെ വന്നോരു് അപ്രത്തെ കിണറ്റിൽ ചാടീന്നൊരു കഥയ്ണ്ടു്.”
“നന്നായി” ഷാജി പറഞ്ഞു.
“ഇമ്മാതിരി കഥയൊന്നും സ്കൂളീന്നു പറഞ്ഞു തന്ന്റ്റില്ലല്ലോ. ഇങ്ങനെയൊക്കെയല്ലേ പറഞ്ഞു തരണ്ടു്… ചെമ്പരത്തീന്റെ ഛേദല്ലാണ്ടു് വേറെയെന്നാ അന്നു് ങ്ങള് പറഞ്ഞു തരലു്?” ഷാജി കുനിഞ്ഞിരുന്നു് ചിരിക്കുകയാണെന്നു് മൊബൈലിന്റെ വെളിച്ചത്തിൽ ദിവാകരൻ കണ്ടെത്തി.
“നാളെയൊരു വാർപ്പ്ണ്ടു്. അതിനു പോകണ്ട ഞാനാ ഇരുട്ടത്തു് വന്നിരിക്ക്ന്നു്. നാളെ ഞാൻ ലേറ്റാവും മാഷേ… ” പപ്പൻ മേസ്തിരി സങ്കടപ്പെട്ടു.
“എടോ പത്തിരുപതു് കൊല്ലം മുമ്പു് ഞങ്ങളിതുപോലെ വന്നു് ഇരുട്ടത്തു് കുത്തിരുന്നിട്ടുണ്ടു്. റിപ്പർ വിളയാട്ടത്തിന്റെ കാലത്തു്. രാത്രിക്കു് രാത്രി വീട്ടിൽ കേറി തലയ്ക്കടിച്ചിടും, എന്താ ചെയ്യാ? ഞങ്ങളൊരുകൂട്ടം പേരു് ഇവിടെ. ചെലരു് കാവിന്റെ താഴെ റോഡിലു്, കുറച്ചാളു് എല്ലാ വീട്ടിലും കേറാൻ… റിപ്പറെ കിട്ടീല്ലെങ്കിലും ആരെയെല്ലാം കിട്ടി ആ നടത്തിൽ? മഹാന്മാരെ ആരെയെല്ലാം?”
ഷാജി വലിയ താല്പര്യം കാണിച്ചില്ല. “അന്നത്തെ മഹാന്മാരല്ലേ, വിടു് ”
അണയുന്നതും ഒട്ടും അണയാത്തതും പൊടുന്നനെ പിടഞ്ഞുണരുന്നതുമായ വെളിച്ചങ്ങളിൽ ഉറങ്ങിയും ഉണർന്നും ക്ഷീണിച്ചു പോയ രാത്രികൾ ദിവാകരനിലേക്കും പകർന്നു. നാരായണൻ മാഷു് ഞരമ്പു തടിച്ച കാലുകൾ വെയിറ്റിങ്ങ് ഷെഡിലെ അരമതിലിലേക്കു നീട്ടി.
“രണ്ടു മൂന്നു ദിവസമായി ഒരു ചെമ്മീൻ കഥയും കൊണ്ടു് തങ്കമണി നടക്ക്ന്നു്” മാഷു് പറഞ്ഞു.
ദിവാകരൻ അറിയാതെ ഒന്നു ഞെട്ടി. പിന്നെയാണ് മാഷുടെ വീട്ടിൽ ഒരു തങ്കമണി ടീച്ചറായുണ്ടല്ലോ എന്നു് ഓർത്തതു്.
“ഞാനെവിടെയോ നിന്നു് ഒരു വലിയ ചെമ്മീൻ വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ട്ണ്ടു് ന്നാ ഓള് പറയ്ന്ന്, സ്വപ്നം കണ്ടതാവുംന്ന് ഞാനും പറഞ്ഞു. ഓൾക്കു് പിന്നേം തൊടങ്ങീട്ട്ണ്ടോന്നാണു്… കുറച്ചായിട്ടു് വല്യ പ്രശ്നല്ലാണ്ടു് പൊയ്ക്കോണ്ടിരുന്നതാ…”
“അത്തും പിത്തും തന്നെ മാഷേ…” വെയിറ്റിങ്ങ് ഷെഡിലെ ഇരുട്ടിൽ നിന്നു് പപ്പൻ മേസ്തിരിയുടെ ഒച്ച കേട്ടു. “എല്ലാടത്തും കണക്കന്നെ. എന്റടുത്തെന്താ അവസ്ഥ? ഓരോ ദിവസം ഓരോന്നു്…”
ഒച്ചയും വെളിച്ചവുമില്ലാതെ നീങ്ങിയ കുറേ നിമിഷങ്ങൾക്കു ശേഷം മോട്ടോർ സൈക്കിൾ സ്റ്റാർട്ടാവുന്ന ശബ്ദത്തിലേക്കു് ദിവാകരന്റെ മയക്കം മുറിഞ്ഞു.
“കരീംക്ക എവിടെ?” ഇരുട്ടിൽ ഷാജിയുടെ ചോദ്യം.
ആരും ഒന്നും മിണ്ടിയില്ല.
ഇരുട്ടിന്റെ മറവിൽ നടക്കുന്ന ഒളിപ്പോരുകളിൽ ഉരുണ്ടു പോകുന്ന തലകൾ ഉദ്ദേശിച്ചവ തന്നെയാവണമെന്നില്ല. ദിവാകരൻ മറ്റൊരു ഭാഷയിൽ സ്വയം പറഞ്ഞു. ഇരുട്ടിലാണു് തങ്കമണി ഒളിക്കാറു്. ഒളിച്ചൊളിച്ചു് എല്ലാവരും ഇറങ്ങിപ്പോകുന്ന വാതിലുകൾ ഒന്നാണെന്നു മാത്രം.
“ന്നാപ്പിന്നെ ഒരു വെളിച്ചായിക്കൂടെ?” ഉരുണ്ടുറച്ച കൈകൊണ്ടു് കത്തിച്ച മെഴുകുതിരി നീക്കിവെച്ചതു് കരീമാണെന്നു കണ്ടു് എല്ലാവരും കൂട്ടത്തോടെ ഞെട്ടി.
“പൊട്ടി വീണാ?” പകപ്പു് മറയ്ക്കാതെ ഷാജി ചോദിച്ചു.
“പോയാലോ ദിവാകരേട്ടാ വീട്ടില്?” ഒന്നും മിണ്ടാതെ സംഘം എഴുന്നേറ്റു.
അകലെ നിന്നു് മോട്ടോർ സൈക്കിളിന്റെ ഇരമ്പം വീണ്ടും കേട്ടു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അടുത്തു കൂടി പോകുമെന്നു തോന്നി ദിവാകരൻ അധീരനായി കണ്ണുകൾ മുറുക്കി അടച്ചു. പുതുമ മാറാത്ത റബ്ബർ ചെരിപ്പിട്ടു് മുടിയഴിച്ചിട്ടു് തങ്കമണി പഴയ മോട്ടോർ സൈക്കിളിൽ പാഞ്ഞു പോയതു് അതുകൊണ്ടു തന്നെ അയാൾ കണ്ടില്ല. നാരായണൻ മാഷു് നോക്കിയുമില്ല.
1977 ജൂലായ് 22-നു് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ചു. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു് സ്ത്രീകളുടെ കത (മാതൃഭൂമി) നായികാനിർമ്മിതി: വഴിയും പൊരുളും (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) അപസർപ്പകാഖ്യാനങ്ങൾ ഭാവനയും രാഷ്ട്രീയവും (ലോഗോസ്) എന്നിവയാണു് പുസ്തകങ്ങൾ. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു് സ്ത്രീകളുടെ കത എന്ന കൃതിയ്ക്കു് 2021-ലെ WTP Live പ്രഥമ നോവൽ പുരസ്കാരം ലഭിച്ചിട്ടുണ്ടു്. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം & ഗവേഷണ കേന്ദ്രത്തിൽ അദ്ധ്യാപിക. ജീവിത പങ്കാളി പരേതനായ ഡോ. എം. ജെ. ശ്രീകുമാർ. നന്ദ ശ്രീപാർവതി, നിരഞ്ജൻ ശ്രീപതി എന്നിവർ മക്കളാണു്.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ