ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥക്കും അതിന്റെ സാമന്തന്മാരായ പ്രതിലോമ രാഷ്ട്രീയ ശക്തികൾക്കുമെതിരേ ഇന്ത്യൻ ജനതയുടെ മോചനത്തിനായുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനു് തുടക്കം കുറിക്കുന്ന പുതിയ സംഘർഷങ്ങളിലൂടെയാണു് ഇന്നു് നാം കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നതു്. ഈ പുതിയ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്നുള്ള മോചനത്തിനു വേണ്ടി നടന്ന സ്വാതന്ത്ര്യ സമരത്തിൽ നിന്നു് തികച്ചും ഭിന്നമായ ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരേ നടന്ന സ്വാതന്ത്ര്യ സമരം ഇന്ത്യൻ ഗ്രാമീണ കർഷകരുടേയും കൈവേലക്കാരുടേയും സ്വാതന്ത്ര്യ വാഞ്ഛയെ ഏറ്റെടുത്തുകൊണ്ടു്, വളർന്നു വന്നുകൊണ്ടിരുന്ന ഇന്ത്യൻ മുതലാളിവർഗ്ഗം നേതൃത്വം കൊടുത്ത ഒരു സമരമായിരുന്നു എന്നു് ഇന്നു് നമുക്കു് തിരിച്ചറിയാൻ കഴിയും. അതുകൊണ്ടുതന്നെ ആ സമരം ഇന്ത്യ ഒരു ദേശരാഷ്ട്രമായി രൂപപ്പെടുന്നതിനുവേണ്ടിയുള്ള ദേശീയ വിമോചന സമരമായിരുന്നു. എന്നാൽ ഇന്നു് ഇന്ത്യൻ മുതലാളിത്തം ഒരു സ്വതന്ത്ര ദേശീയ രാഷ്ട്രീയ ശക്തിയല്ലാതായിരിക്കുന്നു. മുതലാളിത്ത മൂലധനത്തിന്റെ സമ്പൂർണ്ണ ആവാഹനം (Real subsumption of capital) [1] സൃഷ്ടിച്ച ആഗോള സമ്പദു്വ്യവസ്ഥയുടെ ചൂഷണ തന്ത്രങ്ങൾക്കു് ഇന്ത്യൻ ജനതയെ അടിമപ്പെടുത്തുന്ന ഒരു സാമന്ത രാഷ്ട്രീയ ശക്തിയായി അതു് രൂപാന്തരപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണു് ഇന്നു് ഇന്ത്യയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ആഗോള മൂലധന സാമ്രാജ്യത്തിനും അതിന്റെ സാമന്ത ഭരണ വർഗ്ഗങ്ങൾക്കും എതിരേ ജനങ്ങൾ സ്വയം നയിക്കുന്ന ഒരു പുതിയ സ്വാതന്ത്യ സമരത്തിന്റെ ഗണത്തിൽ പെടുന്നതു്. ഗാന്ധിയുടെ ഭാഷയിൽ പറഞ്ഞാൽ ‘പാർലിമെന്ററി സ്വരാജി’ൽ[2] നിന്നും കർഷകരും കൈവേലക്കാരും ദളിതരും സ്ത്രീകളുമെല്ലാമടങ്ങുന്ന ‘പൂർണ്ണ സ്വരാജി’നുവേണ്ടിയുള്ള സമരം.
പാർലമെന്ററി സ്വരാജിലേക്കു നയിച്ച സ്വാതന്ത്ര്യ സമരത്തിൽ വിജയം വരിച്ചതു് ഇന്ത്യയിലെ നവ സവർണ്ണ മുതലാളിമാരുടെ ഭരണവർഗ്ഗമായിരുന്നെങ്കിൽ ബഹുഭൂരിപക്ഷം വരുന്ന വിവിധ കീഴാള ജനവിഭാഗങ്ങൾ ഭരിക്കപ്പെടുന്ന വർഗ്ഗങ്ങളായി അവർക്കു് കീഴ്പ്പെട്ടു നിൽക്കുകയാണുണ്ടായതു്. സ്വാതന്ത്രലബ്ധിക്കു ശേഷമുള്ള കഴിഞ്ഞ ഏഴു് പതിറ്റാണ്ടുകൾക്കുള്ളിൽ ഈ കീഴാള ജനതയുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നറിയാൻ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നു് ഇന്ത്യയെ മോചിപ്പിക്കാൻ ഒരു മഹാശക്തിയായി ഉയർന്നുവന്ന ഇന്ത്യൻ കർഷകർ ഇന്നു് ലക്ഷക്കണക്കായി ആത്മഹത്യയിൽ അഭയം തേടിക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ തുടക്കം മുതൽ തന്നെ ധീരമായി ചെറുത്തുനിന്ന ആദിവാസി സമൂഹങ്ങൾ, മുതലാളിത്ത ആധുനികതയുടേയും വികസനത്തിന്റെയും ഇരകളായി വംശനാശത്തിലേക്കു് വീണുകഴിഞ്ഞിരിക്കുന്നു. ദളിതർ ഇപ്പോഴും ഫലത്തിൽ ആട്ടിയോടിക്കപ്പെടുന്നവരും തല്ലിക്കൊല്ലപ്പെടുന്നവരുമായി തന്നെ തുടരുന്നു. ആട്ടിയോടിക്കപ്പെടുന്ന ദളിതരേയും ദരിദ്രരേയും ന്യൂനപക്ഷങ്ങളേയും കൊണ്ടു് കോളനിവാഴ്ചക്കാലത്തേക്കാൾ ഇന്ത്യൻ നഗരങ്ങളിൽ ചേരികൾ പെരുകിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾക്കു് നേരെയുള്ള അതിക്രമങ്ങളും കൂട്ടബലാൽസംഗങ്ങളും പലമടങ്ങു വർദ്ധിച്ചിരിക്കുന്നു. കൊളോണിയൽ കാലത്തേക്കാൾ സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക അസമത്വം ജനങ്ങൾക്കു് താങ്ങാൻ കഴിയാത്ത വിധം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നതു്. ഇന്നു് ഇന്ത്യൻ സമ്പത്തിന്റെ എൺപതു ശതമാനവും ആകെ ജനസംഖ്യയുടെ പത്തു ശതമാനം മാത്രം വരുന്ന ഏറ്റവും മുകൾ തട്ടിലുള്ള ഭരണവർഗ്ഗത്തിന്റെ കൈകളിലാണു്.
കൊളോണിയൽ കാലത്തേക്കാൾ സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക അസമത്വം ജനങ്ങൾക്കു് താങ്ങാൻ കഴിയാത്ത വിധം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നതു്. ഇന്നു് ഇന്ത്യൻ സമ്പത്തിന്റെ എൺപതു ശതമാനവും ആകെ ജനസംഖ്യയുടെ പത്തു ശതമാനം മാത്രം വരുന്ന ഏറ്റവും മുകൾ തട്ടിലുള്ള ഭരണവർഗ്ഗത്തിന്റെ കൈകളിലാണു്.
ഇത്രമാത്രം അശരണരും അനാഥരും ആയിക്കഴിഞ്ഞ ഇന്ത്യൻ കീഴാളജനതയെ പുതിയ ആഗോളമൂലധന അധിനിവേശത്തിനു പൂർണ്ണമായി അടിപ്പെടുത്താനുള്ള ഇന്ത്യൻ ഭരണവർഗ്ഗങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണു് നരേന്ദ്രമോദി ഗവൺമെന്റ് ഇപ്പോൾ പാർലമെന്റിൽ പാസ്സാക്കിയെടുത്തിരിക്കുന്ന കാർഷിക നിയമങ്ങൾ ഭരണകൂടാധികാരത്തിന്റെ മഹത്വത്തിൽ മാത്രം വിശ്വാസമർപ്പിക്കുന്നതുകൊണ്ടു് കർഷകരടക്കമുള്ള കീഴാള ജനസഞ്ചയത്തിന്റെ അപ്രതിരോധ്യമായ ബദൽ അധികാരത്തിന്റെ ശക്തി എന്തെന്നു് തിരിച്ചറിയാൻ കഴിയാത്ത മേലാള വർഗ്ഗങ്ങളുടെ ഈ നടപടിക്കെതിരെയാണു് ഇപ്പോൾ തലസ്ഥാന നഗരിയെ ഉപരോധിച്ചുകൊണ്ടു് പതിനായിരക്കണക്കിനു് കർഷകർ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നതു്. ബ്രിട്ടീഷ് അടിമത്തത്തിൽ നിന്നുള്ള മോചനത്തിനായി ഗാന്ധിയുടെ നേതൃത്വത്തിൽ ചമ്പാരനിൽ നിന്നു് തുടങ്ങിയ സ്വാതന്ത്ര്യ സമരം പോലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു രാഷ്ട്രീയ ഘട്ടത്തിനു് തുടക്കം കുറിക്കാൻ പോന്ന വിച്ഛേദ സംഭവമായി (Event)[3] ഗണിക്കപ്പെടാൻ മാത്രം വ്യത്യസ്തതകളുള്ള ഒന്നാണു് കർഷക സമൂഹങ്ങൾ ഒത്തുചേരുന്ന ഈ പുതിയ സ്വാതന്ത്ര്യ പ്രക്ഷോഭം.
ഇങ്ങനെ, ഈ കർഷക പ്രക്ഷോഭത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവമാക്കിതീർക്കാൻ പോന്ന വിധം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാര ബന്ധങ്ങളിൽ സംഭവിച്ച ഘടനാപരമായ മാറ്റമെന്തെന്നു് ഈ സന്ദർഭത്തിൽ നമുക്കു് തുറന്നു പരിശോധിക്കേണ്ടതായുണ്ടു്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചാലക ശക്തി കൃഷിക്കാരും കൈവേലക്കാരും അടക്കമുള്ള കീഴാള ജനകോടികളായിരുന്നു എന്നതു് തർക്കമറ്റ വസ്തുതയാണു്. എന്നാൽ ആ സമരത്തെ മുന്നിൽ നിന്നു് നയിച്ച നവസവർണ്ണ മുതലാളിവർഗ്ഗ നേതൃത്വത്തിൽ ഇന്ത്യ ഒരു സ്വതന്ത്ര ലിബറൽ പരമാധികാര റിപ്പബ്ലിയ്ക്കായി മാറിയപ്പോൾ അതിന്റെ ഭരണകൂടം ഭരണഘടനയെ ഇടനിലയാക്കിക്കൊണ്ടു് ഭരിക്കപ്പെടുന്ന കീഴാള ജനതയുമായി ഒരു സന്ധിയിൽ ഏർപ്പെടുന്നുണ്ടു്. സ്വാതന്ത്ര്യ സമരത്തിൽ ഉയിർത്തെഴുന്നേറ്റ കീഴാള ബദൽ അധികാരത്തെ കീഴ്പ്പെടുത്തിക്കൊണ്ടുള്ള ആധുനിക മുതലാളിത്ത ഇന്ത്യയുടെ നിലനില്പിനു വേണ്ടിയുള്ള ഒരു സന്ധിയായിരുന്നു അതു്. ജനങ്ങളെ വോട്ടുബാങ്കുകളാക്കി വിഭജിച്ചും കൊള്ളയടിച്ചുകൊണ്ടുമാണെങ്കിൽ കൂടി ഇന്ത്യൻ കീഴാള ജനതയും ദേശീയ മുതലാളിത്ത ഭരണകൂടവും തമ്മിലുള്ള ഈ രാഷ്ട്രീയ ഉടമ്പടി അടിയന്തരാവസ്ഥയുടെ കാലം വരെ ഭംഗം വരാതെ തുടരുകയാണു് ഉണ്ടായതു്.
അടിയന്തരാവസ്ഥക്കു് ശേഷം, സ്വാതന്ത്ര്യലബ്ധി മുതൽ അതുവരെ നിലനിന്ന ഇന്ത്യൻ മേലാള-കീഴാള അധികാര ബന്ധത്തിന്റെ ഘടന ഇളകിത്തുടങ്ങുന്നു എന്നു് പറയാം. ഇന്ദിരാഗാന്ധി നടപ്പാക്കിയ ദേശീയ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപ്പുകളിലൂടെ ഉയർന്നുവന്ന പിന്നോക്ക-ദളിത് സമുദായങ്ങളുടെ രാഷ്ട്രീയ മുന്നേറ്റം മുതലാളിത്ത-നവ സവർണ്ണ ഭരണവർഗ്ഗങ്ങൾക്കെതിരായ കീഴാള വർഗ്ഗ സമരത്തിന്റെ ഒരു പുതിയ ചുവടുവെപ്പായിരുന്നു. ഈ വരവുകണ്ടു് നെഞ്ചിടിപ്പു് വർദ്ധിച്ച ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ അതിനെ അമർച്ച ചെയ്തതു് രാഷ്ട്രീയവും സാമ്പത്തികവുമായ രണ്ടു തന്ത്രങ്ങളിലൂടെയാണു്. അതിലൊന്നു് ഹൈന്ദവ ദേശീയ സങ്കൽപ്പത്തെ അക്രമണോൽസുകമായ ഒരു ഫാസിസ്റ്റു രാഷ്ട്രീയ ശക്തിയായി ഉണർത്തുക എന്നതായിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിൽ അദ്വാനി നയിച്ച രഥയാത്രയിൽ തുടങ്ങി ബാബറി മസ്ജിദിന്റെ തച്ചു തകർക്കലിലൂടെ നീളുന്ന ഒരു പദ്ധതിയായിരുന്നു അതു്. മറ്റൊന്നു് ചെറുകിട കർഷക സമൂഹത്തേയും കൈവേലക്കാരേയും കടക്കെണിയിലേക്കും കൂട്ട ആത്മഹത്യയിലേക്കും നയിച്ച, കോൺഗ്രസ് ഗവൺമെന്റ് തുടങ്ങിവച്ച സാമ്പത്തിക ഉദാരവത്ക്കരണത്തിന്റെ മുന്നേറ്റമായിരുന്നു. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ നരേന്ദ്രമോദി നയിക്കുന്ന ബി ജെ പി ഗവൺമെന്റ് 2014-ൽ അധികാരത്തിൽ ഏറിയതോടെ ഇന്ത്യൻ കീഴാള ജനാധിപത്യത്തിന്റെ ശക്തികളെ അമർച്ച ചെയ്യാൻ പോന്ന ഈ രണ്ടു പദ്ധതികളും ഒന്നിച്ചൊരു ധാരയായി തീരുകയാണു് ചെയ്യുന്നതു്. ആഗോള-കോർപ്പറേറ്റ് മൂലധന സാമ്രാജ്യത്തിന്റെ ശക്തികളും ഇന്ത്യൻ നവ ഫാസിസ്റ്റ് രാഷ്ട്രീയ ശക്തികളും തമ്മിലുള്ള ഒരു പുതിയ ഒത്തുചേരലായിരുന്നു ഇതു്. ഇന്ത്യൻ കീഴാള ജനസഞ്ചയത്തിനുമേലുള്ള മേലാള വർഗ്ഗ സമഗ്രാധിപത്യത്തിന്റെ പുതിയൊരു ഘട്ടം ഇതോടെ ആരംഭിക്കുന്നു. അങ്ങനെ സ്വതന്ത്ര ഇന്ത്യൻ ലിബറൽ ജനാധിപത്യത്തിൽ നിലവിൽ വന്ന മേലാള ഭരണകൂടവും കീഴാള ജനതയും തമ്മിലുള്ള ഉടമ്പടി ഇതോടെ തത്വത്തിൽ അസാധുവായി തീരുന്നതിനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെടുന്നു.
നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷമുള്ള ഓരോ രാഷ്ട്രീയ-സാമ്പത്തിക നടപടിയും ഭരിക്കപ്പെടുന്ന ജനകോടികളും ഭരണകൂടവും തമ്മിലുള്ള ജനാധിപത്യ രാഷ്ട്രീയ ഉടമ്പടിക്കു നേരെ കണ്ണടച്ചുകൊണ്ടുള്ള ഏകപക്ഷീയവും സമഗ്രാധിപത്യപരവുമായ ചുവടു വെപ്പുകളായിരുന്നു എന്നു് വ്യക്തമാണു്. കശ്മീർ വിഭജനവും പൗരത്വ ഭേദഗതി നിയമവും തുടങ്ങി ജനങ്ങളുടെ അധികാരവുമായുള്ള ഭരണകൂടത്തിന്റെ ബന്ധത്തെ ധ്വംസിക്കുന്ന മോദി ഗവൺമെന്റിന്റെ ജനവിരുദ്ധ നടപടികളുടെ ഏറ്റവും ഉയർന്ന രൂപമാണു് പുതിയ കാർഷിക നിയമം.
ജനങ്ങളെ വോട്ടുബാങ്കുകളാക്കി വിഭജിച്ചും കൊള്ളയടിച്ചുകൊണ്ടുമാണെങ്കിൽ കൂടി ഇന്ത്യൻ കീഴാള ജനതയും ദേശീയ മുതലാളിത്ത ഭരണകൂടവും തമ്മിലുള്ള ഈ രാഷ്ട്രീയ ഉടമ്പടി അടിയന്തരാവസ്ഥയുടെ കാലം വരെ ഭംഗം വരാതെ തുടരുകയാണു് ഉണ്ടായതു്.
ഈ പുതിയ നിയമ നിർമ്മാണം യഥാർത്ഥത്തിൽ 1793-ൽ ലോഡ് കോൺവാലിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് കൊളോണിയൽ സാമ്രാജ്യത്വം നടപ്പാക്കിയ കാർഷിക നിയമങ്ങളോടു് ചരിത്രപരമായ സമാനതകൾ ഉള്ള ഒന്നാണു്. പടിഞ്ഞാറൻ യൂറോപ്യൻ മാതൃകയിൽ കൃഷിഭൂമിയെ മുതലാളിത്ത സ്വകാര്യ സ്വത്താക്കി മാറ്റിക്കൊണ്ടു് ഭൂമിയെ ഒരു കമ്പോള ചരക്കാക്കി പരിവർത്തിപ്പിക്കുകയായിരുന്നു കൊളോണിയൽ സാമ്രാജ്യത്വ വാഴ്ച നടപ്പാക്കിയ ഈ സ്ഥിരാവകാശ നിയമത്തിന്റെ (Permanant Settlement)[4] ലക്ഷ്യം. ആധുനിക രീതിയിലുള്ള വ്യക്തികേന്ദ്രിത സ്വത്തവകാശത്തിന്റെ സ്ഥാനത്തു് കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ജാതി-ഗോത്ര വിഭാഗങ്ങൾക്കെല്ലാം ഭൂമിയിന്മേൽ ശ്രേണീകൃതമായ പൊതു അവകാശങ്ങൾ പരമ്പരാഗതമായി നിലനിർത്തപ്പെട്ട ഇന്ത്യൻ കാർഷിക ഗ്രാമ വ്യവസ്ഥ അങ്ങനെ പാടെ അട്ടിമറിക്കപ്പെട്ടു. കൊളോണിയൽ മുതലാളിത്ത കൊള്ളകൾക്കായി നടപ്പാക്കപ്പെട്ട ഈ നിയമങ്ങൾ മൂലം ഗ്രാമീണ കർഷകർക്കു് ഇന്നത്തെപ്പോലെ ആത്മഹത്യ വരിക്കേണ്ടി വരികയല്ല ചെയ്തതു് എന്നുമാത്രം. അന്നു് ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം പട്ടിണി മൂലം ലക്ഷക്കണക്കായി കർഷകരും കൈവേലക്കാരും ചത്തൊടുങ്ങുന്ന വമ്പിച്ച ക്ഷാമങ്ങളുടെ പരമ്പരയാണു് ഉണ്ടായതു്. കോൺവാലിസിന്റെയും നരേന്ദ്രമോദിയുടേയും കാർഷിക പരിഷ്കരണങ്ങൾക്കു് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങളുടെ സമാനത നാം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ടു്. കോൺവാലിസിന്റെ കാർഷിക പരിഷ്കരണം ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ സ്വച്ഛന്ദതയെ കൊളോണിയൽ മുതലാളിമാരുടേയും അവരുടെ ഇടനിലക്കാരായി ഉയർത്തി എടുക്കപ്പെട്ട നവസവർണ്ണ മുതലാളിമാരുടേയും താല്പര്യങ്ങൾക്കുവേണ്ടി തകർത്തുകളഞ്ഞെങ്കിൽ നരേന്ദ്രമോദിയുടെ കാർഷിക നിയമങ്ങൾ കാർഷിക വൃത്തിയിലും കൃഷി ഭൂമിയിന്മേലുമുള്ള ഇന്ത്യൻ കർഷക ജനതയുടെ അവശേഷിക്കുന്ന അവകാശങ്ങളെ കൂടി പുതിയ കോർപ്പറേറ്റ് മുതലാളിത്തക്കൊള്ളക്കു് മുന്നിൽ നിരുപാധികം ബലികൊടുക്കുകയാണു് ചെയ്യുന്നതു്.
ഇങ്ങനെ യഥാർത്ഥത്തിൽ ലിബറൽ റിപ്പബ്ലിക്കൻ ഭരണകൂടവും ഇന്ത്യൻ കീഴാള ജനതയും തമ്മിൽ സ്വതന്ത്ര ഇന്ത്യയിൽ പ്രവർത്തിച്ച ഉടമ്പടി തത്വത്തിൽ എടുത്തുകളയുന്നതിലൂടെ നരേന്ദ്രമോദി ഗവൺമെന്റ് ബ്രിട്ടീഷ് കൊളോണിയൽ കാലത്തെന്നപോലെ ഇന്ത്യൻ ജനതയെ കേന്ദ്രീകൃത ഭരണകൂടപരമാധികാരത്തിനു് വീണ്ടും സമ്പൂർണ്ണമായി അടിമപ്പെടുത്താനാണു് ശ്രമിക്കുന്നതു്. എന്നാൽ ഈ വിധം ലിബറൽ പൗരസമൂഹ-ഭരണകൂട ഉടമ്പടിയിൽ നിന്നു് പുറത്താക്കപ്പെടുന്ന കീഴാള ജനത പഴയ അടിമത്തത്തിലേക്കു് മൂകമായി വീണുപോവുകയോ കൈപിടിച്ചു് കയറ്റാൻ ഒരു നേതൃവർഗ്ഗത്തിന്റെ വരവും കാത്തു് നിഷ്ക്രിയമായി നിലകൊള്ളുകയോ അല്ല ഇന്നു് സംഭവിക്കുന്നതു്. കീഴാള ജനത സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്തുകൊണ്ടു് സ്വാതന്ത്ര്യത്തിന്റെ പുതിയ വഴികൾ തുറക്കാൻ മുന്നോട്ടു വരികയാണു് ചെയ്യുന്നതു്.
കശ്മീർ വിഭജനവും പൗരത്വ ഭേദഗതി നിയമവും തുടങ്ങി ജനങ്ങളുടെ അധികാരവുമായുള്ള ഭരണകൂടത്തിന്റെ ബന്ധത്തെ ധ്വംസിക്കുന്ന മോദി ഗവൺമെന്റിന്റെ ജനവിരുദ്ധ നടപടികളുടെ ഏറ്റവും ഉയർന്ന രൂപമാണു് പുതിയ കാർഷിക നിയമം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ദേശീയ മുതലാളിത്ത മൂലധനവും അതിന്റെ ഭരണകൂടവും ആഗോള മൂലധന വ്യവസ്ഥയുടെ ഭാഗമായി മാറുന്നതോടെ കീഴാള ജനസമൂഹങ്ങൾ ദേശീയ ജനത എന്ന അസ്തിത്വത്തിൽ നിന്നു് പുറത്തുകടക്കുകയും ആഗോള കോർപ്പറേറ്റ് മൂലധന ശക്തികളുമായി നേരിട്ടേറ്റുമുട്ടുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയായി മുന്നോട്ടു വരികയുമാണു് ചെയുന്നതു്. അങ്ങനെയാണു് പഴയകാലത്തെ ദേശീയ ജനത (people) മുന്നണി-പിന്നണി ശ്രേണികളില്ലാത്ത സ്വതന്ത്ര ജനസഞ്ചയമായി (Multitude) മാറുന്നതു്. കർഷകരും കൈവേലക്കാരും ഐ. സി. ടി. തൊഴിലാളികളും ദളിതരും സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള കീഴാളജനത ആഗോളമൂലധന സാമ്രജ്യത്തിനെതിരെ പൊരുതുന്ന ഒരു ബഹുലവർഗ്ഗമായി മാറുന്നതു് അങ്ങനെയാണു്.
ഇതാണു് നരേന്ദ്രമോദി ഗവണ്മെന്റിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഇപ്പോൾ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ കൃഷിക്കാരടക്കമുള്ള ഇന്ത്യൻ കീഴാളജനസഞ്ചയത്തിന്റെ വിമോചനത്തിനുവേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം കുറിക്കലാക്കിമാറ്റുന്ന രാഷ്ട്രീയ ചരിത്ര പശ്ചാത്തലം.
എന്നാൽ മാറിവന്ന പുതിയ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഈ പുതിയ സ്വാതന്ത്ര്യ സമരം ഒരു മുൻമാതൃകയും ഇല്ലാത്ത ഒരു നൂതന പ്രതിഭാസവും സംഭവവും ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആധുനിക യുഗത്തിൽ എല്ലാ സ്വാതന്ത്ര്യസമരങ്ങളും ഭരണകൂടാധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ വിപ്ലവങ്ങളോ രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഒരു പ്രത്യക്ഷ ശത്രുവിനെതിരേ നടത്തുന്ന വർഗ്ഗ സമരങ്ങളോ ആയിരുന്നു. എന്നാൽ അകവും പുറവുമില്ലാതെ അതിരുകളില്ലാതെ ഭൂമിയെ ഒന്നാകെ ഗ്രസിക്കുന്ന ആഗോള മൂലധനവ്യവസ്ഥയിൽ നിന്നുള്ള കീഴാള ലോകജനസഞ്ചയത്തിന്റെ വിമോചന സമര പ്രസ്ഥാനങ്ങൾ എന്തെന്തെല്ലാം രൂപ ഭാവങ്ങളോടെയാണു് ഉയരാൻ പോകുന്നതെന്നു് നമുക്കു് പ്രവചിക്കാൻ ആവില്ല. എങ്കിലും ഒരു കാര്യം ഇന്നു് വ്യക്തമാണു്. പഴയ ദേശീയ വിമോചന സമരങ്ങളിലോ വിപ്ലവങ്ങളിലോ സംഭവിച്ചതുപോലെ മുന്നണി വർഗ്ഗങ്ങൾ സ്വന്തം തന്ത്രങ്ങൾ ആവിഷ്കരിക്കുകയും പിന്നണി വർഗ്ഗങ്ങളെ അതിലേക്കു് നയിക്കുകയും ചെയ്യുന്ന വിപ്ലവശൈലി ഇനി ലോകത്തു് അപ്പാടെ ആവർത്തിക്കാൻ പോകുന്നില്ല. ഇന്നു് ഇന്ത്യയിൽ സമരരംഗത്തേക്കു് വന്നിരിക്കുന്ന കർഷകരും വിദ്യാർത്ഥികളും അടക്കമുള്ള വിഭാഗങ്ങളൊന്നും ഏതെങ്കിലും സ്വയം തിരിച്ചറിഞ്ഞ വർഗ്ഗങ്ങളുടെ (class for itself) മുന്നണിപ്പടയാൽ നയിക്കപ്പെടുന്നവയല്ല.[5] പഴയ അടഞ്ഞ സ്വത്വ ബോധത്തിൽ (Identity) നിന്നു് പുറത്തുവന്നു് സ്വന്തം സ്വത്വങ്ങളുടെ വിമോചകമായ അനന്യ ഭിന്നതയുടെ (singularity) തുറസ്സിലേക്കു് ഉയരുന്നവയാണു്. ആരും ആരുടേയും പിന്നിലല്ലാത്ത പ്രബുദ്ധ ജനസഞ്ചയങ്ങളാണു്. ജനസഞ്ചയം ആൾക്കൂട്ടമല്ല. ഭരണകൂടാധികാരത്തിനു് അടിമപ്പെട്ടു നിൽക്കുന്ന ഒറ്റപ്പെട്ട അടഞ്ഞ വ്യക്തിസ്വത്വങ്ങളുടെ കൂട്ടമാണു് ആൾക്കൂട്ടം. ഭരണകൂടാത്മകമായ അധികാര ബന്ധമാതൃകയ്ക്കു് പുറത്തു് കീഴാള ബദൽ അധികാരത്തിന്റെ സ്വച്ഛന്ദതയിൽ പ്രവർത്തിക്കുന്ന പരാനുവർത്തന (becoming) ക്ഷമമായ തുറന്ന അനന്യ ഭിന്ന വ്യക്തിത്വങ്ങളുടെ സംഘാതമാണു് ജനസഞ്ചയം. ഇന്നു് ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർ ഏതെങ്കിലും പാർട്ടി കേന്ദ്രങ്ങളുടെ ചരടിൽ ചലിക്കുന്ന പാവകളെപ്പോലെ അഥവാ പോഷക സംഘടനാംഗങ്ങളെ പോലെയല്ല മുന്നേറിക്കൊണ്ടിരിക്കുന്നതു് എന്നു് വ്യക്തമാണു്. അതായതു് അവരുടെ രാഷ്ട്രീയ ശക്തി ഭരണകൂട ഉടമ്പടിയിൽ നിന്നോ ഭരണകൂട ബന്ധമാതൃകയിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ പകർന്നു കിട്ടുന്നതല്ല.[6] മറിച്ചു് ഭരണകൂടാധികാര യന്ത്രത്തിനു് അഥവാ മേലാളാധികാരത്തിനു് മുമ്പേ നിലകൊള്ളുന്ന മനുഷ്യരുടെ ചെറുത്തുനിൽക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയ ശക്തിയാണതു്. ഭരണകൂടാധികാരത്തെ സാധ്യമാക്കുന്നതു് തന്നെ ചെറുത്തുനിൽപ്പിന്റെ അധികാരവുമായുള്ള അതിന്റെ ബന്ധമാണു്. അതിനാൽ ഇന്നു് ലോകത്തു് ആധിപത്യം പുലർത്തിപ്പോരുന്ന തലകീഴായ അധികാര ബന്ധഘടനയെ നേരെ നിർത്തുന്നതിലൂടെ ആ ഘടനയെത്തന്നെ ചരിത്രപരമായി അപ്രസക്തമാക്കുന്ന യുഗ നിർണ്ണായകമായ ഒരു പുതിയ രാഷ്ട്രീയത്തിലേക്കു് ലോകകീഴാള ജനസഞ്ചയം ഇതോടെ ചുവടുവയ്ക്കുകയാണു് ചെയ്യുന്നതു്. ഇതിനർത്ഥം ഭരണകൂടാധികാരത്തിന്റെ അഥവാ മേലാളാധികാരത്തിന്റ അനിവാര്യതയിൽ വിശ്വാസമർപ്പിക്കുന്ന പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ലിബറൽ ജനാധിപത്യവും സോഷ്യലിസ്റ്റ് കേന്ദ്രീകൃത ജനാധിപത്യവും അടക്കമുള്ള എല്ലാ രാഷ്ട്രീയ വ്യവസ്ഥാ സങ്കൽപ്പങ്ങളേയും ഈ പുതിയ രാഷ്ട്രീയം പിന്തള്ളുന്നു എന്നാണു്.
ലിബറൽ പൗരസമൂഹ-ഭരണകൂട ഉടമ്പടിയിൽ നിന്നു് പുറത്താക്കപ്പെടുന്ന കീഴാള ജനത പഴയ അടിമത്തത്തിലേക്കു് മൂകമായി വീണുപോവുകയോ കൈപിടിച്ചു് കയറ്റാൻ ഒരു നേതൃവർഗ്ഗത്തിന്റെ വരവും കാത്തു് നിഷ്ക്രിയമായി നിലകൊള്ളുകയോ അല്ല ഇന്നു് സംഭവിക്കുന്നതു്. കീഴാള ജനത സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്തുകൊണ്ടു് സ്വാതന്ത്ര്യത്തിന്റെ പുതിയ വഴികൾ തുറക്കാൻ മുന്നോട്ടു വരികയാണു് ചെയ്യുന്നതു്.
ഇതിനു കാരണം ആഗോളമൂലധന വ്യവസ്ഥക്കെതിരേ ഉയരുന്ന ഈ പുതിയ സ്വാതന്ത്ര്യ സമരങ്ങൾ ആധുനിക യൂറോപ്യൻ വിപ്ലവങ്ങളുടെയോ ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെയോ മാതൃകകളെ ആവർത്തിക്കുന്നതാവാൻ മാറിവന്ന ലോകചരിത്രം നിശ്ചയമായും അനുവദിക്കില്ല എന്നതാണു്. ഈ പഴയ വിപ്ലവ-വിമോചനപ്രസ്ഥാനങ്ങളെല്ലാം അധികാരി വർഗ്ഗങ്ങളിൽ നിന്നു് ഭരണകൂട പരമാധികാരം പിടിച്ചെടുക്കാൻ വേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യമായാലും സമഗ്രാധിപത്യമായാലും ഈ പ്രസ്ഥാനങ്ങളെല്ലാം നിലനിർത്താൻ ശ്രമിച്ചതു് പരമാധികാരത്തിന്റെ അതീതത്വത്തിൽ (Transcendence) അടിയുറച്ച, കേന്ദ്രവും ഉച്ചനീചശ്രേണികളും അനിവാര്യമായ അധികാര ബന്ധമാതൃകകളെത്തന്നെയാണു്. എന്നാൽ ഇന്നുയർന്നു വരുന്ന കീഴാള ബദൽ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു് പരമാധികാര കേന്ദ്രിതമായ അധികാര ബന്ധങ്ങളുടെ ഘടനാമാതൃകയെ (Paradigm) ആവർത്തിക്കാനാവില്ല. പിടിച്ചെടുക്കപ്പെടുന്ന അതീതാധികാര ബന്ധങ്ങളുടെ സ്ഥാനത്തു് ജീവിതത്തിന്റെ അന്തഃസ്ഥിതമായ (Immanent) സ്വാധികാര ബന്ധങ്ങളെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണു് അവ ബദൽ ജനാധിപത്യ സമരങ്ങളായി മാറുന്നതു്. അതിനാൽ ഇന്നുയർന്നുവരുന്ന ഈ സമരങ്ങളുടെ മാർഗ്ഗവും ലക്ഷ്യവും ആധുനിക പാശ്ചാത്യമാതൃകയിലുള്ള രാഷ്ട്രീയ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കലിന്റേതല്ല മറിച്ചു് പഴയ അധികാര ബന്ധങ്ങൾക്കു് നിലനിൽക്കാനാവാത്ത ഒരു പുതിയ ലോകം നിർമ്മിക്കുന്നതിന്റേതാണു്. [7] ഈ വിധമുള്ള ഒരു പുതു ലോകത്തിന്റെ നിർമ്മിതി യഥാർത്ഥ ജീവിതത്തിലെ ഉൽപ്പാദന ബന്ധങ്ങളിൽ നിന്നു് വിട്ടു നിൽക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു സ്വതന്ത്ര മണ്ഡലത്തിൽ വച്ചു് സംഭവിക്കുക സാധ്യമല്ല. കാരണം സാമ്പത്തിക ജീവിത സമത്വവും രാഷ്ട്രീയ ജീവിത സ്വാതന്ത്ര്യവും ഒരുമിച്ചു ചേരുന്ന ഒരു പുതിയ ലോകത്തിന്റെ നിർമ്മിതിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണു് പുതിയ അധികാര ബന്ധങ്ങളും രൂപപ്പെടുക.
ഒരു വശത്തു് ആഗോളവത്ക്കരിക്കപ്പെട്ട മുതലാളിത്തമൂലധനം ഉൽപ്പാദന പരമല്ലാതാവുകയും മൂലധനം തന്നെ ഒരു വ്യവസായമായി മാറുന്ന പ്രവണത മുഖ്യമായി തീരുകയും ചെയ്യുമ്പോൾ മറുവശത്തു് ഉൽപ്പാദന മേഖലയിലെ മുഖ്യ പ്രവണത പ്രത്യക്ഷ പദാർത്ഥങ്ങളെ വിട്ടു് സേവനങ്ങളുടെയും വിവരങ്ങളുടേയും (Data) അറിവുകളുടേയും അനുഭൂതികളുടേയും ഉത്പ്പാദനത്തിന്റേതായി മാറുകയും ചെയ്യുന്ന ഒരു കാലത്താണു് നാമിന്നു് ജീവിക്കുന്നതു്. ഇങ്ങനെയൊരു കാലത്തു് സ്വാഭാവികമായും ജീവിതവും അദ്ധ്വാനവും തമ്മിലും സ്വകാര്യവും പൊതുകാര്യവും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും സാമ്പത്തികവും രാഷ്ട്രീയവും തമ്മിലും നിലനിന്ന വ്യവസായ മുതലാളിത്തത്തിന്റെ കാലത്തെ വേർതിരിവു് മാഞ്ഞു പോകാൻ തുടങ്ങുന്നു. ഏറ്റവും ചുരുക്കിപറഞ്ഞാൽ ഫാക്റ്ററി മാതൃകയെ വിട്ടു് ഉൽപ്പാദനവും അദ്ധ്വാനവും സാമൂഹ്യവത്ക്കരിക്കപ്പെടുമ്പോൾ അദ്ധ്വാനിക്കുന്നവരുടെ ജീവിതവും ഉൽപ്പാദന പ്രവർത്തനങ്ങളും തമ്മിലുള്ള വിഭജനം ഇല്ലാതാകുന്നു. മൂലധനാധിപത്യത്തിൻ കീഴിലാണെങ്കിൽ പോലും ഉൽപ്പാദനം ജൈവോത്പ്പാദനത്തിന്റെ സ്വഭാവം കൈവരിക്കുകയും അങ്ങനെ അദ്ധ്വാനവും ജീവിതവും ഒന്നാകെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ജീവിതം തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറുകയാണു് ചെയ്യുന്നതു്. ഈ വിധം ശരീരം കൊണ്ടും ബുദ്ധികൊണ്ടും അദ്ധ്വാനിക്കുന്ന ജനസഞ്ചയത്തിന്റെ ജീവിതം തന്നെ മൂലധനാധിപത്യത്തെ ചെറുക്കുന്ന ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതുകൊണ്ടാണു് ബദൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ നയിക്കുന്ന ഒരു സ്വതന്ത്ര മണ്ഡലത്തിന്റെ പ്രവർത്തനമല്ലാതായിത്തീരുന്നതു്. ഈ മാറ്റമാണു് പഴയതരം വിപ്ലവങ്ങളെ ഇന്നു് അപ്രസക്തമാക്കുന്നതു്. ഇതിനുപകരം പഴയ രാഷ്ട്രീയ ഉപരിഘടനയെ അപ്രസക്തമാക്കിക്കൊണ്ടു് ജീവിതവും അദ്ധ്വാനവും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട കീഴാള ജനസഞ്ചയം അവരുടെ ചെറുത്തുനിൽക്കുന്ന ബദൽ അധികാരത്തിന്റെ സാക്ഷാത്ക്കാരത്തിലൂടെ പഴയ അധികാര ബന്ധങ്ങളെ പുരാവസ്തുക്കളാക്കുന്ന പുതിയൊരു ലോകം തന്നെ സൃഷ്ടിക്കുകയാണു് ചെയ്യുന്നതു്.
പഴയ ദേശീയ വിമോചന സമരങ്ങളിലോ വിപ്ലവങ്ങളിലോ സംഭവിച്ചതുപോലെ മുന്നണി വർഗ്ഗങ്ങൾ സ്വന്തം തന്ത്രങ്ങൾ ആവിഷ്കരിക്കുകയും പിന്നണി വർഗ്ഗങ്ങളെ അതിലേക്കു് നയിക്കുകയും ചെയ്യുന്ന വിപ്ലവശൈലി ഇനി ലോകത്തു് അപ്പാടെ ആവർത്തിക്കാൻ പോകുന്നില്ല.
അതുകൊണ്ടു് ഇന്നു് ആഗോള മുതലാളിത്തത്തിനും അതിന്റെ സാമന്തന്മാർക്കുമെതിരേ ദില്ലി നഗരത്തെ ഉപരോധിക്കുന്ന കർഷക സമൂഹം ജീവിതം തന്നെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജനസഞ്ചയമാണെന്നു പറയാം. കാരണം കർഷകർ ഇന്നു് ഒരു പ്രാങ്-മുതലാളിത്ത ഉൽപ്പാദക സമൂഹമല്ല. സാമൂഹ്യവത്ക്കരിക്കപ്പെട്ട, ആഗോളമുതലാളിത്ത കാലത്തെ ഉൽപ്പാദന വ്യവസ്ഥയിൽ കീഴാളവർഗ്ഗങ്ങൾക്കു് മുന്നണി പിന്നണി വിഭജനം ഇല്ലാത്തതുകൊണ്ടു് സമരം ചെയ്യുന്ന കർഷകർ ഇന്ത്യയിലെ കൈവേലക്കാരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളുമെല്ലാമടങ്ങുന്ന കീഴാള ജനസഞ്ചയത്തിന്റെ രാഷ്ട്രീയ ഇച്ഛയെ മുഴുവൻ ഏറ്റെടുത്തവരാണു്. ഈ വിധം ഇന്ത്യൻ ലിബറൽ മുതലാളിത്ത ഭരണകൂടത്തിനു് കീഴാള ജനതയുമായുള്ള സ്വാതന്ത്ര്യാനന്തര ജനാധിപത്യ ഉടമ്പടിയെ ആഗോളമൂലധന ശക്തികൾക്കുവേണ്ടി നരേന്ദ്രമോദി ഗവൺമെന്റ് തള്ളിക്കളയുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ വിമോചകമായ ശക്തികളെ മുഴുവൻ തകർന്നു പോകാതെ ഇന്നു് തോളിലേറ്റിയിരിക്കുകയാണു് നമ്മുടെ കർഷക സമൂഹം. അങ്ങനെ തകർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽനിന്നും കീഴാളജനതയുടെ സ്വാതന്ത്ര്യ തൃഷ്ണയിൽനിന്നു് രൂപപ്പെട്ട അതിന്റെ ഉള്ളടക്കത്തെ, അതായതു് ഇന്ത്യൻ ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തികളെ തളരാതെ ഉയർത്തിപ്പിടിക്കുകയും മുന്നോട്ടുള്ള പുതുവഴി തുറക്കാൻ ശ്രമിക്കുകയുമാണു് ഇന്ത്യക്കുവേണ്ടി പൊരുതുന്ന കർഷകർ ഇന്നു് ചെയ്യുന്നതു്.
ഈ പ്രക്ഷോഭം തുറന്നു വിട്ടിരിക്കുന്ന പുതുമയും മൗലികതയും കണക്കിലെടുക്കുമ്പോൾ അതിന്റെ പുതിയ ലക്ഷ്യത്തിലേക്കുള്ള യാത്ര അഭൂതപൂർവ്വമായ അനുഭവങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മുതലാളിത്ത ലിബറൽ രാഷ്ട്രീയത്തിന്റയോ സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെയോ സംഘടനാ രൂപങ്ങളും നേതൃത്വ സങ്കൽപ്പങ്ങളും അപ്രസക്തമായി തീരുന്ന ഭാവി രാഷ്ട്രീയത്തിലേക്കുള്ള മാനവരാശിയുടെ ഒരു പുതുപ്പുറപ്പാടിന്റെ തുടക്കമാണിതു്.
ഭരണകൂടാധികാരത്തെ സാധ്യമാക്കുന്നതു് തന്നെ ചെറുത്തുനിൽപ്പിന്റെ അധികാരവുമായുള്ള അതിന്റെ ബന്ധമാണു്. അതിനാൽ ഇന്നു് ലോകത്തു് ആധിപത്യം പുലർത്തിപ്പോരുന്ന തലകീഴായ അധികാര ബന്ധഘടനയെ നേരെ നിർത്തുന്നതിലൂടെ ആ ഘടനയെത്തന്നെ ചരിത്രപരമായി അപ്രസക്തമാക്കുന്ന യുഗ നിർണ്ണായകമായ ഒരു പുതിയ രാഷ്ട്രീയത്തിലേക്കു് ലോകകീഴാള ജനസഞ്ചയം ഇതോടെ ചുവടുവയ്ക്കുകയാണു് ചെയ്യുന്നതു്.
ഈ പുതിയ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അധികാര ബന്ധ സങ്കൽപ്പത്തിൽ മാറ്റം വരുന്നു എന്നു് മാത്രമല്ല അതോടൊപ്പം രാഷ്ട്രീയ സംഘടനാ രൂപത്തിലും അടിസ്ഥാനപരമായ മാറ്റം സംഭവിക്കുന്നു എന്നതാണു് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വസ്തുത. ഇന്നോളം ആധുനിക രാഷ്ട്രീയത്തിന്റെ എല്ലാ സംഘടനാരൂപങ്ങളും ഭരണകൂടത്തിന്റെ അധികാര കേന്ദ്രീകരണത്തേയും ശ്രേണീകരണത്തേയും (Hierarchy) തന്നെ മാതൃകയാക്കുന്നവയായിരുന്നു. ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ചു് എന്തു പറഞ്ഞാലും പാർട്ടികളുടെ അടിസ്ഥാന രാഷ്ട്രീയ തന്ത്രങ്ങളെ ആശ്രയിച്ചു് അന്തിമ തീരുമാനങ്ങൾ എടുക്കുന്നതു് ഏറ്റവും മുകളിലുള്ള നേതൃത്വമോ അല്ലെങ്കിൽ ഒരു നേതാവോ ആയിരിക്കും. ജനങ്ങൾ സ്വയം ഭരണശേഷി ഇല്ലാത്തവരാകയാൽ ബലമായി ഭരിക്കപ്പെടേണ്ടവരാണെന്ന ധാരണ പോലെതന്നെ ജനങ്ങൾ എക്കാലവും നയിക്കപ്പെടേണ്ട പറ്റങ്ങൾ ആയിരിക്കുമെന്ന ധാരണയാണു് നേതൃത്വത്തിൽ കേന്ദ്രീകരിക്കുന്ന ഉച്ചനീച ക്രമത്തിലുള്ള ലംബമാനമായ (Vertical) ഘടനകളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു് പിന്നിൽ പ്രവർത്തിക്കുന്നതു്. ഭരണകൂട മാതൃകയിലുള്ള പഴയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ലംബമാനമായ ഈ ഘടനയിൽ നിന്നാണു് ഇപ്പോൾ സമരമുഖത്തുള്ള ലോക കീഴാള ജനസഞ്ചയം പുറത്തുകടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതു്. ഇതിനർത്ഥം എല്ലാ കാലവും മനുഷ്യസമൂഹം നേതൃത്വത്തിന്റെ രഹസ്യ തന്ത്രങ്ങൾക്കനുസരിച്ചു് ചലിക്കുന്ന പാവകളായിരിക്കില്ല എന്നാണു്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം മുതൽക്കു് ലംബമാനമായ പഴയ രാഷ്ട്രീയ സംഘടനാ രൂപങ്ങൾ ഉപേക്ഷിച്ചു് ജനങ്ങൾ ചെറുത്തുനിൽക്കുന്ന അധികാരത്തിന്റെ പരസ്പരാശ്രിതത്വത്തിലും പരസ്പര ബന്ധത്തിലും അധിഷ്ഠിതമായ ബദൽ സംഘടനാ രൂപങ്ങളുടെ തിരശ്ചീന (Horizondal) ഘടനയിലേക്കു് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ടു്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന ആയിരങ്ങളും പതിനായിരങ്ങളും വീടുവിട്ടു പുറത്തിറങ്ങി ഭരണത്തെ സ്തംഭിപ്പിച്ചുകൊണ്ടു് പൊതുസ്ഥലങ്ങളിലും നിരത്തുകളിലും തമ്പടിച്ചു പാർക്കുന്ന ഈ ഉപരോധ സമരങ്ങളെ ലോകമാധ്യമങ്ങളടക്കം പഴയ രാഷ്ട്രീയത്തിന്റെ വക്താക്കളെല്ലാം അമ്പരപ്പോടെയാണു് കണ്ടതു്.
ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങിയ ഈ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നവഫാസിസ്റ്റ് വർഗ്ഗീയതയടക്കമുള്ള യാഥാസ്ഥിതിക ശക്തികളെ ജനപ്രിയമാക്കുന്നതിലൂടെ നേരിടാനാണു് ആഗോള മുതലാളിത്തം ശ്രമിച്ചതു്. എന്നാൽ അതുകൊണ്ടൊന്നും അടിത്തട്ടിൽ നിന്നുയരുന്ന ഈ കീഴാള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നോട്ടു വരവു് പലരും പ്രതീക്ഷിച്ചതുപോലെ നിലച്ചു പോയിട്ടില്ല എന്നാണു് സമീപകാല ലോകരാഷ്ട്രീയം തെളിയിക്കുന്നതു്. അമേരിക്കയിൽ കറുത്തവർക്കും ഹംഗറിയിൽ കലാവിദ്യാർത്ഥികൾക്കും ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും നേരെ ഉയർന്ന ഭരണകൂട അതിക്രമങ്ങൾക്കെതിരേ രൂപപ്പെട്ട ഉപരോധ സമരങ്ങൾക്കു് ലോകവ്യാപകമായ വൻപിച്ച പിന്തുണയാണുണ്ടായതു്. സ്ത്രീപുരുഷ ഭേദമില്ലാതെ ജനങ്ങൾ ഭരണകൂടത്തിനെതിരെ പൊതുസ്ഥലങ്ങളിൽ തമ്പടിച്ചു നടത്തുന്ന പുതിയ ജനസഞ്ചയ ജനാധിപത്യ സമരങ്ങളുടെ ഏറ്റവും പുതിയ ഉജ്ജ്വലമായ ഉദാഹരണമാണു് ഇപ്പോൾ തലസ്ഥാന നഗരിയെ ഉപരോധിച്ചു കൊണ്ടു് ഇന്ത്യൻ കർഷകർ നടത്തുന്ന പ്രക്ഷോഭം. ഈ പ്രക്ഷോഭത്തെ ചരിത്ര പ്രധാനമാക്കുന്ന വസ്തുത തന്നെ ഭൂരിപക്ഷ മത രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ കീഴാള ജനതയെ കോർപ്പറേറ്റ് കൊള്ളയ്ക്കു് എത്ര വേണമെങ്കിലും തുറന്നുകൊടുക്കാമെന്നും അനായാസം സ്വേച്ഛാധിപത്യ പരമായി അടിച്ചമർത്താമെന്നും വ്യാമോഹിച്ച നരേന്ദ്രമോദിയ്ക്കു് കീഴാള ജനസഞ്ചയ ശക്തിയുടെ വിശ്വരൂപം ഒന്നു കാട്ടിക്കൊടുക്കാൻ കഴിഞ്ഞു എന്നതാണു്.
എന്നാൽ ഭരണകൂടാധിപത്യത്തിനെതിരെയുള്ള ഇത്തരം ജനസഞ്ചയ ജനാധിപത്യ പ്രക്ഷോഭങ്ങൾ ഒരു ചെറിയ തുടക്കം മാത്രമാണു്. അടിത്തട്ടിൽ നിന്നുള്ള ഈ പുതിയ കീഴാള ബദൽ ജനാധിപത്യത്തിന്റെ സംഘടനാരൂപങ്ങളും സ്ഥാപനങ്ങളും ഇനിയും രൂപപ്പെടാനിരിക്കുന്നതേയുള്ളൂ. പഴയ നാടുവാഴിത്ത വ്യവസ്ഥകൾക്കെതിരേ ആധുനിക ജനാധിപത്യത്തിന്റെ രാഷ്ട്രീയ സംഘനാരൂപങ്ങളും സ്ഥാപനങ്ങളും രൂപപ്പെടാൻ നൂറ്റാണ്ടുകൾ തന്നെ എടുത്തു എന്ന വസ്തുത നാം മറന്നുകൂടാ. ഭരണകൂടാത്മകമായ എല്ലാ ജനാധിപത്യ സങ്കല്പങ്ങളുടേയും പരിമിതികളെ മറികടന്നുകൊണ്ടു് ഇന്നുയർന്നുവന്നുകൊണ്ടിരിക്കുന്ന കീഴാള ജനസഞ്ചയ ജനാധിപത്യവും ഇതുപോലെ തികച്ചും പുതിയ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു.
ഉൽപ്പാദനം ജൈവോത്പ്പാദനത്തിന്റെ സ്വഭാവം കൈവരിക്കുകയും അങ്ങനെ അദ്ധ്വാനവും ജീവിതവും ഒന്നാകെ രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ജീവിതം തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറുകയാണു് ചെയ്യുന്നതു്. ഈ വിധം ശരീരം കൊണ്ടും ബുദ്ധികൊണ്ടും അദ്ധ്വാനിക്കുന്ന ജനസഞ്ചയത്തിന്റെ ജീവിതം തന്നെ മൂലധനാധിപത്യത്തെ ചെറുക്കുന്ന ഒരു രാഷ്ട്രീയ ശക്തിയായി ഉയരുന്നതുകൊണ്ടാണു് ബദൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയം തൊഴിലായി സ്വീകരിച്ചവർ നയിക്കുന്ന ഒരു സ്വതന്ത്ര മണ്ഡലത്തിന്റെ പ്രവർത്തനമല്ലാതായിത്തീരുന്നതു്.
സ്വകാര്യ സ്വത്തിലും സ്വകാര്യ വ്യക്തിസ്വത്വത്തിലും അധിഷ്ഠിതമായ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ രാഷ്ട്രീയ നരവംശ ശീലങ്ങളിൽ നിന്നും സങ്കുചിത ജീവിതസങ്കല്പങ്ങളിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഈ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കു് മുന്നോട്ടു പോകാനാവൂ. മേലാളനെ ഭയന്നും നേതാവിനെ അനുസരിച്ചും അയൽക്കാരനെ വെറുത്തും അപരനെ ചെറുത്തും തുടർന്നുപോരുന്ന ജീവിതത്തിന്റെ മാതൃകയിൽ നിന്നും കീഴാള ജനസഞ്ചയത്തിന്റെ ബദൽ ജനാധിപത്യ രാഷ്ട്രീയത്തിലൂടെ മാനവരാശി പുറത്തേക്കു് വരാൻ തുടങ്ങിയിരിക്കുന്നതാണു് നാം ഇന്നു് കാണുന്നതു്. ആധുനിക ജീവിതത്തിന്റെ കൃത്രിമമായ സ്വകാര്യ/പൊതു വിഭജനത്തെ മറികടന്നു് സമൂഹപ്രകൃതിയുടെ സർവ്വസ്വമായ (Common) സമ്പത്തുകളിലേക്കും സിദ്ധികളിലേക്കും വീടകങ്ങൾ വിട്ടു് ആൺ-പെൺ ഭേദമില്ലാതെ പുതിയൊരു ലോകത്തേക്കു് ഇറങ്ങിവരാനുള്ള പരീക്ഷണമാണു് പുതിയ ജനസഞ്ചയ ജനാധിപത്യ പ്രക്ഷോഭങ്ങൾ തന്നെ. സ്വാർത്ഥ വലയിതമായ സ്വകാര്യ പൗരജീവിതത്തിൽ നിന്നും പരസ്പരം സംക്രമിക്കാൻ അഥവാ സ്നേഹിക്കാൻ മനുഷ്യർ കരുത്താർജ്ജിക്കുന്ന, അങ്ങനെ സ്നേഹം ഒരു രാഷ്ട്രീയ ശക്തിയായി മാറുന്ന ഒരു പുതിയ ജീവിത മാതൃകയിലേക്കു് കടക്കാനുള്ള പരീക്ഷണം കൂടിയാണിതു്. സ്വാർത്ഥതയുടെ കവചങ്ങൾ വെടിഞ്ഞു് രണ്ടുപേർ പരസ്പരം സംക്രമിക്കുമ്പോൾ, സ്നേഹിക്കുമ്പോൾ ഓരോ ആളും രണ്ടുപേർ ആവുകയാണു്, ഓരോ ആളിനും രണ്ടുപേരുടെ ശക്തി കൈവരികയാണു് ചെയ്യുന്നതു്. അങ്ങനെ ആയിരങ്ങൾ പരസ്പരം സംക്രമിക്കുമ്പോൾ ഓരോ ആളും ആയിരങ്ങളായി മാറുകയാണു്. അപ്രതിരോദ്ധ്യവും അനന്തവുമായ ഈ സ്നേഹശക്തിയാണു് ഭരണകൂടാധികാരത്തെ ചെറുത്തുയരുന്ന ബദൽ അധികാരത്തിന്റെ ഉള്ളടക്കം. ഈ സ്നേഹാധികാരത്തിൽ നിന്നാണു് ബദൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പുതിയ സംഘടനാ രൂപങ്ങളും സ്ഥാപനങ്ങളും രൂപപ്പെടാൻ പോകുന്നതു്.
ഈ ബദൽ അധികാര സങ്കല്പവും അതിന്റെ സ്ഥാപനങ്ങളും ഒരു ഉട്ടോപ്യൻ സ്വപ്നമല്ലെന്നതിനു് ഇന്നു് പുരാ-നരവംശ ശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ തന്നെ ശക്തമായ തെളിവുകൾ നൽകുന്നുണ്ടു്. ലോകം കേന്ദ്രീകൃതവും ശ്രേണീകൃതവുമായ ഭരണകൂടാത്മക (Statist) അധികാര ബന്ധ മാതൃകകൾക്കു് പൂർണ്ണമായും കീഴ്പ്പെടുന്നതിനു മുൻപു് അതിനെ ശക്തിയായി ചെറുത്തുകൊണ്ടു് മനുഷ്യവംശം ആവിഷ്ക്കരിച്ച ബദൽ അധികാര മാതൃകകളെ കുറിച്ചുള്ളതാണു് ഈ പുതിയ കണ്ടെത്തലുകൾ. ഈ അധികാര ബന്ധ മാതൃകകൾ ഉൽപ്പാദന ശക്തികൾ വികസിക്കാത്ത പ്രാകൃത കമ്മ്യൂണിസത്തിന്റേതല്ല.[8] പുരാതന സാമ്രാജ്യ വ്യവസ്ഥകൾക്കു് കീഴിൽ ഭരണകൂടാധികാര മാതൃകകൾ ഒഴിവാക്കുന്ന ഭരണകൂടരഹിത സമൂഹങ്ങളെ കുറിച്ചും (Stateless Societies) ഭരണകൂടാധികാരത്തെ ചെറുക്കുന്നതിനുള്ള സങ്കേതങ്ങൾ ആവിഷ്കരിക്കുന്ന ഭരണകൂട വിരുദ്ധ സമൂഹങ്ങളെ (Counter State societies) കുറിച്ചുമുള്ളവയാണു് ഈ പുരാനരവംശശാസ്ത്ര വെളിപ്പെടുത്തലുകൾ. ഈ ജീവിത മാതൃകയെ ഉന്നതവും ഭിന്നവുമായി ആവർത്തിക്കുന്നതിനുള്ള ഇനിയും ഉറച്ചിട്ടില്ലാത്ത പിച്ചച്ചുവടുകളുടെ തുടക്കം മാത്രമാണു് പുതിയ ബദൽ ജനാധിപത്യ സമരങ്ങളിൽ ഇന്നു് നാം കാണുന്നതു്.
മേലാളനെ ഭയന്നും നേതാവിനെ അനുസരിച്ചും അയൽക്കാരനെ വെറുത്തും അപരനെ ചെറുത്തും തുടർന്നുപോരുന്ന ജീവിതത്തിന്റെ മാതൃകയിൽ നിന്നും കീഴാള ജനസഞ്ചയത്തിന്റെ ബദൽ ജനാധിപത്യ രാഷ്ട്രീയത്തിലൂടെ മാനവരാശി പുറത്തേക്കു് വരാൻ തുടങ്ങിയിരിക്കുന്നതാണു് നാം ഇന്നു് കാണുന്നതു്.
ഈ പുതിയ ബദൽ ജനാധിപത്യ പ്രക്ഷോഭങ്ങളെ നേതൃരഹിത സമരങ്ങൾ എന്നാണു് പൊതുവെ വിശേഷിപ്പിക്കപ്പെട്ടു പോരുന്നതു്. നേതൃബിംബങ്ങൾ കൂടാതെ സമരങ്ങൾ സാധ്യമല്ല എന്നു് വിശ്വസിക്കുന്ന പഴയ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നേരിടുന്ന ആശയക്കുഴപ്പം കൂടി ഈ പേരിനു പിന്നിലുണ്ടു്. എന്നാൽ ഈ സമരങ്ങളൊന്നും യഥാർത്ഥത്തിൽ നേതൃരഹിത സമരങ്ങളല്ല. ഈ സമരങ്ങൾ ചുക്കാനില്ലാത്ത തോണിപോലെ ലക്ഷ്യമില്ലാതെ അലയുകയല്ല ചെയ്യുന്നതു്. അവയുടെ നേതൃത്വം മാർഗ്ഗവും ലക്ഷ്യവും മുൻകൂട്ടി അറിയുന്ന, വഴിയറിയാത്ത പറ്റങ്ങളെ ആട്ടിത്തെളിക്കുന്ന ഇടയന്റേതല്ല. ബദൽ ജനാധിപത്യ സമരങ്ങളിൽ സംഭവിക്കുന്നതു്. സമരങ്ങളുടെ തന്ത്രം (strategy) മുൻ കൂട്ടി അറിയുകയും അതനുസരിച്ചു് തീരുമാനം എടുക്കുകയും ചെയ്യുന്ന നേതൃകേന്ദ്രത്തെ ജനങ്ങൾ പിരിച്ചു വിടുകയും സ്വന്തം സമരത്തിന്റെ തന്ത്രത്തിനനുസരിച്ചു് പ്രവർത്തിക്കാനുള്ള ഉപകരണങ്ങളായി നേതാക്കളെ സൃഷ്ടിക്കുകയുമാണു്. [9] അങ്ങനെ നേതൃത്വമില്ലാതാവുകയല്ല മറിച്ചു് നേതാവും അണികളും തമ്മിലുള്ള പഴയ ബന്ധം തലകീഴു് മറിയുകയും ജനങ്ങൾ യഥാർത്ഥ നേതാക്കളായി പുതിയ രാഷ്ട്രീയ സമരങ്ങളിൽ ഉയരുകയുമാണു് ചെയ്യുന്നതു്. ഈ വിധം നേതൃത്വത്തെ ഉപകരണമാക്കുന്നതിലൂടെ നേതാക്കളിൽ അധികാരം കേന്ദ്രീകരിക്കാനുള്ള സാദ്ധ്യതയെ ഒഴിവാക്കുകയാണു് പുതിയ ജനസഞ്ചയ ജനാധിപത്യ രാഷ്ട്രീയം. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകമെങ്ങും ഉയർന്നു വന്ന ജനസഞ്ചയ ജനാധിപത്യ സമരങ്ങൾ തുടങ്ങി ഇപ്പോൾ ദില്ലിയിൽ തമ്പടിച്ചിരുന്ന കർഷക കൂട്ടായ്മയിൽ വരെ നേതൃത്വവും അധികാരവും തമ്മിലുള്ള പഴയ ബന്ധം തലകീഴു് മറയുന്നതു് പ്രകടമാണു്.
നരേന്ദ്രമോദി ഗവണ്മെന്റ് കൊണ്ടുവന്ന കർഷക ദ്രോഹ നിയമങ്ങൾക്കും മറ്റു പല ജനാധിപത്യ വിരുദ്ധ നടപടികൾക്കുമെതിരെ ഇന്നു് ഉയർന്നുവന്നു കൊണ്ടിരിക്കുന്ന സമരങ്ങൾ ഇന്ത്യൻ കീഴാള ജനതയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായി തിരിച്ചറിയപ്പെടുന്നതിനു് പലകാരണങ്ങൾ ഉണ്ടു്. 1947-ൽ സംഭവിച്ചതു് ഇന്ത്യൻ മണ്ണിന്റെ യഥാർത്ഥ അവകാശികളുടെ സ്വാതന്ത്ര്യലബ്ധി ആയിരുന്നില്ലെന്നും അതിനു് ഇനിയും വളരെദൂരം മുന്നോട്ടു പോകാനുണ്ടെന്നും കരുതുന്ന വ്യത്യസ്ത രാഷ്ട്രീയ സമീപനങ്ങൾ അക്കാലത്തുതന്നെ പ്രബലമായിരുന്നു. ഈ നിലപാടു് ഏറ്റവും ഉച്ചത്തിൽ തുറന്നു പ്രഖ്യാപിച്ചതു് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളാണു്. തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ ഇന്ത്യൻ വിപ്ലവം പൂർത്തീകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആ മാർഗ്ഗങ്ങളെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകൾ കാരണമാണു് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പലതായി പിളർന്നതുതന്നെ. ഇന്നു് ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങൾക്കായുള്ള സമരങ്ങൾ സോവിയറ്റ് മാതൃകയെ തള്ളിക്കളയുന്ന ബദൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ പുതിയ സാഹചര്യത്തിൽ ഇന്ത്യൻ കീഴാള ജനസഞ്ചയവും സമ്പൂർണ്ണ ജനാധിപത്യ സ്വാതന്ത്ര്യത്തിനായുള്ള സമരം തുടങ്ങിയിരിക്കുന്നു എന്നു് പറയാം.
സമരങ്ങളുടെ തന്ത്രം (strategy) മുൻ കൂട്ടി അറിയുകയും അതനുസരിച്ചു് തീരുമാനം എടുക്കുകയും ചെയ്യുന്ന നേതൃകേന്ദ്രത്തെ ജനങ്ങൾ പിരിച്ചു വിടുകയും സ്വന്തം സമരത്തിന്റെ തന്ത്രത്തിനനുസരിച്ചു് പ്രവർത്തിക്കാനുള്ള ഉപകരണങ്ങളായി നേതാക്കളെ സൃഷ്ടിക്കുകയുമാണു്.
ഈ സമരങ്ങളുടെ രാഷ്ട്രീയത്തിൽ ഭരണകൂടാത്മകമായ അധികാര ബന്ധങ്ങളിൽ നിന്നും സർവ്വസ്വമായ (common) സമൂഹ-പ്രകൃതി ശക്തികളുടെ സ്വകാര്യവത്ക്കരണത്തിൽ നിന്നും മുക്തമായ മനുഷ്യ ജീവിതത്തെ സ്വപ്നം കണ്ട മാർക്സിന്റെ സാന്നിദ്ധ്യമുണ്ടു്.[10] ഈ മാർക്സ് കറുത്ത അടിമതൊഴിലാളികളുടെ മോചനത്തിലൂടെ മാത്രമേ മുതലാളിത്ത മൂലധനാധിപത്യത്തിൽ നിന്നു് ലോകത്തെ സമസ്ത കൂലി അടിമകൾക്കും മോചനമുള്ളൂ എന്നു് പറഞ്ഞ മാർക്സാണു്.[11] അതുമാത്രമല്ല കമ്മ്യൂണിസ്റ്റ് സമൂഹത്തിന്റെ നിർമ്മിതിക്കു് മുതലാളിത്തവികസനം അനിവാര്യമല്ലെന്നും എല്ലാം എല്ലാവരുടേതുമായ കാർഷിക ഗോത്ര സമൂഹങ്ങളുടെ ജീവിത ബന്ധങ്ങളിൽ നിന്നുതന്നെ കമ്മ്യൂണിസത്തിലേക്കു് നേരിട്ടു് കടക്കാമെന്നും പറയുന്നതിലൂടെ സ്റ്റാലിനിസത്തിന്റെ തടവറയിൽ നിന്നും പുറത്തുകടന്ന മാർക്സാണിതു്.
ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യലബ്ധി ഇന്ത്യൻ കീഴാളജനതയുടെ സ്വാതന്ത്ര്യലബ്ധിയായിരുന്നില്ല എന്നു് ഏറ്റവും ശക്തിയായി പ്രഖ്യാപിച്ചതു് ആ സ്വാതന്ത്ര്യ സമരം നയിച്ച ഗാന്ധി തന്നെ ആണു്. കർഷകരടക്കമുള്ള കീഴാള ജനതയെ സമരശക്തിയായി ഉയർത്തി എടുത്തുകൊണ്ടു് ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യൻ മുതലാളിത്ത ശക്തികളെ മുൻനിർത്തി കോളനിവാഴ്ചക്കെതിരെ സമരം നയിക്കുകയാണു് ഗാന്ധി ചെയ്തതു്. ആ നിലയ്ക്കു് പഴയ കമ്മ്യൂണിസ്റ്റ് പരികല്പനകൾ പ്രകാരം ‘ദേശീയ ജനാധിപത്യ’മെന്നോ ‘ജനകീയ ജനാധിപത്യ’മെന്നോ വിളിക്കാവുന്ന ബൂർഷ്വാ വിപ്ലവത്തിന്റെ പൂർത്തീകരണമായിരുന്നു ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം. ഈ വിപ്ലവത്തിന്റെ അപൂർണ്ണതയെ കുറിച്ചു് മറ്റാരേക്കാളും ഗാന്ധിക്കുണ്ടായിരുന്ന തികഞ്ഞ ബോധ്യത്തിൽ നിന്നാണു് ബ്രിട്ടീഷുകാരിൽ നിന്നു് ഇന്ത്യൻ മുതലാളി വർഗ്ഗത്തിന്റെ കൈകളിലേക്കു് വന്ന സ്വാതന്ത്ര്യം അഥവാ സ്വരാജ്, പാർലമെന്ററി സ്വരാജ് ആണെന്നും പൂർണ്ണ സ്വരാജിനുവേണ്ടിയുള്ള സമരം ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു എന്നും ഗാന്ധി പറഞ്ഞതു്. ഗാന്ധിയിൽ പ്രവർത്തിച്ച ഈ വിപ്ലവ രാഷ്ട്രീയം സ്റ്റാലിനിസ്റ്റുകളായിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കു് അന്നു് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണു് ഹോചിമിൻ, തന്നെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കു തുല്യനായി ഗാന്ധിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണമായിരുന്നു എന്നു് പിന്നീടു് കെ. ദാമോദരനോടു് പറഞ്ഞതു്. ചുരുക്കത്തിൽ ഗാന്ധി തുടക്കം കുറിക്കാൻ ശ്രമിച്ചതും തുടക്കത്തിൽ തന്നെ നിലച്ചുപോയതുമായ പൂർണ്ണസ്സ്വരാജിനുവേണ്ടിയുള്ള സമരം അഥവാ രണ്ടാം സ്വാതന്ത്ര്യ സമരം കഠിനയാതനകളുടെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ കീഴാള ജനത ഇന്നു് വീണ്ടും ഏറ്റെടുത്തിരിക്കുന്നു… എന്നാൽ ഇന്നു് ദില്ലി നഗരത്തെ ഉപരോധിച്ചിരിക്കുന്ന കർഷകർ ചമ്പാരൻ സമരകാലത്തു് ഗാന്ധിക്കു് പിന്നാലെ ഹതാശരായി തലകുനിച്ചു നടന്ന കർഷകരല്ല. എങ്കിലും ഗാന്ധി ഒരു മഹാരാഷ്ട്രീയ ശക്തിയായി ഉയർത്തിയെടുത്ത ഇന്ത്യൻ കർഷക സമൂഹങ്ങളുടെ പിന്മുറക്കാരാണു് ഗാന്ധിയുടെ സ്വാതന്ത്ര്യ സ്വപ്നത്തിന്റെ പൂർത്തീകരണത്തിനായി ഇന്നു് ദില്ലിയിലെ കൊടും തണുപ്പിൽ തമ്പടിച്ചു് സ്വയം സമരം നയിക്കുന്ന കർഷകർ.
ഗാന്ധിയിൽ പ്രവർത്തിച്ച ഈ വിപ്ലവ രാഷ്ട്രീയം സ്റ്റാലിനിസ്റ്റുകളായിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കു് അന്നു് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണു് ഹോചിമിൻ, തന്നെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കു തുല്യനായി ഗാന്ധിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ തിരിച്ചറിയണമായിരുന്നു എന്നു് പിന്നീടു് കെ. ദാമോദരനോടു് പറഞ്ഞതു്.
സാമൂഹികവും സാമ്പത്തികവുമായ സമത്വം കണക്കിലെടുക്കാത്ത രാഷ്ട്രീയസ്വാതന്ത്ര്യം പൊള്ളയാണെന്നു് വിശ്വസിച്ച മറ്റൊരു ഇന്ത്യൻ നേതാവു് ഡോക്ടർ. അംബേദ്ക്കർ ആണു്. അസമത്വത്തിലും ഉച്ചനീചത്വങ്ങളിലും അടിയുറച്ചു നിൽക്കുന്ന ഇന്ത്യൻ നവസവർണ്ണ മുതലാളിവർഗ്ഗം നയിക്കുന്ന ഭരണകൂടത്തിൽ നിന്നും ദളിതർക്കും ആദിവാസികൾക്കുമൊന്നും നീതി കിട്ടാൻ പോകുന്നില്ലെന്നു് അംബേദ്ക്കർക്കു് അവസാന കാലത്തു് ബോധ്യം വന്നിരുന്നു.[12] ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ കൈകളിൽ ഇന്ത്യൻ ഭരണഘടന തന്നെ അർത്ഥശൂന്യമായി ത്തീരുന്നു എന്നു് ബോദ്ധ്യം വന്നതുകൊണ്ടാണു് താൻ മുഖ്യശിൽപ്പിയായ ആ ഭരണഘടനയ്ക്കു് പരസ്യമായി തീയിടാൻ ആരെങ്കിലും തയ്യാറായൽ താൻ കൂടി അതിനു മുന്നിലുണ്ടാവുമെന്നു് രോഷാകുലനും ദുഃഖിതനുമായി അദ്ദേഹം ഇന്ത്യൻ പാർലമെന്റിൽ തുറന്നു പറഞ്ഞതു്. ഗാന്ധിയുടെ വധത്തിനു ശേഷം ആ വിടവു നികത്താൻ ഇന്ത്യയിലെ കർഷകരും ദളിതരും ദരിദ്രരുമടക്കമുള്ള സമസ്ത കീഴാളരുടേയും നേതൃത്വമേറ്റെടുത്തു കൊണ്ടു് പുതിയൊരു സമരത്തിനു് തുടക്കം കുറിക്കാനുള്ള രാം മനോഹർ ലോഹ്യയുടെ ക്ഷണം സ്വീകരിച്ചതിനു ശേഷമാണു് ഡോക്ടർ. അംബേദ്ക്കർ ആകസ്മികമായി മരണമടഞ്ഞതു്. അതുകൊണ്ടു് അംബേദ്ക്കർ പൂർത്തീകരിക്കാൻ ആഗ്രഹിച്ച കീഴാള വിമോചനത്തിനു വേണ്ടിയുള്ള സമരങ്ങളുടെ തുടർച്ചയാണു് മേലാള ഭരണവർഗ്ഗങ്ങൾക്കെതിരേ ഇന്ത്യയിൽ ഇന്നു് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ബദൽ ജനാധിപത്യ പ്രക്ഷോഭങ്ങൾ എന്നു് പറയാം.
മേൽ വിവരിച്ച രാഷ്ട്രീയ ചരിത്ര വസ്തുതകളിൽ നിന്നു് തെളിഞ്ഞു വരുന്നതു് ആഗോള മൂലധന സാമ്രാജ്യ വാഴ്ചയും ലോക കീഴാള ജനസഞ്ചയവും തമ്മിൽ ഏറ്റുമുട്ടുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബദൽ ജനാധിപത്യ വിപ്ലവ സമരങ്ങളിൽ മാർക്സിന്റേയും ഗാന്ധിയുടെയും അംബേദ്ക്കറുടെയും ന്യൂനപക്ഷാത്മകവും (Minoritarian) വിമോചകവുമായ രാഷ്ട്രീയം നൂതനമായി ആവേശകരമാം വിധം ആവർത്തിക്കുന്നു എന്നാണു്. അതുകൊണ്ടുതന്നെ സ്റ്റാലിനിസത്തിന്റെ തടവറയിൽ നിന്നു് പുറത്തുവന്ന മാർക്സിന്റേയും നവസവർണ്ണ മുതലാളിമാരുടെ കോൺഗ്രസ്സിനെ കയ്യൊഴിഞ്ഞ ഗാന്ധിയുടേയും അനുയായികളുടെ അടഞ്ഞ ലിബറൽ സ്വത്വ രാഷ്ട്രീയ വാദത്തിൽ നിന്നും ‘മൈത്രി’[13] എന്ന ബുദ്ധമത പരികല്പനയെ ഒരു ഭാവി രാഷ്ട്രീയ പരികല്പനയായി ഉയർത്തിയെടുത്ത അംബേദ്ക്കറുടെയും വികസ്വരമായ തുറന്ന ചിന്തകൾക്കു് പുതിയൊരു ഇന്ത്യയുടേയും ലോകത്തിന്റേയും നിർമ്മിതിക്കായുള്ള വരാനിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളിൽ പരസ്പരം ശക്തി പകരാൻ കഴിയും… അങ്ങനെ ഇപ്പോൾ പ്രഭാതഭേരി മുഴക്കപ്പെട്ടു കഴിഞ്ഞ രണ്ടാം സ്വാതന്ത്ര്യ സമരത്തിനു് ദിശാബോധം പകർന്നുകൊണ്ടു് ജനങ്ങളോടൊപ്പം അവരുടെ ചിന്തകളും ഉണ്ടാവും. നരേന്ദ്രമോദി ഗവണ്മെന്റിനെതിരേ സമീപകാലത്തുയർന്നുവന്ന മിക്ക സമരങ്ങളിലും ഭഗത് സിംഗിന്റെയും ഗാന്ധിയുടെയും അംബേദ്ക്കറിന്റെയും ചിത്രങ്ങൾ ഉയർത്തിപ്പിടിക്കപ്പെട്ടതു് യാദൃച്ഛികമല്ല എന്നർത്ഥം.
ഒരു പക്ഷേ, പഴയ യൂറോപ്യൻ കോളനി വാഴ്ചക്കെതിരെ നടന്ന സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെക്കാൾ ഇന്നു് ലോകത്തെ ഒന്നാകെ ഗ്രസിക്കുന്ന ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥക്കെതിരായ സമരങ്ങൾ കൂടുതൽ സൂക്ഷ്മവും സങ്കീർണ്ണവും അപ്രവചനീയവുമായ മാർഗ്ഗങ്ങൾ കൈവരിച്ചേക്കാം. അതിനാൽ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ പിൻബലമുണ്ടെന്നഹങ്കരിക്കുന്ന നരേന്ദ്രമോദിയേയും കൂട്ടരേയും പ്രതിരോധത്തിലാഴ്ത്തിക്കൊണ്ടു് അത്ഭുതകരമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഈ കർഷക പ്രക്ഷോഭത്തിന്റെ തൽക്കാലപരിസമാപ്തി എന്തുതന്നെയായാലും ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവിനെ കുറിക്കുന്ന മഹാസംഭവമായിത്തന്നെ (Event) ഇതു് മാറാൻ പോവുകയാണു്; വരാനിരിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ നാനാമുഖ സമരങ്ങൾക്കു് വഴി തുറന്നുകൊണ്ടു്.
[1] Empire, p. 25 Michael Hardt and Antonio Negri, Harvard Uty Press 2001, See also Antonio Negri’s Marx Beyond Marx.
[2] M. K. Gandhi, Young India, January 1921.
[3] Being and Event, Alain Badiou, pp. 173–191, Continuum 2007.
[4] A Rule Of Property for Bengal: An Essay on the Idea of Permanent settlement, Ranajith Guha, 1963.
[5] Singularity against Identity, Commonwealth, p. 320, Michael Hardt and Antonio Negri, Chicago Uty Press.
[6] Michel Foucault: Beyond Structuralism and Hermeneutics, Hurbert Dreyfus pp. 221, 222, Chicago Uty Press.
[7] Assemblay, Michael Hardt and Antonio Negri, pp. 42, 43.
[8] Society Against the State, Pierre Clastres, Zone Books, 1989.
[9] Assembly, Michael Hardt and Antonio Negri, pp. 15-22OUP 2017.
[10] Karl Marx in a letter to Francois Lafargue, MECW Vol. 42, p. 334.
[11] The reply to Vera Zasulich, March 1881, Late Marx and the Russian Road, Teoder Shanin (Ed.), Monthly Review Press.
[12] Dr. Ambedkar’s speech in the Rajya Sabha on September 2 1953.
[13] Experience, Caste, and Everyday social, Gopal Guru and Sunder Sarukkai, p. 190 OUP.
പ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമാണു് ബി. രാജീവൻ (ജനനം: 1946). 1946-ൽ കായംകുളത്തു് ജനിച്ചു. കൊല്ലം എസ്. എൻ. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. 1971 മുതൽ ഗവണ്മെന്റ് കോളേജുകളിൽ മലയാള സാഹിത്യം പഠിപ്പിക്കുന്നു. 1975-ൽ ‘അടിയന്തരാവസ്ഥ’യ്ക്കെതിരെ നിലകൊണ്ട നക്സലൈറ്റ് അനുഭാവി എന്ന നിലയിൽ പോലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980-ൽ ‘ജനകീയ സാംസ്കാരികവേദി’യുടെ സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടു് വിവിധ സമരങ്ങളിൽ പങ്കെടുത്തു. വിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെടുകയും ദീർഘകാലം കോളേജദ്ധ്യാപകജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്തു. 1969 മുതൽ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു് പ്രബന്ധങ്ങൾ എഴുതുന്നു.
- സ്വാതന്ത്ര്യത്തിന്റെ സമഗ്രത
- ജൈവരാഷ്ട്രീയവും ജനസഞ്ചയവും
- മാർക്സിസവും ശാസ്ത്രവും
- അന്യവത്കരണവും യോഗവും
- ജനനിബിഡമായ ദന്തഗോപുരം
- വർത്തമാനത്തിന്റെ ചരിത്രം
- വാക്കുകളും വസ്തുക്കളും
- ഇ. എം. എസിന്റെ സ്വപ്നം
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011)—വാക്കുകളും വസ്തുക്കളും
- കേരള ലൈബ്രറി കൗൺസിൽ അവാർഡ്, 2015
- എം. എൻ. വിജയൻ അവാർഡ്, 2014
- ഒ. വി. വിജയൻ പുരസ്കാരം, 2013
- ഡോ. സി. പി. മേനോൻ പുരസ്കാരം, 2013
- ബഷീർ പുരസ്കാരം, 2011
- നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ അവാർഡ്, 2011
- ഗുരു ദർശന അവാർഡ്, 2011
(ചിത്രങ്ങൾക്കും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)