“പപ്പാ, അതു് നോക്കൂ, ടിവിയിൽ… ”
മകൾ വിളിച്ചു.
അവളുടെ കയ്യിലുള്ള പാവ അപ്പോഴാണു് ശ്രദ്ധിച്ചതു്. ഞാനതു് വാങ്ങി നോക്കി. പാവ എന്നൊന്നും പറയാനില്ല. മൂന്നു നിറങ്ങളുണ്ടു്. തല ചുവന്ന തുണി ചുരുട്ടി അതിലെന്തോ നിറച്ചതാണു്. അരഭാഗം വരെ ഉടൽ വെളുത്തിട്ടു്. കൈകൾ പച്ച നിറം. ആർക്കും അഴിച്ചുമാറ്റാവുന്നത്ര ലളിതമായ നിർമ്മിതി.

മൂന്നു ദിവസം മുൻപു് ഒരു യാത്രയ്ക്കിടയിൽ ഒരു പ്ലാസ്റ്റിക് കവർ കിട്ടി. ഉടമസ്ഥനെ കണ്ടെത്താനാവും എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നതിനാൽ ആ കവർ തുറന്നു നോക്കിയിരുന്നില്ല. ഈ പാവ ആ കവറിനുള്ളിൽ ഇരുന്നതാവണം.
അച്ഛനും അമ്മയ്ക്കുമൊപ്പം രണ്ടു ദിവസം ചിലവഴിച്ചു് നഗരത്തിലേക്കു മടങ്ങുമ്പോഴാണു് അതു്.
ഏറെക്കുറെ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ ഇരിക്കാതെ ആ യാത്രക്കാരൻ എന്റെ അടുത്തു തന്നെ വന്നിരുന്നു. കയ്യിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി അയാൾ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഇത്തിരി സ്ഥലത്തു വച്ചു.
തിരക്കു് കുറവാണെങ്കിലും വാഹനം നഗരത്തിലെത്താൻ രണ്ടു മണിക്കൂറിൽ ഏറെയെടുക്കും.
“ഇന്നു് തിരക്കൽപ്പം കുറവാണു്, അല്ലെ?” അയാൾ ചോദിച്ചു.
“അതെ, നഗരത്തിൽ വിദ്യാർത്ഥികളുടെ എന്തോ പ്രതിഷേധ പ്രകടനം ഉണ്ടു്. കഴിഞ്ഞ ദിവസത്തെ അവരുടെ പ്രകടനം അക്രമാസക്തമായിരുന്നതിനാലാവണം ഇന്നു് കനത്ത പോലീസ് ബന്തവസ്സു് ഉണ്ടു്. പല റോഡുകളും അടച്ചിട്ടുണ്ടു്. സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. കുറേപ്പേരെ കരുതൽത്തടവിൽ എടുത്തിട്ടുണ്ടു്.” ഞാൻ അറിയാവുന്നതു് പറഞ്ഞു തുടങ്ങി.
“എല്ലാം പ്രകടനങ്ങൾ ആണു്. എല്ലാവർക്കും അതു് മതി,” ഞാൻ പറഞ്ഞു നിർത്തും മുന്നേ ഇത്രയും പറഞ്ഞു അയാൾ കുറെനേരത്തേക്കു് മൗനത്തിലായി.
ഇടയ്ക്കു് എന്തോ ഓർത്തു് പാന്റ്സിന്റെ കീശയിൽ നിന്നും പേഴ്സ് എടുത്തു. അതിൽ നിന്നും കുറെ കാർഡുകൾ, ഓരോന്നായി പുറത്തെടുത്തു. ഓരോന്നും ആശ്വാസത്തോടെ നോക്കിയശേഷം പേഴ്സ് തിരികെ വച്ചു. കുറച്ചു നേരം കണ്ണടച്ചിരുന്നു. ഞെട്ടി ഉണർന്നതുപോലെ പേഴ്സ് എടുത്തു് എന്തോ തിരഞ്ഞു. വീണ്ടും അതിനെ തിരികെ സ്വസ്ഥാനത്തു് വച്ചു.
“എന്തെങ്കിലും മറന്നോ? അതോ കളഞ്ഞു പോയോ?” ഞാൻ ചോദിച്ചു.
“ഏയ് ഒന്നുമില്ല. വെറുതെ നോക്കിയതാണു്.” അയാളുടെ സ്വരത്തിൽ അനിഷ്ടം പതഞ്ഞു.
“എവിടേക്കാണു്,” ഞാൻ വീണ്ടും ചോദിച്ചു.
“ടൗണിലേക്കാണു്.” കൂടുതൽ പറയാൻ ആഗ്രഹിക്കാത്ത തരത്തിൽ ആ ഉത്തരം അയാൾ ആവർത്തിച്ചു.
“ടൗണിൽ എന്താണു്? ജോലി അവിടെയാണോ?” അയാളുടെ അക്ഷമ പരിശോധിക്കാൻ തീരുമാനിച്ചു് ഞാൻ ചോദിച്ചു.
അയാൾ ഏറെ നേരത്തേക്കു് ഒന്നും പറയാതെ കണ്ണുകളടച്ചു് വെറുതെയിരുന്നു. വണ്ടി ഒരു സ്റ്റോപ്പിൽ നിർത്തി. കുറച്ചു ചെറുപ്പക്കാർ, ആൺകുട്ടികളും പെൺകുട്ടികളും ബസ്സിലേക്കു് കയറി. അവർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ശേഷം അവരുടെ ഒച്ചയായി വണ്ടിയിൽ നിറയെ. ഒരാൾ ഉച്ചത്തിൽ പാടാൻ തുടങ്ങി. മറ്റുള്ളവർ അതു് ഏറ്റു പാടി. സർക്കാരിനു് എതിരെയുള്ള മുദ്രാവാക്യമായിരുന്നു പാടിയതു്. ഇവർ നഗരത്തിൽ നടക്കാനിരിക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോവുന്നവരാവണം, ഞാൻ ഓർത്തു.
“യുവാക്കൾ കൂടുതൽ രാഷ്ട്രീയ ജീവികളാവുകയാണു് എന്നു് തോന്നുന്നു.”ചെറുപ്പക്കാരെ ചൂണ്ടി ഞാൻ സഹയാത്രികനോടു് ചോദിച്ചു.
വിദ്യാർത്ഥികളുടെ രാഷ്ട്രീയ ഇടപെടലിൽ അത്ര താത്പര്യമില്ലാത്തതു പോലെ അയാൾ പറഞ്ഞു. “ചുറ്റുമുള്ള എത്ര പേരുടെ സ്വപ്നങ്ങളെയാണു് അവർ നിഷ്കരുണം ഇല്ലാതാക്കുന്നതു്.”
“ഓരോ രാജ്യത്തും സമരങ്ങളുടെ ഒരു കാലാവസ്ഥയുണ്ടു്. അതിനു ശേഷം കുറേക്കാലം ശാന്തത. കുറേക്കാലം കഴിഞ്ഞു വീണ്ടും പ്രതികരിക്കുന്ന ഒരു ജനത ഉണ്ടാവും. അതൊരു സൈക്കിൾ പോലെ ചുറ്റിക്കൊണ്ടിരിക്കും.” ഞാൻ ഒരഭിപ്രായം പറഞ്ഞു, എവിടെയോ വായിച്ചതാണു്. ഇവിടെ സംസാരിച്ചു് സമയം കളയാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണു് ഞാനതു് പറഞ്ഞതു്.
“ഇന്ത്യയിൽ തന്നെ നോക്കൂ. സ്വാതന്ത്ര്യ സമരത്തിനു് ശേഷമുള്ള മുപ്പതു് വർഷം ശാന്തതയായിരുന്നു. പിന്നെ അടിയന്തിരാവസ്ഥ. വീണ്ടും ശാന്തത. ഇടയ്ക്കു് ചെറിയ ചില സമരങ്ങൾ. ശാന്തത. ഓരോ സമൂഹത്തിലും ഇരുപത്തിയഞ്ചു്, മുപ്പതു് വർഷങ്ങൾക്കു് ഇടയിലുണ്ടാകുന്ന ശാന്തത അടുത്ത സമരത്തിനുള്ള ഊർജ്ജം സംഭരിക്കലാണു് എന്നു് തോന്നുന്നു. ഒരുതരം ഹൈബർനേഷൻ.” ഞാൻ കൂടുതൽ വ്യക്തമാക്കാൻ ശ്രമിച്ചു നോക്കി.
യാത്രക്കാരനു് ഞാൻ പറഞ്ഞതിൽ താത്പര്യം തോന്നിയില്ലെന്നു് അയാളുടെ പ്രതികരണം വ്യക്തമാക്കി. അയാൾ ഒന്നും മറുപടി പറയാതെ വെളിയിലേക്കു് നോക്കിയിരുന്നു. അയാൾ എന്തോ ചിന്തിക്കുകയായിരുന്നു.
“എന്റെ പേരു് അജയ്. ഒരു പ്രാദേശിക പത്രസ്ഥാപനത്തിലാണു് ജോലി.” ഇനി ആ വിഷയം തുടർന്നു് സംസാരിക്കുന്നതു് ഉചിതമാവില്ല എന്ന തിരിച്ചറിവിൽ ഞാൻ പരിചയപ്പെടുത്തി.
“താങ്കളുടെ പേരു്?”
ആ നിമിഷം വണ്ടി വീണ്ടും നിന്നു. അതൊരു സ്റ്റോപ്പ് ആയിരുന്നില്ല.
വണ്ടിയിലേക്കു് കുറച്ചു പോലീസുകാർ ചാടിക്കയറി. അവർ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരോടു് വണ്ടിയിൽ നിന്നു് ഇറങ്ങാൻ ആവശ്യപ്പെട്ടു. ചെറുപ്പക്കാർ പോലീസുകാർക്കു് നേരെ മുദ്രാവാക്യം വിളിച്ചു കൊണ്ടു് ബസിൽ നിന്നും ഇറങ്ങി. പോലീസുകാരിൽ ചിലർ ബസ്സിൽ ബാക്കിയായ യാത്രക്കാരുടെ രേഖകൾ പരിശോധിക്കാൻ തുടങ്ങി. എന്റെ കാർഡ് പരിശോധിച്ച പോലീസുകാരൻ തലയാട്ടി. പിന്നെ ഒന്നു് പുഞ്ചിരിച്ചു.
സഹയാത്രക്കാരൻ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു. ഏറെ കാർഡുകൾ തിരഞ്ഞു് തിരിച്ചറിയൽ കാർഡ് കാണിച്ചു. പോലീസുകാരൻ തൃപ്തനായി. വളരെ കുറച്ചു യാത്രക്കാർ മാത്രമുണ്ടായിരുന്നതു് എല്ലാം എളുപ്പത്തിലാക്കി. യാത്ര പുനഃരാരംഭിച്ചു.
“ഇതു് തന്നെയാണു് ഞാൻ പറഞ്ഞതു്. ആ കുട്ടികൾ കാരണം എത്ര സമയമാണു് നഷ്ടമായതു്. എന്റെ പേരു് ഭഗത്” യാത്രക്കാരൻ പേരു് പറഞ്ഞു. “റവന്യൂ വകുപ്പിൽ ക്ലർക്കാണു്. താങ്കൾ ഒരു പത്രക്കാരൻ ആണെന്നറിഞ്ഞതു് എനിക്കു് സന്തോഷം തരുന്ന കാര്യമാണു്.”
“ഓ, അതത്ര പേരുള്ള പത്രമൊന്നുമല്ല. നഗരത്തിൽ മാത്രം വിൽക്കുന്ന, അഞ്ഞൂറു് കോപ്പികൾ അച്ചടിക്കുന്ന ഒരു സായാഹ്ന പത്രം. അതിലേക്കു് ചാനലുകൾ നോക്കി വാർത്തകൾ എഴുതിയുണ്ടാക്കുന്ന ജോലിയാണു് എന്റേതു്.” ഞാൻ കുറച്ചു വിനയാന്വിതനായി, പിന്നെ പറഞ്ഞു. “ഒരു വിധം എല്ലാ ജോലിയും ഞാൻ തന്നെ ചെയ്യണം.”
“എന്നാലും നിങ്ങളുടെ പത്രത്തിനു് ചിലപ്പോൾ എന്നെ സഹായിക്കാനാകും. അതല്ലെങ്കിൽ മറ്റു പത്രക്കാരുമായുള്ള നിങ്ങളുടെ ബന്ധങ്ങൾക്കു് അതു് കഴിയും.” ഭഗത് പറഞ്ഞതു് ആവർത്തിച്ചു.
“എന്താണു് വിഷയം?”
“എന്റെ അമ്മയെ കാണാനില്ല. ഏഴു ദിവസമായി” ഭഗത് പറഞ്ഞു.
“പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തില്ലേ? സോഷ്യൽ മീഡിയയിൽ ഒക്കെ കൊടുത്തില്ലേ?”
“പോലീസിൽ പരാതി കൊടുത്തു. പക്ഷേ, അവരുടെ ഭാഗത്തു നിന്നുള്ള നടപടികൾ അത്ര തൃപ്തികരമായിരുന്നില്ല. എല്ലാം ഒരു മെല്ലെപ്പോക്കു്. തലസ്ഥാനത്തുള്ള ചില സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്താം എന്ന ഉദ്ദേശത്തിലാണു് ഈ യാത്ര.” ഭഗത് പറഞ്ഞു. “ഓഫിസ്, വീടു്—ഇതാണു് എന്റെ രീതി. വെറുതെ കളയാൻ സമയം ഉള്ളവർക്കു് പറഞ്ഞിട്ടുള്ളതല്ലേ മറ്റുള്ളതൊക്കെ?”
“എന്താണു് സംഭവിച്ചതു്?” എന്റെ ഉള്ളിലെ പത്രപ്രവർത്തകൻ ഉണർന്നു. “ആദ്യമായാണോ അമ്മയിങ്ങനെ വീടു് വിട്ടു പോകുന്നതു്?”
“എന്റെ ഓർമ്മയിൽ രണ്ടാമത്തേതാണു് അജയ്. അമ്മയുടെ ജീവിതത്തിലെ മൂന്നാമതേതും.” ഭഗത് പറഞ്ഞു.
“അമ്മ പണ്ടൊരിക്കൽ, വളരെ പണ്ടു് തന്റെ ഇരുപതാമത്തെ വയസ്സിൽ വീടു് വിട്ടു പോയിട്ടുണ്ടു്.”ഭഗത് ആ സംഭവം ഓർത്തെടുക്കാൻ തുടങ്ങി. “അതാണു് ആദ്യത്തേതു്. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയഞ്ചു് ജൂൺ ഇരുപത്തിരണ്ടിനായിരുന്നു അതു്. അമ്മ കോളജിൽ പഠിക്കുമ്പോഴാണു്.”
“അമ്മയുടെ പേരെന്താണു്?”
“ലക്ഷ്മി നാരായണൻ” ഭഗത് പറഞ്ഞു. പിന്നെ തന്റെ പേഴ്സ് എടുത്തു. ഒരു തിരിച്ചറിയൽ കാർഡ് എന്റെ കയ്യിലേക്കു് തന്നു.
“അമ്മയുടെ പേരിനൊപ്പമുള്ള നാരായണൻ, അതു് അച്ഛന്റെ പേരാണോ?” ഞാനതു് ചോദിക്കുമ്പോൾ വണ്ടി ഒരു സിഗ്നലിൽ ഊഴം കാത്തു കിടക്കുകയായിരുന്നു.
“അല്ല അജയ്, നാരായണൻ എന്നതു് മുത്തച്ഛന്റെ പേരാണു്. അതു് മറ്റൊരു കഥയാണു്.” എന്റെ കണ്ണിൽ തെളിഞ്ഞ ആകാംക്ഷ അയാളെ പ്രചോദിപ്പിച്ചിട്ടുണ്ടാവണം.
“റെയിൽവേയിൽ ലോക്കോ പൈലറ്റായി മദ്രാസിൽ ജോലിയായിരുന്ന മുത്തശ്ശനും കുടുംബവും താമസിച്ചിരുന്നതു് റെയിൽവേ കോളനിയിലായിരുന്നു. അമ്മ അവരുടെ ഒറ്റ മകളായിരുന്നു.”
“സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയെ ഓർമ്മയില്ലേ? മുത്തശ്ശൻ ഒരിക്കൽ അവരെ കണ്ടിരുന്നു. കുറച്ചു വാക്കുകൾ സംസാരിച്ചു. മുത്തശ്ശനു് ക്യാപ്റ്റൻ ലക്ഷ്മിയോടുള്ള ഇഷ്ടത്തിന്റെ അടയാളമാണു് അമ്മയുടെ പേരു്. ലക്ഷ്മിയുടെയും തന്റെയും പേരു് ചേർത്തു് ലക്ഷ്മി നാരായണൻ എന്നിട്ടു. പിന്നെ ആ പേരിനു് ഒരു തമിഴ് ബ്രാഹ്മണ ടച്ച് ഉണ്ടല്ലോ.” ഭഗത് പുഞ്ചിരിക്കാൻ ശ്രമിച്ചു. അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദത്താൽ ആ ചിരി അത്ര ഫലവത്തായില്ല.
“അമ്മ നേരത്തെ രണ്ടു പ്രാവശ്യം പുറപ്പെട്ടു പോയതിന്റെ കാരണം താങ്കൾക്കറിയാമോ?”
“രണ്ടു വർഷങ്ങൾ, ആയിരത്തിതൊള്ളായിരത്തി എഴുപത്തിനാലും എഴുപത്തിയഞ്ചും ഞങ്ങളുടെ കുടുംബത്തിനു്, പ്രത്യേകിച്ചു് അമ്മയുടെ കുടുംബത്തിനു് ഏറെ നിർണ്ണായകമായിരുന്നു അജയ്.”
“ജയപ്രകാശ് നാരായണന്റെ കടുത്ത ആരാധികയായിരുന്നു അമ്മ. അദ്ദേഹത്തിന്റെ സമ്പൂർണ്ണ വിപ്ലവം എന്ന ആഹ്വാനത്തിൽ ആകൃഷ്ടയായാണു് ജൂൺ ഇരുപത്തിമൂന്നാം തീയതി രാത്രി അമ്മ ദില്ലിക്കു് പുറപ്പെട്ടതു്. ദില്ലിയിലെ ഓഫിസിൽ നിന്നും യക്ഷിയെ പുറത്താക്കാൻ സംഘടിക്കൂ യുവാക്കളെ എന്നോ മറ്റോ ആയിരുന്നല്ലോ ജെപിയുടെ ആഹ്വാനം.”

“സമ്പൂർണ്ണ ക്രാന്തി” ഞാൻ ഓർമ്മ പുതുക്കി. ഒപ്പം ചോദിച്ചു. “എത്ര വയസ്സുണ്ടായിരുന്നു അമ്മയ്ക്കപ്പോൾ?”
“പതിനെട്ടോ പത്തൊൻപതോ വയസ്സു് കാണും അപ്പോൾ.”
“ആ പ്രായത്തിലുള്ള ഒരു പെൺകുട്ടി ദില്ലിക്കോ? അതും ഒറ്റയ്ക്കു്?” എനിക്കു് വിശ്വസിക്കാൻ പ്രയാസം തോന്നി…
“ഒറ്റയ്ക്കായിരുന്നില്ല അജയ്. അമ്മയുടെ ഒരു സഹപാഠിയുണ്ടായിരുന്നു കൂടെ. വേലായുതം. മദ്രാസിൽ, റെയിൽവേ ക്വർട്ടേഴ്സിൽ അയൽവീടുകളായിരുന്നു അവരുടേതു്. മുത്തച്ഛനും വേലായുതത്തിന്റെ അച്ഛനും ഒരുമിച്ചാണു് ജോലി ചെയ്തിരുന്നതു്. സ്കൂളിൽ ഒരുമിച്ചു് കോളേജിലും ഒരുമിച്ചു്. സൗഹൃദത്തിനു് മേലെ ഒരു ഇഴയടുപ്പം അവർക്കുണ്ടായിരുന്നു എന്നാണു് എന്റെ അന്വേഷണത്തിൽ മനസിലായതു്. ‘വാ, വേലായുതം’ എന്നമ്മ വിളിച്ചാൽ അയാൾ എവിടേയ്ക്കും ചെല്ലുമായിരുന്നു. ഹിന്ദിയ്ക്കെതിരായി അക്കാലത്തു നടന്ന സമരങ്ങളിൽ കുട്ടികളായിരുന്ന അവർ പങ്കെടുത്തിട്ടുണ്ടത്രെ. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല, തിരുക്കുറലിലെ എല്ലാ കുറലും മനഃപ്പാഠമായിരുന്നു അമ്മയ്ക്കു്. അതും പതിനഞ്ചു വയസ്സിനുമുൻപു്.”
കഥ കേൾക്കാനുള്ള മൂഡിലായിപ്പോൾ വണ്ടി കുറച്ചു പതിയെ സഞ്ചരിച്ചാലും മതി എന്നൊരു ചിന്തയിലായി ഞാൻ.
“അമ്മ ഡൽഹിയിലേക്കു് പുറപ്പെട്ടു പോകുമ്പോൾ മുത്തശ്ശൻ കിടപ്പിലായിരുന്നു. സത്യത്തിൽ അമ്മയേക്കാൾ വിപ്ലവകാരിയായിരുന്നു മുത്തശ്ശൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിനാലിലെ റെയിൽവേ സമരം നിങ്ങൾക്കു് ഓർമ്മയുണ്ടോ?”
ഭഗത് എന്റെ നേരെ നോക്കി. ഒരു നിമിഷം നിർത്തി, വീണ്ടും തുടർന്നു.
“അക്കാലത്തു് സമയനിഷ്ഠയില്ലാത്തതായിരുന്നു ലോക്കോ പൈലറ്റുമാരുടെ ജോലി. തീവണ്ടി ഓട്ടം നിർത്തും വരെ ജോലി ചെയ്യണമായിരുന്നു അവർക്കു്. അതു് അവസാനിപ്പിച്ചു് ജോലി സമയം എട്ടുമണിക്കൂർ നിജപ്പെടുത്തുന്നതിനും കാലങ്ങളായി പുതുക്കപ്പെടാതെ കിടന്ന തങ്ങളുടെ ശമ്പളത്തിന്റെ വർദ്ധനവിനും വേണ്ടി ലോക്കോമോട്ടിവ് പൈലറ്റുമാർ സമരം നടത്തി. ആ സമരത്തിൽ ഏതാണ്ടു് എഴുപതു് ശതമാനം തൊഴിലാളികളും പങ്കെടുത്തിരുന്നു. സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കി. ആ സമരത്തിൽ മുത്തച്ഛനും സജീവമായി പങ്കെടുത്തിരുന്നു. പണിമുടക്കിയ തൊഴിലാളികളെ സർക്കാർ ജോലിയിൽ നിന്നു് പിരിച്ചുവിട്ടു… അവരെ കൂട്ടത്തോടെ ജയിലിൽ അടച്ചു. അവരുടെ കുടുംബങ്ങളെ കൂട്ടത്തോടെ റെയിൽവേ ക്വോർട്ടേഴ്സുകളിൽ നിന്നു് പുറത്താക്കി”
പോലീസ് കസ്റ്റഡിയിൽ വച്ചു് ഭീകരമായി ശാരീരിക പീഡനമേറ്റ മുത്തശ്ശൻ അവശനായിരുന്നു. രോഗിയായ മുത്തശ്ശൻ ജയിലിൽ നിന്നു് വരുന്നതിനു് രണ്ടു ദിവസം മുൻപായിരുന്നു അമ്മയുടെ തിരോധാനം. ഇതെല്ലാംകൂടി താങ്ങാനാവാതെപോയ അദ്ദേഹം അമ്മ തിരിച്ചു വരുന്നതിനു മുൻപു് തന്നെ മരിച്ചിരുന്നു. അമ്മ സർക്കാർ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനുള്ള ഒരു കാരണം മുത്തശ്ശനുണ്ടായ അനുഭവം ആണെന്നു് എനിക്കു് തോന്നിയിട്ടുണ്ടു്. ഡൽഹിയിൽ അന്നു് അധികാരത്തിൽ ഉണ്ടായിരുന്ന അമ്മയും മകനുമായിരുന്നല്ലോ അതിന്റെ കാരണക്കാർ. മറ്റൊരു യാദൃശ്ചികത അമ്മ ജനിച്ച വർഷമാണു് കേരളത്തിൽ വിമോചന സമരം നടന്നതെന്നതാണു്. അയാൾ ചിരിച്ചു.
“അമ്മ എപ്പോഴാണു് തിരികെ വന്നതു്?”
“രണ്ടാഴ്ച കഴിഞ്ഞാണു് അമ്മ മദ്രാസിൽ തിരിച്ചെത്തിയതു്. ജൂലൈ ആറിനു്. അതിനിടയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു.”
“അപ്പോൾ വേലായുതം?” എനിക്കു് ആകാംക്ഷ അടക്കാനായില്ല.
“വേലായുതം അമ്മയ്ക്കൊപ്പം തിരികെ വന്നില്ല. പിന്നീടു് ഒരിക്കലും അയാളെ ആരും കണ്ടില്ല. അമ്മയ്ക്കു് തന്റെ ഭൂതകാലം ഓർമ്മയിൽ ഉണ്ടായിരുന്നില്ല. എവിടെയാണു് പോയതെന്നോ എന്താണു് സംഭവിച്ചതു് എന്നോ ആരോടും പറഞ്ഞിരുന്നില്ല. ആരോടും മിണ്ടാതായി. പോലീസും പട്ടാളവും രാജ്യം ഭരിക്കുന്ന ഒരു സമയമായിരുന്നില്ലേ അതു്. എത്രയോ പേരു് നിന്ന നിൽപ്പിൽ കാണാതായി. അമ്മയുടെ കയ്യിൽ വേലായുധം ധരിച്ചിരുന്ന ഒരു ഷർട്ടുണ്ടായിരുന്നു. ഒരു വെള്ള ഷർട്ട്. ആ നിറം അമ്മയ്ക്കു് ഏറെ പ്രിയപ്പെട്ടതായിരുന്നു.”
“സ്റ്റേഷനിൽ വന്നിറങ്ങിയ അമ്മയെ ആരോ റെയിൽവേ ക്വോർട്ടേഴ്സിൽ എത്തിച്ചു. ഒരിക്കൽ ഒരു വീടു് അവിടെ ഉണ്ടായിരുന്നതിന്റെ അടയാളങ്ങൾ മാത്രമായിരുന്നു അപ്പോൾ ബാക്കിയുണ്ടായിരുന്നതു്. ആ ക്വോർട്ടേഴ്സിൽ നിന്നും അമ്മയ്ക്കു് രണ്ടു കൊടികൾ കിട്ടി. റയിൽവേയിൽ ഉപയോഗിക്കുന്നതു്.”
അമ്മ മുറിയ്ക്കുള്ളിൽ ഇരിപ്പായി. വേലായുതത്തിന്റെ കുപ്പായവും രണ്ടു കൊടികളും കൊണ്ടു് പാവകൾ ഉണ്ടാക്കി. രണ്ടെണ്ണം. ആരെയും തൊടാൻ അനുവദിക്കാതെ സൂക്ഷിച്ചു വച്ചു. ആ പാവകളെ സ്പർശിക്കാൻ അനുവാദം കിട്ടിയ ഒരേ ഒരാൾ എന്റെ മകളാണു്, ജാഹ്നവി. അവൾക്കു് പലപ്പോഴും അമ്മയുടെ വാശി ഉള്ളതായി കണ്ടിട്ടുണ്ടു്.”
“അപ്പൊ അമ്മയുടെ വിവാഹം?”
“മടങ്ങി വന്നു കുറച്ചു ദിവസങ്ങൾക്കു് ശേഷം വേലായുതത്തിന്റെ ബന്ധുക്കൾ മുത്തശ്ശിയെ കണ്ടു പിടിച്ചു. മുത്തശ്ശിയും അമ്മയും നാട്ടിലേക്കു് മടങ്ങി. ഈ കഥകൾ എല്ലാമറിയാവുന്ന ഒരു അകന്ന ബന്ധുവായിരുന്നു എന്റെ അച്ഛൻ. പെട്ടെന്നു് തന്നെ അവരുടെ വിവാഹം നടന്നു.”
“അപ്പോൾ അമ്മയുടെ രണ്ടാമത്തെ യാത്ര?” ഞാൻ ചോദിച്ചു.
“അമ്മയ്ക്കു് ഓർമ്മയുണ്ടായിരുന്ന ഏക വാക്കു് സമരം എന്നാണെന്നു എനിക്കു് തോന്നിയിട്ടുണ്ടു്, അജയ്.” അയാൾ തുടർന്നു. “ടീവിയിൽ ഏതു സമരത്തിന്റെ വാർത്ത വന്നാലും മാറാതെ നിന്നു് കാണും. മുദ്രാവാക്യം വിളിക്കുന്ന ഒച്ച കേൾക്കുമ്പോൾ മറ്റൊരാളാവും. മുഖഭാവമൊക്കെ മാറും. വീടിനു മുന്നിലൂടെ ജാഥ വന്നാൽ അവിടേക്കു് ഓടിയെത്തും. നിങ്ങൾക്കു് ഒരു പക്ഷേ, അതിശയം തോന്നിയേക്കാം, ഒരിക്കൽ കുളിപ്പിക്കാൻ സോപ്പ് തേച്ച എന്നെ അങ്ങനെ വിട്ടാണു് ഒരു ജാഥ കാണാൻ ഓടിപോയതു്. അന്നെന്റെ കണ്ണു് എത്ര നീറിയെന്നോ. ഉറക്കെ കരഞ്ഞ എന്നെ അച്ഛനാണു് കുളിപ്പിച്ചതു്. മറ്റൊരിക്കൽ അടുപ്പിൽ വെച്ച ഭക്ഷണം ഉപേക്ഷിച്ചായിരുന്നു ആ ഓട്ടം. വീടിനു തീ പിടിക്കാഞ്ഞതു് ആരുടെയോ ഭാഗ്യം എന്നു് അച്ഛൻ ആശ്വസിച്ചിരുന്നു. അപ്പോഴും അച്ഛൻ അമ്മയെ വഴക്കു പറഞ്ഞിരുന്നില്ല.”
ആ ഓട്ടങ്ങളെല്ലാം പക്ഷേ, ഞങ്ങളുടെ ഗേറ്റിൽ അവസാനിച്ചിരുന്നു. ഓരോ തവണയും തിരികെ വരുമ്പോൾ എന്നെ ചേർത്തു് പിടിച്ചിരുന്നു. നഷ്ടപ്പെട്ടു പോയേക്കാവുന്ന ഒന്നു് നെഞ്ചോടു് ചേർത്തു് പിടിക്കുന്നതു് പോലെ. അപ്പോൾ മാത്രം അമ്മയുടെ കണ്ണു് നിറഞ്ഞിരുന്നു. ഇപ്പോഴും എനിക്കു് ആ സ്പർശം അറിയാനും ആ നിറഞ്ഞ കണ്ണുകൾ കാണാനും കഴിയുന്നുണ്ടു്, അജയ്. ഒരു പക്ഷേ, എന്നെ നഷ്ടപ്പെടുമെന്ന അമ്മയുടെ ഭയമൊഴിവാക്കാൻ ആവണം ഞാനൊരിക്കലും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാത്ത ഒരാളായതു്. അതു് പക്ഷേ, അമ്മയ്ക്കു് മനസിലായിട്ടുണ്ടോ എന്നു് എനിക്കു് സംശയമുണ്ടു്.”
“അമ്മയെ രണ്ടാമതു് കാണാതാവുന്നതു് എനിക്കു് ഇരുപതു് വയസ്സുള്ളപ്പോഴാണു്. ഫീസുമായി ബന്ധപ്പെട്ടു് നഗരത്തിലെ ഒരു കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ഒരു സമരകാലത്തായിരുന്നു. ഞാനപ്പോൾ കോളേജിലാണു്. കുറെ ദിവസം കോളേജ് അടച്ചിട്ടതിനാൽ ഞാൻ വീട്ടിലുള്ളപ്പോഴാണു് അമ്മയെ കാണാതാവുന്നതു്.”
“ആ സംഭവത്തിൽ അച്ഛൻ തളർന്നു പോയി. ആദ്യ കാണാതാകലുമായി ബന്ധപ്പെട്ട ചില ദുരന്തങ്ങൾ ഞാൻ പറഞ്ഞിരുന്നല്ലോ. അതൊക്കെ ഓർത്തുള്ള ഭയം അച്ഛനെ പിന്തുടർന്നിരുന്നു.”
“വളരെ വിചിത്രമായ ഒരു ബന്ധമായിരുന്നു അവർക്കിടയിൽ എന്നു് തോന്നിയിട്ടുണ്ടു്. പരസ്പരം അധികം സംസാരിച്ചിരുന്നില്ലെങ്കിലും രണ്ടു പേർക്കും ഇടയിലെ പരസ്പരധാരണ ശക്തമായിരുന്നു. ഒരിക്കലും പരസ്പരം പരാതി പറഞ്ഞിരുന്നില്ല. അമ്മ ഒന്നും സംസാരിക്കില്ലായിരുന്നെങ്കിലും അച്ഛന്റെ മനസ്സു് വായിച്ചറിഞ്ഞിരുന്നതു പോലെയായിരുന്നു പെരുമാറ്റം. ചെറുപ്പത്തിൽ അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോഴൊക്കെ അങ്ങനെയല്ല, മോൻ വളരുമ്പോൾ അമ്മയെ മനസിലാവുമെന്നാണു് അച്ഛൻ പറഞ്ഞിരുന്നതു്.”
“അച്ഛന്റെ മരണശേഷമാണു് ഞാൻ മദ്രാസിൽ പോയതു്. അമ്മയെ കുറിച്ചു് കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു.”
“രണ്ടാം തവണ അമ്മയെപ്പോൾ മടങ്ങി വന്നു?”
“നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ. അതിനു മുൻപു് അച്ഛനെ ഞങ്ങൾക്കു് നഷ്ടമായിരുന്നു. അമ്മ മടങ്ങി വരും എന്ന പ്രതീക്ഷയിൽ അച്ഛന്റെ കർമ്മങ്ങൾ വൈകിയാണു് നടത്തിയതു്. രണ്ടാം യാത്രയ്ക്കു് ശേഷം അമ്മ കൂടുതൽ തന്നിലേക്കു് ചുരുങ്ങിപ്പോയിരുന്നു.”
ഇത്തവണ അമ്മ മടങ്ങി വരുമ്പോൾ ഞങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന ദുരന്തങ്ങളെ പറ്റി ഞങ്ങൾക്കും ഭയമുണ്ടു്, അജയ്.”
“ഇത്തവണ കാണാതാവുന്നതിനു മുൻപു്, തൊട്ടുമുൻപു് എന്തായിരുന്നു അമ്മ ചെയ്തിരുന്നതു് എന്നോർക്കുന്നുണ്ടോ?”
“രണ്ടാമത്തെ പുറപ്പെട്ടു പോകലിനു് ശേഷം അമ്മ ടിവി അധികം കാണാറില്ലായിരുന്നു. പത്രം വായിക്കുന്നതും നിർത്തിയിരുന്നു. കൂടുതൽ ഉൾവലിഞ്ഞ പെരുമാറ്റമായിരുന്നു. ഇപ്പോൾ വർഷം കുറെ കഴിഞ്ഞില്ലേ”
“രണ്ടു ദിവസം മുൻപു് യാദൃശ്ചികമായി വാർത്ത കണ്ടിരുന്നതായി ഭാര്യ പറഞ്ഞു. രാജ്യത്തെ പല കോളേജുകളിലും നടക്കുന്ന സമരങ്ങളുടെ വാർത്തയായിരുന്നു അപ്പോൾ ടിവിയിൽ. പിന്നീടു് ആ വാർത്തയുടെ തുടർച്ചകൾ കണ്ടിരുന്നത്രെ. പിന്നെ ഒരു കാര്യമുണ്ടു്. അമ്മയ്ക്കൊപ്പം ഒരു പാവയും വീട്ടിൽ നിന്നു് അപ്രത്യക്ഷമായിരുന്നു. ഇത്തവണയും ഒരു പാവ കാണാതായിട്ടുണ്ടു്.”
“ഭഗതിന്റെ വീട്ടിൽ അമ്മയല്ലാതെ മറ്റു് ആരൊക്കെ?”
“ഭാര്യ, ഒരു മകൾ. നേരത്തെ പേരു് പറഞ്ഞില്ലേ, ജാഹ്നവി. അവൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു.” അയാൾ മകൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയുടെ പേരു് പറഞ്ഞു.
“നിങ്ങളുടെ പേരു്, ഭഗത് എന്നതു് അമ്മയിട്ടതാണു് ല്ലേ?” ഞാൻ ചോദിച്ചു.
“നിങ്ങൾ ഒരു പത്രക്കാരനാണല്ലോ. ഊഹിക്കാൻ സാധ്യതയുള്ള വഴിയാണതു്. പക്ഷേ, അതു് തെറ്റാണു്.” അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“എനിക്കീ പേരിട്ടതു് അച്ഛനാണു്. പല തവണ തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ തിരുത്തിയ ഒരാളായിരുന്നു അച്ഛൻ. ഞാനവട്ടെ എന്റെ പേരിനു് ചേർന്ന തരത്തിൽ ഒരാളാവാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഞാൻ ഏതെങ്കിലും രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല ഇതുവരെ ഒരു മുദ്രാവാക്യം പോലും വിളിച്ചിട്ടുമില്ല.”
“അതു് കൊണ്ടാവണം അമ്മ വാത്സല്യമോ സ്നേഹമോ പ്രകടിപ്പിക്കാതിരുന്നതു് എന്നായിരുന്നു ചെറുപ്പത്തിൽ എനിക്കു് തോന്നിയിരുന്നതു്. വാസ്തവത്തിൽ തന്റെ സ്നേഹത്താൽ ആരുടെയും സ്വപ്നങ്ങളെയോ, തീരുമാനങ്ങളെയോ തളച്ചിടാതിരിക്കാൻ അമ്മ കണ്ട ഒരുപായമായിരുന്നു ആ അകറ്റി നിർത്തൽ. അച്ഛനോടും അതേപോലെയാണു് പെരുമാറിയിരുന്നതു്. കാണാതായ ദിവസം അമ്മയെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ ഇതാണു് അച്ഛൻ എന്നോടു് പറഞ്ഞതു്.”
“അമ്മയുടെ പ്രതീക്ഷകൾക്കു് ചേർന്ന ഒരു പുത്രനായിരുന്നില്ല ഞാൻ. ഒരുപക്ഷേ, നിങ്ങൾ മുൻപു് പറഞ്ഞതു് പോലെ നിശ്ശബ്ദരായി മാറുന്ന രണ്ടാം തലമുറയുടെ പ്രതീകമാവാം. ഒരു പക്ഷേ, ഹൈബർനേഷനിൽ ആവാം.”
“നിങ്ങൾ ആഗ്രഹിച്ചില്ലെങ്കിലും രാഷ്ട്രീയം നിങ്ങളുടെ കിടപ്പുമുറി തേടി വരുന്നു എന്നല്ലേ ലെനിൻ പറഞ്ഞതു്?” എനിക്കയാളെ ഒന്നു് ചൊടിപ്പിക്കണം എന്നു് തോന്നി. “നിങ്ങളുടെ മകൾ നേരത്തെ കണ്ട ചെറുപ്പക്കാരെപ്പോലെയാണോ?”
“പുറത്തു നിന്നും കിടപ്പുമുറിയിലേക്കു് കടന്നു വരുന്ന രാഷ്ട്രീയത്തെക്കാൾ അടുക്കള വാതിലിൽ നിശ്ശബ്ദം പ്രവർത്തിക്കുന്ന ജാഗ്രതയിലാണു് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നതു് അജയ്. വൈകി വന്ന തിരിച്ചറിവാണു്, ആ ജാഗ്രതയാണു് അമ്മയുടെ കാണാതാകലിലൂടെ ഞങ്ങൾക്കു് നഷ്ടമായിരിക്കുന്നതു്.”
വീട്ടിൽ ഒരു ആഘോഷവും നടത്താതിരുന്ന അമ്മ വർഷത്തിൽ രണ്ടു ദിവസം മധുരം വിളമ്പിയിരുന്നു. ജൂൺ ഇരുപത്തിമൂന്നിനും ഒക്ടോബർ മുപ്പത്തി ഒന്നിനും. ആദ്യത്തേതു് ആയിരത്തിതൊള്ളായിരത്തി എൺപതിലും രണ്ടാമത്തേതു് എൺപത്തി നാലിലുമാണു് തുടങ്ങിയതു്. ആദ്യം ഞാൻ കരുതിയതു് അമ്മ പുറപ്പെട്ടു പോയതിന്റെ ഓർമ്മയെ മധുരം കൊണ്ടു് തിരിച്ചെടുക്കുന്നു എന്നാണു്. പിന്നീടാണു് അതു് രണ്ടു മരണങ്ങളിൽ ഉള്ള ആനന്ദമെന്നു് തിരിച്ചറിഞ്ഞതു്. മരിച്ചവരെ പറ്റി നല്ലതു മാത്രം പറയാൻ ശീലിച്ച നമ്മുടെ ശീലങ്ങളിൽ അമ്മയുടെ ഈ പ്രവർത്തിയുടെ ശരി തെറ്റുകളെ കുറിച്ചു് എനിക്കറിയില്ല. അമ്മ ചെയ്തതു് കൊണ്ടു് അതു് ശരിതന്നെയാണു് എന്നാണെന്റെ വിശ്വാസം.” അയാളതു് പറഞ്ഞു തീരും മുന്നേ സീറ്റിൽ നിന്നു് എണീറ്റു.
വണ്ടി നിർത്തിയ പാടെ ചാടിയിറങ്ങി നഗരത്തിന്റെ തിരക്കിലേക്കു് ഒഴുകിപ്പോയി. അയാൾ ബസിലേക്കു് കയറിയ രീതി എനിക്കോർമ്മ വന്നു. എന്താവും അയാളെ പെട്ടെന്നു് ഇറങ്ങാൻ പ്രേരിപ്പിച്ചതു് എന്ന ആലോചനയായി പിന്നീടു്.
ഒരുപക്ഷേ, തിരക്കിനിടയിൽ അയാൾ തന്റെ അമ്മയെ കണ്ടു കാണുമോ. ഞാൻ വെളിയിലേക്കു് നോക്കി. കടന്നു പോവുന്ന ഓരോ പ്രായമായ സ്ത്രീയും ലക്ഷ്മിയെന്ന അയാളുടെ അമ്മയാണെന്നു് തോന്നി.
ഓരോന്നോർത്തിരിക്കെ അവസാന സ്റ്റോപ്പിൽ ഇറങ്ങുമ്പോഴാണു് ശ്രദ്ധിച്ചതു്. അയാൾ കൊണ്ടു വന്ന പ്ലാസ്റ്റിക് ബാഗ് മറന്നു വെച്ചിരിക്കുന്നു. തിരക്കിട്ടു് ഇറങ്ങുന്നതിനിടയിൽ മറന്നു പോയതാവണം.
ഡാനൂല ഡാനിയേഴ്സണെ, ഒരു നവ നാസിയെ തന്റെ ബാഗ് കൊണ്ടടിക്കുന്ന ചിത്രത്തിലൂടെ പ്രശസ്തയായ മുപ്പത്തിയെട്ടുകാരിയെ കുറിച്ചു് എനിക്കയാളോടു് പറയണമെന്നുണ്ടായിരുന്നു. ആ യാത്രയിൽ പോരാട്ട വീര്യത്താൽ ലോകം അറിഞ്ഞ മറ്റു ചില വനിതകളെപ്പറ്റി ഓർക്കാൻ ഭഗതിന്റെ അമ്മ ഒരു നിമിത്തമായിരുന്നു.
ഞാൻ ആ കവർ എടുത്തു. അയാളുടെയും അമ്മയുടെയും പേരുകൾ അറിയാവുന്നതു് കൊണ്ടു് അയാളെ കണ്ടു പിടിക്കാം എന്നൊരു വിശ്വാസം തോന്നി. ഒപ്പം ഭഗത് പറഞ്ഞ രാഷ്ട്രീയ ചരിത്രത്തിന്റെ വാസ്തവം കണ്ടു പിടിക്കണമെന്നും തോന്നി. ഒരു പത്രവാർത്തകന്റെ സ്ഥായിയായ വാർത്തകളെ മണത്തു കണ്ടുപിടിക്കാനുള്ള ത്വര ഉണർന്നു കഴിഞ്ഞിരുന്നു. ഒപ്പം അയാൾ പറഞ്ഞ രാഷ്ട്രീയ പശ്ചാത്തലം എനിക്കത്ര വിശ്വാസയോഗ്യമായി തോന്നിയില്ല എന്ന സത്യവും ബാക്കിയായിരുന്നു.
വീട്ടിലേക്കു് കൊണ്ടു പോയ ആ കവറിനുള്ളിൽ എന്താണെന്നു നോക്കാനുള്ള ആകാംക്ഷയൊന്നും തോന്നിയില്ല. വീട്ടിലെയും ഓഫീസിലെയും തിരക്കുകൾക്ക് ഇടയിൽ ഞാൻ ഭഗത്തിനെയും അയാളുടെ കവറും ഏറെക്കുറെ മറന്നു പോയിരുന്നു.
മകൾ കണ്ടുകൊണ്ടിരുന്നതു് ആ മണിക്കൂറിൽ തലസ്ഥാനത്തു നടന്നു കൊണ്ടിരുന്ന സമരത്തിന്റെ വാർത്തയായിരുന്നു. ദൃശ്യങ്ങളിൽ ഉണ്ടായിരുന്നതു് പോലീസ് ബാരിക്കേഡുകൾക്കു് അപ്പുറം നിൽക്കുന്ന വിദ്യാർത്ഥികളായിരുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയുടെ താളത്തിനു് ആരെയും ചലിപ്പിക്കാനുള്ള കെൽപ്പുണ്ടായിരുന്നതു കൊണ്ടാവണം അവരുടെ ചലനത്തിനു് ഒരു നൃത്തത്തിന്റെ ഭംഗിയുണ്ടായിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ടിരുന്നു. തന്റെ മനോധർമ്മം പ്രകടിപ്പിക്കാൻ എന്ന മട്ടിൽ ക്യാമറാമാൻ മുൻനിരയിൽ നിൽക്കുന്ന ഒരു കുട്ടിയുടെ കയ്യിലിരുന്ന പാവയിലേക്കു് ക്യാമറ സൂം ചെയ്തു കാണിക്കുന്നുണ്ടായിരുന്നു. മകളുടെ കയ്യിലുള്ള പാവയുടേതു് പോലെയുള്ള ഒന്നാണു് അതിൽ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ കയ്യിലുള്ളതു്.
ഭഗത്തിനെ ഓർമ്മ വന്ന ഞാൻ മകളുടെ കൈയിലിരുന്ന പാവയിലേക്കു് നോക്കി.
സ്ക്രീനിലെ ആൾക്കൂട്ടത്തിൽ തിരഞ്ഞു. അവിടെ ഒന്നിലധികം അമ്മമാരുണ്ടു്. ലക്ഷ്മിയുടെ പ്രായമുള്ളവർ. ബാരിക്കേഡിനു നേരെ നടന്നടുത്ത കുട്ടികൾക്കു് നേരെ പോലീസ് ലാത്തി വീശിത്തുടങ്ങി. ചിതറിയോടിയ കുട്ടികൾക്കു് നേരെ ലാത്തി വീശുന്നതിൽ പോലീസുകാർക്കു് ഹരം കയറിയതു് പോലെ. കുറെ കുട്ടികൾ നിലത്തേക്കു് വീഴുന്നതു് കാണാമായിരുന്നു. നിരത്തിൽ ചോര ചിതറി. വീണുപോയ കുട്ടികളിൽ പാവ കയ്യിലുള്ള കുട്ടിയുമുണ്ടു്. കൂടെയുണ്ടായിരുന്ന ആരോ പിടിച്ചു് എഴുന്നേൽപ്പിക്കുമ്പോഴേക്കും അവളുടെ കൈയ്യിൽ നിന്നും പാവ നിലത്തേക്കു് വീണു. വീണുകിടക്കുന്ന പാവയിലേക്കു് ക്യാമറ ഫോക്കസ് ചെയ്യപ്പെടുന്നുണ്ടു്. പാവയെടുക്കാൻ കുനിഞ്ഞ അവളുടെ തലയിലേക്കു് ഒരു പോലീസുകാരന്റെ ലാത്തി വീണു. എന്റെ വായിൽ നിന്നും അയ്യോ എന്നൊരൊച്ച തൊണ്ടയിൽതടഞ്ഞു നിന്നു. ഈ നേരം രക്തത്താൽ കുതിർന്ന അവളുടെ ശിരസ്സു് കാണാനായി. അവളുടെ രക്തത്താൽ പാവയുടെ നിറവും ചുവന്നു. മുറിവേറ്റു നിലത്തേക്കു് വീഴുന്നതിനു് ഇടയിലും അവൾ തന്റെ പാവ കൈക്കുള്ളിലൊതുക്കി.
എഴുത്തു മുറിയിലേക്കു് മടങ്ങിയ എന്റെ മനസ്സു് നേരത്തെ ചെയ്തു കൊണ്ടിരുന്ന വാർത്ത വിട്ടു് മറ്റൊരു കുറിപ്പെഴുതാൻ തുടങ്ങി. നിശ്ശബ്ദവും സാന്ദർഭികവുമായ പ്രതികരണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളെപറ്റി എഴുതുമ്പോൾ ഡാനൂലയെ ആണു് പരിചയപ്പെടുത്താൻ തോന്നിയതു്.
ആ രാത്രി ഡാനൂല എന്റെ സ്വപ്നത്തിൽ വന്നു.

അവരപ്പോൾ ഒരു വലിയ ജലസംഭരണിയ്ക്കു് മുകളിൽ നിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ടു് ജീവിതം അവരെ കൊണ്ടെത്തിച്ച ഉയരം പോലെ നിവർന്നു നിന്ന ആ ജലസംഭരണിയുടെ മുകളിൽ നിന്നു് അവർ കൈകൾ വിടർത്തി. ഒരു നിമിഷം ധ്യാനത്തിൽ എന്നതു് പോലെ നിന്നു. തന്റെ കയ്യിൽ ഒരു സഞ്ചി ഉണ്ടെന്നും അതു് ആർക്കോ നേരെ വീശുകയാണെന്നും സങ്കൽപ്പിച്ചു് അവർ വലതു കൈ മുന്നോട്ടു ചലിപ്പിച്ചു. പണ്ടെപ്പോഴോ താൻ കണ്ട ഒരു ഓപ്പറയിലെ കഥാപാത്രത്തെ ഓർത്തു് അവരുടെ ഇരു കൈകളും ചലിച്ചു തുടങ്ങി. ഒപ്പം ഉടലും ചലിച്ചു. ഒരു നൃത്തച്ചുവടിൽ എന്നതു് പോലെ അവർ വായുവിലൂടെ താഴേക്കു് ഒഴുകി. ഭൂമിയെ സ്പർശിച്ച ഒരു പൂവിന്റെ ഇതളുകൾക്കെന്നതു പോലെ അവരുടെ ഉടലിനു് സംഭവിച്ച രൂപമാറ്റം കണ്ടു് ഞാൻ ഞെട്ടിയുണർന്നു.

പത്തനംതിട്ട സ്വദേശി. ഇപ്പോൾ ദുബായിൽ. ഉന്മത്തതകളുടെ ക്രാഷ് ലാന്റിങ്ങുകൾ, ടെക്വില (ദ്വീഭാഷാ സമാഹാരം), ഉളിപ്പേച്ചു്, രാജാവിന്റെ വരവും കൽപ്പമൃഗവും തുടങ്ങിയ കവിത സമാഹാരങ്ങൾ. ജിഗ്സ പസ്സൽ കഥാസമാഹാരം. ആദി & ആത്മ—ബാലസാഹിത്യ നോവൽ തുടങ്ങിയ പുസ്തകങ്ങൾ. ആനുകാലികങ്ങൾ, കേരള കവിത തുടങ്ങി വിവിധ ഇടങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ടു്. കവിതകളും കഥകളും ഇംഗ്ലീഷിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും മാറ്റം ചെയ്യപ്പെട്ടിട്ടുണ്ടു്. കവിതകളുടെയും കഥകളുടെയും പഠനങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഇന്ത്യൻ റൂമിനേഷൻസ് കവിത പുരസ്കാരം, ഭരത് മുരളി കവിത പുരസ്കാരം, ഗലേറിയ ഗാലന്റ് പ്രവാസി സാഹിത്യകാരനുള്ള പുരസ്കാരം, പ്രഥമ എഴുത്തോല കവിത പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചു.
ചിത്രീകരണം: വി. പി. സുനിൽകുമാർ