images/Young_Lady_looking_at_the_Summer_Night_from_an_Open_Door_of_a_veranda.jpg
Young Lady looking at the Summer Night from an Open Door of a veranda, a painting by Jørgen Sonne (1801–1890).
ദാവീദും ബത്ശേബയും 21-ാം നൂറ്റാണ്ടിൽ
കെ. രാജേശ്വരി

2002-മാണ്ടു് ഡിസംബർ 16-നു് ദൽഹിയിൽ നടന്ന നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആന്റ് ട്രെയിനിംഗിന്റെ (എൻ. സി. ഇ. ആർ. ടി.) വാർഷിക പൊതുയോഗത്തിൽനിന്നു് എൻ. ഡി. എ. ഇതര സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാർ ഇറങ്ങിപ്പോക്കു് നടത്തി. ഇറങ്ങിപ്പോക്കിനു് നേതൃത്വം നൽകിയതു് പശ്ചിമ ബംഗാളിൽനിന്നുള്ള സഖാവു് കാന്തിബിശ്വാസ്. പാഠപുസ്തങ്ങളിലൂടെ വർഗീയ അജണ്ട നടപ്പാക്കാനുള്ള നീക്കം തങ്ങളുടെ സംസ്ഥാനങ്ങളിൽ അനുവദിക്കില്ലെന്നു് ഇറങ്ങിപ്പോയ മന്ത്രിമാർ പ്രഖ്യാപിച്ചു.

പറയുമ്പോൾ എല്ലാം പറയണമല്ലോ? ഇറങ്ങിപ്പോയവരുടെ കൂട്ടത്തിൽ കേരള വിദ്യാഭ്യാസമന്ത്രി ജനാബ് നാലകത്തു് സൂപ്പി യും ഉണ്ടായിരുന്നു. വളച്ചൊടിക്കപ്പെട്ടതും അസത്യജടിലവുമായ പാഠപുസ്തകങ്ങളെ അപലപിക്കുന്ന പ്രമേയത്തിൽ അദ്ദേഹവും ഒപ്പിട്ടു.

ദൽഹിയിലെ യോഗം കഴിഞ്ഞു് നാലാംദിവസം ഒമ്പതാംതരത്തിലെ മലയാള പാഠാവലിയിൽനിന്നു് സി. ജെ. തോമസി ന്റെ ‘ആ മനുഷ്യൻ നീ തന്നെ’ പുറത്തായി. ആ മനുഷ്യൻ പുറത്തായതോടെ പാഠങ്ങളുടെ എണ്ണം 24 ആയി കുറഞ്ഞു. നിരങ്ങിപ്പാസുകാരായ വാധ്യാന്മാരുടെ ഭാഗ്യം—അത്രയും കുറച്ചു് പഠിപ്പിച്ചാൽ മതി. കുട്ടികൾക്കും സുഖം—ദാവീദിന്റെ സ്വഭാവം വർണിക്കുക മുതലായ ചോദ്യങ്ങൾ ഒഴിവായി.

ബൈബിൾ പഴയ നിയമത്തിൽ സാമുവലിന്റെ രണ്ടാംപുസ്തകം 11, 12 അധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളതാണു് ദാവീദിന്റെ ബത്ശേബാ പരിണയകഥ. ഒരുനാൾ സന്ധ്യയാകാറായ സമയത്തു് ദാവീദ് മെത്തയിൽനിന്നു് എഴുന്നേറ്റു് രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു് മാളികയിൽനിന്നു് കണ്ടു. ആ സ്ത്രീ അതിസുന്ദരിയായിരുന്നു. ദാവീദ് ആളയച്ചു് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബാ എന്നു് അറിഞ്ഞു. ദാവീദ് ദൂതന്മാരെ അയച്ചു് അവളെ വരുത്തി; അവൾ അവന്റെ അടുക്കൽവന്നു; അവൾക്കു് ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു് അവൻ അവളോടു് കൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു് മടങ്ങിപ്പോയി. ആ സ്ത്രീ ഗർഭം ധരിച്ചു. താൻ ഗർഭിണിയായിരിക്കുന്നു എന്നു് ദാവീദിനു് വർത്തമാനം അയച്ചു. അപ്പോൾ ദാവീദ് ഊരിയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിനു് കൽപന അയച്ചു… ഊരിയാവ് തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടും കൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി… ദാവീദ് യോവാബിനു് ഒരു എഴുത്തു് എഴുതി ഊരിയാവിന്റെ കൈയിൽ കൊടുത്തയച്ചു. എഴുത്തിൽ പട കഠിനമായിരിക്കുന്നിടത്തു് ഊരിയാവെ മുന്നണിയിൽ നിറുത്തി വെട്ടുകൊണ്ടു് മരിക്കത്തക്കവണ്ണം അവനെവിട്ടു് പിന്മാറുവിൻ എന്നു് എഴുതിയിരുന്നു. ഊരിയാവിന്റെ ഭാര്യ തന്റെ ഭർത്താവു് മരിച്ചുപോയി എന്നുകേട്ടപ്പോൾ വിലപിച്ചു. വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു് അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവനു് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു് യഹോവക്കു അനിഷ്ടമായിരുന്നു. അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ ദാവീദിന്റെ അടുക്കൽച്ചെന്നു് പറഞ്ഞതു്: ഒരു പട്ടണത്തിൽ രണ്ടു് പുരുഷന്മാർ ഉണ്ടായിരുന്നു. ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാനു് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു ദരിദ്രനോ താൻ വിലയ്ക്കുവാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു… ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകംചെയ്വാൻ സ്വന്തം ആടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു് തന്റെ അടുക്കൽവന്ന ആൾക്കുവേണ്ടി പാകം ചെയ്തു.

അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു. അവൻ നാഥാനോടു്, യഹോവയാണേ, ഇതു് ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നുപറഞ്ഞു.

images/Chakkeeri.jpg
ചാക്കീരി അഹമ്മദ് കുട്ടി

നാഥാൻ ദാവീദിനോടു് പറഞ്ഞതു്: ആ മനുഷ്യൻ നീ തന്നെ. യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായിട്ടു് അഭിഷേകം ചെയ്തു. നിന്നെ ശൗലിന്റെ കൈയിൽനിന്നു് വിടുവിച്ചു. ഞാൻ നിനക്കു് നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവിടത്തിലേക്കു് നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു. യിസ്രായേൽ ഗൃഹത്തെയും യഹൂദാഗൃഹത്തെയും നിനക്കുതന്നു. പോരായെങ്കിൽ ഇന്നിന്നതും കൂടെ ഞാൻ നിനക്കുതരുമായിരുന്നു. നീ യഹോവയുടെ കൽപന നിരസിച്ചു. അവനു് അനിഷ്ടമായുള്ളതു് ചെയ്തതെന്തിനു്? ഹിത്യനായ ഊരിയാവെ വാൾകൊണ്ടുവെട്ടി അവന്റെ ഭാര്യയെ നിനക്കു് ഭാര്യയായിട്ടു് എടുത്തു. അവനെ അമ്മോന്യരുടെ വാൾകൊണ്ടു് കൊല്ലിച്ചു. നീ എന്നെ നിരസിച്ചു് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ നിനക്കു് ഭാര്യയായിട്ടു് എടുത്തതുകൊണ്ടു് വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

images/Babyjohn.jpg
ബേബിജോൺ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിന്റെ സ്വന്തഗൃഹത്തിൽനിന്നു് ഞാൻ നിനക്കു് അനർഥം വരുത്തും. നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു് നിന്റെ കൂട്ടുകാരനു് കൊടുക്കും. അവൻ ഈ സൂര്യന്റെ വെട്ടത്തുതന്നെ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു് രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തുതന്നെ നടത്തും.

images/Jnehru.jpg
നെഹ്റു

പാഠപുസ്തകകമ്മിറ്റിയിൽ ‘ആ മനുഷ്യ’നെതിരെ വാളെടുത്തതു് കോഴിക്കോട്ടെ ഒരു ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ. ദാവീദ് രാജാവു് യഹോവയുടെ ആറാംപ്രമാണം ലംഘിച്ചു് ശിക്ഷാർഹനായ നാടകം പഠിച്ചാൽ ചെറുബാല്യക്കാർ ‘പേച്ചുപോം’ എന്ന കാരണമാണു്. അദ്ദേഹത്തിൽനിന്നു് നാം പ്രതീക്ഷിച്ചതു്. പക്ഷേ, ദാർശനികവും ദൈവശാസ്ത്രപരവുമാണു് പ്രിൻസിപ്പലദ്ദേഹത്തിന്റെ ആക്ഷേപങ്ങൾ. ദാവീദ് പ്രവാചകന്മാരിലൊരാളാണെന്നും പ്രവാചകന്മാർ തെറ്റുചെയ്യാറില്ലെന്നും നാടകത്തിൽ ദാവീദ് തെറ്റുചെയ്തുവെന്നു് പറയുന്നതു് മതവിശ്വാസത്തിനെതിരാണെന്നുമാണു് പ്രിൻസിപ്പലിന്റെ പക്ഷം. പാഠഭാഗങ്ങൾ തെരഞ്ഞെടുത്ത ഉപസമിതിയിൽ കാകദൃഷ്ടി ബകധ്യാനക്കാരനായ ഒരു കഥാകൃത്തും ഇടതുകാലിലെ മന്തു് വലതുകാലിലേക്കു് മാറ്റുന്ന കാസറ്റ് മഹാകവിയും അംഗങ്ങളായിരുന്നു. മതവികാരത്തെ പേടിച്ചാകണം, ഇരുവരും മൗനം പാലിച്ചു.

images/Netaji_Subhas_Chandra_Bose.jpg
സുഭാഷ് ചന്ദ്രബോസ്

“അരഹാജി ദീൻകൊല്ലും” എന്നൊരു ചൊല്ലുണ്ടു് ഞങ്ങളുടെ നാട്ടിൽ. “അടുക്കള വിട്ടുപോയില്ല, അറിവുള്ളോരെ കണ്ടില്ല, കിത്താബൊന്നും ഓതീല്ല, ഫത്വാക്കൊട്ടും കുറവീല” എന്നുമുണ്ടു് ഒരു കിസ്സ. (ഏറനാടൻ വാമൊഴിയിലെഴുതുന്നതു് മുസൽമാൻമാരെ പരിഹസിക്കാനാണെന്ന ആക്ഷേപമുന്നയിച്ചുകൊണ്ടു് ഡിസംബർ 20-ന്റെ ചന്ദ്രികയിൽ ഒരു പുമാൻ ലേഖനമെഴുതിയിരിക്കുന്നു. കുളിക്കാത്ത, താടിവടിക്കാത്ത പ്രാകൃതനായ ഒരു പത്രലേഖകനാണു് രാജേശ്വരി എന്ന ഹിന്ദുസ്ത്രീനാമം ധരിച്ചു് സാഹിത്യരചന നടത്തുന്നതെന്ന കണ്ടുപിടിത്തവും ടിയാൻ നടത്തിയിട്ടുണ്ടു്. ഖിയാമത്തിന്റെ അലാമത്തുകൾ എന്നല്ലാതെ എന്തുപറയാൻ?)

images/Arnold_J_Toynbee.jpg
ആർണോൾഡ് ടോയൻബി

കാക്കാകാരണവന്മാരുടെ കാലംമുതൽ പാഠഭാഗങ്ങളുടെ കാര്യത്തിൽ തൽപരരാണു് മുസ്ലീംലീഗുകാർ. ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തു് ‘ന്റുപ്പൂപ്പാക്കൊരനെണ്ടാർന്നു്’ ഹൈസ്കൂളിൽ ഉപപാഠപുസ്തകമാക്കിയപ്പോൾ എന്തൊക്കെ പുക്കാറാണുണ്ടായതു്! ഹൈക്കോടതിയിൽ മുസ്ലീം ജഡ്ജിയില്ല, ജില്ലാ ജഡ്ജിമാരിലും മുസ്ലീംകളില്ല. പബ്ലിക്ക് സർവീസ് കമീഷനിലും അംഗമായി മുസ്ലീംകളാരുമില്ല എന്നു പ്രസംഗിച്ചു നടന്ന സി. എച്ച്. മുഹമ്മദ്കോയ വരെ ‘ന്റുപ്പൂപ്പ… ’ പാഠപുസ്തകമാക്കിയതിനെ അപലപിച്ചു. “… ബഷീറിന്റെന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന പുസ്തകം ഇന്നു് ഹൈസ്ക്കൂൾ ക്ലാസിൽ പഠിപ്പിക്കുന്നതിനു് എടുത്തിട്ടുണ്ടു്. കെട്ടിക്കാറായ ഒരു പെൺകുട്ടി കുപ്പായം അഴിച്ചുവെക്കുന്നതും പിന്നെ തുണി അഴിഞ്ഞുപോകുന്നതും നഗ്നമായ തുടയിൽ ഒരട്ട മിനുസമായി ഉരസുന്നതും കുട്ടികളെ പഠിപ്പിക്കുന്ന ഒരു പുസ്തകത്തിൽ എഴുതാൻ പാടില്ല. ആ പുസ്തകം ഒരു നോവലാണു്. മി. ബഷീർ ഒരു നല്ല നോവലെഴുത്തുകാരനും സാഹിത്യകാരനുമാണു്. അദ്ദേഹത്തെ വിമർശിക്കാൻ എനിക്കു് കഴിവില്ല, ആഗ്രഹവുമില്ല. അദ്ദേഹത്തെപ്പോലെ നോവലെഴുത്തിലോ സാഹിത്യത്തിലോ കഴിവുള്ളവർ വളരെ ചുരുക്കവുമാണു്. പക്ഷേ, ആ പുസ്തകം പാഠപുസ്തകമാക്കിയതിലാണു് എനിക്കു് വിയോജിപ്പു്. ഇപ്പോൾ പാഠപുസ്തകമാക്കിയ കൃതിയിലെ ചില വാചകങ്ങൾ ഈ നിയമസഭയിൽ വായിക്കാൻ കൊള്ളാത്തതായതു കൊണ്ടു് ഞാൻ വായിക്കുന്നില്ല… ”

images/CHmohammedKoya.jpg
സി. എച്ച്. മുഹമ്മദ്കോയ

1974 കാലത്തു് ഒമ്പതാംതരത്തിൽ ഉപപാഠ പുസ്തകമായിരുന്ന ‘ഭാരതരത്നം’ എന്ന പുസ്തകത്തോടായിരുന്നു അടുത്ത പരാക്രമം. പണ്ഡിറ്റ് നെഹ്റു വിന്റെ ജീവചരിത്രമാണു് ‘ഭാരതരത്നം’. 1946 ആഗസ്റ്റിൽ ‘പ്രത്യക്ഷസമരം’ നടത്തി കൽക്കത്തയിലും മറ്റും ഒട്ടേറെ മനുഷ്യരെ മയ്യത്താക്കി എന്ന പരാമർശം ഇവിടത്തെ ലീഗുകാരെ അരിശം കൊള്ളിച്ചു. ചാക്കീരി അഹമ്മദ് കുട്ടി യാണു് അന്നു് വിദ്യാഭ്യാസമന്ത്രി. ‘ഭാരതരത്നം’ പിൻവലിക്കപ്പെട്ടു. കെ. എസ്. യു.-ക്കാരും യൂത്ത് കോൺഗ്രസുകാരും കഠിനമായി പ്രതിഷേധിച്ചെങ്കിലും ഫലിച്ചില്ല. സുഭാഷ് ചന്ദ്രബോസി ന്റെ ജീവചരിത്രം ഒമ്പതാം സ്റ്റാൻഡേർഡിൽ ഉപപാഠപുസ്തകമായി വന്നു.

images/R_Sankar.jpg
ആർ. ശങ്കർ

എൺപതുകളുടെ തുടക്കത്തിൽ കേരള സർവകലാശാലയിലെ ഒന്നാംവർഷഡിഗ്രി വിദ്യാർഥികൾക്കു് ഇംഗ്ലീഷ് പാഠപുസ്തകമായിരുന്നു ‘എ ടോയൻ ബി’ ആന്തോളജി’ അതിൽ മഹാത്മാഗാന്ധി യെക്കുറിച്ചുള്ള ലേഖനം പഠിപ്പിക്കരുതെന്നായി മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ. കാരണം, ഗാന്ധിജിയെ ടോയൻ ബി പ്രവാചകനോടു് താരതമ്യം ചെയ്തിരിക്കുന്നു! നയകോവിദനായ സഖാവു് ബേബിജോൺ (അന്നത്തെ വിദ്യാഭ്യാസമന്ത്രി)ഇടപെട്ടു് തർക്കം സബൂറാക്കി: പ്രവാചകനോടു് മഹാത്മാവിനെ തുലനം ചെയ്യുന്ന അവസാന ഖണ്ഡിക ക്ലാസിൽ എടുക്കേണ്ട. വേണമെന്നുള്ളവർ സ്വന്തമായി വായിച്ചുപഠിക്കട്ടെ. കേരളത്തിൽ എം. എസ്. എഫുകാരെന്നൊരു കൂട്ടരുള്ളതായി അറിഞ്ഞിരുന്നെങ്കിൽ ചരിത്രമേ എഴുതുമായിരുന്നില്ല, ആർണോൾഡ് ടോയൻബി.

images/Mundassery.jpg
ജോസഫ് മുണ്ടശ്ശേരി

സാഹിത്യത്തിന്റെ അലിഫ്ബാ അറിയാത്തതുകൊണ്ടാണോ അതോ മുല്ലാ ഉമറിന്റെ താവഴിയിൽപ്പെട്ട താലിബാൻ ചിന്താഗതിക്കാരനായതുകൊണ്ടാണോ നമ്മുടെ ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ ‘ആ മനുഷ്യനെ’ പാഠപുസ്തകത്തിൽനിന്നു് ചവിട്ടി പുറത്താക്കിയതു്. ഒരു സമുന്നത ലീഗ് നേതാവിന്റെ സമീപകാല ചെയ്തികളെ ഓർമിപ്പിക്കുന്നതാണു് നാടകത്തിന്റെ ഇതിവൃത്തം എന്ന കാരണവും കണ്ടേക്കാം. ഒട്ടേറെ ആടുമാടുകളെ പോറ്റുന്ന അഭിനവ ദാവീദ്, ഒരു സിവിൽ സർവീസുകാരന്റെ കുഞ്ഞാടിനെ അറുത്തു് ബിരിയാണി വെച്ചിട്ടു് അധികം കാലമായില്ലല്ലോ? സി. ജെ.-യുടെ സുപ്രസിദ്ധ സംഭാഷണം കടമെടുത്താൽ: “നാവുകൾ ചിലയ്ക്കും. ചിലയ്ക്കട്ടെ. അതിനെ അവഗണിക്കാൻ മാത്രം ശക്തനാണു് ദാവീദ് രാജാവു്. ആശങ്കകളെല്ലാം ഞാൻ തെക്കൻ കാറ്റിൽ പറപ്പിക്കുന്നു. ഞാൻ യോർദ്ദാനെപ്പോലെ ഒഴുകും. സ്വതന്ത്രമായി, ശക്തിയോടെ…”

images/C_J_Thomas-5.jpg
സി. ജെ. തോമസ്

മലയാളത്തിലുണ്ടായ എക്കാലത്തെയും ഏറ്റവും മികച്ച നാടകങ്ങളിൽ ഒന്നാമത്തേതാണു് ആ മനുഷ്യൻ നീ തന്നെ. അതിലെ നാലാമങ്കം ഒമ്പതാംതരത്തിലെ കുട്ടികളെ തല്ലിപ്പഠിപ്പിക്കാഞ്ഞതുകൊണ്ട് നാടകത്തിനോ നാടകകൃത്തിനോ ഒരു അപകർഷവും സംഭവിക്കയില്ല. ടാറ്റയുടെ സകല യന്ത്രങ്ങളും മുതലും മുടക്കിയാലും ഒരു ചെറിയ പനിനീർപ്പൂവുണ്ടാക്കാൻ കഴികയില്ല എന്നും പറഞ്ഞുവെച്ചിട്ടുണ്ടു് സി. ജെ. തോമസ്. ശ്രേഷ്ഠാചാര്യ സൂപ്പി മുതൽക്കിങ്ങോട്ടുള്ള സകലമാന ലീഗുകാരും ഒത്തുചേർന്നു് ശ്രമിച്ചാലും ‘ആ മനുഷ്യൻ നീ തന്നെ’ പോലുള്ള ഒരു കൃതി ഉണ്ടാവുമോ? ഒരിക്കലുമില്ല. അതിനു സിദ്ധി വേണം. സാധന വേണം.

images/Mahatma-Gandhi.jpg
മഹാത്മാഗാന്ധി

1958–59 കാലത്തു് ‘ന്റുപ്പൂപ്പ…’ക്കെതിരെ കത്തോലിക്കരും കരയോഗക്കാരും ലീഗുകാരുമൊക്കെ വാളെടുത്തപ്പോഴും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി കുലുങ്ങിയില്ല. ഏതാനും വർഷങ്ങൾക്കുശേഷം കേശവദേവി ന്റെ ‘ഓടയിൽ നിന്നു് ’ അശ്ലീല കൃതിയാണെന്നും പാഠപുസ്തകമാക്കരുതെന്നും അഭിപ്രായമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കർ തന്നെ ദേവിന്റെ രക്ഷക്കെത്തി. ഇപ്പോഴോ?

പൃത്ഥിയിലന്നുമനുഷ്യർ നടന്ന പ-

ദങ്ങളിലിപ്പോഴധോമുഖവാമനർ

ഇത്തിരിവട്ടം മാത്രം കാണ്മവർ

ഇത്തിരിവട്ടം ചിന്തിക്കുന്നവർ.

വൈലോപ്പിള്ളി—ഓണപ്പാട്ടുകാർ.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Davidum Bathshebayum 21-am Noottandil (ml: ദാവീദും ബത്ശേബയും 21-ാം നൂറ്റാണ്ടിൽ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Davidum Bathshebayum 21-am Noottandil, കെ. രാജേശ്വരി, ദാവീദും ബത്ശേബയും 21-ാം നൂറ്റാണ്ടിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young Lady looking at the Summer Night from an Open Door of a veranda, a painting by Jørgen Sonne (1801–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.