മെയ് 3-നു് ശുഭമുഹൂർത്തത്തിൽ ഉത്തർപ്രദേശിലെ രാഷ്ട്രീയാനിശ്ചിതത്വത്തിനു തിരശ്ശീലയിട്ടുകൊണ്ടു് മായാവതി യുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷിമന്ത്രിസഭ നിലവിൽവന്നു. ഏഴുവർഷത്തിനകം ഇതു് മൂന്നാംതവണയാണു് ബഹൻജി യു. പി.-യുടെ ഭരണസാരഥ്യമേൽക്കുന്നതു്.
ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തു വിസ്തീർണത്തിൽ രണ്ടാംസ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാകുന്നു. ഉത്തർപ്രദേശ്. വടക്കുപടിഞ്ഞാറൻ യു. പി.-യെ വെട്ടിമുറിച്ചു ഉത്തരാഞ്ചൽ ആക്കിയിട്ടും വ്യത്യാസമൊന്നുമില്ല. ജാതിചിന്ത ശക്തമായ ഗംഗസമതലത്തിലാണു് അതും ഉത്തർപ്രദേശിൽ. ഒരു ദളിത് വനിത മുഖ്യമന്ത്രിയാകുന്നതു്. ആരുടെയും ഓശാരത്തിലല്ല. ഓരോ ഇഞ്ചും പൊരുതി നേടിയതാണു് മുഖ്യമന്ത്രിസ്ഥാനം. നമ്മുടെ സാക്ഷര സുന്ദര കേരളത്തിൽ എന്താണു് കഥ? ചാത്തൻ മാസ്റ്റർ മുതൽ കുട്ടപ്പൻ ഡോക്ടർ വരെയുള്ളവർക്കു് പട്ടികജാതി ക്ഷേമവകുപ്പല്ലാതെ ഭരിക്കാൻ കിട്ടിയിട്ടില്ല. ഭാർഗവിതങ്കപ്പൻ എന്ന ദലിത് സ്ത്രീ ‘ഡപ്പിടി’ സ്പീക്കർ വരെയായി. കെ. കെ. വിജയലക്ഷ്മിയാണെങ്കിൽ കെ. പി. സി. സി.-യുടെ 14 ജനറൽ സെക്രട്ടറിമാരിൽ ഒരാളും.
അതിശക്തമായ ദലിത് വോട്ടുബാങ്കാണു് ബഹുജൻ സമാജ്പാർട്ടിക്കു് യു. പി.-യിലുള്ളതു്. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ബി. എസ്. പി.-യെന്നാൽ മായാവതി യാണു്. കാൻഷിറാമിന്റെ മാതൃസംസ്ഥാനമായ പഞ്ചാബിൽപോലും ബി. എസ്. പി.-ക്കു് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലും ഉത്തർപ്രദേശിൽ പാർട്ടിയെ നിലനിറുത്തുന്നതു് ബഹൻജിയുടെ വൈഭവം ഒന്നുമാത്രമാണു്.
ബഹുജൻ സമാജ് പാർട്ടിയുടെ അടിത്തറയെക്കുറിച്ചുള്ള ബോധ്യമാണു് കാൻഷിറാമുമായി കൈകോർക്കാൻ മുലായം സിംഗ് യാദവി നെ പ്രേരിപ്പിച്ചതു്. ബാബരി മസ്ജിദ് തകർച്ചക്കുശേഷം 1993 നവംബറിൽ നടന്ന തെരഞ്ഞെടുപ്പ്. കോൺഗ്രസിതര മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായി ബി. ജെ. പി.-യെ എതിർക്കണമെന്നായിരുന്നു വി. പി. സിംഗി ന്റെ ആഗ്രഹം. അതിനായി ത്യാഗം സഹിക്കാൻ ജനതാദളും ഇടതുപക്ഷ കക്ഷികളും സന്നദ്ധവുമായിരുന്നു. എന്നാൽ ബി. എസ്. പി.-യുമായി മാത്രം മതി സഖ്യമെന്നായിരുന്നു യാദവിന്റെ തീരുമാനം. എസ്. പി-ബി. എസ്. പി. സഖ്യം വളരെ ഫലപ്രദമായിരുന്നുതാനും. 425 അംഗ യു. പി. വിധാൻസഭയിൽ സഖ്യത്തിനു് 176 സീറ്റുകൾ നേടാനായി. മറുവശത്ത് ബി. ജെ. പി.-യുടെ അംഗബലം 291-ൽ നിന്നു് 177 ആയി കുറഞ്ഞു. കോൺഗ്രസും ജനതാദളും കനത്ത തിരിച്ചടി നേരിട്ടു. കോൺഗ്രസിന്റെ സീറ്റുകൾ 46-ൽ നിന്നു 28 ആയും ദളിന്റേതു് 93-ൽനിന്നു 27 ആയും ഇടിഞ്ഞു മതേതര മൂല്യങ്ങൾ സംരക്ഷിക്കാനായി എ.പി-ബി.എസ്.പി സഖ്യത്തെ പിന്തുണക്കുകയല്ലാതെ കോൺഗ്രസിനും ജനതാദളിനും നിവൃത്തിയില്ലാതായി.
ആ തെരഞ്ഞെടുപ്പോടെ യു. പി.-യെ സംബന്ധിച്ചിടത്തോളം കോൺഗ്രസും ജനതാദളും അപ്രസക്തമായി. പാർട്ടികളുടെ സാമുദായികാടിത്തറയിലും വലിയ മാറ്റങ്ങളുണ്ടായി.
ബ്രാഹ്മണരും മുസ്ലിംകളും പട്ടികജാതിക്കാരുമായിരുന്നു എക്കാലവും കോൺഗ്രസിന്റെ വോട്ടുബാങ്ക്. ബ്രാഹ്മണേതര മുന്നാക്ക ഹിന്ദുക്കൾ ബി. ജെ. പി.-യെയും പിന്നാക്ക സമുദായക്കാർ ജനതാദളിനെയും പിന്തുണച്ചു. ബാബരി മസ്ജിദിന്റെ തകർച്ചക്കുശേഷം മുസ്ലിംകൾ കോൺഗ്രസിനെ കൈവിട്ടു. അവരിൽ ബഹുഭൂരിപക്ഷവും സമാജ്വാദ് പാർട്ടിയെ പിന്താങ്ങി. ബ്രാഹ്മണർ ബി. ജെ. പി.-യും പട്ടികജാതിക്കാർ ബി. എസ്. പി.-യിലും അഭയം കണ്ടെത്തി. യാദവരാദികളായ പിന്നാക്ക സമുദായക്കാരേറെയും സമാജ്വാദിപാർട്ടിയുടെ കൊടിക്കീഴിൽ അണിനിരന്നു. എസ്. പി.-ബി. എസ്. പി. സഖ്യത്തിലൂടെ പിന്നാക്ക മുസ്ലിം ദലിത് ഐക്യം പ്രാവർത്തികമായി എന്നും ബി. ജെ. പി.-യുടെ ഹിന്ദുത്വമുഖംമൂടിയടണിഞ്ഞ സവർണഐക്യത്തിനു് യഥാർഥ ബദൽ ഇതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
എന്നാൽ യു. പിയിലെ ദലിത്-പിന്നാക്ക ഐക്യം അൽപായുസ്സായി. രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക ശാസ്ത്രജ്ഞരും എന്തുതന്നെ പറഞ്ഞാലും സാമുഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ദലിതരുടെ തൊട്ടടുത്ത എതിരാളികൾ പിന്നാക്ക സമുദായക്കാരാണു്. ബീഹാറിലും യു. പി.-യിലുമൊക്കെ പട്ടികജാതിക്കാരെ ചുട്ടുകൊല്ലുന്നതു് രജപുത്രരോ ബ്രാഹ്മണരോ അല്ല, യാദവർ മുതലായ പിന്നാക്ക ഹിന്ദുജാതിക്കാരാണു്. (തമിഴ്‌നാട്ടിൽ വണ്ണിയരുടെ പട്ടാളിമക്കൾ കക്ഷിയും ദലിതരുടെ പുതിയ തമിഴകവും തമ്മിലുള്ള കുടിപ്പകയും ഓർമിക്കുക). മുലായംസിംഗി നു് കാൻഷിറാമി നെയോ മായാവതി യെയോ തുല്യനിലയിൽ കാണാനോ ആദരിക്കാനോ കഴിയാഞ്ഞതു് സ്വാഭാവികം. കസേര ഉറപ്പിക്കാനുള്ള തത്രപ്പാടിൽ യാദവൻ സഖ്യകക്ഷികളെത്തന്നെ പിളർക്കാൻ തുടങ്ങി. സി. പി. ഐ, സി. പി. എം, ജനതാദൾ കക്ഷികളിൽനിന്നൊക്കെ എം. എൽ. എ.-മാരെ ചാക്കിട്ടുപിടിച്ചു. എതിർക്കാൻ ത്രാണിയില്ലാത്തതുകൊണ്ടു് അവർക്കു സഹിക്കുകയേ വഴിയുണ്ടായുള്ളൂ. ബി. എസ്. പി.-യിലെ ചില പിന്നാക്ക, മുസ്ലിം എം. എൽ. എ.-മാരെയും ചാക്കിൽ കയറ്റാൻ മുലായംസിംഗ് ശ്രമം തുടങ്ങിയപ്പോൾ മായാവതി ക്ഷോഭിച്ചു. എസ്. പി.-ബി. എസ്. പി. ഭിന്നത ബി. ജെ. പി. ശരിക്കും മുതലാക്കി. അവർ മായാവതിക്കു് മുഖ്യമന്ത്രിപദം ഓഫർ ചെയ്തു. മുഖ്യമന്ത്രിക്കസേര കണ്ടപ്പോൾ ബഹൻജിയുടെ കണ്ണു് മഞ്ഞളിച്ചു. 1995 ജൂൺ 1-നു മന്ത്രിസഭ അട്ടിമറിക്കപ്പെട്ടു.
ലഗ്നാലോ ചന്ദ്രാലോ യോജിക്കാൻ സാധ്യതയില്ലാത്ത പാർട്ടികളാണു് ബി. ജെ. പി.-യും ബി. എസ്. പി.-യും. അതുവരെ ‘മനുവാദി’ പാർട്ടിയെ ആക്ഷേപിച്ചുനടന്ന മായാവതി, ബി. ജെ. പി. പിന്തുണയോടെ ജൂൺ മൂന്നിനു് മന്ത്രിസഭയുണ്ടാക്കി. ഉത്തർപ്രദേശ് മുഖ്യയാകണമെന്ന ബഹൻജിയുടെ മോഹം പൂവണിഞ്ഞു; മൗലാനാ മുലായമിനെ പുറത്താക്കണമെന്ന ബി. ജെ. പി.-യുടെ ലക്ഷ്യവും നിറവേറി. വിരുദ്ധശക്തികളുടെ ഈ കൂട്ടുകെട്ടും അൽപായുസ്സായി. ബി. ജെ. പി. പിന്തുണ പിൻവലിക്കയാൽ ഒക്ടോബർ 17-നു് മന്ത്രിസഭ തകർന്നു: നിയമസഭയും പിരിച്ചുവിട്ടു.
1996 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി. ജെ. പി.-യും എസ്. പി.-യും ഒറ്റക്കൊറ്റക്കു് മൽസരിച്ചു. ബഹുജൻസമാജ് പാർട്ടി കോൺഗ്രസുമായി സഖ്യമുണ്ടാക്കി. ബി. എസ്. പി. 300 സീറ്റിലും കോൺഗ്രസ് 125-ലും മൽസരിച്ചു. (മഹാത്മാഗാന്ധി യെപ്പറ്റി അശ്ശീല പരാമർശം നടത്തുന്ന മായാവതി യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കരുതെന്നു് യുദ്ധ ഗാന്ധിയൻ പത്രമായ മാതൃഭൂമി മുഖപ്രസംഗം വഴി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല). വോട്ടെണ്ണിയപ്പോൾ ആർക്കുമില്ല ഭൂരിപക്ഷം. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലക്കു് തങ്ങളെ വിളിക്കണമെന്നു് ബി. ജെ. പി. ആവശ്യപ്പെട്ടെങ്കിലും ഗവർണർ ഗൗനിച്ചില്ല. മായാവതി രൂപവത്കരിക്കുന്ന മന്ത്രിസഭയെ സമാജ് വാദി പാർട്ടിപുറത്തുനിന്നു പിന്താങ്ങണം എന്നു് കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരി ആവശ്യപ്പെട്ടതു് മുലായം സിംഗ് യാദവും ചെവികൊണ്ടില്ല. അക്കാലത്തു് കേന്ദ്രത്തിൽ പ്രതിരോധമന്ത്രിയായിരുന്ന യാദവിനു് യു. പി.-യിൽ മതേതര മന്ത്രിസഭയുണ്ടാകണമെന്നു് അത്രവലിയ നിർബന്ധമൊന്നുമില്ലായിരുന്നു. മായാവതിയാണെങ്കിൽ യാദവന്റെ ഒന്നാം നമ്പർ ശത്രുവും.
തെരഞ്ഞെടുപ്പു് കഴിഞ്ഞു് മാസം ആറായിട്ടും മന്ത്രിസഭയുണ്ടാകാഞ്ഞപ്പോൾ ബഹൻജി അക്ഷമയായി. ആ തക്കം നോക്കി ബി. ജെ. പി. പിന്തുണയുമായെത്തി. 1997 മാർച്ച് 21-നു ബി. എസ്. പി-ബി. ജെ. പി. കൂട്ടു മന്ത്രിസഭ യാഥാർഥ്യമായി. ഇളിഭ്യനായ കേസരി കേന്ദ്രമന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു. ദേവഗൗഡ യുടെ സ്ഥാനത്തു് ഐ. കെ ഗുജ്റാൾ ആയി പ്രധാനമന്ത്രി. മുൻ നിശ്ചയപ്രകാരം ആറുമാസം തികയുമ്പോൾ മായാവതി കല്യാൺസിംഗിനുവേണ്ടി സ്ഥാനം ഒഴിയുമോ എന്ന സംശയം നിലനിന്നു. കാൻഷിറാമും മായാവതി യും ഒളിഞ്ഞും തെളിഞ്ഞും ബി. ജെ. പി.-യെ വിമർശിക്കുക പതിവാക്കി. സെപ്റ്റംബർ 21-നു് മായാവതി സ്ഥാനമൊഴിഞ്ഞു: കല്യാൺസിംഗ് മുഖ്യമന്ത്രിയായി. ഒരു മാസത്തിനകം ബി. എസ്. പി. പിന്തുണ പിൻവലിച്ചെങ്കിലും കല്യാൺസിംഗ് കുലുങ്ങിയില്ല. കോൺഗ്രസിൽനിന്നു 22-ഉം ബി. എസ്. പിയിൽ നിന്നു 12-ഉം ജനതാദളിൽ നിന്നു് മൂന്നും അംഗങ്ങളെ ചാക്കിട്ടു് ഭൂരിപക്ഷം ഉറപ്പാക്കി. മന്ത്രിസഭയെ ഡിസ്മിസ് ചെയ്യാൻ കേന്ദ്രം ശിപാർശ ചെയ്തെങ്കിലും രാഷ്ട്രപതി നാരായണൻ നിരാകരിച്ചു. കാലുമാറ്റക്കാരെ അയോഗ്യരാക്കാൻ മായാവതി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും ബി. ജെ. പി.-ക്കാരനായ സ്പീക്കർ കേസരിനാഥ് ത്രിപാഠി അവയൊക്കെ പരാജയപ്പെടുത്തി. 2002 ഫെബ്രുവരി വരെ ബി. ജെ. പി. ഭരണം നിലനിന്നു.
1989 ഏപ്രിൽ 17-നു് വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ട് തേടിയപ്പോൾ മായാവതി പകരംവീട്ടി. ചർച്ച തുടങ്ങുമ്പോൾ ബി. എസ്. പി. കയ്യാലപ്പുറത്തായിരുന്നു. രാവിലെ ബി. ജെ. പി.-യോടും വൈകിട്ടു് കോൺഗ്രസിനോടും ചർച്ച നടത്തി. നിഷപക്ഷത പാലിക്കുമെന്നു സഭയിൽ പ്രഖ്യാപിച്ചശേഷം പ്രമേയത്തെ എതിർത്തു് വോട്ടുചെയ്തു. ബി. എസ്. പി.-യുടെ അഞ്ചു് വോട്ട് മന്ത്രിസഭയുടെ വിധി നിർണയിച്ചു. 269-നെതിരെ 270 വോട്ടിനു് വിശ്വാസപ്രമേയം പരാജയപ്പെട്ടു. പിന്നീടു് നടന്നതെരഞ്ഞെടുപ്പിൽ ബി. എസ്. പി.-ക്കു 14 സ്ഥാനങ്ങൾ ലഭിച്ചു. എല്ലാം യു. പി.-യിൽ ആയിരുന്നുതാനും.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കരുതെന്നായിരുന്നു മായാവതി യുടെ ആഗ്രഹം. അതു് ഫലിക്കുകയും ചെയ്തു. 143 സീറ്റ് ലഭിച്ച സമാജ് വാദി പാർട്ടിക്കു പിന്നിൽ 98 സീറ്റോടെ ബി. എസ്. പി. രണ്ടാമതെത്തി; 88 സ്ഥാനങ്ങൾ ലഭിച്ച ബി. ജെ. പി. മൂന്നാമതായി. ബി. എസ്. പി.-യുടെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ ബി. ജെ. പി.-ക്കോ എസ്. പി.-ക്കോ കഴിഞ്ഞില്ല. വ്യവസായികൾ പണച്ചാക്കുകളുമായി ബി. ജെ. പി, എസ്. പി. കക്ഷികളെ പിന്തുണച്ചു. രാജ്നാഥ്സിംഗും മുലായംസിംഗും പറന്നുനടന്നു് പ്രചരണം നടത്തിയപ്പോൾ പാവം മായാവതി കാറിലാണു് പര്യടനം നടത്തിയതു്. ഒട്ടേറെ മുസ്ലിം മുന്നാക്ക സമുദായാംഗങ്ങൾക്കും ബി. എസ്. പി. സീറ്റ് നൽകി. അവരിൽ 32 സവർണരും 15 മുസ്ലിംകളും ജയിച്ചുകയറി. മുമ്പൊരിക്കലും 70 സീറ്റ് തികച്ചുനേടാൻ കഴിയാഞ്ഞ (അതും സഖ്യത്തിൽ മൽസരിക്കുമ്പോൾ) ബഹുജൻ സമാജ് പാർട്ടി ഇത്തവണ ഒറ്റക്കു് 98 സീറ്റുകളിൽ ജയിച്ചതു് വലിയനേട്ടം തന്നെയാണു്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായ തന്നെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്നായിരുന്നു മുലാംയംസിംഗി ന്റെ ആവശ്യം. കേന്ദ്രത്തിൽ ബി. ജെ. പി.-യുടെ ഭരണമാണു്. ഗവർണർ വിഷ്ണുകാന്ത് സഹായ് മുരത്ത ആർ. എസ്. എസുകാരനും. 25 അംഗങ്ങളുള്ള കോൺഗ്രസ് സഹായഹസ്തം നീട്ടിയിരുന്നെങ്കിൽ പിന്നെ സ്വതന്ത്രന്മാരെ ചാക്കിട്ടോ ബി. എസ്. പി. പിളർത്തിയോ മന്ത്രിസഭയുണ്ടാക്കാമായിരുന്നു. പക്ഷേ, മാഡം സോണിയ കനിഞ്ഞില്ല. (കൊടുത്താൽ ലക്നോവിലും കിട്ടും. 1999 ഏപ്രിലിൽ ബദൽ മന്ത്രിസഭയുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ മാഡത്തെ പിന്നിൽനിന്നു്. കുത്തിയതു് യാദവൻ ആയിരുന്നില്ലല്ലോ).
തെരഞ്ഞെടുപ്പു് ഫലം എതിരായതുകൊണ്ടു് പ്രതിപക്ഷത്തിരിക്കും എന്നു് ബി. ജെ. പി. പ്രഖ്യാപിച്ചു. രാജ്നാഥ്സിംഗും കൽരാജ് മിശ്ര യും പ്രഖ്യാപനം ആവർത്തിച്ചു. എന്നാലും നാളുകൾ നീങ്ങുന്തോറും ഭരണമില്ലാത്ത ജീവിതം വ്യർഥമാണെന്നു് തോന്നിതുടങ്ങി. മുലായംസിംഗ് അധികാരം പിടിച്ചാൽ അയോധ്യാകേസ് കുത്തിപ്പൊക്കും, അദ്വാനി യും ജോഷിയുമൊക്കെ അകത്താകും. ഗുജറാത്ത് സംഭവങ്ങളെ തുടർന്നു ആടി നിൽക്കുന്ന ‘മതേതര’ ഘടകക്ഷികളെ ഉറപ്പിച്ചുനിറുത്താനും ബി. എസ്. പി. സഖ്യം ഉപകരിക്കും. സർവോപരി, വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി. എസ്. പി.-യുടെ 36,000 ഇലക്ട്രൽവോട്ട് നിർണായകമാവും.
മായാവതി ക്കാണെങ്കിൽ ലക്ഷ്യത്തെയോ മാർഗത്തെയോ പറ്റി ഒരു സംശയവുമുണ്ടായിരുന്നില്ല. ലക്ഷ്യം—മുഖ്യമന്ത്രി പദം, മാർഗം—ബി. ജെ. പി. സംഖ്യം. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. സ്ഥാനാർഥിക്കു വോട്ടുമറിച്ചുകൊണ്ടു് കാൻഷിറാം ആദ്യ സൂചന നൽകി. പിന്നാലെ ഭീകരപ്രവർത്തൻ നിരോധന ബില്ലിന്റെ ചർച്ചാവേളയിൽ ഒടുവിൽ ശാസനാപ്രമേയത്തിന്റെ വോട്ടിംഗ് വേളയിലും കേന്ദ്രസർക്കാറിനെ പിന്തുണച്ചു. വരാനിരിക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും ബി. എസ്. പി.-യുടെ വോട്ട് ബി. ജെ. പി. സ്ഥാനാർഥികൾക്കാണു്. മായാവതി ക്കു് കേന്ദ്രമന്ത്രിസ്ഥാനം, കാൻഷിറാമിനു് ഉപരാഷ്ട്രപതി പദവി—ഇതൊക്കെ ബി. ജെ. പി. വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല. യു. പി. മുഖ്യമന്ത്രിയിൽ കൂടിയതോ കുറഞ്ഞതോ ആയ ഒരു സ്ഥാനവും ഞങ്ങൾക്കുവേണ്ട. ബി. ജെ. പി. ഉപമുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കെഞ്ചിയിട്ടും ലഭിച്ചില്ല. ബി. ജെ. പി. ബാന്ധവത്തിൽ പ്രതിഷേധിച്ചു് ആരിഫ് മുഹമ്മദഖാൻ രാജിവെച്ചിട്ടും കുലുങ്ങിയില്ല മായാവതി. ഇനി കാൻഷിറാം രാജിവെച്ചാൽ കുലുങ്ങില്ല. പിന്നയല്ലേ ആരിഫ്ഖാൻ?
ബി. എസ്. പി. ബാന്ധവത്തിൽ പ്രതിഷേധിച്ചു് (പുറമേക്കു് പറഞ്ഞ കാരണം വേറേയാണു്) ദേശീയ ജനാധിപത്യ സഖ്യം വിട്ടുപോയിരിക്കുന്നു. രാംവിലാസ് പാസ്വാൻ. കത്തിച്ചാൽ കത്തുന്ന മതേതരനും സാമൂഹിക നീതിയുടെ അപ്പോസ്തലനുമാണു് പാസ്വാൻ. 1977 മുതൽ ബീഹാറിലെ ഹാജിപ്പുർ (സംവരണ)മണ്ഡലം അട്ടിപ്പേറാക്കിവെച്ചിരിക്കുകയാണു് അദ്ദേഹം. 1989–90 കാലത്തു് വി. പി. സിംഗി ന്റെയും 1996–98 കാലഘട്ടത്തിൽ ഗൗഡ. ഗുജ്റാൾ മാരുടെയും മന്ത്രിസഭകളിൽ അംഗവുമായിരുന്നു.
1996 ജൂൺ 1. വാജ്പേയി 13 ദിവസത്തെ ഭരണംകഴിഞ്ഞു് ദേവഗൗഡ യുടെ സർക്കാർ അധികാരമേൽക്കുന്നു. മന്ത്രിമാരുടെ കൂട്ടത്തിൽ പാസ്വാനും ഉണ്ടു്. സത്യപ്രതിജ്ഞ കഴിഞ്ഞു് രാഷ്ട്രപതി ശങ്കർദയാൽ ശർമ ഹസ്തദാനത്തിനായി പാസ്വാനു നേരെ കൈനീട്ടി. കൈകൊടുക്കാതെ പാസ്വാൻ തിരിഞ്ഞുനടന്നു. ബ്രാഹ്മണനായ രാഷ്ട്രപതി തൊട്ടു് അശുദ്ധമാകണ്ട എന്നു് കരുതിയിട്ടില്ല. ബി. ജെ. പി. 13 ദിവസത്തേക്കാണെങ്കിലും മന്ത്രിസഭയുണ്ടാക്കാൻ വിളിച്ചതിലുള്ള പ്രതിഷേധം. 1998 ഏപ്രിലിൽ വാജ്പേയി വിശ്വാസവോട്ടുതേടുമ്പോഴും രാംവിലാസ് പാസ്വാൻ ബി. ജെ. പി. വിരുദ്ധനാണു്. എന്നാൽ ഒക്ടോബറിൽ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ദേശീയ ജനാധിപത്യ സഖ്യത്തിൽ ചേക്കേറി. വാജ്പേയി മന്ത്രിസഭയിൽ അംഗവുമായി.
ലാലുപ്രസാദ് യാദവി നോടുള്ള പകയാണു് പാസ്വാനെ ബി. ജെ. പി. പാളയത്തിലെത്തിച്ചതു്. (വീണ്ടും ദലിത്-പിന്നാക്ക വൈരുധ്യം) ബീഹാറിലെ മുഖ്യമന്ത്രിക്കസേരയാണു് പാസ്വാന്റെ ലക്ഷ്യം. മതേതരും പിന്നാക്ക സമുദായക്കാരുമായ ശരത്യാദവ്, നിതീഷ്കുമാർ എന്നിവരുടെയും സ്വപ്നം അതുതന്നെ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരേ മുന്നണിയിൽനിന്നു മൂവരും പരസ്പരം വാരി. ഫലം—ആർക്കും ഭൂരിപക്ഷമില്ല. ഝാർഖണ്ട് മുക്തിമോർച്ചയെ സ്വാധീനിച്ചു് മന്ത്രിസഭയുണ്ടാക്കാൻ വാജ്പേയി നിശ്ചയിച്ചതു് നിതീഷ്കുമാറിനെ. പാസ്വാൻ എങ്ങനെ സഹിക്കും? ഏതായാലും നിതീഷിന്റെ മന്ത്രിസഭ ഏഴുദിവസമേ നിലനിന്നുള്ളു.
ബീഹാറിനെ വെട്ടിമുറിച്ചു് ഝാർഖണ്ട് ഉണ്ടാക്കിയതോടെ പാസ്വാന്റെ പ്രസക്തി ഇല്ലാതായി. ബീഹാർ ലാലുവിനു്, ഝാർഖണ്ട് ബി. ജെ. പി.-ക്കു്. പാസ്വാനെ വാർത്താവിനിമയ വകുപ്പിൽനിന്നു് അപ്രധാനമായ കൽക്കരി ഖനന വകുപ്പിലേക്കു് മാറ്റി. നിതീഷിനു് കൃഷിവകുപ്പിൽനിന്നു് റെയിൽവേയിലേക്കു് സ്ഥാനക്കയറ്റവും നൽകി. അപമാനവും സഹിച്ചു് കഴിയുകയായിരുന്നു കഴിഞ്ഞ ഒരു വർഷം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാസ്വാന്റെ പാർട്ടിക്കു് തുച്ഛമായ എട്ടു് സീറ്റേ മൽസരിക്കാൻ കിട്ടിയുള്ളു. അതിൽ രണ്ടെണ്ണം ജയിച്ചു. കൂട്ടുകക്ഷിയായ ബി. ജെ. പി. മായാവതി യുടെ കൈയും പിടിച്ചു് അധികാരത്തിലേറുന്നതു് പാസ്വാൻ എങ്ങനെ സഹിക്കും! ഈ രാജ്യത്തു് ഞാനല്ലാതെ ഒരു ദലിത് നേതാവോ? ഒരിക്കലും പാടില്ല.
ബി. എസ്. പി. പിന്തുണക്കു പ്രത്യുപകാരമായി പാസ്വാനെ കേന്ദ്രമന്ത്രിസഭയിൽനിന്നു് പറഞ്ഞയക്കണം എന്ന വ്യവസ്ഥ വെച്ചുവോ മായാവതി? പാസ്വാന്റെ രാജിക്കത്തു് കിട്ടിയതും രാഷ്ട്രപതിക്കു് അയച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു.
കേന്ദ്രമന്ത്രസ്ഥാനം രാജിവെച്ച രാംവിലാസ് പാസ്വാൻ വീണ്ടും മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും വക്കാലത്തു് ഏറ്റെടുത്തിട്ടുണ്ടു്. ലാലുയാദവി നൊപ്പം കോൺഗ്രസ് മുന്നണിയിലോ മുലായംസിംഗി നോടൊപ്പം മൂന്നാം മുന്നണിയിലോ എന്നേ അറിയാനുള്ളൂ. രണ്ടായാലും രാജ്യത്തിന്റെ ഭാവി സുരക്ഷിതം. സുശോഭനം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.