images/Simon_Vouet_-_Saint_Cecilia.jpg
Saint Cecilia, a painting by Simon Vouet (1590–1649).
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമുദ്ര
കെ. രാജേശ്വരി
images/KR_Gouriamma.jpg
കെ. ആർ. ഗൗരിയമ്മ

കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച സർക്കാർ 1957-ലേതാണു്. അതൊരു ജനകീയ സർക്കാറായിരുന്നു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച സർക്കാർ. മന്ത്രിമാർ പ്രഗല്ഭരായിരുന്നു. വ്യക്തമായ ലക്ഷ്യബോധം സർക്കാറിനുണ്ടായിരുന്നു. പാവപ്പെട്ടവരെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു പ്രവർത്തനം. ഭൂപരിഷ്കരണത്തിനു് നാന്ദി കുറിച്ച കാർഷികബന്ധ നിയമം, വിദ്യാഭ്യാസ പരിഷ്കരണ നിയമം, ഭരണപരിഷ്കരണ നിയമം ഇവയൊക്കെ സർക്കാറിന്റെ മകുടത്തിലെ പൊൻതൂവലുകളായിരുന്നു: പറയുന്നതു് കെ. ആർ. ഗൗരിയമ്മ.

images/AR_Menon.jpg
ഡോ. എ. ആർ. മേനോൻ

1952 മുതൽ 2006 വരെ (1977–79-ലെ ഒരു ചെറിയ ഇടവേളയിലൊഴികെ) നിയമസഭാംഗമായിരുന്നു, സഖാവു് ഗൗരിയമ്മ. ഇ. എം. എസി ന്റെയും ഇ. കെ. നായനാരു ടെയും എ. കെ. ആന്റണി യുടെയും ഉമ്മൻചാണ്ടി യുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു് കൃഷിയും വ്യവസായവും എൿസൈസും റവന്യൂവും പോലെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു് കഴിവും കാര്യപ്രാപ്തിയും തെളിയിച്ച മഹതി. ഉള്ള കാര്യം മുഖത്തടിച്ചു് പറയുന്ന പ്രകൃതക്കാരി, മഹാ തന്റേടി. ആ നിലക്കു് അവർ പറയുന്നതു് സത്യമാകാനേ തരമുള്ളു. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നു് പുറത്തായിട്ടു് ഒരു വ്യാഴവട്ടത്തിലേറെയായി. സഖാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി കളവു പറയേണ്ട കാര്യമില്ല. 1957-ലെ സർക്കാർ കേമമായിരുന്നെന്നു് പറഞ്ഞാൽ വിമോചനസമരത്തിന്റെ വീരപാരമ്പര്യമുൾക്കൊള്ളുന്ന ഇപ്പോഴത്തെ സഹപ്രവർത്തകർക്കു് രസിച്ചെന്നുംവരില്ല.

ഇനി ഗൗരിയമ്മയോടു് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള സഖാവു് വെളിയം ഭാർഗവന്റെ അഭിപ്രായം ശ്രദ്ധിക്കാം. ’57-ലെയും ഇപ്പോഴത്തെയും മന്ത്രിസഭകൾ തമ്മിലുള്ള വ്യത്യാസമെന്താണു് എന്ന ചോദ്യത്തിനു് ആശാന്റെ മറുപടി: ഒരു താരതമ്യവുമില്ല. ’57-ലെ ഗവൺമെന്റിനു് ഒരു താരതമ്യവുമില്ല.

images/Ek_nayanar.jpg
ഇ. കെ. നായനാർ

വെളിയം സഖാവിന്റെ അഭിപ്രായം, ഇപ്പോഴത്തെ സർക്കാറിനെ സംബന്ധിച്ചിടത്തോളം നൂറുശതമാനം ശരിയാണു്. വി. എസ്. അച്യുതാനന്ദനെ ഇ. എം. എസ്. നമ്പൂതിരിപ്പാടി നോടോ, തോമസ് ഐസക്കി നെ അച്യുതമേനോനോ ടോ, പി. കെ. ഗുരുദാസനെ ടി. വി. തോമസിനോ ടോ, ടി. യു. കുരുവിള യെ ടി. എ. മജീദി നോടോ, കെ. പി. രാജേന്ദ്രനെ കെ. ആർ. ഗൗരിയമ്മ യോടോ, എം. എ. ബേബി യെ മുണ്ടശ്ശേരി മാഷിനോടോ, എം. വിജയകുമാറി നെ വി. ആർ. കൃഷ്ണയ്യരോ ടോ, പി. കെ. ശ്രീമതി ടീച്ചറെ ഡോ. എ. ആർ. മേനോനോ ടോ താരതമ്യം ചെയ്യാൻ സാധ്യമല്ല.

എന്നാൽ, ഗൗരിയമ്മ പറയുംപോലെ കേരളം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച സർക്കാറായിരുന്നുവോ 1957-ലേതു് ? അല്ല എന്നാണു് ഉത്തരം.

1957-ൽ ഏറെക്കുറെ അപ്രതീക്ഷിതമായാണു് കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നതു്. അതും ഒറ്റക്കു്. മുമ്പും ശേഷവും ഉണ്ടായപോലെ ഇടതുമുന്നണി ഉണ്ടായിരുന്നില്ല. സീറ്റ് വിഭജനത്തെച്ചൊല്ലി ആർ. എസ്. പി.-യും കെ. എസ്. പി.-യുമൊക്കെ തെറ്റിപ്പിരിഞ്ഞിരുന്നു. പി. എസ്. പി.-യുമായുള്ള ബന്ധം അതിനുമൊക്കെ മുമ്പു് ശിഥിലമായിരുന്നുതാനും. കഷ്ടിച്ചു് ഭരിക്കാനുള്ള ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളു—133 അംഗ സഭയിൽ 60 കമ്യൂണിസ്റ്റുകാർ, അഞ്ചു് സ്വതന്ത്രർ. സ്വതന്ത്രരിൽ രണ്ടുപേർ ലീഗിന്റെയും പി. എസ്. പി.-യുടെയും പിന്തുണ കൂടി വാങ്ങി ജയിച്ചവർ. അവർക്കു് രണ്ടുപേർക്കും മന്ത്രിസ്ഥാനം നൽകേണ്ടതായും വന്നു.

images/MN_Govindan_Nair.jpg
എം. എൻ. ഗോവിന്ദൻ നായർ

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കു് മുന്നിലുണ്ടായിരുന്ന വൈതരണികൾ പലതായിരുന്നു. അവയിൽ ഏറ്റവും പ്രധാനം നിയമസഭയിലെ നേരിയ ഭൂരിപക്ഷം തന്നെ. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി ഡബ്ല്യു. എച്ച്. ഡിക്രൂസ് എന്നൊരു കോൺഗ്രസുകാരനെ ഗവർണർ തന്നിഷ്ടപ്രകാരം നാമനിർദേശം ചെയ്തു. സ്പീക്കർ തെരഞ്ഞെടുപ്പു് കഴിയുമ്പോൾ കേവലം രണ്ടു പേരുടെ ഭൂരിപക്ഷമേ മന്ത്രിസഭക്കുള്ളു. റോസമ്മ പുന്നൂസി ന്റെ തെരഞ്ഞെടുപ്പു് റദ്ദാക്കിയപ്പോൾ ഭൂരിപക്ഷം ഒന്നായി കുറഞ്ഞു. ക്ഷയരോഗബാധിതനായ ഒറ്റപ്പാലം മെമ്പർ കുഞ്ഞുണ്ണിനായരെ സഭയിൽ താങ്ങിപ്പിടിച്ചു് കൊണ്ടുവന്നാണു് വോട്ടു ചെയ്യിച്ചിരുന്നതു്.

images/Veliyam_Bhargavan.jpg
വെളിയം ഭാർഗവൻ

നേരിയ ഭൂരിപക്ഷത്തിൽ നിലനിൽക്കുന്ന സർക്കാർ ഏതു നിമിഷവും നിലംപതിക്കാമായിരുന്നു. കൂറുമാറ്റ നിരോധന നിയമമൊന്നും സങ്കൽപത്തിൽപോലുമില്ലാത്ത കാലം. കൊടകര കേശവമേനോന്റെയും വയലാ ഇടിക്കുള യുടെയും തിളങ്ങുന്ന ഉദാഹരണങ്ങൾ അംഗങ്ങൾക്കു് മുന്നിലുണ്ടു്. ചാക്കിട്ടുപിടിത്തത്തിന്റെ ഉസ്താദ് പനമ്പിള്ളി ഗോവിന്ദമേനോൻ മറുവശത്തു് നിൽക്കുന്നു. കമ്യൂണിസ്റ്റ് എം. എൽ. എ.-മാർ പലരും പരമദരിദ്രരാണു്. ആയിരം രൂപപോലും വലിയ സംഖ്യയായ അക്കാലത്തു് ലക്ഷങ്ങളാണു് വാഗ്ദാനം ചെയ്യപ്പെട്ടതു്. ആര്യനാട്ടു നിന്നു ജയിച്ച ബാലകൃഷ്ണപിള്ളയെ കുളത്തുങ്കൽ പോത്തൻ മിക്കവാറും ചാക്കിൽ കയറ്റിയതാണു്. പക്ഷേ, കമ്യുണിസ്റ്റുകാർ ആ പദ്ധതി പൊളിച്ചു. സർക്കാർ ഉടനെ വീഴും എന്ന പ്രചാരണം ശക്തമായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസഭയുടെ നയപരിപാടികൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ മടികാണിച്ചു. കമ്യൂണിസ്റ്റുകാരുടെ ചൊൽപ്പടിക്കു് തുള്ളുന്നവർക്കു് വരാനിരിക്കുന്ന കോൺഗ്രസ് ഭരണത്തിൽ കടുത്ത ശിക്ഷ കിട്ടുമെന്നു് പനമ്പിള്ളി ഭീഷണിയും മുഴക്കിയിരുന്നു.

images/Panampilly_Govinda_Menon.jpg
പനമ്പിള്ളി ഗോവിന്ദമേനോൻ

ഭരണകാര്യങ്ങളിൽ മന്ത്രിമാരുടെ മുൻപരിചയമില്ലായ്മ പ്രശ്നമായി. (അക്കാര്യത്തിൽ ഇ. എം. എസ്.-വി. എസ്. മന്ത്രിസഭകൾ താരതമ്യം അർഹിക്കുന്നു). മുമ്പു് മന്ത്രിയായിരുന്നിട്ടുള്ള ഏക അംഗം ഡോ. എ. ആർ. മേനോൻ ആയിരുന്നു. അദ്ദേഹത്തിനു് പ്രായാധിക്യത്തിന്റെ പ്രശ്നം കലശലായിരുന്നുതാനും. ആലപ്പുഴ മുനിസിപ്പൽ ചെയർമാനായും തിരു-കൊച്ചി അസംബ്ലിയിൽ പ്രതിപക്ഷനേതാവായും പ്രവർത്തിച്ച പരിചയമുണ്ടായിരുന്നു ടി. വി. തോമസി നു്. ടി. വി.-യായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഭരണം കൊണ്ടുനടന്നേനെ. സഖാവു് ഇ. എം. എസി നു് പാർലമെന്ററി പരിചയം തന്നെ കഷ്ടിയായിരുന്നു.

images/Thomas_Issac.jpg
തോമസ് ഐസക്ക്

1957–59 കാലത്തു് ഇ. എം. എസോ അച്യുതമേനോനോ ടി. വി. തോമസോ മികച്ച ഭരണാധികാരികളായിരുന്നെന്നു് പറയാനാവില്ല. തീരെ പറ്റില്ല എന്നു തെളിഞ്ഞതുകൊണ്ടാണു് ഇ. എം. എസ്. ആഭ്യന്തര വകുപ്പു് കൃഷ്ണയ്യരെ ഏൽപിച്ചതു്. സ്വാമിയും പോരാ എന്നു തോന്നിയപ്പോൾ അച്യുതമേനോനെ ആശ്രയിച്ചു. മൂവർക്കും കീഴിൽ പൊലീസ് ഭരണം കുളമായിരുന്നു. സഖാക്കളും വിരുദ്ധന്മാരും തമ്മിലുള്ള സംഘർഷം ദിനംപ്രതി മൂർച്ഛിച്ചു. സംഘട്ടനങ്ങൾ പെരുകി. ലാത്തിച്ചാർജ്ജും കണ്ണീർവാതകവും വെടിവെപ്പും നിത്യസംഭവങ്ങളായി. തൊഴിൽമന്ത്രിയെന്ന നിലക്കു് ടി. വി. തോമസ് പരാജയപ്പെട്ടു. കൊല്ലത്തെ കശുവണ്ടി ഫാൿടറികളിലും ദേവികുളത്തെ തേയിലത്തോട്ടങ്ങളിലുമൊക്കെ തൊഴിൽ കുഴപ്പങ്ങളുണ്ടായി. ട്രിവാൻഡ്രം റബർ വർക്സിലും തൃശൂർ സീതാറാം മില്ലിലും നീണ്ടുനിന്ന സമരങ്ങൾ, ചന്ദനത്തോപ്പിൽ വെടിയേറ്റു മരിച്ച തൊഴിലാളികൾ ആർ. എസ്. പി.-ക്കാർ, മൂന്നാറിൽ വീണവരോ സ്വന്തം പാർട്ടിക്കാർ. കമ്യൂണിസ്റ്റിതര തൊഴിലാളി യൂനിയനുകളെല്ലാം അത്യാവേശപൂർവം വിമോചനസമരത്തിൽ പങ്കെടുത്തു എന്നതും സ്മരണീയം.

images/C_achuthamenon.jpg
അച്യുതമേനോൻ

മറ്റു് മന്ത്രിമാരുടെ കാര്യവും വ്യത്യസ്തമല്ല. ആന്ധ്രാ അരി കുംഭകോണവും ജസ്റ്റിസ് രാമൻനായരുടെ അന്വേഷണ റിപ്പോർട്ടും ഭക്ഷ്യമന്ത്രി ജോർജിനെ പ്രതിക്കൂട്ടിലാക്കി. ഒഴിവാക്കാമായിരുന്ന നഷ്ടംവരുത്തി വെച്ചു എന്ന നിഗമനത്തിനുശേഷവും മന്ത്രി രാജിവെക്കാഞ്ഞതു് സർക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചു. മാവൂരിൽ ഗ്വാളിയാർ റയോൺസ് സ്ഥാപിച്ചതായിരുന്നു വ്യവസായമന്ത്രി ഗോപാലന്റെ പ്രധാന ഭരണനേട്ടം. വനനശീകരണവും മലിനീകരണവും പരിണതഫലങ്ങൾ.

images/TV_Thomas.jpg
ടി. വി. തോമസ്

ഇനി, ഗൗരിയമ്മ എണ്ണിപ്പറയുന്ന നേട്ടങ്ങൾ നോക്കുക. വിദ്യാഭ്യാസ നിയമം അധ്യാപകർക്കു തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തി എന്നതു സത്യം. എന്നാൽ അതു് വലിയ എതിർപ്പു് ക്ഷണിച്ചുവരുത്തി. അവസാനം മന്ത്രിസഭയുടെ പതനത്തിനു് വഴി തെളിച്ചു. മൗലികമോ അപൂർവമോ അല്ല, മുണ്ടശ്ശേരി യുടെ നിയമം. കോൺഗ്രസ് ഭരിച്ചിരുന്ന ആന്ധ്രപ്രദേശിലെ സമാന നിയമത്തിൽനിന്നു് കടംകൊണ്ടവയായിരുന്നു പ്രധാന വ്യവസ്ഥകൾ.

images/Pkg.jpg
പി. കെ. ഗുരുദാസൻ

ഭൂപരിഷ്കരണത്തെ സംബന്ധിച്ചിടത്തോളം കുറേക്കൂടി യാഥാർഥ്യബോധമുള്ള വ്യവസ്ഥകൾ 1954-ൽ പി. എസ്. നടരാജപിള്ള അവതരിപ്പിച്ച ബില്ലിൽ ഉണ്ടായിരുന്നു. ആ മന്ത്രിസഭ അൽപായുസ്സായതിനാൽ നിയമമായില്ലെന്നുമാത്രം. 1959-ൽ പാസായ കാർഷികബന്ധ നിയമത്തിലെ പ്രധാനവകുപ്പുകൾ പലതും കോടതി റദ്ദാക്കി. 1967-ൽ വീണ്ടും അധികാരത്തിൽവന്ന ഇ. എം. എസ്. മന്ത്രിസഭയാണു് സമഗ്രമായ ഭൂപരിഷ്കരണ നിയമം പാസാക്കിയതു്. 1970 ജനുവരി ഒന്നിനു് അച്യുതമേനോൻ സർക്കാറാണു് അതു് നടപ്പാക്കിയതു്

images/T_Abdul_Majeed.jpg
ടി. എ. മജീദ്

ഭൂപരിഷ്കാര കമ്മിറ്റി റിപ്പോർട്ട് വല്ലാത്ത പൊല്ലാപ്പിലാണു് സർക്കാറിനെ കൊണ്ടുചെന്നെത്തിച്ചതു്. പിന്നാക്ക സമുദായ സംവരണ അവസാനിപ്പിക്കണമെന്ന ശിപാർശക്കെതിരെ കേരള കൗമുദി പത്രാധിപർ വാളെടുത്തു. ചരിത്രപ്രസിദ്ധമായ കുളത്തൂർ പ്രസംഗം മുസ്ലിംലീഗും എസ്. എൻ. ഡി. പി.-യും ഏറ്റുപിടിച്ചു. സംവരണ സംബന്ധമായ ശിപാർശകൾ നടപ്പിലാക്കേണ്ട എന്നു് കമ്യൂണിസ്റ്റ്പാർട്ടി സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചപ്പോൾ, അതുവരെ സർക്കാറിനെ പിന്താങ്ങിയിരുന്ന മന്നം എതിരായി. നായർ-ഈഴവ സമുദായങ്ങൾ കൊമ്പു കോർത്തു. സാമുദായിക ധ്രുവീകരണമുണ്ടായി. എൻ. എസ്. എസ്. ക്രിസ്ത്യൻ ബിഷപ്പുമാരോടു് കൈകോർത്തു. വിമോചന സമരത്തിന്റെ കേളികൊട്ടു് മുഴങ്ങി.

images/KP_RAJENDRAN.jpg
കെ. പി. രാജേന്ദ്രൻ

ഭരണപരിഷ്കാര കമ്മിറ്റി ശിപാർശ ചെയ്തവിധത്തിൽ അധികാര വികേന്ദ്രീകരണം നടപ്പാക്കാൻ ആദ്യ മന്ത്രിസഭക്കു് കഴിഞ്ഞില്ല. 1967-ലും 1980-ലും മാർക്സിസ്റ്റ് നേതൃത്വത്തിൽ നിലവിൽ വന്ന സർക്കാറുകൾക്കും സാധിച്ചില്ല. മൂന്നു മന്ത്രിസഭകളും അകാലത്തിൽ പൊലിഞ്ഞു. ഒടുവിൽ 1991-ൽ മാത്രമാണു് ജില്ലാ കൗൺസിലുകൾ യാഥാർഥ്യമായതു്. മാസങ്ങൾക്കകം കരുണാകർജി അവയെ അട്ടിമറിച്ചു. 1995-ൽ പഞ്ചായത്തീരാജ് നിയമത്തിൻകീഴിൽ ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു.

images/Ma_Baby.jpg
എം. എ. ബേബി

1957-ൽ എന്നല്ല 1967-ലും ഇ. എം. എസ്. മികച്ച മുഖ്യമന്ത്രിയായിരുന്നില്ല. കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അനിഷേധ്യ നേതാവു് എന്നീ നിലകളിലായിരിക്കും സഖാവു് കേരളചരിത്രത്തിൽ സ്മരിക്കപ്പെടുക.

images/AP_Kurian.jpg
എ. പി. കുര്യൻ

സംസ്ഥാനംകണ്ട ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആയിരുന്നെന്നു് നിസ്സംശയം പറയാം. 1970 സെപ്റ്റംബർ മുതൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ജൂൺ അവസാനം വരെയായിരുന്നു, സഖാവിന്റെ പുഷ്കലകാലം. കാലാവധി തികച്ചു ഭരിച്ച ആദ്യത്തെ മന്ത്രിസഭയും അദ്ദേഹത്തിന്റേതായിരുന്നു.

images/M_Vijayakumar.jpg
എം. വിജയകുമാർ

ടി. വി. തോമസി ന്റെയും കെ. ആർ. ഗൗരിയമ്മ യുടെയും വി. ആർ. കൃഷ്ണയ്യരു ടെയുമൊക്കെ പ്രാഗല്ഭ്യം തെളിഞ്ഞതും പിൽക്കാലത്താണു്. ടി. വി., 1967–77 കാലഘട്ടത്തിൽ വ്യവസായ മന്ത്രിയായി; ഗൗരിയമ്മ 1967-69-ൽ റവന്യൂമന്ത്രി, 1987-91 കാലത്തു് വ്യവസായ മന്ത്രി എന്നീ നിലകളിലും കൃഷ്ണയ്യരുടെ പ്രതിഭാപ്രസരണം അത്യുച്ചസ്ഥായിയിലെത്തിയതു് സുപ്രീംകോടതി ജഡ്ജിയായിരുന്ന എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളുടെ തുടക്കത്തിലും.

images/vr_krishna_iyyar.jpg
വി. ആർ. കൃഷ്ണയ്യർ

1957–59 കാലത്തെ ഇ. എം. എസ്. മന്ത്രിസഭയായിരുന്നു ഏറ്റവും മികച്ചതെങ്കിൽ, പിന്നീടു് വന്ന സകല സർക്കാറുകളും മോശമായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. അതും സാധ്യമല്ല. പിൽക്കാല മന്ത്രിസഭകളെയൊക്കെ എഴുതിത്തള്ളുന്നതു് ന്യായീകരിക്കാനാവില്ല.

images/K_Pankajakshan.jpg
കെ. പങ്കജാക്ഷൻ

1960–62 കാലത്തു് പട്ടം താണുപിള്ള യും 1962–64 കാലയളവിൽ ആർ. ശങ്കറു മായിരുന്നു മുഖ്യമന്ത്രിമാർ. രണ്ടുപേരും പ്രഗല്ഭർ; ഏതു് നിലക്കും ഇ. എം. എസിനേക്കാൾ മികച്ച ഭരണാധികാരികൾ. പി. ടി. ചാക്കോ ആയിരുന്നു രണ്ടു മന്ത്രിസഭകളിലും ആഭ്യന്തര വകുപ്പു കൈയാളിയിരുന്നതു്. സംസ്ഥാനം കണ്ട പൊലീസ് മന്ത്രിമാരിൽ ഏറ്റവും കേമൻ. കെ. എ. ദാമോദരമേനോൻ, ഇ. പി. പൗലോസ്, പി. പി. ഉമ്മർകോയ മുതലായ മറ്റു് മന്ത്രിമാരും മോശക്കാരായിരുന്നില്ല.

images/Mathai_manjooran.png
മത്തായി മാഞ്ഞൂരാൻ

1967-ൽ രണ്ടാം ഇ. എം. എസ്. മന്ത്രിസഭ. അസംബ്ലിയിൽ കനത്ത ഭൂരിപക്ഷം. എം. എൻ., ടി. വി., സി. എച്ച്., ഗൗരി, മത്തായി മാഞ്ഞൂരാൻ മുതലായ പ്രഗല്ഭരായ മന്ത്രിമാർ. ഭൂപരിഷ്കരണ നിയമം പാസാക്കിയതു് അക്കാലത്താണു്. ഘടകകക്ഷികൾ തമ്മിലുള്ള വഴക്കും വയ്യാവേലിയുമായി ഭരണം തകർന്നു.

images/ROSAMMA.jpg
റോസമ്മ പുന്നൂസ്

1970–77 കാലഘട്ടത്തിൽ അച്യുതമേനോൻ മുഖ്യമന്ത്രി. എം. എൻ. ഗോവിന്ദൻ നായർ, ടി. വി. തോമസ്, ടി. കെ. ദിവാകരൻ, ബേബിജോൺ, കെ. കരുണാകരൻ എന്നിവരുൾപ്പെട്ട മന്ത്രിസഭ കാലാവധി തികച്ചു ഭരിച്ചു. ജനക്ഷേമകരമായ പരിപാടികൾ നടപ്പാക്കി. പക്ഷേ, നക്സൽ, മാർൿസിസ്റ്റ് അക്രമങ്ങളും പൊലീസ് അതിക്രമവും ഭരണത്തിന്റെ ശോഭ കെടുത്തി.

images/WH_DCruz.jpg
ഡബ്ല്യു. എച്ച്. ഡിക്രൂസ്

1977–79 കേരള രാഷ്ട്രീയത്തിലെ അന്തരാളകാലഘട്ടം. ഒന്നിനു പിറകെ ഒന്നായി നാലു മന്ത്രിസഭകൾ. നാലും പരാജയങ്ങൾ. രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകൾ. 1980-ൽ വൻഭൂരിപക്ഷത്തോടെ ഇടതുപക്ഷ-ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നിട്ടും അനിശ്ചിതത്വം മാറിയില്ല. മുഖ്യമന്ത്രി നായനാരും ആഭ്യന്തരമന്ത്രി രാമകൃഷ്ണനും ദയനീയ പരാജയം. ക്രമസമാധാനനില വഷളായി. വിഗ്രഹമോഷണത്തിന്റെയും ആർ. എസ്. എസ്. എസ്.-സി. പി. എം. സംഘട്ടനങ്ങളുടെയും നാളുകൾ. കോൺഗ്രസിലെ ആന്റണി വിഭാഗവും മാണിഗ്രൂപ്പു് കേരള കോൺഗ്രസും കാലുവാരുകയാൽ ഭരണം പെട്ടന്നവസാനിച്ചു.

images/Vayala_Idiculla.jpg
വയലാ ഇടിക്കുള

തെങ്ങിന്റെ കുലയും മനുഷ്യന്റെ തലയും രക്ഷിക്കാൻ അടുത്തതവണ ജനം ഐക്യജനാധിപത്യമുന്നണിക്കു് വോട്ടു കൊടുത്തു. 1982–87 കാലഘട്ടത്തിൽ കെ. കരുണാകരൻ കാലാവധി തികച്ച രണ്ടാമത്തെ മുഖ്യമന്ത്രി. ഭരണം, പക്ഷേ, ഭയാനകമായിരുന്നു. വൈപ്പിൻ വിഷമദ്യദുരന്തം, നിലക്കൽ പ്രശ്നം, ചാല കലാപം, ബാലകൃഷ്ണപിള്ള യുടെ പഞ്ചാബ് മോഡൽ പ്രസംഗം, വയലാർ രവി യുടെ സ്ഥാനത്യാഗത്തിൽ കലാശിച്ച പ്രതിച്ഛായാ പുനർനിർമാണം, തങ്കമണിയിലെയും കീഴ്മാട്ടെയും പൊലീസ് അതിക്രമങ്ങൾ.

images/Vayalar_Ravi.jpg
വയലാർ രവി

1987-ലെ ഇടതുപക്ഷ വിജയത്തിന്റെ മുഖ്യശിൽപി ഇ. എം. എസ്. ആയിരുന്നു. രാഘവന്റെ ബദൽരേഖാവതരണവും സി. എം. പി. രൂപവത്കരണവും ഉയർത്തിയ വെല്ലുവിളി മറികടന്നതു് കേരള കോൺഗ്രസും ലീഗുമല്ലാത്ത മുന്നണി അവതരിപ്പിച്ചുകൊണ്ടാണു്. മുഖ്യമന്ത്രിസ്ഥാനത്തേക്കു് ഉയർത്തിക്കാട്ടിയതു് ഗൗരിയമ്മ യെ; സ്ഥാനമേൽപിച്ചതു് ഇ. കെ. നായനാരെ. സഖാവു് നായനാർ ഇ. എം. എസിനോളം വലിയ ജനനായകനല്ല, അച്യുതമേനോനോളം മികച്ച ഭരണാധികാരിയുമല്ല. 1987-ൽ അദ്ദേഹം സന്ദർഭത്തിനൊത്തുയർന്നു. 1980-ലെ പരാജയം കുടഞ്ഞുകളഞ്ഞു.

images/Babyjohn.jpg
ബേബിജോൺ

മികച്ച ടീമിനെയാണു് 1987-ൽ ഇടതുമുന്നണി അവതരിപ്പിച്ചതു്: കെ. ആർ. ഗൗരി, ടി. കെ. രാമകൃഷ്ണൻ, പി. എസ്. ശ്രീനിവാസൻ, ഇ. ചന്ദ്രശേഖരൻ നായർ, വി. വി. രാഘവൻ, ബേബിജോൺ, കെ. പങ്കജാക്ഷൻ, കെ. ചന്ദ്രശേഖരൻ, ടി. കെ. ഹംസ, വി. വിശ്വനാഥമേനോൻ. എല്ലാവരും ഒന്നിനൊന്നു് പ്രഗല്ഭർ. പൊലീസ് ഭരണം, മുഖ്യനുവേണ്ടി പൊളിറ്റിക്കൽ സെക്രട്ടറി എ. പി. കുര്യൻ ഏറ്റെടുത്തു. പി. ടി. ചാക്കോ യുടെ ഉത്തമ പിൻഗാമി. രാമശിലാ പൂജയുടെ സംഘർഷപൂർണമായ ദിനങ്ങളിലും ക്രമസമാധാനം കാത്തുസൂക്ഷിച്ചു. അഴിമതി താരതമ്യേന കുറഞ്ഞു. പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തി. അധികാര വികേന്ദ്രീകരണം യാഥാർത്ഥ്യമാക്കിക്കൊണ്ടു് ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പു് നടത്തി.

images/K_Chandrasekharan.jpg
കെ. ചന്ദ്രശേഖരൻ

ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ നേടിയ ജയം 1987–91-ലെ സർക്കാറിനു് ലഭിച്ച ജനകീയാംഗീകാരമായി കണക്കാക്കാം. കേരളം കണ്ട എക്കാലത്തെയും മികച്ച സർക്കാർ അതായിരുന്നു. 1991-ലെ തെരഞ്ഞെടുപ്പിൽ അവർ വീണ്ടും അധികാരത്തിൽ വരുമായിരുന്നു. അപ്രതീക്ഷിതമായി രാജീവ്ഗാന്ധി വധിക്കപ്പെടുകയും സഹതാപതരംഗം ആഞ്ഞടിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ.

images/Pandalamsudhakaran.jpg
പന്തളം സുധാകരൻ

1991-ൽ ഐക്യജനാധിപത്യ മുന്നണിയെ ജയിപ്പിച്ച ജനത്തിനു് തക്ക ശിക്ഷ കിട്ടി. എം. ടി. പത്മ, പന്തളം സുധാകരൻ, ടി. എച്ച്. മുസ്തഫ, പി. പി. ജോർജ്, രഘുചന്ദ്രബാൽ തുടങ്ങിയവർ മന്ത്രിമാർ. മുരളീധരൻപത്മകുമാർ-മധുസൂദനൻ-പിച്ച ബഷീർ ഭരണം. കോൺഗ്രസിലെ ഗ്രൂപ്പുവഴക്കു്, കെ. പി. സി. സി. തെരഞ്ഞെടുപ്പു്, തിരുത്തൽ വാദം, ഐ. എസ്. ആർ. ഒ. ചാരക്കേസ്, കൂത്തുപറമ്പ് വെടിവെപ്പു്. കരുണാകരന്റെ സ്ഥാനത്തു് ആന്റണി വന്നു് ചാരായം നിരോധിച്ചിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല.

മാരാരിക്കുളത്തു് അച്യുതാനന്ദൻ തോറ്റതിനാൽ 1996-ൽ നായനാർ വീണ്ടും മുഖ്യമന്ത്രി. പഴയ ഉണർവും ഉന്മേഷവുമില്ല. ബേബി ജോണും ചന്ദ്രശേഖരൻനായരും ഓടിത്തളർന്ന കുതിരകൾ. പി. എസ്. ശ്രീനിവാസന്റെ സ്ഥാനത്തു് കെ. ഇ. ഇസ്മായിൽ, വി. വി. രാഘവനു് പകരം കൃഷ്ണൻ കണിയാംപറമ്പിൽ. ശിവദാസമേനോന്റെ ഭരണത്തിൻകീഴിൽ മാസത്തിൽ 25 ദിവസം ട്രഷറി ബാൻ. പി. ശശിയുടെ അനുപമായ പൊലീസ് ഭരണം. കൂനിന്മേൽ കുരുവായി കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം.

images/P_T_Chacko.png
പി. ടി. ചാക്കോ

2001-ൽ ജനം സഹികെട്ടു് ആന്റണി യെ തിരിച്ചുകൊണ്ടുവന്നു. ഭരണം മുമ്പത്തേക്കാൾ മോശം. മുത്തങ്ങ, മാറാട്, എ. ഡി. ബി. വായ്പ, പെരിയാർ വിൽപന, വിദ്യാഭ്യാസ കച്ചവടം. കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ ഒമ്പതാമുൽസവം, മുസ്ലിം ലീഗിന്റെ വികസന വിപ്ലവം, മാണി ഗ്രൂപ്പുകാരുടെ മതികെട്ടാൻ കൈയേറ്റം. തങ്കച്ചന്റെ സ്ഥാനത്തു് കുഞ്ഞൂഞ്ഞു് വന്നപ്പോൾ റജീന, സുനാമി, എസ്. എസ്. എൽ. സി. ചോദ്യക്കടലാസു് ചോർച്ച.

1957-ലെ ഇ. എം. എസി ന്റെയും 1970-ലെ അച്യുതമേനോന്റെ യും സർക്കാറുകളെ അപേക്ഷിച്ചു് 1987-ലെ നായനാർ മന്ത്രിസഭക്കു് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതു് നിയമസഭയിൽ നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നതുകൊണ്ടാണു്. കേരള കോൺഗ്രസ്, മുസ്ലിംലീഗ് മുതലായ സമ്മർദ്ദതന്ത്ര രാഷ്ട്രീയക്കാരുടെ ശല്യവും നായനാർക്കുണ്ടായിരുന്നില്ല. കേന്ദ്രത്തിൽ നിന്നുള്ള ഉപദ്രവവും കുറവായിരുന്നു.

images/EP_Poulose.jpg
ഇ. പി. പൗലോസ്

അച്യുതമേനോനു് കേന്ദ്രത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നു. പക്ഷേ, നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ചെറുഘടകകക്ഷികളെ അളവറ്റു് ആശ്രയിക്കേണ്ടി വന്നു. പി. എസ്. പി.-യിലെ ഭിന്നിപ്പും മുസ്ലിംലീഗിലെ പിളർപ്പുമൊക്കെ മന്ത്രിസഭക്കു് ഭീഷണി ഉയർത്തി. സി. പി. എം. ആണെങ്കിൽ നിയമസഭക്കകത്തും പുറത്തും അക്രമം അഴിച്ചുവിട്ടു. അച്യുതമേനോനെ താഴെയിറക്കാൻ ചെകുത്താനുമായും കൂട്ടുകൂടുമെന്നു് സഖാവു് ഇ. എം. എസ്. പ്രഖ്യാപിച്ചു. ബന്ദും ഹർത്താലും സംഘട്ടനങ്ങളും നിത്യസംഭവങ്ങളായിരുന്നു. മാർൿസിസ്റ്റുകാർക്കു് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കരുണാകരൻ തയാറായപ്പോൾ സംഘർഷം മൂർച്ഛിക്കുകയായിരുന്നു.

images/KE_ISMAIL.jpg
കെ. ഇ. ഇസ്മായിൽ

അതിനേക്കാൾ മോശമായിരുന്നു, 1957–59 കാലത്തു് ഇ. എം. എസ്. സർക്കാറിന്റെ അവസ്ഥ. കമ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ലെന്നു് കോൺഗ്രസ്-ലീഗ്-പി. എസ്. പി. കക്ഷികൾക്കു് വാശിയായിരുന്നു. കത്തോലിക്കാ സഭയും നായർ കരയോഗങ്ങളും തെരുവിലിറങ്ങി സമരം ചെയ്തു. കോട്ടയം പത്രങ്ങൾ അക്രമത്തെ പ്രോൽസാഹിപ്പിച്ചു. സി. ഐ. എ. ഡോളർ ഒഴുക്കി. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം കെ. പി. സി. സി.-യെ സർവാത്മനാ പ്രോൽസാഹിപ്പിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാന മന്ത്രിസഭയെ കഴിയുംവിധമൊക്കെ ബുദ്ധിമുട്ടിച്ചു—ഭക്ഷ്യധാന്യങ്ങൾ നൽകാതെയും അസ്ഥാനത്തു് കുറ്റപ്പെടുത്തിയും. ഇ. എം. എസ്. മന്ത്രി സഭ കാലാവധി പൂർത്തിയാക്കിയെങ്കിൽപ്പോലും പരാജയപ്പെടുമായിരുന്നു.

images/PP_Ummer_Koya.jpg
പി. പി. ഉമ്മർകോയ

കാലാന്തരത്തിൽ പ്രഥമ കമ്യൂണിസ്റ്റ് സർക്കാറിന്റെ ദൗർബല്യങ്ങൾ, വീഴ്ചകൾ ഒക്കെ ജനം മറന്നു. ആന്ധ്രാ അരി കുംഭകോണമോ ഉയർന്ന ലൈംഗികാപവാദമോ ആർക്കും ഓർമ്മയില്ല. സർക്കാറിന്റെ നേട്ടങ്ങൾ, ധീരമായ മുന്നേറ്റങ്ങൾ, വർഗീയതക്കെതിരായ ചെറുത്തുനിൽപു് എല്ലാം പാടിപ്പുകഴ്ത്തപ്പെട്ടു. ഇ. എം. എസ്. മഹാബലിയായും ഗവർണർ രാമകൃഷ്ണറാവു വാമനനായും ചിത്രീകരിക്കപ്പെട്ടു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ ഒരു മിത്തായി മാറി—കള്ളവുമില്ല ചതിവുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത കാലം. മാനുഷരെല്ലാരും ഒന്നുപോലാകാൻ വെമ്പൽകൊണ്ട കാലം.

images/Burgula_Ramakrishna_Rao.jpg
രാമകൃഷ്ണറാവു

യഥാർഥത്തിൽ എന്താണു് ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ ചരിത്രപ്രാധാന്യം? കോൺഗ്രസിന്റെ അധികാരക്കുത്തക തകർത്തു് മറ്റു് സംസ്ഥാനങ്ങൾക്കു് മാതൃകകാട്ടി. 1967 ആകുമ്പോഴേക്കും തമിഴ്‌നാടും പശ്ചിമബംഗാളും ബീഹാറും യു. പി.-യും പഞ്ചാബുമൊക്കെ കേരളത്തിന്റെ വഴിക്കു ചിന്തിച്ചു. പത്തുകൊല്ലം കൂടി കഴിഞ്ഞു് 1977 ആയപ്പോൾ കേന്ദ്രത്തിൽതന്നെ കോൺഗ്രസ് ഭരണം അവസാനിച്ചു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂപരിഷ്കരണവുമായി മുന്നോട്ടുപോയി എന്നതാണു് ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ പ്രധാന നേട്ടം. 1959-ലെ നിയമം കോടതിയിൽ പരാജയപ്പെട്ടെങ്കിലും സമഗ്രമായ നിയമം പിന്നാലെയുണ്ടായി. അതു് ഒമ്പതാം ഷെഡ്യൂളിൽ പെടുത്തി, ഭരണഘടനാ സാധുത പിന്നീടു് സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.

images/E_Chandrasekharan_Nair.jpg
ഇ. ചന്ദ്രശേഖരൻ നായർ

ആദ്യ സർക്കാറിന്റെ പ്രസക്തി, സാമൂഹിക രംഗത്തു് അതുളവാക്കിയ അദ്ഭുതകരമായ ഉണർവുമായി ബന്ധപ്പെട്ടു് കിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ശ്രീനാരായണ ഗുരു വും എസ്. എൻ. ഡി. പി. യോഗവും നടത്തിയ സാമൂഹിക വിപ്ലവത്തിന്റെ തുടർച്ചയായിരുന്നു, 1957-ലെ കമ്യൂണിസ്റ്റ് സർക്കാർ. കർഷകരും കർഷകത്തൊഴിലാളികളും അടക്കമുള്ള കീഴാള ജനതക്കു് കമ്യൂണിസ്റ്റ് ഭരണം പകർന്നുനൽകിയ ആത്മവിശ്വാസം ചില്ലറയല്ല. മർദിതർക്കും ചൂഷിതർക്കും പുതിയ പ്രതീക്ഷ നൽകി, ചെറുത്തുനിൽപിനു് ഊർജം പകർന്നു നൽകി എന്നിടത്താണു് ഇ. എം. എസ്. മന്ത്രിസഭയുടെ പ്രാധാന്യം.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Aadhya Communist Manthrisabhayude Charithramudra (ml: ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമുദ്ര).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Aadhya Communist Manthrisabhayude Charithramudra, കെ. രാജേശ്വരി, ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമുദ്ര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Saint Cecilia, a painting by Simon Vouet (1590–1649). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.