ബുദ്ധനും ബുദ്ധദേവനും തമ്മിൽ എന്താണു് വ്യത്യാസം? ബുദ്ധൻ ദേവനായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണമതത്തിനെതിരെ കലാപം ചെയ്തു. യാഗം, ബലി മുതലായ കർമങ്ങളെ നിഷേധിച്ചു. ഈശ്വരാസ്തിക്യത്തെത്തന്നെയും നിരാകരിച്ചു. ശരിയായ ചിന്ത, ശരിയായ വാക്കു്, ശരിയായ പ്രവൃത്തി ഇവകൊണ്ടുമാത്രമേ നിർവാണം നേടാൻ കഴിയൂ എന്നു് സിദ്ധാന്തിച്ചു. കാലാന്തരത്തിൽ ബുദ്ധനെ ബ്രാഹ്മണർ പുണ്യാഹം തളിച്ചു് ശുദ്ധനാക്കി. അദ്ദേഹത്തെ ബുദ്ധഭഗവാൻ എന്നു വിശേഷിപ്പിച്ചു. മുപ്പത്തിമുക്കോടി ദേവന്മാരിൽ ഒരാൾ ബുദ്ധദേവൻ. വെറുതെയല്ല, ബ്രാഹ്മണോത്തമനായ പശ്ചിമബംഗാൾ മുഖ്യൻ ബുദ്ധദേവ് ആയതു്.
എന്താണു് ബുദ്ധനും അഭിനവ ബുദ്ധദേവനും തമ്മിലുള്ള വ്യത്യാസം? ബുദ്ധൻ അനുപമ കൃപാനിധിയും അഖില ബാന്ധവനുമായിരുന്നു. അഹിംസയുടെ പരമാചാര്യൻ. ബിംബിസാരന്റെ യാഗം മുടക്കി മൃഗബലി തടഞ്ഞയാൾ. ബംഗാളിലെ ബുദ്ധദേവൻ പതിതകാരുണികനായി നടിക്കുന്ന വർഗവഞ്ചകൻ. മൻമോഹൻസിംഗി നേക്കാൾ കൊടിയ സാമ്രാജ്യത്വ ഒറ്റുകാരൻ. ഹിംസയുടെ ആചാര്യൻ, നരബലികൊണ്ടു് ലോക മുതലാളിത്തത്തിന്റെ അടിത്തറ ഉറപ്പിക്കുന്നയാൾ. പിണറായി വിജയനെ പ്പോലെ തോക്കില്ലാതെ ഉണ്ടകൊണ്ടു നടക്കുന്നയാളല്ല ബുദ്ധദേവ് ഭട്ടാചാര്യ. തോക്കിന്റെയും ഉണ്ടയുടെയും ധർമം ശരിക്കറിയാം. ചോരകണ്ടാൽ അറയ്ക്കില്ല. കാഞ്ചിവലിക്കുമ്പോൾ കൈവിറക്കില്ല. ഓരോ വെടിക്കും ശവം സുനിശ്ചിതം.
ഇന്ത്യാ മഹാരാജ്യത്തു് മറ്റൊരു ഭരണാധികാരിക്കുമില്ലാത്ത ഒരു സൗഭാഗ്യം ബുദ്ധദേവനുണ്ടു്: ജനങ്ങളെ പേടിക്കണ്ട. അയ്യഞ്ചു കൊല്ലം കൂടുമ്പോൾ തെരഞ്ഞെടുപ്പുണ്ടു്. പക്ഷേ, നമ്മളേ ജയിക്കൂ. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി അതാണു് അവസ്ഥ. പ്രതിപക്ഷം ഉണ്ട്. പക്ഷേ, നിഷ്ഫലം. സി.പി.എമ്മിന്റെ പിന്തുണയോടെയാണു് കേന്ദ്രസർക്കാർ നിലനിൽക്കുന്നതു്. അതുകൊണ്ടു് കേന്ദ്രത്തെ പേടിക്കണ്ട. 356-ാം അനുച്ഛേദ പ്രകാരമുള്ള ഗളഹസ്തം അസാധ്യം. ബുദ്ധദേവൻ നാസ്തികനാണു്. അതുകൊണ്ടു് ദൈവത്തെയും പേടിക്കണ്ട.
പടച്ചവനെയും പടപ്പുകളെയും പേടിയില്ലെങ്കിൽ, ചോദിക്കാനും പറയാനും ആളില്ലെങ്കിൽ, എന്തുമാകാം. ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ട. കൃഷിഭൂമിയിൽനിന്നു് കർഷകരെ ആട്ടിയിറക്കാം, എതിർക്കുന്നവരെ വെടിവെച്ചു വീഴ്ത്താം. സുവർണ ബംഗാളിനെ കുത്തകകൾക്കു് തീറെഴുതാം. ടാറ്റക്കു് സിംഗൂർ; സലിം ഗ്രൂപ്പിനു് നന്ദിഗ്രാം.
സിംഗൂരിനുവേണ്ടി മമതാ ബാനർജി 24 ദിവസം നിരാഹാരം കിടന്നു. എന്നിട്ടെന്തുണ്ടായി? ആയമ്മയുടെ ആരോഗ്യം നശിച്ചു, ബൂർഷ്വാസി അത്ര കണ്ടു് ദുർബലമായി. അതിലപ്പുറം ഒന്നുമുണ്ടായില്ല. ഉണ്ടാകുകയുമില്ല. കർഷക സഖാക്കൾക്കു് സർക്കാർ നിരക്കിൽ നഷ്ടപരിഹാരം കിട്ടി. കർഷകത്തൊഴിലാളി സഖാക്കൾക്കു് നഷ്ടമില്ല, പരിഹാരവുമില്ല. സഖാവു് രത്തൻ ടാറ്റക്കു് കരമൊഴിവായി സ്ഥലം പതിച്ചു കൊടുത്തു. ഇനിയവിടെ കാർ ഫാക്ടറി ഉയർന്നുവരും. പാർട്ടിയുടെ ഏരിയാ കമ്മിറ്റി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ചെലവു കുറഞ്ഞ ടാറ്റാ കാറിൽ ചെത്തിനടക്കും. വികസനവും വിപ്ലവവും കൈകോർത്തു് മുന്നേറും.
സിംഗൂരിനേക്കാൾ പ്രധാനം നന്ദിഗ്രാം. അതുകൊണ്ടു് വികസന ചുമതല വിദേശകുത്തകയെ ഏൽപിച്ചു. അമ്പതുകളുടെ മധ്യത്തിൽ ഇന്തോനേഷ്യയെ കമ്യൂണിസ്റ്റ് വിപത്തിൽനിന്നു് മോചിപ്പിക്കാൻ പ്രസിഡന്റ് സുഹാർത്തോ ക്കും സി. ഐ. എ.-ക്കും പിന്തുണ നൽകിയ സലിംഗ്രൂപ്പാണു് നന്ദിഗ്രാമിന്റെ പുതിയ രക്ഷകർ. ഇന്തോനേഷ്യയിലെ അവസാനത്തെ സഖാവിനെവരെ പട്ടാളം വെടിവെച്ചുകൊന്നു എന്നാണു് ചരിത്രം. അറുപതു കൊല്ലം മുമ്പു് ചെയ്ത പാതകത്തിനു് പ്രായശ്ചിത്തം ചെയ്യാൻ സലിംഗ്രൂപ്പിനു് ഇതാ ഒരവസരം! ബംഗാളിലേക്കു വരൂ, വ്യവസായം ആരംഭിക്കൂ! ആളെക്കൊല്ലുന്ന പണി നിങ്ങൾ ചെയ്യണ്ട. അതിനു ഞങ്ങളുടെ പാർട്ടിയും പോലീസും ധാരാളം.
ആറുപതിറ്റാണ്ടു് മുമ്പു് കമ്യൂണിസ്റ്റുകാരെ എതിർത്തെന്നുകരുതി സലിംഗ്രൂപ്പുകാർ എക്കാലത്തേക്കും തീണ്ടിക്കൂടാത്തവരല്ലല്ലോ? അവർക്കും മാനസാന്തരമുണ്ടാകാം. കോൺഗ്രസുകാരൻ ടി. കെ. ഹംസ, കേരള കോൺഗ്രസുകാരൻ ലോനപ്പൻ നമ്പാടൻ, സഖാവു് സെയ്താലിയെ കൊന്ന കേസിലെ ശങ്കരനാരായണൻ എന്നിവർക്കൊക്കെ മാനസാന്തരമുണ്ടായതു് നാം കണ്ടു. കാന്തപുരം മുസ്ലിയാരെ പിണക്കാതെയും മാപ്പിളപ്പാട്ടു് മറക്കാതെയും ഹംസ പാർലമെന്റംഗമായിരിക്കുന്നു. നമ്പാടനാണെങ്കിൽ കുർബാന, കുമ്പസാരം, കുന്തിരിക്കം ഒന്നിനും മുടക്കംവരുത്താതെ മുകുന്ദപുരം മെമ്പറായി തുടരുന്നു. ശങ്കരനാരായണൻ പേരുമാറ്റി ബാബു എം. പാലിശ്ശേരിയായി, കുന്ദംകുളം എമ്മല്ലെയായി വാണരുളുന്നു. എസ്. എഫ്. ഐ.-ക്കാർ ആണ്ടോടാണ്ടു് സെയ്താലി ദിനം ആചരിക്കുകയും ചെയ്യുന്നു. കാലം സാക്ഷി, ചരിത്രം സാക്ഷി, രക്തസാക്ഷി കുടീരം സാക്ഷി.
സിംഗൂരിൽ തോറ്റ മമതാ ബാനർജി യും ബി. ജെ. പി., കോൺഗ്രസ്, എസ്. യു. സി. ഐ., നക്സൽ ഗ്രൂപ്പുകൾ തുടങ്ങി സകല പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി നന്ദിഗ്രാമിൽ കുഴപ്പമുണ്ടാക്കുകയാണു്. ചില മുസ്ലീം സംഘടനകൾ കൂടിയും ഇവരുടെ കുപ്രചാരണങ്ങളിൽ കുടുങ്ങിയിട്ടുണ്ടു്. കാരാട്ട് സഖാവിന്റെ മുസ്ലീം പാക്കേജിനെപ്പറ്റി അറിയാത്തവരാകാം, സലിം ഗ്രൂപ്പുക്കാർ മുസ്ലിംകളാണെന്നറിയാത്തവരോ ബംഗാളിലെ മുസ്ലീം ലീഗുകാർ തന്നെയോ ആകാം.
വികസന വിരുദ്ധർക്കെതിരെ പോലീസ് സഖാക്കൾ നടത്തിയ തുപ്പാക്കി പ്രയോഗത്തിൽ 14 പേർ സിദ്ധി കൂടിയിരിക്കുന്നു. ഔദ്യോഗിക കണക്കാണു് 14; യഥാർത്ഥത്തിൽ മരിച്ചവർ ഏറെയെന്നു് ബൂർഷ്വാ മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ ജനുവരിയിൽ പോലീസിന്റെ വെടിയേറ്റു് ആറുപേർ മരിച്ചതും കൂടി ചേർത്താൽ ആളപായം 20 ആയി.
ജനുവരിയിലെപ്പോലെയല്ല, ഇക്കുറി പ്രതിഷേധം രൂക്ഷമാണു്. ഘടകകക്ഷികൾകൂടിയും ബുദ്ധദേവനെതിരെ തിരിഞ്ഞിരിക്കുന്നു. ആർ. എസ്. പി. ബംഗ്ലാ ബന്ദിൽ സജീവമായി പങ്കെടുത്തു. അത്രത്തോളം പൊയില്ലെങ്കിലും സി. പി. ഐ.-യും ഫോർവേഡ് ബ്ലോക്കും വെടിവെപ്പിനെ കഠിനമായി അപലപിച്ചു. സ്ഥലമെടുപ്പു് നിറുത്തിവെപ്പിക്കാൻ സി. പി. എമ്മിനെ നിർബന്ധിതമാക്കി.
ബൂർഷ്വാ പാർട്ടികളും ബൂർഷ്വാ പത്രങ്ങളും പരമാവധി മുതലെടുപ്പു് നടത്തിയിട്ടുണ്ടു്. ചോരയിറ്റു വീഴുന്ന ചെങ്കൊടി കാർട്ടൂണിനു് വിഷയമാക്കി ഇന്ത്യൻ എക്സ്പ്രസ് സഹജീവികളെ കടത്തിവെട്ടി. പ്രത്യേക സാമ്പത്തിക മേഖല അടക്കമുള്ള ബംഗാൾ സർക്കാറിന്റെ സകല പരിഷ്ക്കാരങ്ങളെയും സമയാസമയങ്ങളിൽ പിന്തുണച്ചുകൊണ്ടിരിക്കുന്ന ദേശീയ ദിനപത്രമാകുന്നു ഹിന്ദു. പ്രകാശ് കാരാട്ടി ന്റെ ആത്മമിത്രവും ബുദ്ധി ഉപദേശകരിൽ മുഖ്യനുമാകുന്നു, പത്രാധിപർ റാം. നന്ദിഗ്രാമിലെ വെടിവെപ്പിനേക്കാൾ സ്വാമിയുടെ മൈലാപ്പൂർ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയതു്. ഗവർണർ ഗോപാൽ കൃഷ്ണഗാന്ധി യുടെ പരാമർശങ്ങളാണു്. ഭരണഘടനാപരമായ പദവി മറക്കരുതു്, ഗവർണർ അമ്മിക്കുഴവിപോലെ അനങ്ങാതിരിക്കണമെന്നാണു് പത്രത്തിന്റെ പക്ഷം!
കുമാരി മമതാ ബാനർജി വലിയ ആവേശത്തിലാണു്. ബംഗാൾ മന്ത്രിസഭയെ പിരിച്ചുവിടണം, പുതിയ തെരഞ്ഞെടുപ്പു് നടത്തണം എന്നാണു് മമതയുടെ ആവശ്യം. എൽ. കെ. അദ്വാനി യും ഇതേ അഭിപ്രായക്കാരനാണു്. സി. പി. എമ്മിന്റെ പിന്തുണകൊണ്ടുമാത്രം നിലനിൽക്കുന്ന മൻമോഹൻസിംഗ് എങ്ങനെ ബുദ്ധദേവിനെ പിരിച്ചുവിടും? മാത്രമല്ല, കേന്ദ്രസർക്കാറിന്റെ സാമ്പത്തികനയമാണു് ബംഗാളിൽ വിപ്ലവകാരികൾ പിന്തുടരുന്നതു്. (ബംഗാളിനെ കണ്ടു പഠിക്കാൻ അച്യുതാനന്ദനെ മനോരമ ഉപദേശിക്കുന്നതും അതുകൊണ്ടുതന്നെ). കോൺഗ്രസും സി. പി. എമ്മും ഒറ്റക്കെട്ടാണെന്നു് തെളിയിച്ചാലേ, വെടി വെപ്പിനെത്തുടർന്നുണ്ടായ ജനവികാരം തൃണമൂൽ-ബി. ജെ. പി. സഖ്യത്തിനു് ചൂഷണം ചെയ്യാനാകൂ.
1967-നു മുമ്പു് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു പശ്ചിമബംഗാൾ, ബി. സി. റോയി യുടെ ഭരണകാലത്തു് കമ്യൂണിസ്റ്റ് പാർട്ടിയുണ്ടായിരുന്നെങ്കിലും ക്ലച്ചുപിടിച്ചിരുന്നില്ല. 1964-ൽ പിളർപ്പോടെ വീണ്ടും ദുർബലമായി. മുഖ്യമന്ത്രി പ്രഫുല്ല സെന്നി നോടു് കലഹിച്ചു് അജയ് മുഖർജി ബംഗ്ലാ കോൺഗ്രസുണ്ടാക്കിയ ശേഷമാണു് 1967-ൽ മാർക്സിസ്റ്റ് പാർട്ടിക്കു് ആദ്യമായി ഭരണപങ്കാളിത്തം ലഭിച്ചതു്. 1967-നും 72-നും ഇടക്കു് സംസ്ഥാനത്തു് നാലു മന്ത്രിസഭകളുണ്ടായി. നാലും അൽപായുസ്സായി. രണ്ടുതവണ ഇടക്കാല തെരഞ്ഞെടുപ്പുണ്ടായി. കോൺഗ്രസാണു് ഭേദമെന്നു് ജനത്തിനു മനസ്സിലായി.
അജയ് മുഖർജി മുഖ്യനും സഖാവു് ജ്യോതിബസു ഉപമുഖ്യനുമായിരുന്ന കാലത്താണു് വസന്തത്തിന്റെ ഇടിമുഴക്കം. ചാരുമജുംദാരും കനുസന്യാലും മറ്റേതാനും ബുദ്ധിജീവികളും ചേർന്നു് സന്താൾ ആദിവാസികളെ പറഞ്ഞിളക്കി സായുധ കലാപത്തിനൊരുങ്ങി. നക്സൽബാരിയുടെ പാത, ഇന്ത്യൻ മോചനപാത! നക്സൽ ആക്രമണങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലാക്കി. കിഴക്കൻ പാക്കിസ്ഥാനിൽനിന്നുള്ള അഭയാർഥി പ്രവാഹവും യുദ്ധവും പ്രശ്നം സങ്കീർണമാക്കി. 1972-ൽ ജ്യോതിബസു പോലും പരാജിതനായി. അതും കുത്തക സീറ്റായ സത്ഗാച്ചിയയിൽ, കനത്ത മാർജിനിൽ.
280 അംഗ ബംഗാൾ നിയമസഭയിൽ 216 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. 1972 മാർച്ച് 20-നു് സിദ്ധാർഥ ശങ്കർ റായ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി. അഞ്ചുകൊല്ലവും മൂന്നുമാസവും നീണ്ട സിദ്ധാർഥഭരണംപോലൊന്നു് അതിനു മുമ്പോ ശേഷമോ ബംഗാളിൽ ഉണ്ടായിട്ടില്ല. ഒരുപക്ഷേ, ഇന്ത്യയിലൊരിടത്തും ഒരുകാലത്തും ഉണ്ടായിക്കാണില്ല. ദേശബന്ധു ചിത്തരഞ്ജൻ ദാസി ന്റെ ദൗഹിത്രനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമായിരുന്നു സിദ്ധാർഥൻ. നക്സലുകൾ പേപ്പട്ടികളെപ്പോലെ വേട്ടയാടപ്പെട്ടു. പോലീസിനെ കയറൂരി വിടുന്ന കാര്യത്തിൽ കരുണാകരനെ കടത്തിവെട്ടി. അക്ഷരാർഥത്തിൽ, കരൾ പിളരും കാലം. മുമ്പേ പറന്ന പക്ഷികളെമ്പാടും കെണിയിൽ കുടുങ്ങി പിടഞ്ഞൊടുങ്ങി.
1977 മാർച്ച് 20-നു് കാളരാത്രി അവസാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ബംഗാളിൽ നിന്നു് അഹിംസക്കാർ മൂന്നാളേ കരകേറിയുള്ളൂ. സഖ്യകക്ഷി സി. പി. ഐ. നിലം തൊട്ടില്ല. മിഡ്നാപൂരിൽ ഇന്ദ്രജിത് ഗുപ്ത വരെ തൊപ്പിയിട്ടു. സി. പി. എമ്മിനു് 17, ജനതാ പാർട്ടിക്കു് 13, മറ്റു കക്ഷികളും സ്വതന്ത്രരും കൂടി 7.
1977 ജൂൺ 21-നു് 356-ാം അനുച്ഛേദ പ്രകാരം ബംഗാൾ മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടപ്പോൾ കണ്ണീർ പൊഴിക്കാൻ ആരുമുണ്ടായില്ല. പിന്നാലെ തെരഞ്ഞെടുപ്പു് വന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി ജനതയും മാർക്സിസ്റ്റ് പാർട്ടിയും തെറ്റിപ്പിരിഞ്ഞപ്പോൾ കോൺഗ്രസിനു് പ്രതീക്ഷ ഉണർന്നു. പക്ഷേ, ജനം ഒന്നും മറന്നിരുന്നില്ല. അഹിംസാ പാർട്ടി തോറ്റമ്പി, വൻ ഭൂരിപക്ഷത്തോടെ ജ്യോതിബസു അധികാരത്തിലേറി.
പാർട്ടിയെ നയിച്ചതും ജയിച്ചതും ഭരണസോപാനത്തിലേറിയതും ജ്യോതിബസുവായിരുന്നെങ്കിലും യഥാർഥ വിജയശിൽപി പ്രമോദ് ദാസ് ഗുപ്ത യായിരുന്നു. ഇടതുമുന്നണി കൺവീനർ, മണ്ണിന്റെ മകൻ, അതുല്യ സംഘാടകൻ, മോഹമുക്തനായ മാർക്സിസ്റ്റ് കർമയോഗി, ബംഗാളിലെ എ. കെ. ജി. പ്രമോദും ജ്യോതിബസു വും ഒറ്റക്കെട്ടായി പാർട്ടിയെ, മുന്നണിയെ, മന്ത്രിസഭയെ മുന്നോട്ടു നയിച്ചു. എതിരാളികൾ നിഷ്പ്രഭരായി. 1980-ലെ ഇന്ദിരാ തരംഗം ബംഗാളിൽ ഏശിയില്ല. 1982-ൽ സഖാക്കൾ വിജയം ആവർത്തിച്ചു.
1982 നവംബർ 29-നു് പ്രമോദ് അന്തരിച്ചപ്പോൾ ബംഗാൾ രാഷ്ട്രീയത്തിൽ ഒരു യുഗം അസ്തമിച്ചു. ജ്യോതിബസു അതോടെ അനിഷേധ്യനായി. 1987-ൽ രാജീവ് ഗാന്ധി കാടിളക്കി പ്രചാരണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഇടതുമുന്നണിയുടെ ഭൂരിപക്ഷം വർധിച്ചു. അതോടെ കോൺഗ്രസ് ആശ കൈവിട്ടു. പല ഗ്രൂപ്പുകളായി തമ്മിലടിക്കുന്നതിലൊതുങ്ങി, സംഘടനാ പ്രവർത്തനം.
1984-ൽ ജാദവ്പൂർ മണ്ഡലത്തിൽ കരുത്തനായ സോമനാഥ് ചാറ്റർജി യെ മലർത്തിയടിച്ചുകൊണ്ടാണു് മമതാ ബാനർജി യുടെ രംഗപ്രവേശം. അനാർഭാട ജീവിതവും കറപുരളാത്ത പ്രതിച്ഛായയും കടുത്ത മാർക്സിസ്റ്റ് വിരോധവും അവരെ, ഇതര ബംഗാളി കോൺഗ്രസുകാരിൽനിന്നു് വ്യത്യസ്തതയാക്കി. സീതാറാം കേസരി പ്രസിഡന്റായിരിക്കുമ്പോൾ അവർ പാർട്ടി വിട്ടു. അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചു. 1998-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി.-യുമായി ധാരണയുണ്ടാക്കി അവർ കോൺഗ്രസിനെയും മാർക്സിസ്റ്റ് പാർട്ടിയെയും ഞെട്ടിച്ചു. അത്തവണ തൃണമൂലിനു് ആറു എം. പി.-മാരുണ്ടായി. ഡംഡം മണ്ഡലത്തിൽ താമര വിരിഞ്ഞു—ബി. ജെ. പി.-യുടെ ആദ്യ ജയം.
1999-ൽ തൃണമൂൽ-ബി. ജെ. പി. സഖ്യം പ്രബലമായി. തൃണമൂൽ കോൺഗ്രസിനു് ഏഴും ബി. ജെ. പി.-ക്കു് രണ്ടും സീറ്റ് കിട്ടി എന്നുമാത്രമല്ല ഗ്രാമപ്രദേശങ്ങളിൽപോലും സഖ്യം വിജയം നേടി. സംസ്ഥാനത്തു് ഏറ്റവും ഉയർന്ന ഭൂരിപക്ഷം മമതക്കായിരുന്നു—കൽക്കത്താ സൗത്തിൽ 2.14 ലക്ഷം. മറുവശത്തു് സഖാക്കളുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കൽക്കത്ത മുനിസിപ്പൽ കോർപറേഷൻ തൃണമൂൽ-ബി. ജെ. പി. സഖ്യം പിടിക്കുകയും ഗീതാ മുഖർജി യുടെ മരണത്തെതുടർന്നു് പാൻസ്കൂറായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിലെ വിക്രം സർക്കാർ ഗൂരുദാസ് ദാസ് ഗുപ്ത യെ തോൽപിക്കുകയും ചെയ്തപ്പോൾ മാർസിസ്റ്റ് പാർട്ടിക്കു് കാര്യങ്ങളുടെ ദിശ പിടികിട്ടി. 2000 നവംബർ 11-നു് ജ്യോതിബസു സ്ഥാനത്യാഗം ചെയ്തു.
ജ്യോതിബസുവിന്റെ പകരക്കാരൻ ബുദ്ധദേവ് ഭട്ടാചാര്യ. കരുത്തൻ. പത്തിനും ഒമ്പതിനും കൊള്ളിക്കാം. മമത ബി. ജെ. പി.-യെ വിട്ടു് സോണിയകോൺഗ്രസിനോടു് സഖ്യമുണ്ടാക്കിയിട്ടുപോലും ഗുണം കിട്ടിയില്ല. 2001-ൽ ഇടതുമുന്നണി വിജയിച്ചു. 2006-ൽ വിജയം ആവർത്തിച്ചു.
സാമ്പത്തിക ഉദാരീകരണവും നന്ദിഗ്രാമിലെ നരനായാട്ടും സർക്കാറിന്റെ പ്രതിച്ഛായയെ, മുന്നണിയുടെ ബഹുജനാടിത്തറയെ എങ്ങനെ ബാധിച്ചു എന്നറിയണമെങ്കിൽ 2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പു് വരെ കാത്തിരിക്കണം. നിയമസഭയിൽ സി. പി. എമ്മിനു് ഒറ്റക്കു് ഭൂരിപക്ഷമുള്ളതിനാൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പു് വരെ ബുദ്ധദേവനു് റൈറ്റേഴ്സ് ബിൽഡിംഗിൽ അമർന്നിരുന്നു ഭരിക്കാം.
ഇന്നു് ബംഗാൾ ചിന്തിക്കുന്നതു് നാളെ ഭാരതം ചിന്തിക്കുമെന്നാണു് പ്രമാണം. പ്രത്യേക സാമ്പത്തിക മേഖലകളുണ്ടാക്കാനുള്ള തീരുമാനത്തിൽനിന്നു് പിന്നാക്കം പോകില്ലെന്നു് കേന്ദ്ര വാണിജ്യമന്ത്രി കമൽ നാഥ് ആവർത്തിച്ചു് വ്യക്തമാക്കിയിട്ടുണ്ടു്. (മധ്യപ്രദേശിലെ ചിന്ത്വാര മണ്ഡലത്തെയാണു് പ്രതിനിധാനം ചെയ്യുന്നതെങ്കിലും ജന്മംകൊണ്ടു് ബംഗാളിയാണു് കമൽനാഥ് ജി) സിംഗൂരിൽ ടാറ്റയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നേറുകയാണെന്നും ദെഗാങ്കയിൽ റിലയൻസും വീഡിയോകോണിനും വേണ്ടി സ്ഥലമെടുപ്പു് അക്ഷീണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗാളിന്റെ വികസന മാതൃക പിന്തുടരാൻ അസൂയാലുക്കളായ കോൺഗ്രസ്-ബി. ജെ. പി. സർക്കാറുകൾ മടിച്ചേക്കാം. പഞ്ചാബിലെ തെരഞ്ഞെടുപ്പു് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പക്ഷേ, കേരളത്തിനു് ഉത്തരവാദിത്തത്തിൽനിന്നു് ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. സാറാ ജോസഫ് കുരച്ചാലൊന്നും എളമരം കരീം പേടിക്കരുതു് (പേടിയുണ്ടെങ്കിൽ വ്യവസായ വകുപ്പ് ജി. സുധാകരനെ ഏൽപിക്കണം). മേത്തരം തോക്കിനു് ഓർഡർ കൊടുക്കാൻ കോടിയേരിയും മടിക്കരുതു്. മാധ്യമ സിൻഡിക്കേറ്റിനെ നേരിടാൻ ദക്ഷിണാമൂർത്തിമാഷും ഭൂതഗണങ്ങളും ധാരാളം. സഖാക്കളേ, മുന്നോട്ടു്!
ചിന്താവിഷയം: കൂത്തുപറമ്പിൽ വെടിപൊട്ടിയപ്പോൾ നമ്മൾ കരുണാകരനെ കൊലയാളി എന്നു വിളിച്ചു. ബുദ്ധദേവി നെ ഇനി എന്തുവിളിക്കും?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.