
1938 ഒക്ടോബർ 23. അന്നദാതാവായ പൊന്നു തിരുമേനിയുടെ, ശ്രീ. പത്മനാഭദാസൻ ബാലരാമവർമ മഹാരാജാവിന്റെ തിരുനാളായിരുന്നു. സാധാരണഗതിയിൽ തിരുമനസ്സിലെ ആയുരാരോഗ്യങ്ങൾക്കും സന്താനസൗഖ്യത്തിനും വേണ്ടിയുള്ള പ്രാർഥനയും വഴിപാടുകളും ഘോഷയാത്രകളുമൊക്കെയാണു് തിരുവനന്തപുരത്തു് നടക്കേണ്ടതു്. എന്നാൽ, ആ വർഷത്തെ തിരുനാളാഘോഷം തികച്ചും സംഘർഷപൂരിതമായ അന്തരീക്ഷത്തിലാണു് നടന്നതു്. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. പട്ടം താണുപിള്ള മുതൽ കുട്ടനാടു് രാമകൃഷ്ണപിള്ള വരെയുള്ള പതിനൊന്നു് ‘ഡിക്ടേറ്റർമാർ’ നിയമലംഘനം നടത്തി ജയിലിലടക്കപ്പെട്ടു കഴിഞ്ഞു. ലാത്തിച്ചാർജ്ജും വെടിവെപ്പുമെല്ലാം നിത്യസംഭവങ്ങളായി മാറി.
സ്റ്റേറ്റ് കോൺഗ്രസിന്റെ പന്ത്രണ്ടാമതു് ഡിക്ടേറ്ററായി നാമനിർദേശം ചെയ്യപ്പെട്ട കുമാരി അക്കമ്മ ചെറിയാനാ ണു് തിരുനാൾ ദിവസം രാജകൊട്ടാരത്തിലേക്കു് പ്രകടനം നയിച്ചതു്. ഖദർ വസ്ത്രങ്ങളും ഗാന്ധിത്തൊപ്പിയും ധരിച്ച അവർ ഒരു തുറന്ന കാറിൽ വളണ്ടിയർമാരുടെ അകമ്പടിയോടെ മുന്നോട്ടു നീങ്ങി. അരലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകരാണു് ആ മഹാപ്രകടനത്തിൽ പങ്കെടുത്തതു്. പൊലീസിന്റെയും രാജഭക്തരായ ഗുണ്ടകളുടെയും പ്രകോപനങ്ങളെ അതിജീവിച്ചു് കോട്ടവാതിൽക്കലെത്തിയപ്പോൾ പട്ടാളമേധാവി കേണൽ വാട്കിസ് മുന്നോട്ടുവന്നു് കൈത്തോക്കെടുത്തു് ഉയർത്തിക്കൊണ്ടു്, ജനങ്ങൾ പിരിഞ്ഞുപോകാത്തപക്ഷം വെടിവെച്ചു പിരിച്ചുവിടും എന്നു് ഭീഷണി മുഴക്കിയപ്പോൾ “ആദ്യം എന്റെ നെഞ്ചിൽ വെടിവക്കണം” എന്നായി അക്കമ്മ ചെറിയാൻ. അനിതരസാധാരണമായ ആ ധീരതക്കു മുന്നിൽ കേണലിന്റെ ശിരസ്സു് താണുപോയി. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനുള്ള രേഖയിൽ അന്നുതന്നെ മഹാരാജാവു് തൃക്കൈ വിളയാടി. തിരുവിതാംകൂറിലെ ഝാൻസിറാണി എന്നു് അക്കമ്മ ചെറിയാൻ വാഴ്ത്തപ്പെട്ടു.

1909-ാമാണ്ടിൽ കാഞ്ഞിരപ്പള്ളിയിലെ പുരാതന സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലാണു് അക്കമ്മയുടെ ജനനം. ബി. എ. എൽ. ടി. പരീക്ഷകൾ ജയിച്ചു് സ്ഥലത്തെ പള്ളിവക സ്ക്കൂളിൽ ഹെഡ് മിസ്ട്രസായിരിക്കെയാണു് അക്കമ്മക്കും അനുജത്തി റോസമ്മ ക്കും രാഷ്ട്രീയ വിളിയുണ്ടായതു്. ഉദ്യോഗം വലിച്ചെറിഞ്ഞു് അവർ സമരത്തീച്ചൂളയിലേക്കെടുത്തു ചാടുകയായിരുന്നു.
സ്റ്റേറ്റ് കോൺഗ്രസ് വനിതാ വിഭാഗമായ ദേശസേവികാ സംഘത്തിന്റെ തലൈവിയായിരുന്ന അക്കമ്മ ചെറിയാനെയും സഹോദരി റോസമ്മാ ചെറിയാനെയും 1938 ഡിസംബർ 24-ാംനു് കാഞ്ഞിരപ്പള്ളിയിൽവെച്ചു് അറസ്റ്റുചെയ്തു. ഇരുവരും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകസമിതി അംഗം മിസ് ആനി മസ്ക്രീൻ അതിനുമുമ്പു തന്നെ അവിടെ എത്തിച്ചേർന്നിരുന്നു.
തിരുവനന്തപുരത്തു് ഒരു ലത്തീൻ കത്തോലിക്കാ കുടുംബത്തിലാണു് 1902-ൽ ആനി മസ്ക്രീൻ പിറന്നതു്. പിതാവു്, തിരുവിതാംകൂർ ദിവാന്റെ ഡഫേദാർ ആയിരുന്നു. എം. എ., ബി. എൽ. ബിരുദങ്ങൾ നേടി അഭിഭാഷകയായിരിക്കവെയാണു് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതു്. സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന ആനി മസ്ക്രീനു് കടുത്ത യാതനകൾ അനുഭവിക്കേണ്ടതായി വന്നു. ഒരിക്കൽ കൊല്ലത്തു് സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനത്തിനു് പോയിരിക്കുമ്പോൾ അവരുടെ വീടു് കൊള്ളയടിക്കപ്പെട്ടു. ഉപ്പുചിരട്ടപോലും ബാക്കിയുണ്ടായിരുന്നില്ല. പോലീസിന്റെ ഒത്താശയോടെ ഏതാനും രാജഭക്തരായിരുന്നു കൊള്ള നടത്തിയതു്.
ആനി മസ്ക്രീന്റെയും അക്കമ്മ-റോസമ്മമാരുടെയും ജയിൽ ജീവിതം ആനന്ദകരമാക്കാൻ വേണ്ട എല്ലാ നടപടികളും രാജകിങ്കരന്മാർ ഏർപ്പാടാക്കിയിരുന്നു. ജയിൽ വാർഡർമാരും അവരുടെ പ്രേരണയാൽ ക്രിമിനൽ പുള്ളികളും ഈ നേതാക്കൾക്കുനേരെ അസഭ്യവർഷം നടത്തി. ഒരു പിഞ്ചുകുഞ്ഞിനെ കൊന്നു് ആഭരണം മോഷ്ടിച്ചതിനു് ജീവപര്യന്തം തടവുശിക്ഷയനുഭവിച്ചിരുന്ന മൂവാറ്റുപ്പുഴക്കാരിയായ സ്ത്രീക്കായിരുന്നു തെറിവിളിയുടെ ചാർജ്. സഹികെട്ടു് അക്കമ്മ ചെറിയാൻ മജിസ്ട്രേറ്റിനോടു് പരാതിപ്പെട്ടു. തങ്ങളുടെ മാനവും ജീവനും അപകടത്തിലാണെന്നു് ഭയപ്പെടുന്നു എന്നു് കാണിച്ചു് ഒരു സ്റ്റേറ്റ്മെന്റ് കോടതിയിൽ ഫയൽ ചെയ്തു.
ജയിലിലെ പീഡനകഥ നാട്ടിലെമ്പാടും പ്രതിഷേധമുയർത്തി. 1939 ഫെബ്രുവരി 18-ാം തീയതിയിലെ ‘ഹരിജനി’ൽ മഹാത്മാഗാന്ധി എഴുതി: “ഒരു രാഷ്ട്രീയത്തടവുകാരിയായ അക്കമ്മ ചെറിയാനോടു് മര്യാദകേടായി പെരുമാറിയതിനെപ്പറ്റി വിവരിക്കുന്ന ഒരു കത്തു് എന്റെ മുന്നിലുണ്ടു്. അവർ കോടതിയിൽ പ്രസ്താവിച്ചതു് ശരിയാണെങ്കിൽ അവരോടു് കാണിച്ച മര്യാദകേടു് ലജ്ജാകരമാണു്. അവർ സംസ്ക്കാര സമ്പന്നയായ ഒരു സ്ത്രീയാണു്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ ഒരു സ്ക്കൂളിലെ ഹെഡ്മിസ്ട്രസ്സ് ജോലി ഉപേക്ഷിക്കുകയാണു് ഉണ്ടായതു്. വിദ്യാസമ്പന്നനായ ഒരു രാജാവും തുല്യനിലയിൽ അഭ്യസ്തവിദ്യയായ അമ്മ മഹാറാണിയും പരിചയ സമ്പന്നനായ ദിവാനും ഭരിക്കുന്നു എന്നു് അഭിമാനിക്കുന്ന, തിരുവിതാംകൂറു പോലെ പുരോഗതി പ്രാപിച്ച ഒരു നാട്ടുരാജ്യത്തു് സ്വാതന്ത്ര്യേച്ഛയെ മൃഗീയമായ മർദനംകൊണ്ടു് ശ്വാസംമുട്ടിക്കുന്നു എന്ന വസ്തുത വേദനാജനകമാണു്.”
അക്കമ്മക്കും റോസമ്മക്കും ഒരുവർഷം വീതം കഠിനതടവും ആയിരം രൂപ വീതം പിഴയുമാണു് ശിക്ഷ കിട്ടിയതു്. ആനി മസ്ക്രീനു് 18 മാസം തടവു്. ആയിരം രൂപ പിഴ. പിന്നെ ജയിലിൽപോക്കു് ഒരു ശീലമായി മാറി. 1942-ൽ നിരോധനാജ്ഞ ലംഘിച്ചതിനു് ആറാറുമാസം. 1947-ൽ സ്വതന്ത്ര തിരുവിതാംകൂറിനെ എതിർത്തതിനു് പിന്നെയും ജയിൽവാസം…

സ്വാതന്ത്ര്യസമരത്തിൽ വലിയ പങ്കുവഹിച്ച സ്ത്രീകൾ മലബാറിലുണ്ടായിരുന്നു. 1925 മേയ് 11-ാം തീയതി കോഴിപ്പുറത്തു് മാധവമേനോൻ ആനക്കര വടക്കത്തെ കുട്ടിമാളുവമ്മ ക്കു് പുടവ കൊടുത്തതു് ഒരു പരുക്കൻ ഖദർസാരിയായിരുന്നു. “മാധവേട്ടനെയും കോൺഗ്രസിനെയും ഒരേ പന്തലിൽവെച്ചു് ഞാൻ വരിച്ചു” എന്നു് അവർ പിന്നീടു് അനുസ്മരിക്കുകയുണ്ടായി. 1932-ലെ സമരകാലത്തു് നിയമം ലംഘിച്ചു് ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടിമാളുവമ്മക്കു് രണ്ടുകൊല്ലം തടവുശിക്ഷ ലഭിച്ചു. രണ്ടുമാസം പ്രായമുള്ള തന്റെ ഇളയ മകളെക്കൂടി ജയിലിൽ കൊണ്ടുപോകാൻ അനുവദിക്കണം എന്ന അപേക്ഷ നിരാകരിക്കപ്പെട്ടു. “നിങ്ങളെപ്പോലുള്ള സ്ത്രീകൾ നിയമലംഘനത്തിനും മറ്റും പുറപ്പെടുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ കൂടി ആലോചിക്കേണ്ടതായിരുന്നു” എന്നൊരു കുത്തുവാക്കും പറഞ്ഞു സബ്ഡിവിഷനൽ മജിസ്ട്രേറ്റ്. ആറു വയസ്സിനു് താഴെ പ്രായമുള്ള കുട്ടികളെ ജയിലിൽ കൂട്ടാൻ അമ്മക്കു് അവകാശമുണ്ടെന്ന ജയിൽനിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി കുട്ടിമാളുവമ്മ ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കി. കൈക്കുഞ്ഞിനെയുമെടുത്തു് ആ അമ്മ ജയിലിലേക്കു് യാത്രയായി.
തലശ്ശേരിയിലെ കമലാബായി പ്രഭുവിനു് നിയമലംഘനത്തിൽ പങ്കെടുത്തതിനു് കിട്ടിയ ശിക്ഷ ആറുമാസം തടവും ആയിരം രൂപ പിഴയുമാണു്. പിഴയടയ്ക്കാത്തപക്ഷം ആറുമാസംകൂടി തടവു് അനുഭവിക്കണം. പിഴയടയ്ക്കാൻ താൻ സന്നദ്ധയല്ലെന്നും ആറുമാസം കൂടി ജയിലിൽ കഴിയാനാണു് ഇഷ്ടമെന്നും അവർ പറഞ്ഞപ്പോൾ മജിസ്ട്രേറ്റിനു് ഹാലിളകി. കമലാബായിയുടെ ആഭരണങ്ങൾ അഴിച്ചെടുക്കാൻ ഉത്തരവായി. മോതിരവും മൂക്കുത്തിയും മാത്രമല്ല, മംഗല്യസൂത്രം വരെ കണ്ടുകെട്ടി.
അവസാനം സ്വാതന്ത്ര്യം കിട്ടിയപ്പോഴോ? അതുവരെ വഞ്ചീശ മംഗളം പാടി നടന്നവരൊക്കെ ഖദറിട്ടു് കോൺഗ്രസ്സുകാരായി. ദിവാൻ സ്വാമിയുടെ വെണ്ണക്കൽ പ്രതിമയുണ്ടാക്കി ഹജൂർ കച്ചേരിയുടെ മുമ്പിൽ സ്ഥാപിച്ച ഒരു പുമാൻ പിൽക്കാലത്തു് കേരള മുഖ്യമന്ത്രിയായി. സ്വതന്ത്ര തിരുവിതാംകൂറിനു് വേണ്ടി റേഡിയോ പ്രഭാഷണം നടത്തിയ മാന്യദേഹം കേന്ദ്രമന്ത്രിയും. പുത്തൻചന്ത ലോക്കപ്പിൽനിന്നു് മാപ്പെഴുതിക്കൊടുത്തു് തടികഴിച്ചിലാക്കിയ പല മാന്യന്മാരും തിരുകൊച്ചിയിലും പിന്നീടു് കേരളസംസ്ഥാനത്തും മന്ത്രിമാരായി.

സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളികൾ വിസ്മൃതിയിൽ വിലയം പ്രാപിച്ചു. അക്കമ്മ ചെറിയാനും ആനി മസ്ക്രീനും 1948-ൽ തിരുവിതാംകൂർ നിയമസഭാംഗങ്ങളായി. അതേകാലത്തു് കുട്ടിമാളുവമ്മ മദ്രാസ് നിയമസഭാംഗവുമായിരുന്നു. പട്ടം താണുപിള്ള യുടെ അപ്രീതിക്കു് പാത്രമായ അക്കമ്മ മന്ത്രിസ്ഥാനത്തേക്കു് പരിഗണിക്കപ്പെട്ടില്ല. ആനി മസ്ക്രീൻ ടി. കെ. നാരായണപിള്ള യുടെ മന്ത്രിസഭയിൽ അംഗമായെങ്കിലും മാസങ്ങൾക്കകം രാജിവെക്കേണ്ടതായി വന്നു.

1952-ലെ പൊതു തെരഞ്ഞെടുപ്പിൽ അക്കമ്മ ചെറിയാൻ മീനച്ചിൽ ലോക്സഭാ സീറ്റ് ചോദിച്ചു. തോട്ടമുടമയും ധനാഢ്യനുമായ ജോർജ് ജോസഫ് കൊട്ടുകാപ്പിള്ളിയോടായിരുന്നു നേതൃത്വത്തിനു് താൽപര്യം. അവസാനം പി. ടി. ചാക്കോ യെ ഒത്തുതീർപ്പു് സ്ഥാനാർത്ഥിയാക്കി. ഒരു വർഷത്തിനുശേഷം ചാക്കോ വ്യക്തിപരമായ കാരണങ്ങളാൽ പാർലമെന്റ് അംഗത്വം രാജിവെച്ചു. ഉപതെരഞ്ഞെടുപ്പിൽ കൊട്ടുകാപ്പിള്ളി ജയിക്കുകയും ചെയ്തു. കോൺഗ്രസ്സിൽനിന്നു് രാജിവെച്ച ആനി മസ്ക്രീൻ തിരുവനന്തപുരത്തു് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പിന്താങ്ങിയതുകൊണ്ടു് ജയിച്ചു. പാർലമെന്റംഗവുമായി. കോൺഗ്രസ് നേതാവു് വി. വി. വർക്കിയെ വിവാഹം ചെയ്തു് (1951) അക്കമ്മ ചെറിയാൻ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. സഖാവ് പി. ടി. പുന്നൂസിനെ പരിണയിച്ച റോസമ്മയാണെങ്കിൽ സജീവ കമ്യൂണിസ്റ്റായി, ഒന്നിലേറെത്തവണ നിയമസഭാംഗവുമായി. ആനിമസ്ക്രീൻ, ആമരണം അവിവാഹിതയായി തുടർന്നു. 1957-ൽ രാഷ്ട്രീയവും ഉപേക്ഷിച്ചു.

1954 മാർച്ചിൽ തിരു-കൊച്ചി നിയമസഭയിൽനിന്നു് രാജ്യസഭയിലേക്കു് ഒരു ഒഴിവുവന്നു. പ്രമുഖ നേതാക്കളായ ആർ. ശങ്കറും എൻ. അലക്സാണ്ടറും ഭൈമീകാമുകരായി രംഗത്തുവന്നെങ്കിലും സ്ത്രീയെന്ന പരിഗണനവെച്ചു് ഭാരതി ഉദയഭാനു വിനാണു് നറുക്കുവീണതു്. കോൺഗ്രസ് നേതാവു് എ. പി. ഉദയഭാനു വിന്റെ ധർമപത്നി എന്നതായിരുന്നു. ഭാരതിയുടെ ഏകയോഗ്യത. കോൺഗ്രസിന്റെ നാലണ മെമ്പറെങ്കിലുമായിരുന്നുവോ അവർ എന്നതു സംശയമാണു്, 1958-ൽ ഒരിക്കൽകൂടി അവരെ രാജ്യസഭയിലേക്കു തെരഞ്ഞെടുത്തയച്ചു. ഒരു പതിറ്റാണ്ടു് രാജ്യസഭയിൽ വിരാജിച്ച ഭാരതി അടുക്കളയിൽനിന്നു പാർലമെന്റിലേക്കു് എന്ന പുസ്തകവും എഴുതി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പാരമ്പര്യമോ ജയിലിൽക്കിടന്ന അനുഭവയോഗ്യതയോ അല്ല പാർലമെന്റംഗത്വത്തിന്റെ അർഹത നിശ്ചയിക്കുന്നതെന്നു് ഭാരതി ഉദയഭാനു തെളിയിച്ചു. സ്ത്രീണാംചചിത്തം പുരുഷസ്യഭാഗ്യം എന്നു ഋഷിപ്രോക്തം.

1964 മാർച്ചിൽ ഭാരതി ഉദയഭാനുവിന്റെ കാലാവധി തീർന്ന ഒഴിവിൽ കോൺഗ്രസുകാർ വീണ്ടുമൊരു വനിതയെ സ്ഥനാർഥിയാക്കി. കുമാരി ആനി ജോസഫ് (പിന്നീടു് ആനി തയ്യിൽ). വോട്ടിംഗിൽ പക്ഷേ, ആറു കോൺഗ്രസ് എം. എൽ. എ.-മാർ തക്ക പ്രതിഫലം വാങ്ങി വോട്ടുമാറ്റിച്ചെയ്തു. ഫലം, മുസ്ലീംലീഗിലെ സാലെ മുഹമ്മദ് സേട്ട് പാർലമെന്റിലേക്കു് പോയി. നാക്കിന്റെ മൂർച്ചകൊണ്ടു മാത്രം പാർലമെന്റംഗമാകാൻ കഴിയില്ല. പണമാണു് പരമപ്രധാനം എന്നും തെളിവായി.

1971-ലെ ലോകസഭാ തെരഞ്ഞെടുപ്പു്; വടകര മണ്ഡലത്തിലേക്കു് കെ. പി. സി. സി. അംഗീകരിച്ചു് ദൽഹിക്കയച്ച പേരു് ലീലാദാമോദരമേനോന്റെതായിരുന്നു. ദൽഹിക്കയച്ച പേരു് ലീലാദാമോദര മേനോന്റെ തായിരുന്നു. ദൽഹിയിൽനിന്നു മടങ്ങിവന്ന പേരു് കെ. പി. ഉണ്ണിക്കൃഷ്ണന്റേതും. ലീലേടത്തിയുടെ പേരു് ആരു് എങ്ങനെ വെട്ടിച്ചു എന്നതു് ഇന്നും അജ്ഞാതം. തൊട്ടടുത്ത വർഷം അവരെ രാജ്യസഭയിലേക്കു് തെരഞ്ഞെടുത്തയച്ചു എന്നതു് വേറൊരു കാര്യം.

സർവീസിലിരുന്നു മരിക്കുന്ന സർക്കാർ ജീവനക്കാരുടെ അനന്തരാവകാശികൾക്കു് അതേ വകുപ്പിൽത്തന്നെ അനുതാപ നിയമനം നൽകാൻ വ്യവസ്ഥയുണ്ടല്ലോ. കോൺഗ്രസിലുമുണ്ടു് ഈ സമ്പ്രദായം. കുളങ്ങര കിഞ്ഞുകൃഷ്ണന്റെ വിധവ സരസ്വതി കുഞ്ഞുകൃഷ്ണൻ, കെ. രാഘവൻ മാസ്റ്ററുടെ (വടക്കെ വയനാടു്) വിധവ രാധാ രാഘവൻ എന്നിവർ ഉദാഹരണങ്ങൾ. അഖിലേന്ത്യാ തലത്തിൽ സോണിയാഗാന്ധി യും രമാപൈലറ്റുമൊക്കെ ഉദാഹരണമായി നമുക്കു മുന്നിലുണ്ടു്.

റാന്നിയിലെ പ്രമുഖ കോൺഗ്രസ്സുകാരായിരുന്നു എം. സി. ചെറിയാനും സണ്ണി പനവേലിയും 1978-ൽ കോൺഗ്രസ് ഭിന്നിച്ചപ്പോൾ ചെറിയാൻ ആന്റണി ഗ്രൂപ്പിൽനിന്നു; സണ്ണി കരുണാകരനോടൊപ്പവും. 1980-ലെ തെരഞ്ഞെടുപ്പിൽ റാന്നി മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം ചെറിയാനായിരുന്നു. 1982 ആയപ്പോഴേക്കും രണ്ടു ഗ്രൂപ്പും ഒരേ മുന്നണിയിലായി. സിറ്റിങ് എം. എൽ. എ. എന്ന പരിഗണനവെച്ചു് ചെറിയാനു സീറ്റുകിട്ടി. ഉടനെ സണ്ണി പനവേലി കോൺഗ്രസ് എസിൽ ചേക്കേറി. അത്തവണ സണ്ണി ജയിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നു് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ (1986) ഭാര്യ റേച്ചൽ സണ്ണി, എം. സി. ചെറിയാനെ തോൽപിച്ചു. എം. സി. ചെറിയാൻ മരിച്ചപ്പോൾ അനന്തരവകാശിയായി ഭാര്യ മറിയാമ്മ രംഗത്തുവന്നു. റേച്ചൽ സണ്ണിയാണെങ്കിൽ മകൻ ബിജിലിക്കുവേണ്ടി രംഗംവിട്ടു. ഇത്തവണ ഏറ്റവും വൈകി തീരുമാനമായ സീറ്റുകളിലൊന്നാണു് റാന്നി. ആന്റണി ഗ്രൂപ്പിലെ മറിയാമ്മ ചെറിയാനെ വെട്ടി ഐ ഗ്രൂപ്പിലെ ബിജിലി പനവേലി സ്ഥാനാർത്ഥിത്വം നേടി.

കോൺഗ്രസിന്റെ ഏറ്റവും ഉറച്ച ലോകസഭാ സീറ്റാണു് മുകുന്ദപുരം. പൊന്നാനിയും മഞ്ചേരിയും മൂവാറ്റുപുഴയും കഴിഞ്ഞാൽ ഏറ്റവും ഉറപ്പുള്ള യു. ഡി. എഫ്. സീറ്റും മുകുന്ദപുരം തന്നെ. 1989-ലെ തെരഞ്ഞെടുപ്പിൽ മുകുന്ദപുരത്തു മത്സരിക്കാൻ വയലാർ രവി ക്കു് മോഹം. സിറ്റിംഗ് എം. എൽ. എ.-മാർ ലോകസഭയിലേക്കു മൽസരിക്കരുതു് എന്ന ലോകതത്ത്വം പറഞ്ഞു് കരുണാകരൻ രവിയുടെ മോഹത്തിന്റെ കൂമ്പുനുള്ളി. (രമേശ് ചെന്നിത്തല യെ കോട്ടയത്തു മത്സരിപ്പിക്കാൻ ലോകതത്ത്വം വിലങ്ങു തടിയായതുമില്ല). മുകുന്ദപുരത്തു വനിതാ സ്ഥാനാർത്ഥി വേണം എന്നായി ലീഡർ. ഡോ. എം. ലീലാവതി യുടെയും ശാന്താപണിക്കരുടെയും (എ. ഐ. സി. സി. സെക്രട്ടറി വാസുദേവപ്പണിക്കരുടെ വിധവ) പേരുകളാണു് ആദ്യം കേട്ടതു്. എന്നാൽ സീറ്റു കിട്ടിയതു് പ്രൊഫ. സാവിത്രി ലക്ഷ്മണനാ ണു്.

സാവിത്രി ലക്ഷ്മണൻ എന്ന പേരു കേട്ടു് മുകുന്ദപുരത്തെ വോട്ടർമാർ അമ്പരന്നു. ആരിവൾ? ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മലയാളം അധ്യാപിക; അറിയപ്പെടുന്ന ബി. ജെ. പി. പശ്ചാത്തലമുള്ള വ്യക്തി. 1987-ലെ തെരഞ്ഞെടുപ്പിൽ മാളയിൽ തനിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ ഉപകാരസ്മരണയിൽ കരുണാകരൻ കാണിച്ച ഔദാര്യം. ഏതായാലും സാവിത്രി ടീച്ചർ പുല്ലുപോലെ ജയിച്ചുകയറി. 1991-ൽ എതിരാളി അതിപ്രബലനായിരുന്നുവെങ്കിലും വിജയം ടീച്ചർക്കുതന്നെ. 1996-ൽ ലീഡർ തൃശ്ശൂരു മത്സരിച്ചതുകൊണ്ടു് പി. സി. ചാക്കോ യെ മുകുന്ദപുരത്തേക്കു മാറ്റി. സാവിത്രി ലക്ഷ്മണനു് ചാലക്കുടി നിയമസഭാ സീറ്റു നൽകി. ചാലക്കുടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (11,166) ടീച്ചർ നിയമസഭയിലെത്തി. ഇത്തവണത്തെ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളിൽവെച്ചു് ഏറ്റവും ഉറപ്പുള്ള സീറ്റ് സാവിത്രി ടീച്ചറുടേതാണു്. യു. ഡി. എഫിനു ഭൂരിപക്ഷം കിട്ടുന്നപക്ഷം മന്ത്രിയാകാൻ സാധ്യതയുള്ള വനിതയും അവർ തന്നെ.

ഇതിലും സ്തോഭജനകമാണു് ശോഭനാ ജോർജി ന്റെ കഥ: അഖിലകേരള ബാലജന സഖ്യത്തിലൂടെയാണു് ശോഭന പൊതുരംഗത്തു വരുന്നതു്; കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ. എസ്. സി.-യിലൂടെ രാഷ്ട്രീയത്തിലും കച്ചകെട്ടി. അങ്ങനെയിരിക്കെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ചെങ്ങന്നൂരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ശോഭന രംഗപ്രവേശം ചെയ്യുന്നു. 1977 മുതൽ 91 വരെയും യു. ഡി. എഫ്. എൻ. ഡി. പി.-ക്കു് കൊടുത്ത സീറ്റാണു് ചെങ്ങന്നൂർ. 1991-ൽ എൻ. ഡി. പി.-ക്കു് ആറന്മുള കൊടുത്തു് ചെങ്ങന്നൂർ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ആന്റണിയോ കരുണാകരനോ ശോഭനയുടെ പേരു് നിർദേശിച്ചിരുന്നില്ല. കോൺഗ്രസിലെ മൂന്നു്, നാലു് ഗ്രൂപ്പുകൾ അന്നു് നിലവിൽവന്നിരുന്നുമില്ല. അന്നു് പാർലമെന്റംഗമായിരുന്ന ഒരു യുവ നേതാവു് (ഇപ്പോഴും അദ്ദേഹം പാർലമെന്റിലുണ്ടു്) ദൽഹിയിൽ ചരടുവലി നടത്തി ശോഭനയെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ഏതായാലും രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ ശോഭന ജയിച്ചുകയറി. 1996-ൽ വിജയം ആവർത്തിച്ചു.

ഭാരതി ഉദയഭാനുവിനുണ്ടായിരുന്നതു തന്നെയാണു് മെഴ്സി രവി യുടെയും യോഗ്യത. വീട്ടുകാരെ ധിക്കരിച്ചു് വയലാർ രവി എന്ന കെ. എസ്. യു. നേതാവിനെ പരിണയിച്ച പാരമ്പര്യവും അദ്ദേഹത്തിന്റെ മൂന്നു് കുട്ടികളെ പെറ്റുവളർത്തിയ പരിചയവുമാണു് മെഴ്സിയുടെ കൈമുതൽ. കോൺഗ്രസിൽ നേതാവാകാൻ ഇതൊക്കെ ധാരാളമാണു് മാഷേ. പക്ഷേ, സാവിത്രിയോളമോ ശോഭനയോളമോ ശോഭിച്ചില്ല മെഴ്സി. ലീഡർ ഒഴിഞ്ഞ മാളയിലാണു് മേഴ്സി ഭാഗ്യം പരീക്ഷിച്ചതു്. കരുണാകർജിയുടെ അകൈതവമായ പിന്തുണ മെഴ്സിക്കുണ്ടായിട്ടും കമ്യൂണിസ്റ്റ് നേതാവു് വി. കെ. രാജനാ ണു് വിജയിച്ചതു്. ഭൂരിപക്ഷം 3241.

സ്ത്രീകൾക്കു് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റു സംവരണം ചെയ്യാൻ പ്രതിജ്ഞാബദ്ധമാണു് കോൺഗ്രസ് പാർട്ടി. പക്ഷേ, 88 പേരടങ്ങുന്ന സ്ഥാനാർത്ഥിപട്ടികയിൽ കേവലം എട്ടു വനിതകൾക്കേ ഇടം കിട്ടിയുള്ളൂ. കഴിഞ്ഞ തവണ വനിതാ സ്ഥാനാർത്ഥികൾ ഒമ്പതു പേരുണ്ടായിരുന്നു. സിറ്റിംഗ് എം. എൽ. എ.മാർക്കെല്ലാം (വിമതനായി ജയിച്ച സുന്ദരൻ നാടാർ അടക്കം) വീണ്ടും സീറ്റു ലഭിച്ചപ്പോഴും മണലൂരുനിന്നു ജയിച്ച റോസമ്മ ചാക്കോ ഒഴിവാക്കപ്പെട്ടു. മുൻ മന്ത്രിമാരായ എം. കമലം, എം. ടി. പത്മ എന്നിവരും മുൻ എം. എൽ. എ. റോസക്കുട്ടി യും തഴയപ്പെട്ടു. അൽഫോൺസാ ജോണി നെ കുണ്ടറയിൽനിന്നും വിജയസാധ്യത കുറഞ്ഞ കോവളത്തേക്കു തുരത്തി.

സീറ്റുകിട്ടിയവരിൽ തന്നെ സാവിത്രി ലക്ഷ്മണൻ, രാധാരാഘവൻ, ശോഭനാ ജോർജ് എന്നിവർക്കേ വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കിട്ടിയുള്ളൂ. കോട്ടയത്തു് മെഴ്സിരവിയും കോവളത്തു് അൽഫോൺസാ ജോണും ഏറെ അധ്വാനിക്കേണ്ടിവരും. തൃത്താലയിൽ രാജമ്മയോ ചേലക്കരയിൽ തുളസിയോ ആലത്തൂരിൽ ചെല്ലമ്മ ടീച്ചറോ ജയിക്കണമെങ്കിൽ മഹാദ്ഭുതങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്നു.
ലഗ്നാലോ ചന്ദ്രാലോ ജയിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത മണ്ഡലങ്ങൾ സ്ത്രീ സ്ഥാനാർത്ഥികളുടെ പിടലിക്കുവെച്ചു കെട്ടുന്ന പരിപാടിയുമുണ്ടു് കോൺഗ്രസിൽ. 1996-ലും 1998-ലും ലോക്സഭയിലേക്കു മത്സരിക്കാൻ വനിതക്കു നൽകിയ സീറ്റ് ഒറ്റപ്പാലമായിരുന്നു. 1999-ൽ അതു് പാലക്കാടു് ആയി. ഫലം എല്ലായ്പ്പോഴും പരാജയം തന്നെ.

“കേട്ട ഗാനം മധുരം, കേൾക്കാത്തതോ മധുരതരം” എന്നു് പണ്ടൊരു കവി പാടിയില്ലേ? ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സീറ്റു ലഭിച്ച വനിതകളേക്കാൾ ശ്രദ്ധാകേന്ദ്രമായതു് സീറ്റു കിട്ടാത്ത വനിതയാണു് കെ. പത്മജ. കോൺഗ്രസ് തറവാട്ടിലെ കരുണാകരൻ ഗുരുക്കളുടെ ഏകമകൾ; കെ. പി. സി. സി. ഏക വൈസ് പ്രസിഡന്റ് മുരളിച്ചേകവരുടെ അങ്കംവെട്ടും നേർപെങ്ങൾ.

എ. കെ. ആന്റണി ചേർത്തലയിലായിരിക്കുമോ തിരുവമ്പാടിയിലാകുമോ മൽസരിക്കുക എന്നു സംശയിച്ചവരുണ്ടു്. എന്നാൽ ഒരാൾക്കും ഒരു സംശയവും ഇല്ലാത്തകാര്യം ചാലക്കുടിയിൽ പത്മജയായിരിക്കും സ്ഥാനാർത്ഥി എന്നതായിരുന്നു. ചാലക്കുടിയിൽനിന്നു കുടിയിറക്കപ്പെടുന്ന സാവിത്രി ടീച്ചറെ മാളയിലോ വടക്കേക്കരയിലോ കുടിയിരുത്തുക എന്നതേ ബാക്കിയുണ്ടായിരുന്നുള്ളൂ.
പത്മജക്കെന്താണു പ്രവർത്തനപരിചയം, പാരമ്പര്യം എന്നു് ഒരാളും ചോദിച്ചില്ല. ‘പണ്ടച്ഛൻ ആനപ്പുറമേറിയതല്ലേ ഉണ്ടാകുമല്ലോ പുത്രിക്കുമാത്തഴമ്പു്’ എന്നു കോൺഗ്രസുകാർ സമാധാനിച്ചു. ഒന്നുമില്ലെങ്കിൽ പത്മജക്കു് മലയാളമറിയാമല്ലോ. ഇന്ത്യാ മഹാരാജ്യത്തെ നിരവധി ഭാഷകളിലൊന്നെങ്കിലും അറിയാത്ത മറ്റൊരു വനിതയാണല്ലോ കോൺഗ്രസ് അധ്യക്ഷ! പണ്ടു് പതിനഞ്ചു ഭാഷയറിയാവുന്ന മറ്റൊരു മഹാൻ അധ്യക്ഷനായിരുന്നപ്പോഴത്തേക്കാളും വളരെയൊന്നും മോശമല്ല ഇപ്പോഴത്തെ അവസ്ഥ.

തിരുവനന്തപുരത്തുനിന്നു കൊണ്ടുപോയ പാനലിൽ പത്മജയുടെ പേരില്ലാഞ്ഞപ്പോഴും ആർക്കുമുണ്ടായില്ല വേവലാതി. ദൽഹിയിൽനിന്നു മടങ്ങി വരുമ്പോൾ പത്മജയുടെ പേരാകും ഉണ്ടാകുക എന്നു് ഉറപ്പായിരുന്നല്ലോ. ഹൈക്കമാൻഡിൽ ചർച്ച നടന്നപ്പോൾ പത്മജയുടെ പേരു് ആരും മിണ്ടിയില്ല. കരുണാകരൻ തറവാടിയാണു്. അദ്ദേഹം മക്കൾക്കൊന്നും വേണ്ടി ശിപാർശ ചെയ്യില്ല. പത്മജയുടെ കാര്യത്തിൽ ആന്റണി വേണ്ടതു ചെയ്യുമെന്നു ലീഡർ കരുതി. കരുണാകർജി മൂത്രമൊഴിക്കാൻ പോയപ്പോഴും ആന്റണി വാതുറന്നില്ല. പത്മജയുടെ പോയിട്ടു് പത്മരാജന്റെ പേരുപോലും ആന്റണി പറഞ്ഞില്ല. അതോടെ ലീഡറുടെ മുഖപത്മം വാടി, എ. കെ. ആന്റണിയുടെ പേരു് ജനശത്രുക്കളുടെ പട്ടികയിലായി. ചാലക്കുടി വേണ്ട, വടക്കേക്കര മതിയെന്നു സാവിത്രി ലക്ഷ്മണൻ കരഞ്ഞുപറഞ്ഞിട്ടും ഇന്ദിരാജിയുടെ മകന്റെ ഭാര്യ ഗൗനിച്ചില്ല.
പത്മജക്കു സീറ്റുകിട്ടാഞ്ഞതല്ല, തന്റെ ഗ്രൂപ്പുകാരെ തഴഞ്ഞതിലാണു് കരുണാകരനുരോഷം. പത്മജയുടെ കാര്യമല്ല മുഖ്യം എന്നു് മുരളീധരനും പറയുന്നു. താൻ സ്വമേധയാ പിന്മാറുകയാണെന്നു് പത്മജ പ്രഖ്യാപിക്കുന്നു. അരിയും തിന്നു് ആശാരിച്ചിയേയും കടിച്ചു്, പിന്നെയും പത്രക്കാർക്കാണു മുറുമുറുപ്പു്.
സീറ്റു കിട്ടിയില്ലെങ്കിലും താൻ കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്നും ഒരു കാരണവശാലും രാഷ്ട്രീയം ഉപേക്ഷിക്കയില്ലെന്നുമുള്ള പത്മജയുടെ പ്രഖ്യാപനം കേട്ടു് അക്കമ്മ ചെറിയാ ന്റെയും കുട്ടിമാളുവമ്മ യുടെയും ആത്മാക്കൾ പുളകംകൊണ്ടിരിക്കണം.

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.