“പെൺവാണിഭക്കാരെയും സ്ത്രീപീഡകരെയും കയ്യാമം വെച്ച് നടുറോഡിലൂടെ നടത്തിക്കും” എന്നു് പ്രസംഗിച്ചു് വോട്ടുപിടിച്ച ഒരു നേതാവിനെ നമുക്കറിയാം. തെക്കു് കളിയിക്കാവിള മുതൽ വടക്കു് ഹോസങ്കടി വരെ അദ്ദേഹം ഇതേ പ്രസംഗം ആവർത്തിച്ചു. ‘ടിയാനെ കാണാനും വാഗ്ധോരണി കേൾക്കാനും ആളേറെ കൂടി. കോവളത്തും കുറ്റിപ്പുറത്തും സ്ത്രീപീഡകർ തറപറ്റി. വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ മുന്നണി അധികാരത്തിലേറി. വീരനായകൻ മുഖ്യമന്ത്രിയുമായി.
ആഭ്യന്തര വകുപ്പിനു് മുഴുസമയമന്ത്രിയെ വെക്കാൻ മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചപ്പോൾ മഹിളാസംഘടനകൾ മാറത്തലച്ചു വിലപിച്ചു: സ്ത്രീപീഡകരെ രക്ഷിക്കാനാണു് പൊലീസ് ഭരണം മുഖ്യനു് നൽകാത്തതു് ! അച്ചുമ്മാനെ വിളിക്കൂ, ഞങ്ങളുടെ മാനം കാക്കൂ!!
ഭരണം ജനപ്രീതിയാർജ്ജിച്ച നൂറാം ദിവസത്തിലെത്തുമ്പോഴേക്കും മരാമത്തു് മന്ത്രിക്കെതിരെ ലൈംഗികാപവാദം ഉയർന്നു. ആഗസ്റ്റ് മൂന്നിനു് ചെന്നൈ-കൊച്ചി ഫ്ലൈറ്റിൽ വെച്ചു് ബഹു. മന്ത്രി സഹയാത്രികയെ കയറിപ്പിടിച്ചു എന്നാണു് ആരോപണം. യാത്രക്കാരും ജീവനക്കാരും സാക്ഷികളാണു്, വിമാനം കൊച്ചിയിലിറങ്ങും മുമ്പു് പരാതി പൈലറ്റിനു് എഴുതിക്കൊടുത്തിട്ടുമുണ്ടു്. നിയമപ്രകാരം മന്ത്രിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു് അറസ്റ്റ് ചെയ്തു് ചെങ്ങമനാടു് പൊലീസ് സ്റ്റേഷനിലേക്കു് കൊണ്ടുപോകണം. അവിടെനിന്നു് ജാമ്യത്തിൽ വിടുകയോ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയോ ചെയ്യണം. കുറ്റവാളി മന്ത്രിയായതുകൊണ്ടു് ഇത്തരം നടപടിയൊന്നും ഉണ്ടായില്ല. പരാതിതന്നെയും അന്തരീക്ഷത്തിൽ അലിഞ്ഞു് അപ്രത്യക്ഷമായി.
ആഗസ്റ്റ് 21-നു് ഷാനിമോൾ ഉസ്മാൻ നടത്തിയ പത്രസമ്മേളനത്തോടെയാണു് വിവരം പുറത്തറിഞ്ഞതു്. പിന്നാലെ ഇന്ത്യാവിഷൻ ഏറ്റുപിടിച്ചു. 22-നു് പത്രങ്ങളായ പത്രങ്ങളിലൊക്കെ വിമാനവിവാദം കത്തി. മന്ത്രി ആരോപണം നിഷേധിച്ചു. തന്റെ രാഷ്ട്രീയ ശത്രുക്കൾ—പേരെടുത്തു പറഞ്ഞില്ല എങ്കിലും പി. സി. ജോർജും പി. ടി. തോമസും—ആണു് പരാതിയുടെ പിന്നിലെന്നു് കുറ്റപ്പെടുത്തി. ഐ. പി. എസുകാരിയെക്കൊണ്ടു് അന്വേഷിക്കണം എന്നു് ആവശ്യപ്പെട്ടു. കുറ്റം തെളിഞ്ഞാൽ പൊതുപ്രവർത്തനം ഉപേക്ഷിക്കും എന്നു് ഭീഷണി മുഴക്കി.
ഷാനിമോളുടെ പത്രസമ്മേളനത്തിനു മുമ്പുതന്നെ ചെങ്ങമനാടു് സർക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ട് മുഖ്യന്റെ മേശപ്പുറത്തെത്തിയിരുന്നു. സാഹചര്യങ്ങളും സാക്ഷികളും വിരൽ ചൂണ്ടൂന്നതു് മന്ത്രിയുടെ നേർക്കാണെന്നു് സർക്കിളദ്ദേഹം സാമാന്യം വെടിപ്പായി എഴുതിയിരുന്നു. തൽക്ഷണം ജോസഫിന്റെ രാജി ചോദിക്കും എന്നാണു് ജനം കരുതിയതു്. മന്ത്രിസ്ഥാന വ്യഭിചാരിയെ കുതിരക്കവഞ്ചികൊണ്ടടിച്ചു് പുറംപൊളിക്കും എന്നു് പ്രതീക്ഷിച്ചവരുമുണ്ടു്.
വിമാനവിവാദത്തിൽ അസ്വാഭാവികതകൾ ഏറെയുണ്ടെന്നു് ദീപിക കണ്ടുപിടിച്ചു. വിശ്വസനീയമായ വൃത്തങ്ങളിൽനിന്നു് പത്രത്തിനു് ലഭിച്ച കൃത്യമായ വിവരങ്ങൾ: മന്ത്രി ജോസഫ് ചില സ്ഥലകാല വിഭ്രമങ്ങളുള്ള ആളാണു്. ക്ലോസ്ട്രോഫോബിയ എന്ന അവസ്ഥയുള്ളയാൾ. ജനാലക്കടുത്ത സീറ്റ് നോക്കിയാണു് പരാതിക്കാരിയുടെ പിന്നിൽ പോയിരുന്നതു്. അദ്ദേഹത്തിന്റെ ഇടതുകൈക്കു് സ്വാധീനം കുറവാണു്. വിമാനം പറന്നുപൊങ്ങിയപ്പോൾ മുൻസീറ്റിൽ പിടിച്ചു. കഷ്ടകാലത്തിനു് സഹയാത്രികയുടെ പിൻകഴുത്തിൽ വിരൽ മുട്ടി. ആയമ്മ പേടിച്ചു നിലവിളിച്ചു. സീറ്റു മാറിയിരുന്നു. തെറ്റിദ്ധാരണയുടെ പുറത്തു് പരാതിയെഴുതി പൈലറ്റിനു് കൊടുത്തു…
കത്തോലിക്കാ തിരുസഭയുടെ മുഖപത്രമെന്ന നിലക്കു് ഒരു അതിപുരാതന സുറിയാനി ക്രിസ്ത്യാനിക്കുവേണ്ടി ഇത്രയൊക്കെ എഴുതാൻ ദീപിക ബാധ്യസ്ഥമാണു്. പി. ടി. ചാക്കോ ക്കുവേണ്ടി കൊളംബിയറച്ചൻ എഴുതിയതുവെച്ചു് നോക്കുമ്പോൾ ഇതു് എത്ര നിസ്സാരം. പക്ഷേ, അവിടംകൊണ്ടു് നിറുത്തിയില്ല, നസ്രാണി ദീപിക. “…വിമാനത്താവളാധികൃതർക്കോ മറ്റോ സ്ത്രീ പരാതി നൽകിയിട്ടില്ല. എന്നാൽ, സംഭവം കേട്ടറിഞ്ഞ ചിലർ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണെന്നു് പറഞ്ഞു് സ്ത്രീയെ സമീപിച്ചു് നീതിവേണ്ടേ എന്നു് അവരോടു് ചോദിക്കുകയായിരുന്നു… ഇതിനിടെ ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതു തന്റെ സ്വന്തം തീരുമാനമാനമാണെന്നു് മുഖ്യമന്ത്രി പ്രസ്താവിച്ചു. ഈ സംഭവവും തന്റെ പ്രതിച്ഛായ കേമമാക്കാൻ അവസരമാക്കുന്ന തരംതാണ ശ്രമമായാണു് പലരും കാണുന്നതു്”.
ആഗസ്റ്റ് 24-നു് ദീപിക ‘മലയാളി മാറട്ടെ, ഈ ലൈംഗികകാപട്യത്തിൽനിന്നു്’ എന്ന മനോജ്ഞ ശീർഷകത്തിനു കീഴെ അനുകരണീയ ശൈലിയിൽ മുഖപ്രസംഗവും എഴുതി: രാഷ്ട്രീയ എതിരാളികളെ തകർക്കാൻ ലൈംഗികതയും ലൈംഗികാരോപണങ്ങളും ആയുധമാക്കുന്നവർ അക്കാരണത്താൽതന്നെ ഈ സമൂഹത്തിന്റെ മുന്നിൽ നിവർന്നുനിൽക്കാൻ അർഹതയില്ലാത്തവരാണു്. ആരെയും കൂട്ടുപിടിച്ചു് എത്ര ഉന്നതരെ വേണമെങ്കിലും ലൈംഗികാരോപണമുന്നയിച്ചു് ഭീഷണിപ്പെടുത്താനും ദ്രോഹിക്കാനും കഴിയുമെന്നു് വന്നിരിക്കുന്നു… നാട്ടിൽ വികസനം കൊണ്ടുവരാൻ രാപകൽ ആലോചന നടത്തേണ്ടവർ ഇത്തരം വിഷയങ്ങളുന്നയിച്ചു് സമയം കളയുന്നതു് ജനദ്രോഹമാണു്. ഇനിയെങ്കിലും ഇത്തരം വിഷയങ്ങളുടെ കുടുക്കിൽ നിന്നു് പുറത്തുവരാൻ രാഷ്ട്രീയനേതൃത്വം തയാറാകണം. മലയാളിയുടെ സദാചാര കാപട്യം മുതലാക്കി രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കുന്ന ഏർപ്പാടു് അവസാനിപ്പിക്കണം… യഥാർത്ഥത്തിൽ മാറേണ്ടതു് മന്ത്രിയോ തന്ത്രിയോ അല്ല, സ്ത്രീയെ പകച്ചും തുറിച്ചും ഉഴിഞ്ഞും നോക്കുന്ന മലയാളി മനസ്സാണു്”.
കാമാർത്തിയോടെ സ്ത്രീയെ നോക്കുന്നവൻ അവളെ തന്റെ മനസ്സിൽ വ്യഭിചരിച്ചുകഴിഞ്ഞു (മത്തായി 5: 28) എന്ന വേദവാക്യത്തെ സർവഥാ സാധൂകരിക്കുന്നു, ദീപികയുടെ മുഖപ്രസംഗം. അമേരിക്കയിലും യൂറോപ്പിലും കൊച്ചു കേരളത്തിൽ കുറുമ്പനാടത്തുപോലും ലൈംഗികാരോപണത്തിനു് വിധേയരായ വൈദികരെക്കുറിച്ചും ഇരകൾക്കു് നഷ്ടപരിഹാരം നൽകാൻ തിരുസഭ ചെലവഴിച്ച സമ്പത്തിനെക്കുറിച്ചും പത്രാധിപരച്ചൻ ഓർമ്മിച്ചിരിക്കാം. ഏതായാലും സമൂഹത്തിനു മുന്നിൽ നിവർന്നുനിൽക്കാനുള്ള യോഗ്യത ഫാ. റോബിൻ വടക്കുംചേരിൽ തെളിയിച്ചുകഴിഞ്ഞു. മാർപാപ്പയുടെ അടുത്ത വരവിൽ അദ്ദേഹത്തെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കാനിടയുണ്ടു്. വടക്കുഞ്ചേരിയച്ചാ, വഴിതെറ്റുന്ന ആത്മാക്കൾക്കുവേണ്ടി അപേക്ഷിക്കേണമേ!
മുഖ്യമന്ത്രി, സഹപ്രവർത്തകരോടും ഘടകകക്ഷി നേതാക്കളോടും ആശയവിനിമയം നടത്തിയശേഷം ബി. സന്ധ്യ യെ അന്വേഷണ ചുമതല ഏൽപിച്ചു. കേരള കേഡറിലെ പ്രഗൽഭയായ ഐ. പി. എസുകാരി—സത്യസന്ധയാണു്. സമർഥയാണു്, സുന്ദരിയാണു്, സാഹിത്യകാരിയുമാണു്.
സന്ധ്യയും സംഘവും തിരിച്ചും മറിച്ചും അന്വേഷിച്ചു. വിമാനത്തിൽ കയറി പരിശോധിച്ചു. സീറ്റുകൾക്കിടയിലെ അകലം അളന്നു. ജീവനക്കാരെയും സഹയാത്രികരെയും ചോദ്യം ചെയ്തു് മൊഴിയെടുത്തു. പരാതിക്കാരിയെയും ഭർത്താവിനെയും കണ്ടു് വിവരങ്ങൾ ആരാഞ്ഞു. അവരിൽനിന്നു് പരാതി എഴുതിവാങ്ങി. മന്ത്രിയെയും ചോദ്യം ചെയ്തു. ഒടുവിൽ റിപ്പോർട്ട് നൽകി: പരാതിക്കാരിയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്ന നടപടി മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടു്. പരാതിക്കു പിന്നിൽ രാഷ്ട്രീയമോ ലക്ഷ്യമോ ഗൂഢാലോചനയോ ഇല്ല.
റിപ്പോർട്ട് കിട്ടി 24 മണിക്കൂറിനകം മുഖ്യമന്ത്രി ജോസഫി നെ വിളിച്ചുവരുത്തി രാജിക്കത്തെഴുതിവാങ്ങി. വി. എസ്.-വിജയൻ തർക്കത്തിൽ പിണറായി വിഭാഗത്തോടൊപ്പം നിന്ന ഏക ഘടകകക്ഷി ജോസഫ് ഗ്രൂപ്പായിരുന്നു. മൈത്രി-പൂകൃഷി ആരോപണത്തിൽ ജോസഫിനെ പിന്തുണച്ചു് വിജയൻ പ്രത്യുപകാരം ചെയ്തു. വിമാനവിവാദത്തിൽ പിണറായി-കോടിയേരി മാർ പോലും നിസ്സഹായരായി.
പീച്ചിയാത്ര വിവാദമായി മന്ത്രിപദമൊഴിയേണ്ടി വന്ന പി. ടി. ചാക്കോ മദ്യത്തിൽ അഭയം തേടി, ഹൃദയം പൊട്ടി മരിച്ചു എന്നാണു് ഐതിഹ്യം. ഐസ്ക്രീം പാർലർ ദുരാരോപണ വിധേയനായപ്പോൾ ആത്മഹത്യയെക്കുറിച്ചു് ചിന്തിച്ചു എന്നാണു് ജനാബ് കുഞ്ഞാലിക്കുട്ടി ഈയിടെ മനോരമ ന്യൂസിനോടു് പറഞ്ഞതു്. രാജിക്കത്തു് കൊടുത്തു് ക്ലിഫ്ഹൗസിൽനിന്നു പുറത്തുവന്നപ്പോഴും ഔസേപ്പച്ചൻ സുസ്മേരവദനൻ. ടി. വി. ചാനലുകൾക്കുവേണ്ടി അദ്ദേഹം ഗാനം ആലപിച്ചു: “ഒരു നറുംപുഷ്പമായെൻനേർക്കു ചായുന്ന മിഴിമുനയാരുടേതാവാം?…”
പക്ഷേ, പൊതുജീവിതം ഉപേക്ഷിക്കാനൊന്നും അദ്ദേഹം സന്നദ്ധനല്ല. ആരോപണം അടിസ്ഥാനരഹിതമാണു്. സന്ധ്യയുടെ അന്വേഷണം പക്ഷപാതപരം. ഇവിടെ നടന്നതു് പുരുഷപീഡനം. അതുകൊണ്ടു് നിരപരാധിത്വം തെളിയുംവരെ അന്വേഷിക്കണം.
സെപ്റ്റംബർ എട്ടാം തീയതി വെള്ളിയാഴ്ച മന്ത്രിസഭായോഗം ചേർന്നു് വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടു: വിമാനവിവാദത്തെക്കുറിച്ചു് ജുഡീഷ്യൽ അന്വേഷണം. മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ, മുഖ്യമന്ത്രി ഒരു കാര്യം കൂടി വ്യക്തമാക്കി: സന്ധ്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കുന്നില്ല.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ (matters of definite public importance) ക്കുറിച്ചു് ജുഡീഷ്യൽ അന്വേഷണമാകാം എന്നാണു് 1952-ലെ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ട് വ്യവസ്ഥ ചെയ്യുന്നതു്. മനോരോഗം മൂലമോ കാമഭ്രാന്തുകൊണ്ടോ ഒരാൾ സഹയാത്രികയെ കടന്നുപിടിക്കുന്നതിൽ എന്തു് പൊതുപ്രാധാന്യമാണുള്ളതു്?
നീലലോഹിതദാസ് നാടാർ ക്കെതിരായി ആരോപണം ഉയർന്നപ്പോഴും ജുഡീഷ്യൽ അന്വേണത്തിനു് ഉത്തരവിട്ടല്ലോ എന്നു ചോദിക്കാം. അതിലുമുണ്ടായിരുന്നില്ല പൊതുപ്രാധാന്യം. നായനാർ ചെയ്ത തെറ്റു് ആവർത്തിക്കാനല്ലല്ലോ അച്യുതാനന്ദനെ ഹജൂർകച്ചേരിയിൽ കയറ്റി ഇരുത്തിയിരിക്കുന്നതു്? നളിനി നെറ്റോ ക്കെതിരെ നീലൻ ഔദ്യോഗികതലത്തിൽ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നതുകൊണ്ടു് അതിൽ ജുഡീഷ്യൽ അന്വേഷണത്തിനു് ചില്ലറ സാംഗത്യമെങ്കിലും ഉണ്ടായിരുന്നു. ജോസഫിന്റെ കാര്യത്തിൽ അതുമില്ല.
നീലൻ-നളിനി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനൊപ്പം പൊലീസ് അന്വേഷണവും നടന്നിരുന്നു. പൊലീസ് ഐ. ജി. സെൻകുമാർ ആണു് അന്വേഷണം നടത്തി വഞ്ചിയൂർ കോടതിയിൽ ചാർജ് കൊടുത്തതു്. ജോസഫിന്റെ കാര്യത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായിട്ടുണ്ടു്. രേഖാമൂലം പരാതി വാങ്ങിയിട്ടുണ്ടു്. സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ഇനി ചെങ്ങമനാടു് പൊലീസ്സ്റ്റേഷനിൽ ക്രൈം റജിസ്റ്റർ ചെയ്യണം, ആലുവാ മജിസ്ട്രേറ്റ് കോടതിയിൽ ചാർജ് കൊടുക്കണം. അത്രയേ വേണ്ടൂ.
എന്തുകൊണ്ടു് ആലുവ മജിസ്ട്രേറ്റ് കോടതിയെ ജോസഫ് ഭയപ്പെടുന്നു? പൊലീസ് അന്വേഷണത്തിൽ വന്ന പാകപ്പിഴകൾ തുറന്നുകാട്ടാൻ, സാക്ഷികളെ കൂട്ടിൽ കയറ്റി എതിർ വിസ്താരം നടത്താൻ മജിസ്ട്രേറ്റ് കോടതിയാണു് നല്ലതു്. പ്രഗല്ഭരായ പ്രതിഭാഗം വക്കീലന്മാർ എമ്പാടുമുണ്ടുതാനും. പക്ഷേ, കുറ്റം തെളിഞ്ഞാൽ ശിക്ഷ കിട്ടും. ജയിലിൽ പോയി കൊതുകടിയേറ്റു് കഴിയേണ്ടിവരും.
മറിച്ചു് ജുഡീഷ്യൽ അന്വേഷണം വൃഥാ വ്യായാമമാണു്. ഹൈക്കോടതിയിൽനിന്നു് ഒരു സിറ്റിംഗ് ജഡ്ജിയെ ചോദിക്കും. കിട്ടാതെ വരുമ്പോൾ റിട്ടയർ ചെയ്ത ഏതെങ്കിലും പുമാനെ കണ്ടെത്തും. സ്വാധീനത്തിനു് വഴിപ്പെടുന്നവർക്കു് മുൻഗണന. ചട്ടപ്പടി അന്വേഷണം നടക്കും. റിപ്പോർട്ട് അനുകൂലമെങ്കിൽ സ്വീകരിക്കും. എതിരാണെങ്കിൽ തള്ളിക്കളയും. രണ്ടായാലും തുടർ നടപടി ഉണ്ടാകില്ല. സെക്രട്ടറിയേറ്റിലെ പൊടിപിടിച്ച ഫയലുകൾക്കിടയിൽ അന്ത്യവിശ്രമം.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപർ അന്വേഷിച്ചു് തയാറാക്കിയ ഗജഗംഭീരൻ റിപ്പോർട്ടുകൾക്കു് എന്തു് സംഭവിച്ചു? മീററ്റ് കലാപത്തെക്കുറിച്ചുള്ള പരേഖ് റിപ്പോർട്ട്, മുംബൈ ലഹളയെപ്പറ്റിയുള്ള ശ്രീകൃഷ്ണ റിപ്പോർട്ട്, ഇന്ദിരാഗാന്ധി യുടെ കൊലയെക്കുറിച്ചു് അന്വേഷിച്ച തക്കർ-നടരാജൻ റിപ്പോർട്ട്, രാജീവ് വധത്തെപ്പറ്റിയുള്ള ജെയിൻ റിപ്പോർട്ട്, സ്റ്റെയിൻസ് വധത്തെ സംബന്ധിച്ച വാധ്വാ റിപ്പോർട്ട്, ശവപ്പെട്ടി കുംഭകോണത്തെക്കുറിച്ചുള്ള ഫുകാൻ റിപ്പോർട്ട്, ഗോദ്ര സംഭവത്തെപ്പറ്റിയുള്ള ബാനർജി റിപ്പോർട്ട്…
കമീഷനുകളുടെ പ്രവർത്തനം പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്തുന്നുണ്ടു്. നീലൻ-നളിനി വിവാദത്തെ ജസ്റ്റിസ് ജി. ശശിധരൻ ക്ലിന്റൻ-മോണിക്ക സംഭവത്തോടുപമിച്ചതും രഹസ്യവിചാരണക്കുള്ള അപേക്ഷ നിരസിച്ചതും ഉദാഹരണം. ഒടുവിൽ നളിനി നെറ്റോ കമീഷൻ നടപടികളോടു് നിസ്സഹകരിച്ചു; മഹിളാസംഘടനകൾ ശശിധരന്റെ കോലം കത്തിച്ചു.
ചില ന്യായാധിപന്മാരുടെയെങ്കിലും (റിട്ടയർ ചെയ്തവരുടെ വിശേഷിച്ചും) മനഃസാക്ഷി വലിച്ചാൽ വലിയുന്നതാണു്. കക്കി തടിയിടപാടിനെക്കുറിച്ചു് അന്വേഷിച്ചു് ജസ്റ്റിസ് ജോർജ് വടക്കേൽ സമർപ്പിച്ച റിപ്പോർട്ട് വായിച്ചു് കരുണാകരന്റെ പോലും കണ്ണു തള്ളിപ്പോയി. സർക്കാറിനു് നഷ്ടമൊന്നുമുണ്ടായില്ലെന്നു് കണ്ടെത്താൻ ന്യായാധിപശ്രേഷ്ഠൻ കണ്ടെത്തിയ വഴികൾ അനുപമം, അനവദ്യ സുന്ദരം. ബാലകൃഷ്ണപിള്ള ക്കെതിരായ ആരോപണത്തെക്കുറിച്ചു് ജുഡീഷ്യൽ അന്വേഷണം നടത്താമെന്നു് കരുണാകർജി നിയമസഭയിൽ പറഞ്ഞപ്പോൾ, മാർക്സിസ്റ്റംഗങ്ങൾ വിളിച്ചുപറഞ്ഞു: ജാനകിയമ്മയെക്കൊണ്ടാണെങ്കിൽ വേണ്ട!
ജുഡീഷ്യൽ അന്വേഷണം വലിയ പണച്ചെലവുള്ള പരിപാടിയാണു്. കമീഷനു് കനത്ത പ്രതിഫലം, ബത്ത, മെഡിക്കൽ റീ എമ്പേഴ്സ്മെന്റ്, ഓഫീസ്, സ്റ്റാഫ്, കാർ, പെട്രോൾ, ഡ്രൈവർ… ഈ പണമൊന്നും പാലത്തിനാൽ കുഞ്ഞേട്ടൻ സമ്പാദിച്ചതിൽ നിന്നോ ഔസേപ്പച്ചനു് സ്ത്രീധനമായി കിട്ടിയതിൽനിന്നോ അല്ല, ഈ ദരിദ്രസംസ്ഥാനത്തിന്റെ ഖജനാവിൽനിന്നു്; ഞാനും നിങ്ങളും നികുതികൊടുത്ത സംഖ്യയിൽ നിന്നാണു് ചെലവിടുക.
ജോസഫിന്റെ രാജിയെ സ്വാഗതം ചെയ്തുകൊണ്ടു് സെപ്റ്റംബർ അഞ്ചിനു് മാതൃഭൂമി മുഖപ്രസംഗം എഴുതി. ഗോപീകൃഷ്ണനും ഉണ്ണിക്കൃഷ്ണനും ഗംഭീര കാർട്ടൂണുകൾ വരച്ചു. ആരോപണം ഉയർന്നപ്പോൾത്തന്നെ മന്ത്രിയെക്കൊണ്ടു് രാജിവെപ്പിക്കേണ്ടതായിരുന്നു എന്നു് അഭിപ്രായപ്പെട്ടു് അപ്പുക്കുട്ടൻ വള്ളിക്കുന്നു് സെപ്റ്റംബർ ഏഴാം തീയതിയിലെ മാതൃഭൂമിയിൽ ലേഖനമെഴുതി: അഗ്നിശുദ്ധികർമത്തിനിടക്കു് പകരക്കാരനായി നിർദ്ദേശിച്ച ആളെപ്പറ്റി ഉന്നയിക്കുന്ന പ്രശ്നങ്ങൾ, ഐ. ജി.-യുടെ അന്വേഷണ റിപ്പോർട്ടുമായി ബന്ധപ്പെട്ടു് പരക്കുന്ന അഭ്യൂഹങ്ങൾ, വിമർശങ്ങൾ, ഭരണത്തിന്റെ ഇടനാഴികളിൽ നടന്നെന്നു് കേൾക്കുന്ന അനഭിലഷണീയകാര്യങ്ങൾ… ഇതൊന്നും സത്യമല്ലാതിരിക്കട്ടെ. യഥാർത്ഥ ഇടതുപക്ഷത്തിന്റെ അഗ്നിശുദ്ധിക്കു് അപമാനകരവും അപായകരവുമാണു്, കേൾക്കുന്നതെല്ലാം വസ്തുതകളാണെങ്കിൽ.
ഐ. ജി.-യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യാതെ ജുഡീഷ്യൽ അന്വേഷണത്തിനുത്തരവിട്ട അധാർമികതക്കെതിരെ പ്രതികരിക്കാൻ മാതൃഭൂമിയോ മറ്റേതെങ്കിലും പത്രമോ മുന്നോട്ടുവന്നിട്ടില്ല. കുഞ്ഞാലിക്കുട്ടി ക്കെതിരെ ആഞ്ഞടിച്ച ‘നിരീക്ഷകൻ’ നിശ്ശബ്ദം. ജോസഫൈനും മീനാക്ഷിതമ്പാനും മിണ്ടാട്ടമില്ല. സുഗതകുമാരി, സാറാ ജോസഫ്, സി. എസ്. ചന്ദ്രിക, കെ. അജിത, ജെ. ദേവിക … സകലരും മഹാമൗനം. വന്നിട്ടും പോയിട്ടും നമ്മുടെ ഷാനിമോൾ മാത്രമുണ്ടു് പ്രതികരിക്കാൻ, പ്രതിഷേധിക്കാൻ.
പി. ജെ. കുര്യനു് രാജ്യസഭാസീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ചു് തിരുവനന്തപുരത്തു് പത്രസമ്മേളനം നടത്തിയവരാണു് സഖാക്കൾ കെ. പി. രാജേന്ദ്രനും ബിനോയ് വിശ്വവും, കുര്യനോ ടു് ധീരമായി മൽസരിച്ചു് തോറ്റ സി. ദിവാകരനും. വിമാനവിവാദത്തെക്കുറിച്ചു് ജുഡീഷ്യൽ അന്വേഷണത്തിനുത്തരവിട്ട മന്ത്രിസഭായോഗത്തിൽ മൂന്നുപേരും ഹാജരായിരുന്നു. പാഞ്ചാലി വസ്ത്രാക്ഷേപ വേളയിൽ ഭീഷ്മ-ദ്രോണ-കൃപാചാര്യന്മാരെന്നപോലെ മൗനം പാലിച്ചു.
അച്ചുമ്മാനോ? നട്ടെല്ലില്ലാത്ത നാലാം കിട രാഷ്ട്രീയക്കാരനെന്നു് തെളിയിക്കാനുള്ള പുറപ്പാടിലാണു് ഇദ്ദേഹം, ഇദ്ദേഹത്തിന്റെ ഭരണകാലത്തു് സ്ത്രീപീഡകരെ തുറുങ്കിലടയ്ക്കും, കഴുവേറ്റുമെന്നൊക്കെ വ്യാമോഹിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണു്. സ്ത്രീലമ്പടരേ, പിമ്പുകളേ, നിങ്ങൾക്കു് നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.