പട്ടത്താനത്തു് പണ്ടൊരു ദിവാകരനുണ്ടായിരുന്നു. തട്ടാന്റഴികത്തു് കൃഷ്ണൻ ദിവാകരൻ. ടി. കെ. ദിവാകരൻ എന്നു ചുരുക്കം. നന്നെ ചെറുപ്പത്തിൽ പിതാവു് മരിക്കയാൽ ഹാരിസൺ ക്രോസ് ഫീൽഡ് കമ്പനിയിലെ തൂപ്പുകാരിയായിരുന്ന അമ്മൂമ്മയാണു് ദിവാകരനെ വളർത്തിയതും ഇ. എസ്. എൽ. സി. വരെ പഠിപ്പിച്ചതും. കൊല്ലം ലേബർ യൂണിയൻ ഓഫീസിലെ ക്ലാർക്കായിട്ടാണു് ദിവാകരൻ പൊതുരംഗത്തു വന്നതു്. കുറച്ചുകാലം കൗമുദി പത്രത്തിന്റെ കൊല്ലം ലേഖകനായും പ്രവർത്തിച്ചു.
ചിന്നക്കടയിൽ ഒരു ചായമക്കാനിയിൽ വെച്ചാണു് ദിവാകരൻ ശ്രീകണ്ഠൻ നായരെ കണ്ടുമുട്ടിയതു്. ദിവാകരനേക്കാൾ അഞ്ചു വയസ്സിന്റെ മൂപ്പുണ്ടു് ശ്രീകണ്ഠനു്. എം. എ. ബിരുദധാരി; തിരുവിതാംകൂർ യൂത്ത് ലീഗിന്റെ അനിഷേധ്യ നേതാവു്. ആ കൂടിക്കാഴ്ച ദിവാകരനെ മാറ്റിമറിച്ചു. ഉശിരനായ തൊഴിലാളി പ്രവർത്തകൻ അവിടെ ജന്മംകൊണ്ടു. അഖിലതിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായി ടി. കെ. ദിവാകരൻ. 1938–40 കാലത്തു് സ്റ്റേറ്റ് കോൺഗ്രസ് സമരത്തിൽ പങ്കെടുത്തു് ജയിൽവാസമനുഭവിച്ചു.
1942 ആകുമ്പോഴേക്കും കടുത്ത ഇടതുപക്ഷ ആശയക്കാരനായിത്തീർന്നു ദിവാകരൻ. ആ വർഷം കമ്മ്യൂണിസ്റ്റ് പാർട്ടി നിയമവിധേയമായി. കെ. സി. ജോർജ്ജ് പ്രസിഡന്റും പി. ടി. പുന്നൂസ് സെക്രട്ടറിയുമായി തിരുവിതാംകൂർ കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തനം തുടങ്ങി. എന്നാൽ, ക്വിറ്റിന്ത്യാ സമരത്തെ തള്ളിപ്പറയാൻ മാത്രം വിപ്ലവബോധം ദിവാകരനുണ്ടായിരുന്നില്ല. അദ്ദേഹം സമരത്തിൽ പങ്കെടുത്തു് ആറു മാസം ജയിൽ ശിക്ഷ അനുഭവിച്ചു. 1945-ൽ ദിവാൻ ഭരണത്തെ എതിർത്തു പ്രസംഗിച്ചതു് വീണ്ടുമൊരു ആറു് മാസത്തെ ജയിൽവാസം.
1946 ഒക്ടോബറിൽ പുന്നപ്ര-വയലാർ സമരം. സമരവുമായി നേരിട്ടു് ബന്ധമില്ലായിരുന്നെങ്കിലും ദിവാകരനെ പൊലീസ് എട്ടാം പ്രതിയാക്കി. അഞ്ചാം പ്രതി ശ്രീകണ്ഠൻ നായർ. അത്തവണ ദിവാകരനെ സചിവോത്തമന്റെ പൊലീസ് ഇടിച്ചു് ഇഞ്ചപ്പരുവമാക്കി.
കേരളാ സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീടു് റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിയിലും ശ്രീകണ്ഠൻചേട്ടന്റെ വലം കൈയായി ദിവാകരനുണ്ടായിരുന്നു. 1948-ൽ തിരുവിതാംകൂർ നിയമസഭയിലേക്കു് കൊല്ലത്തുനിന്നു് പുത്തരിയങ്കം. അന്നു് ആർ. ശങ്കറി നോടു തോറ്റെങ്കിലും ജാമ്യസംഖ്യ തിരിച്ചുപിടിച്ചു. (അത്തവണ കെട്ടിവച്ച സംഖ്യ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ശ്രീകണ്ഠൻ നായരും പി. ടി. പുന്നൂസും ഉൾപ്പെട്ടിരുന്നു.)
1949-ൽ എ. ഡി. കോട്ടൺമിൽ സമരത്തെ തുടർന്നു് വീണ്ടും കാരാഗൃഹവാസം. കടുത്ത മർദനവും തുടരെത്തുടരെയുണ്ടായ നിരാഹാര സമരങ്ങളും സഖാവിന്റെ ആരോഗ്യം താറുമാറാക്കി. നടുവിനും കഴുത്തിനും ബെൽറ്റ് നിർബന്ധമായി വിട്ടുമാറാത്ത ചുമ മരണപര്യന്തം പിന്തുടർന്നു്.
1952-ലും 54-ലും തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1962–67 കാലയളവിൽ കൊല്ലം നഗരസഭാധ്യക്ഷനായും പ്രവർത്തിച്ചു. 1967-ലും 1970-ലും കൊല്ലത്തെ കേരള നിയമസഭയിൽ പ്രതിനിധാനം ചെയ്തു. ഇ. എം. എസി ന്റെയും അച്യുതമേനോന്റെ യും മന്ത്രിസഭകളിൽ പൊതുമരാമത്തു മന്ത്രിയായിരുന്നു ദിവാകരൻ. പ്രഗല്ഭനായ പാർലമെന്ററിയനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസം പത്താംക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തൊഴിൽ നിയമങ്ങളിൽ അദ്ഭുതാവഹമായ അവഗാഹം നേടിയിരുന്നു. കൊല്ലം ലേബർ കോടതി മുമ്പാകെ തൊഴിലാളികൾക്കു് വേണ്ടി നിരവധി കേസുകളിൽ ഹാജരാകുകയും പ്രഗല്ഭരായ മാനേജ്മെന്റ് വക്കീലന്മാർക്കെതിരെ വിജയം നേടുകയും ചെയ്തിട്ടുണ്ടു്.
55-ാം വയസ്സിൽ, 1976 ജനുവരി 19-നു് സഖാവു് ദിവാകരൻ ഹൃദ്രോഗത്തിനു് കീഴടങ്ങി. ചെറുപ്പകാലത്തു് അനുഭവിച്ച മർദനം അദ്ദേഹത്തിന്റെ ആയുസ്സു് വെട്ടിച്ചുരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ദിവാകരന്റെ ഏഴു മക്കളിൽ അഞ്ചു പെണ്ണും രണ്ടു ആണും—മൂത്തമകൻ ബാബു വിനാണു് രാഷ്ട്രീയത്തിൽ കമ്പം കയറിയതു്. ബി. എസ്സി., എൽ. എൽ. ബി. ബിരുദങ്ങൾ നേടി കൊല്ലത്തു് അഭിഭാഷകനായിരിക്കവെ ആർ. വൈ. എഫ്. നേതാവായാണു് അരങ്ങേറ്റം. 1983-ൽ വിപ്ലവ യുവജന ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി; 1990-ൽ ദേശീയ പ്രസിഡന്റും. 1987-ൽ കൊല്ലത്തുനിന്നു് നിയമസഭാംഗമായി. 1991-ൽ കടവൂർ ശിവദാസനോ ടു് തോറ്റു. 1996-ലും 2001-ലും വീണ്ടും വിജയിച്ചു. ഇത്തവണ മന്ത്രിയുമായി—വകുപ്പുകൾ തൊഴിലും പുനരധിവാസവും.
ആർ. എസ്. പി.-യെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണു് തൊഴിൽവകുപ്പു്. മാർക്സിസം-ലെനിനിസം അടിസ്ഥാന പ്രമാണമാക്കി പ്രവർത്തിക്കുന്ന ഒരു തൊഴിലാളി വർഗപാർട്ടിയാകുന്നു ആർ. എസ്. പി. സമൂഹത്തിലെ വർഗവ്യത്യാസങ്ങൾ പൂർണമായി അവസാനിപ്പിക്കുകയും ഉൽപാദനോപകരങ്ങളുടെയും സാമൂഹിക ഉടമയുടെയും എല്ലാ സമ്പത്തിന്റെയും പൊതുവിൽ സഹകരണാടിസ്ഥാനത്തിൽ ഒരു വ്യക്തിയിൽനിന്നു കഴിവിനനുസരിച്ചു്, ഓരോ വ്യക്തിക്കും ആവശ്യത്തിനനുസരിച്ചു് എന്ന ആദർശം സഫലീകരിക്കുന്നതുമായ ഒരു വർഗരഹിത സമൂഹമാണു് പാർട്ടിയുടെ ലക്ഷ്യം. ഇന്ത്യയിൽ മുതലാളിവർഗത്തിന്റെയും മറ്റു സ്ഥാപിത താൽപര്യങ്ങളുടെയും ഭരണം അവസാനിപ്പിക്കണം. തൽസ്ഥാനത്തു് കർഷകരുടെയും അധ്വാനിക്കുന്ന മറ്റു് ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ തൊഴിലാളിവർഗഭരണകൂടം സ്ഥാപിക്കണം. മുതലാളിത്തത്തിന്റെ ചൂഷണത്തിൽനിന്നു് തൊഴിലാളി സഖാക്കളെ കാത്തുരക്ഷിക്കാൻ സുശക്തമായ തൊഴിൽ സംഘടനകളും അർഥപൂർണമായ നിയമനിർമാണങ്ങളും ആവശ്യമാണു്. അവിടെയാണു് തൊഴിൽവകുപ്പിന്റെ പ്രസക്തി. ആർ. എസ്. പി. നേതാക്കളായ ബേബിജോൺ, കെ. പങ്കജാക്ഷൻ, കടവൂർ ശിവദാസൻ, വി. പി. രാമകൃഷ്ണപിള്ള എന്നിവരൊക്കെ കാലാകാലങ്ങളിൽ തൊഴിൽവകുപ്പു കൈയാളിയവരാണു്.
ബാബൂദിവാകരനാ ണെങ്കിൽ തൊഴിലാളിവർഗത്തിനുവേണ്ടി ആത്മാർപ്പണം ചെയ്ത സഖാവു് ടി. കെ. ദിവാകരന്റെ മകനാണു്. സ്വന്തംനിലക്കുതന്നെ ട്രേഡ് യൂണിയൻ നേതാവുമാണു്. കൊല്ലം ജില്ലയിൽ യു. ടി. യു. സി. നിയന്ത്രണത്തിലുള്ള കശുവണ്ടി, കയർ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയാണു്. കൊല്ലം പാർവതി മില്ലിലും ചവറ കെ. എം. എം. എല്ലിനും കുണ്ടറസിറാമിക്സിലുമൊക്കെ യു. ടി. സി. യൂണിയന്റെ പ്രസിഡന്റുമായിരുന്നു.
ആഗോളവത്കരണവും സാമ്പത്തിക ഉദാരവത്കരണവും ആദ്യം കൈയിട്ടുവാരുക തൊഴിലാളികളുടെ പിച്ചച്ചട്ടിയിലായിരിക്കും. വികസനം ത്വരിതഗതിയിലാക്കാൻ തൊഴിലാളികളുടെ ജോലി സമയം വർദ്ധിപ്പിക്കുകയും കൂലി കുറക്കുകയും വേണം. ജോലിസ്ഥിരത എന്ന സങ്കല്പം തന്നെ ഇല്ലാതാകണം.
അതിലേക്കു് തൊഴിൽ സംഘടനകൾ ദുർബലമാകണം, തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതണം. കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കാൻ എ. കെ. ആന്റണി യും പി. കെ. കുഞ്ഞാലികുട്ടി യും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണുതാനും.
സംസ്ഥാനത്തിന്റെ ‘താറുമാറായ’ സാമ്പത്തിക സ്ഥിതി പരിഗണിച്ചു് സർക്കാർ ജീവനക്കാരുടെ ലീവ്സറണ്ടർ ആനുകൂല്യം എടുത്തുകളയാനുള്ള തീരുമാനമാണു് ആദ്യമുണ്ടായതു്. സർക്കാർ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ തൊഴിൽവകുപ്പിന്റെ അധികാരപരിധിയിൽ പെട്ടവയല്ല. എന്നിരിക്കിലും അത്തരമൊരു തീരുമാനത്തിന്റെ ധാർമികതയെ ചോദ്യം ചെയ്യാൻ ഇടതുപക്ഷക്കാരെന്നു നടിക്കുന്ന സഖാക്കൾ കെ. ആർ. ഗൗരി, എം. വി. രാഘവൻ, ബാബുദിവാകരൻ എന്നിവർക്കു് ബാധ്യതയുണ്ടായിരുന്നു. ദോഷം പറയരുതല്ലോ, കാബിനറ്റിനകത്തു് മൂവരും മൗനം പാലിച്ചു; പുറത്തുവന്നു് മന്ത്രിസഭാ തീരുമാനത്തെ സർവാത്മനാ പിന്തുണക്കുകയും ചെയ്തു.
തോട്ടം തൊഴലാളികളുടെ കൂലി കുറക്കാനുണ്ടായ നീക്കമായിരുന്നു അടുത്തതു്. ദീർഘകാലകരാറിന്റെ കാലാവധി അവസാനിക്കുന്ന 2002 മാർച്ച് 31-നു ശേഷം, കാലഹരണപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിൽ കൂലി നൽകാനാവില്ല എന്നു് തോട്ടമുടമകളുടെ സംഘടന (അസോസിയേറ്റഡ് പ്ലാന്റേഴ്സ് കേരള) സർക്കാറിനും യൂണിയനുകൾക്കും നോട്ടീസു നൽകി. ഏപ്രിൽ ഒന്നു മുതൽ ഒരു സാധാരണ തോട്ടം തൊഴിലാളിയുടെ പ്രതിദിന വേതനത്തിൽ ആറുരൂപയുടെ കുറവുണ്ടാകുമായിരുന്നു. കരാറിന്റെ കാലാവധി അവസാനിക്കുന്നതിനു് എത്രയോ മുമ്പുതന്നെ യൂണിയനുകൾ പുതിയ അവകാശ പത്രിക നൽകിയിരുന്നതാണു്. എ. പി. കെ.-യുടെ നോട്ടീസ് കിട്ടിയശേഷമെങ്കിലും അനുരഞ്ജന നടപടികൾ ആരംഭിക്കാൻ സർക്കാർ സന്നദ്ധമായില്ല. തൊഴിൽ തർക്ക നിയമത്തിലെ 33-ാം വകുപ്പുപ്രകാരം അനുരഞ്ജന നടപടികൾ ആരംഭിച്ചാൽ സേവന-വേതന വ്യവസ്ഥകൾ മാറ്റാൻ പാടില്ല. ഈ സാഹിചര്യത്തിൽ മൂന്നാറിലെ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഹൈക്കോടതിയിൽ റിട്ട്ഹർജി കൊടുത്തു് അനുകൂല വിധി സമ്പാദിച്ചു. അങ്ങനെ കൂലിവെട്ടിക്കുറക്കൽ നീക്കം പരാജയപ്പെട്ടു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മാർച്ച് 23-ാം തീയതി മലയാള മനോരമ ചിന്തോദ്ദീപകവും പഠനാർഹവുമായ മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. തോട്ടം മേഖലയെ രക്ഷിക്കാൻ കൂലികുറയ്ക്കണം എന്നായിരുന്നു പത്രാധിപരുടെ സുചിന്തിതമായ അഭിപ്രായം.
ചുമട്ടുതൊഴിലാളികൾക്കുനേരെയായിരുന്നു സർക്കാറിന്റെ അടുത്ത പരാക്രമം. കേരളാ കയറ്റിറക്കു് (കൂലിനിയന്ത്രിക്കലും നിയമവിരുദ്ധ നടപടികൾ തടയാലും) നിയമം 2002 എന്ന ഒരു നിയമനിർമാണം നടത്തി. ചുമട്ടു തൊഴിലാളികൾ അധികം കൂലി ചോദിക്കുന്നതും നോക്കുകൂലി വാങ്ങുന്നതും തടയുക എന്നതാണു് നിയമത്തിന്റെ ഉദ്ദേശ്യം. ചുമട്ടുതൊഴിലാളി = സാമൂഹിക വിരുദ്ധൻ എന്ന സമവാക്യമാണു് നിയമനിർമാതാക്കളുടെ മനസ്സിലുള്ളതെന്നു വ്യക്തം. ഗാർഹികാവശ്യങ്ങൾക്കു കൊണ്ടുവരുന്ന സാധനങ്ങൾ സ്വന്തം പണിക്കാരെക്കൊണ്ടു് ഇറക്കാൻ അവകാശം കൊടുത്തതു മനസ്സിലാക്കാം.
എന്നാൽ ഇപ്രകാരമൊരു സൗജന്യം വ്യവസായ എസ്റ്റേറ്റുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും കാർഷിക ചന്തകളിലേക്കുമൊക്കെ വ്യാപിക്കുന്ന അഞ്ചാം വകുപ്പിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണു്. വീട്ടുസാധനങ്ങൾ കയറ്റിയിറക്കു നടത്താൻ നിലവിലുള്ള 1978-ലെ കേരള ചുമട്ടുതൊഴിലാളി നിയമപ്രകാരം തന്നെ ലോഡിംഗ് തൊഴിലാളിക്കു് അവകാശമില്ല. ആ നിലക്കു് നാലാം വകുപ്പു് അനാവശ്യമാണു്. അഞ്ചാം വകുപ്പാണെങ്കിൽ ചുമട്ടുതൊഴിലാളി നിയമത്തിന്റെ അന്തഃസത്തക്കെതിരെയെയാണു്; ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഗണ്യമായി ഇല്ലായ്മ ചെയ്യുന്നതും.
പീടികകളിലെയും ഇതര വാണിജ്യ സ്ഥാപനങ്ങളിലെയും ജീവനക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനോ തീരെ ഇല്ലായ്മ ചെയ്യാനുമുള്ള ഭേദഗതികൾ സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ടു്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യാപാരി-വ്യവസായി സംഘടന ഐക്യജനാധിപത്യ മുന്നണിക്കു ചെയ്ത സാമ്പത്തികവും രാഷ്ട്രീയവുമായ പിന്തുണക്കുള്ള പ്രത്യുപകാരമാകാനാണു് സാധ്യത.
ദേശീയ-ഉൽസവ അവധി ദിവസങ്ങളെ സംബന്ധിച്ച 1958-ലെ നിയമം, നിലവിൽ 20-തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കു ബാധകമാണു്. നിർദിഷ്ട ഭേദഗതി പ്രാബല്യത്തിൽവരുന്നപക്ഷം 50 പേർ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾക്കേ നിയമം ബാധകമാകൂ. ഏതെങ്കിലും കാരണവശാൽ അവധിദിവസം ജോലിചെയ്യേണ്ടിവരുന്നവർക്കും രണ്ടുദിവസത്തെ വേതനവും മറ്റൊരു ദിവസം അവധിയും നൽകണമെന്നാണു് വ്യവസ്ഥ. ഈ വ്യവസ്ഥയുടെ ഭരണഘടനാപരമായ സാധുത സുപ്രീകോടതി ശരിവെച്ചിട്ടുള്ളതുമാണു്. മേലിൽ ഒരു ദിവസത്തെ വേതനത്തിനും മറ്റൊരു അവധിക്കുമേ അർഹതയുണ്ടായിരിക്കുകയുള്ളൂ.
സ്ഥിരം ജീവനക്കാർക്കു കൊടുക്കുന്ന അതേ നിരക്കിൽ താൽക്കാലിക ജീവനക്കാർക്കും ശമ്പളം കൊടുക്കണമെന്നു് അനുശാസിക്കുന്ന 1989-ലെ നിയമവും നിർദിഷ്ട ഭേദഗതിപ്രകാരം 20-ലധികം തൊഴിലാളികളുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കു് ബാധകമാകു. തോട്ടമോ മോട്ടോർ സർവിസോ ആണെങ്കിൽ 25 ജീവനക്കാർ ഉണ്ടായെങ്കിലേ നിയമത്തെ ഭയപ്പെടേണ്ടു. തൊഴിലുടമകൾക്കു സുഖം സൗകര്യം ജീവനക്കാരെ ‘താൽക്കാലിക’ മുദ്രയടിച്ചു് കുറഞ്ഞകൂലിക്കു പണിയെടുപ്പിക്കാം.
രണ്ടുവർഷത്തിൽ താഴെ സർവീസുള്ള അപ്രന്റീസുകളെ 1960-ലെ ഷോപ്സ് ആക്റ്റിന്റെ പരിധിയിൽനിന്നു് ഒഴിവാക്കാനാണു് ഇനിയൊരു ഭേദഗതി. ഒരു വർഷത്തിൽ താഴെ സർവ്വീസുള്ള സ്ഥിരം തൊഴിലാളിയെ കാരണം കാണിക്കാതെ പിരിച്ചുവിടാം എന്നാണു് മറ്റൊരു നിർദ്ദേശം.
സ്ത്രീകളെയും 17 വയസ്സിൽ താഴെയുള്ള കുട്ടികളെയും കൊണ്ടു് രാത്രികാലങ്ങളിൽ (വൈകു. ഏഴുമണിക്കും രാവിലെ ആറിനും ഇടക്കു്) ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥ 1948-ലെ ഫാക്റ്ററീസ് നിയമത്തിലുണ്ടു്. 1951-ലെ പ്ലാന്റേഷൻ ലേബർ നിയമത്തിലുണ്ടു്. 1960-ലെ കേരളാ ഷോപ്സ് ആന്റ് കമേസ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലുമുണ്ടു്. ആദ്യം പറഞ്ഞവ രണ്ടും കേന്ദ്ര നിയമങ്ങളാണു്. അവ ഭേദഗതി ചെയ്യണമെങ്കിൽ ഇന്ത്യൻ പാർലമെന്റു തന്നെ കനിയണം. ഏതായാലും ഷോപ്സ് ആക്റ്റിലെ ഈ വ്യവസ്ഥ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു. സർക്കാർ ഗസറ്റിൽ പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർക്കേ മേലിൽ ഈ ആനുകൂല്യം പ്രതിക്ഷിക്കാനാവൂ.
ആശുപത്രികളിലെയും വിവര സാങ്കേതിക രംഗത്തെയും സ്ത്രീ ജീവനക്കാരെ മുൻനിറുത്തിയാണു് സർക്കാർ വിപ്ലവകരമായ ഈ ഭേദഗതി അവതരിപ്പിച്ചിട്ടുള്ളതു്. ആശുപത്രികളെ 20-ാം വകുപ്പിന്റെ പരിധിയിൽനിന്നു ശാശ്വതമായി ഒഴിവാക്കിയിട്ടുള്ളതാണു്. വിവരസാങ്കേതികരംഗത്തു് സ്ത്രീ ജീവനക്കാരുടെ സേവനം രാത്രികാലങ്ങളിൽ ഒഴിവാക്കാനാവാത്തതാണോ, ആണെങ്കിൽത്തന്നെ ഐ. ടി. മേഖലയെക്കൂടി ഒഴിവാക്കി മറ്റൊരു വിജ്ഞാപനം പുറപ്പെടുവിച്ചാൽ പോരെ എന്നൊന്നും ചോദിക്കരുതു്. ഇങ്ങനെയുള്ള കുതർക്കങ്ങൾ ഉന്നയിക്കുന്നവരാണു് ‘വികസന’ത്തെ തുരങ്കം വെക്കുന്നതു് ഏതു പാതിരാക്കും പണിയെടുത്തു് കുടുംബം പോറ്റാൻ മാത്രം സ്ത്രീ ജീവനക്കാർ പുരോഗമിച്ചു എന്നതു് അഭിമാനകരമല്ലേ?
നിർദിഷ്ട ഭേദഗതിയെപ്പറ്റി ശ്രീമതി ടീച്ചറോ മീനാക്ഷി തമ്പാനോ സാറാ ജോസഫോ ഇതുവരെ പ്രതികരിച്ചുകണ്ടില്ല. രാത്രികാലങ്ങളിൽ സ്ത്രീകളെക്കൊണ്ടു തൊഴിലെടുപ്പിക്കുന്നതിനെപ്പറ്റി ഒരഭിപ്രായവുമില്ലേ നമ്മുടെ നേതാക്കികൾക്കു്?
ടി. എം. പ്രഭയെപ്പോലെ കെ. സി. വാമദേവനെ പ്പോലെ പഴയകാല ട്രേഡ് യൂണിയൻ പ്രവർത്തകർ കുറേപ്പേരുണ്ടു്. ആർ. എസ്. പി. (ബി)യിൽ. 1972-ൽ ഗ്രാറ്റുവിറ്റി ബിൽ ചർച്ചക്കു വന്നപ്പോൾ പോരായ്മകൾ ചൂണ്ടിക്കാട്ടി സഖാവു് ശ്രീകണ്ഠൻ നായർ പാർലമെന്റിൽ ചെയ്ത ഉജ്വലമായ പ്രസംഗം അവർക്കെങ്കിലും ഓർമയുണ്ടാകും. തൊഴിലാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ കൂടിയും ഇല്ലായ്മ ചെയ്യുന്ന പുത്തൻഭേദഗതികളെ പാർട്ടി ഫോറത്തിലെങ്കിലും വിമർശിച്ചുവോ മുതിർന്ന നേതാക്കൾ?
സ്ഥാനത്തും അസ്ഥാനത്തും സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാക്കൾ രണ്ടുപേരുണ്ടു്. ഇരുവരും മുൻകാല തൊഴിലാളി പ്രവർത്തകർ. കയറ്റിറക്കു നിയമത്തെ മന്ത്രിയുടെ സാന്നിധ്യത്തിൽ അപലപിച്ചു കരുണാകരൻ. വരാൻപോകുന്ന ഭേദഗതികൾ അദ്ദേഹം അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അച്യുതാനന്ദനാ ണെങ്കിൽ കേരള വ്യാപാരി വ്യവസായി സമിതി ഫെബ്രുവരി 16-നു തൃശൂരിൽ സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ മൂല്യവർധിത നികുതിക്കെതിരെ (വാറ്റ്) ചന്ദ്രഹാസമിളക്കി. തൊഴിൽ നിയമഭേദഗതികൾക്കെതിരെ ഒരക്ഷരം മിണ്ടിക്കണ്ടില്ല. നിയമസഭയിൽ ചർച്ചക്കു വരുമ്പോൾ ശരിപ്പെടുത്താമെന്നു കരുതിയോ എന്തോ?
മിച്ചമൂല്യ സിദ്ധാന്തത്തിലും വർഗസമരത്തിലും വിശ്വസിക്കുന്ന കിടിലൻ വിപ്ലവപാർട്ടിയാണു് ആർ. എസ്. പി. (ബി). റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷേവിക്) എന്ന പേരുനുതന്നെ എന്തൊരു വിപ്ലവഗരിമയാണു്. പാർട്ടിയുടെ ഇടത്തു് റവലൂഷൻ വലത്തു് ബോൽഷേവിസം, നടുക്കു സോഷ്യലിസം! ആർ. എസ്. പി.-യുടെ (ബി) സംസ്ഥാന സമ്മേളനം സർവലോക തൊഴിലാളിദിനമായ മെയ് ഒന്നിനു എറണാകുളത്തു് ആർ. എസ്. ഉണ്ണി നഗറിൽ അരങ്ങേറി. ടി. കെ. ദിവാകരനേ ക്കാൾ മർദനമനുഭവിച്ച, ത്യാഗം സഹിച്ച ഒരു നേതാവുണ്ടെങ്കിൽ അതു് ആർ. എസ്. ഉണ്ണിയായിരുന്നു. നിസ്വനായി ജീവിച്ച, പരമനിസ്വനായി മരിച്ച തൊഴിലാളി പ്രവർത്തകൻ. സഖാക്കൾ ശ്രീകണ്ഠൻ നായരുടെയും ടി. കെ. ദിവാകരന്റെ യും ആർ. എസ്. ഉണ്ണി യുടെയും ആത്മാക്കൾ മന്ത്രി ബാബുവിനു മപ്പുകൊടുക്കട്ടെ!
1947 മാർച്ച് 6, 7 ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രഥമ സമ്മേളനം കാൺപുരിൽ നടക്കുന്നു. കോൺഗ്രസിനു ബദലായി ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ഇന്ത്യയെ വർഗീയമായി വിഭജിക്കുന്നതിനെ തടയുകയുമാണു് ലക്ഷ്യം. പ്രമുഖ മലയാളി നേതാക്കളും എത്തിയിട്ടുണ്ടു്. തിരുവിതാംകൂറിൽ നിന്നു് എൻ. ശ്രീകണ്ഠൻ നായർ, കണ്ണന്തോടത്തു് ജനാർദനൻ നായർ, കൊച്ചിയിൽനിന്നു് മത്തായി മാഞ്ഞൂരാൻ, എം. പി. മേനോൻ, ബ്രിട്ടീഷ് മലബാറിൽനിന്നു ഡോ. കെ. ബി. മേനോൻ, അരങ്ങിൽ ശ്രീധരൻ, പി. എം. കുഞ്ഞിരാമൻ നമ്പ്യാർ.
“മാർക്സിസ-ലെനിനിസം സോഷ്യലിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനപ്രമാണമായി അംഗീകരിക്കുന്നു” എന്ന പ്രമേയം ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചു. മത്തായി മാഞ്ഞൂരാൻ പിന്താങ്ങി. പക്ഷേ, പ്രമേയത്തെ മലബാറിൽനിന്നുള്ള പ്രതിനിധികൾപോലും പിന്തുണച്ചില്ല. ജയപ്രകാശ് നാരായണനും രാംമനോഹർ ലോഹ്യ യും നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയുണ്ടോ മാർക്സിസത്തെ അംഗീകരിക്കുന്നു?
“ഈ കടുവകളെല്ലാം കടലാസു കടുവകൾ മാത്രമാണെന്നും ശ്വാനന്മാരെപ്പോലെ പരസ്പരം എതിർക്കാനും കുരക്കാനുമല്ലാതെ ഒരു സോഷ്യലിസ്റ്റ് വിപ്ലവം നയിക്കുന്നതിനുള്ള പ്രാഗല്ഭ്യം അവരിൽ ഒരാൾക്കുപോലുമില്ലെന്നും” ബോധ്യപ്പെട്ടപ്പോൾ മത്തായിയും ശ്രീകണ്ഠനും വേറെ വഴിതേടി.
1947 സെപ്റ്റംബർ 21-നു കോഴിക്കോട് മത്തായി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കേരള സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊണ്ടു. ശ്രീകണ്ഠൻ നായർ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മാർക്സിസം-ലെനിനിസം അംഗികരിക്കാത്ത ‘ശുദ്ധ’ സോഷ്യലിസ്റ്റുകൾ നുഴഞ്ഞുകയറി യോഗം അലങ്കോലപ്പെടുത്തി; പുന്നപ്ര-വയലാർ കേസിലെ പിടികിട്ടാപ്പുള്ളി ശ്രീകണ്ഠൻ നായരെ സമ്മേളനസ്ഥലത്തുനിന്നു പൊലീസ് അറസ്റ്റു ചെയ്തുകൊണ്ടുപോകുകയും ചെയ്തു. എത്ര പ്രതീകാത്മകമായ ആരംഭം!.
ഒരു കൊല്ലത്തിനകം കെ. എസ്. പി.-യിൽ ഭിന്നത പ്രകടമായി. കേരളം ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാകണം എന്നു മത്തായി; ഇന്ത്യ ഒട്ടുക്കും ഒറ്റയടിക്കു സോഷ്യലിസം കൊണ്ടുവരണമെന്നു ശ്രീകണ്ഠൻ. മാർക്സിസം-ലെനിനിസത്തോടു് ശ്രീകണ്ഠൻ നായർക്കുണ്ടയിരുന്ന കൂറു് മത്തായിക്കില്ലായിരുന്നു. ഹെഗൽ, കാന്റ്, ഷോപ്പനോവർ മുതലായവരുടെ ചിന്താധരകളുമായി പരിചപ്പെട്ടിരുന്നു, മത്തായി. “കാൾമാർക്സിനും തെറ്റുപറ്റും വ്ളാദിമർ ലെനിനും തെറ്റുപറ്റും എന്നാൽ മത്തായി മാഞ്ഞൂരാനു തെറ്റുപറ്റില്ല. കാരണം, മത്തായിക്കു മസ്തിഷ്കമുണ്ടു്”—അദ്ദേഹം പ്രഖ്യാപിച്ചു. മഹാമസ്തിഷ്കവാനുമായി പൊരുത്തപ്പെട്ടുപോകാൻ ശ്രീകണ്ഠൻ നായർക്കു ബുദ്ധിമുട്ടായി—1949 ഫെബ്രുവരി ആറിനു് കെ. എസ്. പി. പിളർന്നു.
കൊല്ലത്തെ എ. ഡി. കോട്ടൺമിൽ സമരത്തെത്തുടർന്നു ശ്രീകണ്ഠൻ നായർ, ടി. കെ. ദിവാകരൻ, ബേബി ജോൺ, ആർ. എസ്. ഉണ്ണി എന്നിവരൊക്കെ ജയിൽവാസമനുഭവിക്കുമ്പോഴാണു് കെ. ബാലകൃഷ്ണനും ചെങ്ങാരപ്പള്ളി നാരായണൻ പോറ്റി യും കൽക്കത്തക്കു പോയതും ആർ. എസ്. പി.-യുടെ വിപ്ലവകാഹളം കൊല്ലത്തു മാറ്റൊലികൊള്ളിച്ചതും.
1969–70 കാലത്താണു് ആർ. എസ്. പി.-യിലെ ആദ്യപിളർപ്പു്. കേന്ദ്ര നേതൃത്വത്തെ ധിക്കരിച്ചാണു് ആർ. എസ്. പി.-യുടെ കേരളഘടകം ഇ. എം. എസ്. മന്ത്രിസഭയെ അട്ടിമറിച്ചതു്. കോൺഗ്രസുമായി മുന്നണിയുണ്ടാക്കി മൽസരിച്ചതോടെ ഭിന്നിപ്പു് വ്യക്തമായി. ആർ. എം. പരമേശ്വരൻ എന്നൊരു സാഹസികൻ നാഷനൽ ആർ. എസ്. പി.-യുണ്ടാക്കി. കേന്ദ്ര നേതൃത്വത്തോടു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ശ്രീകണ്ഠൻ നായരും കൂട്ടരും കേരള ആർ. എസ്. പി.-യായി പ്രവർത്തിച്ചു. 1979-ൽ കോൺഗ്രസ് ബാന്ധവം ഉപേക്ഷിച്ചു ശ്രീകണ്ഠൻ നായരും കൂട്ടരും മാർക്സിസ്റ്റു മുന്നണിയിൽ ചേക്കേറിയപ്പോൾ നാഷനൽ ആർ. എസ്. പി. അപ്രസക്തമായി ആർ. എം. പരമേശ്വരൻ ഖദറിട്ടു കോൺഗ്രസായി.
1962 മുതൽ കൊല്ലം പാർലമെന്റ് സീറ്റ് അട്ടിപ്പോറാക്കിവെച്ചിരിക്കുകയായിരുന്നു ശ്രീകണ്ഠൻ നായർ. 1979 ഡിസംബർ അവസാനം നടന്ന തെരഞ്ഞെടുപ്പിൽ പക്ഷേ, അദ്ദേഹം കോൺഗ്രസ്-ഐയിലെ ബി. കെ. നായരോ ടു തോറ്റു. ഇടതുപക്ഷക്കാരെന്നല്ല, കോൺഗ്രസുകാർപോലും ഞെട്ടിപ്പോയി. ശ്രീകണ്ഠൻ ചേട്ടൻ തോൽക്കുകയോ, അതും വിപ്ലവത്തിന്റെ ഈറ്റില്ലമായ കൊല്ലത്തു്?
മൂന്നാഴ്ചക്കുശേഷം നടന്നനിയമസഭാ തെരഞ്ഞെടുപ്പിൽ കാറ്റുമാറി വീശി. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അസംബ്ലി സീറ്റുകൾ ഏഴും ഇടതു കക്ഷികൾ നേടി—കുണ്ടറയിൽ സി. പി. എം., ചാത്തന്നൂരും കരുനാഗപ്പള്ളിയിലും സി. പി. ഐ., കൊല്ലം, ചവറ, കുന്നത്തൂർ, ഇരവിപുരം മണ്ഡലങ്ങളിൽ ആർ. എസ്. പി. കുന്നത്തൂരിൽ കല്ലട നാരായണന്റെ ഭൂരിപക്ഷം 10,896 ആയിരുന്നു. ഇരവിപുരത്തു് ആർ. എസ്. ഉണ്ണിയുടേതു് 13,569 ചവറയിൽ ബേബി ജോണിന്റേതു് 16,613.
തെരഞ്ഞെടുപ്പുഫലങ്ങൾ ശ്രീകണ്ഠൻ നായരെ ചിന്താകുലനാക്കി. ബേബിജോൺ കാലുവാരിയതുകൊണ്ടാണു് താൻ പരാജിതനായതെന്നു് സഖാവു് ധരിച്ചുവശായി. ബേബിയും ഉണ്ണിയും മന്ത്രിമാരായി കൊടിവെച്ച കാറിൽ റാകിപ്പറക്കുമ്പോൾ താൻ വെറുമൊരു മുൻ എം. പി.-യായി മുക്കിലിരിക്കുകയോ? അങ്ങനെ അടുത്ത പിളർപ്പിനു് അരങ്ങൊരുങ്ങി.
“ആർ. എസ്. പി.-ക്കാരായ മന്ത്രിമാർക്കു് കാര്യമായൊന്നും ചെയ്യാൻ കഴിയുന്നില്ല. അഥവാ ചെയ്യുന്നുണ്ടെങ്കിൽ അതിലൊക്കെ അഴിമതിയുണ്ടു്”—ശ്രീകണ്ഠൻ നായർ തുറന്നടിച്ചു. ആർ. എസ്. പി.-ക്കാർ മന്ത്രിസഭയിൽനിന്നു രാജിവെച്ചു പുറത്തുവരണമെന്നു് സഖാവു് ആവശ്യപ്പെട്ടു. ഗുരുഭക്തിക്കും ചില അതിരൊക്കെയുണ്ടു്. ബേബിച്ചായനും ഉണ്ണിസാറും മന്ത്രിക്കസേരയിൽ അമർന്നിരുന്നു. പങ്കജാക്ഷൻ, താമരാക്ഷൻ, കല്ലട നാരായണൻ എന്നീ എം. എൽ. എ.-മാരും അവരോടൊട്ടിനിന്നു. കൊല്ലത്തുനിന്നു ജയിച്ച അഡ്വ കടവൂർ ശിവദാസൻ മാത്രം ശ്രീകണ്ഠൻ നായരോടൊപ്പം നിന്നു. അങ്ങനെ 1981-ൽ ആർ. എസ്. പി. പിളർന്നു.
കാസ്റ്റിംഗ് മന്ത്രിസഭയുടെ നാളുകളിൽ ആർ. എസ്. പി.-എസ്. ഐക്യജനാധിപത്യമുന്നണിയിൽ ചേക്കറി. 1982-ലെ തെരഞ്ഞെടുപ്പിൽ കൊല്ലത്തു് കടവൂർ ശിവദാസൻ വിജയിച്ചു, മന്ത്രിയുമായി. 1983 ജൂലൈ 20-നു് ശ്രീകണ്ഠൻ ചേട്ടൻ കഥാവശേഷനായി. അതോടെ ആർ. എസ്. പി. എസ്. അന്യംനിന്നു. കടവൂർ ശിവദാസൻ കോൺഗ്രസുകാരനും കരുണാകരന്റെ വിശ്വസ്തനുമായി. ശ്രീകണ്ഠൻ നായരുടെ ഭാര്യ മഹേശ്വരിയമ്മയും ഭാര്യാ സഹോദരൻ കുമാരപിള്ളയും സി. പി. ഐ.-യിൽ ചേർന്നു. കുമാരപിള്ള പിന്നീടു് ജെ. എസ്. എസിലേക്കു പോയി. മാച്ചേച്ചി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉറച്ചുനിൽക്കുന്നു. അവരിപ്പോൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണു്.
1996-ലെ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി. അഭിമാനകരമായ വിജയം നേടി. അഞ്ചു നിയമസഭാ സ്ഥാനങ്ങൾ നേടിയതിനു പുറമേ 1980 മുതൽ കൈവിട്ടുപോയ കൊല്ലം പാർലമെന്റു സീറ്റ് എൻ. കെ. പ്രേമചന്ദ്രൻ എന്ന യുവപോരാളിയെ മുൻനിറുത്തി തിരിച്ചുപിടിക്കുകയും ചെയ്തു. മന്ത്രിസഭയുടെ വലുപ്പം കുറച്ചതിനാൽ ഒരു മന്ത്രിസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മന്ത്രിസ്ഥാനത്തിനു സർവഥാ യോഗ്യൻ ബേബി ജോൺ എന്ന കാര്യത്തിൽ തർക്കമേയില്ല.
1997-ന്റെ രണ്ടാംപകുതിയിൽ ബേബി ജോൺ രോഗാതുരനായതോടെ പാർട്ടിയിൽ പ്രശ്നങ്ങൾ തലപൊക്കി. പാർട്ടിയിലെ സീനിയോറിറ്റിവെച്ചു് രാമകൃഷ്ണപിള്ള യും നിയമസഭാ പരിചയത്തിന്റെ അടിസ്ഥാനത്തിൽ താമരാക്ഷനും മന്ത്രിസ്ഥാനത്തേക്കു് അവകാശവാദമുന്നയിച്ചു. കൊല്ലം ജില്ലക്കാരൻ എന്ന അധികയോഗ്യത കൂടി പരിഗണിച്ചു്, പങ്കജാക്ഷനും ആർ. എസ്. ഉണ്ണി യും രാമകൃഷ്ണപിള്ളയെ പിന്തുണച്ചു. 1998 ജനുവരി ഏഴാം തീയതി സഖാവു് വി. പി. രാമകൃഷ്ണപിള്ള തൊഴിൽ ജലസേചന വകുപ്പുകളുടെ ചുമതലക്കാരനായി മന്ത്രിപദമേറ്റു.
നിരാശനായ താമരാക്ഷൻ പാർട്ടിക്കകത്തു ഗ്രൂപ്പുണ്ടാക്കി. തുല്യ ദുഃഖിതനായ ബാബുദിവാകരനെയും കൂടെക്കൂട്ടി. ബേബി ജോണിന്റെ കുടുംബാംഗങ്ങളെയും വശത്താക്കി. 1999 ജനുവരിയിൽ കൊല്ലത്തു് നടന്ന ആർ. എസ്. പി. ദേശീയ സമ്മേളനത്തിൽ താമരാക്ഷൻ ഗ്രൂപ്പുകാർ അലമ്പുണ്ടാക്കി. ജൂൺ 19-നു് താമരാക്ഷനും കൂട്ടരും പാർട്ടിയിൽനിന്നു ബഹിഷ്കൃതരായി. പോകപ്പോകെ താമരാക്ഷൻ സർക്കാറിന്റെ കടുത്ത വിമർശകനായി. ആർ. എസ്. ബി. (ബി) ഐക്യജനാധിപത്യമുന്നണിയിൽ അംഗത്വം നേടി.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക/വിമത ആർ. എസ്. പി.-കൾക്കു് രണ്ടുവീതം സീറ്റുകൾ കിട്ടി. ഹരിപ്പാട്ടു് താമരാക്ഷൻ തോറ്റതുകൊണ്ടു് തർക്കമുണ്ടായില്ല. ബാബുദിവാകരൻ മന്ത്രിയായി.
എ. വി. താമരാക്ഷൻ അസംതൃപ്തനും നിരാശനുമാണു്. ഐക്യജനാധിപത്യ മുന്നണി സർക്കാർ പ്രതീക്ഷക്കൊത്തു് ഉയരുന്നില്ല എന്നാണു് അദ്ദേഹത്തിന്റെ പരാതി. കയറ്റിറക്കു നിയമംപോലുള്ള തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങളോടു് പാർട്ടിക്കകത്തു് ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ടു്. പെൻഷൻ പ്രായം കഴിഞ്ഞ മന്ത്രിബന്ധുവിനെ കൊല്ലം വ്യവസായ ട്രൈബ്യൂണലായി പുനർനിയമിക്കുകയാൽ സർക്കാറിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടു എന്നും ഒരാക്ഷേപമുണ്ടു്.
ഷിബു ബേബി ജോൺ ആണു് മന്ത്രിസ്ഥാനത്തിനു കൂടുതൽ യോഗ്യൻ എന്നൊരു തിയറിയും പ്രചാരണത്തിലുണ്ടു്. ഷിബുവിനു് കരുണാകർജി യിൽനിന്നു എന്തോചില ഉറപ്പുകൾ കിട്ടിയതായി കരുതപ്പെടുന്നു. കോടോത്തു് ഗോവിന്ദൻനായർക്കനുകൂലമായി വീണ വോട്ടുകളിൽ ഒന്നു് ഷിബുവിന്റെതായിരുന്നു എന്നും കേൾക്കുന്നു. (ബാബുദിവാകരൻ ഔദ്യോഗിക സ്ഥാനാർഥികൾക്കൊപ്പം ഉറച്ചു നിന്നു).
സംസ്ഥാന സമ്മേളന നഗരി ക്രോധമോഹ ലോഭ മദ മാത്സര്യങ്ങൾക്കു് വേദിയൊരുക്കുമെന്നതു് നിസ്സംശയമാണു്. ആർ. എസ്. പി.-ബി. ഉടനെ പിളരുമോ കുറേകഴിഞ്ഞു പിളരുമോ എന്നതിലെ സംശയമുള്ളൂ. വിപ്ലവം നീണാൾ വാഴട്ടെ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.