images/Reichenbachia_Orchids.jpg
Dendrobium phalænopsis var statterianum from Reichenbachia Orchids, a painting by Rawpixel .
ഒരു ഭടൻ കിടന്നുകൊണ്ടു് പ്രവേശിക്കുന്നു
കെ. രാജേശ്വരി

‘നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ സ്വർഗരാജ്യം അവർക്കുള്ളതു് ” (മത്തായി 5: 10)

images/Mathai_manjooran.png
മത്തായി മാഞ്ഞൂരാൻ

എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല; എല്ലാ മത്തായിമാരും മത്തായിയുമല്ല. ആഴ്‌വഞ്ചേരിത്തമ്പ്രാക്കളാണു് യഥാർഥ തമ്പ്രാക്കൾ. മത്തായി മാഞ്ഞൂരാനായിരുന്നു സാക്ഷാൽ. മത്തായി മാഞ്ഞൂരാനെ വെല്ലാൻ ഒരു മത്തായി ഭൂമിമലയാളത്തിലുണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പ്രയാസം.

images/John_Manjooran.jpg
ജോൺ

ജന്മനാ പ്രക്ഷോഭകരായിരുന്നു മാഞ്ഞൂരാൻ സഹോദരൻ—ചെറിയാൻ, മത്തായി, ജോൺ. 1927-ൽ സൈമൺ കമീഷൻ ബഹിഷ്കരണ സമരത്തിൽ പങ്കെടുക്കുമ്പോൾ വയസ്സു് പതിനഞ്ചാണു് മത്തായിക്കു്. 1993-ൽ ബി. എ. പാസായി അധികം കഴിയുംമുമ്പു് കൊടുങ്ങല്ലൂരുപോയി കർഷകസമരത്തിൽ പങ്കെടുത്തു. ഇത്തവണ മാഞ്ഞൂരാൻ ആളിക്കത്തി മൈസൂരിൽനിന്നു ഡൈനാമിറ്റും സ്ഫോടക വസ്തുക്കളും ഒളിച്ചുകടത്തി. കോഴിക്കോട്ടു വെച്ചു് ബോംബുണ്ടാക്കിയ പരിപാടിയുടെ സൂത്രധാരൻ അദ്ദേഹമായിരുന്നു. കീഴരിയൂർ ബോംബ് കേസിലും പ്രതിയായിരുന്നെങ്കിലും പൊലീസിനു് പിടികൊടുത്തില്ല. ഒളിവിലിരിക്കവെ കൊച്ചി രാജാവിനു് പാട്ടവുമായിപ്പോയ നെല്ലുവണ്ടി തടഞ്ഞു് നെല്ലുമുഴുവൻ സാധുക്കൾക്കു് വിതരണം ചെയ്തു.

images/Jayaprakash_Narayan.jpg
ജയപ്രാകശ് നാരായണൻ

1946 ആദ്യം പാറ്റ്നയിൽ നടന്ന കോൺഗ്രസ്-സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തിൽ ശ്രീകണ്ഠൻ നായരോടൊപ്പം മത്തായി മാഞ്ഞൂരാനും പങ്കെടുത്തിരുന്നു. തൊഴിലാളി വർഗ സർവാധിപത്യത്തെയും സായുധ സമരത്തെയും അപലപിച്ചുകൊണ്ടു് ജയപ്രാകശ് നാരായണൻ കൊണ്ടുവന്ന പ്രമേയത്തെ അവരിരുവരും എതിർത്തു. 1947 മാർച്ച് 6, 7 തീയതികളിൽ നടന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രഥമ സമ്മേളനത്തിൽ മാർക്സിസം ലെനിനിസം സോഷ്യലിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന പ്രമാണമായി അംഗികരിക്കുന്നു എന്ന പ്രമേയം ശ്രീകണ്ഠൻനായർ അവതരിപ്പിച്ചു. മത്തായി മാഞ്ഞൂരാൻ പിന്താങ്ങി. പ്രമേയത്തെ ഡോ. കെ. ബി. മേനോനും അരങ്ങിൽ ശ്രീധരനും വരെ എതിർത്തു. അശോക്മേത്ത യും രാംമനോഹർ ലോഹ്യ യും നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയുണ്ടോ മാർക്സിസം അംഗീകരിക്കുന്നു? അതോടെ മത്തായിയും ശ്രീകണ്ഠനും വേറെ വഴിതേടി.

images/DrKB_menon.jpg
ഡോ. കെ. ബി. മേനോൻ

1947 സെപ്റ്റംബർ 21-നു കോഴിക്കോട്ടു് മത്തായി മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ‘കേരള സോഷ്യലിസ്റ്റ് പാർട്ടി’ രൂപംകൊണ്ടു. ശ്രീകണ്ഠൻ നായരായിരുന്നു. ജനറൽ സെക്രട്ടറി 1949 ആകുമ്പോഴേക്കും പാർട്ടിയിൽ ഭിന്നത മൂർച്ഛിച്ചു. കേരളം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാകണം എന്നു് മത്തായി അത്രയും വേണ്ട എന്നു് ശ്രീകണ്ഠൻ 1949 ഫെബ്രുവരി ആറിനു് കെ. എസ്. പി. പിളർന്നു. ശ്രീകണ്ഠൻ നായരും കൂട്ടരും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേക്കേറി.

images/Panampilly_Govinda_Menon.jpg
പനമ്പിള്ളി ഗോവിന്ദമേനോൻ

സ്വാതന്ത്ര്യലബ്ധിക്കുശേഷവും മത്തായിയുടെ പരാക്രമശീലത്തിനു കുറവേതുമുണ്ടായില്ല. 1947 ഒക്ടോബർ 10-നു് മത്തായിയും ശിഷ്യരും കൊച്ചി നിയമസഭാ മന്ദിരത്തിൽ അതിക്രമിച്ചുകയറി സ്പീക്കറെയും മറ്റംഗങ്ങളെയും തള്ളിപ്പുറത്താക്കി. അന്നു് കൊച്ചി രാജ്യപ്രധാനമന്ത്രിയായിരുന്ന പനമ്പിള്ളി യും മറ്റും ജീവനുകൊണ്ടോടി.

1952-ലും 54-ലും തിരു-കൊച്ചി നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണിയിലായിരുന്നു കെ. എസ്. പി. 1952-ൽ മത്തായി മാഞ്ഞൂരാൻ രാജ്യസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1957-ൽ മുന്നണി തകർന്നു. മത്തായിയും കൂട്ടരും കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായി.

images/Lohia.jpg
രാംമനോഹർ ലോഹ്യ

കമ്യൂണിസ്റ്റുകാരും വിരുദ്ധരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഏറ്റവും രൂക്ഷമായതു് 1958 ജൂലൈ 26-നു് തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിൽ അരങ്ങേറി. പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഒരു മലയോര ഗ്രാമമാണു് വരന്തരപ്പിള്ളി. സ്ഥലത്തെ കമ്യൂണിസ്റ്റ് നേതക്കളായ ടി. ഉബൈദ്, കെ. പി. ഉണ്ണിൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ നിന്നാരംഭിച്ച ജാഥയെ വരന്തരപ്പിള്ളി അങ്ങാടിയിൽവെച്ചു് വിരുദ്ധന്മാർ തടഞ്ഞു. കശപിശ കത്തിക്കുത്തായി വളർന്നു. അഞ്ചു വിരുദ്ധന്മാർ—സി. ടി. കൊച്ചാപ്പു, കണിയാമ്പറൻ കൃഷ്ണൻ, ചാക്കോലി അന്തോണി, പാണ്ടിയൻ കൊച്ചപ്പൻ, ഇല്ലിക്കൻ അപ്പച്ചൻ—തൽക്ഷണം മരിച്ചു ഒരു കമ്യൂണിസ്റ്റുകാരൻ അടക്കം ഏഴുപേർ ആശുപത്രിയിലായി ആഗ്സ്റ്റ് 7-ാം തീയതി ലോനപ്പൻ തോമസ് എന്ന വിരുദ്ധകൂടി മരിച്ചു. മരണസംഖ്യ ആറായി.

ജുലൈ 26-നുതന്നെ പുതുക്കാട് എസ്. ഐ. കേസ് രജിസ്റ്റർ ചെയ്തു. (ക്രൈം നമ്പർ 105/58) പിന്നാലെ തൃശൂർ സർക്കിൾ ഇൻസ്പെക്ടർ അന്വേഷണം ഏറ്റെടുത്തു. പിറ്റേദിവസം തൃശൂർ, മുകുന്ദപുരം താലൂക്കുകളിൽ ക്രിമിനൽ നടപടി നിയമത്തിലെ 144-ആം വകുപ്പു് പ്രകാരം നിരോധാജ്ഞ പ്രഖ്യാപിച്ചു. വരന്തരപ്പിള്ളിയിലെ ആക്രമത്തെപ്പറ്റി കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങൾ വലിയവായിൽ ഒച്ചയിട്ടു. പി. എസ്. പി. നേതാവു് ഡോ. കെ. ബി. മേനോൻ വരന്തരപ്പിള്ളി സംഭവം ആഗസ്റ്റ് 11-ാം തീയതി ലോക്സഭയിൽ ഉന്നയിച്ചു. കേരളത്തിലെ താറുമാറായ ക്രമസമാധാന നിലയെപ്പറ്റി അശോക്മേത്ത സെപ്റ്റംബർ 4-നു് അടിയന്തര പ്രമേയം ഉന്നയിച്ചു: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സെപ്റ്റംബർ 18-നു് പ്രമേയവും പാസാക്കി.

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

വരന്തരപ്പിള്ളി കേസിനെപ്പറ്റി ആഗസ്റ്റ് 8-ാം തീയതി മുഖ്യമന്ത്രി ഇ. എം. എസ്. തിരുവനന്തപുരത്തു് നടത്തിയ പത്രപ്രസ്താവന കോടതിയലക്ഷ്യമാണെന്നാരോപിച്ചു് കൊല്ലപ്പെട്ട കൊച്ചാപ്പുവിന്റെ മകൻ തോമൻ കുട്ടി. അഡ്വ. പനമ്പിള്ളി ഗോവിന്ദമേനോൻ മുഖേന ഹൈക്കോടതിയെ സമീപിച്ചു. 1958 ഒക്ടോബർ 13-നു് മുഖ്യമന്ത്രി ഹൈക്കോടതിയിൽ നേരിട്ടു് ഹാജരായി നിരുപാധികം ക്ഷമായാചനം നടത്തി. ഇം. എം. എസിന്റെ അഭിഭാഷകൻ പി. ബാലഗംഗാധരമേനോൻ കുറ്റസമ്മതം കോടതിയിൽ വായിച്ചു. “എന്റെ പ്രസ്താവന കോടതിയലക്ഷ്യമായിട്ടുണ്ടെന്നു് എനിക്കു് ഇപ്പോൾ ഉപദേശം കിട്ടിയിരിക്കുന്നു. അതു് പരസ്യപ്പെടുത്താനിടയായതിൽ ഞാൻ പരിതപിക്കുകയും പ്രസ്താവന പുറപ്പെടുവിച്ചതിൽ ബഹു. കോടതി മുമ്പാകെ ക്ഷമായാചനം ചെയ്യുകയും ചെയ്യുന്നു. എന്റെ അപേക്ഷ സ്വീകരിച്ചു് എനിക്കു് മാപ്പ് തരികയും മേൽനടപടി നടത്താതിരിക്കൻ ഉത്തരവാകുകയും ചെയ്യാൻ കോടതിക്കു് കാരുണ്യം ഉണ്ടാകണം…”

ക്ഷമായാചനം നടത്താൻ ആർജവം കാട്ടിയ മുഖ്യമന്ത്രിയെ ചീഫ് ജസ്റ്റിസ് കെ. ടി. കോശിയും ജസ്റ്റിസ് എം. എസ്. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ശ്ലാഘിച്ചു. കുറ്റസമ്മതം നടത്തിയതുകൊണ്ടു് മുഖ്യമന്ത്രിയുടെ പദവിക്കു് താഴ്ചയല്ല ഉയർച്ചയാണുണ്ടാതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്ഷമായാചനം സ്വീകരിച്ചു് മേൽനടപടികൾ അവസാനിപ്പിച്ചു.

മത്തായി മാഞ്ഞൂരാന്റെ പത്രാധിപത്യത്തിൽ എറണാകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരള പ്രകാശം പത്രത്തിൽ ജുലൈ 29-ാം തീയതി വന്ന മൃഗീയമായ ആ ‘കമ്യൂണിസ്റ്റ് കൊലപാതകത്തിന്റെ കറുത്തകഥ’ എന്ന റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്നാരോപിച്ചു സെപ്റ്റംബർ 9-ാം തീയതി സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. നിയമമന്ത്രി വി. ആർ. കൃഷ്ണയ്യർ വിദേശപര്യടനത്തിലായിരുന്നതിനാലാണു് കോടതിയലക്ഷ്യകേസ് ഫയൽ ചെയ്യാൻ അൽപം കാലതാമസമുണ്ടായതു്.

images/vr_krishna_iyyar.jpg
വി. ആർ. കൃഷ്ണയ്യർ

കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങളെ വെറുതെ വിടില്ല എന്ന നിലപാടുകാരനായിരുന്നു കൃഷ്ണയ്യർ. പത്രസ്വാതന്ത്ര്യത്തിന്റെ മറവിൽ എന്തു് ആഭാസവും അച്ചടിച്ചിറക്കാമെന്നു് വ്യാമോഹിക്കരുതെന്നു് മന്ത്രി താക്കീതു് ചെയ്തു. “മനുഷ്യരെ കൽപിച്ചുകൂട്ടി അപകീർത്തിപ്പെടുത്തുന്നവർ അവരെത്ര വലിയ ആളുകളായാലും ശരി. കോടതികളുടെ മുമ്പാകെ ഉത്തരം പറയേണ്ടിവരും. അതുപറയിപ്പിക്കുക തന്നെ ചെയ്യും. പത്രസ്വാതന്ത്ര്യത്തിന്റെ പതാകാവാഹകരായി ഇവിടെ അഭിനയിക്കുന്നവർ പത്രമുടമകളെ ഇക്കാര്യം അറിയുന്നതു് നന്നു്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതു് അഭിമാനകരമായ ഒരു ജോലിയല്ല. നിയമത്തെയും നീതിന്യായാസനങ്ങളെയും നാവുകൊണ്ടുമാത്രം സേവിച്ചു് മന്ത്രിമാരെപ്പറ്റി സഭ്യേതരങ്ങളും അപമാനകരങ്ങളും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ നിയമത്തിന്റെ കൈയിൽനിന്നു് രക്ഷപ്പെടുമെന്നു് വ്യാമോഹിക്കേണ്ടതില്ല.”

images/TV_Thomas.jpg
ടി. വി. തോമസ്

ദിനമണി, പൊതുജനം പത്രങ്ങൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്ത കൃഷ്ണയ്യർതന്നെ സഹപ്രവർത്തകർക്കു് മാതൃക കാട്ടി. എക്സ്പ്രസിനെതിരെ ടി. വി. തോമസും കേരള ഭൂഷണത്തിനെതിരെ എം. എൻ. ഗോവിന്ദൻ നായരും മലയാള മനോരമക്കെതിരെ വി. ആർ. കൃഷ്ണയ്യരും കേസുകൾ ഫയലാക്കി മുഖപ്രസംഗത്തിലൂടെ ജനങ്ങളെ കലാപത്തിനു് പ്രേരിപ്പിച്ചു എന്നാരോപിച്ചു ദീപിക പത്രാധിപർക്കെതിരെ ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യിച്ചു…

വരന്തരപ്പിള്ളി സംഭവം റിപ്പോർട്ട് ചെയ്തതു സംബന്ധിച്ചു് ഒരു പ്രമുഖ കോട്ടയം പത്രത്തിനെതിരെയും കോടതിയലക്ഷ്യക്കേസുണ്ടായി. ധീരനായ കോട്ടയം പത്രാധിപർ കോടതിയിൽ നേരിട്ടു് ഹാജരായി ക്ഷമായാചനം നടത്തി തടിരക്ഷപ്പെടുത്തി.

images/MN_Govindan_Nair.jpg
എം. എൻ. ഗോവിന്ദൻ നായർ

ഖേദപ്രകടനം, ക്ഷമായാചനം മുതലായ വാക്കുകളൊന്നും ഒരു കാലത്തും മത്തായിയുടെ നിഘണ്ടുവിലുണ്ടായിട്ടില്ല. വിശദമായ എതിർ സത്യവാങ്മൂലം തന്നെ ഫയലാക്കി. വക്കീലിനെ ഏർപ്പെടുത്തിയില്ല. നിയമബിരുദമൊന്നുമില്ലെങ്കിലും സ്വയം കേസാസ്വദിക്കുകയാണു് മത്തായി ചെയ്തതു്. മറുഭാഗത്തു് സർക്കാറിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. വി. സൂര്യനാരായണയ്യർ ഹാജരായി. കോടതിയലക്ഷ്യ നിയമത്തിലെ വകുപ്പുകൾ തലനാരിഴ കീറി പരിശോധിച്ച ഡിവിഷൻ ബെഞ്ച് ജൂലൈ 29-ലെ റിപ്പോർട്ട് കോടതിയലക്ഷ്യമാണെന്നു് കണ്ടെത്തി. ആ ഘട്ടത്തിലെങ്കിലും ഖേദപ്രകടനം നടത്തിയിരുന്നെങ്കിൽ മത്തായിക്കു് തലയൂരാമായിരുന്നു. അതുമുണ്ടായില്ല. പത്രാധിപർ മത്തായി മാഞ്ഞൂരാനു് 100 രൂപയും പ്രസാധകൻ കെ. സുധാകരനു് 50 രൂപയും പിഴശിക്ഷ വിധിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കാൻ ഉദ്ദേശിക്കുന്നതിനാൽ ശിക്ഷ ഉടൻ നടപ്പാക്കരുതെന്നു് മത്തായി അപേക്ഷിച്ചെങ്കിലും ചീഫ് ജസ്റ്റിസ് കോശിയും ജസ്റ്റിസ് വൈദ്യലിംഗവും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ചെവിക്കൊണ്ടില്ല പിഴയടയ്ക്കാൻ മത്തായി കേസ് വിധി പറഞ്ഞ 1959 ജനുവരി 20-നു് മത്തായി മാഞ്ഞൂരാനെ ഹൈക്കോടതിയിൽ നിന്നു് നേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കാണു് കൊണ്ടുപോയതു്.

images/Ksudhakaran.jpg
കെ. സുധാകരൻ

1959 ജനുവരി 31-നു് ചീഫ് ജസ്റ്റിസ് കെ. ടി. കോശി സർവീസിൽനിന്നു് വിരമിച്ചു. മത്തായിക്കേസിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ഹൈക്കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് തൈക്കാട് സുബ്രഹ്മണ്യയ്യർ അടക്കമുള്ളവർ യാത്രയയപ്പു് യോഗം ബഹിഷ്കരിച്ചു മറുഭാഗത്തു് ജയിൽമോചിതനായ മത്തായിമാഞ്ഞൂരാനു് രാജകീയ സ്വീകരണം ലഭിച്ചു. വിയ്യൂരുനിന്നു് ഘോഷയാത്രയായി തൃശൂർക്കു് കൊണ്ടുവന്നു വിദ്യാർത്ഥികോർണറിൽനിന്നു് മത്തായി മാഞ്ഞൂരാൻ നിയമത്തെയും നീതിപീഠത്തെയും നിശിതമായി വിമർശിച്ചു് പ്രസംഗിച്ചു.

കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ മത്തായി മാഞ്ഞൂരാനുംപോലും ഒരു തവണയേ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നുള്ളു. എന്നാൽ കഴിഞ്ഞ എൽ. ഡി. എഫ്. സർക്കാറിന്റെ ഭരണകാലത്തു് നിരന്തരമായി സുപ്രീംകോടതിയിലും ഹൈകോടതിയിലും കോടതിയലക്ഷ്യ നടപടികൾ അഭിമുഖീകരിക്കേണ്ടിവന്നതു് ഇടതുപക്ഷ ചായ്വുള്ള കേരളകൗമുദി പത്രത്തിനാണു്. കേരള കൗമുദിയും അന്നത്തെ അഡ്വക്കേറ്റ് ജനറലും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധമായിരുന്നു. കോടതിയലക്ഷ്യ നടപടികളുടെ മൂലാധാരം. (മാർക്സ്സ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുമായി ഇതിനു് ബന്ധമുണ്ടെന്നാണു് വിരുദ്ധന്മാരുടെ വിദഗ്ധാഭിപ്രായം നേരാണോ എന്തോ?)

images/Medhapatkar.jpg
മേധാപട്കർ

കുപ്രസിദ്ധമായ പയ്യാവൂർ കോടതിയലക്ഷ്യക്കേസിലാണു് അഡ്വക്കേറ്റ് ജനറലും കേരള കൗമുദിയും തമ്മിലുള്ള സ്നേഹബന്ധം മറനീക്കി പുറത്തു വന്നതു്. 1998 സെപ്റ്റംബർ 1-ാം തീയതി നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കു പൊലീസ് സംരക്ഷണം നൽകമെന്നായിരുന്നു 27.08.1998-ലെ ഇടക്കാല ഉത്തരവു് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും കൺമുന്നിൽ ഉത്തരവു് ലംഘിക്കപ്പെട്ടു. ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ സിവിൽ കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ചീഫ് സെക്രട്ടറി മോഹൻകുമാർ 1998 നവംബർ 4-ാം തീയതി കോടതിയിൽ നേരിട്ടു് ഹാജരായി കുറ്റം നിഷേധിച്ചു. വാദം നടക്കുമ്പോഴത്രയും (മൂന്നര മണിക്കൂറിലേറെ) അറുപതിന്റെ പടിവാതിലിലെത്തിയ ചീഫ് സെക്രട്ടറി നിന്നനിൽപ്പു് നിൽക്കേണ്ടിവന്നു. ചീഫ് സെക്രട്ടറി നിൽക്കുന്ന കാര്യം സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്താഞ്ഞിട്ടല്ല കോടതിയലക്ഷ്യകേസിലെ പ്രതിക്കു് ഇരിപ്പിടം നൽകാൻ വ്യവസ്ഥയില്ലത്രെ. നിരുപാധികം ക്ഷമചോദിച്ചു് രക്ഷപ്പെടാൻ മോഹൻകുമാറിനു് മോഹമില്ലാഞ്ഞിട്ടുമല്ല. സർക്കാർ സമ്മതിച്ചില്ല.

images/Arundhati_Roy.jpg
അരുന്ധതി റോയ്

അഡ്വക്കേറ്റ് ജനറൽ ഓഫിസിന്റെ വീഴ്ചകൊണ്ടാണു് ചീഫ് സെക്രട്ടറി കുടുങ്ങിയതു് എന്നു് കാണിച്ചു് നവംബർ 7-നു് കേരള കൗമുദി വെണ്ടക്ക നിരത്തി. അന്നുതന്നെ മുരളീധരൻ എന്നയാൾ പത്രത്തിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുവാദം തേടി. അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു് അനുമതി വൈകാതെ കിട്ടി. അങ്ങനെ ചീഫ് സെക്രട്ടറിയെ സിവിൽ കോടതിയലക്ഷ്യത്തിൽനിന്നു് കരകയറ്റാനിറങ്ങിയ കേരള കൗമുദി പത്രാധിപരും പ്രസാധകനും ലേഖകനും ക്രിമിനൽ കോടതിയലക്ഷ്യകേസിൽ പ്രതികളായി! ഒന്നരക്കൊല്ലത്തോളം അവർ കോടതി കയറിയിറങ്ങി. അവസാനം കേസിനാസ്പദമായ വാർത്തയിൽ കോടതിയെ സ്വാധീനിക്കത്തക്കതായോ നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നതായോ യാതൊന്നുമില്ല എന്നുകണ്ടു് ഡിവിഷൻബെഞ്ച് അനന്തര നടപടികൾ ഉപേക്ഷിക്കുകയാണുണ്ടായതു്.

ഇപ്പോൾ കോടതിയലക്ഷ്യ നടപടികൾ നേരിടുന്നവരിൽ ഏറ്റവും പ്രമുഖ അരുന്ധതി റോയ് തന്നെ. അവരോടൊപ്പം കുറ്റാരോപിതരായ മേധാപട്കറും പ്രശാന്ത് ഭൂഷണും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അരുന്ധതിയാണെങ്കിൽ കുഴപ്പത്തിൽനിന്നു് കൂടുതൽ കുഴപ്പത്തിലേക്കു നീങ്ങുകയാണു്. ഓരോ തവണയും അവരുടെ സത്യവാങ്മൂലം കോടതിയെ കൂടുതൽ ചൊടിപ്പിക്കുന്നു. കോടതിയലക്ഷ്യത്തെ ഏറ്റവും അലക്ഷ്യമായി നേരിടുകയാണു് അരുന്ധതി.

മുൻ ചീഫ്ജസ്റ്റിസ് എ. എസ്. ആനന്ദി നെതിരെ ഭൂമിതട്ടിപ്പു് സംബന്ധിച്ചു് ആരോപണമുന്നയിച്ച കാൽചക്രയിലെ വിനീത് നാരായണനും കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണു്. ജമ്മു-കാശ്മീർ ഹൈക്കോടതിയിൽനിന്നു് കേസ് ദൽഹി ഹൈക്കോടതിയിലേക്കു് മാറ്റണം എന്ന പത്രാധിപരുടെ അപേക്ഷ സുപ്രീം കോടതി നിരാകരിച്ചു എന്നാണു് ഒടുവിൽ കിട്ടയ വാർത്ത.

നാലുപതിറ്റാണ്ടിനുശേഷം മത്തായിമാഞ്ഞൂരാനു് മലയാള നാട്ടിൽ ഒരു പിൻഗാമിയുണ്ടായിരുന്നു. മാതൃഭൂമി പത്രാധിപർ കെ. ഗോപാലകൃഷ്ണൻ. പയറ്റിത്തെളിഞ്ഞ പത്രപ്രവർത്തകനാണു് ഗോപാലകൃഷ്ണൻ. അദ്ദേഹം ചുമതലയേറ്റശേഷം മാതൃഭൂമിയുടെ മാറ്റുവർധിച്ചു എന്നു് എതിരാളികൾപോലും സമ്മതിക്കും മാനേജിംഗ് ഡയറക്ടറുടെ ചിത്രവും പ്രസംഗസംഗ്രഹവും പത്രത്തിൽനിന്നു് ഉച്ചാടനം ചെയ്തതു മാത്രം മതി പത്രാധിപരുടെ കഴിവു് ബോധ്യപ്പെടുത്താൻ.

2000-മാണ്ടു് നവംബർ 28-നു് കല്ലുവാതുക്കൽ മദ്യദുരന്തത്തെപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയാണു് പത്രാധിപകർക്കെതിരായ കോടതിയലക്ഷ്യ നടപടികളിലേക്കു് നയിച്ചതു്. മദ്യരാജാവു് മണിച്ചന്റെ സഹോദരൻ കൊച്ചനി പരവൂർ കോടതിയിൽ കീഴടങ്ങിയതു് രാവിലെ 10.30-നായിരുന്നെന്നും കോടതി സമയം 11 മണിയാണെന്നിരിക്കെ കൊച്ചനി വരുമെന്നറിഞ്ഞു് കോടതി അനധികൃതമായി നേരത്തെ കൂടുകയായിരുന്നെന്നുമാണു് വാർത്തയുടെ കാതൽ പ്രസ്തുത പരാമർശം കോടതിയുടെ നിഷ്പക്ഷതയെക്കുറിച്ചു് സംശയങ്ങൾ ഉണർത്തുന്നുവെന്നും മജിസ്ട്രേറ്റിനു് അപകീർത്തികരമാണെന്നും പൊലീസിന്റെ രഹസ്യ അജണ്ടയിൽ മജിസ്ട്രേറ്റും കക്ഷിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നുവെന്നും ആരോപിച്ചാണു് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നതു്.

കോടതിയലക്ഷ്യക്കേസിലെ പ്രതികൾ ഓരോ അവധിക്കും ഹാജരാകണമെന്നാണു് ചട്ടം. (ചീഫ് സെക്രട്ടറിയുടെ ദുർവിധി ഓർമിക്കുക) വാഹനാപകടത്തിൽ പരിക്കുപറ്റി ചികിൽസയിലായിരുന്നു മാതൃഭൂമി പത്രാധിപർ നവംബർ 9-നു് സട്രെക്ചറിൽ കോടതിയിൽ ഹാജരായി കോടതി നടപടികളിൽ തുടർന്നു ഹാജാരാകുന്നതിൽനിന്നു് ഒഴിവാക്കണമെന്ന ഹർജിയിൽ തീരുമാനമൊന്നും കൈക്കൊള്ളാഞ്ഞതിനാൽ സ്ട്രെക്ചറിനെ ശരണം പ്രാപിക്കയേ ഗതിയുണ്ടായിരുന്നുള്ളു എന്നാണു് പത്രാധിപരുടെ പക്ഷം നേരിട്ടു് ഹാജരാകുന്നതിൽനിന്നു് ടിയാനെ നേരത്തേതന്നെ ഒഴിവാക്കിയിരുന്നുവെന്നാണു് ന്യായാധിപരുടെ ന്യായവാദം.

കോടതിയിൽനിന്നു തിരിച്ചുപോയ ശേഷം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കിടന്നു ഗോപാലകൃഷ്ണൻ നടത്തിയ പത്രസമ്മേളനം സ്ഫോടനാത്മകം തന്നെയായിരുന്നു. ഒരു ന്യായാധിപന്റെ പേരെടുത്തു് പറഞ്ഞു് പത്രാധിപർ ആക്ഷേപം ചൊരിഞ്ഞു: “…എന്നെ നേരിട്ടു് ഹാജരാക്കുന്നതിൽനിന്നു് നേരത്തെ ഒഴിവാക്കിയെന്നു പറയുന്നതു് ജഡ്ജിക്കു് മാത്രമറിയാവുന്ന രഹസ്യമാണു്. ജഡ്ജി ഇങ്ങനെ പറഞ്ഞതു്. എന്തുകൊണ്ടാണെന്നറിയില്ല നേരിട്ടു് ഹാജരാകുന്നതിൽനിന്നു് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു് പരിശോധിക്കാനായി ഹൈക്കോടതിയിൽ അന്വേഷിച്ചപ്പോൾ ഫയൽ പത്രലേഖകർക്കു് ലഭ്യമാക്കിയില്ല. ഫയൽ രഹസ്യരേഖയല്ലെന്നിരിക്കെ എന്തുകൊണ്ടാണു് അതു് ലഭ്യമാക്കാത്തതെന്നും വ്യക്തമല്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഞാൻ നേരിട്ടു് ഹാജരാകുമ്പോൾ ഇതു് നാടകമാണെന്നു് ജഡ്ജി തന്നെ വിലയിരുത്തുന്നതു് ജഡ്ജിയുടെ തന്നെ കോടതി നടപടികളോടുള്ള ബഹുമാനമില്ലായ്മയാണു് പ്രകടമാക്കുന്നതു്… പൊതുതാൽപര്യം മുൻനിറുത്തി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ പേരിൽ ഈ കോടതി സ്വീകരിച്ച നടപടികളിൽ വൈരനിര്യാതനബുദ്ധി നിഴലിക്കുന്നു. ഇതു് കോടതിയുടെ അന്തസ്സിനും നിക്ഷ്പക്ഷതക്കും കളങ്കമാണു്.”

നിർണായക ഘട്ടത്തിൽ പത്രാധിപർക്കു് അതിശക്തമായ പിന്തുണ കിട്ടിയതു്. വി. ആർ. കൃഷ്ണയ്യരി ൽനിന്നാണു്. (നാലു് പതിറ്റാണ്ടുകൊണ്ടു് സ്വാമിയും വളരെ മാറി) ന്യൂദൽഹിയിൽ ചെങ്കൽ സൗധത്തിൽ നിലക്കൊള്ളുന്ന അത്യുന്നത നീതിപീഠമായ സുപ്രീംകോടതി ഇടിച്ചുപൊളിക്കണമെന്നു് ജനങ്ങൾ പറയുന്ന ഒരു ദിനമുണ്ടാകും എന്നു പറഞ്ഞതുപോലും കോടതിയലക്ഷ്യമായിട്ടില്ല. പിന്നെയാണോ കല്ലുവാതുക്കൽ വിഷമദ്യദുരന്തത്തിലെ ഒരു പ്രതിയെ പരാമർശിച്ചു് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ട് എന്നാണു് കൃഷ്ണയ്യരുടെ ചോദ്യം. കോടതികളെയും കോടതി നടപടികളെയും വിമർശിക്കുന്നതിൽ തെറ്റില്ല. വല്ല പ്രത്യേക കാരണമുണ്ടെങ്കിലേ കോടതിയലക്ഷ്യക്കേസിലെ—എതിർകക്ഷികളോടു് നേരിട്ടു് ഹാജരാകാൻ കൽപിക്കാവൂ.

നവംബർ 9-ാം തീയതിയിലെ ഗോപാലകൃഷ്ണന്റെ പത്രപ്രസ്താവനക്കുശേഷം സംഗതികൾ തികച്ചും സങ്കീർണമാണു്. ജഡ്ജിക്കെതിരായ കുറ്റാരോപണ പത്രികയാണു് ആ പത്രപ്രസ്താവന. അതിലെ പല പരാമർശങ്ങളും കോടതിയലക്ഷ്യമായേക്കും. ജഡ്ജിക്കാണെങ്കിൽ നിഷേധംകുറിപ്പിക്കാനോ അപകീർത്തിക്കേസ് കൊടുക്കാനോ സാധ്യത കാണുന്നതു്.

കേരള കൗമുദിയെ കോടതിയലക്ഷ്യക്കേസുകൾ നിരന്തരം വേട്ടയാടിയപ്പോൾ മാതൃഭൂമിയടക്കം ഒരു പത്രവും ഐക്യദാർഢ്യം പ്രകടിപ്പിച്ചില്ല. ഇപ്പോഴും സ്ഥിതിഗതികൾ വളരെയൊന്നും വ്യത്യസ്തമല്ല. അമ്മായിം കുടിച്ചു പാൽക്കഞ്ഞി എന്ന മട്ടിലൊരു പ്രസ്താവനയിറക്കി, പത്രപ്രവർത്തകയൂണിയൻ കൃതാർഥരായി. കേരളത്തിലെ പത്രലേഖകരെ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ ഓർമിപ്പിക്കുക മാത്രം ചെയ്തുകൊണ്ടു് ഉപസംഹരിക്കട്ടെ: “ജാഗരൂകരായി നിങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. ധീരരും ശക്തരുമായിരിക്കുക. ചെയ്യുന്നതെല്ലാം നിങ്ങൾ സ്നേഹത്തിൽ ചെയ്യുക.” (1 കൊറിന്ത്യർ 16: 13–14).

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Oru Bhadan Kidannukondu Pravesikkunnu (ml: ഒരു ഭടൻ കിടന്നുകൊണ്ടു് പ്രവേശിക്കുന്നു).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Oru Bhadan Kidannukondu Pravesikkunnu, കെ. രാജേശ്വരി, ഒരു ഭടൻ കിടന്നുകൊണ്ടു് പ്രവേശിക്കുന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Dendrobium phalænopsis var statterianum from Reichenbachia Orchids, a painting by Rawpixel . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.