ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകളെ മുൻനിറുത്തി ഒരന്വേഷണം.
ചാക്കിട്ടുപിടിത്തം എന്ന സുകുമാരകലയുടെ ഉപജ്ഞാതാവ് പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനു് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവന.
1955 ഫെബ്രുവരിയിലാണു് ചാക്കിട്ടുപിടിത്തത്തിന്റെ ഒന്നാമങ്കം ഫെബ്രുവരി 8-നു് അവിശ്വാസപ്രമേയത്തിൽ പരാജിതനായ തിരു-കൊച്ചി മുഖ്യമന്ത്രി പട്ടം താണുപിള്ള രാജികൊടുത്തു: നിയമസഭ പിരിച്ചുവിടാൻ രാജപ്രമുഖനെ ഉപദേശിക്കുകയും ചെയ്തു, രാജി സ്വീകരിച്ചെങ്കിലും രാജപ്രമുഖൻ ഉപദേശം ചെവിക്കൊണ്ടില്ല ഭൂരിപക്ഷമില്ലാത്ത മുഖ്യനു് സഭ പിരിച്ചുവിടാൻ പറയാൻ എന്തവകാശം? ഈ മഹനീയ മുഹൂർത്തത്തിലാണു് പനമ്പിള്ളി പി. എസ്. പി.-യിൽനിന്നു് രണ്ടു് എം. എൽ. എ.-മാരെ റാഞ്ചി ഭൂരിപക്ഷം തികക്കുന്നതും മന്ത്രിസഭയുണ്ടാക്കുന്നതും കൊടക്കര കേശവമേനോനും വയലാർ ഇടിക്കുളയുമായിരുന്നു പനമ്പിള്ളിയുടെ ചാക്കിൽ കയറിയതു്.
ഏതാനും മാസങ്ങൾക്കകം പനമ്പിള്ളിയുടെ മന്ത്രിസഭയും തകർന്നു. 1956 മാർച്ച് 11-നു് രാജിക്കത്തു് കൊടുത്തെങ്കിലും പനമ്പിള്ളി നിയമസഭ പിരിച്ചുവിടാൻ ഉപദേശം നൽകിയില്ല. മാർച്ച് 22-നു് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുവരെ പിടിച്ചുനിൽക്കേണ്ടിയിരുന്നു. അതിനിടെ എതിരാളികൾ മന്ത്രിസഭയുണ്ടാക്കാനും പാടില്ല. കമ്യൂണിസ്റ്റ്-പി. എസ്. പി., ആർ. എസ്. പി., കെ. എസ്. പി. കക്ഷികൾ യോജിച്ചു് മന്ത്രസഭയുണ്ടാക്കാൻ ശ്രമം തുടരവെ പനമ്പിള്ളി ചാക്കിടൽ തന്ത്രം വിജയകരമായി പ്രയോഗിച്ചു—ആർ. എസ്. പി.-യിലെ ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയായിരുന്നു ഇര.
തിരു-കൊച്ചി രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ ചെങ്ങാരപ്പള്ളിയുടെ കാലുമാറ്റവും അതുമായി ബന്ധപ്പെട്ട അണിയറ നാടകങ്ങളുമെല്ലാം ഈയിടെ കറന്റു ബുക്സ് പ്രസിദ്ധീകരിച്ച ‘ചെങ്ങാരപ്പള്ളിയുടെ ഡയറിക്കുറിപ്പുകൾ അനാവരണം ചെയ്യുന്നു. 1940–56 കാലത്തു് എഴുതിയ കുറിപ്പുകളാണു് സമാഹരിക്കപ്പെട്ടിരിക്കുന്നതു്. തിരുവിതാംകൂർ രാഷ്ട്രീയത്തെപ്പറ്റി, വിശിഷ്യ കെ. എസ്. പി.-ആർ. എസ്. പി. കക്ഷികളുടെ ഉദ്ഭവത്തെയും വളർച്ചയെയുംപറ്റി പഠിക്കുന്നവർക്കു് അമൂല്യമായ വിവരങ്ങളാണു് ഈ ഗ്രന്ഥത്തിലുള്ളതു്.
അളവറ്റ സമ്പത്തിനുടമയും കലാ-സാഹിത്യ രസികനുമായ ഒരു മലയാള ഭൂസുരൻ സുരാപാനത്തിൻ വിപ്ലവസോഷ്യലിസത്തിനും അടിമയായി നശിക്കുന്നതിന്റെ സത്യസന്ധമായ ചിത്രം ഈ കുറിപ്പുകളിലുണ്ടു്. അടിസ്ഥാനപരമായി രാഷ്ട്രീയ ജീവിയല്ല നാരായണൻപോറ്റി ഗംഭീരമായ സദ്യകൾ നടത്തലും പുലരും വരെ കണ്ണിമയ്ക്കാതെ കഥകളി കാണലുമൊക്കെയാണു് അദ്ദേഹത്തിനു് ഹരം. 1946-ലാണു് പോറ്റി എൻ. ശ്രീകണ്ഠൻനായരുടെ പാർശ്വവർത്തിയാകുന്നതും സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതും.
1952-ലെ തെരഞ്ഞടുപ്പിൽ തകഴി നിയോജകമണ്ഡകത്തിൽനിന്നു് ആർ. എസ്. പി. സ്ഥാനാർത്ഥിയായാണു് ചെങ്ങാരപ്പള്ളി ആദ്യം നിയമസഭയിലെത്തുന്നതു്. 1954-ൽ വിജയം ആവർത്തിച്ചു. പോറ്റി ശ്രീകണ്ഠൻനായരിൽ നിന്നു് അകലുന്നതും പനമ്പിള്ളി ആ അകൽച്ച സമർഥമായി ചൂഷണം ചെയ്യുന്നതും ഡയറിക്കുറിപ്പുകളിൽ കാണാം.
1955 ഫെബ്രുവരി 14-നു് പനമ്പിള്ളിയുടെ നേതൃത്വത്തിൽ അഞ്ചംഗ മന്ത്രിസഭ അധികാരമേൽക്കുന്നു. ഏപ്രിൽ 4-നു് പബ്ലിക് അകൗണ്ട്സ് കമ്മിറ്റിയിൽനിന്നു് ചെങ്ങാരപ്പള്ളിക്കു് പിന്മാറേണ്ടിവന്നു. നേരത്തെ തന്നെ പ്രാക്കുളം ഭാസി ക്കു് തൽസ്ഥാനത്തു കയറണം എന്നാഗ്രഹമുണ്ടായിരുന്നുതാനും. ജൂൺ 15-നു് ശ്രീകണ്ഠൻ ചേട്ടനു് തന്നോടുള്ള താൽപര്യക്കുറവിനു കാരണം എന്താണെന്നു് അന്വേഷിച്ചുകൊണ്ടു് പോറ്റി മഹേശ്വരിയമ്മക്കു് കത്തെഴുതുന്നു. ജൂൺ 25 ആകുമ്പോഴേക്കും തന്നെ പാർട്ടിയുടെ ശത്രുവായിക്കാണുന്ന പുങ്കന്മാരുടെ വലയിൽ ശ്രീകണ്ഠൻനായർ കൂടി വീണോ എന്നും അദ്ദേഹത്തിനു് സംശയമായി. ആഗസ്റ്റ് 11-ആം തീയതി രാത്രി ശ്രീകണ്ഠൻനായർ വന്നു് രാഷ്ട്രീയവും വ്യക്തിപരവുമായ കുറെ കാര്യങ്ങൾ സംസാരിച്ചു. ശ്രീകണ്ഠൻനായർ തന്നെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങൾകൊണ്ടുതന്നെ പോറ്റി പ്രത്യസ്ത്ര പ്രയോഗം ചെയ്തു. “കണ്ട എരപ്പാളികളുടെ സൈഡ് പിടിച്ചു് എന്നെ കുത്താൻ വന്നാൽ ന്യായമാർഗത്തിൽനിന്നു് വ്യതിചലിക്കാത്ത എന്റെ പക്കൽ അവരെ കൊമ്പുകുത്തിക്കുവാനുള്ള ധാർമിക ശക്തിയെങ്കിലുമുണ്ടു്”.
സെപ്റ്റംബർ 17-നു് കൊല്ലത്തുകൂടിയ ആർ. എസ്. പി. പാർലമെന്ററി പാർട്ടി യോഗത്തിൽ പി. കെ. യശോധരനും മറ്റും ശ്രീകണ്ഠൻനായരുടെ ഒത്താശയോടെ പോറ്റിക്കെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചു, നിങ്ങളൊരു യോഗ്യനാണെന്നു് ഹരിപ്പാട്ടുകാർ ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു യശോധരന്റെ ചോദ്യം. ഇതിനെ അപലപിച്ചു കൊണ്ടു് 19-ആം തീയതി പോറ്റി പാർലമെന്ററി പാർട്ടി സെക്രട്ടറി കെ. ബാലകൃഷ്ണനു കത്തെഴുതി.
പോറ്റി ആർ. എസ്. പി.-യിൽ നിന്നു് രാജിവെയ്ക്കും എന്ന പത്രവാർത്തയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 20-നു് കോൺഗ്രസുകാർ സംഭാവന പിരിവിനു് ഇല്ലത്തുചെന്നു. പാർട്ടിയോടുള്ള ബന്ധത്തിനു് അടുത്ത കാലത്തുണ്ടായ ഉലച്ചിലിനെപ്പറ്റി 26-നു് തീയതി കെ. ബാലകൃഷ്ണനോടും കെ. എസ്. കൃഷ്ണനോടും സംസാരിച്ചു. നിയമസഭാ സമ്മേളനം തുടരുംവരെ നിലവിലുള്ള സ്ഥിതി തുടരണമെന്ന അവരുടെ അഭ്യർഥന മാനിച്ചു. അതിനിടെ ചെങ്ങാരപ്പള്ളിയെ ചാക്കിൽ കയറ്റാനുള്ള ദൗത്യവുമായി “സ്ഥലത്തെ ഒരു മികച്ച ധനാഢ്യനും മുതലാളിയും അതുകൊണ്ടു് കോൺഗ്രസുകാരനുമായ” ഏവരത്തുകിഴക്കതിൽ മാത്തുക്കൂട്ടി (ഇ. കെ. മാത്യു) രംഗത്തിറങ്ങി.
ഒക്ടോബർ അഞ്ചാം തീയതി നിയമസഭാ സമ്മേളനം ആരംഭിച്ചു. സെക്രട്ടറിയേറ്റിലേക്കു് ഇരച്ചുകയറിയ തൊഴിലാളി സഖാക്കളെ പോലീസ് പൊതിരെ തല്ലി. എന്തൊക്കെയാണുണ്ടാകാൻ പോകുന്നതെന്നു് പാർട്ടിക്കാരെ അറിയിക്കുകപോലും ചെയ്യാതെ പാർട്ടിയുടെ അംഗീകാരം വാങ്ങുന്നകാര്യം പറയുകയേ വേണ്ട. ശ്രീകണ്ഠൻനായർ ഇതൊക്കെ ചെയ്യുന്നതിൽ ചെങ്ങാരപ്പള്ളിക്കു കടുത്ത നീരസം. ബേബിജോൺ, ജി. ഗോപിനാഥൻ നായർ. പ്രാക്കുളം ഭാസി തുടങ്ങിയ നന്ദികേശ്വര പ്രഭൃതികളായ ഭൂതഗണങ്ങളുടെ പിന്തുണയും നേതാവിനുണ്ടു്.
ഒക്ടോബർ 6-നു് മാത്തുക്കുട്ടി മുതലാളി വീണ്ടും പ്രത്യക്ഷനായി. അന്നു രാത്രി പി. സി. സി. പ്രസിഡന്റ് എ. പി. ഉദയഭാനു വിന്റെ വസതിയിലേക്കും പിറ്റേന്നു് പാലാഴിയിൽ പള്ളികൊള്ളുന്ന പനമ്പിള്ളിയുടെ സന്നിധാനത്തിലേക്കും പോറ്റിയെ നയിച്ചു. വാഗ്ദാനങ്ങൾ പ്രലോഭനങ്ങൾ ആകർഷണങ്ങൾ—ആർ. എസ്. പി.-യുടെ നൈസർഗികമായ ദൗർബല്യങ്ങളെയും മഹത്തായ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അപദാനങ്ങളെയും പറ്റി മൂർച്ചയേറിയ വാദമുഖങ്ങൾ!
ഏതായാലും ഒക്ടോബർ എട്ടിനു് ആർ. എസ്. പി.-യിൽനിന്നുള്ള രാജിക്കത്തു് ചെങ്ങാരപ്പള്ളി സ്പീക്കറെയും പാർട്ടി ലിഡർ ടി. കെ. ദിവാകരനെ യും ഏൽപിച്ചു. പാർട്ടിക്കാരെല്ലാവരും കണ്ണീർ പൊഴിച്ചുകൊണ്ടു് പിറകെ വരികയും യശോധരനും മറ്റും ഉന്നയിച്ച കുറ്റാരോപണങ്ങൾ പിൻവലിക്കുകയും ചെയ്തപ്പോൾ സ്പീക്കറെക്കണ്ടു് രാജിക്കത്തു് തിരികെ വാങ്ങി. ഒക്ടോബർ 13-നു് പനമ്പിള്ളിക്കെതിരെ ടി. കെ. ദിവാകരൻ അവതരിപ്പിച്ച അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സെക്രട്ടറിയേറ്റു നടയിൽ ശ്രീകണ്ഠൻനായർ നടത്തിയ നിരാഹാര സത്യഗ്രഹം കൂടുതലൊന്നും നേടാതെ 150-ാം തീയതി അവസാനിച്ചു. ഒരു വിപ്ലവപ്പാർട്ടിയുടെ നേതൃത്വത്തിനു വേണ്ട യോഗ്യതകൾ അൽപംപോലുമില്ലാത്ത ഒരാളാണു് ശ്രീകണ്ഠൻ നായർ എന്നു് പോറ്റിക്കു തോന്നി.
1956 ഫെബ്രുവരി 27-നു് ബജറ്റു സമ്മേളനം ആരംഭിക്കുമ്പോഴേക്കും പനമ്പിള്ളിയുടെ നില പരിതാപകരമായി. പി. സി. സി. പ്രസിഡന്റ് സ്ഥാനത്തേക്കു് മൽസരിച്ചു് ഉദയഭാനുവിനോടു തോറ്റ കുമ്പളത്തു ശങ്കരപ്പിള്ള ചന്ദ്രഹാസമെടുത്തു. പനമ്പിള്ളിയോടു് എതിർപ്പുണ്ടായിരുന്ന ടി. എം. വർഗീസും കെ. എം. കോരയും കുമ്പളത്തോടൊപ്പം കൂടി. പെരുന്നയിൽ കോളേജുദ്ഘാടനത്തിനു് പൈപ്പിട്ടു് വെള്ളം എത്തിക്കാമെന്ന വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ മന്നത്തപ്പൻ വട്ടം ഉടക്കി. തിരുവിതാംകൂറിന്റെ തെക്കൻ താലൂക്കുകൾ തമിഴ്‌നാടിനു വിട്ടുകൊടുത്തതായിരുന്നു വിമതന്മാരുടെ തുറുപ്പുചീട്ടു്. അഖണ്ഡ കേരള വാദികളായ ആറു് എം. എൽ. എ.-മാർ—നാലു നായർ, രണ്ടു നസ്രാണി—പാലം വലിച്ചു.
അഖണ്ഡന്മാർ അസംബ്ലിയിൽനിന്നു് വിട്ടുനിന്നിട്ടും പനമ്പിള്ളി പതിനെട്ടടവും പയറ്റി ധനവിനിയോഗ ബില്ലുകൾ പാസാക്കിയെടുത്തു. സഭയിൽ ഭൂരിപക്ഷമുള്ളപ്പോൾതന്നെ മാർച്ച് 11-നു് പനമ്പിള്ളി രാജികൊടുത്തു. കെയർടേക്കറായി തുടർന്നു. പട്ടത്തിന്റെ നേതൃത്വത്തിൽ ബദൽ മന്ത്രിസഭക്കു നീക്കം നടക്കവെ പനമ്പിള്ളി ചെങ്ങാരപ്പള്ളിയെ റാഞ്ചി. അതിനു മുമ്പുതന്നെ ഇ. കെ. മാത്യുവിനെയും എം. എൽ. എ.-മാരായ കെ. കരുണാകരൻ, ടി. വി. അച്യുതമേനോൻ എന്നിവരെയും ദൂതന്മാരായി പോറ്റിയുടെ അടുത്തേക്കയച്ചിരുന്നു.
മാർച്ച് 17-നു്, ഇനിയും കോൺഗ്രസ് മന്ത്രിസഭ തന്നെ നിലവിൽവരുമെന്നും എങ്ങനെയെങ്കിലും സഹായിച്ചേ മതിയാവൂ എന്നും പറഞ്ഞു് ഏവരത്തു കിഴക്കതിൽ മാത്തുകുട്ടി വന്നു. നല്ലവണ്ണം ബോറടിച്ചു… രാത്രി അസമയങ്ങളിലാണു് ഈ വിവരം അവതിപ്പിക്കാൻ മാത്തുകുട്ടി സമയം കണ്ടുപിടിക്കുക! പട്ടത്തിനു നൽകിയ പിന്തുണ പിൻവലിക്കുന്നതായി ഒരു കത്തു് മാർച്ച് 21-നു് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ ഏൽപിച്ചു. പാർട്ടിക്കാരുടെ സ്നേഹവായ്പിനെ ഭയന്നു് കന്യാകുമാരിയിലേക്കും അവിടെനിന്നു് നാഗർകോവിലിലേക്കും മുങ്ങി. ചെങ്ങാരപ്പള്ളിയെ പനമ്പിള്ളി ക്ലിഫ്ഹൗസിൽ തടവിലാക്കിയിരിക്കുന്നു എന്നു് പരാതിപ്പെട്ടു് ശ്രീകണ്ഠൻനായർ കോടതിയെ സമീപിച്ചു. തനിക്കു് അപകടമൊന്നുമില്ലെന്നു കാണിച്ചു പോറ്റി ഐ. ജി.-ക്കും ജില്ലാ മജിസ്ട്രേറ്റിനും കത്തുകളെഴുതി; പത്രങ്ങൾക്കു പ്രസ്താവനയും നൽകി. നാഗർകോവിലിൽനിന്നു തിരുനെൽവേലിയിലേക്കു പോയി. മാർച്ച് 22-നു് രാജ്യസഭാ തെരഞ്ഞെടുപ്പു് സമംഗളം കഴിഞ്ഞു; കോൺഗ്രസ് സ്ഥാനർത്ഥി വിജയിച്ചു. 24-നു് പനമ്പിള്ളിയുടെ ശിപാർശയനുസരിച്ചു് നിയമസഭ പിരിച്ചുവിടുകയും ചെയ്തു.
ഡയറിക്കുറിപ്പിൽ ചെങ്ങാരപ്പള്ളി പരാമർശിക്കാതെ വിട്ട നാമധേയം എ. എ. റഹീമി ന്റേതാണു്. പനമ്പിള്ളി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു റഹീം. ചാക്കിട്ടു പിടിത്തത്തിൽ താൻ വഹിച്ച പങ്കിനെപ്പറ്റി റഹിം അനുസ്മരിക്കുന്നു: “കോൺഗ്രസിലേക്കു വരാമെന്നു വാക്കുതന്ന ആർ. എസ്. പി. അംഗമായിരുന്ന ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയെ തന്ത്രത്തിൽ ഞാൻ പനമ്പിള്ളിയുടെ ഔദ്യോഗിക വസതിയെ ക്ലിഫ് ഹൗസിലെത്തിച്ചു. ആർ. എസ്. പി. മെമ്പറായിരുന്ന പോറ്റിയുടെ കാലുമാറ്റം പ്രതീക്ഷിക്കാതിരുന്ന ശ്രീകണ്ഠൻനായർ പോറ്റിയെ തട്ടിക്കൊണ്ടു് പോയെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. കോടതിയുടെ വാറണ്ടുപ്രകാരം ക്ലിഫ്ഹൗസിൽ സെർച്ച് നടക്കുമെന്നു് മുൻകൂട്ടി മനസ്സിലാക്കിയ ഞാൻ ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയെ ഹോട്ടൽ അരിസ്റ്റോയിലെത്തിക്കുകയും അന്നു രാത്രി തന്നെ അവിടെനിന്നും നാഗർകോവിലിലേക്കു മാറ്റുകയും ചെയ്തു. രണ്ടുമൂന്നു ദിവസത്തിനു ശേഷം തിരുനെൽവേലിയിലെ ഒരു ലോഡ്ജിലേക്കു മാറ്റി താമസിപ്പിച്ചു. പോറ്റിയുടെ തിരോധാനം പ്രതിപക്ഷത്തെ പ്രത്യേകിച്ചു് ശ്രീകണ്ഠൻ നായരെ ജ്വലിപ്പിക്കാൻ പര്യാപ്തമായിരുന്നു.”
സ്വതന്ത്ര തിരുവിതാംകൂറിന്റെ വക്താവായി പൊതുരംഗത്തു് വരികയും സ്വാതന്ത്ര്യാനന്തരം കോൺഗ്രസുകാരാനാവുകയും ചെയ്തയാളാണു് എ. എ. റഹിം. 1948-ലെ ആദ്യ തെരഞ്ഞടുപ്പിൽ കോൺഗ്രസോ മുസ്ലിംലിഗോ സീറ്റു കൊടുക്കാതിരുന്നപ്പോൾ ഇടതുപക്ഷപിന്തുണയോടെ മൽസരിച്ചു. അടുത്ത തവണ കോൺഗ്രസ് സ്ഥാനാർഥിയായിത്തന്നെ മൽസരിച്ചു തോറ്റു. മൂന്നാമത്തെ പരിശ്രമത്തിൽ (1954) വിജയിച്ചു. മന്ത്രിയുമായി. പനമ്പിള്ളിയെപ്പോലെ റഹീമും പിന്നിടു് കേന്ദ്രമന്ത്രിയായി.
റഹീം-പനമ്പിള്ളിമാരുടെ മഹനീയ മാതൃക പിന്തുടരാൻ പിന്നെയും ആളുകളുണ്ടായി; ഒന്നാം ഇ. എം. എസ്. മന്ത്രിസഭയുടെ കാലത്തു് കമ്യൂണിസ്റ്റ് എം. എൽ. എ.-മാരെ പിടിക്കാൻ ചാക്കും നോട്ടുകെട്ടുകളുമായി രംഗത്തിറങ്ങിയതു്. കുളത്തുങ്കൽ പോത്തൻ. ആര്യനാട്ടെ ബാലകൃഷ്ണപിള്ളയും വർക്കലനിന്നു ജയിച്ച ശിവദാസനും ഏറക്കുറെ ചാക്കിൽ കയറിയതുമായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി എം. എൻ. ഗോവിന്ദൻ നായർ അതിലും ഭയങ്കരനായിരുന്നു. “തന്തയില്ലായ്മത്തരം ആരു കാണിച്ചാലും ഞാൻ പൊറുക്കില്ല ഏതെങ്കിലും എം. എൽ. എ.-മാർ ഗവൺമെന്റിനെയോ പാർട്ടിയെയോ ഒറ്റിക്കൊടുക്കുമെന്നു ഞാൻ കരുതുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്താൽ അവരോടു് രാഷ്ട്രീയ ഭാഷയിലല്ല സംസാരിക്കുക”. എം. എന്നിന്റെ ഭീഷണിക്കുമുന്നിൽ എം. എൽ. എ.-മാർ ഒതുങ്ങി. കർണാടക സമിതിക്കാരനായ ഉമേഷറാവു മാത്രമേ കോൺഗ്രസിന്റെ ചാക്കിൽ കയറിയുള്ളു.
1964-ൽ പതിനഞ്ചു് എം. എൽ. എ.-മാർ വേറെ ഗ്രൂപ്പായി മന്ത്രിസഭയെ അട്ടിമറിക്കാൻ ഒരുങ്ങിയപ്പോൾ ആർ. ശങ്കറിനും ചാക്കിന്റെ ഉപയോഗം പിടികിട്ടി. അവിശ്വാസപ്രമേയത്തിനു് നോട്ടിസു കൊടുത്ത പി. കെ. കുഞ്ഞി നെത്തന്നെ റാഞ്ചിയെങ്കിലും വിരുദ്ധന്മാർ കുഞ്ഞിനെ തിരിച്ചുപിടിച്ചു. സ്വജാതിക്കാർഡുമായി പി. വിശ്വംഭരനെ സമീപിച്ചവരും നിരാശപ്പെടേണ്ടി വന്നു എല്ലാ ശ്രമവും പരാജയമടഞ്ഞു: മന്ത്രിസഭ രാജിവെക്കേണ്ടിവന്നു.
പിന്നീടു് ഒന്നാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണു് (1969–70) എം. എൽ. എ.-മാർക്കു് വിലകൂടിയതു്. എം. കെ. ജോർജിനെയും കെ. സി. സക്കറിയ യെയുമൊക്കെ ഭരണപക്ഷത്തു് ‘ഉറപ്പിച്ചു’ നിറുത്താൻ എത്ര പണമാണു്. എത്ര ലിറ്റർ മദ്യമാണു് ചെലവായതു്!
കേരള രാഷ്ട്രീയം കണ്ട ഏറ്റവും മനോഹരമായ ചാക്കിട്ടു പിടിത്തമുണ്ടായതു് (1986-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടാമത്തെ ഗോൾപോലെയുള്ള ഒന്നു്) 1979-ൽ സി. എച്ച്. മന്ത്രിസഭയുടെ കാലത്താണു്. ഗോൾ നേടിയതു് പനമ്പിള്ളിയുടെ വൽസലശിഷ്യൻ കെ. കരുണാകരൻ. കഥാപുരുഷൻ റാന്നി എം. എൽ. എ.-യായിരുന്നു പ്രൊഫ. കെ. എ. മാത്യു. മാർക്സിസ്റ്റു പാർട്ടി മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ കെ. എം. മാണി യുടെ മനസ്സിളകി. അദ്ദേഹം മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു. മുഹമ്മദു കോയ ത്രിശങ്കുവിലായി “രണ്ടും രണ്ടും കൂട്ടിയാൽ എപ്പോഴും നാലാകില്ല. രാഷ്ട്രീയത്തിൽ അതു ചിലപ്പോൾ മൂന്നും മറ്റുചിലപ്പോൾ അഞ്ചുമാകും” എന്നു് കരുണാകരൻ പറഞ്ഞപ്പോൾ മാണിസാറിനു കാര്യം മനസ്സിലായില്ല. താൻ മാണി ഗ്രൂപ്പിൽ ‘അനുസ്യൂതം’ ഉറച്ചുനിൽക്കുമെന്നു് ആണയിട്ട പ്രൊഫ. കെ. എ. മാത്യു നേരം പുലർന്നപ്പോൾ കരുണാകരന്റെ ചാക്കിൽ കയറി. വ്യവസായ വകുപ്പിന്റെ ചുമതലക്കാരാനായി പ്രൊഫസർ നവംബർ 16-നു് സത്യവാചകം ചൊല്ലി. എന്തുചെയ്യാം രണ്ടാഴ്ചയേ നീണ്ടുള്ളു മന്ത്രിയുദ്യോഗം. എ. കെ. ആന്റണി യും കാലുവാരി. ഡിസംബർ ഒന്നാം തീയതി മന്ത്രിസഭ രാജിവെച്ചു. നിർണായക സമയത്തു് ചാക്കിൽ കയറിയ മാത്യുസാറിനെ കരുണാകരനും പി. ജെ. ജോസഫും കൈയൊഴിഞ്ഞില്ല. 1980-ലെ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ കല്ലുപ്പാറ സീറ്റിൽ അദ്ദേഹത്തെ നിറുത്തി വിജയിപ്പിച്ചു.
റാന്നിയുടെ തൊട്ടടുത്ത മണ്ഡലമാണു് പത്തനംതിട്ട. മന്ത്രിപദത്തിനു വേണ്ടിയാണു് പ്രൊഫ. കെ. എ. മാത്യു കരുണാകരന്റെ ചാക്കിൽ കയറിയതെങ്കിൽ നാടിനും നാട്ടാർക്കും വേണ്ടിയാണു് കെ. കെ. നായർ അതേ ചാക്കിൽ ചെന്നുകയറിയതു്. 1981-ൽ ഒന്നാം നായനാർ മന്ത്രിസഭ തകർന്നു് നിയമസഭ സസ്പെൻഡു ചെയ്ത സമയം. ബദൽ മന്ത്രിസഭയുണ്ടാക്കാൻ കരുണാകരൻ ഓടിനടക്കുന്നു ആന്റണി മാണി ഗ്രൂപ്പുകളെയും ജനതാപാർട്ടിയിലെ ഒരു വിഭാഗത്തെയും കടവൂർ ശിവദാസനെ യും കൂട്ടിയാലും എഴുപതുപേരേ ആകുന്നുള്ളു. ഭൂരിപക്ഷത്തിനു് പിന്നെയും ഒരാൾ കൂടിവേണം കരുണാകരൻ കെ. കെ. നായരെ സമീപിച്ചു. 1965 മുതൽ പത്തനംതിട്ടയിൽ മാർക്സിസ്റ്റു സ്വതന്ത്രനായി മൽസരിക്കുന്നയാളാണു് നായർ. 1980-ൽ സീറ്റുകിട്ടാഞ്ഞതു കൊണ്ടു് റെബലായി മൽസരിച്ചു ജയിച്ചു. അതുവരെ ഇടതുപക്ഷത്തോടു സഹകരിച്ചു പ്രവർത്തിച്ചിരുന്ന കെ. കെ. നായർ ഒറ്റക്കൊരു വരമേ കരുണാകരനോടു ചോദിച്ചുള്ളു—പത്തനംതിട്ട ജില്ല വേണം. പത്തനംതിട്ട തലസ്ഥാനമായി സംസ്ഥാനം ചോദിച്ചിരുന്നെങ്കിലും കരുണാകരൻ കൊടുക്കുമായിരുന്നു. അങ്ങനെ ബദൽ മന്ത്രിസഭയുണ്ടായി പിന്നാലെ (1.11.1982) പത്തനംതിട്ട ജില്ലയും. അന്നുതൊട്ടിന്നോളം പത്തനംതിട്ട എം. എൽ. എ. കെ. കെ. നായർ തന്നെ.
ബദൽ മന്ത്രിസഭയുടെ അന്ത്യവും ചാക്കിട്ടു പിടിത്തത്തിൽതന്നെയായിരുന്നു. സഖാക്കൾ എം. വി. രാഘവനും പി. വി. കുഞ്ഞിക്കണ്ണനും ചേർന്നാണു് മാണിഗ്രൂപ്പിൽനിന്നു് ലോനപ്പൻ നമ്പാടനെ ചാക്കിട്ടതു്. കരുണാകരനെ തിരെ ഇടതുമുന്നണിയുടെ സമനിലഗോൾ കാലുമാറ്റത്തിനു കളമൊരുക്കിയതോ ഒരു പ്രമുഖ പൊലീസുദ്യോഗസ്ഥൻ. ഏതായാലും കാസ്റ്റിംഗ് മന്ത്രിസഭ അതോടെ നിലംപൊത്തി. നമ്പാടൻ മാഷിനു സുരക്ഷിതമായ ഇരിങ്ങാലക്കുട മണ്ഡലം കിട്ടി, 1987-ൽ മന്ത്രിസ്ഥാനവും, പാവം പൊലീസുദ്യോഗസ്ഥന്റെ കാര്യം ഷൾഗവ്യത്തിലായി. ന്യായമായി ലഭിക്കേണ്ട പദവി കിട്ടിയില്ലെന്നു മാത്രമല്ല കണിക്കൽപെടാത്ത സ്വത്തു സമ്പാദനത്തിനു പ്രോസിക്യൂഷനും നേരിടേണ്ടിവന്നു.
1983 അവസാനം കോൺഗ്രസ് (ഐ)യിൽനിന്നു് മൂന്നു് എം. എൽ. എ.-മാരെ റാഞ്ചാൻ കഴിഞ്ഞെങ്കിലും കരുണാകരൻ മന്ത്രിസഭയെ തകർക്കാൻ ഇടതുപക്ഷക്കാർക്കായില്ല. സഖാവു് ബേബിജോൺ അവതിരിപ്പിച്ച അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിന്റെ തലേ രാത്രിയിലാണു് ജോസ് കുറ്റ്യാനിയും സിറിയക് ജോണും കെ. കെ. ബാലകൃഷ്ണനും മറുകണ്ടം ചാടിയതു്. കൃത്യസമയത്തു് ജോസഫ് ഗ്രൂപ്പും മുന്നണി വിടുമെന്നും അങ്ങനെ അവിശ്വാസം പാസാകുമെന്നുമായിരുന്നു മനോരാജ്യം. എന്നാൽ ടി. എം. ജേക്കബി നെ കോടാലിയാക്കി കരുണാകരൻ ആ നീക്കം തകർത്തു. മുന്നണി വിട്ടാൽ പാർട്ടി പിളരുമെന്നു വ്യക്തമായപ്പോൾ ജോസഫ് ഒതുങ്ങി.
പനമ്പിള്ളിക്കളരിയിലെ പരീശിലനവും കേരള രാഷ്ട്രീയത്തിലെ പ്രായോഗിക പരിചയവും കരുണാകരനു അഖിലേന്ത്യാതലത്തിൽ പയറ്റിനേടാൻ സഹായകമായി. 1993 ജൂലായിൽ സകലമാന പ്രതിപക്ഷകക്ഷികളും ഒറ്റക്കെട്ടായി കേന്ദ്രമന്ത്രിസഭയെ എതിർത്തു് അവിശ്വാസം കൊണ്ടുവന്നപ്പോൾ ഝാർഖാണ്ഡ് മുക്തിമോർച്ചയിൽനിന്നും ജനതാദളത്തിൽനിന്നുമൊക്കെയായി ഡസൻകണക്കിനു എം. പി.-മാരെ ചാക്കിട്ടതു് കരുണാകരൻ. കോഴക്കേസിൽ കരുണാകരനെ പ്രതിചേർക്കാൻ തെളിവുകിട്ടിയതുമില്ല.
എന്തൊക്കെ സമ്മർദങ്ങൾ അനുഭവിച്ചു. എത്രയെത്ര വാഗ്ദാനങ്ങൾ ലഭിച്ചു. എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായി എന്നൊക്കെ വിശദീകരിക്കാൻ പ്രൊഫ. കെ. എ. മാത്യൂ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആരോഗ്യപരമായ കാരണങ്ങളാൽ നമ്പാടൻ മാഷും അതിനു് തുനിയാനിടയില്ല. സി. ആർ. ഓമനക്കുട്ടനും രവി ഡി. സി.-യും ചേർന്നു് അച്ചടിച്ചു പ്രസിദ്ധികരിക്കുമെന്നു് മുൻകൂട്ടികണ്ടിരുന്നെങ്കിൽ ഒരു പക്ഷേ, ചെങ്ങാരപ്പള്ളി നാരായണൻപോറ്റി ഡയറി എഴുതുമായിരുന്നുമില്ല. തിരു-കൊച്ചി ഭാഗത്തു് ജനാധിപത്യം പച്ചപിടിച്ചതെങ്ങനെയെന്നറിയണമെങ്കിൽ ഈ പുസ്തകം തന്നെ വായിക്കണം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.