2006 മെയ് 18-ാം തീയതി വ്യാഴാഴ്ച വൈകിട്ടു് നാലുമണിക്കു് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങൾ ആർത്തിരമ്പവേ, സഖാവു് വി. എസ്. അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. കേരളപ്പിറവിക്കുശേഷം പിന്നാക്കസമുദായത്തിൽനിന്നുള്ള മൂന്നാമത്തെ മുഖ്യമന്ത്രി.
1956 നവംബർ ഒന്നിനാണു് തിരുവിതാംകൂർ-കൊച്ചിയും മലബാറും ചേർന്നു് ഐക്യകേരളമുണ്ടായതു്. വിവിധ ഘട്ടങ്ങളിലായി നാലുവർഷത്തോളം സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. 1962 സെപ്റ്റംബർ 26 മുതൽ ’64 സെപ്തംബർ 10 വരെ കഷ്ടിച്ചു് രണ്ടുവർഷമേ ആർ. ശങ്കറി നു് മുഖ്യമന്ത്രിയായിരിക്കാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ചോവന്റെ ഭരണം അസഹ്യമായി; നായന്മാരും നസ്രാണികളും ടാങ്കുവെച്ചു് മന്ത്രിസഭ പൊളിച്ചു. സ്വസമുദായത്തിൽനിന്നു് യാതൊരു പിന്തുണയും ശങ്കറിനു് കിട്ടിയില്ല. 1965-ൽ നിയമസഭയിലേക്കും ’67-ൽ ലോക്സഭയിലേക്കും മൽസരിച്ചപ്പോൾ ഡീസന്റായി തോറ്റു. പിന്നീടു് സീറ്റേ കിട്ടിയില്ല. ഇഷ്ടദാനബില്ല് പാസാക്കാൻ വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയതാണു് സി. എച്ച്. മുഹമ്മദ്കോയ യുടെ മന്ത്രിസഭ. ബില്ല് പാസായ ദിവസം മന്ത്രിസഭ അപ്രസക്തമായി. ആദ്യം കെ. എം. മാണി കാലുവാരി, പിന്നാലെ ആദർശവാദി കോൺഗ്രസും, അധികാരമേറ്റു് 51-ാം ദിവസം (1.12.1979) മന്ത്രിസഭ മയ്യത്തായി. ശങ്കർ, കോയ ഭരണകാലവും രാഷ്ട്രപതി ഭരിച്ച നാലുകൊല്ലവുമൊഴിച്ചാൽ നാടുവാണതത്രയും നമ്പൂരി-നായർ-നസ്രാണി മുഖ്യരായിരുന്നു.
ഈഴവരാദി പിന്നാക്ക ഹിന്ദുക്കളും പട്ടികജാതിക്കാരും കമ്യൂണിസ്റ്റ് പാർട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കാണു്. മതിലെഴുതുന്നതും പോസ്റ്ററൊട്ടിക്കുന്നതും മുദ്രാവാക്യം വിളിച്ചു് ജാഥക്കു് പോകുന്നതും പൊലീസിന്റെ തല്ലുവാങ്ങുന്നതും അത്യാവശ്യഘട്ടങ്ങളിൽ വർഗശത്രുക്കളുടെ കുത്തേറ്റുചാകുന്നതും ഇക്കൂട്ടരാണു്. സംസ്ഥാനമുണ്ടായി അരനൂറ്റാണ്ടു തികയുന്ന വേളയിൽ ഇതാ അവരിൽനിന്നൊരാൾ മുഖ്യനുമായി.
മുമ്പു മൂന്നുതവണ ഈഴവനേതാക്കൾ മുഖ്യമന്ത്രിപദത്തിന്റെ വക്കോളമെത്തിയിരുന്നു: 1980-ൽ ടി. കെ. രാമകൃഷ്ണൻ,;87-ൽ കെ. ആർ. ഗൗരിയമ്മ, ’96-ൽ സുശീലാഗോപാലൻ. മൂവരുടെയും സ്വപ്നങ്ങൾ തകർത്തതു് ഇ. കെ. നായനാർ. അച്യുതാനന്ദൻ തന്നെയും മൂന്നാമത്തെ ചാൻസിലാണു് പാസാകുന്നതു്. 1996-ൽ മുന്നണി ജയിച്ചു, വി. എസ്. തോറ്റു; 2001-ൽ വി. എസ്. ജയിച്ചു. മുന്നണി തോറ്റു. ഇത്തവണ വി. എസ്. മുന്നണിയെ വിജയത്തിലേക്കു് നയിച്ചു, വിജയന്റെ തന്ത്രങ്ങളെ അതിജീവിച്ചും മുഖ്യമന്ത്രിപദത്തിലെത്തി.
വി. എസ്. മന്ത്രിസഭയിൽ അവർണ സമുദായങ്ങൾക്കു് നല്ല പ്രാതിനിധ്യം കിട്ടിയിട്ടുണ്ടു്. സവർണർ ഏഴുപേരേയുള്ളൂ—അഞ്ചു നായന്മാർ, രണ്ടു സുറിയാനി ക്രിസ്ത്യാനികൾ. അവർണർ 12 പേരുണ്ടു്—ഈഴവർ 6, മുസ്ലീം 2, ലത്തീൻ 2, ധീവര 1, പട്ടികജാതി 1.
1957 മുതൽക്കുള്ള ചരിത്രം പരിശോധിച്ചാൽ പിന്നാക്ക സമുദായങ്ങളുടെ (പട്ടികജാതിക്കാരൊഴികെ) മന്ത്രിസഭാ പ്രാതിനിധ്യം ക്രമാനുഗതമായി വർധിക്കുന്നതു് കാണാം. 1957-ലെ ഒന്നാം ഇ. എം. എസ്. മന്ത്രിസഭയിൽ രണ്ടു് ഈഴവരും ഒരു മുസ്ലീമുമാണു് ഉണ്ടായിരുന്നതു്. മറുവശത്തു് സിറിയൻ ക്രിസ്ത്യാനികൾ 3, ബ്രാഹ്മണരും നായന്മാരും രണ്ടുവീതം. 1967-ലെ രണ്ടാം ഇ. എം. എസ്. മന്ത്രിസഭയിൽ ഈഴവർ 2, മുസ്ലീം 4, ലത്തീൻ 1 എന്നാണു് പിന്നാക്ക പ്രാതിനിധ്യം, മുന്നാക്കക്കാർ-ബ്രാഹ്മണൻ 1, നായർ 2, സിറിയൻ ക്രിസ്ത്യൻ 2. 1996-ലെ മൂന്നാം നായനാർ സർക്കാറിൽ അഞ്ചു സവർണർ, 8 പിന്നാക്കക്കാർ. ഈഴവർക്കു മാത്രമല്ല, നാടാർ, ധീവര സമുദായംഗങ്ങൾക്കും മന്ത്രിസ്ഥാനം കിട്ടാൻ തുടങ്ങി.
ഇക്കണ്ട കാലത്തിനിടക്കു് പട്ടികജാതിക്കാർക്കുമാത്രം പുരോഗതിയുണ്ടായില്ല. 1957-ലെ ഇ. എം. എസി ന്റെ മന്ത്രിസഭയിൽ ഒരു പട്ടികജാതിക്കാരൻ—പി. കെ. ചാത്തൻ. 2006-ൽ വാഴ്ചയൊഴിഞ്ഞ ഉമ്മൻചാണ്ടി യുടെ മന്ത്രിസഭയിലും ഒരു പട്ടികജാതിക്കാരൻ—എ. പി. അനിൽകുമാർ, സി. എച്ചി ന്റെ ഇഷ്ടദാനമന്ത്രിസഭയിലും കരുണാകർജി യുടെ കാസ്റ്റിംഗ് മന്ത്രിസഭയിലുമൊഴികെ എല്ലാത്തിലുമുണ്ടായിരുന്നു പട്ടികജാതി പ്രാതിനിധ്യം. ഒരുസമയത്തും രണ്ടാമതൊരു പട്ടികജാതിക്കാരനു് മന്ത്രിസ്ഥാനം കിട്ടിയിട്ടില്ലതാനും. നട്ടപ്പോഴും പറിച്ചപ്പോഴും ഒരു കുട്ട.
ആഭ്യന്തരവകുപ്പ് നേരിട്ടു് ഭരിച്ച മുഖ്യമന്ത്രിമാർ പലരുണ്ടു്. എന്നാൽ പട്ടികജാതിക്ഷേമവകുപ്പ് നേരിട്ടു് ഭരിച്ച മുഖ്യൻ ഒന്നേയുണ്ടായിട്ടുള്ളൂ—കെ. കരുണാകരൻ (1982–87). തൊഴിൽരഹിതരായ പട്ടികജാതിക്കാർക്കു് ആനയെ വാങ്ങിക്കൊടുത്തതും ബലാൽസംഗത്തിനിരയാകുന്നവർക്കു് അയ്യായിരം രൂപ ഇനാം പ്രഖ്യാപിച്ചതുമൊക്കെ അക്കാലത്താണു്. അഞ്ചുവർഷവും മുഖ്യൻ നാടൊട്ടുക്കു പാറിനടന്നു് പന്തിഭോജനത്തിൽ പങ്കുകൊണ്ടു. 1984-മാണ്ടു് സെപ്തംബറിൽ ആലുവാ ടൗൺഹാളിൽ നടന്ന സാഹിത്യപരിഷത്തു് സമ്മേളനത്തിൽ “നെല്ലിന്റെ ചോട്ടിൽ മുളയ്ക്കും പുല്ലല്ല, സാധുപുലയൻ” എന്നു് കവിത പാടി സാഹിത്യകാരന്മാരെ ഞെട്ടിക്കുകയുമുണ്ടായി. 1986 മാർച്ചിൽ രാജ്യസഭയിലേക്കു് വന്ന ഒഴിവിൽ പട്ടികജാതിക്കാരൻ തന്നെ വേണമെന്ന് ശാഠ്യം പിടിച്ചു് ടി. കെ. സി. വടുതല യെ തെരഞ്ഞെടുപ്പിച്ചയച്ചതും കരുണാകരൻ. (അങ്ങനെ എ. എ. റഹിമി നെ ഒതുക്കി എന്നു മറ്റൊരു പരമാർഥം).
പട്ടികജാതിക്കാരുടെ കാലദോഷം എന്നേ പറയാവൂ. 1991-ൽ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ കരുണാകരൻ തമ്പ്രാൻ അവരുടെ വകുപ്പു നേരിട്ടു് ഭരിക്കാതെ പന്തളം സുധാകരനെ ഏൽപിച്ചു. ലീഡറുടെ വാൽസല്യഭാജനമായിരുന്നു സുധാകരൻ. പക്ഷേ, ഉപ്പോളം വന്നില്ല ഉപ്പിലിട്ടതു്. 1986-ൽ വടുതലക്കുവേണ്ടി വാശിപിടിച്ച കരുണാകരൻ ’94-ൽ എം. എ. കുട്ടപ്പനെ രാജ്യസഭാംഗമാക്കാനുള്ള ആന്റണിഗ്രൂപ്പുകാരുടെ ശ്രമം വിഫലമാക്കി. കാരണം? ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു, എന്നിലൂടെയല്ലാതെ ഒരു പട്ടികജാതിക്കാരനും രാജ്യസഭയിലെത്തുകയില്ല.
കരുണാകരന്റെ 1982–87 കാലത്തൊഴികെ എല്ലായ്പ്പോഴും പട്ടികജാതിക്കാർക്കു് ഭരിക്കാൻ കിട്ടിയ പ്രധാന വകുപ്പു് പട്ടിക ജാതി-പട്ടികവർഗ ക്ഷേമം ആയിരുന്നു. പുറമെ വല്ല ലൊട്ടുലൊടുക്കുവകുപ്പുകൂടി കിട്ടിയാലായി. കെ. കുഞ്ഞമ്പു വിനു അങ്ങനെ കിട്ടിയതു് റജിസ്ട്രേഷൻ വകുപ്പായിരുന്നു. ചാത്തനു് തദ്ദേശ സ്വയംഭരണം, പി. കെ. രാഘവനു് ഭവനനിർമ്മാണം, കെ. കെ. ബാലകൃഷ്ണനു് ജലസേചനം, വെള്ള ഈച്ചരനും ദാമോദരൻ കാളാശേരി ക്കും സാമൂഹികക്ഷേമം, കെ. രാധാകൃഷ്ണനും എം. എ. കുട്ടപ്പനും യുവജനക്ഷേമം, എ. പി. അനിൽകുമാറിനു് സാംസ്കാരികം, എം. കെ. കൃഷ്ണനു് 1967-ൽ വനവും 1980-ൽ എക്സൈസും കിട്ടിയതാണു് അപവാദം. കരുണാകർജി പട്ടികജാതിക്ഷേമവകുപ്പു ഭരിച്ച കാലത്തു് കെ. കെ. ബാലകൃഷ്ണനു് കിട്ടിയതു് ഗതാഗതവകുപ്പാണു്. പകരക്കാരനായി വന്ന പി. കെ. വേലായുധനു് സാമൂഹികക്ഷേമം. പട്ടികജാതിക്കാരനെ ആഭ്യന്തരമോ ധനകാര്യമോ റവന്യൂവോ വ്യവസായമോ വിദ്യാഭ്യാസമോ ഏൽപിക്കാൻ ഒരു മുഖ്യമന്ത്രിക്കും ധൈര്യം വന്നിട്ടില്ല.
1957-ൽ പട്ടികജാതിക്കാർക്കു് സംവരണം ചെയ്തിരുന്ന മണ്ഡലങ്ങൾ 12 എണ്ണമായിരുന്നു. എല്ലാം ദ്വയാംഗമണ്ഡലങ്ങൾ. നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതിക്കാർ 15 പേർ. കാരണം പൊന്നാനി, വടക്കാഞ്ചേരി, തൃക്കടവൂർ മണ്ഡലങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയതു് പട്ടികജാതിക്കാരായിരുന്നു. അത്തവണ പാലക്കാട് ലോക്സഭാ (ദ്വയാംഗ) മണ്ഡലത്തിലും ഇതുതന്നെ സംഭവിച്ചു. കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പട്ടികജാതി സ്ഥാനാർഥികൾ—വി. ഈച്ചരൻ, പി. കുഞ്ഞൻ—ജയിച്ചു. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തി. എന്നിട്ടും ദേവികുളം ദ്വയാംഗ മണ്ഡലത്തിൽനിന്നു് രണ്ടു പട്ടികജാതിക്കാർ ജയിച്ചുകയറി.
1960-ലെ തെരഞ്ഞെടുപ്പോടെ ദ്വയാംഗമണ്ഡലങ്ങൾ ഇല്ലാതായി. 1965-ൽ ഇപ്പോഴത്തെ സമ്പ്രദായം നിലവിൽവന്നു. അതോടെ, പട്ടികജാതിക്കാർക്കു് ജനറൽ സീറ്റിൽ ജയിക്കാനുള്ള വിദൂര സാധ്യതകൂടി ഇല്ലാതായി. ഇടതുമുന്നണിയാകട്ടെ വലതുമുന്നണിയാകട്ടെ നാലാലൊരു നിവൃത്തിയുണ്ടെങ്കിൽ പട്ടികജാതിക്കാരനു് സംവരണ സീറ്റല്ലാതെ പൊതുസീറ്റ് നൽകില്ല. ഇനി നൽകിയാലും പട്ടികജാതിക്കാരനു് ജനം വോട്ടുചെയ്യില്ല.
1967-ൽ സി. പി. ഐ. ചാത്തൻ മാസ്റ്ററെ ചാലക്കുടിയിൽ മൽസരിപ്പിച്ചു. ചാലക്കുടി ദ്വയാംഗ മണ്ഡലമായിരുന്ന കാലത്തു് രണ്ടുതവണ ജയിച്ച ദേഹവും മുൻമന്ത്രിയുമായിരുന്നു മാസ്റ്റർ. അത്തവണ സംസ്ഥാനത്താകെ കനത്ത ഇടതുതരംഗവുമായിരുന്നു. പക്ഷേ, ചാലക്കുടിയിലെ പ്രബുദ്ധരായ വോട്ടർമാർ പി. പി. ജോർജിനെ യാണു് തെരഞ്ഞെടുത്തയച്ചതു്. അതോടെ സി. പി. ഐ.-ക്കാർക്കു് സൽബുദ്ധി തെളിഞ്ഞു. 1970-ൽ അവർ സഖാവു് ചാത്തനെ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നിറുത്തി ജയിപ്പിച്ചു.
1980-ലാണു് അടുത്ത സാഹസം. ആന്റണി വിഭാഗം കോൺഗ്രസുകാർ കണ്ണൂർ പാർലമെന്റ് സീറ്റിൽ മുൻമന്ത്രി കുഞ്ഞമ്പു വിനെ മൽസരിപ്പിച്ചു. സ്ഥലം കണ്ണൂരായതുകൊണ്ടും എതിരാളി എൻ. രാമകൃഷ്ണനാ യതുകൊണ്ടും സി. പി. എം. പിന്തുണയുണ്ടായതുകൊണ്ടും കുഞ്ഞമ്പു ജയിച്ചു. 1984-ൽ കോൺഗ്രസ് കുഞ്ഞമ്പുവിനെ അടൂർ സംവരണസീറ്റിലേക്കു് മാറ്റി.
2001-ലാണു് മൂന്നാമത്തെ ശ്രമം. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറായിരുന്ന എം. എസ്. ജോസഫിനെക്കൊണ്ടു് ജോലി രാജിവെപ്പിച്ചു് ഇടുക്കിയിൽ ഇടതുസ്വതന്ത്രനാക്കി നിറുത്തി, സി. പി. എം. പട്ടികവർഗക്കാരനാണു് ജോസഫ്. എതിർസ്ഥാനാർഥി മാണിഗ്രൂപ്പിലെ റോഷി അഗസ്റ്റിൻ. തോമാശ്ലീഹായുടെ കാലത്തു് ജ്ഞാനസ്നാനം കൈകൊണ്ടവരുടെ പരമ്പരയിൽപ്പെട്ട സിറിയൻ കത്തോലിക്കൻ. സ്വാഭാവികമായും റോഷി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ഇത്തവണ സി. പി. എം. ഒന്നല്ല രണ്ടു് പട്ടികജാതിക്കാരെ ജനറൽ സീറ്റിൽ പരീക്ഷിച്ചു. കോന്നിയിൽ വി. ആർ. ശിവരാജൻ, തളിപ്പറമ്പിൽ സി. കെ. പി. പത്മനാഭൻ. സിറ്റിംഗ് എം. എൽ. എ.-യും മന്ത്രിയുമായ അടൂർ പ്രകാശി നോടു് ഏറ്റുമുട്ടി ശിവരാജൻ വീരചരമമടഞ്ഞു. പത്മനാഭൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. പൊതുനിയോജകമണ്ഡലത്തിൽ പൊരുതി നിയമസഭയിലേക്കു് ജയിച്ച ആദ്യത്തെ പട്ടികജാതിക്കാരൻ.
സി. കെ. പി. പത്മനാഭന്റെ വിജയകഥയോടു് ചേർത്തുവെച്ചു വായിക്കേണ്ട മറ്റൊരു സംഗതി കൂടെയുണ്ടു്. സി. എം. സുന്ദരവും കെ. എസ്. നാരായണൻ നമ്പൂതിരിയും അംഗങ്ങളല്ലാതായിത്തീർന്ന 1996 മുതൽ നിയമസഭയിൽ ബ്രാഹ്മണർക്കു് പ്രാതിനിധ്യം തീരെയുമില്ലായിരുന്നു. ഇത്തവണ രണ്ടു് മലയാള ബ്രഹ്മണർ മാർക്സിസ്റ്റ് ടിക്കറ്റിൽ മൽസരിച്ചു് ജയിച്ചു. പാലക്കാട്ട് കെ. കെ. ദിവാകരൻ, കൊട്ടാരക്കരയിൽ ഐഷാപോറ്റി, കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് എം. എൽ. എ.-മാർ ഒന്നടങ്കം സഗൗരവ പ്രതിജ്ഞയെടുക്കുമ്പോൾ ഐഷ ദൈവനാമത്തിൽ സത്യം ചെയ്തതും അൽപമൊരു പുതുമയായി.
സംസ്ഥാനത്തു് സംവരണമണ്ഡലങ്ങൾ 14 എണ്ണമാണു്. 2001-ൽ ഏഴെണ്ണം വീതം ഇരുമുന്നണികളും നേടിയിരുന്നു. ഇത്തവണ സിറ്റിംഗ് സീറ്റുകൾ ഏഴും—ഹോസ് ദുർഗ്, തൃത്താല, കുഴൽമന്ദം, ചേലക്കര, വൈക്കം, കുന്നത്തൂർ, കിളിമാനൂർ—ഇടതുമുന്നണി നിലനിറുത്തി. വടക്കേവയനാട്, ദേവികുളം, ഞാറക്കൽ, നെടുവത്തൂർ മണ്ഡലങ്ങൾ യു. ഡി. എഫിൽ നിന്നു് പിടിച്ചെടുക്കുകയും ചെയ്തു. കുന്ദമംഗലം, വണ്ടൂർ, പന്തളം സീറ്റുകൾ മാത്രമേ ഐക്യമുന്നണിക്കു് നിലനിറുത്താൻ കഴിഞ്ഞുള്ളൂ. സി. പി. എമ്മിലെ ഉൾപ്പോരാണു് കുന്ദമംഗലത്തു് യു. സി. രാമന്റെ യും പന്തളത്തു് കെ. കെ. ഷാജുവിന്റെയും വിജയത്തിനു് വഴിതെളിച്ചതു്. ആധികാരികമായ വിജയം നേടിയതു് വണ്ടൂരിൽ മന്ത്രി എ. പി. അനിൽകുമാർ മാത്രം.
പതിനൊന്നാം കേരള നിയമസഭയിൽ കോൺഗ്രസിനു് പട്ടികജാതിക്കാരായ അഞ്ചംഗങ്ങൾ ഉണ്ടായിരുന്നു. പന്ത്രണ്ടാം നിയമസഭയിൽ അത് ഒരംഗമായി ചുരുങ്ങിയിരിക്കുന്നു. ദേവികുളത്തു് മുമ്പു് മൂന്നു തവണ തുടർച്ചയായി ജയിച്ച എം. കെ. മണിയും നെടുവത്തൂരിൽ രണ്ടുവട്ടം നേടിയ എഴുകോൺ നാരായണനും ഇത്തവണ പരാജയം ഏറ്റുവാങ്ങി. കെ. മുരളീധരൻ മുസ്ലീംലീഗിനു് മറിച്ചുവിറ്റ വടക്കേ വയനാട് യു. ഡി. എഫിനു് കനത്ത തിരിച്ചടി നൽകി. 1970 മുതൽ കോൺഗ്രസ്, സ്ഥാനാർഥികൾ മാത്രം ജയിച്ചുവന്ന മണ്ഡലത്തിൽ കഴിഞ്ഞതവണ രാധാ രാഘവന്റെ ഭൂരിപക്ഷം 13,845 ആയിരുന്നു. ഇത്തവണ സി. പി. എമ്മിലെ കെ. സി. കുഞ്ഞിരാമൻ ജയിച്ചതു് 15,115 വോട്ടിന്റെ വ്യത്യാസത്തിൽ.
ഡോ. എം. എ. കുട്ടപ്പനു പകരം ദൽഹിയിൽനിന്നു് ഇറക്കുമതി ചെയ്യപ്പെട്ട പി. വി. ശ്രീനിജൻ ഞാറക്കലിൽ തോറ്റുതുന്നംപാടി. സുപ്രീംകോടതി ജഡ്ജിയുടെ മകളുടെ ഭർത്താവു് എന്ന പരിഗണന പോലും വൈപ്പിൻകരക്കാർ പ്രകടിപ്പിച്ചില്ല: കേരള ദലിത് ഫെഡറേഷന്റെ ജീവാത്മാവും പരമാത്മാവുമായ പി. രാമഭദ്രൻ കുന്നത്തൂരിൽ തൊപ്പിയിട്ടു. കോവൂർ കുഞ്ഞുമോന്റെ ഭൂരിപക്ഷം 22,573.
ഇടതുപക്ഷത്തു്, സി. പി. എം. ഏഴു സംവരണ സീറ്റുകൾ നേടി—വടക്കേ വയനാട്, തൃത്താല, കുഴൽമന്ദം, ചേലക്കര, ദേവികുളം, ഞാറക്കൽ, നെടുവത്തുർ. സി. പി. ഐ. മൂന്നെണ്ണത്തിലും—ഹോസ് ദുർഗ്, വൈക്കം, കിളിമാനൂർ—ആർ. എസ്. പി. കുന്നത്തൂരും ജയിച്ചു.
പത്താം കേരള നിയമസഭയിൽ സി. പി. ഐ.-ക്കു 18 അംഗങ്ങളുണ്ടായിരുന്നപ്പോൾ അതിൽ മൂന്നുപേർ പട്ടികജാതിക്കാരായിരുന്നു. പതിനൊന്നാം സഭയിൽ അംഗബലം ഏഴായി കുറഞ്ഞപ്പോഴും പട്ടികജാതിക്കാർ മൂന്നുപേർ. ഇത്തവണ എം. എൽ. എ.-മാർ 17 ആയി വർധിച്ചു. അപ്പോഴുമുണ്ടു് മൂന്നു സംവരണ മണ്ഡല പ്രതിനിധികൾ.
സി. പി. ഐ.-ക്കു് നാലു മന്ത്രിസ്ഥാനം കിട്ടിയ നിലക്കു് ഒരു പട്ടികജാതിക്കാരനെങ്കിലും മന്ത്രിയാകുമെന്നു മോഹിച്ചു. ഏതു് മാനദണ്ഡം വെച്ചായാലും ദലിതരെ തഴയാൻ കഴിയില്ല. പാർട്ടിയിലെ സീനിയോറിറ്റിയാണെങ്കിൽ പള്ളിപ്രം ബാലനെ മന്ത്രിയാക്കാം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (34,939) നേടിയ സി. പി. ഐ.-ക്കാരൻ. വിദ്യാഭ്യാസ യോഗ്യതയോ നിയമസഭാ പരിചയമോ ആണു് മാനദണ്ഡമെങ്കിൽ എൻ. രാജനെ മന്ത്രിയാക്കിയേ മതിയാകൂ. എഞ്ചിനീയറിംഗ് ബിരുദധാരിയാണു് രാജൻ; മൂന്നാംതവണ എം. എൽ. എ. ആകുന്നയാളും.
മാർക്സിസ്റ്റുകാരെപ്പോലെയല്ല, സി. പി. ഐ.-ക്കാർ ബുദ്ധിജീവികളാണു്. വിശദമായ ചർച്ചക്കും കൂടിയാലോചനക്കും ശേഷമേ അവർ ഏതുകാര്യവും തീരുമാനിക്കൂ. ആരൊക്കെയാകണം മന്ത്രിമാരെന്നു് ആദ്യം സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൂടി ചർച്ച ചെയ്തു. പിന്നെ സ്റ്റേറ്റ് കൗൺസിൽ, വീണ്ടും എക്സിക്യൂട്ടീവ്, കൗൺസിൽ… ഒടുവിൽ വെള്ളപ്പുക കണ്ടു. നാലു യോഗ്യന്മാരുടെ പേരുവിവരം പ്രഖ്യാപിക്കപ്പെട്ടു.—കെ. പി. രാജേന്ദ്രൻ, ബിനോയ് വിശ്വം, സി. ദിവാകരൻ, മുല്ലക്കര രത്നാകരൻ. നാലുപേരും ശ്രീനാരായണീയർ.
നാനാജാതി മതസ്ഥരായ 24 പേർ ഒരു പാർട്ടിയുടെ സ്ഥാനാർഥികളായി മൽസരിക്കുക, അവരിൽ 17 പേർ ജയിക്കുക, അതിൽ നാലുപേർ മന്ത്രിമാരാകുക, സംഗതിവശാൽ നാലാളും ഒരേ സമുദായക്കാരാകുക—ഇതു് കേരള ചരിത്രത്തിലെ ആദ്യസംഭവമാണു്. (1991-ലും 2001-ലും നാലു വീതം ലീഗുകാർ മന്ത്രിമാരായിട്ടുണ്ടു്. അതു് വേറേ കഥ) കമ്യൂണിസ്റ്റുപാർട്ടി ആയതുകൊണ്ടു് ജനം തെറ്റിദ്ധരിക്കയില്ല എന്നു് സമാധാനിക്കുക.
മന്ത്രിമാരെ തെരഞ്ഞെടുക്കുമ്പോൾ പ്രാദേശിക-സാമുദായിക പരിഗണനകളേക്കാൾ കഴിവിനും പ്രാഗല്ഭ്യത്തിനുമാണു് മുൻഗണന നൽകിയതെന്നു് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടു്. ദലിതരേക്കാൾ കഴിവും പ്രാഗല്ഭ്യവുമുള്ളവരാണു് ഈഴവർ. പട്ടികജാതിക്കാർക്കു് തട്ടിക്കളിക്കാൻ കേവലം മൃഗസംരക്ഷണവകുപ്പെങ്കിലും നൽകാഞ്ഞതു് അതുകൊണ്ടാണു്. സി. പി. ഐ.-ക്കാർ തത്ത്വാധിഷ്ഠിത നിലപാടു് കൈക്കൊണ്ടതോടെ രണ്ടാമത്തെ ദലിത് മന്ത്രി എന്ന സ്വപ്നം പൊലിഞ്ഞു.
സി. പി. എമ്മിൽനിന്നുള്ള പട്ടികജാതി പ്രതിനിധി എ. കെ. ബാലനാ യിരിക്കും എന്നു് ഉറപ്പായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പിണറായി വിജയന്റെ വിശ്വസ്തനുമാണു് ബാലൻ. ഐതിഹാസികമായ കേരള മാർച്ചിൽ ആദ്യവസാനക്കാരനായിരുന്നു. സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിൽ വന്നു. എസ്. എഫ്. ഐ. സംസ്ഥാന പ്രസിഡന്റായിരിക്കെ 1980-ൽ ഒറ്റപ്പാലത്തുനിന്നു് പാർലമെന്റംഗമായി. 1984-ൽ കെ. ആർ. നാരായണനോ ടു തോറ്റു. ഒരിടവേളക്കുശേഷം 2001-ൽ കുഴൽമന്ദത്തുനിന്നു് നിയമസഭാംഗമായി. ഇത്തവണ വൻഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചു.
പതിവുപട്ടികജാതിക്ഷേമവകുപ്പിനു് പുറമെ ബാലനു് കിട്ടിയ വകുപ്പ് കനപ്പെട്ടതാണു്—വൈദ്യുതി. വി. ആർ. കൃഷ്ണയ്യർ, വി. കെ. വേലപ്പൻ, എം. എൻ. ഗോവിന്ദൻ നായർ, പി. കെ. വാസുദേവൻനായർ, കെ. പി. പ്രഭാകരൻ, ആർ. ബാലകൃഷ്ണപിള്ള, ടി. ശിവദാസമേനോൻ, സി. വി. പത്മരാജൻ, ജി. കാർത്തികേയൻ, പിണറായി വിജയൻ, എസ്. ശർമ, കടവൂർ ശിവദാസൻ, ആര്യാടൻ മുഹമ്മദ് എന്നീ പ്രഗല്ഭമതികൾ കൈകാര്യം ചെയ്തതാണു് വിദ്യുച്ഛക്തിവകുപ്പു്. മേൽപ്പറഞ്ഞവർ ആരെക്കാളും മോശമാവില്ല ബാലൻ എന്നു് പ്രത്യാശിക്കുക.
പിണറായി സഖാവിനെ സംബന്ധിച്ചിടത്തോളം ആഭ്യന്തരം കഴിഞ്ഞാൽ ഏറ്റവും പ്രധാന വകുപ്പാണു് വൈദ്യുതി. എസ്. എൻ. സി. ലാവ്ലിൻ ഡമോക്ലിസിന്റെ വാളായി തലക്കുമീതെ തൂങ്ങിനിൽക്കുന്നതുതന്നെ കാരണം. ജി. സുധാകരനെയോ എം. എ. ബേബി യെയോ ഏൽപിക്കാതെ വിദ്യുച്ഛക്തിവകുപ്പ് എ. കെ. ബാലനെ ഏൽപിച്ചതിന്റെ കാരണം ചിന്തനീയമാണു്. ഹിന്ദുസ്ഥാനികാരെയും തിരുവിതാംകൂറുകാരെയും വിശ്വസിക്കാൻ കൊള്ളില്ല. ബാലൻ വിശ്വസ്തരിൽ വിശ്വസ്തൻ.
മന്ത്രിസ്ഥാനത്തേക്കു ബാലനോടൊപ്പം പറഞ്ഞുകേട്ട പേരാണു് കെ. രാധാകൃഷ്ണന്റേ തു്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പോലുമല്ലാത്ത രാധാകൃഷ്ണൻ എങ്ങനെ മന്ത്രിയാകാനാണു്? അതും പിണറായിയുടെ വിശ്വസ്തൻ ബാലനുള്ളപ്പോൾ? മന്ത്രിയാക്കിയില്ലെങ്കിലും തൃശൂർ ജില്ലാ പ്രാതിനിധ്യത്തിനുവേണ്ടി രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്കു് പാർട്ടി നിർദ്ദേശിച്ചു.
ബാലനെപ്പോലെ വിദ്യാർഥിരംഗത്തു നിന്നു് വന്നയാളാണു് രാധാകൃഷ്ണനും. കേരളവർമ കോളജിൽ എസ്. എഫ്. ഐ. സെക്രട്ടറിയായി, ചേലക്കര ഏരിയാസെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായി. ശാസ്ത്രസാഹിത്യപരിഷത്തിലും സാക്ഷരതാപ്രസ്ഥാനത്തിലും മുന്നിട്ടു പ്രവർത്തിച്ചു. 1986–87 കാലത്തു് മന്ത്രിമാരെ വഴിതടഞ്ഞു് പോലീസിന്റെ അടി പൊതിരെ കൊണ്ടു. 1991 ജനുവരിയിൽ ജില്ലാ കൗൺസിലിലേക്കു് ആദ്യമൽസരം. വള്ളത്തോൾ നഗറിന്റെ പ്രതിനിധി, രാധാകൃഷ്ണൻ, പിന്നീടു് ഡി. വൈ. എഫ്. ഐ.-യിലും കർഷകത്തൊഴിലാളി യൂനിയനിലും പ്രവർത്തിച്ചു.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കുഴൽമന്ദംപോലെ ഉറച്ച സീറ്റല്ല, ചേലക്കര. 1967-ൽ പി. കുഞ്ഞനും 1982-ൽ സി. കെ. ചക്രപാണി യും ജയിച്ചതൊഴിച്ചാൽ 1996-വരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്തതത്രയും കോൺഗ്രസുകാർ. ജയസാധ്യത നന്നെക്കുറഞ്ഞ ചേലക്കരയിൽ 1996-ൽ സ്ഥാനാർഥിയായി വന്നതു് കെ. രാധാകൃഷ്ണൻ. എതിരാളി കോൺഗ്രസിലെ ടി. എ. രാധാകൃഷ്ണൻ. വാശിയേറിയ മൽസരത്തിനൊടുവിൽ ചേലക്കരയിൽ ചെങ്കൊടി പാറി. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം 2323.
പത്താം കേരള നിയമസഭയിൽ ദലിത് എം. എൽ. എ.-മാർ പത്തുപേരാണു് ഇടതു പക്ഷക്കാരായി ഉണ്ടായിരുന്നതു്. സി. പി. എം. 6, സി. പി. ഐ. 3, ആർ. എസ്. പി. 1, കുന്ദമംഗലത്തുനിന്നു് മൂന്നാംതവണ തെരഞ്ഞെടുക്കപ്പെട്ട സി. പി. ബാലൻ വൈദ്യരും കുഴൽമന്ദത്തിനിന്നു് രണ്ടാമതും ജയിച്ച എം. നാരായണനും ഉണ്ടായിരുന്നെങ്കിലും കന്നിക്കാരൻ രാധാകൃഷ്ണനാണു് മന്ത്രിയായതു്. വകുപ്പു പഴയതുതന്നെ—പട്ടികജാതിക്ഷേമം. 32-കാരൻ രാധാകൃഷ്ണനായിരുന്നു. മൂന്നാം നായനാർ മന്ത്രിസഭയിലെ ബേബി. യാതൊരു പരാതിക്കും ഇടനൽകാതെ കർത്തവ്യം നിർവഹിച്ച രാധാകൃഷ്ണൻ തന്നെയായിരുന്നു, ഏറ്റവും നല്ല മന്ത്രിയും.
2001-ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളെ നേരിടാൻ മുഖ്യമന്ത്രി നായനാരാ കട്ടെ ഭരണധുരന്ധരന്മാരായ ശിവദാസമേനോൻ, ശർമ, പാലൊളി, സുശീല, രാമകൃഷ്ണന്മാരാകട്ടെ ധൈര്യപ്പെട്ടില്ല. കെ. ഇ. ഇസ്മായിലും പി. ജെ. ജോസഫും കൃഷ്ണൻ കണിയാമ്പറമ്പിലും മൽസരിച്ചു് വീരചരമമടഞ്ഞു. മടിയിൽ കനമില്ലാത്തവനു് വഴിയിൽ ഭയം വേണ്ട. ചേലക്കരയിൽ കെ. രാധാകൃഷ്ണൻ വീണ്ടും മൽസരിച്ചു. ജയിച്ചു. ഭൂരിപക്ഷം 1475. ഇടതുപക്ഷത്തിന്റെ കൊട്ടകൊത്തളങ്ങൾ തകർന്നുവീണ ആ തെരഞ്ഞെടുപ്പിൽ, തൃശൂർ ജില്ലയിൽ സി. പി. എം. ജയിച്ച ഏക സീറ്റ് ചേലക്കര.
ഇടതുതരംഗം ആഞ്ഞടിച്ച ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്റെ ഭൂരിപക്ഷം പത്തിരട്ടിയായി—14,629. ചേലക്കരയിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഭൂരിപക്ഷം. മൂന്നാംവരവിൽ, രാധാകൃഷ്ണൻ കേരള നിയമസഭയുടെ അധ്യക്ഷനുമാകുന്നു.
1957 മുതൽ സ്പീക്കർമാരായിരുന്നവരുടെ പേരുവിവരം നോക്കുക. ആർ. ശങ്കരനാരായണൻ തമ്പി, കെ. എം. സീതിസാഹിബ്, സി. എച്ച്. മുഹമ്മദ്കോയ, അലക്സാണ്ടർ പറമ്പിത്തറ, ഡി. ദാമോദരൻ പോറ്റി, കെ. മൊയ്തീൻകുട്ടിഹാജി, ടി. എസ്. ജോൺ, ചാക്കീരി അഹമ്മദ്കുട്ടി, എ. പി. കുര്യൻ, എ. സി. ജോസ്, വക്കം പുരുഷോത്തമൻ, വി. എം. സുധീരൻ, വർക്കല രാധാകൃഷ്ണൻ, പി. പി. തങ്കച്ചൻ, തേറമ്പിൽ രാമകൃഷ്ണൻ, എം. വിജയകുമാർ ഇക്കൂട്ടത്തിൽ നമ്പൂരിയുണ്ടു്, നായന്മാരുണ്ടു്, നസ്രാണികളുണ്ടു്, ഈഴവരും മുസ്ലീംകളുമുണ്ടു്. ദലിതർ മാത്രം ഇല്ല. (ഭാർഗവി തങ്കപ്പൻ കുറച്ചുകാലം സ്പീക്കറായിരുന്നതു് മറക്കുന്നില്ല)
2006 മെയ് 25 കേരളത്തിലെ ദലിത് മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ സുപ്രധാന ദിവസമാണു്. അന്നാണു് കെ. രാധാകൃഷ്ണൻ നിയമസഭാസ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതു്. ഇടതുമുന്നണിക്കു് ഭൂരിപക്ഷം കിട്ടിയ 1980, 87, 96 വർഷങ്ങളിലൊന്നും വലതുമുന്നണി സ്പീക്കർ സ്ഥാനത്തേക്കു് സ്ഥാനാർഥിയെ നിറുത്തുകയുണ്ടായില്ല. എന്നാൽ ഒരു ദലിതൻ എതിരില്ലാതെ ജയിക്കുന്നതിലുള്ള മനഃപ്രയാസം കൊണ്ടാകണം, ഇത്തവണ കോൺഗ്രസ് എതിർസ്ഥാനാർഥിയെ നിറുത്തി—എം. മുരളി. മാവേലിക്കര മെമ്പർ, കിരിയാത്തുനായർ. 40 വോട്ടേ മുരളിക്കു് കിട്ടിയുള്ളൂ. രാധാകൃഷ്ണൻ 93 വോട്ടുനേടി വിജയിച്ചു.
ഇന്ത്യക്കു് സ്വാതന്ത്ര്യം കിട്ടി 51-ാം വർഷത്തിലാണു് ലോക്സഭയിൽ ആദ്യമായി പട്ടികജാതിക്കാരൻ—ജി. എം. സി. ബാലയോഗി—സ്പീക്കറായതു്. (പട്ടികവർഗക്കാരൻ പി. എ. സാംഗ്മ അതിനും രണ്ടുവർഷംമുമ്പു് തൽസ്ഥാനത്തു് എത്തിയിരുന്നു). കേരളപ്പിറവിയുടെ അമ്പതാംവാർഷികത്തിൽ ഒരു ദലിതൻ ഇതാദ്യമായി നിയമസഭാ സ്പീക്കറാകുന്നു. 2031-മാണ്ടിൽ, കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷിക്കപ്പെടും. അതിനകം ഒരു ദലിതൻ സംസ്ഥാനത്തു് മുഖ്യമന്ത്രിയാകുമോ? കേരളം ഉറ്റുനോക്കുന്നതു് സഖാവു് കെ. രാധാകൃഷ്ണനെ യാണു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.