
“അല്ലയോ ഭിക്ഷുക്കളേ! ദുഃഖത്തിന്റെ കാരണത്തെപ്പറ്റിയുള്ള വിശുദ്ധ സത്യമെന്താണു്? ജന്മത്തിൽനിന്നു് ജന്മത്തിലേക്കു് നയിക്കുന്ന തൃഷ്ണയാണു് ദുഃഖത്തിനു് കാരണം. ലോഭവും ലാലസയുമടങ്ങിയ തൃഷ്ണ; അവിടെ സുഖമുണ്ടു്. ഇവിടെ സുഖമുണ്ടു് എന്ന സങ്കൽപത്തിലടങ്ങിയ തൃഷ്ണ, നാശത്തിനു് വഴിയൊരുക്കുന്ന തൃഷ്ണ. ചുരുക്കത്തിൽ സുഖതൃഷ്ണ, ജീവിതതൃഷ്ണ, അധികാരതൃഷ്ണ എന്നിവയാണു് ദുഃഖത്തിന്റെ കാരണം.”

സർവസംഗ പരിത്യാഗികളായ ബുദ്ധഭിക്ഷുക്കൾക്കായാണു് തഥാഗതൻ ഈ വിശുദ്ധസത്യം വെളിപ്പെടുത്തിയതെങ്കിൽ കോൺഗ്രസുകാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളോടെയാണു് അഭിനവ ഗൗതമൻ ചെറിയാൻ ഫിലിപ്പ് ഇതേ ഉപദേശം ആവർത്തിക്കുന്നതു്.

സത്യത്തിൽ ഗൗതമബുദ്ധനെക്കാൾ എത്രയോ വലിയ യാതനകൾ അനുഭവിച്ച, പ്രലോഭനങ്ങളെ അതിജീവിച്ച ദേഹമാണു് ചെറിയാൻ. ചെങ്ങന്നൂരെ ഒരു മാർത്തോമാ ക്രിസ്ത്യാനി കുടുംബത്തിലാണു് ചെറിയാച്ചന്റെ തിരുപ്പിറവി. തിരുവനന്തപുരത്തായിരുന്നു ബാല്യവും കൗമാരവും യൗവനവും പിന്നിട്ടതു്. കെ. എസ്. യു. യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ അസ്ത്രവിദ്യയും അങ്കച്ചുവടുകളും സ്വായത്തമാക്കി. ഈ പശ്ചാത്തലമുള്ള ഒരു കോൺഗ്രസുകാരൻ ഒന്നുകിൽ എം. എൽ. എ.-യോ മന്ത്രിയോ ആകുമായിരുന്നു. അല്ലെങ്കിൽ അബ്കാരിയായേനെ. രണ്ടായാലും കനത്ത ബാങ്ക്ബാലൻസും ഇരുനില മാളികയും ഭാര്യയും കുട്ടികളുമൊക്കെയായി സുഖജീവിതം നയിക്കാമായിരുന്നു.

തന്റെ കൂടെയും തനിക്കു് പിന്നാലെയും രാഷ്ട്രീയത്തിലിറങ്ങിയ പല പുംഗവന്മാരും സ്വിസ്ബാങ്കിൽ അക്കൗണ്ട് തുറക്കുകയും കർണാടകത്തിൽ മുന്തിരിത്തോട്ടം വാങ്ങുകയും ചെയ്തിട്ടും ചെറിയാനു് കുലുക്കമുണ്ടായില്ല. അദ്ദേഹം പുസ്തകങ്ങൾ വായിച്ചും എഴുതിയും സംവാദങ്ങളിൽ പങ്കെടുത്തും പ്രസ്താവന നടത്തിയും എ. കെ. ആന്റണി ക്കു് പ്രസംഗം എഴുതിക്കൊടുത്തും കഴിഞ്ഞു. കൃത്യാന്തരബാഹുല്യത്തിനിടക്കു് പെണ്ണുകെട്ടാനും മറന്നു. വയസ്സ് 46 ആയി. തലയും താടിയും നരക്കാനും തുടങ്ങി. എന്നിട്ടും ചെറിയാൻ അങ്ങനെ ഭാവനാലോലനായി ഏകനായി കഴിയുകതന്നെ.

ശ്രീരാമനു് ഹനുമാൻ എന്നപോലെ, യേശുക്രിസ്തുവിനു് പത്രോസ് ശ്ലീഹ എന്ന പോലെയാണു് എ. കെ. ആന്റണിക്കു് ചെറിയാൻ ഫിലിപ്പ്. ആന്റണിയുടെ പെട്ടിപിടിക്കുന്നതാണു് ചെറിയാന്റെ ജീവിതസാഫല്യം. പലപ്പോഴും ആന്റണി നേരിട്ടു് പറയാൻ മടിക്കുന്ന കാര്യങ്ങൾ ചെറിയാന്റെ പ്രസ്താവനയിലൂടെയാണു് ലോകം അറിയാറു്.

കോൺഗ്രസുകാരനായിരിക്കുമ്പോഴും എ. കെ. ജി.-യെയും ഇ. എം. എസി നെയും സ്തുതിക്കാൻ മടിയില്ലാത്തയാളാണു് ചെറിയാൻ. ‘എ’ ഗ്രൂപ്പിന്റെ അമരത്തിരുന്നുകൊണ്ടു് കരുണാകരനുമായി ചങ്ങാത്തം കൂടാനും മനഃപ്രയാസം ഉണ്ടായില്ല. ലീഡർ തിരുവനന്തപുരത്തു് മത്സരിച്ചപ്പോൾ ചെറിയാനായിരുന്നു ആദ്യാവസാനം. പത്മജ ക്ക് സീറ്റ് നൽകണമെന്നാണു് ചെറിയാന്റെ നിലപാടു്.

തെരഞ്ഞെടുപ്പു് അടുത്തതോടെ മോഹമുക്തനായ കോൺഗ്രസുകാരനു് വെളിപാടുണ്ടായി: രണ്ടുതവണ ജയിച്ചവരും തോറ്റവരും ഇനി മത്സരിക്കരുതു്. അവർ ചെറുപ്പക്കാർക്കുവേണ്ടി വഴിമാറണം. ബോധോദയത്തിന്റെ ഫലം ഉടനെ പ്രത്യക്ഷമായി—എം. എൽ. എ. ഹോസ്റ്റലിലെ തമ്പാനൂർ രവിയുടെ മുറിയിൽനിന്നു് പുറത്താക്കപ്പെട്ടു. നെയ്യാറ്റിൻകര നിന്നു് രണ്ടുവട്ടം ജയിച്ചയാളാണു് തമ്പാന്നൂർ രവി. ചെറിയാന്റെ തത്ത്വം പ്രായോഗികമായാൽ ആദ്യം നഷ്ടപ്പെടുന്ന സീറ്റ് രവിയുടേതായിരിക്കും!

1965 മുതൽ ഇടതടവില്ലാതെ നിലമ്പൂരിൽ മത്സരിക്കുന്ന ആര്യാടൻ മുഹമ്മദ്. 1970 മുതൽ പുതുപ്പള്ളി മണ്ഡലം അട്ടിപ്പേറാക്കിയ ഉമ്മൻചാണ്ടി. 1980 മുതൽ ആലുവയിൽനിന്നു് ജയിക്കുന്ന കെ. മുഹമ്മദാലി, അതേ വർഷം മുതൽതന്നെ കഴക്കൂട്ടത്തും പിന്നീടു് തിരുവനന്തപുരം വെസ്റ്റിൽനിന്നും മാറിമാറി പയറ്റുന്ന എം. എം. ഹസൻ, 1982 മുതൽ ഇരിക്കൂറിൽ ഇരിപ്പുറപ്പിച്ച കെ. സി. ജോസഫ്—‘എ’ ഗ്രൂപ്പിലെ പ്രമാണികളെല്ലാം ഒറ്റയടിക്കു് അസ്വസ്ഥരായി—രണ്ടു ടേം പിന്നിട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ. എം. മുരളി, പാലോടു് രവി, കെ. ബാബു തുടങ്ങിയ ‘എ’ ഗ്രൂപ്പുകാരുടെയും മുഖശോഭ മങ്ങി. ഇവരെല്ലാവരും തന്നെ. വാർധക്യം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം എന്ന മട്ടിൽ യുവാക്കളായി ഭാവിച്ചുവരവേയാണു് ചെറുപ്പക്കാരുടെ വക്കാലത്തുമായി ചെറിയാന്റെ രംഗപ്രവേശം.

ഉമ്മൻചാണ്ടിക്കാണെങ്കിൽ ചെറിയാനെ പണ്ടേ പഥ്യമല്ല. മുടി ചീകാതെയും പുത്തൻ ഖദർഷർട്ട് ബ്ലേഡുകൊണ്ടു് കീറി ധരിച്ചും നടക്കുന്ന ആദർശശാലികൾ ഏറെയുണ്ടു് ‘എ’ ഗ്രൂപ്പിൽ. പി. സി. ചാക്കോ യെയും വയലാർ രവി യെയുമൊക്കെ ആന്റണിയുടെ ഉൾവൃത്തത്തിൽനിന്നു് പുറത്താക്കാൻ പെട്ട പാടു് ഉമ്മൻചാണ്ടിക്കേ അറിയാവൂ. വി. എം. സുധീര ന്റെ കാര്യത്തിൽ അതു് ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലതാനും. അപ്പോഴാണു് ഇനിയും ഒരാദർശശാലിയുടെ (അതും അകത്തോലിക്കാ ക്രിസ്ത്യാനി!) പുറപ്പാടു്.

ഉമ്മൻചാണ്ടിയെ കൊണ്ടു് ചെയ്യാവുന്ന സഹായം അദ്ദേഹം ചെയ്തു. ചെറിയാൻ ഫിലിപ്പ് നോട്ടമിട്ടിരുന്ന തിരുവനന്തപുരം വെസ്റ്റ് മണ്ഡലം സി. എം. പി. നേതാവു് എം. വി. രാഘവനു് കൊടുത്തു. ചെറിയാനു് വേണമെങ്കിൽ തിരുവനന്തപുരം നോർത്തിൽ സ്പീക്കർ വിജയകുമാറിനെതിരെ മൽസരിക്കാം. വിജയകുമാറിനെതിരെ മൽസരിച്ചാൽ അനിക്സ്പ്രെയുടെ പഴയ പരസ്യംപോലെയാകും ചെറിയാന്റെ അവസ്ഥ—എളുപ്പമാണു് കലക്കിയെടുക്കാൻ, പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ.

തിരുവനന്തപുരം നോർത്തിൽനിന്നു് വീരോചിതമായി പിൻവലിഞ്ഞ ചെറിയാൻ, യുവാക്കൾക്കു് പ്രാതിനിധ്യം കിട്ടണമെന്നു് വീറോടെ വാദിച്ചു. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ യുവാക്കളെന്നുപറയാൻ സതീശൻ പാച്ചേനി, കെ. സി. വേണുഗോപാൽ, വി. ഡി. സതീശൻ അങ്ങനെ മൂന്നുനാലു പേർ മാത്രം. ജോസഫ് വാഴയ്ക്ക നില്ല. സിമി റോസ്ബെൽ ജോണില്ല. എം. പി. വിൻസന്റോ എം. ആർ. രാമദാസോ ഇല്ല. നിയമസഭയിൽ മൂന്നു പതിറ്റാണ്ടു് പിന്നിട്ട ഉമ്മൻ ചാണ്ടി മുതൽ സർവമാന സിറ്റിങ് എം. എൽ. എ.-മാർക്കും സീറ്റുണ്ടു്. ഗവർണറുദ്യോഗം കഴിഞ്ഞു് മടങ്ങിയെത്തിയ വക്കം പുരുഷോത്തമനു വരെ സീറ്റ് നൽകിയിരിക്കുന്നു!

“അല്ലയോ ഭിക്ഷുക്കളേ! അപ്പോൾ ദുഃഖനിരോധത്തെപ്പറ്റിയുള്ള വിശുദ്ധസത്യമെന്താണു്? തൃഷ്ണയെ പൂർണ്ണമായി തടഞ്ഞുനിർത്തുക, തൃഷ്ണയിൽനിന്നു് വേർപെടുക, തൃഷ്ണയെ ബഹിഷ്ക്കരിക്കുക, തൃഷ്ണയെ കെടുത്തിക്കളയുക. തൃഷ്ണയിൽനിന്നു് മോചനം നേടി അനാസക്തനാകുക.” ഗൗതമബുദ്ധന്റെ വാക്കുകൾ ചെറിയാൻ ഫിലിപ്പിന്റെ അന്തരംഗത്തിലൂടെ കടന്നുപോയിരിക്കണം.

തനിക്കു് മുഖ്യമന്ത്രിയാകണം എന്ന ഒരു മിനിമം പരിപാടി മാത്രമാണു് ആന്റണി ക്കു് ഇപ്പോൾ ഉള്ളതെന്നും അതിനായി എന്തിനോടും സമരസപ്പെടുന്ന അവസ്ഥയിലാണു് അദ്ദേഹമെന്നും ചെറിയാൻ തിരിച്ചറിഞ്ഞു. തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രവാചനും അധികാര രാഷ്ട്രീയത്തോടു മമതയില്ലാത്ത ആളുമായ എ. കെ. ആന്റണി ഇല്ലാതായിക്കഴിഞ്ഞു എന്നു ചെറിയാൻ ഫിലിപ്പ് വെട്ടിത്തുറന്നു് പറഞ്ഞു. 28-ാം വയസ്സിൽ എം. എൽ. എ.യും 36-ാം വയസ്സിൽ കേരള മുഖ്യമന്ത്രിയുമായിത്തീർന്ന ആന്റണി സ്ഥാനാർത്ഥിപട്ടികയിൽനിന്നു് യുവാക്കളെ കൂട്ടക്കൊല നടത്തിയെന്നു് ചെറിയാൻ ആരോപിച്ചു. വളരെയധികം ചെറുപ്പക്കാർക്കു് അവസരം നൽകിയ ഇടതുമുന്നണിയെ ശ്ലാഘിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കരുണാകർജിയെ തലോടാനും മറന്നതുമില്ല. ആന്റണിക്കെതിരെ ചേർത്തലയിലോ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലോ മൽസരിക്കുമെന്നു് ചെറിയാൻ പ്രഖ്യാപിച്ചു.

സ്ഥാനാർഥിത്വം പ്രഖ്യാപിക്കും മുമ്പു് കരുണാകരനെ ചെന്നു് കാണാനും ചെറിയാൻ സമയം കണ്ടെത്തി. തുല്യദുഃഖിതർ തമ്മിൽ എന്തൊക്കെയാണു് സംസാരിച്ചതു് എന്നു് നമുക്കറിയില്ല. ഏതായാലും പുറത്തുവന്ന ചെറിയാൻ വാർത്താലേഖകർക്കു മുന്നിൽ നിന്നു് ഏങ്ങലടിച്ചു കരഞ്ഞു: “എനിക്കു് ഭാര്യയും മക്കളുമില്ല. ഞാൻ അനാഥനാണു്.” സ്വന്തം മാതാപിതാക്കൾ മരിച്ചപ്പോൾപോലും കരയാതെനിന്ന ചെറിയാൻ ഇതിനുമുമ്പൊരിക്കലേ കണ്ണീരൊഴുക്കിയതായി രേഖയിലുള്ളൂ. 1992-ൽ എ. കെ. ആന്റണി കെ. പി. സി. സി. തെരഞ്ഞെടുപ്പിൽ വയലാർ രവി യോടു തോറ്റപ്പൊഴായിരുന്നു അതു്.

യുവാവായ ശരത്ചന്ദ്രപ്രസാദിനെ തഴഞ്ഞു് കോട്ടയത്തു് ഒരു അമ്മൂമ്മയെ സ്ഥാനാർത്ഥിയാക്കിയതിനെപ്പറ്റി പരാമർശിക്കവേ കരുണാകരൻ ധാർമികരോഷം കൊണ്ടു: “ആ ചെറിയാൻ ഫിലിപ്പിനെങ്കിലും ഒരു സീറ്റ് കൊടുക്കേണ്ടതായിരുന്നു. ഒന്നുമില്ലെങ്കിൽ ആന്റണിക്കു് എത്ര പ്രസംഗം എഴുതിക്കൊടുത്തതാണു്?”

സഖാക്കൾക്കാണെങ്കിൽ പാൽപായസം കിട്ടിയപോലായി. ഉമ്മൻചാണ്ടിക്കെതിരെ നിന്നുതോൽക്കാൻ ഒരു നേർച്ചക്കോഴിയെ നോക്കിനടക്കുകയായിരുന്നു അവർ. പുതുപ്പള്ളിയിൽ ദുർബലനായ സ്ഥാനാർത്ഥിയെ സി. പി. എം. നിർത്തും; കോട്ടയത്തു് കോൺഗ്രസ് പ്രത്യുപകാരം ചെയ്യും. ഇതാണു് പതിവു്. 1991-ൽ ചെറിയാൻ ഫിലിപ്പ് തന്നെ കോട്ടയത്തു് നേർച്ചക്കോഴിയായിനിന്നതാണു്. രാജീവ്ഗാന്ധി മരിച്ച സഹതാപമുണ്ടായിട്ടുപോലും. 2,682 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടി. കെ. രാമകൃഷ്ണൻ വിജയിച്ചു. കോട്ടയം ജില്ലയിൽ പരാജയപ്പെട്ട ഏക യു. ഡി. എഫ്. സ്ഥാനാർഥിയായിരുന്നു ചെറിയാൻ.
യുവാക്കളോടുള്ള അവഗണനയാണു് ചെറിയാന്റെ തുരുപ്പുചീട്ടു്. വിദ്യാർഥി-യുവജന നേതാക്കൾ മാത്രമല്ല. വനിതകളും അവഗണിക്കപ്പെട്ടിരിക്കുകയാണു്. ഐ. എൻ. ടി. യു. സി.-യിൽ നിന്നു് ഒരാൾക്കും സീറ്റില്ല.

അല്ലെങ്കിൽ ഏതു കോൺഗ്രസുകാരനാണു് യുവാക്കൾക്കായി സ്ഥാനമൊഴിഞ്ഞു കൊടുത്തിട്ടുള്ളതു്? എറണാകുളം സീറ്റ് അട്ടിപ്പേറാക്കി വെച്ചുകൊണ്ടിരുന്ന എ. എൽ. ജേക്കബിനെ ഓർമയുണ്ടോ? കണ്ണും കണ്ടുകൂടാ ചെവിയും കേട്ടുകൂടാ പരസഹായം കൂടാതെ എഴുന്നേറ്റുനിൽക്കാനും വയ്യ എന്ന പ്രായത്തിലും ജേക്കബ് ചേട്ടൻ തന്നെയായിരുന്നു സ്ഥാനാർത്ഥി. ഒറ്റ ഉപാധിയിൽ മാത്രമേ അദ്ദേഹം ഒഴിയുമായിരുന്നുള്ളൂ. തന്റെ സ്ഥാനത്തു് മകനു് സീറ്റുകൊടുക്കണം. അതിനു് മറ്റുള്ളവർ തയാറാകാത്തതുകൊണ്ടു് അദ്ദേഹം തന്നെ സ്ഥാനാർത്ഥിയായി. അങ്ങനെയാണു് 1987-ൽ എറണാകുളത്തുകാർ ഇടതുമുന്നണിയെ വിജയിപ്പിക്കാൻ നിർബന്ധിതരായതു്.

യുവാക്കളെ പ്രോത്സാഹിപ്പിച്ചു എന്നു് ചെറിയാൻ പറയുന്ന കെ. കരുണാകരൻ പുത്രനുവേണ്ടിപോലും രംഗം ഒഴിയാൻ സന്നദ്ധനല്ല. 1948 മുതൽ 1999 വരെ സീറ്റു കിട്ടാതെ പോയ 1960-ൽ ഒഴിച്ചു്, എല്ലാ തെരഞ്ഞെടുപ്പിലും മത്സരിച്ച ദേഹമാണു് കരുണാകരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ക്ലെയിം ആന്റണി പിൻവലിക്കാമെങ്കിൽ 2001-മാണ്ടിലും തെരഞ്ഞെടുപ്പിൽ നിൽക്കാൻ കാരണവർക്കു് മടിയുണ്ടാകില്ല.

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.