“ചുവപ്പു് അശുഭസൂചകമായ നിറമാണു്. രക്തം ചുവപ്പാണെന്നതിൽ തർക്കമില്ല. എന്നാൽ അതിന്റെ കാഴ്ച അസഹിഷ്ണുതയെയാണു് സൂചിപ്പിക്കുന്നതു്; അക്രമത്തെയും. രണ്ടും മോശമാണു്, വ്യക്തിക്കും സമൂഹത്തിനും.”
കേരളത്തിന്റെയും ബംഗാളിന്റെയും ദുഃസ്ഥിതിക്കു് കാരണം: കമ്യൂണിസ്റ്റുകാരെന്ന ഇബ്ലീസുകൾ. കുതിരക്കച്ചവടം നടത്തിയെങ്കിലും കമ്യൂണിസ്റ്റുകളെ കേന്ദ്രഭരണത്തിൽനിന്നു് അകറ്റിനിറുത്തണമെന്നു് മുൻ ചീഫ് ജസ്റ്റിസ്.
545 അംഗ ലോൿസഭയിൽ കോൺഗ്രസിനു് കിട്ടിയതു് 145 സീറ്റാണു്. ഘടകകക്ഷികൾക്കെല്ലാംകൂടി 78. മുന്നണിക്കു് മൊത്തം 223. അതായതു് കേവല ഭൂരിപക്ഷത്തിനു് കൃത്യം 50 കുറവു്. ദേശീയ ജനാധിപത്യ സഖ്യത്തിനു് 187. ഇടതുപക്ഷക്കാരടക്കം മറ്റുള്ളവരെല്ലാവർക്കും കൂടി 136. തികച്ചും തൂക്കുസഭ.
60 അംഗ ഇടതുപക്ഷ ബ്ലോക്ക്, പ്രത്യേകിച്ചു് 43 മെമ്പർമാരുള്ള സി. പി. എം. ഉറച്ച കോൺഗ്രസ് അനുകൂല നിലപാടു് ഫലപ്രഖ്യാപനത്തിനു് മുമ്പു തന്നെ കൈക്കൊണ്ടതു് കാരണമാണു് അസ്ഥിരതയും ഭരണഘടനാ പ്രതിസന്ധിയും ഒഴിവായതു്. 1996-ലേതുപോലെ കോൺഗ്രസിനു് അയിത്തം കൽപിച്ചു് മാറ്റിനിറുത്തിയിരുന്നെങ്കിൽ 36 അംഗങ്ങളുള്ള സമാജ്വാദി പാർട്ടി, നാലംഗ മതേതര ജനതാദളുമായി ചേർന്നു് മന്ത്രിസഭയുണ്ടാക്കുന്നതും കോൺഗ്രസും സഖാക്കളടക്കമുള്ള സകല മതേതര പാർട്ടികളും പുറത്തുനിന്നു പിന്താങ്ങുന്നതും നമ്മൾ കാണേണ്ടിവരുമായിരുന്നു. ഏറ്റവുമടുത്ത ശുഭമുഹൂർത്തത്തിൽ (1997-ൽ ദേവഗൗഡ ക്കും ‘98-ൽ ഇന്ദർ ഗുജ്റാലി നും സംഭവിച്ചപോലെ) കോൺഗ്രസ് പാലം വലിക്കും. ഇടക്കാല തെരഞ്ഞെടുപ്പിൽ വൻവിജയം നേടി ബി. ജെ. പി. മുന്നണി അധികാരസോപാനത്തിൽ തിരിച്ചെത്തുകയും ചെയ്യും.
കമ്യൂണിസ്റ്റുകളുടെ പിന്തുണയോടെ കോൺഗ്രസ് മന്ത്രിസഭയുണ്ടാക്കിയതു് തെറ്റായിപ്പോയെന്നു് കെ. കരുണാകരനോ മലയാള മനോരമയെങ്കിലുമോ പറഞ്ഞുകേട്ടില്ല. രാജ്യത്തു് ഭരണസ്ഥിരതയുണ്ടാകണം, മതേതരത്വം പുലരണം എന്നാഗ്രഹമുള്ളവരാരും അങ്ങനെയൊരാക്ഷേപം ഉന്നയിക്കാനിടയില്ല. എന്നാൽ, ചണ്ഡീഗഢിൽനിന്നു് പുറപ്പെടുന്ന ട്രിബ്യൂൺ പത്രത്തിൽ, മെയ് 23-ാം തീയതി ജെ. എൽ. ഗുപ്ത എന്നൊരു പുമാൻ ഇത്തരമൊരു അഭിപ്രായപ്രകടനം, ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചു് കാണുന്നു.
ജവഹർലാൽ ഗുപ്ത യെ മാന്യവായനക്കാർ മറന്നുകാണുകയില്ലെന്നു് കരുതുന്നു. പാട്യാലക്കടുത്തു് സംന സ്വദേശിയാണു് അദ്ദേഹം. 1942 ജനുവരി 22-നു് ജനിച്ചു. 1963 ഫെബ്രുവരി 28-നു് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. ചുരുങ്ങിയ കാലംകൊണ്ടു് പ്രഗല്ഭനെന്നു് പേരെടുത്തു. പഞ്ചാബ് സർവകലാശാലയിൽ നിയമാധ്യാപകനായും പ്രശോഭിച്ചു. 1991 മാർച്ച് 11-നു് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ന്യായാധിപനായി. 2002 നവംബർ ഒന്നിനു് കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. 2004 ജനുവരി 22-നു് പെൻഷൻ പറ്റി. ഇപ്പോൾ സുപ്രീംകോടതിയിൽ അഭിഭാഷകൻ.
രണ്ടുപതിറ്റാണ്ടിലേറെയായി മറുനാട്ടുകാരാണു് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതരാകുന്നതു്. വി. എസ്. മളീമഠ്, എം. ജഗന്നാഥറാവു, സുജാതാ മനോഹർ, ഉദയപ്രതാപസിംഗ്, ഓംപ്രകാശ്, അരിജിത്ത് പസായത്ത്, എ. വി. സവന്ത്, ബി. എൻ. ശ്രീകൃഷ്ണ എന്നിങ്ങനെ നീളുന്നു, പരദേശികളുടെ നിര. എം. എം. പരീതുപിള്ളയും കെ. കെ. ഉഷ യും ഒറ്റപ്പെട്ട അപവാദങ്ങൾ.
മേൽപ്പറഞ്ഞവരെക്കാളൊക്കെ വിവാദപുരുഷനായിരുന്നു, ജവഹർലാൽ ഗുപ്ത. കടുത്ത മുതലാളിത്ത പക്ഷപാതിയെന്നു് ഗുപ്താജി അപലപിക്കപ്പെട്ടു. ജന്മംകൊണ്ടു് വൈശ്യനാണു് ഗുപ്തയെന്നും കുബേരനാണു് അദ്ദേഹത്തിന്റെ കുടുംബ പരദേവതയെന്നും ചില ദോഷൈകദൃക്കുകൾ കണ്ടുപിടിച്ചു. ബനിയമാരെ സംബന്ധിച്ചിടത്തോളം ദുർഗുണങ്ങളിൽ രണ്ടാമത്തേതാണു് കള്ളംപറയൽ; ആദ്യത്തേതു് നഷ്ടത്തിൽ കച്ചവടം നടത്തൽ. ഗുപ്ത എന്ന ജാതിപ്പേരുതന്നെ പൂഴ്ത്തിവെപ്പു്, കരിഞ്ചന്ത മുതലായ സുകുമാരകലകളെയാണത്രെ സൂചിപ്പിക്കുന്നതു്!
സ്വാശ്രയ മെഡിക്കൽകോളേജിലെ ഫീസ് നിരക്കു് സംബന്ധിച്ചു് 2003 സെപ്റ്റംബർ 24-നു് ബഹു. ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു് ചരിത്രം സൃഷ്ടിച്ചു. ഭിന്നാഭിപ്രായ ഉത്തരവെഴുതിയ സഹന്യായാധിപനെ ഒതുക്കിയവിധം സാക്ഷരകേരളത്തെ ഞെട്ടിച്ചു. ഒക്ടോബർ 8-ാം തീയതി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, ചീഫ് ജസ്റ്റിസിന്റെ നടപടിയെ അപലപിച്ചു് പ്രമേയം പാസാക്കി.
അതവിടെ നിൽക്കട്ടെ. ട്രിബ്യൂൺ ലേഖനത്തിലേക്കു് തിരിച്ചുവരുക. ബംഗാളിലും കേരളത്തിലും തങ്ങളോടു് പടപൊരുതിയ, മന്ത്രിസഭയിൽ ചേരാൻ വിസമ്മതിക്കുന്ന കമ്യൂണിസ്റ്റുകാരുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കരുതായിരുന്നു എന്നാണു് ഗുപ്താജിയുടെ സുചിന്തിതമായ അഭിപ്രായം. കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും പൊതുവായി എന്തുണ്ടു്? ഇരുകൂട്ടരുടെയും പ്രകടനപത്രികകൾ വിഭിന്നം. ആശയപരമായി വൈജാത്യം. ഇത്തരമൊരു ബാന്ധവം ഏറെക്കാലം നീളാൻ സാധ്യത തീരെക്കുറവു്. എല്ലാത്തിനുമുപരി ദേശീയ താൽപര്യത്തിനു് നിരക്കാത്തതു്.
എന്തൂട്ട്ണ് മാഷേ ‘ദേശീയ താൽപര്യം’? പുത്തൻ സാമ്പത്തികനയം, ആഗോളീകരണം, ഉദാരീകരണം എന്നിത്യാദികൾ തന്നെ. നാടിന്റെ സാമ്പത്തികാഭിവൃദ്ധിയെ തുരങ്കംവെക്കുന്ന ഇബ്ലീസുകളാണു് കമ്യൂണിസ്റ്റുകാർ. കോൺഗ്രസിനെ കമ്മുക്കൾ പിന്താങ്ങും എന്നു കേട്ടതേ ഓഹരിവിപണി കൂപ്പുകുത്തിയ കാര്യം എടുത്തുപറയുന്നു ജവഹർലാൽജി.
രണ്ടാമത്തേതും കൂടുതൽ പ്രധാനപ്പെട്ടതുമായ കാരണം കേരളത്തിലെയും പശ്ചിമബംഗാളിലെയും കമ്യൂണിസ്റ്റ് ഭരണ പരാജയം. സസ്യശ്യാമള കേരകേദാരഭൂമി. ഫലഭൂയിഷ്ടം. കശുവണ്ടിയുണ്ടു്, നാളികേരമുണ്ടു്, കയറുണ്ടു്, വനങ്ങൾ, റബർ, സമുദ്രോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, 42 നദികൾ, 100 ശതമാനം സാക്ഷരത. ഇതൊക്കെയുണ്ടായിട്ടു് എന്തു ഫലം? ദിവസേന ട്രഷറിബാൻ. ബിവറേജസ് കോർപറേഷനിൽനിന്നു് കടംവാങ്ങിയല്യോ മിക്കപ്പോഴും സർക്കാറുദ്യോഗസ്ഥ സഖാക്കൾക്കു് ശമ്പളം കൊടുക്കുന്നതു്?
ഇത്തരമൊരു ദുഃസ്ഥിതി എങ്ങനെ സംജാതമായി എന്നന്വേഷിക്കുന്നു:
“ഒരു തൊഴിൽ സംസ്കാരം വികസിപ്പിച്ചെടുക്കാൻ ജനങ്ങളെ സന്നദ്ധരാക്കിയിരുന്നില്ല എന്നതാണു് കാരണം. ഡയരക്ടർ ഒരുതരത്തിലുള്ള ‘ഡയരക്ഷ’നും നൽകിയില്ല. മാനേജർ വേണ്ടവിധം മാനേജ് ചെയ്തില്ല. നിയമങ്ങൾ ഉദാരമായി വ്യാഖ്യാനിക്കപ്പെട്ടു. പാവങ്ങളെ സന്തുഷ്ടരാക്കാൻ മാത്രം അവ നടപ്പാക്കപ്പെട്ടു. തങ്ങളെത്തന്നെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാൻ അവരോടു് പറഞ്ഞിരുന്നില്ല, തൽഫലമായി, ഈ ജനങ്ങൾ അവരുടെ അവകാശങ്ങളെക്കുറിച്ചു് ബോധവാന്മാരായി. കടമകൾ അവർ മറന്നു. ഇന്ത്യയുടെ ഭരണഘടനയിൽ ‘കടമകൾ’ എന്ന ഒരധ്യായമുണ്ടെന്ന വസ്തുതപോലും പലർക്കും അറിയുമായിരുന്നില്ല.” (അടിവര ഇവളുടേതു്)
ആരാണു് മലയാളിക്കു് തൊഴിൽ സംസ്കാരമില്ലാതാക്കിയതു്? ഉത്തരം സുവ്യക്തം: തൊഴിലാളികളെ സംഘടിപ്പിച്ചവർ, അവകാശങ്ങളെക്കുറിച്ചു് അവരെ ബോധവാന്മാരാക്കിയവർ—സഖാക്കൾ പി. കൃഷ്ണപിള്ള, ആർ. സുഗതൻ, പി. ഗംഗാതരൻ, എ. ജോർജ് ചടയംമൂറി മുതൽപേർ; തൊഴിലാളി വർഗത്തിനായി നിയമനിർമാണസഭകളിൽ തൊണ്ടകീറി പ്രസംഗിച്ചവർ—എ. കെ. ഗോപാലൻ, പി. ടി. പുന്നൂസ്, എൻ. ശ്രീകണ്ഠൻനായർ, ജന്മിത്തം അവസാനിപ്പിച്ച ഇ. എം. എസും ഗൗരിയമ്മ യും; തൊഴിലാളികൾക്കനുകൂലമായി നിയമങ്ങൾ വ്യാഖ്യാനിച്ച വി. ആർ. കൃഷ്ണയ്യരും പി. സുബ്രഹ്മണ്യൻ പോറ്റിയും.
പാവങ്ങൾക്കനുകൂലമായി നിയമങ്ങൾ വ്യാഖ്യാനിക്കുന്നവരെ സൂചിപ്പിക്കുന്നുണ്ടെങ്കിലും സുജനമര്യാദകൊണ്ടാവണം, സുപ്രധാനമായ ഒരു വസ്തുത ഗുപ്താജി പുറത്തുപറഞ്ഞിട്ടില്ല: കേരള ഹൈക്കോടതിയിലെ മൂന്നു് ജഡ്ജിമാർ ‘ചുവപ്പൻ’ പശ്ചാത്തലമുള്ളവരാണു്. അവരിൽതന്നെ രണ്ടുപേർ ട്രേഡ് യൂനിയൻ നേതാക്കളായിരുന്നുതാനും.
ഗുപ്തയുടെ ജന്മദേശമായ പഞ്ചാബിനോടു് താരതമ്യം ചെയ്താലേ കേരളത്തിന്റെ പിന്നാക്കാവസ്ഥ ബോധപ്പെടൂ. ഉദാഹരണത്തിനു് ഇവിടെ സ്ത്രീപിഡനവും സ്ത്രീപീഡനവുമുണ്ടു്. എന്നാൽ പഞ്ചാബിലെപ്പോലെ വധൂദഹനം (bride burning) സാർവത്രികമായിട്ടുണ്ടോ? പെൺ ഭ്രൂണഹത്യയുടെ കാര്യത്തിലും നമ്മൾ എത്ര പിന്നാക്കം? പി. എസ്. സി. ചെയർമാനു് കൈക്കൂലി കൊടുക്കുന്നവരും അതിനു് ഇടനില നിൽക്കുന്നവരുമായ ന്യായാധിപരുണ്ടോ കേരള ഹൈക്കോടതിയിൽ? ജഡ്ജിമാർ കൂട്ട അവധിയെടുത്തു് കോടതി മുടക്കുന്ന പതിവുണ്ടോ കേരളത്തിൽ? ആദംഗവാദികളെന്നു് സംശയിച്ചു് കസ്റ്റഡിയിലെടുക്കപ്പെടുന്നവർ കാറ്റത്തുവെച്ച പച്ചക്കർപ്പൂരംപോലെ അന്തരീക്ഷത്തിലലിഞ്ഞു് അപ്രത്യക്ഷമാകുന്ന പതിവുണ്ടോ? എല്ലാം പോകട്ടെ, പഞ്ചായത്തു് കിണറിൽനിന്നു് വെള്ളമെടുത്ത ദലിതനെ ജീവനോടെ ചുടുന്ന പതിവെങ്കിലുമുണ്ടോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ?
ചുവപ്പന്മാർ കുട്ടിച്ചോറാക്കിയ കേരളത്തിന്റെയും ബംഗാളിന്റെയും ദയനീയചിത്രം ഗുപ്ത കുറഞ്ഞ വാക്കുകൾകൊണ്ടു് വരക്കുന്നു:
“രണ്ടു് സംസ്ഥാനങ്ങളെയും ഒരു വിമാനത്തിലിരുന്നു് വീക്ഷിക്കുകയാണെങ്കിൽ അവ ഹരിതാഭമായി കാണാം. നിലത്തിറങ്ങിയാൽ കാണുന്നതു് ചെങ്കൊടികൾ. ബന്ദു്, നല്ല ശാരീരികക്ഷമതയുള്ള പുരുഷന്മാർ അലക്ഷ്യമായി നടക്കുന്നു. മുദ്രാവാക്യങ്ങൾ മുഴക്കുന്നു. തൊഴിൽ ചെയ്യുന്നതിനുപകരം പാഴാക്കുന്ന അവസ്ഥ. എന്നാൽ അവർക്കു് എല്ലാം വേണം. ചുവപ്പു് അശുഭസൂചകമായ നിറമാണു്. രക്തം ചുവപ്പാണെന്നതിൽ തർക്കമില്ല. എന്നാൽ അതിന്റെ കാഴ്ച അസഹിഷ്ണുതയെയാണു് സൂചിപ്പിക്കുന്നതു്; അക്രമത്തെയും. രണ്ടും മോശമാണു്, വ്യക്തിക്കും സമൂഹത്തിനും. ചെങ്കൊടിയിൽ അരിവാളും ചുറ്റികയുമുണ്ടു്. രാഷ്ട്രീയസംജ്ഞയിൽ അതു് അർഥമാക്കുന്നതു് അധ്വാനിക്കുന്ന തൊഴിലാളിവർഗത്തിന്റെ പ്രാതിനിധ്യമാണു്.
…സമൂഹം ഏറെ പുരോഗമിച്ചിട്ടുണ്ടു്. ഉൽപാദനം വർദ്ധിപ്പിക്കാനും തൊഴിൽ കുറക്കാനും യന്ത്രം മനുഷ്യനെ സഹായിക്കുന്നു. ഇന്നു് മനുഷ്യനു് അരിവാളും ചുറ്റികയും കൈയിലെടുക്കേണ്ടതില്ല. അതെല്ലാം യന്തം ചെയ്തോളും.
എന്നിട്ടും നാം ആ പഴയ പ്രതീകത്തെ കൈയൊഴിയുന്നില്ല. അതു് നമ്മുടെ കാഴ്ചയെ മറക്കുകയാണു്. ഭൂതകാലത്തു് ജീവിച്ചുകൊണ്ടു് ആധുനികവത്കരണത്തെ ചെറുക്കുന്ന നടപടി ഇടതുപകക്ഷക്കാർ തുടരുകയാണു്. അവർ മാറ്റങ്ങളെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നു. തൽഫലമായി ധാരാളിത്തത്തിന്റെ നടുവിലും നാം ദാരിദ്ര്യത്തിൽ കഴിയുന്നു.
സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടിയാണു് ഇടതുകക്ഷികൾ പ്രവർത്തിക്കുന്നതെന്ന അവകാശവാദം ശരിയാണെന്നു് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല. റഷ്യയിലും ചൈനയിലും പഴയ സങ്കൽപനം തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിട്ടുണ്ടു്. റഷ്യൻ യൂനിയൻ ശിഥിലമായി. ചൈനാ മതിൽ ഇപ്പോൾ ഒരു തടസ്സമല്ല. അയേൺഗേറ്റ് തുറക്കപ്പെട്ടു. ഇന്ത്യയിൽ ഇപ്പോഴും നാം പഴകിയ മൂല്യങ്ങളെ മുറുകെപ്പിടിക്കുകയാണു്. കനത്ത ശമ്പളബില്ലുകൾ നിലവിലുണ്ടായിരുന്നിട്ടും നമ്മുടെ ഇടതുസഹോദരന്മാർ കൂടുതൽ ജോലികൾക്കായി ആവശ്യമുയർത്തുന്നു. രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണോ നമ്മൾ?”
ചുവപ്പുകാണുമ്പോഴേക്കും വിറളി പൂണ്ടു് മുക്രയിടുന്ന ഗുപ്ത മുജ്ജന്മത്തിൽ കാളയായിരുന്നോ എന്തോ? കമ്യൂണിസത്തിന്റെ ദോഷങ്ങൾ പറഞ്ഞിട്ടും മതിയാവുന്നില്ല അദ്ദേഹത്തിനു്.
എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യം, ഇദ്ദേഹം എന്തിനു് സ്വന്തം പേരിൽ ‘ലാൽ’ കൊണ്ടുനടക്കുന്നു എന്നാണു്. ചെറിയൊരു ഗസറ്റ് പരസ്യത്തിലൂടെ ഇനിയെങ്കിലും ഈ ന്യൂനത പരിഹരിക്കട്ടെ.
ഒടുവിൽ, കമ്യൂണിസ്റ്റ് പിന്തുണ ഇല്ലായിരുന്നെങ്കിൽ കോൺഗ്രസ് എന്തു ചെയ്യുമായിരുന്നു എന്ന ദാർശനിക സമസ്യക്കു് ഉത്തരം തേടുന്നു. കോൺഗ്രസാണു് ഏറ്റവും വലിയ ഒറ്റക്കക്ഷി. അവരുടെ മുന്നണിയാണു് ഏറ്റവും വലിയ രാഷ്ട്രീയ ഗ്രൂപ്പ്. ഏതു നിലക്കും കോൺഗ്രസിനെ മന്ത്രിസഭയുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചേ മതിയാവൂ. കോൺഗ്രസ് മന്ത്രിസഭ യാഥാർത്ഥ്യമായാൽ പിന്നെ ആയാറാം ഗയാറാം പ്രഭൃതികൾ ആ ഭാഗത്തേക്കൊഴുകും. ഗുപ്താജിയുടെ വാക്കുകളിൽ: Once the dice falls in favour of the Congress, the Pigeons on the roof tops shall flock to its aid. The numbers shall never be a problem.
മുലായംസിംഗ് യാദവുംമായാവതി യുമൊക്കെയാണു് പറന്നണയേണ്ടിയിരുന്ന അമ്പലപ്രാവുകൾ. കുതിരക്കച്ചവടം നടത്തിയിട്ടെങ്കിലും കമ്യൂണിസ്റ്റുകാരെ അകറ്റിനിറുത്തണം എന്നു് ശഠിക്കുന്ന ന്യായാധിപശ്രേഷ്ഠന്റെ നീതിബോധത്തിനും രാഷ്ട്രീയ പരിചയത്തിനും മുന്നിൽ വിദൂര നമസ്കാരം.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.