
കേരളരാഷ്ട്രീയത്തിലെ ഏറ്റവും മികച്ച പോരാളി ആരാണു്? സംശയമേ വേണ്ട–കോൺഗ്രസ് തറവാട്ടിലെ കരുണാകരൻ ഗുരുക്കൾ. ഏഴങ്കംവെട്ടി ജയിച്ച ചേകവൻ. ഈരേഴുപതിന്നാലു കളരിക്കും ആശാൻ, മെയ്യുകണ്ണാക്കിയ അഭ്യാസി. പനമ്പിള്ളിയേക്കാൾ കൗശലം, ഇ. എം. എസി നേക്കാൾ കുശാഗ്രബുദ്ധി. അടവു പതിനെട്ടും പയറ്റു് ഇരുപത്തിനാലും മനഃപാഠം. തെരഞ്ഞെടുപ്പു് അടുത്തതോടെ അരയും തലയും മുറുക്കി ചിരികയിളക്കി താരിമുഴക്കുകയാണു് കാരണവർ. “കൈയൊന്നു ചുളുങ്ങിയതും കൂട്ടവേണ്ട, പല്ലൊന്നു പോയതും കൂട്ടവേണ്ട ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടേ…”

മിതവും ന്യായവുമാണു് കരുണാകർജിയുടെ ആവശ്യങ്ങൾ: മുരളീധരനെ കെ. പി. സി. സി. പ്രസിഡന്റാക്കണം, കോൺഗ്രസ് മത്സരിക്കുന്ന 90 സീറ്റിന്റെ നേർ പകുതി തന്റെ ഗ്രൂപ്പിനു കിട്ടണം, പിന്നെ കഴിയുമെങ്കിൽ ആദ്യത്തെ ഒരുവർഷം മുഖ്യമന്ത്രിസ്ഥാനം. ഇവയിൽ പരമപ്രധാനം മുരളിയുടെകാര്യമാണു്. കെ. പി. സി. സി. അധ്യക്ഷസ്ഥാനത്തിനുവേണ്ടി കൂനനുലയ്ക്കക്കു കൂമ്പുവരും കാലത്തോളം കാത്തിരിക്കാൻ വയ്യ. അരിയാണെങ്കിൽ കടംകൊള്ളാം. അഭിമാനം കടം കൊള്ളാനാവില്ലല്ലോ?

പ്രതികൂല സാഹചര്യങ്ങൾ നിരവധിയാണു് ലീഡർക്കു്. ഇന്ദിരാജിയോ രാജീവ്ജി പോലുമോ അല്ല, രാഷ്ട്രീയനിരക്ഷരയായ മാഡമാണു് അഖിലേന്ത്യാ നേതൃത്വത്തിൽ. നെഹ്റു-ഗാന്ധി കുടുംബത്തോടുള്ള തന്റെ വിധേയത്വം. ഇന്ദിരാജിക്കുവേണ്ടി അനുഭവിച്ച ത്യാഗങ്ങൾ, സഹിച്ച നഷ്ടങ്ങൾ ഒക്കെ മാഡത്തിനറിയില്ല; പറഞ്ഞു് മനസ്സിലാക്കാൻ ഇറ്റാലിയൻ ഭാഷ പഠിച്ചവർ നമ്മുടെ കൂട്ടത്തിലില്ലതാനും. ഹൈക്കമാന്റിലാണെങ്കിൽ നിറയെ ശത്രുക്കളാണു്—അർജുൻസിംഗ് മുതൽ രമേശ് ചെന്നിത്തല വരെ.

നാട്ടിലാണെങ്കിൽ മോചനയാത്രയുടെ ആവേശവുമായി ആന്റണി നെഞ്ചുവിരിച്ചു നടക്കുന്നു. ശങ്കരനാരായണൻ മുതൽ മുസ്തഫ വരെയുള്ളവർ പഴയ നേതാവിനെ പരസ്യമായി പുച്ഛിക്കുന്നു. നാരായണപ്പണിക്കർക്കു പോലും പഴയ ബഹുമാനമില്ല. നാടൊട്ടുക്കു പാഞ്ഞു നടക്കാൻ പറ്റിയതല്ല, ആരോഗ്യസ്ഥിതി. മനസ്സെത്തുന്നിടത്തു് ശരീരമെത്തുന്നില്ല.

പ്രായവും പ്രതികൂല സാഹചര്യങ്ങളും ലീഡറുടെ പ്രതിഭയെ തെല്ലും ബാധിച്ചിട്ടില്ല. വിശ്വവശ്യമായ മന്ദഹാസത്തിനും മങ്ങലേതുമില്ല. പ്രതിയോഗികളെ ഒതുക്കാൻ അടിച്ചിരുത്താനുള്ള തന്ത്രങ്ങൾ ബുദ്ധിശാലയിൽ ഇതൾ വിരിയുന്നുമുണ്ടു്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവുകൊണ്ടാണല്ലോ കണ്ണൂരുനിന്നു് ചിത്രംവര പഠിക്കാൻ തൃശ്ശിപവേരൂരെത്തിയ കരുണാകരൻ കേരള രാഷ്ട്രീയത്തിൽ ഒരു വടവൃക്ഷമായി പടർന്നു് പന്തലിച്ചതു്. കോൺഗ്രസിന്റെ നാലണ മെമ്പർഷിപ്പു നൽകിയതു് വി. ആർ. കൃഷ്ണനെഴുത്തച്ഛ നായിരുന്നെങ്കിലും കരുണാകരന്റെ രാഷ്ട്രീയ ഗുരുനാഥൻ പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു. പനമ്പിള്ളിയുടെ പാണ്ഡിത്യമോ വാഗ്ധാടിയോ ഇല്ല കരുണാകരനു്; പക്ഷേ, മദയാനയെ തളയ്ക്കാനുള്ള മയക്കുവിദ്യ ഗുരുവിനെക്കാളും വശമാണു്. അതുകൊണ്ടുതന്നെയാകണം കമ്യൂണിസ്റ്റ് പാർട്ടി കൊടികുത്തിവാണ ട്രേഡ് യൂണിയൻ രംഗത്തേക്കു് പനമ്പിള്ളി. ശിഷ്യനെ അയച്ചതും. സീതാറാം മില്ലിൽ ഐ. എൻ. ടി. യു. സി. സംഘടിപ്പിക്കുന്ന കാലത്തുതന്നെ ‘കരിങ്കാലി’ എന്ന ജനകീയ ബിരുദവും കൽപിച്ചുകിട്ടി.

1948-ൽ ഒല്ലൂക്കര നിയോജക മണ്ഡലത്തിൽനിന്നു് കൊച്ചി നിയമസഭയിലേക്കു് ജയിക്കുമ്പോൾ കരുണാകരനു് വയസ്സ് 31 ആണു്. 1951-ൽ വിയ്യൂരിൽ പരാജയപ്പെടുത്തിയതു് പ്രമുഖ കമ്യൂണിസ്റ്റ് നേതാവു് കെ. കെ. വാര്യരെ. 1954-ൽ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ അന്തിക്കാട്ടു് അടിയറവു പറഞ്ഞതു് സിറ്റിംഗ് എം. എൽ. എ.-യും എ. ഐ. ടി. യു. സി. നേതാവുമായ കെ. പി. പ്രഭാകരൻ. 1957-ൽ തൃശൂർ നിയോജക മണ്ഡലത്തിൽ അങ്കം കുറിച്ച കരുണാകരൻ ഡോ. എ. ആർ. മേനോനോ ടു് പരാജയമടഞ്ഞു. 1960-ൽ സീറ്റേ കിട്ടിയില്ല. നാലു വർഷത്തിനകം വെള്ളാനിക്കര തട്ടിൽ എസ്റ്റേറ്റിലെ മാനേജരെ കുത്തിക്കൊന്ന കേസിൽ പത്താംപ്രതിയായപ്പോൾ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്നുതന്നെ പലരും കരുതി.

പ്രഥമദൃഷ്ട്യാ കേസില്ല എന്നു കണ്ടു് മജിസ്റ്റ്രേറ്റ് കുറ്റ വിമുക്തനാക്കിയപ്പോൾ കരുണാകരൻ കൊടുങ്കാറ്റുപോലെ തിരിച്ചുവരവു നടത്തി. 1965-ലെ തെരഞ്ഞെടുപ്പിൽ വൻ മരങ്ങൾ പലതും കടപുഴകിവീണപ്പോൾ മാളയിൽനിന്നും കരുണാകരൻ ജയിച്ചു കയറി. 1967-ൽ സാഹചര്യം ആകെ മാറി. ഒമ്പതംഗ കോൺഗ്രസ് നിയമസഭാകക്ഷിക്കു് കരുണാകരനായി ലീഡർ.

1969-ൽ സപ്തകക്ഷി മന്ത്രിസഭ തകർന്നപ്പോൾ അച്യുതമേനോനു് തന്ത്രപരമായ പിന്തുണ നൽകിയതും മാർകിസ്റ്റുകാരെ അധികാരത്തിൽനിന്നും അകറ്റി നിർത്തിയതും ലീഡറുടെ ബുദ്ധിയായിരുന്നു. അതേ വർഷം മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചു. കോൺഗ്രസ് പിളർപ്പിന്റെ തലേന്നുവരെ സിൻഡിക്കേറ്റ് പക്ഷപാതിയായിരുന്ന കരുണാകർജി പാർട്ടി പിളർന്നയന്നു രാവിലെ ഇന്ദിരാഗാന്ധി യുടെ അനുയായിയായിത്തീർന്നു!

1970-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ സി. പി. ഐ. മുതൽ ലീഗും പി. എസ്. പി.യും വരെയുള്ളവരെ ഒരു ചരടിൽ ഇണക്കിച്ചേർത്തതിലും ലീഡർക്കു് മുഖ്യ പങ്കുണ്ടായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സും ലീഡർ കരുണാകരനും ആയിരുന്നെങ്കിലും മന്ത്രിസഭയുണ്ടാക്കിയതു് അച്യുതമേനോനാ യിരുന്നു. പുറത്തുനിന്നു് പിന്താങ്ങിയാൽ മതി എന്നായിരുന്നു ഇന്ദിരാജിയുടെ ആജ്ഞ. കൃത്യം ഒരു വർഷം കഴിഞ്ഞു് 1971 സെപ്റ്റംബറിൽ കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ്സുകാരും മന്ത്രിസഭയിൽ പ്രവേശിച്ചു. ആഭ്യന്തര വകുപ്പാണു കിട്ടിയതു്. ഭരണം പൊടിപാറി. പോകെപ്പോകെ അച്യുതമേനോനെക്കാളും പ്രബലനായി കരുണാകരൻ. അടിയന്തരാവസ്ഥയിൽ ഭരണം മൊത്തമായി ഏറ്റെടുക്കുകയും ചെയ്തു. കേരള കോൺഗ്രസ്സുകാരെ ജയിലിൽനിന്നിറക്കിക്കൊണ്ടുവന്നു് മന്ത്രിസ്ഥാനം നൽകിയതിന്റെ ക്രെഡിറ്റും ലീഡർക്കുതന്നെ.

1977 ആകുമ്പോഴേക്കും അച്യുതമേനോൻ അരങ്ങൊഴിഞ്ഞു; വമ്പിച്ച ഭൂരിപക്ഷം നേടി കരുണാകരൻ അധികാരത്തിൽ തിരിച്ചെത്തി. ആറ്റുനോറ്റു കിട്ടിയ മുഖ്യമന്ത്രിപദത്തിനു് ഒരു മാസത്തെ ആയുസ്സേയുണ്ടായുള്ളൂ. രാജൻ കേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെത്തുടർന്നു് രാജിവെച്ചു് പിരിഞ്ഞു. പിന്നെ കള്ളസത്യവാങ്മൂലക്കേസായി, പുക്കാറായി. മജിസ്റ്റ്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ കയറിയിറങ്ങി തടികഴിച്ചിലാകുമ്പോഴേക്കും രാഷ്ട്രീയ സ്ഥിതിഗതികൾ പിന്നെയും മാറിമറിഞ്ഞു. കോൺഗ്രസ് ഒന്നുകൂടി പിളർന്നു. ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്നവർ കരുണാകരനും മുസ്തഫയും മറ്റു ചിലരും മാത്രം. ഇടതുപക്ഷ ഐക്യത്തിനായി പി. കെ. വാസുദേവൻനായർ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ചപ്പോൾ ഇഷ്ടദാന ബില്ലിന്റെ ബാനറിൽ വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതും സി. എച്ച്. മുഹമ്മദ് കോയ യെ മുഖ്യമന്ത്രിയാക്കിയതും കരുണാകരന്റെ ചാണക്യതന്ത്രം തന്നെ.

ആന്റണി കോൺഗ്രസും മാണി ഗ്രൂപ്പും മാർക്സിസ്റ്റ് പടകുടീരത്തിൽ ഇടം തേടിയപ്പോൾ വലതുപക്ഷ സാമുദായിക ശക്തികളെ കൂട്ടിയിണക്കി ഐക്യ ജനാധിപത്യ മുന്നണിയുണ്ടാക്കിയതും കരുണാകരനാണു്. 1980-ലെ ഇടതുപക്ഷ തരംഗത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്തിയത് അങ്ങനെയാണു്. സഖാക്കളുടെ പരിചരണം സഹിക്കവയ്യാതെ ആന്റണി പുറത്തുചാടിയപ്പോൾ ലീഡറുടെ ചിരിക്കു മാറ്റുകൂടി; 22 സീറ്റിന്റെ പ്രലോഭനത്തിൽ മാണിഗ്രൂപ്പിനെയും അടർത്തിമാറ്റിയപ്പോൾ നായനാരുടെ മന്ത്രിസഭ നിലംപൊത്തി. ഇല്ലാത്ത ഭൂരിപക്ഷം ഉണ്ടാക്കി സ്പീക്കറെ കോമാളി വേഷം കെട്ടിച്ചു് കാസ്റ്റിങ്ങ് മന്ത്രിസഭയുണ്ടാക്കാനുള്ള ചങ്കൂറ്റവും കരുണാകരനേ ഉണ്ടാകൂ.

കപ്പിനും ചുണ്ടിനുമിടക്കു് രണ്ടുവട്ടം തട്ടിപ്പോയ മുഖ്യമന്ത്രിപദം കൈയിൽ കിട്ടിയപ്പോഴോ? ജോസഫിന്റെ സമ്മർദ തന്ത്രം, പിള്ളയുടെ പഞ്ചാബ് മോഡൽ, നിലയ്ക്കൽ പ്രശ്നം, തിരുവനന്തപുരത്തെ സാമുദായിക കലാപം, പിന്നെ പ്രതിച്ഛായാ നാടകം. പ്രീഡിഗ്രി ബോർഡ് സമരം, മന്ത്രിമാരെ വഴിയിൽ തടയൽ, തങ്കമണി, കീഴ്മാടു്… അങ്ങനെയെന്തൊക്കെയുണ്ടായി. മൂന്നു കോൺഗ്രസ്സ് എം. എൽ. എ.മാർ രായ്ക്കുരാമാനം മറുകണ്ടം ചാടിയിട്ടുപോലും കരുണാകരൻ കുലുങ്ങിയില്ല. വരാപ്പുഴ മെത്രാന്റെ ഇംപ്രിമാത്തൂസ് തൃണവൽഗണിച്ചുകൊണ്ടും കെ. വി. തോമസി നെ ലോൿസഭയിലേക്കു് ജയിപ്പിച്ചു് ലീഡർ കരുത്തുകാട്ടി.

1987-91 കാലത്തു് പ്രതിപക്ഷത്തിരുന്നു പരമാവധി കളിച്ചു. മൂവാറ്റുപുഴ സീറ്റിനുവേണ്ടി മസിലുപിടിച്ച ജോസഫ് ഗ്രൂപ്പിനെ പടിയടച്ചു് പിണ്ഡം വെച്ചതും മുന്നണി വിട്ടുപോയ മുസ്ലീംലീഗിന്റെ മനസ്സുമാറ്റിച്ച് തിരികെ കൊണ്ടുവന്നതും കേന്ദ്രമന്ത്രിയാകാൻ ചമഞ്ഞൊരുങ്ങി ദൽഹിക്കുപോയ മാണി യെ ഇളിഭ്യനാക്കിയതും ഉദാഹരണങ്ങൾ. 1989-ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്നു് പുത്തരിയങ്കം ജയിച്ചു് മുളീധരൻ പാർലമെന്റിലേക്കു് പോകുന്നതു് കാണാനും ഭാഗ്യമുണ്ടായി.

ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിലുണ്ടായ ഗംഭീര വിജയം മാർക്സിസ്റ്റ് പാർട്ടിയെ മത്തുപിടിപ്പിച്ചു. കലാവധിയെത്തും മുമ്പു് നിയമസഭ പിരിച്ചുവിട്ടു് ജനവിധി തേടാനായിരുന്നു പാർട്ടി തീരുമാനം. സഖാവു് അച്യുതാനന്ദൻ സത്യപ്രതിജ്ഞയ്ക്കു് ഇടാനുള്ള ജുബ്ബവരെ തയ്പിച്ചുവെച്ചു. വിധി വിഹിതമെന്നല്ലാതെ എന്തുപറയാനാണു്? പോളിങ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. സഹതാപ തരംഗത്തിൽ കരുണാകരനും യു. ഡി. എഫും ജയിച്ചുകയറി.

രാജീവിന്റെ സ്ഥാനത്തു് നരസിംഹ റാവു വിനെ എ. ഐ. സി. സി. പ്രസിഡന്റും പ്രധാനമന്ത്രിയുമാക്കി വാഴിച്ചതിൽ കറുപ്പയ്യാ മൂപ്പനാർക്കും കരുണാകരനും പങ്കുണ്ടായിരുന്നു. നിർണ്ണായക സമയത്തു് ഝാർഖണ്ട് എം. പി.മാരെയും അജിത് സിംഗി നെയും ചാക്കിട്ടതിലും കരുണാകർജി മുഖ്യ പങ്കുവഹിച്ചു: പിൽക്കാലത്തു് ക്രിമിനൽക്കേസിൽ പ്രതിയാകേണ്ടി വന്നതുമില്ല. ദൽഹിയിൽ കിംഗ് മേക്കറായി വിലസുമ്പോൾ തിരുവനന്തപുരത്തു് ആരെ പേടിക്കണം? വലിയ വകുപ്പുകൾ നൽകി ലീഗിനെ വശത്താക്കി, ജേക്കബിനെ പാരയാക്കി മാണിഗ്രൂപ്പ് പിളർത്തി പൊലീസ് സഹായത്തോടെ കെ. പി. സി. സി. തെരഞ്ഞെടുപ്പു് നടത്തി വയലാർ രവിയെ അധ്യക്ഷനുമാക്കി. കരുണാകരനു് ‘ഭീഷ്മാചാര്യ’ അവാർഡു നൽകാനും ഓണറ്റി ഡോക്ടറേറ്റ് പ്രഖ്യാപിക്കാനുമൊക്കെ ആളുണ്ടായി. വലിയ സൗഭാഗ്യങ്ങൾക്കു് പിന്നാലെ അതിഭയങ്കരമായ തിരിച്ചടികളുമുണ്ടായി. കാറപകടം, പത്നിയുടെ ചരമം. തിരുത്തൽവാദം, നേതൃമാറ്റ വിവാദം, ഐ. എസ്. ആർ. ഒ. ചാരക്കേസ്, ആന്റണി ഗ്രൂപ്പിനോടൊപ്പം ഘടകക്ഷികളും നേതൃത്വ മാറ്റം ആവശ്യപ്പെടുകയും നരസിംഹറാവു വിമതരെ പിന്താങ്ങുകയും ചെയ്തതോടെ 1995 മാർച്ച് 16-നു് ലീഡർ പടിയിറങ്ങി. പിന്നെ രാജ്യസംഭാംഗമായി. കേന്ദ്രത്തിൽ വ്യവസായ മന്ത്രിയുമായി. കേന്ദ്രത്തിലിരിക്കുമ്പോഴും മാസാമാസമുള്ള ഗുരുവായൂർ ദർശനം മുടക്കിയില്ല. കിട്ടുന്ന എല്ലാ വടികൊണ്ടും ആന്റണിയുടെ തലക്കുമേടാനും മടി കാണിച്ചില്ല.

1996-ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അധികാരത്തിലേറ്റുന്നതിൽ നിർണായകമായ പങ്കാണു് കരുണാകരൻ വഹിച്ചതു്. നാരായണപ്പണിക്കരെ യും സ്വാമി ശാശ്വതീകാനന്ദ യേയും ഇളക്കിവിട്ടതു് മറ്റാരുമല്ല. പാലക്കാടു് ജില്ലയിൽനിന്നു് കോൺഗ്രസ്സുകാർ ആരും വേണ്ട എന്നു് ലീഡർ അനുയായികൾക്കു് നിർദ്ദേശം നൽകി. അവർ അതു് ഏറെക്കുറെ നടപ്പാക്കുകയും ചെയ്തു. കരുണാകരൻ ഗ്രൂപ്പുകാർ ആന്റണി ഗ്രൂപ്പുക്കാരെ കാലുവാരി. അവർ തിരിച്ചും വാരി.

വ്യക്തമായ ഗെയിം പ്ലാനോടെയാണു് കരുണാകരൻ തൃശൂരുനിന്നു് ലോക്സഭയിലേക്കു മത്സരിച്ചതു്. രാജ്യസഭയിൽ അഞ്ചു വർഷംകൂടി കാലാവധി ഉണ്ടെങ്കിലും തന്റെ ജനസമ്മതി തെളിയിക്കാൻ ലോൿസഭയിലേക്കുതന്നെ ജയിക്കണം എന്നു് അദ്ദേഹം കരുതി. തൃശൂരാണെങ്കിൽ സ്വന്തം തട്ടകം, ജയം സുനിശ്ചിതം, മാർ ജോസഫ് കുണ്ടുകുളത്തിന്റെ പിന്തുണ പ്രത്യക്ഷമായിത്തന്നെയുണ്ടായിട്ടും ഫലം മറിച്ചായി, മൂന്നു പതിറ്റാണ്ടിനുശേഷം ഒരിക്കൽക്കൂടി തൃശൂർക്കാർ ‘മ്മടെ ലീഡറെ’ അപഹാസ്യനാക്കി. ചിന്ന ലീഡർ കോഴിക്കോട്ടും പരാജയം ഏറ്റുവാങ്ങി.

തന്റെയും മകന്റെയും പരാജയത്തോടെ കാരണവർ ഒതുങ്ങും, ഷെഡിൽ കയറും എന്നൊക്കെ കരുതിയവർക്കു തെറ്റി. 1998-ൽ തിരുവനന്തപുരത്തും അതിനടുത്ത വർഷം മുകുന്ദപുരത്തും പ്രബലരായ എതിരാളികളെ മലർത്തിയടിച്ചുകൊണ്ടു് തിരിച്ചുവരവു് നടത്തി. പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വത്തെ അപലപിക്കാനാണു് അദ്ദേഹം അധികസമയവും വിനിയോഗിച്ചതു്. കോൺഗ്രസിനെ പൊരുതുന്ന സംഘടനയാക്കാനുള്ള ഒറ്റമൂലി മുരളിയെ പി. സി. സി. പ്രസിഡന്റാക്കുക മാത്രവും.
പഴയകാലത്തെ ആന്റണിയോടായിരുന്നെങ്കിൽ കരുണാകരന്റെ അഭ്യാസം നടക്കുമായിരുന്നില്ല. ഒരണ സമരനായകനായ ആന്റണി, ചേർത്തലയുടെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക നാട്ടിയ ആന്റണി, പള്ളിക്കും പട്ടക്കാർക്കുമെതിരെ പോരാടിയ ആന്റണി, ഗോഹട്ടി എ. ഐ. സി. സി.-യിൽ ഇന്ദിരാഗാന്ധിയെ എതിർത്ത ആന്റണി, സഞ്ജയ് ഗാന്ധി കേരളത്തിൽ കാൽകുത്തുന്നതു് തടഞ്ഞ ആന്റണി. ചിൿമംഗ്ലൂരിൽ ഇന്ദിരാഗാന്ധി ക്കു് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചു് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച പഴയ ആന്റണി.

പ്രായമേറുകയും പരാധീനം കൂടുകയും ചെയ്തതോടെ ആന്റണിയും മാറി എന്നു കരുണാകരനറിയാം. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും കുടുംബവാഴ്ചയേയും എതിർത്ത ആദർശശാലി ഇപ്പോൾ സോണിയാജി യുടെ വിശ്വസ്തനാണു് ! കൽക്കത്താ എ. ഐ. സി. സി.-യിൽ തൊണ്ണൂറു ശതമാനം വോട്ടുനേടി ജയിച്ച സീതാറാം കേസരി യെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കംചെയ്തപ്പോഴോ വിദേശ ജാതയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കരുതെന്നു് അഭിപ്രായം പറഞ്ഞ പാതകത്തിനു് പവാർ, സാംഗ്മ, അൻവർ എന്നിവരെ പുറത്താക്കിയപ്പോഴോ ആന്റണിക്കു് മനസാക്ഷിക്കുത്തു് ഉണ്ടായില്ല. ഇടതുമുന്നണിയുടെ അഴിമതിയെക്കുറിച്ചു് അഹോരാത്രം പ്രസംഗിക്കുന്ന ആന്റണിക്കു് ബാലകൃഷ്ണപിള്ള ഐക്യജനാധിപത്യമുന്നണിയിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂ. കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ലയനചർച്ച തുടങ്ങിയപ്പോഴേക്കും പ്ലസ് ടു സംബന്ധിച്ച ആരോപണം വിഴുങ്ങാൻ കാണിച്ച സാമർഥ്യവും അഭിനന്ദനീയമാണു്. മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്റെ കൊച്ചുവീട്ടിൽ താമസിച്ചും കാന്റീനിൽ നിന്നു് ഊണുകഴിച്ചും മാതൃകകാണിച്ചയാൾ പ്രതിപക്ഷ നേതാവായപ്പോൾ വിശാലമായ കന്റോൺമെന്റ് ഹൗസിലേക്കു് താമസം മാറ്റി.

കെ. പി. സി. സി. പ്രസിഡന്റായിരിക്കവെ മെത്രാനരമനയിലേക്കു് ഇന്ദിരാഗാന്ധിയെ അനുഗമിക്കാൻ വിസമ്മതിച്ച വീരപുരുഷൻ ഇന്നു് കത്തോലിക്കാ സഭയുടെ കുഞ്ഞാടാണു്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ദലിത് വിദ്യാർത്ഥിനികൾക്കെതിരെ നടക്കുന്ന ‘അപാർത്തീഡ്’ പുറത്തു വന്നപ്പോൾ അതിനെ അപലപിക്കാൻ കരുണാകരൻ തയാറായി. ആദർശധീരൻ ഇപ്രകാരമൊരു സംഭവം നടന്നതായേ ഭാവിച്ചില്ല. പട്ടികജാതിക്കാർക്കല്ല ലത്തീൻ കത്തോലിക്കർക്കാണു് സംഘടിത വോട്ടുബാങ്കുള്ളതു് എന്നു തിരിച്ചറിയാനുള്ള പക്വതയായി എന്നർത്ഥം.

പ്രതിപക്ഷ നേതാവു് എന്ന നിലക്കു് ആന്റണി വട്ടപ്പൂജ്യമാണെന്നു് അദ്ദേഹത്തിന്റെ ആരാധകർപോലും സമ്മതിക്കും. നിയമസഭക്കകത്തോ പുറത്തോ ഘടകകക്ഷികളെ ഏകോപിപ്പിക്കാൻ ആന്റണിക്കു് സാധിച്ചില്ല. ഹയർ സെക്കന്ററി വിദ്യാഭ്യാസ വിപ്ലവത്തെയോ വിഷമദ്യ ദുരന്തത്തെയോ രാഷ്ട്രീയമായി തുറന്നു കാട്ടാനും കഴിഞ്ഞില്ല. കോൺഗ്രസ് സംഘടന മുമ്പെന്നേക്കാളും നിർജീവമാണു്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്തതുകൊണ്ടു് ധനാഗമ മാർഗങ്ങളും കഷ്ടിയാണു്. അണികളെ ഉത്തേജിപ്പിക്കാവുന്ന നേതൃത്വവുമില്ല. തെന്നല ബാലകൃഷ്ണ പിള്ള ക്കാണെങ്കിൽ ഗവർണറായിപ്പോകാനുള്ള പ്രായമായി.

കലങ്ങിമറിഞ്ഞ ഈ രാഷ്ട്രീയ കലാവസ്ഥയിൽ, അതും തെരഞ്ഞെടുപ്പിനു് തൊട്ടുമുമ്പു് കടുത്ത ഒരു വിലപേശലിനാണു് കരുണാകരൻ ഒരുങ്ങുന്നതു്. ആന്റണിക്കു മുഖ്യമന്ത്രിയാകണമെങ്കിൽ മുരളിയെ കെ. പി. സി. സി. പ്രസിഡന്റാക്കണം. അതിനുള്ള ഉറപ്പുകിട്ടിയില്ലെങ്കിൽ ഫലം അനുഭവിക്കണം.

അലിഞ്ഞാൽ ശർക്കര, ഉറച്ചാൽ പാറ അതാണു് കണ്ണോത്തു കരുണാകര മാരാർ. ഒന്നു മോഹിച്ചാൽ ഒമ്പതും സാധിക്കുന്ന വാശി. അറ്റകൈക്കു് തൃണമൂൽ കോൺഗ്രസുണ്ടാക്കാനും കരുണാകരൻ മടിക്കില്ല; അല്ലെങ്കിൽ മൂപ്പനാരെപ്പോലെ മാനിലാ കോൺഗ്രസ്. മകന്റെ ഭാവിയേക്കാൾ വലുതല്ലല്ലോ മാർക്സിസ്റ്റ് വിരോധം?

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.