മരണത്തെപ്പറ്റിയാണു് ഈ വരികളെന്നാണു് പണ്ടു്; ‘ജീവനസംഗീതം’ ക്ലാസിലെടുക്കവെ ഗോപി മാഷ് പറഞ്ഞതു്. മധുരമുഖനായ മുരളീധരനു് സ്ഥാനമൊഴിഞ്ഞു കൊടുത്തു് ഇന്ദിരാഭവന്റെ പടിയിറങ്ങുന്ന തെന്നല ബാലകൃഷ്ണപിള്ള യെ അല്ലേ കവി ഭാവനയിൽ കണ്ടതു് എന്നു് ഇപ്പോൾ സംശയം തോന്നുന്നു.
തെരഞ്ഞെടുപ്പിനെത്തുടർന്നു് കെ. പി. സി. സി.-യിലും നേതൃമാറ്റം ഉണ്ടാകും എന്നു് ഉറപ്പായിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക അധ്യക്ഷൻ മാത്രമായിരുന്നല്ലോ തെന്നല. ഏക വൈസ് പ്രസിഡന്റാണെങ്കിൽ അക്ഷമനായി കാത്തുനിൽക്കുകയും. തെരഞ്ഞെടുപ്പിനുശേഷം മുരളിയെ കെ. പി. സി. സി. പ്രസിഡന്റാക്കാമെന്നു് സോണിയാജി കരുണാകരനു് ഉറപ്പുനൽകിയിരുന്നുതാനും.
ഇതൊക്കെയാണെങ്കിലും വിജയമുഹൂർത്തത്തിൽത്തന്നെ വന്ദ്യവയോധികനായ ബാലകൃഷ്ണപിള്ളയദ്ദേഹത്തെ പുറത്താക്കി പടിയടക്കുമെന്നു് ഒരാളും കരുതിയില്ല. “ഇത്ര പെട്ടെന്നു് സ്ഥാനമൊഴിയേണ്ടിവരുമെന്നു് കരുതിയില്ല” എന്നാണു് തെന്നല തന്നെ പറഞ്ഞതു്. ആന്റണി യുടെ സത്യപ്രതിജ്ഞക്കൊപ്പം തന്നെ മുരളീധരന്റെ അരിയിട്ടുവാഴ്ചയും നടത്തണമെന്നു് കരുണാകരൻ ശഠിച്ചപ്പോൾ, അല്ലാത്തപക്ഷം താനും അനുയായികളും സത്യപ്രതിജ്ഞാചടങ്ങു് ബഹിഷ്കരിക്കുമെന്നു് ഭീഷണിമുഴക്കിയപ്പോൾ ഹൈക്കമാൻഡിനു വേറെ വഴിയൊന്നുമില്ലാതായി. രായ്ക്കുരാമാനം മോത്തിലാൽ വോറ പോയി തെന്നലയുടെ രാജിക്കത്തുവാങ്ങി. പിറ്റേന്നു് (മേയ് 17) ആന്റണിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞയുടൻ. രാഹുകാലം തുടങ്ങുംമുമ്പായി, മുരളിയുടെ പട്ടാഭിഷേകവും നടന്നു.
മുരളിയെ കെ. പി. സി. സി. പ്രസിഡന്റാക്കുന്നതിനെതിരെ തിരുത്തൽവാദികൾ ചില്ലറ അപശബ്ദമുയർത്തിയതൊന്നും ഏശിയില്ല. നിലാവുദിക്കുമ്പോൾ നായ ഓരിയിട്ടെന്നു കരുതി പൗർണമിച്ചന്ദ്രനു് എന്തെങ്കിലും ഗ്ലാനി സംഭവിക്കുമോ? ‘ഐ’ഗ്രൂപ്പുകാരൊഴികെയുള്ളവർ ചടങ്ങിനെത്താഞ്ഞതുകൊണ്ടും കെ. പി. സി. സി. പ്രസിഡന്റിനു് അപകർഷമേതും ഉണ്ടായില്ല. മുരളീധരനു് ഗ്രൂപ്പുണ്ടു്. കെ. പി. സി. സി. പ്രസിഡന്റിനു് ഗ്രൂപ്പില്ല എന്ന ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം കേട്ടു് വാർത്താലേഖകർ കോരിത്തരിച്ചു. എന്റെ മോനല്ലേ എങ്ങനെ മോശംവരും എന്ന മട്ടിൽ കരുണാകർജി ഒന്നു കണ്ണിറുക്കി. പിന്നെ പതിവിലും വിസ്തരിച്ചു് പുഞ്ചിരി തൂകി.
അകത്തു് ആഘോഷം പൊടിപാറവേ. 1. 35 മണിയോടെ (അപ്പോഴേക്കും രാഹുകാലം തുടങ്ങി) ആരാലും ശ്രദ്ധിക്കപ്പെടാതെ തെന്നല ബാലകൃഷ്ണപിള്ള ഇന്ദിരാഭവന്റെ പടിയിറങ്ങി. ഒരു കാറിൽ ഏകനായി മടങ്ങുമ്പോൾ മഹാകവി ശങ്കരക്കുറുപ്പി ന്റെ വരികൾ ഓർമയിൽ ഓടിയെത്തിയിരിക്കണം:
കാലാൽത്തട്ടിനിരത്തട്ടേ
കാലം ജീർണിച്ചതത്രയും;
നിത്യമാനസ ബന്ധങ്ങൾ
നിരാലംബങ്ങളൂഴിയിൽ!
ശൂരനാട്ടെ എണ്ണപ്പെട്ട ജന്മിത്തറവാട്ടിലാണു് ബാലകൃഷ്ണപിള്ള ജനിച്ചതു്. അദ്ദേഹത്തിന്റെ പിതാവു് തെന്നല ഗോപാലപിള്ള ഉഗ്രപ്രതാപിയായ നാട്ടുപ്രമാണിയും ഉറച്ച കോൺഗ്രസുകാരനുമായിരുന്നു. ഗോപാലപിള്ളയും കുടിയാന്മാരുമായുള്ള സംഘർഷമാണു് 1949 ഡിസംബർ 31-ാം തീയതി ഒരു ഇൻസ്പെക്ടറുടെയും നാലു് പോലീസുകാരുടെയും ജീവഹാനിക്കു് ഇടയാക്കിയ ശൂരനാടു് കലാപം. 1950 ജനുവരി ഒന്നാം തീയതി തിരു-കൊച്ചി സംസ്ഥാനത്തു് കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു; ശൂരനാടു് എന്നൊരു നാടു് ഇനി വേണ്ട എന്നു് മുഖ്യമന്ത്രി ടി. കെ. നാരായണപിള്ള ഗർജിച്ചു. കമ്യൂണിസ്റ്റുകാർ പേപ്പട്ടികളെപ്പോലെ വേട്ടയാടപ്പെട്ടപ്പോൾ ശൂരനാടുകേസിലെ പ്രതികളിൽ ഏഴുപേർ ചോരതുപ്പി മരിച്ചു. ഒരു പ്രതി ഒളിവിലിരുന്നു് എഴുതിയ നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്ന നാടകം പാർട്ടിക്കു് വമ്പിച്ച ജനപ്രീതി നേടിക്കൊടുത്തതു വേറൊരു കഥ.
അച്ഛനെപ്പോലെ കോൺഗ്രസുകാരനായി ബാലകൃഷ്ണപിള്ളയെങ്കിലും ജന്മിത്തത്തിന്റെ രാജസ്വഭാവമല്ല തറവാടിത്തത്തിന്റെ സാത്വിക പ്രകൃതമാണു് അദ്ദേഹത്തിനു് കിട്ടിയതു്. തണ്ടുംതലക്കനവുമില്ല സ്ഥാനമാനങ്ങൾക്കായി നെട്ടോട്ടമില്ല. 1977-ലാണു് തെന്നല ആദ്യമായി തെരഞ്ഞെടുപ്പിനു് നിൽക്കുന്നതു്. അത്തവണ അടൂർ മണ്ഡലത്തിൽനിന്നു ജയിച്ചു. 1978-ൽ കോൺഗ്രസ് പിളർന്നപ്പോൾ കരുണാകരനോടും ടി. എച്ച്. മുസ്തഫ, കെ. ജി. അടിയോടി, എൻ. ഐ. ദേവസിക്കുട്ടി, എം. പി. ഗംഗാധരൻ എന്നിവരോടുമൊപ്പം ഇന്ദിരാവിഭാഗത്തിലാണു് നിലയുറപ്പിച്ചതു്. ആന്റണി വിഭാഗവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും മാർക്സിസ്റ്റ് മുന്നണിയിലായിരുന്ന 1980-ലെ തെരഞ്ഞെടുപ്പിൽ തെന്നല സി. പി. എമ്മിലെ സി. പി. കരുണാകരപിള്ള യോടു് തോറ്റു. 1982-ൽ കരുണാകരപിള്ളയെ തോൽപിച്ചു. അത്തവണ ന്യായമായും മന്ത്രിസ്ഥാനം കിട്ടാവുന്നതായിരുന്നു. പക്ഷേ, മലബാർ പ്രാതിനിധ്യംപറഞ്ഞു് എം. പി. ഗംഗാധരനെ യാണു് കരുണാകരൻ മന്ത്രി സഭയിലെടുത്തതു്. (ഗംഗാധരനുള്ള വൈഭവമൊന്നും ഒരു കാര്യത്തിലും തെന്നലക്കില്ല). നവാബ് രാജേന്ദ്രൻ കൊടുത്ത കേസിൽ കുടുങ്ങി ഗംഗാധരൻ 1986 മാർച്ച് 12-ാം തീയതി രാജിവെച്ചപ്പോൾ തെന്നലക്ക് വീണ്ടും സാധ്യത തെളിഞ്ഞു. എന്തുചെയ്യാം? ഇത്തവണ യുവജന പ്രാതിനിധ്യത്തിനാണു് ലീഡർ മുൻഗണന നൽകിയതു്. അങ്ങനെ രമേശ് ചെന്നിത്തല മന്ത്രിയായി. 1987-ൽ സി. പി. എമ്മിലെ ആർ. ഉണ്ണിക്കൃഷ്ണപിള്ളയോടു് തോറ്റതോടെ തെന്നല തെരഞ്ഞെടുപ്പുരംഗം വിട്ടു.
1992 മാർച്ചിൽ തെന്നലബാലകൃഷ്ണപിള്ള, ബി. വി. അബ്ദുല്ലകോയ യോടും എം. എ. ബേബി യോടുമൊപ്പം രാജ്യസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ കാലാവധി തീരുമ്പോഴേക്കും കേരളത്തിൽ ഇടതുപക്ഷഭരണം വന്നു. പ്രതിപക്ഷത്തുനിന്നു് ഒരാളെ ജയിപ്പിക്കാനേ കഴിയൂ എന്ന നിലക്കു് രാജ്യസഭാ സീറ്റ് മുസ്ലീംലീഗിനു് നൽകി. ലീഗിൽനിന്നു് സമദാനി രാജ്യസഭയിലുണ്ടു് എന്നതു് ആരും കണക്കിലെടുത്തില്ല. അങ്ങനെ കൊരമ്പയിൽ ഹാജി രാജ്യസഭാംഗമായി, തെന്നല ബാലകൃഷ്ണപിള്ള രാജ്യസഭാംഗമല്ലാതെയുമായി. 2000-മാണ്ടിൽ രാജ്യസഭയിലേക്കു് വീണ്ടും ഒഴിവുവന്നപ്പോൾ കെ. പി. സി. സി. പ്രസിഡന്റ് എന്ന പരിഗണനവെച്ചു് തെന്നലക്കു് സാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമികളായ എ. കെ. ആന്റണി യും വയലാർ രവി യും രാജ്യസഭാംഗങ്ങൾ ആയിരുന്നല്ലോ. എന്നാൽ, കരുണാകരൻ കടുംപിടിത്തത്തിലൂടെ തൽസ്ഥാനവും ലീഗിനു് വാങ്ങിക്കൊടുത്തു.
വയലാർ രവി യെ ഒഴിവാക്കിയപ്പോൾ മുട്ടുശാന്തിക്കു് പ്രസിഡന്റായതാണു് തെന്നല. ഒരു ഗ്രൂപ്പുകാരനുമല്ലാത്തതുകൊണ്ടാണു് പ്രസിഡന്റുസ്ഥാനം കിട്ടിയതു്; ഒരു ഗ്രൂപ്പിലും ഇല്ലാത്തതുകൊണ്ടു് ആരും ഗൗനിച്ചതുമില്ല. ഒരു തവണയെങ്കിലും കെ. പി. സി. സി. യോഗത്തിനു് വരാതിരുന്നു് മുരളിക്കു് അധ്യക്ഷത വഹിക്കാൻ അവസരം നൽകാത്തതുകാരണം കരുണാകരനു് തെന്നലയോടു് കടുത്ത വിദ്വേഷം ഉണ്ടാകുകയും ചെയ്തു.
പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഹൈക്കമാന്റിനോടു് രണ്ടു വരമാണു് കരുണാകരൻ ആവശ്യപ്പെട്ടതു്. ഒന്നു്, യൂത്ത് കോൺഗ്രസ് പ്രസിഡന്റുപദത്തിൽനിന്നു് കെ. സി. വേണുഗോപാലി നെ നീക്കണം. രണ്ടു്, തെന്നലക്കു പകരം മുരളി യെ കെ. പി. സി. സി. അധ്യക്ഷനാക്കണം. പഞ്ചായത്തു് തെരഞ്ഞെടുപ്പു് കഴിഞ്ഞയുടനെ വേണുഗോപാലിനെ പറഞ്ഞയച്ചു: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തെന്നലയേയും. പണ്ടു് കെ. എം. ചാണ്ടി യോടും കരുണാകരൻ ഇതുതന്നെയാണു് ചെയ്തതു്. 1978-82 കാലത്തു് ഇന്ദിരാവിഭാഗക്കാരുടെ കെ. പി. സി. സി. പ്രസിഡന്റും കരുണാകരന്റെ സന്തതസഹചാരിയുമായിരുന്നു പ്രൊഫ. കെ. എം. ചാണ്ടി. 1982 മേയ് മാസത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ കരുണാകരൻ ചാണ്ടിസാറിനെ ലഫ്. ഗവർണറാക്കി പോണ്ടിച്ചേരിക്കു് അയച്ചു. പിന്നീടു് അദ്ദേഹം മധ്യപ്രദേശ് ഗവർണറായും പ്രശോഭിച്ചു. ഗവർണറായി വിക്ഷേപിക്കപ്പെട്ട ഒട്ടേറെ നേതാക്കൾ ഉണ്ടായിട്ടുണ്ടു്—എ. ജെ. ജോണും പട്ടം താണുപിള്ള യും മുതൽ എ. എ. റഹീമും വക്കം പുരുഷോത്തമനും വരെ. ഇവരിൽ വക്കമൊഴികെ മറ്റാരും പിന്നീടു് സംസ്ഥാന രാഷ്ട്രീയത്തിലേക്കു് മടങ്ങിവന്നില്ല. ഗവർണറായി പോകാനുള്ള പ്രായമായി. തെന്നല ബാലകൃഷ്ണപിള്ള ക്കു്. അങ്ങനെയെങ്കിൽ ശേഷിച്ച കാലം പിഴിച്ചിലും ഞവരക്കിഴിയുമായി ഏതെങ്കിലും രാജ്ഭവനിൽ കഴിയാമായിരുന്നു. കേന്ദ്രത്തിൽ ബി. ജെ. പി.-യുടെ ഭരണമായതുകൊണ്ടു് അതും നടക്കുകയില്ല. പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞാലും പോരാ 14 വർഷം കാട്ടിൽ പോയി താമസിക്കുകയും വേണം എന്നു് കരുണാകരൻ വരം ചോദിച്ചില്ലല്ലോ എന്ന സമാധാനം മാത്രം ബാക്കി.
* * *
എറണാകുളം ജില്ലയിൽ പിറവത്തിനടുത്താണു് രാമമംഗലം പെരുംതൃക്കോവിൽ. പ്രധാനമൂർത്തി ബാലനരസിംഹം; ഉപദേവതമാർ: ഭദ്രകാളി, ശാസ്താവു്, ദുർഗ, ഭഗവതി. പ്രധാന പ്രതിഷ്ഠയായ നരസിംഹത്തേക്കാൾ പ്രാധാന്യം ഓവുതാങ്ങിയായ ഉണ്ണിഭൂതത്തിനാണു്. നരസിംഹം പടിഞ്ഞാറോട്ടും ഉണ്ണിഭൂതം വടക്കോട്ടുമാണു് ദർശനം. കൊടിമരവും രണ്ടെണ്ണമുണ്ടു്. ഉണ്ണിഭൂതത്തിനു് നാളികേരമെറിയലാണു് പ്രധാന വഴിപാടു്. കൊച്ചുകുട്ടികൾക്കു് അസുഖം വരുമ്പോൾ ഉണ്ണിഭൂതത്തിനു് നാളികേരമെറിയുക പതിവാണു്. സംഗീതജ്ഞനായിരുന്ന ഷഡ്കാല ഗോവിന്ദമാരാർ രാമമംഗലം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നുവത്രെ.
പണ്ടേതോകാലത്തു് ക്ഷേത്രം ഊരാളരിലും തന്ത്രികളിലും രണ്ടു് ഗ്രൂപ്പുണ്ടായിരുന്നുവെന്നും കിടമൽസരം മൂർച്ഛിച്ചപ്പോൾ തൃപ്പൂണിത്തുറ കലശദിവസംതന്നെ രാമമംഗലത്തും കലശം വെച്ചുവെന്നും തൃപ്പൂണിത്തുറ കലശം കഴിഞ്ഞു് പുലിയന്നൂർ തന്ത്രി എത്തുമ്പോഴേക്കും മറ്റുള്ളവർ നരസിംഹമൂർത്തിക്കു് കലശമാടിക്കഴിഞ്ഞിരുന്നുവെന്നും തന്ത്രി കോപാകുലാനായി ഓവു താങ്ങിക്കു് കലശമാടിയെന്നുമാണു് ഐതിഹ്യം. അങ്ങനെയാണത്രെ ഓവുതാങ്ങിക്കു് നരസിംഹമൂർത്തിയേക്കാൾ പ്രാധാന്യമുണ്ടായതു്.
കേരള രാഷ്ട്രീയത്തിലെ പെരുംതൃക്കോവിലാണു് കോൺഗ്രസ് എ ഗ്രൂപ്പ്. പ്രധാനപ്രതിഷ്ഠ എ. കെ. ആന്റണി, ഉപദേവന്മാർ ആര്യാടൻ മുഹമ്മദ്, വി. എം. സുധീരൻ, എം. എം. ഹസ്സൻ എന്നിവരും. ഏഴു് തന്ത്രിയുള്ള തംബുരുമീട്ടി, ആറു കാലങ്ങളിലും കീർത്തനമാലപിച്ച കഴകക്കാരൻ ചെറിയാൻ ഫിലിപ്പ് ഭാഗവതർ. പ്രധാനമൂർത്തിയേക്കാൾ ശക്തനായ ഉണ്ണിഭൂതമോ? ഉമ്മൻചാണ്ടി തന്നെ. ഓവുതാങ്ങിക്കു് കലശമാടിയ തന്ത്രികൾ മലയാളമനോരമ പത്രക്കാരും. ആന്റണി ന്യൂദൽഹിയിലേക്കും ഉമ്മൻചാണ്ടി കോട്ടയത്തേക്കും ദർശനം. കെ. എസ്. യു.-യൂത്ത് കോൺഗ്രസ് ബാലന്മാർക്കു് ദീനം മാറ്റിക്കൊടുക്കുന്നതു് ഉണ്ണിഭൂതം.
1940 ഡിസംബർ 28-നു് ചേർത്തലയിൽ ആന്റണി യും പുതുപ്പള്ളിയിൽനിന്നു് ഉമ്മൻചാണ്ടി യും നിയമസഭയിലേക്കു് ജയിച്ചു. 1973-ൽ കെ. പി. സി. സി. പ്രസിഡന്റായ ആന്റണി 1977-ൽ മൽസരിച്ചില്ല. പുതുപ്പള്ളിയിൽനിന്നു് വീണ്ടും ജയിച്ച ഉമ്മൻചാണ്ടി കരുണാകരന്റെ മന്ത്രിസഭയിൽ തൊഴിൽ വകുപ്പുമന്ത്രിയായി. 1977 ഏപ്രിൽ 25-ാം തീയതി കരുണാകരൻ മന്ത്രിസഭ രാജിവെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ആന്റണി മുഖ്യനായി. 1978 ഒക്ടോബർ 27-നു് ആന്റണി രാജികൊടുത്തപ്പോൾ ഉമ്മൻചാണ്ടിയും പുറത്തായി. പി. കെ. വി.യുടെ മന്ത്രിസഭയിൽ എം. കെ. രാഘവനാ യിരുന്നു തൊഴിൽമന്ത്രി.
1980-ൽ ആദ്യത്തെ ഇടതുജനാധിപത്യ മുന്നണി മന്ത്രിസഭയിൽ ഉമ്മൻചാണ്ടി ക്കു് ഇടംകിട്ടിയില്ല. മാർക്സിസ്റ്റ് സഖ്യത്തിന്റെ പ്രമുഖ വക്താവു് പി. സി. ചാക്കോ യാണു് മന്ത്രിയായതു്. 1981 അവസാനം സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിൽ കരുണാകരൻ രൂപവത്ക്കരിച്ച മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പു് കിട്ടിയെങ്കിലും രണ്ടര മാസമേ ഭരണമുണ്ടായുള്ളൂ.
1982-ൽ ആന്റണി ഗ്രൂപ്പിൽനിന്നു് വയലാർ രവി, സിറിയക് ജോൺ, കെ. പി. നൂറുദ്ദീൻ എന്നിവരാണു് മന്ത്രിമാരായതു്. സിറിയക് ജോൺ രാജിവെച്ചപ്പോൾ എ. എൽ. ജേക്കബ്ബും വയലാർ രവി രാജികൊടുത്തപ്പോൾ തച്ചടി പ്രഭാകരനും മന്ത്രിമാരായി. 1987–91 കാലത്തെ ഇടതുപക്ഷ ഭരണവും കഴിഞ്ഞു് 1991 ജൂൺ 24-നു് വീണ്ടും ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തിയപ്പോൾ ഉമ്മൻചാണ്ടി ക്കു് ധനകാര്യവകുപ്പുതന്നെ കിട്ടി. നിയമസഭാ കക്ഷി ഉപനേതാവു് ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിലും കരുണാകരൻ അമേരിക്കക്കു് ചികിൽസക്കു് പോയപ്പോൾ പൊതുഭരണവകുപ്പിന്റെ ചുമതല ഏൽപിച്ചതു് സി. വി. പത്മരാജനെ, എം. എ. കുട്ടപ്പനു് രാജ്യസഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചു് 1994 ജൂൺ 16-നു് ഉമ്മൻചാണ്ടി രാജിവെച്ചു. കരുണാകരന്റെ പതനത്തിൽ കലാശിച്ച സംഭവങ്ങൾ അവിടെനിന്നാണു് ആരംഭിച്ചതു്. സെപ്റ്റംബർ 24-ാം തീയതി കെ. പി. വിശ്വനാഥനും രാജി നൽകി. നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്നു് കരുണാകരനെ നീക്കണമെന്നു് 20 എം. എൽ. എ.-മാർ 27-ാം തീയതി രേഖാമൂലം ആവശ്യപ്പെട്ടു. സി. എം. പി. ഒഴികെയുള്ള ഘടകകക്ഷികളും ഇതേ ആവശ്യം ഏറ്റുപിടിച്ചപ്പോൾ. 1995 മാർച്ച് 16-നു് കരുണാകരൻ ക്ലിഫ്ഹൗസിന്റെ പടിയിറങ്ങി.
കരുണാകരനെ പിന്തുടർന്നു് ആന്റണി മുഖ്യമന്ത്രിയായപ്പോൾ പി. പി. തങ്കച്ചനും വി. എം. സുധീരനും മന്ത്രിമാരായി. ഉമ്മൻചാണ്ടി പുറത്തുനിന്നു് പിന്താങ്ങി. സർവകാര്യങ്ങളും തീരുമാനിക്കുന്നതു് ഉമ്മൻചാണ്ടിയാണെന്നും ഒപ്പിടുന്ന ജോലിയേ ആന്റണിക്കുള്ളൂ എന്നുമാണു് ശത്രുക്കൾ പ്രചരിപ്പിച്ചതു്.
ചെറിയാൻ ഫിലിപ്പി നെ മലർത്തിയടിച്ചു് പുതുപ്പള്ളിക്കോട്ട കാത്ത ഉമ്മൻചാണ്ടി കനപ്പെട്ട ഒരു വകുപ്പോടെ (ധനകാര്യമോ ആഭ്യന്തരമോ) മന്ത്രിസഭയിലെത്തുമെന്നാണു് അദ്ദേഹത്തിന്റെ ആരാധകർ കരുതിയതു്. കുഞ്ഞൂഞ്ഞു് ഇല്ലാത്ത കേരള മന്ത്രിസഭ ഡെൻമാർക്കിലെ രാജകുമാരനില്ലാത്ത ഹാംലെറ്റ് നാടകംപോലെ, കത്തോലിക്കാ ബാവയില്ലാത്ത ദേവലോകം അരമനപോലെയായിപ്പോകും എന്നു്ഒരുകൂട്ടർ പ്രചരിപ്പിച്ചു.
മലയാളമനോരമ മനസ്സിൽ കണ്ടതു് കരുണാകരൻ മാനത്തുകണ്ടു. അദ്ദേഹം തന്റെ ഗ്രൂപ്പിനുവേണ്ടി നാലു് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. കടവൂർ ശിവദാസൻ, പ്രൊഫ. കെ. വി. തോമസ്, അഡ്വ. പി. ശങ്കരൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ. അതൊടെ ആന്റണി ആപ്പിലായി. സാമ്പത്തിക പ്രതിസന്ധിമൂലം മന്ത്രിമാരുടെ എണ്ണം 20 ആയി കുറച്ചിരിക്കുകയാണു്. ഘടകകക്ഷികൾക്കെല്ലാം കൂടി 11; കോൺഗ്രസിനു് മുഖ്യനടക്കം 9. സാമുദായിക പ്രാതിനിധ്യവും നോക്കണം. ഘടകകക്ഷികളിൽനിന്നായി നാലു് മുസൽമാൻമാരും മൂന്നു് ക്രിസ്ത്യാനികളും രണ്ടു വീതം നായന്മാരും ഈഴവരും മന്ത്രിമാരാകും. കോൺഗ്രസിൽനിന്നു് മൂന്നു് നായന്മാരും രണ്ടു് ഈഴവരും രണ്ടു് ക്രിസ്ത്യാനികളും ഒരു മുസ്ലിമും ഒരു പട്ടികജാതിക്കാരനുമായാൽ ഏറെക്കുറെ ഒപ്പിക്കാം.
ഒമ്പതു് കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കലാണു് ഏറ്റവും കഠിനം. മൂന്നാം ഗ്രൂപ്പിൽനിന്നു് കാർത്തികേയനും നാലാംഗ്രൂപ്പിൽനിന്നു് സുധാകരനും നിർബന്ധമാണു്. ഓരോ നായരും ഈഴവനുമായി. ഐ ഗ്രൂപ്പിൽനിന്നു് കടവൂർ ശിവദാസനെ യും പി. ശങ്കരനെ യും ഒഴിവാക്കാനാവില്ല. ഈഴവനും നായരും ഓരോന്നുകൂടിയായി. മുസ്ലിമായി എം. എം. ഹസ്സൻ, പട്ടികജാതിക്കാരൻ ഡോ. എം. എ. കുട്ടപ്പൻ—രണ്ടുപേരും ‘എ’ ഗ്രൂപ്പുകാർ. പള്ളിയും പട്ടക്കാരനുമില്ല. കുർബാനയും കുമ്പസാരവുമില്ലാത്തയാളാണെങ്കിലും എ. കെ. ആന്റണി മാമോദീസാവെള്ളം വീണ ക്രിസ്ത്യാനിയാണല്ലോ. അപ്പോൾ ഒരു ക്രിസ്ത്യാനിയായി. ബാക്കിയുള്ളതു് ഒരു നായർ, ഒരു ക്രിസ്ത്യാനി.
‘എ’ ഗ്രൂപ്പിൽനിന്നു് ഉമ്മൻചാണ്ടി യെ മന്ത്രിസഭയിലെടുക്കുന്നപക്ഷം ശങ്കരനാരായണനെ ഒഴിവാക്കേണ്ടിവരും. മാത്രമല്ല കെ. വി. തോമസി നു പകരം സാവിത്രി ലക്ഷ്മണൻ മതിയെന്നു് കരുണാകരൻ സമ്മതിക്കുകയും വേണം. അതു് സമ്മതിക്കണമെങ്കിൽ കെ. കരുണാകരൻ രണ്ടാമതൊരിക്കൽ കൂടി ജനിക്കണം. കെ. വി. തോമസി നെ മന്ത്രിയാക്കിയെ തീരൂ എന്നു് കരുണാകരൻ ശഠിച്ചു.
തോമസിനു പകരം ഉമ്മൻചാണ്ടിയെ മന്ത്രിയാക്കുന്നതിൽ അതിഭയങ്കരമായ മറ്റൊരു പ്രശ്നം കൂടിയുണ്ടു്. ഉമ്മൻചാണ്ടി സവർണ (സുറിയാനി) ക്രിസ്ത്യാനിയാണു്; തോമസ്മാഷ് പിന്നാക്കക്കാരനായ ലത്തീൻ കത്തോലിക്കനും. ആന്റണിയടക്കമുള്ള നാലു് ക്രിസ്ത്യൻ മന്ത്രിമാരും സുറിയാനി ക്രിസ്ത്യാനികളാണു്. ആന്റണി, മാണി, സി. എഫ്. തോമസ് എന്നിവർ സിറിയൻ കത്തോലിക്കർ; ടി. എം. ജേക്കബ് യാക്കോബായ സഭക്കാരനും സിറിയൻ ക്രിസ്ത്യാനികളിൽ നല്ലൊരുഭാഗം കേരള കോൺഗ്രസുകളിലെ വിവിധ ഗ്രൂപ്പുകളിലാണു്. ലത്തീൻകാരാണെങ്കിൽ ആനി മസ്ക്രീന്റെ യും അലക്സാണ്ടർ പറമ്പിത്തറ യുടെയും കാലംമുതൽക്കു് അടിയുറച്ച കോൺഗ്രസുകാരും. ലത്തീൻകാരെ അവഗണിക്കുന്നു എന്നു് നെയ്യാറ്റിൻകര, കൊല്ലം ആലപ്പുഴ, കൊച്ചി, വരാപ്പുഴ, കോട്ടപ്പുറം മെത്രാന്മാരും ലാറ്റിൻ കാത്തലിക് അസോസിയേഷനുമൊക്കെ എത്രയോ കാലമായി മുറവിളിയാണു്. പിരിച്ചുവിട്ട സഭയിൽ ആറു് ലത്തീൻ കത്തോലിക്കരാണുണ്ടായിരുന്നതെങ്കിൽ പുതിയ സഭയിൽ അതു് മൂന്നായി കുറഞ്ഞിരിക്കുന്നു.
ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യം ഉറപ്പാക്കണമെങ്കിൽ ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ചേ തീരൂ എന്നു് വ്യക്തമായതോടെ കരുണാകർജി അടുത്ത ഡാവിറക്കി: ഉമ്മൻചാണ്ടിയെ ഒഴിവാക്കണം എന്നു് ഞാൻ പറഞ്ഞിട്ടില്ല. തോമസ്മാഷെ മന്ത്രിയാക്കണം എന്നേ ഞാൻ പറഞ്ഞതിനു് അർഥമുള്ളൂ. ഉമ്മൻചാണ്ടിയെയും കെ. വി. തോമസിനെയും ഒരേസമയത്തു് മന്ത്രിമാരാക്കണമെങ്കിൽ പിന്നെ ആന്റണിക്കു് ഒരു വഴിയേയുള്ളൂ. മുഖ്യമന്ത്രിസ്ഥാനം മറ്റാരെയെങ്കിലും ഏൽപിച്ചു് മുരിങ്ങൂർക്കു് ധ്യാനത്തിനു പോകുക.
അങ്ങനെ ഉമ്മൻചാണ്ടി ഉപേക്ഷിക്കപ്പെട്ടു. താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിട്ടേയില്ലെന്നും പേരു് പരിഗണിച്ച ആന്റണിയോടും പിന്താങ്ങിയ കരുണാകരനോടും നന്ദിയുണ്ടെന്നും അദ്ദേഹം വാർത്താലേഖകരോടു് പറഞ്ഞു. എന്തൊരദ്ഭുതപ്രേമസൗഭഗം. എന്തൊരാദർശസൗരഭം!
ഏതായാലും കെ. ശങ്കരനാരായണൻ ഒഴിഞ്ഞ ഐക്യമുന്നണി കൺവീനറുടെ തസ്തിക ഏറ്റെടുക്കാൻ ഉമ്മൻചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടു്. നാടിന്റെ സുകൃതം എന്നേ പറയേണ്ടൂ. രാമമംഗലം ക്ഷേത്രത്തിലെ ഓവുതാങ്ങിയുടെ റോളായിരിക്കുമോ കുഞ്ഞൂഞ്ഞിനു്?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.