ആവേശത്തിരയിളക്കിയ രാജ്യസഭാ തെരഞ്ഞെടുപ്പുൽസവം കൊടിയിറങ്ങി. വിജയികൾ വീരസ്യം പറയുന്നു; പരാജിതർ പുലയാട്ടു വിളിക്കുന്നു. കരുണാകരനെ പിന്നിൽനിന്നു് കുത്തിയവർ ആരൊക്കെ, കോടോത്തിനു് വോട്ടുമറിച്ച ഘടകകക്ഷികൾ ഏതൊക്കെ എന്ന അന്വേഷണത്തിലാണു് മാധ്യമങ്ങൾ.
തെന്നല യും വയലാർജി യും ജയിച്ചു കയറിയതുകൊണ്ടു് ഹൈക്കമാൻഡിന്റെ മുഖം രക്ഷപ്പെട്ടു. ആന്റണി മന്ത്രിസഭയും രക്ഷപ്പെട്ടു. ദേശീയ നേതാവെന്ന നിലക്കു് വയലാർ രവി യുടെ കീർത്തി ആസേതുഹിമാചലം വ്യാപിക്കുകയും ചെയ്തു. മറുഭാഗത്തു് കെ. കരുണാകരൻ അസാരം ക്ഷീണിച്ചു. അദ്ദേഹത്തിനു് തന്ത്രപരമായ പിന്തുണ നൽകുകവഴി മന്ത്രിസഭയെ അട്ടിമറിക്കാനൊരുങ്ങിയ ഇടതുപക്ഷ കക്ഷികൾ ഇളിഭ്യരായി.
ആന്റണിയുടേതിനേക്കാൾ അബ്കാരികളുടെ വിജയമാണു് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കണ്ടതു്. അബ്കാരി മുതലാളിമാരുടെ സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ കോടോത്തു് ഗോവിന്ദൻ നായർക്കു് മുപ്പത്തി രണ്ടോ മുപ്പത്തിമൂന്നോ ഒന്നാം മുൻഗണനാ വോട്ടുകൾ കിട്ടിയേനെ രണ്ടാംവട്ട വോട്ടെണ്ണലിൽ അദ്ദേഹം ജയിക്കുകയും ചെയ്യുമായിരുന്നു. പണത്തിന്റെ മുമ്പിൽ ആറേഴു് എം. എൽ. എ.-മാരുടെ കണ്ണഞ്ചി. ആത്യന്തികമായി തങ്ങൾ കോൺഗ്രസുകാരാണെന്നും ആദിയിൽ ലീഡറല്ല ഹൈക്കമാൻഡാണുണ്ടായതെന്നും അവർ തിരിച്ചറിഞ്ഞു.
മറുവശത്തു്, ഔദ്യോഗിക സ്ഥാനാർഥികൾക്കു് ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ച ചെറുഘടകകക്ഷികളിൽ ചിലർ ഒറ്റക്കും കൂട്ടായും കോടോത്തിനു വോട്ടുമറിച്ചു. ലീഗിതര ഘടകകക്ഷികൾക്കുനേരെ മുഖ്യമന്ത്രി വെച്ചുപുലർത്തുന്ന അവജ്ഞക്കും അവഗണനക്കുമെതിരായ പ്രതിഷേധമായിരുന്നു അതു്. മാനുഷരെല്ലാരുമൊന്നുപോലെ കഴിഞ്ഞ കരുണാകര യുഗത്തിന്റെ മധുരസ്മരണകൾ ബാലകൃഷ്ണപിള്ള ക്കും ടി. എം. ജേക്കബി നുമെങ്കിലും ഉണ്ടായെങ്കിൽ അവരെ കുറ്റപ്പെടുത്താനുമാവില്ല. മന്നപ്പന്റെ സുപ്രസിദ്ധമായ ഉപമ കടമെടുത്തുപറഞ്ഞാൽ ഒരു കൂട്ടർമാത്രം പരിപ്പും പപ്പടവും കാളനും ഓലനും അവിയലും കൂട്ടി മൃഷ്ടാന്നമായി ഉണ്ണുന്നു; ബാക്കിയുള്ളവർ ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കുന്നു!
കോടോത്തു് ജയിച്ചിരുന്നെങ്കിൽ കരുണാകരൻ നേതൃമാറ്റം ആവശ്യപ്പെടുമായിരുന്നു. അതിനുമുമ്പുതന്നെ ആദർശപ്രചോദിതനായി ആന്റണി സ്ഥാനത്യാഗം ചെയ്യുമായിരുന്നു. ഔദ്യോഗിക സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടു് ആ അപകടം ഒഴിവായി. 2004 സെപ്റ്റംബർ–ഒക്ടോബറിൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പു് വരെയെങ്കിലും മന്ത്രിസഭ നിലനിൽക്കുമെന്നു് ഉറപ്പുപറയാം.
ദൽഹിയിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കു് അനുകൂലമായും തിരുവനന്തപുരത്തു് വിമതനുവേണ്ടിയും പ്രവർത്തിച്ച കെ. പി. സി. സി. പ്രസിഡന്റിനെ പറഞ്ഞുവിടണം എന്നൊരഭിപ്രായം പ്രബലമായിട്ടുണ്ടു്. ഏപ്രിൽ 15-നു് മലയാള മനോരമ തന്നെ മുരളിയുടെ നടപടിയെ മുഖപ്രസംഗവശാൽ വിമർശിച്ചു.
“ഈ വിവാദത്തിൽ കെ. പി. സി. സി. പ്രസിഡന്റ് കെ. മുരളീധരൻ സ്വീകരിച്ച നിലപാടു് പക്ഷപാതപരമായിരുന്നുവെന്ന ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ടു്. ഗ്രൂപ്പിനതീതനാണെന്നു പറയുകയും ഒരു പരിധിവരെ അതുപോലെ പ്രവർത്തിക്കുകയും ചെയ്തിരുന്ന മുരളീധരൻ ‘ഐ’ ഗ്രൂപ്പിന്റെ വക്താവായതു് പെട്ടെന്നായിരുന്നു. കെ. പി. സി. സി. പ്രസിഡന്റ് പദവിയുടെ അന്തസ്സു് കാത്തുസൂക്ഷിക്കാൻ ഏതുസാഹചര്യത്തിലും അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ലേ?”
മുരളീധരനെ പറഞ്ഞയക്കണം എന്നു നിർബന്ധം കോൺഗ്രസിലെ മൂന്നും നാലും ഗ്രൂപ്പുകൾക്കാണു്—തെളിച്ചുപറഞ്ഞാൽ രമേശ് ചെന്നിത്തല ക്കും വയലാർരവി ക്കും. രണ്ടുപേരും സംസ്ഥാനത്തു് വലിയ പിന്തുണയൊന്നും അവകാശപ്പെടാനാകാത്ത ‘ദേശീയ’ നേതാക്കളാണു്. ഇത്തരം മൂടില്ലാത്താളികൾക്കാണു് ഹൈക്കമാൻഡിൽ ഇക്കാലം പിടിപാടു് (മുരളി പരസ്യമായി ഗ്രൂപ്പു പ്രവർത്തനം നടത്തിയതു്!). വിമത സ്ഥാനാർഥിക്കു് വോട്ടുകൊടുത്ത മന്ത്രിമാരെ വെറുതെ വിടരുതെന്നും വയലാർജി താക്കീതു നൽകിയിട്ടുണ്ടു്.
രവി ജനറൽ സെക്രട്ടറിയായതോടെ എ. ഐ. സി. സി. ആസ്ഥാനത്തു് ഏറക്കുറെ അപ്രസക്തനായ രമേശിനു് പി. സി. സി. പ്രസിഡന്റായി സംസ്ഥാനത്തെ സേവിക്കണം എന്നു മോഹം. മുരളിയെ കൊച്ചാക്കാൻ കിട്ടിയ ഒരവസരവും അദ്ദേഹം ഇതുവരെ പാഴാക്കിയിട്ടില്ല. ഇനി പാഴാക്കുകയുമില്ല. വിൻസന്റ് ജോർജ് വഴി മാഡത്തിനെ സ്വാധീനിച്ചു് മുരളിയെ തട്ടണം, തൽസ്ഥാനത്തു് പ്രസിഡന്റും തുടർന്നു് കേരള മുഖ്യമന്ത്രിയുമാകണം—ഇങ്ങനെ പോകുന്നു മനോരഥം.
ആന്റണി ക്കും ഉമ്മൻചാണ്ടി ക്കും സമ്മതമെങ്കിൽ കെ. പി. സി. സി. പ്രസിഡന്റിന്റെ മുൾക്കിരീടമണിയാൻ കെ. സുധാകരൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടു്. (രവിക്കു് മനസ്സാണു്—ആ നിലക്കു് ഹൈക്കമാന്റ് എതിരാകാൻ വഴിയില്ല) പട്ടാമ്പി എം. എൽ. എ.-യെ ചാക്കിൽ കയറ്റുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച പ്രാവീണ്യം നിസ്തുലമായിരുന്നു. പി. സി. സി. അധ്യക്ഷനുവേണ്ട തണ്ടും തടിമിടുക്കുമുണ്ടു്, ചങ്കൂറ്റം ആവശ്യത്തിലധികവും. സുധാകരന്റെ സ്ഥാനത്തു് മേഴ്സിയെ മന്ത്രിയാക്കാമെന്ന അനുകൂല സാഹചര്യം കൂടി മുഖ്യനു് കണക്കിലെടുക്കാവുന്നതാണു്.
എം. പി. ഗംഗാധരനു് അതിമോഹമില്ല. ഒന്നുകിൽ ആരോഗ്യമന്ത്രിസ്ഥാനം അല്ലെങ്കിൽ പി. സി. സി. പ്രസിഡന്റുപദം. രണ്ടായാലും വിരോധമില്ല. അവസാനനിമിഷം കരുണാകരനെ തിരിഞ്ഞുകുത്തിയതിനു് (ബ്രൂട്ടസ് സമാരാധ്യനാണു് !) ന്യായമായ പ്രതിഫലം അദ്ദേഹം പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിൽ അർജുൻസിംഗിന്റെയും ഉത്തരാഞ്ചൽ മുഖ്യൻ തിവാരി യുടെയും പിൻബലമുണ്ടു് ഗംഗാധർജിക്കു്.
മുരളീധരനെ യോ ശങ്കര-ശിവദാസന്മാരെയോ മാറ്റുന്നതിനോടു് യോജിപ്പില്ല. മുഖ്യമന്ത്രിക്കു്. മൂവരും മുതിർന്ന നേതാവിന്റെ ഏഴാംകൂലികൾ മാത്രമാണല്ലോ. കെ. കരുണാകരനെ കുഴിയിലിറക്കിയ രമേശ് ചെന്നിത്തല തന്നെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുമെന്നു് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ആന്റണി ക്കുണ്ടു്. പി. ശങ്കരന്റെ സ്ഥാനത്തു് എം. പി. ഗംഗാധരൻ മന്ത്രിയാകുന്നപക്ഷം സർക്കാറിന്റെ യശസ്സു് ഉത്തരോത്തരം അഭിവൃദ്ധിപ്പെടുമെന്നും ആദർശധീരനറിയാം. ഫരിസേയരുടെയും ഹെറോദിയരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളണം എന്നു കർത്താവു് തമ്പുരാൻ മുന്നറിയിപ്പു നൽകിയിട്ടുണ്ടല്ലോ. ആകയാൽ ഞാൻ നിങ്ങളോടു് പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. നിങ്ങൾ സ്വന്തം ഗ്രൂപ്പുക്കാരെ മാത്രമേ അംഗീകരിക്കുകയുള്ളുവെങ്കിൽ മറ്റുള്ളവരേക്കാൾ എന്തു മേന്മയാണു് നിങ്ങൾക്കുള്ളതു് ? മാർക്സിസ്റ്റുകാർപോലും അതു ചെയ്യുന്നില്ലേ? അതുകൊണ്ടു് സ്വർഗസ്ഥയായ ഹൈക്കമാൻഡ് പരിപൂർണയായിരിക്കുംപോലെ നിങ്ങളും പരിപൂർണരായിരിക്കണം.
മുതിർന്ന നേതാവിനോടു് ഏഴല്ല എഴുപതുവട്ടം ക്ഷമിക്കണമെന്ന അഭിപ്രായമാണു് ഗുലാംനബി ആസാദി നുമുള്ളതു്. അധികാരവും പണവും ആവശ്യത്തിലധികം ചെലവിട്ടാണു് അങ്കം ജയിച്ചതെന്നു് ആസാദിനറിയാം. പ്രതികൂല സാഹചര്യത്തിൽപ്പോലും ഇരുപതോളം എം. എൽ. എ.-മാർ കാരണവർക്കൊപ്പമുണ്ടു്. എന്തിനും മടിക്കാത്ത മൈനർ ഘടകകക്ഷികൾവേറെയും. ബദൽ മന്ത്രിസഭക്കു് നിരുപാധിക പിന്തുണയുമായി ഇടതുകക്ഷികൾ പുറത്തു് കാത്തുനിൽക്കുന്നു. ശരത് പവാറാ ണെങ്കിൽ എപ്പൊഴേ ചുവപ്പു പരവതാനി വിരിച്ചുകഴിഞ്ഞു.
വിവേകത്തിന്റെ തന്മാത്രയെങ്കിലുമുണ്ടെങ്കിൽ മുരളീധരനെ മാറ്റാൻ ഹൈക്കമാൻഡ് തുനിയുകയില്ല. മറ്റെന്തും കരുണാകരൻ ക്ഷമിക്കും. തന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ മകനെ തൊട്ടാൽ—അന്നു് കോൺഗ്രസ് പിളരും. ആന്റണി യുടെ ആദർശത്തെക്കാൾ കരുണാകരന്റെ ആക്രാന്തമാണു് അണികൾക്കിഷ്ടം.
കാരണം, ആദർശം കാപട്യവും ആക്രാന്തം ആത്മാർഥവുമാണു്. (കപട ലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം!) 2004 സെപ്റ്റംബറിൽ, ഒരുപക്ഷേ, മാർച്ചിൽതന്നെ ലോക്സഭാ തെരഞ്ഞെടുപ്പുണ്ടാകും. കേരളത്തിൽനിന്നു് പത്തുമുതൽ പതിമൂന്നുവരെ സീറ്റുകളാണു് കേന്ദ്ര കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നതു്. പിളർപ്പുണ്ടാകുന്നപക്ഷം സംസ്ഥാനത്തുനിന്നു് ഔദ്യോഗിക കോൺഗ്രസുകാരാരുമുണ്ടാകണമെന്നില്ല താഴത്തെ സഭയിൽ. പൊന്നാനിയും മഞ്ചേരിയുമൊഴിച്ചു് 18 സീറ്റിലും യു. ഡി. എഫിനെ തോൽപിക്കാനുള്ള ശക്തിയൊക്കെ 85-ാം വയസ്സിലും കരുണാകരനുണ്ടു്.
രാജ്യസഭാ തെരഞ്ഞെടുപ്പോടെ മുസ്ലീംലീഗിന്റെ പ്രാധാന്യവും പ്രാമാണ്യവും വർധിച്ചിരിക്കുന്നു. പത്രിക കൊടുത്തയുടനെ കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പാണക്കാട്ടേക്കു പായുന്നതുകണ്ടു. ഘടകകക്ഷിയുടെ പരമോന്നത നേതാവായതുകൊണ്ടു് പാണക്കാട്ടുപോയി തങ്ങളെക്കണ്ടു് അനുഗ്രഹം തേടി എന്നാണു് വയലാർജി വിശദീകരിച്ചതു്.
എങ്കിൽ എന്തുകൊണ്ടു് എ. വി. താമരാക്ഷനെ പോയി കണ്ടില്ല? ഒന്നുമില്ലെങ്കിൽ സനാതന ധർമകോളജിൽനിന്നു് പെൻഷനായ ഒരു പ്രൊഫസറല്ലേ? പെരിസ്ട്രോയിക്കയുടെ ഉപജ്ഞാതാവും അധ്വാനവർഗത്തിന്റെ മുന്നണിപ്പോരാളിയുമായ മ. രാ. രാ. ശ്രീ. മാണി സാറിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങണമെന്നു് എന്തേ രവിക്കു തോന്നീല? എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല; എല്ലാ ഘടകകക്ഷികളും ഘടകകക്ഷികളുമല്ല. മുസ്ലീംലീഗാണു് യഥാർഥ ‘ഘടക’കക്ഷി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാ ണു് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ. കല്ലന്മാരിൽ മെച്ചം കുഞ്ഞായിൻ എന്നു പഴമൊഴി.
പത്തു പുത്തനുണ്ടാക്കാവുന്ന വകുപ്പുകളത്രയും—വ്യവസായം, വിദ്യാഭ്യാസം, വിവര സാങ്കേതിക വിദ്യ, പൊതുമരാമത്തു്—ലീഗിന്റെ കൈവശമാണു്. എ. ഡി. ബി. വായ്പയായാലും ആഗോളനിക്ഷേപസംഗമമായാലും കുഞ്ഞാലിക്കുട്ടി പറയുന്നതിനപ്പുറമില്ല ആന്റണി. പ്രതിസന്ധി ഘട്ടത്തിൽ മറ്റു ഘടകകക്ഷികളൊക്കെ അനങ്ങാതിരുന്നു. എം. എൽ. എ.-മാരെ ഉറപ്പിച്ചുനിറുത്താൻ ഓടിനടന്നതു് കുഞ്ഞാലിക്കുട്ടി. മരുങ്ങാനും സുഖിക്കാനും മാളോരു്, ഉറക്കമൊഴിക്കാനും പാടുപെടാനും മക്കാരാക്ക. ത്യാഗത്തിനും ആത്മസമർപ്പണത്തിനും തക്കതായ പ്രതിഫലം ഈ ലോകത്തുതന്നെ കിട്ടുമാറാകട്ടെ.
കെ. എം. മാണി ആദ്യംതന്നെ ഔദ്യോഗിക സ്ഥാനാർഥികൾക്കു് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാണിയുടെ കണ്ണു് മുഖ്യമന്ത്രിക്കസേരയിലാണെന്നു് അറിയാവുന്ന ആന്റണി ഒരു പരിധിക്കപ്പുറം ആശ്രയിച്ചില്ലെന്നുമാത്രം. അസംതൃപ്തരായ ഒന്നോ രണ്ടോ മാണി ഗ്രൂപ്പുകാരുടെ വോട്ട് കരുണാകരൻ പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല.
ചെറുഘടകകക്ഷികൾ കൈയാലപ്പുറത്തെ തേങ്ങപോലെയിരുന്നു. അവസാന നിമിഷത്തിൽ അവരൊക്കെ ഔദ്യോഗിക സ്ഥാനാർഥികൾക്കു് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ആരൊക്കെ ആർക്കൊക്കെ വോട്ടുകൊടുത്തു എന്നു് അവർക്കും ദൈവത്തിനുമറിയാം. സംശയിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ടി. എം. ജേക്കബും ആർ. ബാലകൃഷ്ണ പിള്ള യുമുണ്ടു്. വോട്ട് മറിച്ച മന്ത്രിമാരെ നീക്കണം എന്ന വയലാർജി യുടെ ആവശ്യം ഘടകന്മാർക്കു് ബാധകമാണോ എന്തോ? ഏതായാലും ചെറുഘടകകക്ഷികൾ കരുണാകരനോ ടു് ചേർന്നു പോകാനുള്ള സാധ്യതയാണു് കൂടുതൽ.
ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു് ഫലം നിരാശജനകമാണു്. ഭരണമുന്നണിയിലുണ്ടായ ഗുരുതരമായ പ്രതിസന്ധി ഒരുവിധത്തിലും മുതലാക്കാൻ അവർക്കു കഴിഞ്ഞില്ല. ഇടതുമുന്നണിയുടെ മിച്ചമുള്ള വോട്ടുകൾ കോൺഗ്രസ് വിമതനു് കിട്ടിയില്ല. മാർക്സിസ്റ്റ് പിന്തുണയോടെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം നേരിടേണ്ടതായും വന്നു. അഴിമതിക്കാരെന്നു മുദ്രയടിച്ചു സഖാക്കൾ കല്ലെറിഞ്ഞുകൊണ്ടിരുന്ന കരുണാകരൻ, ജേക്കബ്, ബാലകൃഷ്ണപിള്ള തുടങ്ങിയവരും അച്ചടക്ക നടപടിക്കു വിധേയരായി പാർട്ടിക്കു പുറത്തുപോയ എം. വി. രാഘവൻ, ഗൗരിയമ്മ എന്നിവരും ചേർന്നു് ബദൽ മന്ത്രിസഭയുണ്ടാക്കുക. അതിനെ അച്യുതാനന്ദനും കൂട്ടരും പുറത്തുനിന്നു് പിന്താങ്ങുക എന്ന വിചിത്രമായ രാഷ്ട്രീയ പരിണതി ഇടതുമുന്നണിയുടെ അഴിമതിവിരുദ്ധ നാട്യത്തിനും ധാർമികാടിത്തറക്കുതന്നെയും കനത്ത പ്രഹരമാണു് ഏൽപിച്ചിട്ടുള്ളതു്. ആന്റണി യുടെ അഴിമതിയെ എതിർക്കാൻ കരുണാകരനു മായി കൈകോർക്കുക! ചരൺസിംഗു മായി യോജിച്ചു് മൊറാർജി മന്ത്രിസഭ മറിച്ചതും സമീപകാലത്തു് കരുണാനിധി ക്കെതിരെ ജയലളിത യുമായി മുന്നണിയുണ്ടാക്കിയതും രണ്ടിന്റെയും ആത്യന്തിക ഫലങ്ങളും സഖാക്കൾ മറന്നുകാണും.
കരുണാകരന്റെ പടയൊരുക്കം ബി. ജെ. പി.-യെ സംബന്ധിച്ചിടത്തോളം പ്രത്യാശാജനകമാണു്. കരുണാകരൻ തൃണമൂൽ കോൺഗ്രസുണ്ടാക്കുകയും ജേക്കബ്, പിള്ളവിഭാഗം കേരള കോൺഗ്രസുകൾകൂടി യോജിക്കുകയും ചെയ്താൽ അവരുടെ സ്വാഭാവിക സഖ്യകക്ഷി ബി. ജെ. പി.-യായിരിക്കും. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികൾ രണ്ടു പ്രബല മുന്നണികളായി പോരാടുകയും ഇരുകൂട്ടരും തങ്ങൾക്കു് അയിത്തം കൽപിക്കുകയും ചെയ്തതുകൊണ്ടാണു് ബി. ജെ. പി.-ക്കു് കൂമ്പെടുക്കാത്തതു്. നിലവിലുള്ള ഐക്യജനാധിപത്യ മുന്നണി ശിഥിലമായാൽ ബി. ജെ. പി.-ക്കു് കൂടി സ്ഥാനമുള്ള മൂന്നാമതൊരു ചേരി ഉണ്ടാകാവുന്നതേയുള്ളൂ.
കരുണാകരനെപ്പോലെ സീനിയറായ ഒരു നേതാവിനെ സോണിയ യും കൂട്ടരും ഒതുക്കാൻ ശ്രമിക്കുന്നതു് ദേശീയതലത്തിൽതന്നെ ബി. ജെ. പി.-ക്കു് ഗുണംചെയ്യും. ഛത്തീസ്ഗഢിൽ ശുക്ല. കേരളത്തിൽ കരുണാകരൻ. മാഡത്തിന്റെ ഇഷ്ടക്കാർ രണ്ടിടത്തും ക്രിസ്ത്യാനികൾ—അവിടെ ജോഗി, ഇവിടെ ആന്റണി. കോൺഗ്രസ് ക്രിസ്ത്യാനികളുടെ പാർട്ടിയാണെന്നതിനു് ഇനിയും വേണോ തെളിവുകൾ?
മൂന്നു കോടിയിലധികം വരുന്ന കേരളീയർക്കു് രാജ്യസഭാ തെരഞ്ഞെടുപ്പുകൊണ്ടു് എന്തു ഗുണമുണ്ടായി? ഒന്നുമുണ്ടായില്ല. സർ, നത്തിംഗ്! കോൺഗ്രസുകാരുടെ ചക്കത്തിപ്പോരാട്ടം പത്രങ്ങൾക്കു് കോളം നിറക്കാൻ വകയായി. മുത്തങ്ങപോലുള്ള ജനകീയ പ്രശ്നങ്ങൾ വിസ്മൃതമായി. ഭരണയന്ത്രം നിശ്ചലമായി: മാതൃഭൂമി, മലയാള മനോരമ പത്രങ്ങളുടെ ഭാഷയിൽ ‘വികസന’ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. പ്രതിസന്ധി തീർന്ന നിലക്കു് വികസനം ത്വരിതഗതിയിലാകുമെന്നും നേതാക്കൾ പൂർവവൽസമ്പന്നരാകുമെന്നും പ്രത്യാശിക്കാം.
അവശേഷിക്കുന്ന ചോദ്യം ഇതാണു്. കരുണാകരൻ ഇനി എന്തുചെയ്യും? പരാജയം അംഗീകരിച്ചു് അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരിക്കുമോ അതോ മുറിച്ചുരികയുമേന്തി വീണ്ടും അങ്കത്തട്ടിലിറങ്ങുമോ?
പി. സി. സി. അധ്യക്ഷസ്ഥാനത്തുനിന്നു് മുരളി യെ മാറ്റാത്തിടത്തോളം കാലം കരുണാകരൻ ഹൈക്കമാൻഡിനെതിരെ തുറന്ന യുദ്ധത്തിനൊരുമ്പെടുകയില്ല. പതിവുപോലെ ഭരണത്തെ വിമർശിച്ചും കുത്തുവാക്കുകൾ പറഞ്ഞും അടുത്ത ഒരാറുമാസം മുന്നോട്ടുപോകും.
വരുന്ന സെപ്റ്റംബർ–ഒക്ടോബറിൽ നാലു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പാണു്. നാലിടത്തും—ദൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്—നിലവിൽ കോൺഗ്രസ് ഭരണമാണുള്ളതു്. അക്കാരണംകൊണ്ടുതന്നെ ബി. ജെ. പി.-ക്കാണു് വിജയസാധ്യത. നാലിടത്തും തോറ്റാൽ ഹൈക്കമാൻഡ് ക്ഷീണിക്കും. 2004 മാർച്ചിൽതന്നെ ലോക്സഭ പിരിച്ചുവിട്ടു് പൊതുതെരഞ്ഞെടുപ്പു് നടത്താനും ഇടയുണ്ടു്. അങ്ങനെയെങ്കിൽ 2003 ഒക്ടോബറിനും 2004 മാർച്ചിനുമിടക്കുള്ള ശുഭമുഹൂർത്തത്തിൽ കരുണാകർജി നേതൃമാറ്റം ആവശ്യപ്പെടും. അതായിരിക്കും ലീഡറുടെ കടശ്ശിക്കളി.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.