മെയ് 11-നും 12-നുമിടക്കുള്ള രാത്രിയിലാണു് എറണാകുളം ജില്ലയിൽ ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ ദ്വീപിൽ മഴനൃത്തം എന്ന ഓമനപ്പേരോടെ ആഭാസനൃത്തം അരങ്ങേറിയതു്. രൂക്ഷമായ കുടിവെള്ളക്ഷാമം നിലനിൽക്കുന്ന ചെല്ലാനത്തു് 14,000 ലിറ്റർ ശുദ്ധജലമാണു് മഴ നൃത്തത്തിനായി പാഴാക്കിയതു്. പച്ചവെള്ളത്തേക്കാൾ സുലഭമായിരുന്നു വിദേശമദ്യം.
മെയ് 13-ാം തീയതി മിക്കവാറും പത്രങ്ങളും നനഞ്ഞാട്ടത്തെപ്പറ്റി വെണ്ടക്ക നിരത്തിയപ്പോൾ പത്തുലക്ഷവും ഏഴരലക്ഷവും പ്രചാരമുള്ള നമ്മുടെ ദേശീയ പത്രങ്ങൾ അദ്ഭുതകരമാംവിധം മൗനം അവലംബിച്ചു. പശ്ചിമ കൊച്ചിയെ സെക്സ് ടൂറിസം മേഖലയാക്കി മാറ്റാനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണു് ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർക്കരി ദ്വീപിൽ കഴിഞ്ഞദിവസം അരങ്ങേറിയ മഴനൃത്തമെന്നു് യുവജനവേദി ജില്ലാ കമ്മിറ്റി ആരോപിച്ചു എന്ന വാർത്ത ലോക്കൽ പേജിൽ ഏറ്റവും അപ്രധാനസ്ഥാനത്തു് മൂന്നു് സെന്റിമീറ്റർ ദൈർഘ്യത്തിൽ പ്രസിദ്ധീകരിക്കാൻ മലയാള മനോരമ സൗമനസ്യം കാണിച്ചു. മാതൃഭൂമി അത്രപോലും ധൈര്യപ്പെട്ടില്ല. വമ്പൻ പരസ്യദാതാക്കളായ കാസിനോ ഹോട്ടൽസ് ഗ്രൂപ്പാണു് മഴനൃത്തത്തിന്റെ സംഘാടകർ. മഴനൃത്തം മഹാശ്ചര്യം, നമുക്കുകിട്ടണം പരസ്യം!
സ്വകാര്യ ഹോട്ടലുകളും മറ്റും സംഘടിപ്പിക്കുന്ന വിനോദനൃത്തപരിപാടികളുമായി സംസ്ഥാന ടൂറിസംവകുപ്പിനു് ബന്ധമൊന്നുമില്ലെന്ന മന്ത്രി കെ. വി. തോമസി ന്റെ പ്രസ്താവന മെയ് 14-നു് ഉൾപ്പേജിൽ സാമാന്യം പ്രാധാന്യത്തോടെ മനോരമ പ്രസിദ്ധീകരിച്ചപ്പോൾ മന്ത്രിയുടെ പ്രസ്താവനയും കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ പ്രതിഷേധക്കുറിപ്പും മാതൃഭൂമി ലോക്കൽ പേജിൽ തള്ളി.
മഴ നനയണോ വേണ്ടയോ? എന്ന തികച്ചും നിർദോഷമായ ഒരു ചോദ്യം മെയ് 15-ന്റെ ‘മെട്രോ മനോരമ’ എയ്തു വിട്ടു. സ്വകാര്യ ഭൂമിയിൽ കൃത്രിമ മഴ പെയ്യിച്ചു് നൃത്തം ചെയ്താൽ അതു് നമ്മുടെ സംസ്കാരത്തോടുള്ള വെല്ലുവിളിയാകുമോ? അതോ ആഹ്ലാദത്തിന്റെ സ്വതന്ത്രമായ പ്രകാശനമാണോ അതു്? എന്നീ ഉപചോദ്യങ്ങളും ഉന്നയിച്ചു. ആദ്യത്തെ രണ്ടു ഉപചോദ്യത്തിനും “അല്ല” എന്നും മൂന്നാമത്തേതിനു് “അതെ” എന്നുമുള്ള ഉത്തരമാണു് പത്രം പ്രതീക്ഷിക്കുന്നതെന്നു് വ്യക്തം.
ഉത്തരം പറയാൻ സർവഥാ യോഗ്യരായ അഞ്ചു പുമാന്മാരെയും കണ്ടുപിടിച്ചു, ദൈവാധീനമെന്നു പറയട്ടെ അഞ്ചുപേരും പുരുഷന്മാർ. “വിശുദ്ധന്മാരുടെ സർവസഭകളിലും എന്നപോലെ സ്ത്രീകൾ സഭയോഗങ്ങളിലും മിണ്ടാതിരിക്കട്ടെ. ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു് അനുവാദമില്ല” (കൊരിന്ത്യർ 13: 34) എന്നാണല്ലോ ദൈവവചനം. ഫാഷൻമോഡൽ കോ-ഓർഡിനേറ്റർ, സിനിമാ കാമാറാമാൻ, ഹെയർ സ്റ്റൈലിസ്റ്റ് (ക്ഷുരകൻ?), സാമൂഹിക പ്രവർത്തകൻ, ഫാഷൻ ഫോട്ടോഗ്രാഫർ എന്നിവരാണു് മനോരമ കണ്ടെത്തിയ പഞ്ചമഹാപ്രതിഭകൾ. നനഞ്ഞാട്ടം നടത്തിയതിലും കുടിവെള്ളം പാഴാക്കിയതിലും തെറ്റൊന്നുമില്ലെന്നു് ഫാഷൻ മോഡൽ കോ-ഓർഡിനേറ്റർ, മഴനൃത്തം കാലഘട്ടത്തിന്റെ ആവശ്യമെങ്കിലും ശുദ്ധജലം ചെലവാക്കിയതു് ശരിയല്ലെന്നു് ഛായാഗ്രാഹകനും കേശാലങ്കാരകനും, ആഭാസനൃത്തം അംഗീകരിക്കാനാവില്ലെന്നു് സാമൂഹികപ്രവർത്തകൻ. നനഞ്ഞാട്ടം നടത്തിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നുവെന്നു് ഫാഷൻ ഫോട്ടോഗ്രാഫർ.
മെയ് 16 ആകുമ്പോഴേക്കും മന്ത്രി തോമസ് നിലപാടു് അൽപമൊന്നു മാറ്റി. അമേരിക്കയിലെ ഭീകരാക്രമണം, അഫ്ഗാൻയുദ്ധം, ഗുജറാത്തു് കലാപം എന്നിവ മൂലം രാജ്യത്തെ ഹോട്ടൽ വ്യവസായം തകർച്ചയിലാണെന്നും അതിൽനിന്നു് രക്ഷനേടാനാണു് മഴനൃത്തവും ‘മറ്റും’ സംഘടിപ്പിക്കാൻ ഹോട്ടലുകാർ തയാറാകുന്നതെന്നും മന്ത്രി പറഞ്ഞു. മഴയേ പെയ്യാത്ത ദുബൈയിൽ ആകാമെങ്കിൽ ചെല്ലാനത്തുമാകാം. ദുബൈയിൽ ഉള്ളതുകൊണ്ടു് ജമാഅത്തു് കൗൺസിലിനോ കാന്തപുരം മുസ്ലിയാർക്കോ ഇനി എതിർക്കാനുമാകില്ല.
നനഞ്ഞാട്ടമുയർത്തിയ വിവാദം കെട്ടടങ്ങാൻ തുടങ്ങുമ്പോഴാണു് കഥാകൃത്തും മഹാബുദ്ധിജീവിയുമായ സക്കറിയ ‘കുതിരക്കൂറിലെ മഴനൃത്തവും ബുദ്ധിമാന്ദ്യവും’ എന്ന ലേഖനവുമായി (മലയാള മനോരമ, മെയ് 21) രംഗത്തെത്തുന്നതു്. കുതിരക്കൂർ ദ്വീപിൽ നടന്ന മഴനൃത്തത്തെ വിവാദമാക്കിത്തീർത്ത (കു)ബുദ്ധികളെ സാംസ്കാരികമായ ബുദ്ധിമാന്ദ്യത്തിനൊരു ജ്ഞാനപീഠ സമ്മാനമുണ്ടെങ്കിൽ അതിനു് നിർദേശിക്കണമെന്നാണു് കറിയാച്ചന്റെ വിദഗ്ധാഭിപ്രായം.
നാലാളു പറയുന്നതിനും ചിന്തിക്കുന്നതിനുമൊക്കെ എതിരു പറയുന്ന കലയുടെ ഉപജ്ഞാതാവു് യശഃശരീരനായ എം. പി. നാരായണപിള്ള യാണു്. ഇതാണു് മലയാളത്തിലെ പുല്ലുവഴിച്ചിട്ട. നല്ല വഴിയല്ലെങ്കിൽ പുല്ലുവഴി എന്നൊരു ചൊല്ലുതന്നെയുണ്ടു് മധ്യകേരളത്തിൽ. പണ്ടു് (1984) മഹാരാഷ്ട്ര ഉപ മുഖ്യനായിരുന്ന രാമറാവു അദിക് ഹാനോവറിലേക്കുള്ള യാത്രാമധ്യേ മദ്യപിച്ചു് മദോന്മത്തനായി എയർ ഹോസ്റ്റസിനെ കയറിപ്പിടിച്ച സംഭവമുണ്ടായപ്പോൾ നാണപ്പൻ മാത്രമാണു് അദികിനെ പിന്തുണച്ചതു്. നാണപ്പജിയുടെ അഭിപ്രായത്തിൽ ഉഡുപ്പി ഹോട്ടലിലെ സപ്ലയർപയ്യന്മാർ ചെയ്യുന്ന ജോലിയേയുള്ളു എയർ ഹോസ്റ്റസുമാർക്കും. അപ്പോൾപ്പിന്നെ കനത്ത ശമ്പളം കൊടുത്തു് ഈ ചരക്കുകളെ ജോലിക്കു് വെച്ചിരിക്കുന്നതു് യാത്രക്കാർക്കു് കയറിപ്പിടിക്കാൻ വേണ്ടികൂടിയാണു്!
പുല്ലുവഴിക്കാരന്റേതുപോലെ നിഷ്കളങ്കമല്ല ഉരുളിക്കുന്നത്തുകാരന്റെ മനസ്സിലിരിപ്പു്. സ്വയം ബുദ്ധിജീവിയായി അഭിനയിച്ചു് മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന ഒരു അഭിനവ ഇട്ടിക്കണ്ടപ്പൻ. തനിക്കിഷ്ടമില്ലാത്തവരെ മൊത്തം ഫാഷിസ്റ്റുകളായി മുദ്രകുത്തി ആക്ഷേപിക്കാനാണു് കറിയാച്ചനിഷ്ടം. ഇര ആരുമാകാം—യേശുദാസോ, അടൂർ ഗോപാലകൃഷ്ണനോ, ആനന്ദോ, വിജയനോ, ബാലചന്ദ്രനോ, കാർത്തികേയനോ ആരും. (നമ്പൂരാരുടെ സംഘക്കളിയിലെ വിദൂഷക കഥാപാത്രമായ ഇട്ടിക്കണ്ടപ്പനോടു് തന്നെ ഉപമിച്ചതു് രാജേശ്വരിയുടെ സവർണ ഫാഷിസ്റ്റുമൂരാച്ചി മനഃസ്ഥിതികൊണ്ടാണെന്നും കപട സദാചാരത്തിന്റെ കാര്യത്തിൽ ഹിന്ദു, മുസ്ലിം ഫാഷിസ്റ്റുകൾ ഒന്നും കറിയാച്ചൻ തിരിച്ചടിക്കും, തീർച്ച).
ലോക മുതലാളിത്തത്തിന്റെ കുഴലൂത്തുകാരനുമാകുന്നു സക്കറിയ. എറണാകുളം സെന്റ് തെരേസാസിലെ കുബേരികുമാരിമാരുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ വന്നപ്പോൾ കറിയാച്ചൻ കഠിനമായി ഞെട്ടി. പെൺകിടാങ്ങളുടെ കൗമാരചാപല്യത്തെ ലോകസമക്ഷം അപഹസ്യമാക്കിയ നമ്മുടെ മാധ്യമസംസ്കാരത്തെ അപലപിച്ചു. മുറിവേറ്റ മനുഷ്യപുത്രിമാരെപ്പറ്റി പരിതപിച്ചു. മറ്റുള്ളവർക്കുവേണ്ടി അവരോടു് മാപ്പുചോദിക്കുകയും ചെയ്തു. എന്നാൽ, അതേ കോളേജിലെ ദലിത് വിദ്യാർത്ഥിനികളെ സവർണരിൽനിന്നു മാറ്റിപ്പാർപ്പിച്ചപ്പോൾ, ആ വിവരം മാതൃഭൂമിയും മനോരമയും ഒഴികെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ കറിയാച്ചനു് ഒരു വികാരവുമുണ്ടായില്ല. ഒരു വരിപോലും ആ കനകതൂലികയിൽനിന്നു് ഉതിർന്നു് വീണതുമില്ല.
മധ്യതിരുവിതാംകൂറുകാരന്റെ ആഞ്ഞബുദ്ധിയാണു് മഴനൃത്തലേഖനത്തിലുമുള്ളതു്. സിനിമയിലുണ്ടല്ലോ മഴനൃത്തം? കേരളത്തെ സംബന്ധിച്ചിടത്തോളം സിനിമയേക്കാൾ നൂറുമടങ്ങു് പ്രാധാന്യമുള്ള വ്യവസ്ഥയാണു് ടൂറിസമെന്നിരിക്കെ ടൂറിസത്തിലെ മഴനൃത്തം എങ്ങനെ ആഭാസമാകും എന്നാണു് സക്കറിയുടെ സംശയം. മാധ്യമങ്ങളടക്കമുള്ള മേഖലകളിൽ ചില മലയാളികൾ പ്രദർശിപ്പിക്കുന്ന വിചിത്രമായ അപകർഷബോധമാണു് സിനിമാമഴയെ നല്ലതാക്കുന്നതും ടൂറിസംമഴയെ മോശമാക്കുന്നതും എന്നദ്ദേഹം വിലയിരുത്തുന്നു. “…ടൂറിസം പരദേശികൾക്കുവേണ്ടിയാണു്. അവർ ലക്ഷക്കണക്കിനു് രൂപ ചെലവഴിച്ചാണു് കേരളത്തിലെത്തുന്നതു്. അവർ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ നമുക്കു് കൈയടക്കാൻ എളുപ്പമല്ല. അവരുടെ ശൈലികൾ കാണുമ്പോൾ നമ്മിൽ ചിലർക്കു് അന്യതാബോധവും അസ്വസ്ഥതയും എല്ലാമുണ്ടാകുന്നു. ഈ വ്യസനം ഉണ്ടാക്കുന്ന വർഗസമരപരമായ നഷ്ടബോധവും അപകർഷതയുമാണു്. ടൂറിസത്തിന്റെ മഴനൃത്തത്തെ സംസ്കാരരഹിതമായും സിനിമയുടെ മഴനൃത്തത്തെ നമ്മുടെ പ്രിയപ്പെട്ട മോഹിനിയാട്ടിൻകുട്ടിയായും കാണുന്ന മനഃശാസ്ത്രത്തിന്റെ താക്കോൽ. അൽപം വർഗീയതകൂടി കലർത്തിയാൽ മലയാളത്തനിമ പൂർത്തിയായി.
കുതിരക്കൂർ ദ്വീപിൽ മഴനൃത്തമാടിയവരിലും കാഴ്ചക്കാരിലും വിരലിലെണ്ണാവുന്ന പേരെയുണ്ടായിരുന്നുള്ളു. വിദേശികൾ. മുക്കാലേമുണ്ടാണിയും ‘വർഗസമരപരമായി’ ദേശീയ ബൂർഷ്വാസിയുടെ പ്രതിനിധികൾ തന്നെ. വിദേശ ടൂറിസ്റ്റുകൾക്കായി ബാർലൈസൻസു കൊടുക്കുന്നു. മസാജ്പാർലറുകൾ തുറക്കുന്നു. രണ്ടിടത്തും പറ്റുപടിക്കാർ സ്വദേശികൾ. ഇതാണു് സാക്ഷാൽ മലയാളത്തനിമ.
നൃത്തമില്ലാത്ത, കല്ലിച്ച സമൂഹമാണു് കേരളമെന്നും ഇവിടെ മനുഷ്യർക്കു് വരിഞ്ഞു മുറുക്കിയ മസിലുകളേയുള്ളുവെന്നും സക്കറിയ നിരീക്ഷിക്കുന്നു. “…കുതിരക്കൂറിലെ മഴനൃത്തത്തെപ്പറ്റി മുറുമുറുക്കുകയും പല്ലുകടിക്കുകയും ചെയ്യുന്നതിൽ ആ പഴയ യാഥാസ്ഥിതികത്വവും കൂട്ടുചേരുന്നുണ്ടു്; അനങ്ങാപ്പിത്തങ്ങളുടെ ക്രോധം. എനിക്കു് നൃത്തം ചെയ്യാൻ വയ്യ. പിന്നെ നീയെങ്ങനെ നൃത്തംചെയ്യാൻ ധൈര്യപ്പെടുന്നു എന്ന ക്ഷോഭം.” കള്ളുകുടിച്ചു നൃത്തംവെക്കുന്നതോടെ കല്പിച്ച സമൂഹം കുറേശ്ശ അലിയുമെന്നു് പ്രത്യാശിക്കുക. സാമൂഹിക നരവംശശസ്ത്രങ്ങൾക്കു് സക്കറിയയുടെ അമൂല്യ സംഭാവന!
“ഓരോ ദിവസവും പത്തോളം മലയാളികളെ—ചിലപ്പോൾ മുഴുവൻ കുടുംബങ്ങളെ—അരച്ചുവധിക്കുന്ന കേരളീയ ട്രാഫിക് സംസ്കാരവും ഇവർക്കു് ഭീഷണിയല്ല. കോടിക്കണക്കിനു ജീവിതങ്ങൾ താറുമാറാക്കുന്ന ബന്ദ്സംസ്കാരവും ഭീഷണിയല്ല. സ്ത്രീ പീഡന സംസ്കാരവുമല്ല. അഴിമതിസംസ്കാരവുമല്ല, മണൽവാരൽ സംസ്കാരവുമല്ല! മഴനൃത്തമാണു് ഇന്നത്തെ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി! എന്തൊരു പമ്പരവിഡ്ഢികൾ!”—കറിയാച്ചന്റെ ധർമരോഷം തിളച്ചുപൊന്തുകയാണു്.
നനഞ്ഞാട്ടത്തിലെ അപകടം മനസ്സിലാക്കാൻ കറിയാച്ചന്റെ അതിബുദ്ധിയൊന്നും വേണ്ട, രണ്ടുനേരം അരിഭക്ഷണം കഴിച്ചാലുണ്ടാകുന്ന മിതമായ സാമാന്യബുദ്ധി ധാരാളം മതി. മഴനൃത്തം രോഗമല്ല, രോഗലക്ഷണമാണു്. സെക്സ്ടൂറിസത്തിന്റെ വാതായനങ്ങളാണു് തോമസ് മാഷും ലീഡർമകളും പരിവാരങ്ങളും തുറന്നിടുന്നതു്. ടൂറിസത്തിന്റെ മറവിൽ വ്യഭിചാരമാണു് ഇനിയിവിടെ തഴച്ചുവളരുക. കേരളം മറ്റൊരു തായ്ലാന്റോ ഫിലിപ്പിൻസോ ആകാൻ വലിയ താമസമുണ്ടാകില്ല. ബന്ദും അഴിമതിയും സ്ത്രീപീഡനവും മണൽവാരലുമൊന്നും കേരളീയ സമൂഹത്തിനു് ഭീഷണിയല്ലെന്നു നനഞ്ഞാട്ടത്തെ എതിർക്കുന്നവരും പറഞ്ഞിട്ടില്ല. പക്ഷേ, ഇവയേക്കാളൊക്കെ എത്രയോ വലിയ ഭീഷണിയാണു് ഇന്റർനെറ്റിൽ സക്കറിയ എഴുതുന്ന തെറിക്കഥകൾ. പിന്നെ, തെറിക്കഥയെയും നനഞ്ഞാട്ടത്തെയും സൈദ്ധാന്തികതലത്തിൽ ന്യായീകരിച്ചുകൊണ്ടെഴുതുന്ന ലേഖനങ്ങൾ.
മഴനൃത്ത ലേഖനത്തിൽ അറിഞ്ഞോ അറിയാതെയോ കറിയാച്ചൻ വിട്ടുകളഞ്ഞ ഒരു സംഗതിയാണു് പരിശുദ്ധ കത്തോലിക്കാ തിരുസഭയുടെ പങ്കു്. കൊച്ചി രൂപത 25 കൊല്ലത്തേക്കു് പാട്ടത്തിനു കൊടുത്ത സ്ഥലത്താണു് നനഞ്ഞാട്ടം നടന്നതു്. രൂപതയിലെ അത്യുന്നതനായ ഒരു വൈദേശികശ്രേഷ്ഠന്റെ മഹനീയസാന്നിദ്ധ്യത്തിലായിരുന്നു കലാപരിപാടികൾ അരങ്ങേറിതു്. കൈകളിൽ മധുചഷകവുമായി നൃത്തമാസ്വദിക്കുന്ന പുരോഹിതനെ ടി. വി.-യിലും കണ്ടു. “അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രെ ചെയ്യുന്നതു്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു് പ്രിയമാകുന്നു” (മത്തായി 23: 5–7).
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.