images/Eugene_Francois_de_Block_The_Signal.jpg
The Signal, a painting by Eugène François de Block (1812–1893).
തിരുവമ്പാടിയിലെ ജനവിധി
കെ. രാജേശ്വരി

പി. സിറിയക് ജോൺ (73) എന്ന കുടിയേറ്റക്കാരന്റെ ജീവിതവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു തിരുവമ്പാടിയുടെ രാഷ്ട്രീയ ചരിത്രം.

images/KK_Aboo.jpg
കെ. കെ. അബു

കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്തുനിന്നു താമശ്ശേരിക്കടുത്തു് കട്ടിപ്പാറയിൽ കുടിയേറിയ ഒരു നസ്രാണി കപ്പച്ചേട്ടനാണു് സിറിയക് ജോൺ. പത്തൊമ്പതാം വയസ്സിൽ കോൺഗ്രസിൽ നാലണ മെമ്പറായി ആദ്യം കട്ടിപ്പാറ യൂണിറ്റ് പ്രസിഡന്റായി. പിന്നെ താമരശ്ശേരി മണ്ഡലം പ്രസിഡന്റ്, കൽപറ്റ ബ്ലോക്ക് സെക്രട്ടറി, 1964-ൽ സത്യ ക്രിസ്ത്യാനികളെമ്പാടും കേരള കോൺഗ്രസിൽ കുടിയേറിയപ്പോഴും സിറിയക് ജോൺ മാതൃസംഘടനയിൽ ഉറച്ചുനിന്നു. 1969-ൽ അഖിലേന്ത്യ തലത്തിൽ പാർട്ടി പിളർന്നപ്പോൾ ഇന്ദിരാജി യുടെ കരങ്ങൾക്കു് ശക്തി കൂട്ടി.

images/Karunakaran_Kannoth.jpg
കെ. കരുണാകരൻ

1970 സെപ്റ്റംബറിൽ കേരള നിയമസഭയിലേക്കു് ഇടക്കാല തെരഞ്ഞെടുപ്പു് നടന്നു. കൽപറ്റയിലെ കോൺഗ്രസ് സ്ഥാനാർഥി സിറിയക് ജോൺ. എതിരാളി മാർക്സിസ്റ്റ് പിന്തുണയുള്ള സോഷ്യലിസ്റ്റ് നേതാവു് കെ. കെ. അബു. 1965-ലും 67-ലും ഇടതുപക്ഷക്കാർ വൻഭൂരിപക്ഷത്തിൽ ജയിച്ച കൽപറ്റയിൽ സിറിയക് ജോൺ ചരിത്രം തിരുത്തിക്കുറിച്ചു. ഭൂരിപക്ഷം 10,441 മലബാർ ഭാഗത്തു് അഹിംസാ പാർട്ടിക്കുണ്ടായ ഏറ്റവും മികച്ച വിജയം. സംസ്ഥാനത്തു് സിറിയക്കിനേക്കാൾ കൂടിയ ഭൂരിപക്ഷം നേടിയ കോൺഗ്രസുകാർ നാലുപേർ മാത്രം—വക്കം പുരുഷോത്തമൻ, കെ. കരുണാകരൻ, എൻ. ഐ. ദേവസിക്കുട്ടി, എ. എ. റഹിം.

images/AA_Rahim.jpg
എ. എ. റഹിം

പിന്നീടങ്ങോട്ടു് വെച്ചടി കയറ്റമായിരുന്നു കെ. പി. സി. സി. എക്സിക്യൂട്ടിവ് അംഗമായി, സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടറായി, റബർ ബോർഡ് മെമ്പറായി, കർഷക കോൺഗ്രസ് പ്രസിഡന്റായി. 1977-ൽ തിരുവമ്പാടി നിയോജക മണ്ഡലമുണ്ടായി. അഖിലേന്ത്യാ മുസ്ലിംലീഗിലെ ഇ. ടി. മുഹമ്മദ് ബഷീർ എതിരാളിയായിവന്നു. മൽസരം കടുത്തതായിരുന്നു. പോളിംഗ് 83 ശതമാനത്തിലെത്തി 3381 വോട്ടിന്റെ വ്യത്യാസത്തിൽ സിറിയക് ജോൺ വിജയിച്ചു.

images/E_T_Muhammed_Basheer.jpg
ഇ. ടി. മുഹമ്മദ് ബഷീർ

1978 ജനുവരി ഒന്നിനു് കോൺഗ്രസ് വീണ്ടും പിളർന്നു. കരുണാകരനും ഡോ. കെ. ജി. അടിയോടി യുമൊക്കെ ഇന്ദിരാഗാന്ധി ക്കൊപ്പം പോയപ്പോൾ സിറിയക് ജോൺ ഔദ്യോഗിക പക്ഷത്തുനിന്നു. 1980-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കുംം ആന്റണി ഗ്രൂപ്പ് കോൺഗ്രസുകാർ ഇടതുപാളയത്തിൽ കൂടിയേറി. തിരുവമ്പാടിയിൽ ഇടതുപക്ഷ സ്ഥാനാർഥി സിറിയക് ജോൺ. എതിരാളി മുസ്ലിംലീഗിലെ എൻ. എം. ഹുസൈൻ. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരെ ജയിപ്പിക്കരുതെന്നു് പറഞ്ഞു് മനോരമയും അച്ചന്മാരും കച്ചറയുണ്ടാക്കിയെങ്കിലും സിറിയക് ജോൺ തന്നെ ജയിച്ചു. ഭൂരിപക്ഷം 6570 ആയി ഉയർന്നു.

images/PC_Chacko.jpg
പി. സി. ചാക്കോ

1981-ൽ ആന്റണി യും കൂട്ടരും ഇടതുമുന്നണി വിട്ടു. കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ പി. സി. ചാക്കോ, എ. സി. ഷൺമുഖദാസ്, എ. കെ. ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി. പി. പീതാംബരൻ എന്നിവരും ഏതാനും അനുയായികളും കോൺഗ്രസ്-എസിന്റെ ബാനറിൽ മാർക്സിസ്റ്റ് പടകുടീരത്തിലേക്കു മടങ്ങിപ്പോയി. എവിടെ നിൽക്കണമെന്നതിനെ സംബന്ധിച്ചു് സിറിയക് ജോണി നു സംശയമേതും ഉണ്ടായില്ല. അദ്ദേഹം ആദർശധീരന്റെ കൂടെ ഉറച്ചുനിന്നു. ഐക്യമുന്നണി സ്ഥാനാർഥിയായി മൽസരിച്ചു് വീണ്ടും തിരുവമ്പാടി ജയിച്ചു. ഭൂരിപക്ഷം 3320.

images/A_k_antony.jpg
ആന്റണി

കെ. കരുണാകരന്റെ നേതൃത്വത്തിൽ 19 അംഗ മന്ത്രിസഭ 1982 മെയ് 24-നു് സത്യവാചകം ചൊല്ലി അധികാരമേറ്റു. ആന്റണി ഗ്രൂപ്പിൽനിന്നു് മൂന്നു് മന്ത്രിമാരുണ്ടായിരുന്നു—വയലാർ രവി (ആഭ്യന്തരം), കെ. പി. നൂറുദ്ദീൻ (വനം), സിറിയക് ജോൺ (കൃഷി) കുടിയേറ്റക്കാരിൽനിന്നുള്ള ആദ്യ മന്ത്രി (ഇതഃപര്യന്തം അവസാനത്തെയും) സിറിയക് ജോൺ.

images/A_C_Shanmugha_das.jpg
എ. സി. ഷൺമുഖദാസ്

1982 ഡിസംബർ 13-നു് എറണാകുളത്തു് ചേർന്ന മഹാസമ്മേളനത്തിൽ ആന്റണി കോൺഗ്രസ് മാതൃസംഘടനയിൽ ലയിച്ചു. ആന്റണി കോൺഗ്രസ് മാതൃസംഘടനയിൽ ലയിച്ചു. ലയനം പക്ഷേ, സിറിയക് ജോണി നു് പാരയായി. 1983 സെപ്റ്റംബറിൽ കരുണാകർജി മന്ത്രിസഭ പുനഃസംഘിടിപ്പിച്ചു. സിറിയക് ജോണി നു് പകരം എ. എൽ. ജേക്കബ് മന്ത്രിയായി. കെ. കെ. ബാലകൃഷ്ണനും സി. വി. പത്മരാജനും ഒപ്പം പുറത്തായി. പത്മരാജനെ കരുണാകരൻ കെ. പി. സി. സി. പ്രസിഡന്റാക്കി. സിറിയക് ജോണും ബാലകൃഷ്ണനും വഴിയാധാരം.

images/Kadannappally_Ramachandran.jpg
കടന്നപ്പള്ളി രാമചന്ദ്രൻ

1983 ഡിസംബറിൽ കരുണാകരൻ മന്ത്രിസഭക്കെതിരെ ബേബി ജോൺ അവിശ്വാസപ്രമേയം അവതരിപ്പിച്ചു് എട്ടംഗങ്ങളുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഐക്യമുന്നണി വിട്ടുവരും, ലീഗിലെ രണ്ടും കോൺഗ്രസിലെ മൂന്നും എം. എൽ. എ.-മാർ മറുകണ്ടം ചാടും എന്നായിരുന്നു മനോരഥം. കൃത്യസമയത്തു് പി. ജെ. ജോസഫി നെ കരുണാകരൻ മെരുക്കി. അഹമ്മദ് കണ്ണും ഹംസക്കുഞ്ഞും അറച്ചുനിന്നു. സിറിയക് ജോണും കെ. കെ. ബാലകൃഷ്ണനും ജോസ് കുറ്റ്യാനിയും മണർക്കാട് പാപ്പന്റെ വാക്കു വിശ്വസിച്ചു് മറുകണ്ടംചാടിയെങ്കിലും ഫലമുണ്ടായില്ല. അവിശ്വാസം പരാജയപ്പെട്ടു. കരുണാകരന്റെ മന്ദഹാസത്തിനു മാറ്റുകൂടി.

images/AK_Saseendran.jpg
എ. കെ. ശശീന്ദ്രൻ

ചാട്ടം പിഴച്ച സിറിയക് ജോണിനെ കോഴിക്കോട്ട് വെച്ചു് കരുണാകരാനുകുലികൾ കൈയേറ്റം ചെയ്തു എന്നാണു് ചരിത്രം. കാലാന്തരത്തിൽ കുറ്റ്യാനിയും ബാലകൃഷ്ണനും കോൺഗ്രസിലേക്കു് തിരിച്ചുപോയി. പാപ്പൻചേട്ടൻതന്നെയും കരുണാകരന്നുമായി പ്രശ്നങ്ങൾ പറഞ്ഞുതീർത്തു. സിറിയക് ജോൺ അസ്സലുള്ളവനാണു്. അതുകൊണ്ടു് സന്ധിസംഭാഷണത്തിനോ പാദസേവക്കോ പോയില്ല. പകരം കോൺഗ്രസ് എസിൽ ചേക്കേറി കരുണാകരവിരുദ്ധനും ആന്റണിവിരുദ്ധനുമായിക്കഴിഞ്ഞു.

images/Vayalar_Ravi.jpg
വയലാർ രവി

1987 മേയിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു്. തിരുവമ്പാടിക്കുവേണ്ടി കോൺഗ്രസുകാർ പലരും ഇടിച്ചെങ്കിലും കുറിവീണതു് പി. പി. ജോർജി നു്. തൃശൂർ ജില്ലയിലെ പുതുക്കാടാണു് ജോർജ് മാഷിന്റെ സ്വദേശം. 1977-ൽ ചാലകൂടിയിലും 80-ൽ തൃശുരും (ലോക്സഭ) 82-ൽ ചേർപ്പിലും നിന്നു് തോറ്റ ദേഹം. തിരുവമ്പാടിയുടെ അക്ഷാംശമെത്ര രേഖാംശാമെത്ര എന്നു് മാഷിനു അറിയില്ല. പക്ഷേ, കരുണാകരന്റെ അക്രീതദാസൻ, ഭക്തഹനുമാൻ എസ്. എഫ്. ഐ. നേതാവു് മത്തായി ചാക്കോ എതിരാളിയായി വന്നപ്പോൾ മൽസരം പൊടിപാറി. തിരുവമ്പാടിയിൽ ജനിച്ചുവളർന്നവൻ ചാക്കോച്ചൻ. അതുല്യ സംഘാടകൻ, ഉജ്ജ്വല വാഗ്മി, ഉൽഫുല്ല ബാലരവിപോലെ കാന്തിമാൻ. പോളിംഗ് 82 ശതമാനത്തിലേക്കുയുർന്നപ്പോൾ സഖാക്കൾ വിജയം പ്രതീക്ഷിച്ചു. പക്ഷേ, ജോർജ് മാഷിന്റെ കപ്പടാ മീശയും കരുണാകരഭക്തിയും അരിയങ്ങാടി ആക്സന്റിലുള്ള സംസാരവുമാണു് തിരുവമ്പാടിയുടെ ഹൃദയം കവർന്നതെന്നു് ഫലം തെളിയിച്ചു. ഭ്രരിപക്ഷം 15,784.

images/AL_Jacob.jpg
എ. എൽ. ജേക്കബ്

1991-ൽ കരുണാകരൻ ജോർജ് മാഷിനെ ഒല്ലൂർക്ക് മാറ്റി. തിരുവമ്പാടി നിരുപാധികം മുസ്ലിം ലീഗിനു് നൽകി. കുടിയേറ്റക്കാരായ സത്യക്രിസ്ത്യാനികൾക്കു് കടുത്ത ഹൃദയ വ്യഥയുണ്ടായി. മറുഭാഗത്തു് കോൺഗ്രസ്-എസ് സ്ഥാനാർഥിയായി സിറിയക് ജോൺ വന്നു. സംസ്ഥാനത്തു് പൊതുവേ നിലനിന്ന ഇടതു് അനുകൂല തരംഗവും തിരുവമ്പാടിയിലെ കത്തോലിക്ക ഹൃദയവികാരവും മുതലെടുത്തു് അദ്ദേഹം ജയിക്കുകയും ചെയ്തേനെ. പക്ഷേ, ശ്രീ പെരുമ്പത്തൂരിലെ ബോംബ് സ്ഫോടനം ഇടതുമുന്നണിയുടെ പ്രതീക്ഷ തകർത്തു. എ. വി. അബ്ദുറഹ്മാൻ ഹാജി തിരുവമ്പാടിയിൽ പച്ചക്കൊടി പാറിച്ചു. ഭൂരിപക്ഷം 6102.

images/CV-PADMARAJAN.jpg
സി. വി. പത്മരാജൻ

1996-ൽ അബ്ദുറഹ്മാൻ ഹാജി യും സിറിയക് ജോണും വീണ്ടും ഏറ്റുമുട്ടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളൊഴികെ സംസ്ഥാനത്തെമ്പാടും ഇടതുതരംഗമാണു്. കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന്റെ കുത്തക സീറ്റായ കൊയിലാണ്ടി ഒലിച്ചുപോയി. കൊടുവള്ളിയിൽ ലീഗിലെ മോയിൻകുട്ടി വെറും 94 വോട്ടിനാണു് ജയിച്ചതു്. തിരുവമ്പാടിയിലെ ക്രിസ്ത്യാനികൾ അന്തോണീസ് പുണ്യാളനും മദാമ്മാ ഗാന്ധിക്കും പിന്നിൽ ഉറച്ചുനിന്നു. ഹാജ്യാർ 5122 വോട്ട് വ്യത്യാസത്തോടെ പാസായി.

images/KK_Balakrishnan.jpg
കെ. കെ. ബാലകൃഷ്ണൻ

2000-ൽ അബ്ദുറഹ്മാൻ ഹാജി കളമൊഴിഞ്ഞു. ലീഗ് കൊടുവള്ളി സി. മമ്മൂട്ടി ക്കു് കൊടുത്തു. മോയിൻകുട്ടിയെ തിരുവമ്പാടിയിൽ മൽസരിപ്പിച്ചു. എതിരാളി പിന്നെയും സിറിയക് ജോൺ (അപ്പോഴേക്കും കോൺഗ്രസ്-എസ് ശരത്പവാറി ന്റെ എൻ. ഡി. പി.-യിൽ ലയിച്ചുകഴിഞ്ഞു). അത്തവണ അതിഗംഭീര യു. ഡി. എഫ്. തരംഗമുണ്ടായി. മോയിൻകുട്ടിയുടെ ഭൂരിപക്ഷം 15,676. പരാജയത്തിൽ ഹാട്രിക് തികച്ചു് സിറിയക് ജോൺ രംഗം വിട്ടു.

images/Babyjohn.jpg
ബേബി ജോൺ

2006 ആകുമ്പോഴേക്കും എൻ. സി. പി. എല്ലും തൊലിയുമായി. കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്-എസ് പുനരുജ്ജീവിപ്പിച്ചു. വി. സി. കബീർ, ഉമ്മൻ കോൺഗ്രസിലേക്കു് തിരിച്ചുപോയി. ഷൺമുഖദാസ് തെരഞ്ഞെടുപ്പു് രംഗം ഉപേക്ഷിച്ചു. സിറിയക് ജോൺ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പേരാവൂർ തിരുവമ്പാടി ഒറ്റപ്പാലം പള്ളുരുത്തി സീറ്റുകൾ സി. പി. എം. ദയാപുരസ്സരം ഏറ്റെടുത്തു. ബാലുശ്ശേരിയും പാലയും എൻ. സി. പി.-ക്കു കൊടുത്തു എടക്കാട് കടന്നപ്പള്ളി ക്കും.

images/PJ_Joseph.jpg
പി. ജെ. ജോസഫ്

തിരുവമ്പാടി പിടിക്കാൻ സി. പി. എം. മത്തായി ചാക്കോ യെ മേപ്പയൂരുനിന്നു് തിരിച്ചുകൊണ്ടു വന്നു. ലീഗുകാർ നാട്ടുകാരനായ മോയിൻകുട്ടിയെ തഴഞ്ഞു് ബേപ്പൂരിൽനിന്നു് ധനാഢ്യനായ എം. സി. മായിൻഹാജിയെ ഇറക്കുമതി ചെയ്തു. വിധിനിർണയിച്ച ഘടകങ്ങൾ പലതായിരുന്നു—മത്തായി ചാക്കോ യുടെ വ്യക്തിപ്രാഭവം, മാർക്സിസ്റ്റ് പ്രചാരണയന്ത്രത്തിന്റെ പ്രചണ്ഡമായ പ്രവർത്തനം, സംസ്ഥാനമാകെ നിലനിന്ന രാഷ്ട്രീയാന്തരീക്ഷം, വി. എസ്. തരംഗം, ലീഗുകാരുടെ അമിത ആത്മവിശ്വാസം, പ്രാദേശിക നേതാക്കളുടെ പ്രതിഷേധം, കാന്തപുരം ജമാഅത്തെ ഇസ്ലാമി, പി. ഡി. പി. നിലപാടുകൾ, കൊടുവള്ളിയിലെ റഹിം ഇഫ്ക്ട്, മാറാട് കലാപവുമായി ബന്ധപ്പെട്ടു് മായിൻഹാജിക്കുണ്ടായ ദുഷ്പ്പേരു്, എല്ലാത്തിനുമുപരി മണ്ഡലം എക്കാലത്തേക്കും നാലാം വേദക്കാർക്കു് തീറെയെഴുതുന്നതിൽ സത്യക്രിസ്ത്യാനികൾക്കുണ്ടായ മനസ്താപം. അങ്ങനെ തിരുവമ്പാടിയിലെ ചെമ്മണ്ണിൽ ആദ്യമായി ചെങ്കൊടി പാറി. ചാക്കോച്ചന്റെ ഭൂരിപക്ഷം 5479.

images/Mathai_Chacko.png
മത്തായി ചാക്കോ

ആറുമാസത്തിനകം തിരുവമ്പാടി വീണ്ടും പോളിംഗ്ബൂത്തിലേക്കു് നിങ്ങുന്നു. മത്തായി ചാക്കോ യുടെ അകാല നിര്യാണം സംജാതമാക്കിയ ഉപതെരഞ്ഞെടുപ്പു് ഡിസംബർ നാലിനു് നടക്കും. സി. പി. എം. തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോർജ് എം. തോമസാ ണു് ഇടതുമുന്നണി സ്ഥാനാർഥി. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എം. ഉമ്മർ ഐക്യമുന്നണിയുടെയും യുവമോർച്ച നേതാവു് ഗിരീഷ് തേവള്ളി ബി. ജെ. പി.-യുടെയും സ്ഥാനാർഥികൾ. മൂന്നുപേരും നാട്ടുകാർ തിരുവമ്പാടിയുടെ ഠ വട്ടത്തിനുപ്പുറം അധികമൊന്നും അറിയപ്പെടാത്തവർ.

images/A_V_Abdurahiman_Haji.jpg
എ. വി. അബ്ദുറഹ്മാൻ ഹാജി

ഉറച്ച യു. ഡി. എഫ്. കോട്ടയാണു് തിരുവമ്പാടി. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ നിലനിന്ന വൈകാരികാന്തരീക്ഷമോ വി. എസ്. തരംഗമോ ഇപ്പോഴില്ല. മത്തായി ചാക്കോ യുടെ വ്യക്തപ്രാഭവം ജോർജ് തോമസി നില്ല. മായിൻഹാജിക്കുള്ള ദുഷ്പേർ ഉമ്മർ മാസ്റ്റർ ക്കുമില്ല. ജമാഅത്തെ ഇസ്ലാമി, പി. ഡി. പി, കാന്തപുരം സുന്നി ഗ്രൂപ്പുകളിൽനിന്നു് കഴിഞ്ഞ തവണത്തേതുപോലുള്ള സഹായം ഇടതുപക്ഷത്തിനു് പ്രതീക്ഷിക്കാനുമാവില്ല—ഇത്രയുമാണു് ഐക്യമുന്നണിക്കു് അനുകൂലമായ ഘടകങ്ങൾ.

സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സ്വഭാവം, മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ പൊലീസ് റെയ്ഡ്, മത്തായി ചാക്കോ യുടെ മൃതദേഹം പള്ളി സെമിത്തേരിയിയല്ലാതെ പാർട്ടി ഓഫിസ് പരിസരത്തു് അടക്കിയതു് മുതലായ വിഷയങ്ങളും പയറ്റിനോക്കാവുന്നതാണു്.

images/P_K_Kunhalikutty.jpg
കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പു് തോൽവിയുടെ ഞെട്ടലിൽനിന്നു് ലീഗ് ഇനിയും കരകയറിയിട്ടില്ല. പാർട്ടിയുടെ അസ്തിവാരം ഇളകിയിരിക്കുന്നു. തോൽവിക്കു് ഉത്തരവാദിയെന്നു് മുദ്രയടിച്ചു് ഒഴിവാക്കപ്പെട്ട ജനാബ് കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. ജയസാധ്യതയുണ്ടെങ്കിൽ മുനീറോ മുഹമ്മദ് ബഷീറോ തിരുവമ്പാടിയിൽ മൽസരിച്ചേനെ. മുഹമ്മദാലി ജിന്ന മൽസരിച്ചാലും തോൽക്കും എന്നു് ഉറപ്പുള്ളതുകൊണ്ടാണു് സ്ഥാനാർഥിത്വം പാവം ഉമ്മർ മാസ്റ്റെറെ തേടിയെത്തുന്നതു്.

images/K_C_Joseph.jpg
കെ. സി. ജോസഫ്

മാറാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലീഗിന്റെ പ്രതിഛായയ്ക്കു മങ്ങലേൽപിച്ചിരിക്കുന്നു. കോണി ചിഹ്നത്തിൽ വോട്ടുകുത്തും മുമ്പു് ഹിന്ദു-ക്രിസ്ത്യൻ വോട്ടർമാർ രണ്ടുവട്ടം ആലോചിക്കും. എരീതിയിൽ എണ്ണ പകർന്നുകൊണ്ടു് ആര്യാടൻ മുഹമ്മദും ടി. എച്ച്. മുസ്തഫ യും നടത്തിയ പ്രസ്താവനകൾ കോൺഗ്രസുകരെ ഇരുത്തി ചിന്തിപ്പിക്കും. യഥാർഥത്തിൽ ലീഗ് തോൽക്കേണ്ടതു് കോൺഗ്രസിന്റെ ആവശ്യമാണു്. മുസ്ലിംലീഗിന്റെ ദുഷ്ക് അവസാനിപ്പിക്കാൻ, വിലപേശൽ ശക്തി കുറക്കാൻ തിരുവമ്പാടിയിലെ പരാജയം അനിവാര്യം.

images/George_m_thomas.jpg
ജോർജ്ജ് എം. തോമസ്

കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നു് നിലവിൽ ഒറ്റ ക്രിസ്ത്യൻ എം. എൽ. എ.-യുമില്ല. തൃശൂരിനു വടക്കു് രണ്ടേ രണ്ടു് ക്രിസ്ത്യാനികളെ നിയമസഭാംഗങ്ങളായുമുള്ളു—ജോസ് ബേബി (മണ്ണാർക്കാട്) കെ. സി. ജോസഫ് (ഇരിക്കൂർ) ഈ പോരായ്മ പരിഹരിക്കാൻ തിരുവമ്പാടിയിലെ കുടിയേറ്റക്കാർ കിണഞ്ഞു പരിശ്രമിക്കാനാണു് സാധ്യത.

images/MK_Muneer.jpg
എം. കെ. മുനീർ

സിറിയക് ജോൺ നയിക്കുന്ന എൻ. സി. പി.-യിൽ കരുണാകരന്റെ ഡി. ഐ. സി. നിരുപാധികം ലയിച്ചിരിക്കുന്നു. ഇരുപാർട്ടികൾക്കും അൽപസ്വൽപം സ്വാധീനമുള്ള സ്ഥലമാണു് തിരുവമ്പാടി. മാർക്സിസ്റ്റ് സ്ഥാനാർഥിയുടെ വിജയത്തിനുവേണ്ടി മുരളീധരനും കൂട്ടരും കൈമെയ് മറന്നു് പ്രവർത്തിക്കും. കാരണം ഇടതുമുന്നണിയിലേക്കുള്ള പാത താമരശ്ശേരി ചുരത്തിലൂടെയാണു്. കോൺഗ്രസ് ഭരണകാലത്തുപോലും ഉപതെരഞ്ഞെടുപ്പു മുതൽ 1999-ലെ എറണാകുളം ഉപതെരഞ്ഞെടുപ്പുവരെ ദൃഷ്ടാന്തങ്ങൾ സി. പി. എമ്മിന്റെ മൊത്തം സംഘടനാശേഷിയും മണ്ഡലത്തിൽ കേന്ദ്രീകരിക്കപ്പെടും. അയൽ ജില്ലകളിൽനിന്നുവരെ പ്രവർത്തകർ പ്രവഹിക്കും. കിട്ടാവുന്ന ഒരു വോട്ടും പാഴാവുകയില്ല. ചിട്ടയായ പ്രവർത്തനം സുനിശ്ചിതമായ വിജയം.

മത്തായി ചാക്കോ ക്കു് കിട്ടിയതിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തോടെ ജോർജ്ജ് എം. തോമസ് വിജയിക്കാനാണു് സാധ്യത. കാതുള്ളവർ കേൾക്കട്ടെ, സംശയാലുക്കൾ ഡിസംബർ ഏഴുവരെ കാത്തിരിക്കട്ടെ.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Thiruvambadiyile Janavidhi (ml: തിരുവമ്പാടിയിലെ ജനവിധി).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Thiruvambadiyile Janavidhi, കെ. രാജേശ്വരി, തിരുവമ്പാടിയിലെ ജനവിധി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 9, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Signal, a painting by Eugène François de Block (1812–1893). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.