സി. പി. എമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ പതിനാലും സമംഗളം പര്യവസാനിച്ചു. ബ്രാഞ്ച്-ലോക്കൽ-ഏരിയാ സമ്മേളനങ്ങളോടു് താരതമ്യം ചെയ്യുമ്പോൾ സമാധാനപരമായിരുന്നു, ജില്ലാ സമ്മേളനങ്ങൾ. ഒരിടത്തെങ്കിലും ആംബുലൻസോ ഫയർ എഞ്ചിനോ വിളിക്കേണ്ടിവന്നില്ല. പരസ്യമായ വിഴുപ്പലക്കലും ഉണ്ടായില്ല.
ജില്ലാ സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ ചിത്രം പകൽപോലെ വ്യക്തമാണു്. പാർട്ടി സംഘടന പൂർണമായും പിണറായി സഖാവിന്റെ ഉരുക്കുമുഷ്ടിയിൽ ഒതുങ്ങിയിരിക്കുന്നു. വി. എസ്. ഗ്രൂപ്പ് പതിനാലാം രാവുകഴിഞ്ഞ നിലാവുപോലെ നേർത്തുനേർത്തു് ഇല്ലാതാകുകയാണു്. ഗ്രൂപ്പു പ്രമാണികൾ പകുതിയിലേറെയും കുരുതികഴിക്കപ്പെട്ടു, ബാക്കിയുള്ളവർ ആത്മരക്ഷാർഥം ഗ്രൂപ്പുമാറുകയോ അച്ചടക്കഖഡ്ഗത്തിനായി കഴുത്തുനീട്ടി നിമിഷങ്ങൾ എണ്ണിക്കഴിയുകയോ ചെയ്യുന്നു.
വി. എസ്. അച്യുതാനന്ദൻ മുങ്ങുന്ന കപ്പലിൽ കസാബിയാൻകയെപ്പോലെ നിൽക്കുകയാണു്. ഒടുവിൽ നടുക്കടലിൽ മുങ്ങിത്താഴുകയോ പൊങ്ങുതടിയിൽ പിടിച്ചു് ജീവൻ നിലനിറുത്തുകയോ ചെയ്തേക്കാം. രണ്ടായാലും ആത്യന്തികമായി ഫലം ഒന്നുതന്നെ, പോളിറ്റ് ബ്യൂറോക്കു് പരാതികൾ മുറയ്ക്കു് അയക്കുന്നുണ്ടു്. നൂറു കത്തയച്ചാൽ പത്തെണ്ണത്തിന്റെ കൈപ്പറ്റുചീട്ടു് മടങ്ങിവരും, ഒരെണ്ണത്തിനു് മറുപടി കിട്ടും എന്നതാണു് അവസ്ഥ. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം തിരിച്ചെടുക്കപ്പെട്ട ടി. ശശിധരന്റെ കാര്യം മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. അല്ലെങ്കിൽ ഒറ്റപ്പാലം ഏരിയാ കമിറ്റിയിൽ ഉൾപ്പെടുത്തപ്പെട്ട എസ്. അജയകുമാറി ന്റെ ഉദാഹരണവും നമുക്കു് മുന്നിലുണ്ടു്.
മൂന്നു് കൊല്ലം മുമ്പു് മലപ്പുറം സമ്മേളനത്തിനൊരുങ്ങുമ്പോൾ പകുതിയിലേറെ ജില്ലാ കമ്മിറ്റികൾ വി. എസിനൊപ്പമായിരുന്നു. സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷവും തഥൈവ. പോളിറ്റ്ബ്യൂറോയുടെ ഇടപെടലും പിണറായി വിജയന്റെ സമ്മർദ്ദരാഷ്ട്രീയവുമാണു് മലപ്പുറത്തു് കാരണവരുടെ കണക്കുകൂട്ടൽ തെറ്റിച്ചതു്. പ്രലോഭനത്തിനും സമ്മർദ്ദത്തിനും ഭീഷണിക്കും മുന്നിൽ സമ്മേളന പ്രതിനിധികളുടെ മനസ്സുമാറി, മലപ്പുറത്തു് വിജയൻ മിന്നൽപിണറായി.
മലപ്പുറത്തുനിന്നു് പിണറായി വിജയന്റെ ജൈത്രയാത്ര ആരംഭിച്ചു. വിജയന്റെ വിജയത്തിൽനിന്നു് ആവേശമുൾക്കൊണ്ടു് കെ. മുരളീധരൻ കോൺഗ്രസ് പിളർത്തി സ്വന്തം പാർട്ടിയുണ്ടാക്കി. വിജയനും മുരളിയും ഒറ്റക്കരളായി. സി. പി. ഐ.-ആർ. എസ്. പി. കക്ഷികൾ തുലോം അപ്രസക്തരായി. സി. പി. എം. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും പിണറായിക്കു് മൃഗീയ ഭൂരിപക്ഷം കിട്ടി. എസ്. ശർമ യും എം. ചന്ദ്രനും സെക്രട്ടറിയേറ്റിൽനിന്നു് ഔട്ടായി; ദേശാഭിമാനി പത്രാധിപസ്ഥാനത്തുനിന്നു് വി. എസ്. തന്നെയും നിഷ്കാസിതനായി. അടുത്ത മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നു് പത്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചു.
2006 ജനുവരി ഒന്നിനു് ഹോസങ്കടിയിൽനിന്നു് ആരംഭിച്ചു് അശ്വമേധം ജനുവരി 25-നു് തിരുവനന്തപുരത്തു് അവസാനിക്കുമ്പോഴേക്കും വിജയൻ സഖാവിന്റെ അടപ്പുതെറിച്ചു. എസ്. എൻ. സി. ലാവ്ലിൻ ഇടപാടു് സംബന്ധിച്ച സി. എ. ജി. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചുകൊണ്ടു് യു. ഡി. എഫും ഡി. ഐ. സി. ബാന്ധവം വിലക്കിക്കൊണ്ടു് പോളിറ്റ്ബ്യൂറോയും പിണറായിയുടെ വയറ്റത്തടിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അവിശ്വാസപ്രമേയം ചീറ്റിപ്പോയി. ആര്യാടനും ഉമ്മൻചാണ്ടി യും നടത്തിയ പ്രത്യാക്രമണത്തിൽ സി. പി. എമ്മിന്റെ മുഖം നഷ്ടമായി. മുഖ്യമന്ത്രിസ്ഥാനത്തേക്കു് പിണറായിക്കുള്ള ക്ലെയിം ഇല്ലാതായി.
സി. പി. ഐ.-ആർ. എസ്. പി. കക്ഷികളുടെ പ്രത്യക്ഷ പിന്തുണയോടെയാണു് അച്യുതാനന്ദൻ ഡി. ഐ. സി.-യുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞതു്. ബീഹാറിൽ ഇടതുകക്ഷികളെ തഴഞ്ഞു് ലാലു യാദവി നോടു് സഖ്യം ചെയ്തതിന്റെ കെടുതികൾ പോളിറ്റ് ബ്യൂറോക്കു് മുന്നിലുണ്ടായിരുന്നു. സഖാവു് ചന്ദ്രൻപിള്ള യുടെ കുതന്ത്ര വൈദഗ്ദ്ധ്യവും സിൻഡിക്കേറ്റ് മാധ്യമങ്ങളുടെ കുപ്രചാരണവുമാണു് ഡി. ഐ. സി.-യുടെ കുഴിതോണ്ടിയതു്. ഡി. ഐ. സി. മുങ്ങുകയും ലാവ്ലിൻ പൊങ്ങുകയും ചെയ്തതോടെ വിജയൻ മുഖ്യമന്ത്രിപദമോഹം തൽക്കാലം മാറ്റിവെച്ചു. അച്യുതാനന്ദനെ ഒതുക്കുക എന്ന സിംഗിൾ പോയന്റ് അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സി. പി. എം. സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്ര കമ്മിറ്റിയും വി. എസ്. മൽസരിക്കേണ്ടതില്ലെന്നു് തീരുമാനിച്ചു; മുഖ്യമന്ത്രിസ്ഥാനത്തേക്കു് പാലോളി മുഹമ്മദ്കുട്ടി യെ നിശ്ചയിച്ചു.
ഇന്നാട്ടിലെ മാധ്യമങ്ങളെപ്പറ്റി പിണറായി വിജയനു് ഒരു ചുക്കുമറിയില്ലെന്നു് തുടർന്നുനടന്ന സംഭവങ്ങൾ തെളിയിച്ചു. മനോരമ മുതൽ ചന്ദ്രികവരെ വി. എസിന്റെ വക്കാലത്തു് ഏറ്റെടുത്തു. ഏഷ്യാനെറ്റും ഇന്ത്യാവിഷനും 24 മണിക്കൂറും അച്യുതാനന്ദ സങ്കീർത്തനമാലപിച്ചു. പാലോളിയെ പിന്തുണക്കാൻ മാധ്യമമോ വർത്തമാനമോ സിറാജോ പോലും കൂട്ടാക്കിയില്ല. പിണറായിക്കൊപ്പം നിൽക്കാൻ ദേശാഭിമാനിയെ കൂടാതെ ദീപിക പത്രവും കൈരളി ചാനലും മാത്രം!
സിൻഡിക്കേറ്റ് പത്രങ്ങളുടെ വിടുവായത്തത്തെക്കാൾ ഹിന്ദുവിന്റെ നിലപാടാണു് പിണറായിയെ ചതിച്ചതു്. പ്രകാശ് കാരാട്ടി ന്റെ ബുദ്ധി ഉപദേശകരിൽ മുഖ്യനാണു് എൻ. റാം. വി. എസി നു് സീറ്റുകൊടുക്കണം എന്നു് ഹിന്ദു പറഞ്ഞപ്പോൾ പിണറായിപക്ഷക്കാരുടെ പണി പാളി. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന അച്യുതാനന്ദനു് എന്തുകൊണ്ടു് സീറ്റ് നിഷേധിച്ചു എന്നു് കുമാരി മമതാ ബാനർജി നാടുനീളെ പ്രസംഗിച്ചു നടന്നപ്പോൾ പശ്ചിമബംഗാൾ സഖാക്കളും അസ്വസ്ഥരായി. ജ്യോതിബസു അടക്കമുള്ളവർ പോളിറ്റ് ബ്യൂറോയിൽ വി. എസിനുവേണ്ടി ശബ്ദമുയർത്തി. അങ്ങനെ പുന്നപ്ര സമരനായകൻ സ്ഥാനാർത്ഥിയായി, ഇടതുപക്ഷ തരംഗത്തിൽ മുഖ്യമന്ത്രിയുമായി.
മുമ്പൊരിക്കലും ഉണ്ടാകാത്തവിധത്തിൽ വിഭാഗീയത ഭരണത്തെ ബാധിക്കുന്ന കാഴ്ചയാണു് കേരളീയർ പിന്നീടു് കണ്ടതു്. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ, വകുപ്പുവിഭജിക്കുമ്പോൾ തർക്കമായി. മുഖ്യനു് ആഭ്യന്തരമോ വിജിലൻസോ നൽകില്ലെന്നു് പിണറായി ശഠിച്ചു. വി. എസ്. പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടു് ഫലമുണ്ടായില്ല. പിണറായി പക്ഷക്കാരായ മന്ത്രിമാർ മുഖ്യനെ തീർത്തും അവഗണിച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം കടംകഥയായി. മുഖ്യമന്ത്രി അറിയാതെ എ. ഡി. ബി. കരാർ ഒപ്പിടുന്നതും കാബിനറ്റ് മീറ്റിംഗിൽ മുഖ്യൻ വിയോജനക്കുറുപ്പെഴുതുന്നതുമൊക്കെ മയാളികൾ കണ്ടു.
പിണറായിപക്ഷക്കാരായ മന്ത്രിമാർ പരമപരാജയമായി മാറി. സ്വാശ്രയ മാനേജ്മെന്റുകളെ വെല്ലുവിളിച്ചു് നിയമനിർമാണം നടത്തിയ എം. എ. ബേബി നാലകത്ത് സൂപ്പി യെക്കാൾ അപഹാസ്യനായി. ജി. സുധാകരൻ കടുത്ത ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. എളമരം കരീം പ്രഗല്ഭനായ മുൻഗാമിയുടെ കാൽനഖേന്ദു മരീചികൾ പിന്തുടർന്നുപോയി. കോടിയേരി ബാലകൃഷ്ണനും പി. കെ. ശ്രീമതി യും എ. കെ. ബാലനും ഭൂമിക്കു് ഭാരമാണെന്നു് തെളിയിച്ചു. കോട്ടയം പുഷ്പനാഥി നെ ക്രൈംബ്രാഞ്ച് ഡി. ജി. പി.-യാക്കുന്നതുപോലുള്ള പരമവങ്കത്തമാണു് ഡോ. തോമസ് ഐസക്കി നെ ധനകാര്യ മന്ത്രിയാക്കിയതു്.
സർക്കാറും മന്ത്രിമാരും നാറിയിട്ടും മുഖ്യമന്ത്രിയുടെ ഇമേജ് മാത്രം വലിയ ഇടിവുകൂടാതെ നിൽക്കുന്നു. സി. അച്യുതമേനോനു് ശേഷം ഇത്രയധികം മാധ്യമപിന്തുണ കിട്ടിയ മറ്റൊരു ഭരണാധികാരി ഉണ്ടായിട്ടില്ല. പിണറായി പൊട്ടിച്ചാൽ പൊൻകുടം, അച്ചുമ്മാൻ പൊട്ടിച്ചാൽ മൺകുടം എന്നാണു് സിൻഡിക്കേറ്റ് പത്രങ്ങളുടെ നിലപാടു്. കെ. എം. ഷാജഹാനെ പാർട്ടിയിൽനിന്നു് പറഞ്ഞിവിട്ടിട്ടും വി. എസിന്റെ പേഴ്സനൽ സ്റ്റാഫിൽനിന്നു് ഒഴിവാക്കിയിട്ടും സിൻഡിക്കേറ്റിന്റെ ആക്രമണം തുടരുന്നു.
വി. എസിനെ നായകനാക്കുന്ന അതേ മാധ്യമങ്ങൾ വിജയനെ വില്ലനാക്കുന്നു. ലാവ്ലിൻ-ഫാരിസ്-മാർട്ടിൻ-ലിസ് ഇടപാടുകൾ, നികൃഷ്ടജീവികളെക്കുറിച്ചുള്ള വിമർശം, എടോ ഗോപാലകൃഷ്ണാ മാതൃകയിലുള്ള അഭിസംബോധനകൾ എല്ലാം തൽപരകക്ഷികൾ സമർഥമായി ദുരുപയോഗം ചെയ്തു. ചൗഷെസ്ക്യൂവിന്റെ, ഹോണേക്കറുടെ യഥാർഥ പിൻഗാമിയെന്നു് വിജയൻ സ്തുതിക്കപ്പെട്ടു. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് മലയാള സിനിമകളിൽ ഗോവിന്ദൻകുട്ടിയെ എന്നപോലെയാണു് ടി. വി.-യിൽ ജനം പിണറായി വിജയനെ നോക്കിക്കാണുന്നതു്.
പാർട്ടി ഓഫീസിന്റെ ഓടുപൊളിച്ചു് അകത്തുകടന്നയാളല്ല പിണറായി വിജയൻ. വഴിനടന്നുപോകുമ്പോൾ മുഖസൗന്ദര്യം കണ്ടു് ബോധിച്ചു് എ. കെ. ജി. സെന്ററിൽ വിളിച്ചുകയറ്റിയതുമല്ല. മാധ്യമങ്ങൾ ഊതിവർപ്പിച്ച സോപ്പുകുമിളയുമല്ല. അലിഞ്ഞാൽ നീലക്കരിമ്പാണു്, ഇടഞ്ഞാൽ കരിമ്പാറ. കാരിരുമ്പിന്റെ കരുത്താണു്. നോക്കിലും വാക്കിലും ശരീരഭാഷയിലുമൊക്കെ നിറഞ്ഞുതുളുമ്പുന്ന ധിക്കാരം, ധാർഷ്ട്യം. കൽപന കല്ലേപ്പിളർക്കും.
അതുല്യമായ ആ വ്യക്തിപ്രഭാവമാണു് എറണാകുളത്തു് ശർമ-ഗോപി-ചന്ദ്രൻപിള്ള മാരെ നിഷ്പ്രഭരാകിയതു്, പാലക്കാട്ട് അജയകുമാറി നെയും കൃഷ്ണദാസിനെയും ജില്ലാ കമ്മിറ്റിക്കു് പുറത്തുനിറുത്തിയതു്, തിരുവനന്തപുരത്തു് പിരപ്പൻകോട് മുരളി യെ തട്ടിൻപുറത്തു് കയറ്റിയതു്, ഇടുക്കി ജില്ലാ കമ്മിറ്റിയെ ഒന്നടങ്കം സ്വപക്ഷത്തേക്കു് കൊണ്ടുവന്നതു്, കൊല്ലത്തു് തിരിച്ചടികൾക്കിടയിലും രാജഗോപാലിനെ സെക്രട്ടറിസ്ഥാനത്തു് നിലനിറുത്തിയതു്.
അബ്ദുല്ലക്കുട്ടി ക്കും അജയകുമാറിനും കൃഷ്ണദാസിനും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ല എന്നതു് മൂന്നുതരമാണു്. സുരേഷ്കുറുപ്പു്, സുജാത, രാജേന്ദ്രൻ എന്നിവരുടെ കാര്യവും ഒട്ടും ആശാവഹമല്ല. സീറ്റു കിട്ടിയാലും അവർ രക്ഷപ്പെടുക പ്രയാസം. കാരണം നായർ സമുദയാചാര്യനെയും ക്രൈസ്തവ മതമേലധ്യക്ഷരെയും പരമശത്രുക്കളാക്കിക്കഴിഞ്ഞു.
നന്ദിഗ്രാമിലെ പൊലീസ്/സി. പി. എം. നടപടികളെ സി. പി. ഐ.-ആർ. എസ്. പി.-ഫോർവെഡ് ബ്ലോക്ക് പാർട്ടികൾ അപലപിച്ചു; ജ്യോതിബസു വും ബുദ്ധദേവും വരെ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, നന്ദിഗ്രാം അതിക്രമങ്ങളെ ശക്തമായി പിന്തുണച്ചതു് പിണറായി വിജയൻ മാത്രമാണു്. ബംഗാൾ പാർട്ടിയുടെ സഹായവും മേലിൽ വിജയനു് പ്രതീക്ഷിക്കാം. മൂലധനത്തിന്റെ പ്രസക്തിയെയുംം മുതലാളിത്തത്തിന്റെ അനിവാര്യതയെയും പറ്റി ജ്യോതിബസു വാചാലനായപ്പോൾ പിണറായി ശിങ്കിടി പാടിയതിന്റെ രഹസ്യവും വേറൊന്നല്ല.
സംസ്ഥാന സമ്മേളനത്തിനുശേഷം പത്തനംതിട്ട ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തേക്കു് മാറും. എറണാകുളം, കൊല്ലം കമ്മിറ്റികൾ വിജയന്റെ പ്രതികാരാഗ്നിയിൽ കത്തിച്ചാമ്പലാകും. അതോടെ പാർട്ടിക്കകത്തെ വിഭാഗീയതക്കു് അറുതിവരും. വി. എസ്. അച്യുതാനന്ദൻ സ്വയം രാജിവെച്ചുപോകുമോ അതോ ചവിട്ടിപ്പുറത്താക്കേണ്ടിവരുമോ എന്ന പ്രശ്നമേ പിന്നെ ബാക്കിയുണ്ടാകൂ. പിന്നെ സാന്റിയാഗോ മാർട്ടിൻ, ഫാരിസ് അബുബക്കർ, സിനിമാനടൻ മമ്മൂട്ടി, കെ. ഇ. എൻ. കുഞ്ഞഹമ്മദ് എന്നീ പ്രഗല്ഭമതികളുടെ പിന്തുണയോടും പങ്കാളിത്തത്തോടും കൂടി പിണറായി സഖാവിന്റെ നിരുപമ നേതൃത്തിനു് കീഴിൽ സമത്വസുന്ദരമായ കേരളം പിറവികൊള്ളും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.