സുഹൃത്തുക്കളേ, സഖാക്കളേ, സാമ്രാജ്യത്വ ശക്തികളിൽനിന്നും അഞ്ചാം പത്തികളിൽനിന്നും ഇന്ത്യയിലെ ഇടതുപക്ഷം, വിശിഷ്യ കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്ന കാര്യത്തെക്കുറിച്ചു് നിങ്ങൾ ബോധവാന്മാരായിക്കണം. അമേരിക്കയുടെ പങ്കാളിത്തത്തോടെയും ഒത്താശയോടെയും നമ്മുടെ പാർട്ടിയെ ദുർബലമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയണം, അതിനെതിരെ ശക്തമായി പ്രതികരിക്കണം, പ്രതിഷേധിക്കണം.
യാങ്കി ഏജന്റുമാർ പല രൂപത്തിൽ, പല വേഷത്തിൽ പ്രത്യക്ഷപ്പെടും. പ്രത്യക്ഷപ്പെടാതെ ഒളിവിലിരുന്നും യുദ്ധം നയിക്കും. പത്രമുടമകൾക്കു് പണം കൊടുത്തു് വശീകരിക്കും, മാധ്യമപ്രവർത്തകർക്കു് മദ്യം വാങ്ങിക്കൊടുക്കും. വ്യാജ വാർത്തകൾ മെനഞ്ഞെടുക്കും, കിംവദന്തികൾ പരത്തും, പാർട്ടി അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ പരിശ്രമിക്കും.
സംസ്ഥാനത്തു് നിലവിലുള്ള മാധ്യമ സിൻഡിക്കേറ്റിനെക്കുറിച്ചു്, അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചു്, സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചൊക്കെ മുമ്പൊരവസരത്തിൽ പാർട്ടി നിങ്ങളെ ബോധവാൻമാരാക്കുകയുണ്ടായല്ലോ? അതേതുടർന്നു് പല ചർച്ചകളുമുണ്ടായി. വാഗ്വാദങ്ങൾ നടന്നു. പാർട്ടി നിലപാടിനെ എതിർത്തുകൊണ്ടു് മാധ്യമ ദുഷ്പ്രഭുക്കൾ രംഗത്തുവന്നു. സിൻഡിക്കേറ്റംഗങ്ങളെ പാർട്ടി സെക്രട്ടറിതന്നെ തൊട്ടുകാണിച്ചു. സെനറ്റംഗങ്ങളെ പിന്നീടു് ചൂണ്ടിക്കാണിക്കും. ഏതായാലും ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയാൻ, തുറന്നുകാട്ടാൻ പാർട്ടി അണികൾ പ്രാപ്തരായിരിക്കുന്നു.
മാധ്യമങ്ങളേക്കാൾ ഒട്ടും മോശമല്ലാത്ത മട്ടിൽ നമ്മുടെ പ്രസ്ഥാനത്തെ കടന്നാക്രമിക്കുന്ന മറ്റൊരു വിപത്തിനെക്കുറിച്ചു് സഖാക്കളെ ബോധവത്ക്കരിക്കാനാണു് ഈ ഇടയലേഖനം. സമീപകാലത്തായി, കോടതികളിൽനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ വിധിന്യായങ്ങളെക്കുറിച്ചു് നിങ്ങൾ ജാഗരൂകരായിരിക്കണം. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തെ, പ്രത്യേകിച്ചു് സി. പി. എമ്മിനെ ദുർബലമാക്കാൻ അറിഞ്ഞോ അറിയാതെയോ ഉള്ള ശ്രമങ്ങൾ നാം കാണാതിരിക്കരുതു്.
സഖാക്കളേ, ഒരുകാര്യം ആദ്യമേ വ്യക്തമാക്കട്ടെ. ഇന്ത്യയിൽ നിലവിലുള്ള നീതിന്യായ സംവിധാനം കുറ്റമറ്റ ഒന്നല്ല. ഇന്ത്യൻ ഭരണഘടന തന്നെ കൊളോണിയൽ ഭരണത്തിന്റെ ദുർഭഗ സന്തതിയാണു്. ജൂഡീഷറിയാണെങ്കിൽ ബൂർഷ്വാസി സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി മെനഞ്ഞെടുത്ത ജനവിരുദ്ധ സ്ഥാപനവുമാണു്. രാജ്യത്തെ മിക്കവാറും നിയമങ്ങളും ചൂഷകർക്കു് അനുകൂലമായവയാണു്. ലെജിസ്ലേച്ചറും എക്സിക്യൂട്ടീവുമെന്നപോലെ ജുഡീഷ്യറിയും ചൂഷകർക്കും മർദകർക്കും അനുകൂലമായ നിലപാടുകളാണു് അനാദികാലം മുതൽ കൈക്കൊണ്ടുവരുന്നതു്.
ഭരണകൂടത്തിന്റെ മർദനോപാധികളിൽ ഒന്നാണു് കോടതിയെന്നു് സഖാക്കൾ മാർക്സും ഏംഗൽസും പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ടു്. ഇക്കാര്യം സ്വാനുഭവത്തിൽനിന്നു് മനസ്സിലാക്കിയതിനാലാണു് സഖാവു് ലെനിൻ വക്കീൽപ്പണി ഉപേക്ഷിച്ചു് പാർട്ടി ഫുൾടൈമറായതും മഹത്തായ നവംബർ വിപ്ലവം നടത്തിയതും. സഖാവു് ജി. സുധാകരനെയും സഖാവു് എ. കെ. ബാലനെ യും പോലുള്ളവർ നിയമബിരുദം നേടിയിട്ടും കോടതികളിൽ പോകാഞ്ഞതും ഇതേ കാരണത്താൽ തന്നെ.
സഖാക്കൾ ഓർമിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ടു്. കോടതികൾ ഒരുകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയോടു് സഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വ കോടതിയാണു് കയ്യൂർ സഖാക്കളെ തൂക്കിലേറ്റാൻ വിധിച്ചതെങ്കിൽ, ദേശീയ ബൂർഷ്വാസി താലോലിക്കുന്ന നീതിപീഠമാണു് സഖാവു് ഇ. എം. എസി നെ കോടതിയലക്ഷ്യത്തിനു് ശിക്ഷിച്ചതു്. ബൂർഷ്വാ കോടതിയിൽനിന്നു് സാധാരണക്കാർക്കോ സഖാക്കൾക്കോ നീതി കിട്ടുകയില്ലെന്നു് ക്രിസ്റ്റഫർ കാൾഡ്വെൽ മുതൽ കെ. ഇ. എൻ. കുഞ്ഞഹമ്മദ് വരെയുള്ള പാർട്ടി ബുജികൾ സിദ്ധാന്തിച്ചിട്ടുമുണ്ടു്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാന സർക്കാറിനെയും നമ്മുടെ പാർട്ടിയെയും ജനമധ്യത്തിൽ അപഹാസ്യമാക്കാനുള്ള കുൽസിത ശ്രമങ്ങൾ നടന്നുവരുകയാണു്. നിർഭാഗ്യവശാൽ, അത്തരം ശ്രമങ്ങൾക്കു് ആക്കംകൂട്ടാനുള്ള നീക്കമാണു് നീതിപീഠത്തിന്റെ ഭാഗത്തുനിന്നു് ഉണ്ടായിക്കൊണ്ടിരിക്കുന്നതു്. ഇക്കാര്യം പാർട്ടി ഗൗരവപൂർവം വീക്ഷിക്കുന്നു. അണികളെ ജാഗരൂകരാക്കാനും ഉദ്ദേശിക്കുന്നു.
സമീപകാലത്തു് കോടതികൾ പുറപ്പെടുവിച്ച അസംബന്ധനിർഭരമായ വിധികളെക്കുറിച്ചും അവയുടെ ജനവിരുദ്ധ സ്വഭാവത്തെക്കുറിച്ചും ഓരോ പാർട്ടി അംഗവും ബോധവാനായിരിക്കണം. ന്യായാധിപരുടെ വർഗസ്വഭാവത്തെക്കുറിച്ചും സാമ്പത്തിക/സാമുദായിക/രാഷ്ട്രീയ സാമാന്യ വിവരമെങ്കിലും നേടിയിരിക്കണം. ഈ വിഷയത്തിൽ ആവശ്യമായ ബോധവത്ക്കരണം നടത്താൻ മേൽക്കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണം. കോടതിയെ അധിക്ഷേപിച്ചുകൊണ്ടു് ദേശാഭിമാനിയിൽ വരുന്ന വാർത്തകൾ, ലേഖനങ്ങൾ, കത്തുകൾ ഇവയൊക്കെ ചേർത്തു് ഒരു ഫയൽ സൂക്ഷിക്കാൻ ഓരോ ബ്രാഞ്ച് കമ്മിറ്റിയും ഉൽസാഹിക്കണം.
ന്യായാധിപന്മാരിൽ ഇരുപതു് ശതമാനം അഴിമതിക്കാരാണെന്ന മുൻ ചീഫ് ജസ്റ്റിസ് ബറൂച്ച യുടെ പ്രസ്താവന ലോക്കൽ കമ്മിറ്റി അംഗങ്ങൾ മുതൽ മേലോട്ടുള്ള ഓരോ സഖാവും ഹൃദിസ്ഥമാക്കണം. കോടതിയലക്ഷ്യത്തെക്കുറിച്ചു് ജസ്റ്റിസ് കട്ജു നടത്തിയ അഭിപ്രായപ്രകടനവും അറിഞ്ഞിരിക്കണം.
സമീപകാല വിധികളെക്കുറിച്ചു് സി. പി. എമ്മിന്റെ സുചിന്തിതമായ നിലപാടുകൾ ഇനി പറയുംപ്രകാരമാണു്. ഇവ ഓരോ പാർട്ടി അംഗവും കാണാതെ പഠിക്കണം. സംശയമുള്ള കാര്യങ്ങൾ മറ്റാരൊടെങ്കിലും ചോദിക്കുകയോ ചർച്ച ചെയ്യുകയോ അരുതു്. ഇക്കാര്യത്തിൽ പാർട്ടി തീരുമാനം അന്തിമമാണു്.
ബേബിസഖാവിന്റെ സ്വാശ്രയ വിദ്യാഭ്യാസ നിയമം വിപ്ലവകരമായ ഒരു നിയമനിർമാണമായിരുന്നു. അതിലെ പ്രസക്തമായ വകുപ്പുകളൊക്കെ റദ്ദാക്കിയ കോടതി വിധി തികച്ചും അപലപനീയം. കോടതിയുടെ വർഗസ്വഭാവത്തെ തികച്ചും വ്യക്തമാക്കുന്ന ഒന്നാണു് ഈ വിധിന്യായം. മൂലധന ശക്തികളുടെ പാദസേവകരാണു് തങ്ങളെന്നു് ന്യായാധിപന്മാർ തെളിയിച്ചു. (ചീഫ് ജസ്റ്റിസ് ബോട്ടുയാത്ര നടത്തിയതും ഒരു ജഡ്ജിയുടെ മകൻ സ്വാശ്രയ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ പഠിച്ചതും ഇതിനോടു് ബന്ധപ്പെടുത്തി പറയാൻ മറക്കരുതു്. എല്ലാ ജഡ്ജിമാരും അഴിമതിക്കാരാണെന്നു് കേൾവിക്കാർക്കു് തോന്നുന്നിടത്താണു് നമ്മുടെ വിജയം).
വേണ്ടത്ര കൂടിയാലോചന നടത്താതെയും ഭരണഘടനാ വിദഗ്ദ്ധരോടു് അഭിപ്രായം തേടാതെയുമാണു് തിടുക്കപ്പെട്ടു് സ്വാശ്രയ നിയമമുണ്ടാക്കിയതു് എന്ന അഭിപ്രായം ചില ഇടതുപക്ഷ സഹയാത്രികർ തന്നെ തട്ടിമൂളിക്കുന്നുണ്ടു്. സഖാക്കൾ ഇതേക്കുറിച്ചു് ബോധവാൻമാരാകണം. ഇന്ത്യൻ ഭരണഘടനയല്ല പാർട്ടി ഭരണഘടനയാണു് നമുക്കു് മുഖ്യം. സംസ്ഥാന കമ്മിറ്റിയിലെ യാജ്ഞവൽക്യന്മാരോടാലോചിച്ചിട്ടാണു് നിയമമുണ്ടാക്കിയതു്. കൂടിയാലോചനയുണ്ടായില്ല എന്നു് ആക്ഷേപമുന്നയിക്കുന്നവർ, ബേബി സഖാവു് രണ്ടാം മുണ്ടശ്ശേരിയായി ഷൈൻ ചെയ്യുന്നതിൽ ഈർഷ്യയുള്ളവരാണെന്നും സഖാക്കൾ അറിഞ്ഞിരിക്കണം.
ആത്മാർഥതയില്ലാതെയാണു് സർക്കാർ കോള നിരോധിച്ചതെന്നു് വിരുദ്ധന്മാർ പ്രചരിപ്പിക്കുന്നുണ്ടു്. ഭക്ഷ്യസാധനങ്ങളിൽ മായംചേർക്കൽ നിരോധന നിയമപ്രകാരം കേന്ദ്രസർക്കാറിനേ അധികാരമുള്ളൂ എന്നു പറഞ്ഞാണു് കോടതി നമ്മുടെ ഉത്തരവു് റദ്ദാക്കിയതു്. പൊതുജനാരോഗ്യ നിയമപ്രകാരം നമുക്കു് അധികാരമുണ്ടു്. അക്കാര്യം കോടതി കണ്ടറിഞ്ഞു് ചെയ്യാഞ്ഞതു് ആരുടെ കുറ്റം?
പാർട്ടിശത്രുക്കൾ നമുക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം ലാവലിൻ കേസ് സംബന്ധിച്ചാണു്. ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാടു് ആവർത്തിച്ചു് വ്യക്തമാക്കിയിട്ടുള്ളതാണു്. ലാവലിൻ കരാർ നിർദോഷവും സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം മുൻനിറുത്തി ഉണ്ടാക്കിയതുമാണു്. ഇക്കാര്യത്തിൽ പിണറായി വിജയനോ മറ്റേതെങ്കിലും സഖാവോ അഴിമതി നടത്തിയിട്ടില്ലെന്നു് സംസ്ഥാന കമ്മിറ്റി തീർപ്പുകൽപിച്ചിട്ടുള്ളതും, ആയതു് പോലിറ്റ് ബ്യൂറോ അംഗീകരിച്ചിട്ടുള്ളതുമാണു്. ലാവലിനെക്കുറിച്ചു് ഇനി യാതൊരുവിധ ചർച്ചക്കോ അന്വേഷണത്തിനോ വ്യവഹാരത്തിനോ പ്രസക്തിയില്ല.
ലാവലിൻ അന്വേഷണം സി. ബി. ഐ.-ക്കു് വിടാൻ തീരുമാനിച്ചതു് കഴിഞ്ഞ യു. ഡി. എഫ്. സർക്കാറായിരുന്നു. തികച്ചും രാഷ്ട്രീയപ്രേരിതവും വൈരനിര്യാതന വ്യഗ്രവുമായ തീരുമാനം. എൽ. ഡി. എഫ്. സർക്കാറിനു് അതു് അംഗീകരിക്കാൻ നിയമപരമായ ബാധ്യതയില്ല. രാഷ്ട്രീയമായ വിയോജിപ്പു് ഉണ്ടുതാനും. അതുകൊണ്ടാണു് വിജിലൻസ് അന്വേഷണം മതിയെന്നു് അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചതു്.
സി. ബി. ഐ.-യെക്കാൾ എന്തുകൊണ്ടും മികച്ച അന്വേഷകരാണു് കേരളാ പോലീസിൽ ഉള്ളതു്. വിശേഷിച്ചും സഖാവു് കോടിയേരി ബാലകൃഷ്ണ ന്റെ അനുപമ നേതൃത്വത്തിൽ കീഴിൽ സമർഥവും സത്യസന്ധവുമായ അന്വേഷണം നടക്കുമായിരുന്നു. എന്നാൽ കോടതി ഇടപെട്ടു് എല്ലാം താറുമാറാക്കി. പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും കുപ്രചാരണത്തിൽ ന്യായാധിപർ കുടുങ്ങിപ്പോയതായി പാർട്ടി വിലയിരുത്തുന്നു.
ലാവലിൻ കേസ് വാദിക്കാൻ സുപ്രീം കോടതിയിൽനിന്നു് വക്കീലന്മാരെ ഇറക്കുമതി ചെയ്തതിനെ ചിലർ വിമർശിക്കുന്നുണ്ടു്. സംസ്ഥാന സർക്കാർ സകല കേസിലും തോറ്റുകാണാൻ കൊതിക്കുന്നവരാണവർ. പുനഃപരിശോധനാ ഹർജി വാദിക്കാൻ സി. എസ്. വൈദ്യനാഥനെയും പൊതു താൽപര്യ ഹർജിയെ എതിർക്കാൻ ആർ. കെ. ആനന്ദി നെയും കൊണ്ടുവന്നതു് പാർട്ടി തീരുമാനപ്രകാരമാണു്. പാർട്ടിക്കു് മീതെ പരുന്തും പറക്കില്ല. പറക്കാൻ സമ്മതിക്കില്ല.
പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി പിരിച്ചുവിടാനുള്ള നമ്മുടെ നീക്കം പരാജയപ്പെടുത്തിയതും കോടതിയാണു്. നമ്മൾ ബോധിപ്പിച്ച സത്യങ്ങളേക്കാൾ രാഘവന്റെ കളവുകളാണു് ന്യായാധിപർക്കു് ബോധ്യമായതു്. സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കില്ല എന്നു മന്ത്രി പ്രഖ്യാപിച്ചതു് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണു്.
സഖാവു് എം. ജെ. ജേക്കബി നെതിരായ തെരഞ്ഞെടുപ്പു് കേസിനെക്കുറിച്ചു് ഏതാനും കാര്യങ്ങൾ അറിഞ്ഞിരിക്കണം. വർക്കല കഹാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. എം. മാണി, പി. ജെ. ജോസഫ്, എം. വി. ശ്രേയാംസ്കുമാർ, കെ. പി. രാജേന്ദ്രൻ എന്നിവർക്കെതിരെയുണ്ടായിരുന്ന ഹർജികൾ തള്ളുകയും നമ്മുടെ സഖാവിനെ മാത്രം വഴിയാധാരമാക്കുകയാണു് കോടതി ചെയ്തതു്. ജനപ്രാതിനിധ്യ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പോ ശേഷമോ യാതൊരു തെരഞ്ഞെടുപ്പഴിമതിയും നടത്താത്തവരാണു് നമ്മൾ. ഇക്കാര്യം ഹൈക്കോടതിക്കും അറിയാത്തതല്ല. നീതിപീഠത്തിന്റെ പക്ഷപാതിത്വത്തിനു് ഉത്തമ ദൃഷ്ടാന്തമാണു് പിറവം വിധി.
സഖാവു് പാലൊളി മുഹമ്മദ്കുട്ടി ക്കെതിരായ കോടതിയലക്ഷ്യ നടപടിയെക്കൂടി ഇതോടൊപ്പം പരിശോധിക്കണം. തികച്ചും സദുദ്ദേശ പ്രേരിതമായി സഖാവു് നടത്തിയ പരാമർശങ്ങളെച്ചൊല്ലിയാണു് കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി കൈക്കൊണ്ടതു്. സഖാവു് നേരിട്ടു് ഹാജരായി കുറ്റസമ്മതം നടത്തിയിട്ടുപോലും കേസ് അവസാനിപ്പിച്ചിട്ടില്ല. നമ്മുടെ എസ്. എഫ്. ഐ. സഖാക്കൾ തെക്കുവടക്കു് നടന്നു് വെല്ലുവിളിച്ചിട്ടും ഒരു നടപടിയും എടുക്കാത്ത കോടതിയാണു് മാടപ്രാവിനേക്കാൾ നിഷ്കളങ്കനായ സഖാവു് പാലൊളിക്കുനേരെ വാളെടുത്തതെന്നും ഓർമിക്കണം. സഖാവു് ബഹുജനമധ്യത്തിൽ മാപ്പുപറയണം എന്നാണു് കോടതിയുടെ നിലപാടു്. കേരളത്തിൽ ഇതിനുമുമ്പു് ഒരു പൊതുപ്രവർത്തകനും ഇത്തരം ദുര്യോഗമുണ്ടായിട്ടില്ല. കോടതിയലക്ഷ്യത്തിനുള്ള ക്ഷമാപണം പുത്തരിക്കണ്ടം മൈതാനത്തു് നടത്തണമെന്ന വിധി അന്ധമായ മാർക്സിസ്റ്റ് വിരോധമല്ലാതെ മറ്റെന്താണു്?
ഇത്രനാളും ഹൈക്കോടതിയെക്കൊണ്ടേ ഉപദ്രവമുണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ മജിസ്ട്രേറ്റുമാർ പോലും നമുക്കെതിരെ തിരിയുന്നു. ഏഴുകൊല്ലം മുമ്പു് തീവണ്ടി തടഞ്ഞതിനു് സഖാവു് എ. കെ. ബാലനെ യും വേറെ ഏഴുപേരെയും ഒറ്റപ്പാലം മജിസ്ട്രേറ്റ് രണ്ടുവർഷം വീതം കഠിന തടവിനു് ശിക്ഷിച്ചിരിക്കുന്നു.
സഖാവു് ബാലൻ മന്ത്രിയാണു്, സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണു് എന്ന യാതൊരു പരിഗണനയും കൊടുത്തില്ല. എന്നുമാത്രമല്ല, സഖാവിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതിപക്ഷത്തിനു് നിയമസഭയിൽ നിന്നിറങ്ങിപ്പോകാൻ ഒരു കാരണം കിട്ടി. കെ. കരുണാകരൻ രാജിവെച്ചില്ലേ, എം. പി. ഗംഗാധരൻ രാജിവെച്ചില്ലേ എന്നൊക്കെ ചോദിച്ചു, കോൺഗ്രസുകാർ.
ഗംഗാധരനും കരുണാകരനുമൊക്കെ പല പോഴത്തങ്ങളും ചെയ്തിരിക്കും. പക്ഷേ, അതു് ആവർത്തിക്കാൻ നമുക്കു് സാധ്യമല്ല. സഖാവു് ബാലൻ രാജിവെക്കുന്ന പ്രശ്നമില്ല. ട്രെയിൻ തടയുന്നതു് കുറ്റമല്ല. സി. പി. എം. പ്രവർത്തകർ വഴിതടയുന്നതും കല്ലെറിയുന്നതുമൊക്കെ അക്രമമായി കാണരുതു്. അതു് രാഷ്ട്ര പുനർനിർമാണത്തിന്റെ ഭാഗമാണു്. ബാലൻസഖാവിനെ കോടതി ശിക്ഷിക്കുകയല്ല അഭിനന്ദിക്കുകയാണു് വേണ്ടിയിരുന്നതു്.
ബാലനും ചന്ദ്രനും അറസ്റ്റുവാറന്റയച്ചതിനെ അപലപിച്ചു് നിയമസഭ പ്രമേയം പാസാക്കിയതിൽ ഒരു തെറ്റുമില്ല. രണ്ടും രണ്ടും കൂട്ടിയാൽ അഞ്ചാണെന്ന പ്രമേയം പാസാക്കാൻ വരെ സഭക്കു് അധികാരമുണ്ടു്. മജിസ്ട്രേറ്റിനെതിരെ അവകാശ ലംഘനത്തിനു് നടപടിയെടുക്കാനുമുണ്ടു് ആലോചന.
മജിസ്ട്രേറ്റിനെ വഴിതടയുകയോ തലവഴി കരിഓയിൽ ഒഴിക്കുകയോ ആണു് വേണ്ടിയിരുന്നതു്. കേസ് വാദിച്ച പ്രോസിക്യൂട്ടർക്കും പരാതിയിൽ ഉറച്ചുനിന്നു് മൊഴി കൊടുത്ത റെയിൽവേ ഉദ്യോഗസ്ഥർക്കും ഇരുട്ടടി തന്നെ കൊടുക്കണം. നമ്മുടെ സഖാക്കളെ ശിക്ഷിക്കാനോ അറസ്റ്റുവാറന്റ് അയക്കാനോ മേലിൽ ആരും ധൈര്യപ്പെടരുതു്. അതിനുള്ള പരിപാടികൾ സംസ്ഥാന നേതൃത്വം ആലോചിച്ചുവരുകയാണു്.
ബാലൻ സഖാവു് രാജിവെക്കില്ല എന്ന നിലപാടു് സ്വീകരിച്ചതുകൊണ്ടു് മറ്റൊരു സൗകര്യമുണ്ടു്. നാളെ കോടതിയലക്ഷ്യത്തിനു് ശിക്ഷകിട്ടിയാൽ പാലൊളി സഖാവും രാജിവെക്കില്ല. മറിച്ചു് ഹൈക്കോടതിക്കെതിരെ പ്രമേയം പാസാക്കും. വേണ്ടിവന്നാൽ ജഡ്ജിമാരെ അവകാശ ലംഘനത്തിനു് ശിക്ഷിച്ചു് തുറുങ്കിലടയ്ക്കും.
സഖാക്കളേ, കേരളത്തിൽ മാത്രമല്ല നമ്മുടെ പാർട്ടി കോടതിയിൽനിന്നു് പീഡനമനുഭവിക്കുന്നതു്. നമ്മുടെ പിതൃ രാജ്യമായ പശ്ചിമബംഗാളിൽ പോലും സ്ഥിതി വ്യത്യസ്തമല്ല. എത്ര ലാഘവത്തോടെയാണു് നന്ദിഗ്രാം വെടിവെപ്പിനെക്കുറിച്ചു് സി. ബി. ഐ. അന്വേഷണത്തിനു് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതു്? സുപ്രീം കോടതിയിൽനിന്നു് വൈദ്യനാഥനെ കൊണ്ടുവരാനുള്ള സാവകാശം പോലും കൊടുത്തില്ല.
മാധ്യമ സിൻഡിക്കേറ്റിന്റെ മാതൃകയിൽ ഒരു നീതിന്യായ സിൻഡിക്കേറ്റിനെ കണ്ടെത്താനുള്ള ശ്രമമാണു് പാർട്ടി ഇനി നടത്താൻ പോകുന്നതു്. സുപ്രീംകോടതി മുതൽ മുൻസിഫ്/മജിസ്ട്രേറ്റുമാർ വരെയുള്ള വർഗശത്രുക്കളെ തിരിച്ചറിയുകയും തുറന്നുകാട്ടുകയും വേണം. ആവശ്യമെങ്കിൽ ശാരീരികമായിത്തന്നെ നേരിടണം.
വർഗശത്രുവിന്റെ മുന്നിൽ പകച്ചുനിൽക്കുന്നവൻ കമ്യൂണിസ്റ്റല്ല എന്ന ലെനിന്റെ വചനം ഒരിക്കൽകൂടി നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. മാധ്യമങ്ങളുടെയും നീതിപീഠത്തിന്റെയും കടന്നാക്രമണങ്ങളിൽനിന്നു് പ്രസ്ഥാനത്തെ കാത്തുരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ടു്. പ്രതിസന്ധി ഘട്ടത്തിൽ നാം തളരാൻ പാടില്ല. നാളെ നമ്മുടേതാണു്. സഖാക്കളേ മുന്നോട്ടു്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.