images/The_Pilgrim_Mourning_His_Dead_Ass.jpg
The Pilgrim Mourning His Dead Ass, a painting by Benjamin West (1738–1820).
കാഞ്ഞിരമുട്ടിയിൽ ആണിയടിക്കുമ്പോൾ…
കെ. രാജേശ്വരി
images/KSukumaran.jpg
കെ. സുകുമാരൻ

മഹാരാജാവു് കഴിഞ്ഞാൽ തിരുവനന്തപുരത്തു് ഏറ്റവും ജനസമ്മതനായ വ്യക്തി കേരള കൗമുദി പത്രാധിപരായിരുന്നു—കെ. സുകുമാരൻ ബി. എ. സാമൂഹിക പരിഷ്കർത്താവും സാഹിത്യകാരനുമായിരുന്ന സി. വി. കുഞ്ഞുരാമന്റെ മകൻ. ചരിത്രകാരൻ മയ്യനാട് കെ. ദാമോദരന്റെ സഹോദരൻ, സിംഹളസിംഹം എന്നു് പേർ കേട്ട തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവന്റെ സ്യാലൻ, വിപ്ലവത്തീപന്തമായിരുന്ന (നനഞ്ഞുപോയി എങ്കിലും ജ്വാല!) കെ. ബാലകൃഷ്ണന്റെ മാതുലൻ. 1911-ലാണു് കേരള കൗമുദിയുടെ ഉദയം. സുകുമാരന്റെ കീഴിൽ 1940-ലാണു് കൗമുദി ദിനപത്രമായതും ക്രമേണ പടർന്നുപന്തലിച്ചതും.

images/Kdamodaran.jpg
കെ. ദാമോദരൻ

പത്രാധിപരുടെ ജന്മശതാബ്ദി വർഷമാണിതു്. അദ്ദേഹത്തിന്റെ സ്മാരകമായി തിരുവനന്തപുരത്തു് പത്രപ്രവർത്തന പരിശീലനകേന്ദ്രം ആരംഭിക്കുന്നു. നാടൊട്ടുക്കു് പത്രാധിപർ അനുസ്മരണം അരങ്ങേറുന്നുണ്ടു്. ജാതി, മത, കക്ഷി ഭേദമന്യേ നേതാക്കൾ പത്രാധിപ സങ്കീർത്തനം ഉരുവിടുന്നു. അതപ്പാടെ കേരള കൗമുദി അച്ചടിക്കുകയും ചെയ്യുന്നു. വിമോചനസമരത്തെ എതിർത്ത ഏക പത്രം കേരള കൗമുദിയായിരുന്നു എന്നു് കമ്യൂണിസ്റ്റുകാർ, ഇ. എം. എസി ന്റെ സാമ്പത്തിക സംവരണ സിദ്ധാന്തത്തെ തകർത്തതു് പത്രാധിപരുടെ കുളത്തൂർ പ്രസംഗമായിരുന്നെന്നു് വിരുദ്ധരും.

images/Cvkunjuraman.jpg
സി. വി. കുഞ്ഞുരാമൻ

1957–59 കാലത്തെ കേരള കൗമുദിയുടെ നിലപാടിനെപ്പറ്റി സി. അച്യുതമേനോൻ അനുസ്മരിക്കുന്നു: “1957-ലെ മന്ത്രിസഭയുടെ കാലത്താണു് ഞാൻ ശ്രീ. സുകുമാരനെ കുറച്ചെങ്കിലും അടുത്തിടപഴകി അറിയാൻ തുടങ്ങിയതു്. ഒരുപക്ഷേ, കേട്ടുകേൾവിയിലൂടെയായിരിക്കാം. എനിക്കു് അതിനുമുമ്പു് അദ്ദേഹത്തെപ്പറ്റിയുണ്ടായിരുന്ന ധാരണ വളരെ അനുകൂലമായിരുന്നില്ലെന്നു പറഞ്ഞാൽ അതു് സത്യം മാത്രമായിരിക്കും. മന്ത്രിസഭയുടെ ആദ്യകാലങ്ങളിൽ ഈ സ്ഥിതിയിൽ വലിയൊരു മാറ്റം വന്നു. അതിനു് കാരണം പ്രധാനമായി കേരള കൗമുദി പത്രത്തിന്റെ അന്നത്തെ നയമായിരുന്നു. മാതൃഭൂമി, മലയാള മനോരമ എന്നീ മലയാളത്തിലെ ഏറ്റവും ശക്തമായ മാധ്യമങ്ങൾ മന്ത്രിസഭയെ നിരന്തരമായി എതിർത്തുകൊണ്ടിരുന്നപ്പോൾ, കേരള കൗമുദി പത്രം മാത്രമേ മന്ത്രിസഭയെ അനുകൂലിക്കാൻ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ നേതൃത്വവൃത്തങ്ങളിൽ മാത്രമല്ല, കമ്യൂണിസ്റ്റണികളിലും കേരള കൗമുദിയെപ്പറ്റി വളരെ അനുകൂലാഭിപ്രായം വ്യാപകമായി വളർന്നുവന്നു…”

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

സുജനമര്യാദകൊണ്ടാകാം, 1957-നു മുമ്പുള്ള തിരുവിതാംകൂർ രാഷ്ട്രീയത്തെപ്പറ്റിയുള്ള അജ്ഞതകൊണ്ടുമാകാം പത്രാധിപരുടെ കമ്യൂണിസ്റ്റനുഭാവത്തിന്റെ കാരണങ്ങളിലേക്കു് കടക്കുന്നില്ല അച്യുതമേനോൻ. ഒരു ചരമോപചാരലേഖനത്തിന്റെ പരിധിയിൽ വരുന്ന കാര്യവുമല്ല അതു്.

സി. വി. കുഞ്ഞുരാമൻ പത്രാധിപരായിരിക്കുമ്പോൾ വളരെയൊന്നും സൗഹാർദപരമായിരുന്നില്ല. കേരള കൗമുദിയും തിരുവിതാംകൂർ ഭരണകൂടവുമായുള്ള ബന്ധം. നിവർത്തനപ്രക്ഷോഭത്തിൽ സി. വി.-യും സി. കേശവനും സ്വീകരിച്ച നിലപാടു് സർ സി. പി.-യെ ക്രുദ്ധനാക്കി. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിനു് തൊട്ടുമുമ്പു്, 1938 മാർച്ചിൽ കേരള കൗമുദിയുടെ ലൈസൻസ് റദ്ദാക്കി. 18 മാസം മുമ്പു് പ്രസിദ്ധീകരിച്ച ബാരിസ്റ്റർ ജോർജ് ജോസഫി ന്റെ ലേഖനം പുനഃപ്രസിദ്ധീകരിച്ചതായിരുന്നു പ്രകോപനം. സി. വി. കുഞ്ഞുരാമൻ നിരുപാധികം ക്ഷമായാചനം ചെയ്കയും എസ്. എൻ. ഡി. പി. യോഗ നേതാക്കളായ എം. ഗോവിന്ദനും എൻ. കുമാരനും ശിപാർശ നടത്തുകയും ചെയ്തപ്പോൾ സചിവോത്തമൻ പ്രസാദിച്ചു് ലൈസൻസ് പുനഃസ്ഥാപിച്ചു.

images/C_achuthamenon.jpg
സി. അച്യുതമേനോൻ

1940-ൽ കെ. സുകുമാരൻ പത്രാധിപത്യം ഏറ്റെടുക്കുമ്പോഴേക്കും അന്തരീക്ഷം സ്വച്ഛസുരഭിലമായിക്കഴിഞ്ഞു. എസ്. എൻ. ഡി. പി. യോഗം സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധവുമില്ലെന്നു് പ്രഖ്യാപിച്ചു; പ്രക്ഷോഭത്തിൽനിന്നു് നിരുപാധികം പിൻവാങ്ങി. സി. വി. കുഞ്ഞുരാമനും പി. കെ. വേലായുധനു മൊക്കെ സർക്കാർ മച്ചമ്പിമാരായി പൂർവാധികം ഈണത്തിൽ വഞ്ചീശമംഗളം പാടാനും തുടങ്ങി. ദിവാൻ സ്വാമിയുടെ വെണ്ണക്കൽ പ്രതിമയുണ്ടാക്കി അനന്തപുരിയിൽ സ്ഥാപിക്കാനും യോഗനേതാക്കൾ മറന്നില്ല. ആശ്രിതവൽസലനായ സി. പി. 1944-മാണ്ടു് ജൂലൈ മാസത്തിൽ പത്രാധിപർ സുകുമാരനെ ശ്രീമൂലം പ്രജാ അസംബ്ലി അംഗമായി നാമനിർദേശം ചെയ്തു. സുകുമാരനാണെങ്കിൽ ദിവാന്റെ പുന്നപ്ര-വയലാർ വെടിവെപ്പടക്കമുള്ള എല്ലാ സൽപ്രവൃത്തികളെയും നിതരാം സ്തുതിക്കുകയും ചെയ്തു. ദോഷം പറയരുതല്ലോ. വെട്ടേറ്റു് മൈലാപ്പൂർക്കു് പോയ ശേഷവും സ്വാമിയോടുള്ള കടപ്പാടു് മറന്നില്ല പത്രാധിപൻ. 1960 സെപ്റ്റംബർ 24-നു് കേരള കൗമുദിയുടെ പുതിയ പ്രസ് ഉദ്ഘാടനത്തിനു് രാമസ്വാമി അയ്യരെ ത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നു.

images/PK_Velayudan.png
പി. കെ. വേലായുധൻ

1944 ഡിസംബർ 20-ാം തീയതിയാണു് ആർ. ശങ്കർ യോഗം ജനറൽ സെക്രട്ടറി സ്ഥാനമേറ്റതു്. 1954 ആഗസ്റ്റ് 14 വരെ തൽസ്ഥാനത്തു് തുടരുകയും ചെയ്തു. ശങ്കറിന്റെ കാലത്താണു് യോഗം കലാലയങ്ങൾ സ്ഥാപിച്ചതും സുവർണ ജൂബിലി കെങ്കേമമായി ആഘോഷിച്ചതും. 1953-ലെ എസ്. എൻ. ഡി. പി. വാർഷിക പൊതുയോഗം പ്രസിഡന്റായി തെരഞ്ഞെടുത്തതു് കേരള കൗമുദി പത്രാധിപർ കെ. സുകുമാരനെ ആയിരുന്നു. ജനറൽ സെക്രട്ടറി ആർ. ശങ്കർ തന്നെ. അചിരേണ, പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തെറ്റി. സംഘടനക്കകത്തും പുറത്തുമുള്ള ശങ്കർവിരുദ്ധർ കൈകോർത്തു. തഴവാ കേശവന്റെ നേതൃത്വത്തിൽ കേരള എസ്. എൻ. ഡി. പി. സഭ എന്ന ഒരു സമാന്തര സംഘടന തന്നെയുമുണ്ടായി. 1954 ആദ്യം തിരു-കൊച്ചി നിയമസഭയിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ ശങ്കർ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചു. പത്രാധിപർ സുകുമാരനും കേരള കൗമുദിയും ഇടതുപക്ഷ മുന്നണിയെ (കമ്യൂണിസ്റ്റ്-പി. എസ്. പി.-ആർ. എസ്. പി.-കെ. എസ്. പി. മുന്നണി) പിന്തുണച്ചു. നല്ലൊരുഭാഗം ഈഴവരുള്ള കൊല്ലത്തു് ആർ. എസ്. പി. നേതാവു് ടി. കെ. ദിവാകരൻ ആർ. ശങ്കറി നെ തോൽപിച്ചു. കേരള കൗമുദിയോടു് മൽസരിച്ചു് ശങ്കർ, 1954 ജൂണിൽ കൊല്ലത്തുനിന്നു് ദിനമണി എന്ന പത്രം ആരംഭിച്ചു. കൗമുദിയും ദിനമണിയും പരസ്പരം ചളിവാരി എറിഞ്ഞു. പത്രാധിപരുടെ സിൽബന്തികളായി അറിയപ്പെട്ടിരുന്ന യോഗം ഡയറക്ടർമാർ കെ. ജി. നാരായണനും എ. വി. ആനന്ദരാജനും കൊല്ലം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ശങ്കറിനെ പ്രതിയാക്കി സ്വകാര്യ അന്യായം ഫയലാക്കി. വിശ്വാസവഞ്ചന നടത്തി എസ്. എൻ. ട്രസ്റ്റിന്റെ മുതൽ അപഹരിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ വാദികൾക്കു് കഴിഞ്ഞില്ല. ശങ്കറെ കോടതി വെറുതെവിട്ടു.

കുറ്റവിമുക്തനായ ശങ്കറെ 1955-ൽ യോഗത്തിന്റെ 52-ാമതു് വാർഷിക പൊതുയോഗം അധ്യക്ഷനായി തെരഞ്ഞെടുത്തു. അതിനടുത്ത കൊല്ലം ശങ്കറെ ഒതുക്കാൻ വിരുദ്ധപക്ഷം പുതിയൊരു ഡാവിറക്കി. പത്രാധിപരുടെ സ്യാലനും മുൻ തിരു-കൊച്ചി മുഖ്യനുമായ സി. കേശവനെ അധ്യക്ഷസ്ഥാനത്തേക്കു് മൽസരിപ്പിച്ചു. അദ്ദേഹം ഐകകണ്ഠ്യേന വിജയിക്കയും ചെയ്തു. എന്നാൽ ജനറൽ സെക്രട്ടറിസ്ഥാനത്തേക്കു് ശങ്കർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പ്രതിഷേധിച്ചു് കേശവൻ യോഗാധ്യക്ഷപദം നിരാകരിച്ചു് സമ്മേളനപന്തൽ വിട്ടുപോയി. 1956–57 വർഷത്തിൽ യോഗത്തിനു് പ്രസിഡന്റുണ്ടായില്ല. വൈസ് പ്രസിഡന്റ് വി. ജി. സുകുമാരൻ പ്രസിഡന്റിന്റെ ചാർജ് വഹിച്ചു.

1957-ലെ തെരഞ്ഞെടുപ്പിൽ പത്രാധിപർ സുകുമാരൻ കമ്യൂണിസ്റ്റ് പാർട്ടിയെ പിന്താങ്ങി എന്നു് പറയേണ്ടതില്ലല്ലോ. കേരള കൗമുദിയുടെ സാരഥികളിലൊരാളായിരുന്ന എം. കെ. കുമാരൻ കമ്യൂണിസ്റ്റ് ടിക്കറ്റിൽ ചിറയിൻകീഴിൽനിന്നു് പാർലമെന്റിലേക്കു് ജയിക്കയും ചെയ്തു. ഈഴവ മാനേജ്മെന്റിലുള്ള മറ്റു് പത്രങ്ങൾ മൂന്നും—കെ. കാർത്തികേയന്റെ പൊതുജനം, കെ. ബാലകൃഷ്ണന്റെ കൗമുദി, ആർ. ശങ്കറി ന്റെ ദിനമണി—കമ്യൂണിസ്റ്റ് ഭരണത്തെ കഠിനമായി എതിർത്തപ്പോൾ കേരളകൗമുദി മാത്രം സർക്കാറിനെ പിന്തുണച്ചു.

1958 സെപ്റ്റംബർ മാസത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മൂന്നു് സ്ഥാനങ്ങൾ ഒഴിവുവന്നു. ദേവസ്വം ബോർഡ് മെമ്പറായി കേരളകൗമുദി പത്രാധിപരെ സർക്കാർ നാമനിർദേശം ചെയ്തേക്കും എന്ന അഭ്യൂഹം മാസങ്ങൾക്കുമുമ്പുതന്നെ കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളകൗമുദിയുടെ പ്രകടമായ കമ്യൂണിസ്റ്റ് പക്ഷപാതത്തിനു് കാരണം ആസന്നമായ ഈ സ്ഥാനലബ്ധിയാണെന്ന വ്യംഗ്യാർഥവുമുണ്ടായിരുന്നു ഈ കിംവദന്തിക്കു്.

images/CPRamaswami_Aiyar.jpg
രാമസ്വാമി അയ്യർ

ഹിന്ദു എം. എൽ. എ.-മാരുടെ പ്രതിനിധിയായി, തന്റെ അടുത്തയാളായ മക്കപ്പുഴ വാസുദേവൻപിള്ള ദേവസ്വം ബോർഡിൽ വരണമെന്നു് മന്നത്തു് പത്മനാഭൻ ആഗ്രഹിച്ചു. തെരഞ്ഞെടുപ്പുകാലത്തെ പരോക്ഷപിന്തുണക്കും വിദ്യാഭ്യാസനിയമത്തിന്റെ കാര്യത്തിലുണ്ടായ തത്ത്വാധിഷ്ഠിത നിലപാടിനുമായി അങ്ങനെയൊരു പ്രത്യുപകാരം അദ്ദേഹം പ്രതീക്ഷിച്ചു. മന്നത്തിന്റെ ജിഹ്വയായ ദേശബന്ധുവും അക്കാലത്തു് സഖാക്കളെയാണു് സഹായിച്ചിരുന്നതു്. എന്നാൽ എറണാകുളത്തു് കൂടിയ സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മക്കപ്പുഴയെ തഴഞ്ഞു. പകരം റിട്ടയേഡ് റവന്യൂബോർഡംഗം എ. എസ്. ദാമോദരനാശാന്റെ പേരു് മുന്നോട്ടുവെച്ചു. ദാമോദരനാശാൻ നിയമസഭാംഗങ്ങളുടെ പ്രതിനിധിയായും സുകുമാരൻ ഹിന്ദുമന്ത്രിമാരുടെ നോമിനിയായും 1958 സെപ്റ്റംബർ 3-നു് ബോർഡംഗങ്ങളായി. വാസുദേവപ്പൊതുവാളിനെ മഹാരാജാവും നാമനിർദേശം ചെയ്തു.

മക്കപ്പുഴ തഴയപ്പെട്ട സാഹചര്യത്തിൽ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നു് സുകുമാരൻ ന്യായമായും പ്രതീക്ഷിച്ചു. പക്ഷേ, സഖാക്കൾ പഴയകളി ആവർത്തിച്ചു. സെപ്റ്റംബർ 4-നു് പ്രസിഡന്റ് സ്ഥാനത്തേക്കു് ദാമോദരനാശാനെ നിർദേശിച്ചു. അപമാനിതനായ പത്രാധിപർ അന്നുതന്നെ ദേവസ്വംബോർഡംഗത്വം രാജിവെച്ചു. സെപ്റ്റംബർ 21-നു് കുളത്തൂർ വായനശാലാങ്കണത്തിൽ കൂടിയ യോഗത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കെ. സുകുമാരൻ കമ്യൂണിസ്റ്റ് സർക്കാറിന്റെ സംവരണ നയത്തെ നിശിതമായി വിമർശിച്ചു. സെപ്റ്റംബർ 27-നു് കൊല്ലത്തു് നടന്ന എസ്. എൻ. ഡി. പി. യോഗവാർഷികം. പത്രാധിപരെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാതെ അവഹേളിച്ച നടപടിയെ അപലപിച്ചു.

images/Mundassery.jpg
ജോസഫ് മുണ്ടശ്ശേരി

ഭരണപരിഷ്ക്കാരങ്ങൾ നിർദേശിക്കാനായി സർക്കാർ ഒരു റിഫോംസ് കമ്മിറ്റി രൂപവത്ക്കരിച്ചിരുന്നു. മുഖ്യമന്ത്രി നമ്പൂതിരിപ്പാടാ യിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ. കെ. എസ്. മേനോൻ സെക്രട്ടറിയും. കമ്മിറ്റിയിലെ അംഗങ്ങളെല്ലാവരുംതന്നെ മുന്നാക്കസമുദായക്കാർ—ജോസഫ് മുണ്ടശ്ശേരി, എൻ. ഇ. എസ്. രാഘവാചാരി, പ്രൊഫ. വി. കെ. എൻ. മേനോൻ, എച്ച്. ഡി. മാളവ്യ, പി. എസ്. നടരാജപിള്ള, ജി. പരമേശ്വരൻപിള്ള. ഈഴവ, മുസ്ലീം, പട്ടികജാതി സമുദായങ്ങളിൽനിന്നു് ഒറ്റയാൾ പോലുമില്ലാത്തതിൽ മുറുമുറുപ്പു് ആദ്യം മുതലേയുണ്ടായിരുന്നു.

സംവരണവും ആനുപാതിക പ്രാതിനിധ്യവും എക്കാലവും ചർച്ചാവിഷയമായിരുന്നുതാനും. സാമ്പത്തിക സംവരണത്തിന്റെ ഉറച്ച വക്താവായിരുന്നു മന്നത്തു് പത്മനാഭൻ. “സംവരണം അക്രമമാണു്, അധർമമാണു്, അന്യായമാണു്. സംവരണത്തിന്റെ പേരിൽ ചിലർ എല്ലാം കൈയടക്കുന്നതിനോടു് നായർ സർവീസ് സൊസൈറ്റി എതിരാണു്. അതു് സമ്മതിച്ചുകൊടുക്കുകയില്ലെന്നു് ഞാൻ പറയുന്നു. നായർക്കു് നീതിയായി ലഭിക്കേണ്ടതുമതി. അവസാനശ്വാസം വരെയും ഞാൻ അതു് പറയും…”

images/CHmohammedKoya.jpg
സി. എച്ച്. മുഹമ്മദ്കോയ

നേരെമറിച്ചു് എസ്. എൻ. ഡി. പി.-യും മുസ്ലീംലീഗും തങ്ങളുടെ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയും അവഗണനയെക്കുറിച്ചും വാചാലരായി. സി. എച്ച്. മുഹമ്മദ്കോയ നിയമസഭയിൽ ഏറ്റവുമധികം ഉന്നയിച്ച വിഷയവും സംവരണമായിരുന്നു: “മുസ്ലീംകൾക്കു് അവശതകൾ ധാരാളമുണ്ടു്. സർവീസിൽ ശരിയായ പ്രാതിനിധ്യമില്ല. ഹൈക്കോടതിയിൽ ഇന്നു് ഒരു മുസ്ലീം ജഡ്ജിയില്ല. സെഷൻസ് ജഡ്ജിമാരുടെ കൂട്ടത്തിലും ഒരു മുസ്ലീം ഇല്ല. അസിസ്റ്റന്റ് സെഷൻസ് ജഡ്ജിയുണ്ടായിട്ടു് ന്യായമായ പ്രമോഷൻ നൽകാതെ അതു് കുത്തക സമുദായക്കാർക്കു് കൊടുത്തതായി അറിയാം. മാത്രമല്ല ഒരു പ്ലീഡറായിട്ടുപോലും ഇന്നു് മുസ്ലീംകളില്ല. ഇവിടെ ഒരു സർവീസ് കമീഷൻ ഉണ്ടു്. കമീഷനിലെങ്കിലും എന്റെ സമുദായത്തിൽ നിന്നു് ഒരാൾ ഉണ്ടായിരുന്നെങ്കിൽ 26 ലക്ഷം ആളുകൾ ഉൾക്കൊള്ളുന്ന എന്റെ സമുദായത്തിനു് ഒരു ആശ്വാസമാകുമായിരുന്നു—”

അങ്ങനെ സാമാന്യം കലുഷിതമായ അന്തരീക്ഷത്തിലാണു് റിഫോംസ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകൃതമാകുന്നതു്. പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സംവരണം അതേപടി തുടരണമെന്നാണു് കമ്മിറ്റി അഭിപ്രായപ്പെട്ടതു്. മറ്റു് പിന്നാക്കസമുദായങ്ങൾ താരതമ്യേന ഭേദപ്പെട്ട നിലയിലാണു്. അവരിൽ ഒരു ചെറുന്യൂനപക്ഷം ഉയർന്നുവന്നിട്ടുണ്ടു്. എന്നാൽ ബഹുഭൂരിപക്ഷത്തിനും സംവരണത്തിന്റെ ആനുകൂല്യം കൂടാതെ ഉയരാനാകില്ല. താഴേക്കിടയിലുള്ള ഉദ്യോഗങ്ങൾ പിന്നാക്കസമുദായക്കാർക്കു് സാമ്പത്തിക പരാധീനത കൂടി പരിഗണിച്ചേ നൽകാവൂ. ഉയർന്ന ഉദ്യോഗങ്ങളിൽ സംവരണതത്ത്വം പാലിക്കുന്നതു് കാര്യക്ഷമതയെ ബാധിക്കും. മാത്രമല്ല മനഃശാസ്ത്രപരമായി ജാതിചിന്ത നിലനിറുത്തുവാൻ കാരണമാകുകയും ചെയ്യും.

images/Pattom_A_Thanu_Pillai.jpg
പട്ടം താണുപിള്ള

റിപ്പോർട്ട് പുറത്തുവന്നതിനു് പിന്നാലെ ചെറിയ ഭൂകമ്പം തന്നെയുണ്ടായി. ഭരണപരിഷ്ക്കാര നിർദേശങ്ങളെ ഏറ്റവും കഠിനമായി ആക്രമിച്ചതു്, ഇടതുപക്ഷ സഹയാത്രികനും ദേവസ്വം ബോർഡിൽനിന്നു് ആഴ്ചകൾ മുമ്പു് മാത്രം രാജിവെച്ചയാളുമായ പത്രാധിപർ സുകുമാരൻ. കുളത്തൂർ വായനശാലയുടെ വാർഷികവും ഗുരുദേവസമാധി ആചരണവും നടക്കുന്നവേദിയിൽ “ഒരു മലയാള ബ്രാഹ്മണനും ഒരു തമിഴ് ബ്രാഹ്മണനും ഒരു മഹാരാഷ്ട്രനും ഒരു സിറിയൻ ക്രിസ്ത്യാനിയും ഒരു വെള്ളാളനും മൂന്നു് നായന്മാരും കൂടി ചതിച്ചിറക്കിയ” റിപ്പോർട്ടിനെതിരെ പത്രാധിപർ ആഞ്ഞടിച്ചു: “റിഫോംസ് കമ്മിറ്റിയിൽ ഒരു ഈഴവനോ ഒരു മുസ്ലീമോ ഒരു അധഃകൃതനോ ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യത്തു് അധിവസിക്കുന്ന 70 ശതമാനം വരുന്ന വമ്പിച്ച ജനസമുദായത്തിന്റെ ഭാവിയെ ഗൗരവതരമായി ബാധിക്കുന്ന ഈ പ്രശ്നത്തെപ്പറ്റി ഇത്ര ലാഘവബുദ്ധിയോടുകൂടി കമ്മിറ്റി അഭിപ്രായപ്രകടനം നടത്തുമായിരുന്നില്ല. മഹാരാജാവു് ഭരിച്ചാലും കോൺഗ്രസ് ഭരിച്ചാലും കമ്യൂണിസ്റ്റ് ഭരിച്ചാലും ശ്രീനാരായണന്റെ സംരക്ഷണയിലും പ്രചോദനത്തിലും ഉയർന്നുവരുന്ന ഈഴവരെയും ഈഴവരെപ്പോലെ ചവിട്ടിത്താഴ്ത്തപ്പെട്ട മറ്റു് സമുദായങ്ങളെയും ഉന്നതമായ അധികാരപീഠത്തിലിരുന്നുകൊണ്ടു് പിന്നെയും തലയിൽ ചവിട്ടിത്താഴ്ത്തുന്ന ഒരു പ്രവണതയാണു് അധികാരിവർഗം എന്നും പ്രദർശിപ്പിച്ചു് പോന്നിട്ടുള്ളതു്.”

“സംവരണ വ്യവസ്ഥയുടെ പ്രയോഗംകൊണ്ടു് ഉദ്യോഗമണ്ഡലത്തിലേക്കു് അൽപാൽപമായി പിടിച്ചുകയറിയ ഈഴവനെയും മുസ്ലീമിനെയും മറ്റു് പിന്നാക്കസമുദായക്കാരെയും അവിടെനിന്നും ഇറക്കിവിട്ടു് സർക്കാർ ഉദ്യോഗമാക്കുന്ന അപ്പവും മീനും പണ്ടേപ്പോലെ തങ്ങൾക്കു് മാത്രമായി അനുഭവിക്കാൻ വ്യവസ്ഥ ചെയ്യുന്ന കൗശലപൂർവമായ ഒരു കെണിയാണു് ഈ നിർദേശത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നു് മനസ്സിലാക്കാനുള്ള ബുദ്ധി, അവരുടെ പാർട്ടി പരിഗണനയും പാർട്ടി ഭക്തിയും എത്ര അടിയുറച്ചതായിരുന്നാലും, ഈഴവർക്കു് ശേഷിച്ചിട്ടുണ്ടെന്നു് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നതു് നന്നായിരിക്കും.”

കാര്യക്ഷമതാവാദത്തെയും പത്രാധിപർ വെറുതെ വിട്ടില്ല: “സാമുദായിക പ്രാതിനിധ്യവാദത്തെ എതിർക്കാൻ കാര്യക്ഷമതാവാദം ഉയർത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിതന്നെയാണു് പ്രാദേശിക പ്രാതിനിധ്യത്തിനും സാമുദായിക പ്രാതിനിധ്യത്തിനും അങ്ങേയറ്റത്തെ പരിഗണന നൽകിക്കൊണ്ടു്, കാര്യക്ഷമമായി രാജ്യം ഭരിക്കേണ്ട ഇന്നത്തെ മന്ത്രിസഭ തട്ടിക്കൂട്ടിയതു്. ആ മന്ത്രിസഭയുടെ കാര്യക്ഷമതയെപ്പറ്റി അദ്ദേഹത്തിനു് അങ്ങേയറ്റത്തെ അഭിമാനമുണ്ടുതാനും. എങ്കിലും പ്രാതിനിധ്യവ്യവസ്ഥ ഉദ്യോഗമണ്ഡലത്തിലെ കാര്യക്ഷമതക്കു് ഹാനികരമായിരിക്കുമെന്ന നിർദ്ദേശം അടങ്ങിയ റിഫോംസ് കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം ഒപ്പുവെച്ചതു് അദ്ദേഹം തന്നെയാണു്. ആ റിപ്പോർട്ടും പൊക്കിപ്പിടിച്ചു് കാബിനറ്റിന്റെ അംഗീകാരത്തിനായി ചെല്ലുന്ന മുഖ്യമന്ത്രിക്കു് എന്തു് സ്വീകരണമായിരിക്കും സംവരണസമുദായങ്ങളിലെ മന്ത്രിസഭാംഗങ്ങളായ ചാത്തനും മജീദും ഗൗരിയും ഗോപാലനും നൽകുന്നതെന്നു് മുഖ്യമന്ത്രി ആലോചിച്ചുകാണുകയില്ല…”

ഭരണപരിഷ്ക്കാര നിർദ്ദേശങ്ങളെപ്പറ്റി നിയമസഭയിലും ചൂടേറിയ വാദപ്രതിവാദം നടന്നു. പണ്ടു് നായന്മാർ മലയാളി മെമ്മോറിയൽ സമർപ്പിച്ചപ്പോൾ കാര്യക്ഷമതാവാദം ഉന്നയിച്ചതു് പരദേശ ബ്രാഹമണരായിരുന്നെന്നും നിവർത്തന പ്രക്ഷോഭകാലത്തു് ക്രിസ്ത്യൻ-ഈഴവ-മുസ്ലീം സമുദായങ്ങൾക്കെതിരെ ഇതേ വാദം പ്രയോഗിച്ചതു് നായന്മാരായിരുന്നെന്നും കെ. ആർ. നാരായണൻ (വൈക്കം മെമ്പർ, അക്കാലത്തു് എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി) ചൂണ്ടിക്കാട്ടി. ഇപ്പോൾ ക്രിസ്ത്യാനികൾ കൂടി കാര്യക്ഷമതാവാദക്കാരായിരിക്കുന്നുവെന്നു് മാത്രം.

images/K_R_Narayanan.jpg
കെ. ആർ. നാരായണൻ

“മേലേക്കിടയിലുള്ള ഉദ്യോഗങ്ങൾ കാര്യമായൊന്നും മുസ്ലീംകൾക്കു് ലഭിക്കുന്നില്ല. 10 ശതമാനം സീറ്റുകൾ ഞങ്ങൾക്കു് റിസർവ് ചെയ്തിട്ടുള്ളതിൽ ഏഴര ശതമാനമാണു് കിട്ടിയിട്ടുള്ളതു്. എനിക്കും എന്റെ യജമാനനും കൂടി 615 രൂപയാണു് ശമ്പളമെന്ന് പണ്ട് മുൻസിഫ് കോർട്ടിലെ ഒരു കീഴ്ജീവനക്കാരൻ പറഞ്ഞതുപോലെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലുള്ള ഉദ്യോഗങ്ങളിലിരിക്കുന്നവരുടെ കണക്കുകൾ കൂടി ചേർത്തിട്ടാണു് ഈ ഏഴര ശതമാനം ഒപ്പിച്ചിരിക്കുന്നതു്. റിസർവേഷൻ ഉണ്ടായിരുന്നിട്ടു് ലഭിച്ചതു് ഏഴര ശതമാനം മാത്രമാണെന്നിരിക്കെ ഇപ്പോൾ കാര്യക്ഷമതാവാദം പൊന്തിവന്നിട്ടുള്ളതു് ഈ ഏഴരശതമാനം കൂടി തട്ടിയെടുക്കാനാണോ? മെറിറ്റിന്റെ അടിസ്ഥാനത്തിലാണു് നിയമനങ്ങൾ നടത്താനുദ്ദേശിക്കുന്നതെങ്കിൽ മുസ്ലീം സമുദായത്തിനു് കിട്ടുന്ന ശതമാനം എത്രയായിരിക്കും? മിക്കവാറും പൂജ്യത്തിനടുത്തുനിൽക്കുന്ന ഒരു ശതമാനം തന്നെയായിരിക്കും…”—മുഹമ്മദ്കോയ പറഞ്ഞു.

കാര്യങ്ങൾ ഏറക്കുറെ പത്രാധിപർ പ്രവചിച്ച വഴിയേ നീങ്ങി. നമ്പൂതിരിപ്പാടിനു് പക്ഷേ, റിപ്പോർട്ടുമായി ചാത്തൻ-മജീദ്-ഗൗരി-ഗോപാലന്മാരെ സമീപിക്കേണ്ടതായി വന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനക്കമ്മിറ്റി സുദീർഘമായ ചർച്ചക്കുശേഷം സംവരണസംബന്ധമായ നിർദ്ദേശങ്ങൾ നിരാകരിക്കുകയായിരുന്നു.

തലക്കുളത്തു് വേലുത്തമ്പി യുടെയും ഇരവിക്കുട്ടിപ്പിള്ള പടത്തലവന്റെയും കേശവാദാസ് വലിയ ദിവാൻജിയുടെയും ക്ഷാത്രവീര്യം സിരകളിലാവേശിച്ച പത്മനാഭപിള്ള സാർ അടങ്ങിയിരിക്കുമോ? ഒരിക്കലുമില്ല. കാർഷികബന്ധബില്ലും പാലക്കാട്ടെ എഞ്ചീനിയറിംഗ് കോളേജും മക്കപ്പുഴയുടെ ദേവസ്വം ബോർഡംഗത്വവുമൊക്കെയായി അദ്ദേഹം സഖാക്കളുമായി തെറ്റാൻ തുടങ്ങിയിരുന്നുതാനും.

images/Vayalar_Ravi.jpg
വയലാർ രവി

“ഒരു ഭരണപരിഷ്കാര കമ്മിറ്റിയുണ്ടാക്കി. ഇ. എം. എസും മുണ്ടശ്ശേരി യും ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. സംവരണം എടുത്തുകളയണമെന്നു് കമ്മിറ്റി നിർദ്ദേശിച്ചു. എന്നാൽ കുളത്തൂർവെച്ചു് ഒരു മാന്യൻ ഒരു പ്രബന്ധമെഴുതി ഉച്ചത്തിൽ വായിച്ചപ്പോൾ അവരുടെ നില മാറി. ഈഴവസമുദായത്തെ തൊട്ടുകളിക്കരുതെന്നും നിങ്ങളെ പാർപ്പിച്ചു് ചോറും കറിയും തന്നു് വളർത്തിയതു് തങ്ങളാണെന്നുമൊക്കെ ആ മാന്യൻ പറഞ്ഞു. നമ്പൂതിരിയല്ലേ; പനിപിടിച്ചു. ആ റിപ്പോർട്ട് പിന്നെ സൂര്യോദയം കണ്ടിട്ടില്ല. കോടീശ്വരനായ തങ്ങൾക്കുഞ്ഞു് മുസ്ല്യാരുടെ സമുദായത്തെയും ജഡ്ജിയും മുഖ്യമന്ത്രിയുമെല്ലാമുള്ള ഈഴവസമുദായത്തെയും പിന്നാക്കവിഭാഗത്തിൽ പെടുത്താമെങ്കിൽ നായരെയും ആ വിഭാഗത്തിൽ പെടുത്തണം. നായർക്കിന്നു് വസ്തുക്കളില്ല. അവന്റെ കൈയിൽ ഭരണമില്ല. ഉദ്യോഗമില്ല, പഠിക്കാൻ ബുദ്ധിയുള്ളവനു് ഇടവുമില്ല…”—മന്നം ആവലാതിപ്പെട്ടു. അതേസമയം ധൈര്യം കൈവെടിഞ്ഞതുമില്ല: “എണ്ണത്തിൽ കുറവായ നാം ഒറ്റക്കുനിന്നു് എന്തുചെയ്യുമെന്നു് ചോദിച്ചാൽ ഞാനതിനു് സമാധാനം പറയും—ധർമത്തിനും നീതിക്കും രാജ്യത്തിനും സ്നേഹത്തിനും വേണ്ടി ഒന്നുകിൽ ഞങ്ങൾ ജീവിക്കും. അല്ലെങ്കിൽ മരിക്കും എന്നു്.”

images/Swami_Vivekananda.jpg
സ്വാമി വിവേകാനന്ദൻ

നവംബർ 18-ാം തീയതി മന്നത്തപ്പൻ മുഖ്യമന്ത്രിയെ മുഖദാവിൽ കണ്ടു് ഏഴു് ആവശ്യങ്ങൾ ഉന്നയിച്ചു: സംവരണവ്യവസ്ഥയിൽ സമൂലപരിവർത്തനം വരുത്തണം, പട്ടികജാതിക്കാരൊഴികെയുള്ളവർക്കുള്ള സംവരണം പുനഃപരിശോധിക്കണം, റിഫോംസ് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം, ഈഴവരെ മുന്നാക്കസമുദായത്തിൽ പെടുത്തണം, പിന്നാക്ക സമുദായക്കാരെ സാമ്പത്തിക—പരാധീനതയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി നിശ്ചയിക്കണം, സാമ്പത്തികാടിസ്ഥാനത്തിൽ മാത്രമേ വിദ്യാഭ്യാസരംഗത്തു് ആനുകൂല്യങ്ങൾ നൽകാവൂ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ബുദ്ധിയുടെയും സാമർഥ്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാകണം.

images/K_Anirudhan.jpg
കെ. അനിരുദ്ധൻ

മന്നത്തിന്റെ ആവശ്യങ്ങൾ കേട്ടു് പത്രാധിപർക്കു് ശുണ്ഠി കയറി: “ഈഴവനു് സംവരണം ചെയ്ത 15 ശതമാനം എടുത്തുകളഞ്ഞാൽ, അതുകൂടി കാര്യക്ഷമതയിലും സാമർഥ്യത്തിലും നായന്മാരെ അതിശയിക്കുന്ന പരദേശ ബ്രാഹ്മണരും സുറിയാനി ക്രിസ്ത്യാനികളും കരസ്ഥമാക്കും. അങ്ങനെയെങ്കിൽ ബുദ്ധിശൂന്യനായ ഈഴവനു് സംവരണം ചെയ്തിരിക്കുന്ന പതിനഞ്ചു് സ്ഥാനങ്ങൾ കൂടി അവന്റെ പിച്ചച്ചട്ടിയിൽനിന്നു് പിടിച്ചുംപറിച്ചും സുറിയാനി ക്രിസ്ത്യാനിക്കും ബ്രാഹ്മണനും പങ്കുവെക്കുന്നതുകൊണ്ടു് എന്തു് കൃതമാണു് നായന്മാർക്കുണ്ടാകാൻ പോകുന്നതു് എന്നു് മനസ്സിലാകുന്നില്ല. ഒരുപക്ഷേ, ഈഴവരുടെ വളർച്ചയെ നിരോധിച്ചു് പഴയകാലത്തെപ്പോലെ അടിമകളാക്കിവെച്ചു് സേവകവൃത്തി അനുഷ്ഠിപ്പിക്കാമെന്നായിരിക്കും മന്നത്തു് പത്മനാഭൻ വ്യാമോഹിക്കുന്നതു്.”

images/CKeshavan.jpg
സി. കേശവൻ

“ഈഴവൻ പിന്നാക്കക്കാരനല്ല. ബുദ്ധിയുള്ളവനാണു്. അവനു് മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും ഉണ്ടായിട്ടുണ്ട്. അതു് സംവരണംകൊണ്ടു് ലഭിച്ചതാണോ? എന്നായി മന്നം. മന്നത്തിന്റെ തലയുടെ പിരിയിളകി എന്നു് പറഞ്ഞു മുൻ മുഖ്യമന്ത്രി സി. കേശവൻ. സാമുദായികസ്പർധ പരത്തുന്ന മന്നത്തെ കപ്പലിൽ കയറ്റി നടുക്കടലിൽ മുക്കണമെന്നായി പത്രാധിപർ സുകുമാരൻ. കേരളം ഭ്രാന്താലായമാണെന്നു് പറഞ്ഞ സ്വാമി വിവേകാനന്ദൻ ഈ വിവാദം കേട്ടു് പരലോകത്തിരുന്നു് പുഞ്ചിരി തൂകിക്കാണും.

images/C_Kannan.jpg
സി. കണ്ണൻ

ആറുമാസത്തിനകം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ പാടെ മാറി. സംവരണാനുകൂലികളായ കെ. ആർ. നാരായണനും സി. എച്ച്. മുഹമ്മദ്കോയ യും സംവരണവിരോധിയായ മന്നവു മായി കൈകോർത്തു. കമ്യൂണിസ്റ്റുകാരെ പിതൃരാജ്യമായ റഷ്യയിലേക്കു് കെട്ടുകെട്ടിക്കും. തന്റെ കുതിരയെ ഹജൂർകച്ചേരിയിൽ ഇ. എം. എസി ന്റെ കസേരക്കാലിൽ കെട്ടുമെന്നു് മന്നം പ്രഖ്യാപിച്ചു. പാഞ്ചജന്യം മുഴക്കിയതു് മന്നമെങ്കിൽ ഗാണ്ഡീവം കുലച്ചതു് കെ. പി. സി. സി. പ്രസിഡന്റ് ആർ. ശങ്കർ. ശങ്കറും ദിനമണി യും എവിടെനിൽക്കുന്നോ അതിന്നെതിർഭാഗത്താകണം പത്രാധിപർ സുകുമാരനും കേരളകൗമുദിയും. തുടക്കത്തിൽ നിഷ്പക്ഷ നിലപാടു് കൈക്കൊണ്ട ഹിന്ദു. മാതൃഭൂമി പത്രങ്ങൾപോലും പോകപ്പോകെ മന്ത്രിസഭ പിരിച്ചുവിടണമെന്ന അഭിപ്രായത്തിലേക്കു് നീങ്ങിയപ്പോഴും കേരളകൗമുദി പതറിയില്ല. കത്തുന്ന കപ്പലിൽ കസാബിയാൻ കയെപ്പോലെ പത്രാധിപർ സുകുമാരൻ കമ്യൂണിസ്റ്റ് പടകുടീരത്തിൽ ഉറച്ചുനിന്നു.

images/Vellappally_Natesan.jpg
വെള്ളാപ്പള്ളി നടേശൻ

1960-ലെ തെരഞ്ഞെടുപ്പിലും കേരളകൗമുദി കമ്യൂണിസ്റ്റുകാരെ പിന്താങ്ങി. മുക്കൂട്ടില്ല, മുന്നണിയില്ല, ഒറ്റക്കാണേ മാളോരേ! തിരു-കൊച്ചി ഭാഗത്തെ ഒരു മണ്ഡലവും സുരക്ഷിതമായി തോന്നാഞ്ഞ കെ. പി. സി. സി. പ്രസിഡന്റ് അങ്ങു് വടക്കു് കണ്ണൂരിൽച്ചെന്നു് അങ്കം കുറിച്ചു. മുസ്ലീംലീഗിന്റെ അകൈതവമായ പിന്തുണയാൽ കണ്ണൂരിൽ സി. കണ്ണനെ തോൽപിച്ച ശങ്കർ ആദ്യം ഉപമുഖ്യനായി; പട്ടം താണുപിള്ള പഞ്ചാബിലേക്കു് പറന്നകന്നപ്പോൾ മുഖ്യമന്ത്രിയുമായി. ക്രിസ്ത്യൻ ബിഷപ്പുമാരും മന്നത്തു് പത്മനാഭനു മൊരുക്കിയ ചതിക്കുഴിയിൽ ശങ്കർ മലർന്നടിച്ചു് വീണപ്പോൾ വിലപിക്കാൻ വളരെപ്പേരൊന്നുമുണ്ടായില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ, ഈഴവർക്കു് മഹാഭൂരിപക്ഷമുള്ള ആറ്റിങ്ങൽ മണ്ഡലത്തിലാണു് ശങ്കർ ജനവിധി തേടിയതു്. 2083 വോട്ടിന്റെ വ്യത്യാസത്തിൽ മാർക്സിസ്റ്റ് സ്ഥാനാർഥി കെ. അനിരുദ്ധൻ വിജയിച്ചു. 1967-ൽ ചിറയിൻകീഴ് ലോക്സഭാ സീറ്റിൽ ശങ്കറും അനിരുദ്ധനും വീണ്ടും ഏറ്റുമുട്ടി. അത്തവണയും വിജയി അനിരുദ്ധൻ തന്നെ. 1971-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ശങ്കർ തഴയപ്പെട്ടു. കോൺഗ്രസിനു വേണ്ടി യുവപോരാളി വയലാർ രവി ചിറയിൻകീഴ് തിരിച്ചുപിടിച്ചു.

1972 നവംബർ 7-നു് പുലർച്ചെ ആർ. ശങ്കർ കഥാവശേഷനായി. അതിനുമെത്രയോ മുമ്പു് ദിനമണി കാലയവനികക്കു് പിന്നിൽ മറഞ്ഞിരുന്നു. ‘വൈരവുമാമരണാന്ത’മെന്നു ഋഷിപ്രോക്തം. ശങ്കറിന്റെ മൃതദേഹത്തിൽ പത്രാധിപർ പുഷ്പചക്രമർപ്പിച്ചു. വിലാപയാത്രയിൽ പരേതന്റെ പുത്രനും ജാമാതാവിനുമൊപ്പം പങ്കെടുക്കയും ചെയ്തു. കേരളകൗമുദി, അനുകരണീയമായ ശൈലിയിൽ മുഖപ്രസംഗവുമെഴുതി: “അക്ഷരാർഥത്തിൽതന്നെ അപ്രതീക്ഷിതമായിട്ടാണു് ആ ദുരന്തസംഭവം ഉണ്ടായതു്. ഇന്നലെ അർധരാത്രിയോടടുപ്പിച്ചു് പൊടുന്നനെ ആക്രമിച്ച ഹൃദ്രോഗം തികച്ചും ആരോഗ്യവാനായിരുന്ന ശ്രീ. ആർ. ശങ്കറെ ഈ ലോകത്തുനിന്നും അതിക്രൂരമാംവിധം അപഹരിച്ചുകളഞ്ഞു. അദ്ദേഹത്തിനു് ജന്മം നൽകിയ നാട്ടിനു് അകാലത്തിലുള്ള ആ കർമകുശലന്റെ ദേഹവിയോഗം അപരിഹാര്യമായ ഒരു നഷ്ടമാണു്; അദ്ദേഹം ജനിച്ചുവളർന്ന സമുദായത്തിനാകട്ടെ ആ നഷ്ടം അതിദുസ്സഹം കൂടിയത്രെ…”

images/R_Sankar.jpg
ആർ. ശങ്കർ

ഈഴവർ അവരുടെ ശക്തി തിരിച്ചറിയണമെന്ന ആഹ്വാനത്തോടുകൂടി, ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം 2002 സെപ്റ്റംബർ 8-ാം തീയതി കൊല്ലത്തു് വീരശ്രീ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. 54 അസംബ്ലി മണ്ഡലങ്ങളിൽ ഈഴവർക്കു് ഒറ്റക്കു് ഭൂരിപക്ഷമുണ്ടാക്കാൻ കഴിയുമെന്നും ഈഴവസമുദായത്തെ തള്ളിപ്പറയുന്ന രാഷ്ട്രീയകക്ഷികളെ സൂപ്പാക്കുകയാണു് സാമുദായികലക്ഷ്യമെന്നും നടേശഗുരു അരുളിചെയ്തതായി സെപ്റ്റംബർ 9-ലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിട്ടുണ്ടു്. റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “തന്റെ ദൈവം കർമമാണെന്നു് പറഞ്ഞു് കർമകാണ്ഡത്തിൽ ഉറച്ചുനിന്നു് പ്രവർത്തിച്ച ആർ. ശങ്കർ വിമർശനങ്ങളിൽ പതറാതെ നിന്നയാളാണു്. അദ്ദേഹത്തെ നാം മാതൃകയാക്കണം. അദ്ദേഹത്തെയും കോടതി കയറ്റിയതു് സ്വന്തം സമുദായക്കാരാണു്. ആർ. ശങ്കറെ ക്രൂശിച്ച പ്രേതങ്ങൾ ഇപ്പോഴും പ്രേതങ്ങളായി ചുറ്റിത്തിരിയുന്നുണ്ടു്. ഇതിനെ ആവാഹിച്ചു് കാഞ്ഞിരമുട്ടിയിൽ ആണിയടിച്ചു് തറയ്ക്കണം…”

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Kanjiramuttiyil Aniyadikkumbol... (ml: കാഞ്ഞിരമുട്ടിയിൽ ആണിയടിക്കുമ്പോൾ...).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Kanjiramuttiyil Aniyadikkumbol..., കെ. രാജേശ്വരി, കാഞ്ഞിരമുട്ടിയിൽ ആണിയടിക്കുമ്പോൾ..., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 13, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Pilgrim Mourning His Dead Ass, a painting by Benjamin West (1738–1820). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.