images/An_elephant_carrying.jpg
An elephant carrying fodder, a painting by Unknown artist .
പേരാവൂർ, വടക്കേക്കര, ആറന്മുള വഴി ഒരു കപ്പൽ
കെ. രാജേശ്വരി
images/KA_Balan_.jpg
കെ. എ. ബാലൻ

പെരിയാറിന്റെ വടക്കേക്കരയിൽ, പഴയ തിരുവിതാംകൂറിന്റെ വടക്കുപടിഞ്ഞാറേ മൂലയിലാണു് വടക്കേക്കര നിയോജക മണ്ഡലം. വടക്കേക്കര, ചിറ്റാറ്റുക്കര, പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ ഏഴു ഗ്രാമപഞ്ചായത്തുകൾ ചേർന്നാൽ വടക്കേക്കര മണ്ഡലമായി.

images/E_balanandan.jpg
ഇ. ബാലാനന്ദൻ

മാർക്സിസ്റ്റ് കോട്ടയായാണു് വടക്കേക്കര അറിയപ്പെടുന്നതു്. 1957-ൽ മണ്ഡലം രൂപവത്ക്കരിക്കപ്പെട്ടതു മുതൽ ഇന്നോളം (ഒരിക്കലൊഴികെ) അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെയോ മാർക്സിസ്റ്റ് പാർട്ടിയുടെയോ സ്ഥാനാർത്ഥികൾ മാത്രമേ വടക്കേക്കരയിൽ ജയിച്ചിട്ടുള്ളൂ. 1957-ൽ കെ. എ. ബാലൻ, 1965-ൽ അബ്ദുൽ ജലീൽ, 1967-ലും 79-ലും ഇ. ബാലാനന്ദൻ, 1977-ലും 80-ലും 82-ലും ടി. കെ. അബ്ദു. 1987-ലും 91-ലും 96-ലും എസ്. ശർമ. വിമോചനസമരത്തെ തുടർന്ന് 1960-ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. ആർ. വിജയൻ ജയിച്ചതു് മാത്രമാണു് ഏക അപവാദം.

images/TK_Abdu.png
ടി. കെ. അബ്ദു

കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് കക്ഷിയോടു് ഇത്രയേറെക്കാലം കൂറുപുലർത്തിയ ഒരു മണ്ഡലവും തിരു-കൊച്ചി ഭാഗത്തില്ല. കുഴൽമന്ദവും മലമ്പുഴയുമൊഴികെ മറ്റേതെങ്കിലും മണ്ഡലം കേരള സസ്ഥാനത്തുതന്നെ കാണില്ല. ഈയടുത്ത കാലംവരെ വികസനപ്രവർത്തനങ്ങളോ നിയമസഭയിലെ പ്രകടനമോ ഒന്നും വടക്കേക്കരയിൽ തെരഞ്ഞെടുപ്പു വിഷയങ്ങളായിരുന്നില്ല. പൊതുജനാരോഗ്യ വകുപ്പിനെപ്പറ്റിയുള്ള ചോദ്യത്തിനു് പൊതുമരാമത്തു് വകുപ്പിന്റെ പ്രവർത്തനത്തെപ്പറ്റി ഉപചോദ്യം ചോദിച്ച ഒരു സഖാവു് മൂന്നുവട്ടം വടക്കേക്കരയിൽനിന്നു് പുഷ്പംപോലെ ജയിച്ചു.

images/Karunakaran_Kannoth.jpg
കെ. കരുണാകരൻ

1987 മുതൽ സ്ഥിതി കുറച്ചൊന്നു മാറി. നേരിയ ഭൂരിപക്ഷത്തോടെയാണു് എസ്. ശർമ മൂന്നു വട്ടവും നിയമസഭയിലെത്തിയതു്. അദ്ദേഹം മണ്ഡലത്തിൽ നിറഞ്ഞുനിന്നു് പ്രവർത്തിക്കുകയും ചെയ്തു. മന്ത്രിയായതോടെ സഖാവിന്റെ ഗ്ലാമർ വല്ലാതെ മങ്ങി. 1999-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കെ. കരുണാകരനു് വടക്കേക്കരയിൽ മൂവായിരത്തിൽപരം വോട്ടിന്റെ ലീഡ് കിട്ടി. പഞ്ചായത്തു് തെരഞ്ഞെടുപ്പിലും സഖാക്കൾക്കു് തിരിച്ചടിയുണ്ടായി. ചെങ്ങമനാട്, നെടുമ്പാശ്ശേരി, കുന്നുകര ഗ്രാമപഞ്ചായത്തുകൾ എൽ. ഡി. എഫിനെ കൈവിട്ടു. കുന്നുകര ബ്ലോക്ക് പഞ്ചായത്തിലും യു. ഡി. എഫ്. അധികാരത്തിലെത്തി. ജില്ലാ പഞ്ചായത്തു് ഡിവിഷനുകൾ മൂന്നും നെടുമ്പാശ്ശേരി, പാറക്കടവ്, ചേന്ദമംഗലം യു. ഡി. എഫ്. നേടി. ശർമയുടെ സന്തതസഹചാരി കെ. എ. ചാക്കോച്ചൻ നെടുമ്പാശ്ശേരി ഡിവിഷനിൽ മലർന്നടിച്ചുവീണപ്പോൾ കോൺഗ്രസ്സുകാർപോലും ഞെട്ടി.

images/S_Sharma.jpg
എസ്. ശർമ

സംഗതികളുടെ പോക്കു് സഖാവിനും പിടികിട്ടി. ഇനി വടക്കേക്കരയിലേക്കില്ല എന്നു് അദ്ദേഹം തീരുമാനിച്ചു. പള്ളുരുത്തിയിലും ഇരിങ്ങാലക്കുടയിലും ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെ പൊരുതുന്ന യുവത്വത്തിന്റെ പടനായകൻ കളത്തിനു് പുറത്തായി. ശർമയുടെ പിൻഗാമിയായി പി. രാജീവ് വന്നു. രാജീവ് നേരത്തേ പ്രചാരണം തുടങ്ങി, യുവപോരാളിയെ കിട്ടിയപ്പോൾ അണികളും ഉഷാറായി.

images/P_Rajeev1.jpg
പി. രാജീവ്

രാജീവിന്റെ പ്രചാരണം ഒരുറൗണ്ട് പൂർത്തിയായപ്പോഴും മറുഭാഗത്തു് അനിശ്ചിതത്വം നിലനിന്നു. ഒട്ടേറെ ഭൈമീകാമുകർ രംഗത്തുവന്നു—എം. ഐ. ഷാനവാസ്, ബെന്നി ബഹനാൻ, അജയ് തറയിൽ, ടി. പി. ഹസൻ, കെ. പി. ധനപാലൻ, എം. എ. ചന്ദ്രശേഖരൻ… ചാലക്കുടിയിൽ പത്മജ മത്സരിക്കുന്നപക്ഷം വടക്കേക്കരയിൽ സാവിത്രി ലക്ഷ്മണനാ കും സ്ഥാനാർഥിയെന്നും കേട്ടു.

images/KR_vijayan.jpg
കെ. ആർ. വിജയൻ

ധനപാലനാ ണു് സ്ഥാനാർത്ഥിയെന്നു് ദൽഹിയിൽനിന്നു് പ്രഖ്യാപനം വന്നപ്പോൾ സഖാക്കൾ ഞെട്ടി. കാരണം, വടക്കേക്കരയിൽ കോൺഗ്രസിനു് നിർത്താവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥിയാണു് കെ. പി. ധനപാലൻ, കെ. എസ്. യു.-വിലൂടെ രംഗത്തു വന്ന ധനപാലൻ. ആലുവ യു. സി. കോളേജിൽ യൂനിയൻ ചെയർമാനായിരുന്നു. പിന്നീടു് പറവൂർ മുനിസിപ്പൽ കൗൺസിലറും. 1987-ൽ കൊടുങ്ങല്ലൂരിൽ ഒരവസരം കിട്ടിയതാണു്. തീപാറുന്ന പോരാട്ടം കാഴ്ചവെച്ചെങ്കിലും കമ്യൂണിസ്റ്റ് നേതാവു് വി. കെ. രാജനെ കീഴ്പ്പെടുത്താനായില്ല. വടക്കേക്കര മണ്ഡലവുമായി ഉറ്റബന്ധം പുലർത്തുന്നയാളാണു് ധനപാലൻ; കോൺഗ്രസുകാർക്കു് പതിവുള്ള ‘ശീലങ്ങൾ’ പലതുമില്ലാത്ത വ്യക്തിയും.

images/MI_Shanavas.jpg
എം. ഐ. ഷാനവാസ്

വടക്കേക്കരയിലെ സ്ഥാനാർത്ഥിയുടെ പേരുകേട്ടു് കെ. കരുണാകരൻ പൊട്ടിത്തെറിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എനിക്കു് പാരവെച്ചവനാണു് കോൺഗ്രസ് സ്ഥാനാർത്ഥി. എന്റെ മണ്ഡലമായ മുകുന്ദപുരത്തു് ഞാൻ ചോദിച്ചിട്ടു് ഒരു സീറ്റുതന്നില്ല. എന്നെ വിജയിപ്പിക്കാൻ പരിശ്രമിച്ച ചെറുപ്പക്കാരനു് ഒരു സീറ്റ് കൊടുത്തില്ല…

images/Padmaja.jpg
പത്മജ

മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ സീറ്റുകളിൽ ജെ. എസ്. എസിനു് കൊടുത്ത കൊടുങ്ങല്ലൂരും മാണി ഗ്രൂപ്പിന്റെ ഇരിങ്ങാലക്കുടയും കഴിച്ചു് ബാക്കി അഞ്ചിൽ നാലും ലീഡറുടെ നോമിനികൾക്കാണു് കിട്ടിയതു്. മാളയിൽ ടി. യു. രാധാകൃഷ്ണൻ, ചാലക്കുടിയിൽ സാവിത്രി ലക്ഷ്മണൻ, അങ്കമാലിയിൽ പി. ജെ. ജോയി, പെരുമ്പാവൂരിൽ പി. പി. തങ്കച്ചൻ. ‘എ’ ഗ്രൂപ്പിനു് വെച്ച വടക്കേക്കര സീറ്റാണു് പക്ഷേ, കരുണാകരൻ ‘ചോദിച്ച’ മണ്ഡലം.

images/BENNY_BEHANAN.jpg
ബെന്നി ബഹനാൻ

ധനപാലന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ മേലാവിൽനിന്നുള്ള നിർദേശാനുസരണം ‘ഐ’ ഗ്രൂപ്പുകാർ ബഹിഷ്ക്കരിച്ചു. തിരുത്തൽവാദികളും നാലാം ഗ്രൂപ്പുകാരും വിട്ടുനിന്നു; ‘എ’ ഗ്രൂപ്പിലാണെന്നു കരുതപ്പെടുന്ന എം. ഐ. ഷാനവാസി ന്റെ അനുയായികളും. യോഗത്തിൽ പങ്കെടുത്തില്ല. കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഷാനവാസ്, സ്ഥാനാർഥി പിറകേവരും എന്നു് ചിലർ പ്രചരിപ്പിക്കുന്നതിനിടയിലും ധനപാലന്റെ വോട്ടഭ്യർഥന മതിലുകളിൽ നിറഞ്ഞു: വർണപോസ്റ്ററുകൾ നിരന്നു. നേതാക്കൾ ഇടംതിരിഞ്ഞുനിന്നപ്പോഴും പ്രവർത്തകർ ഗ്രൂപ്പ് ഭേദമന്യേ രംഗത്തിറങ്ങി. മൽസരം കൊഴുത്തു.

images/Pj_joy.jpg
പി. ജെ. ജോയി

വടക്കേക്കരയുടെ കമ്യൂണിസ്റ്റ് അനുഭാവത്തിനു് സാമുദായികമായ അടിത്തറയുമുണ്ടു്. ക്രിസ്ത്യാനികൾ, വിശേഷിച്ചു് സിറിയൻ കത്തോലിക്കർ എറണാകുളം ജില്ലയിൽ ഏറ്റവും കുറവുള്ള മണ്ഡലമാണു് വടക്കേക്കര. നായന്മാരും കുറവാണു്. ഈഴവരും മറ്റു പിന്നാക്ക ഹിന്ദുക്കളുമാണു് മഹാഭൂരിപക്ഷം. പിന്നീടു് മുസ്ലീംകളും. 1970-ൽ ബാലാനന്ദൻ വിജയിച്ച ശേഷം ഒരൊറ്റ ഈഴവനും വടക്കേക്കരയിൽ ഏതെങ്കിലും മുന്നണി സ്ഥാനാർഥിയായി മൽസരിച്ചിട്ടില്ല. ഇത്തവണത്തെ മാർക്സിസ്റ്റ് സ്ഥാനാർഥി നായരാണു്; കോൺഗ്രസ് സ്ഥാനാർഥി ഈഴവനും. മൂന്നു പതിറ്റാണ്ടിനുശേഷം വീണ്ടുമൊരു ഈഴവൻ എന്ന നിലക്കും പ്രചാരണം മുന്നേറി.

images/Ghulam_Nabi_Azad.jpg
ഗുലാംനബി ആസാദ്

അപ്പോഴാണു് ഗുലാംനബി ആസാദും മോത്തിലാൽ വോറ യും ദൂതന്മാരായി എത്തിയതും എന്തു ത്യാഗത്തിനും സന്നദ്ധനാണെന്നു് എ. കെ. ആന്റണി അറിയിച്ചതും. ലീഡറുടെ പിടിവാശി ജയിച്ചു. വടക്കേക്കരയിൽ എം. എ. ചന്ദ്രശേഖരൻ സ്ഥാനാർഥി. (ചെറുപ്പക്കാരനു് വയസ്സു് അമ്പത്തിയഞ്ചായി!). കോൺഗ്രസുകാർക്കു് ചെയ്യാവുന്നതു് അവരും ചെയ്തു—പാർട്ടി ഓഫീസ് അടിച്ചുപൊളിച്ചു. കരുണാകരന്റെ കോലം കത്തിച്ചു. തെരഞ്ഞെടുപ്പു് പ്രവർത്തനം അതോടെ അവസാനിച്ചു. ധനപാലന്റെ പോസ്റ്ററുകൾ ‘ഐ’ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മൽസരിക്കുന്ന മാള, ചാലക്കുടി, പെരുമ്പാവൂർ, എറണാകുളം മണ്ഡലങ്ങളിൽ കൊണ്ടുപോയി പതിച്ചു. ഒളിച്ചും പതുങ്ങിയുമാണു് പുതിയ സ്ഥാനാർത്ഥി മണ്ഡലത്തിലെത്തുന്നതു്. പി. രാജീവി ന്റെ ഭൂരിപക്ഷം പതിനായിരത്തിൽ കവിയുമോ എന്നതാണു് ഇപ്പോൾ വടക്കേക്കരയിലെ ചർച്ചാവിഷയം.

images/Motilal_Vora.jpg
മോത്തിലാൽ വോറ

1977-ൽ പേരാവൂർ മണ്ഡലമുണ്ടായതു് മുതൽ കെ. പി. നൂറുദ്ദീനാ ണു് കോൺഗ്രസ് സ്ഥാനാർത്ഥി. 1996 വരെ വിജയിയും അദ്ദേഹം തന്നെയായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ്-എസിലെ കെ. ടി. കുഞ്ഞഹമ്മദിനോടു് 186 വോട്ടിനു് തോറ്റ നൂറുദ്ദീൻ ഇത്തവണ യുവനേതാവു് സതീശൻ പാച്ചേനി ക്കുവേണ്ടി വഴിമാറുമെന്നു കേട്ടിരുന്നു. സ്ഥാനാർഥിപ്രഖ്യാപനം വന്നപ്പോൾ പേരാവൂരിൽ നൂറുദ്ദീൻ തന്നെ. പാച്ചേനിക്കു് കിട്ടിയതു് മലമ്പുഴ.

images/A_k_antony.jpg
എ. കെ. ആന്റണി

കരുണാകരന്റെ പിടിവാശി ലിസ്റ്റിൽ വടക്കേക്കരക്കും ആറന്മുളക്കും കോട്ടയത്തിനും കായംകുളത്തിനും ശേഷമായിരുന്നു പേരാവൂർ. കോട്ടയത്തു് മേഴ്സി രവി യേയോ കായംകുളത്തു് എം. എം. ഹസനെ യോ തൊടാൻ പറ്റാത്ത സാഹചര്യത്തിൽ നൂറുദ്ദീനെ കുരുതികൊടുക്കാനാണു് ആന്റണി സമ്മതം മൂളിയതു്. മണിയറയിൽനിന്നു് പുറത്താക്കപ്പെട്ട പുതിയാപ്ലയെപ്പോലെ സ്വന്തം നാട്ടുകാർക്കുമുന്നിൽ അപഹാസ്യനായി, നൂറുദ്ദീൻ സാഹിബ്.

images/M_M_Hassan.jpg
എം. എം. ഹസൻ

1991-ൽ തലശ്ശേരിയിലും 96-ൽ എടക്കാട്ടും മൽസരിച്ചു് ഡീസന്റായി തോറ്റ എ. ഡി. മുസ്തഫ ഇനി പേരാവൂര് നിന്നാലും ജയിക്കില്ല എന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം തീർച്ചയായും കരുണാകരനു ണ്ടു്. എന്നാൽ, ആന്റണി യെ പിന്താങ്ങാനിടയുള്ള എം. എൽ. എ.-മാരുടെ എണ്ണത്തിൽ ഒരാളുടെ കുറവുവരുത്താൻ കഴിഞ്ഞതിൽ ലീഡർക്കു് ആഹ്ലാദിക്കാം. നൂറുദ്ദീനെ അപമാനിച്ചു് പുറത്താക്കുന്നതിലൂടെ ആന്റണി യുടെ വിശ്വാസ്യത ഇല്ലാതാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയും ആകാം.

images/Mercy_Ravi.jpg
മേഴ്സി രവി

നൂറുദ്ദീനെ മാറ്റിയതിൽ പ്രതിഷേധിച്ചു് പേരാവൂരെ കോൺഗ്രസുകാർ ആരുടെയെങ്കിലും കോലം കത്തിച്ചോ എന്നറിയില്ല. കത്തിക്കുന്നപക്ഷം കരുണാകരന്റെയല്ല. ആന്റണിയുടെ കോലമാണു് കത്തിക്കേണ്ടതു്. കാരണം, നൂറുദ്ദീനെ മാനംകെടുത്തിയതിന്റെ പ്രധാന ഉത്തരവാദി ആദർശധീരനാണു്.

images/Aryadan_muhammad.jpg
ആര്യാടൻ മുഹമ്മദ്

എത്രയോ വർഷമായി ആന്റണിയുടെ ഉറ്റ അനുയായിയും സഹപ്രവർത്തകനുമാണു് നൂറുദ്ദീൻ. ആന്റണി പ്രസിഡന്റായിരുന്നപ്പോൾ കെ. പി. സി. സി. ട്രഷററായിരുന്നു അദ്ദേഹം. 1982–87 കാലത്തു് കരുണാകരൻ മന്ത്രിസഭയിൽ ആന്റണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്തയാളുമാണു്. സ്ഥാനാർത്ഥിനിർണയം നടക്കുമ്പോൾതന്നെ നൂറുദ്ദീനെ ഒഴിവാക്കി പുതുമുഖത്തിനു് അവസരം നൽകിയിരുന്നെങ്കിൽ അതിനൊരു മാന്യതയുണ്ടായേനെ. (ആര്യാടൻ മുഹമ്മദ് ഒമ്പതാം തവണയും ഉമ്മൻചാണ്ടി എട്ടാം വട്ടവും മൽസരത്തിനിറങ്ങുമ്പോൾ ഏഴാംതവണക്കാരനായ നൂറുദ്ദീനെ എങ്ങനെ മാറ്റും എന്നതു് മറ്റൊരു കാര്യം).

കെ. പി. നൂറുദ്ദി നെ വഴിയിലുപേക്ഷിച്ച ആന്റണി. നാളെ കാര്യസാധ്യത്തിനായി ഉമ്മൻചാണ്ടിയെയും തള്ളിപ്പറയും. ചെറിയാൻ ഫിലിപ്പ് പറഞ്ഞതു് എത്ര സത്യം. (വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ, ദീർഘദർശനം ചെയ്യും ‘ദൈവജ്ഞരല്ലോ നിങ്ങൾ!). എങ്ങനെയും മുഖ്യമന്ത്രിയാകുക എന്ന ഏകയിന പരിപാടിയേ അദ്ദേഹത്തിനുള്ളൂ. അശ്വത്ഥാമാ ഹത എന്നുറക്കെപ്പറഞ്ഞ ധർമപുത്രരുടെ പുനർജന്മമാണു് ആന്റണി.

images/Oommen_Chandy.jpg
ഉമ്മൻചാണ്ടി

ആറന്മുളയുടെ കാര്യം ലേശം വ്യത്യസ്തമാണു്. മധ്യതിരുവിതാംകൂറിലെ ഏറ്റവും ഉറച്ച കോൺഗ്രസ് സീറ്റുകളിലൊന്നാണു് ആറന്മുള. കേരള കോൺഗ്രസ് രൂപവത്ക്കരണത്തെത്തുടർന്നു് ശക്തമായ ത്രികോണമൽസരം നടന്ന 1965, 67, 70 തെരഞ്ഞെടുപ്പുകളിലൊഴികെ എക്കാലത്തും ആറന്മുള കോൺഗ്രസിനൊപ്പം നിന്നു. 1980-ൽ ആന്റണിപക്ഷക്കാർ സി. പി. എമ്മിനോടൊപ്പം നിന്നപ്പോൾപോലും കോൺഗ്രസ്-ഐ സ്ഥാനാർത്ഥി കെ. കെ. ശ്രീനിവസനാണു് ജയിച്ചതു്. 1982-ലും ’87-ലും ശ്രീനിവാസൻ വിജയം ആവർത്തിച്ചു. 1991-ൽ ചെങ്ങന്നൂരിനു പകരം ആറന്മുള സീറ്റ് എൻ. ഡി. പി.-ക്കു് നൽകി; ആർ. രാമചന്ദ്രൻ നായർ വിജയിക്കുകയും ചെയ്തു. എൻ. ഡി. പി. പിണങ്ങിപ്പിരിഞ്ഞ ഒഴിവിലാണു് എം. വി. രാഘവൻ ആറന്മുളയിൽ സ്ഥാനാർത്ഥിയായതു്. നേതൃമാറ്റ സമയത്തും കരുണാകരനെത്തുണച്ച രാഘവനെ ആന്റണി ഗ്രൂപ്പുകാർ കാലുവാരി; ഇടതുപക്ഷസ്വതന്ത്രൻ കടമ്മനിട്ട രാമകൃഷ്ണൻ 2,687 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

images/Kadaman.jpg
കടമ്മനിട്ട രാമകൃഷ്ണൻ

ഏതു നിലക്കും ‘ഐ’ ഗ്രൂപ്പിനു കിട്ടേണ്ട മണ്ഡലമാണു് ആറന്മുള. മാലേത്തു് സരളാദേവി യാണെങ്കിൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവും ലീഡറുടെ ഉറച്ച അനുയായിയും. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ പത്മജക്കു് അങ്കത്തുണ പോയതു് സരളാദേവിയാണു്; പാണക്കാടു തങ്ങളുടെ ജൂബിലിയാഘോഷത്തിനു് സോണിയാജി കോഴിക്കോട്ട് വന്നപ്പോൾ ആറന്മുളക്കണ്ണാടി തിരുമുൽക്കാഴ്ച വച്ചതും മറ്റാരുമല്ല.

images/M_V_Raghavan_.jpg
എം. വി. രാഘവൻ

വിജയസാധ്യത കൂടുതലുള്ള ആറന്മുള സീറ്റിൽ പത്തനംതിട്ട ഡി. സി. സി. പ്രസിഡന്റ് ഫിലിപ്പോസ് തോമസ് കണ്ണുവച്ചപ്പോൾ കളിമാറി. ആന്റണിയുടെ ഉറ്റ അനുയായിയാണു് ഫിലിപ്പോസ്. പോലീസ് സഹായത്തോടെ കരുണാകരൻ സംഘടനാ തെരഞ്ഞെടുപ്പു് നടത്തിയപ്പോൾപോലും പത്തനംതിട്ട ഡി. സി. സി.-യെ കൂടെ നിർത്തിയയാൾ. കഴിഞ്ഞ തവണ ഷുവർസീറ്റായ റാന്നിയിൽ മൽസരിച്ചു; പക്ഷേ, ക്നാനായ സമുദായക്കാർ ജാതിനോക്കി വോട്ടുചെയ്തതുകൊണ്ടു് സഖാവു് രാജു എബ്രഹാം വിജയിച്ചു. അതുകൊണ്ടു് ഇത്തവണ ആറന്മുളയിൽ നോട്ടമിട്ടു.

images/Sonia_Gandhi1.jpg
സോണിയാജി

സാമുദായിക പ്രാതിനിധ്യത്തിന്റെ പ്രശ്നം വന്നപ്പോൾ ഫിലിപ്പോസ് തോമസിന്റെ സാധ്യത മങ്ങി. മാർത്തോമ സഭക്കാരൻ തന്നെയായ ബിജിലി പനവേലിക്കു് റാന്നി സീറ്റു കിട്ടിയപ്പോൾ ഫിലിപ്പോസ് ഓട്ടോമാറ്റിക്കായി ലിസ്റ്റിൽനിന്നു് പുറത്തുപോയി. കരുണാകരൻ സരളക്കുവേണ്ടി അവസാനംവരെ വാദിച്ചു. പക്ഷേ, എ ഗ്രൂപ്പുകാർ തിണ്ണമിടുക്കുകാട്ടി കെ. ശിവദാസൻ നായരെ സ്ഥാനാർഥിയാക്കി. പത്തനംതിട്ട ബാറിലെ അഭിഭാഷകനും സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റുമാണു് ശിവദാസൻ നായർ. അഴിമതി നിരോധന കമീഷൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു് കണ്ടെത്തിയ ശിവദാസൻ നായരെയും വൈസ് പ്രസിഡന്റ് സി. പി. മൂസാൻകുട്ടിയെയും അയോഗ്യരാക്കാൻ വേണ്ടി സർക്കാർ കേരള സഹകരണ ചട്ടങ്ങളിലെ റൂൾ 44 ഭേദഗതി ചെയ്തതാണു്. ഹൈക്കോടതിസ്റ്റേയുടെ ബലത്തിൽ ഇരുവരും തൽസ്ഥാനങ്ങളിൽ തുടരുന്നു.

images/Cheriyan_Philip.jpg
ചെറിയാൻ ഫിലിപ്പ്

ശിവദാസൻ നായർക്കാണു് സീറ്റെന്നറിഞ്ഞ സരളാദേവി പൊട്ടിത്തെറിച്ചു. പത്രസമ്മേളനം വിളിച്ചുകൂട്ടി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. രമേശ് ചെന്നിത്തല യെയും പി. ജെ. കുര്യനെ യും കള്ളന്മാരെന്നു് വിളിക്കാനും മറന്നില്ല. കരുണാകരൻ ഗ്രൂപ്പുക്കാരൊന്നടങ്കം സരളാദേവിക്കു് പിന്തുണ പ്രഖ്യാപിച്ചു. ബി. ജെ. പി.-യുടെ പിന്തുണ തേടാനും അവർ മടിച്ചില്ല. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ കരുണാകരൻ വിഷമിറക്കിച്ചപ്പോൾ ആന്റണി ഗ്രൂപ്പുകാർ അസാരം ഇളിഭ്യരായി. കരുണാകരന്റെയും ആന്റണിയുടെയും കോലം കത്തിക്കാനുള്ള വകതിരിവു് അവർക്കുണ്ടായി.

images/RajuAbraham.jpg
രാജു എബ്രഹാം

മുമ്പു് കോന്നിയിൽ എം. എൽ. എ. ആയിരുന്ന എ. പത്മകുമാറാണു് സരളാദേവിയുടെ എതിരാളി. ബി. ജെ. പി. സഹായിക്കുന്നപക്ഷം അവർക്കു് ഇപ്പോഴും ജയിക്കാവുന്നതേയുള്ളൂ. സരളാദേവി വെറ്റിലപാക്കും വെള്ളിയുറുപ്പികയും ലീഡറുടെ കാൽക്കൽ ദക്ഷിണവെക്കുന്ന ചിത്രം പത്രത്തിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. അനാഥരക്ഷകനേ, ആപൽബാന്ധവനേ, സേവിപ്പവർക്കാനന്ദസ്വരൂപനേ, ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ!

images/Ramesh_Chennithala.jpg
രമേശ് ചെന്നിത്തല

വടക്കേക്കരയിലും പേരാവൂരും ആറന്മുളയിലും സ്ഥാനാർഥികളെ മാറ്റിയതു് മേലാവിൽനിന്നുള്ള തിട്ടൂരമനുസരിച്ചാണെങ്കിൽ തൃത്താലയിൽ നേതൃത്വം നിശ്ചയിച്ച സ്ഥാനാർഥിയെ പ്രവർത്തകർ മാറ്റുകയാണുണ്ടായതു്. 1970 മുതൽ 1987 വരെ കോൺഗ്രസ് സ്ഥിരമായി ജയിച്ചു വന്നതാണു് തൃത്താല മണ്ഡലം വെള്ള ഈച്ചരനും കെ. കെ. ബാലകൃഷ്ണനും എം. പി. താമി യുമൊക്കെ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്തവരാണു്. 1991-ൽ തൃത്താല സീറ്റ് മുസ്ലീംലീഗിനു് അനുവദിച്ചപ്പോഴാണു് ഇടതുമുന്നണി ആദ്യം വിജയിച്ചതു്. 1996-ൽ വീണ്ടും കോൺഗ്രസ് മൽസരിച്ചിട്ടും ഫലമുണ്ടായില്ല. സി. പി. എമ്മിലെ വി. കെ. ചന്ദ്രൻ കോൺഗ്രസ് യുവ നേതാവ് എ. പി. അനിൽകുമാറി നെ 4401 വോട്ട് വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

images/P_J_Kurien.jpg
പി. ജെ. കുര്യൻ

ഇത്തവണ സ്ഥലത്തെ യുവ കോൺഗ്രസുകാരനായ പി. ബാലനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പ്രവർത്തകർക്കു് താൽപര്യം. ഒരു പെയിന്റിംഗ് തൊഴിലാളി കോൺഗ്രസ് സ്ഥാനാർഥിയാകുന്നതു് മഹാ കുറച്ചിലല്ലേ? മുൻമന്ത്രി വെള്ള ഈച്ചരന്റെ മകൾ ഇ. വി. രാജമ്മക്കാണു് ടിക്കറ്റ് കിട്ടിയതു്. തൃത്താലക്കാർ അസ്സലുള്ളവരാണു്. അവർ രാജമ്മയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിച്ചില്ല. ബാലനു പിന്നിൽ യു. ഡി. എഫ്. മൊത്തം അണിനിരക്കുകയും ചെയ്തു. തീരുമാനം മാറ്റാൻ നേതൃത്വം നിർബന്ധിതമായി. റിബൽ ഔദ്യോഗിക സ്ഥാനാർഥിയായി മാറി.

images/KK_Balakrishnan.jpg
കെ. കെ. ബാലകൃഷ്ണൻ

കോൺഗ്രസുകാർ നാളികേരമുടക്കുമ്പോൾ ലീഗുകാർ ചിരട്ടയെങ്കിലും ഉടക്കണമല്ലോ. കഴക്കൂട്ടത്തെ സ്ഥാനാർഥി എം. അൽതാഫിനെ അവരും മാറ്റി. മുഹമദലി നിഷാദ് എന്ന പുതുമുഖമാണു് പുത്തൻ സ്ഥാനാർഥി. കഴക്കൂട്ടത്തെ കോൺഗ്രസുകാരൊന്നടങ്കം റിബൽ സ്ഥാനാർഥി എം. എ. വാഹിദി നൊപ്പം നിലയുറപ്പിച്ചതിനാൽ നിഷാദപർവം കണ്ണീരിൽ അവസാനിക്കാനാണു് സാധ്യത. സി. പി. എമ്മിലെ ബിന്ദു ഉമ്മറും കോൺഗ്രസ് റിബൽ വാഹിദും പ്രചാരണരംഗത്തു് ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ലീഗ് സ്ഥാനാർഥിക്കു് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയാൽ പടച്ചവന്റെ കൃപ.

മാവേലിക്കരയിൽ എം. മുരളിക്കെതിരെ ഒരു സാധ്യതയുമില്ല എന്നു് മനസ്സിലായതുകൊണ്ടാണു് മാർക്സിസ്റ്റുകാർ എൻ. സി. പി.-യിൽനിന്നു് ചെങ്ങന്നൂർ സീറ്റ് പിടിച്ചുവാങ്ങിയതു്. കേരള രാഷ്ട്രീയത്തിൽ എൻ. സി. പി.-ക്കു് എന്തു് വിലപേശൽ ശക്തിയാണുള്ളതു്? അങ്ങനെ മാവേലിക്കര അവരുടെ പിടലിയിലായി. മുരളിയുടെ രാഷ്ട്രീയ ഗുരുവായ പ്രൊഫ. പി. കെ. കേരളവർമക്കാണു് കുറിവീണതു്. അതോടെ യുവജനരോഷം ഇരമ്പി. നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസിനുവേണം സീറ്റ് കൊടുക്കാൻ. കേരളവർമസാർ സന്തോഷത്തോടെ തന്നെ ഒഴിവായി; എൻ. വി. പ്രദീപ്കുമാർ പുത്തരിയങ്കം കുറിച്ചു. പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുന്ന കാര്യത്തിൽ സോണിയാ കോൺഗ്രസിനു് ഒപ്പമെത്തിയതിൽ ദേശീയവാദികൾക്കു് അഭിമാനം കൊള്ളാം.

images/AP_Anil_Kumar.jpg
എ. പി. അനിൽകുമാർ

ഒരു സ്ഥാനാർഥിയെ മാറ്റാൻ പഠിച്ചപണി പത്തൊമ്പതും പയറ്റിയിട്ടും നടക്കാതെപോയതു് വടകരയിലാണു്. അഡ്വ. എം. പി. പ്രേംനാഥിനെ മതി സ്ഥാനാർഥിയായിട്ടെന്നു് വടകരയിലെ ജനതാദളക്കാർ; അതുപോരാ, സി. കെ. നാണു തന്നെ വേണം എന്നു് സംസ്ഥാന നേതൃത്വം. ദേശീയ നേതൃത്വത്തിൽ അപ്പീലുപോയിട്ടും ഫലമുണ്ടായില്ല, നാണു തന്നെ സ്ഥാനാർഥി. സി. പി. എം. പിന്തുണയുള്ളിടത്തോളം കാലം നാണുവേട്ടനു് പേടിക്കാനില്ല. സ്വന്തം സ്ഥാനാർഥിയെ കോൺഗ്രസുകാർ തന്നെ അടിച്ചോടിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

സ്ഥാനാർഥികളെ മാറ്റണം എന്നാവശ്യപ്പെട്ടു് ലഹളയുണ്ടാക്കിയവരെ കോഴി മൂന്നുവട്ടം കൂവുംമുമ്പു് ഒതുക്കി മൂലക്കിരുത്തിയതിന്റെ ക്രെഡിറ്റോ. അതു് മാണിസാറിനുള്ളതാകുന്നു. കടുത്തുരുത്തിയിലെയും ഇടുക്കിയിലെയും വിമതർ എത്ര പെട്ടെന്നാണു് മാളത്തിൽ ഒളിച്ചതു്.

images/CK_Nanu.jpg
സി. കെ. നാണു

നടുക്കടലിൽവെച്ചു് കപ്പിത്താനെ മാറ്റരുതു് എന്നൊരു പഴഞ്ചൊല്ലുണ്ടു് നാവികർക്കിടയിൽ. മൂന്നു് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിച്ചതൊടെ ലീഡർ ശക്തനായിരിക്കുന്നു. കരുണാകരനെ പിണക്കാൻ ആന്റണിക്കോ ഹൈക്കമാൻഡിനോ ധൈര്യമില്ല. സീറ്റല്ല മനോഭാവമാണു് പ്രധാനമെന്നാണു് കാരണവരുടെ ഇപ്പോഴത്തെ ലൈൻ. മുഖ്യമന്ത്രിയാകാൻ എം. എൽ. എ ആകണമെന്നില്ല എന്നു് ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം സമർഥിക്കുന്നു. കോൺഗ്രസ് നിയമസഭാകക്ഷി നേതാവിനെ ഹൈക്കമാൻഡ് നിർദ്ദേശിക്കുമെന്നു് മഹാജനാധിപത്യവാദിയായ ആന്റണിയും എം. എൽ. എ.-മാർ തെരഞ്ഞെടുക്കുമെന്നു് ഹൈക്കമാൻഡ് ഭക്തൻ കരുണാകരനും പറയുമ്പോൾ ജനം ചിരിക്കാതെന്തുചെയ്യും?

പ്രക്ഷുബ്ധമായ രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്തു് ഐക്യമുന്നണിയുടെ വലിയ കപ്പിത്താനെ മാറ്റുകയാണു് കരുണാകരന്റെ ലക്ഷ്യം. 20 എം. എൽ. എ.-മാരെ കിട്ടിയാൽ ഒരു കളികളിക്കാം. ഒന്നുകിൽ തനിക്കു് മുഖ്യമന്ത്രിസ്ഥാനം അല്ലെങ്കിൽ മകനു് കെ. പി. സി. സി. അധ്യക്ഷ സ്ഥാനം സമ്മതമല്ലെങ്കിൽ കപ്പൽ മുങ്ങിയതുതന്നെ.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Peravoor, Vadakkekara, Aranmula Vazhi Oru Kappal (ml: പേരാവൂർ, വടക്കേക്കര, ആറന്മുള വഴി ഒരു കപ്പൽ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Peravoor, Vadakkekara, Aranmula Vazhi Oru Kappal, കെ. രാജേശ്വരി, പേരാവൂർ, വടക്കേക്കര, ആറന്മുള വഴി ഒരു കപ്പൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 10, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An elephant carrying fodder, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.