കേരള രാഷ്ട്രീയം കണ്ട എക്കാലത്തെയും പ്രഗല്ഭനായ ചതുരംഗക്കളിക്കാരനാണു് കെ. കരുണാകരൻ. കളത്തെയും കരുക്കളെയും സംബന്ധിച്ചു് സൂക്ഷ്മജ്ഞാനം, ചടുലമായ നീക്കങ്ങൾ, കുശാഗ്രബുദ്ധി, വിപദിധൈര്യം എല്ലാം ചേരേണ്ടവിധം ചേർന്ന അപൂർവ പ്രതിഭ. ചാണക്യനെ വെല്ലുന്ന തന്ത്ര, കുതന്ത്രങ്ങൾ; മെയ്യു കണ്ണാക്കിയ അഭ്യാസപാടവം.
കണ്ണൂരെ ചിറക്കൽനിന്നു് ചിത്രകല പഠിക്കാൻ തൃശ്ശിവപേരൂർക്കു പുറപ്പെട്ട കണ്ണോത്തു കരുണാകരൻ നാലുവട്ടം കേരള മുഖ്യമന്ത്രിയും കാൽ നൂറ്റാണ്ടിലേറെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവും കുറഞ്ഞൊരു കാലം കേന്ദ്രത്തിൽ കിംഗ്മേക്കറുമായി വിലസിയതു് രാഷ്ട്രീയ കരുനീക്കങ്ങളിലുള്ള പാടവം കൊണ്ടാണു്. ഉമ്മൻചാണ്ടി മനസ്സിൽ കാണുന്നതു് ആന്റണി മരത്തിൽ കാണും, കരുണാകരൻ മാനത്തുകാണും.
കല്യാണീകാന്തന്റെ കടും കൈകൾ പറഞ്ഞാലൊടുങ്ങില്ല. എത്രയെത്ര വീരന്മാരെയാണു് കരുൺജി ഒടിച്ചുമടക്കി മൂലക്കിരുത്തിയതെന്നു് കൈയുംകണക്കുമില്ല. സ്ഥാലീപുലാകന്യായേന രണ്ടുദാഹരണങ്ങൾ പറയാം.
1978. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പിളർന്നു. രാജൻകേസിലെ പ്രതികൂല പരാമർശങ്ങളെത്തുടർന്നു് കിരീടവും ചെങ്കോലും പോയി. കോടതി നിരങ്ങിനടക്കുകയാണു് കരുണാകരൻ. അദ്ദേഹം ഇന്ദിരാജി യുടെ പാർട്ടിയിൽ ചേർന്നു. ആളില്ല, പണമില്ല, എണ്ണിപ്പറയാൻ നേതാക്കളില്ല. ടി. എച്ച്. മുസ്തഫ, പി. പി. ജോർജ്ജ് മുതലായ പ്രതിഭാശാലികളേയുള്ളു ലീഡറോടൊപ്പം. റബർബോർഡ് ചെയർമാൻ പദമൊഴിഞ്ഞു് പാലായിൽ അടങ്ങിയൊതുങ്ങി കുടുംബത്തിരുന്ന പ്രൊഫ. കെ. എം. ചാണ്ടി യെ വീട്ടിൽപോയി ക്ഷണിച്ചു കൊണ്ടുവന്നു് ഇന്ദിരാ കെ. പി. സി. സി.-യുടെ പ്രസിഡന്റാക്കിയതു് കരുണാകരൻ. പിന്നീടങ്ങോട്ടു് രണ്ടാളും ഒറ്റക്കരളായിരുന്നു. ചാണ്ടിയില്ലാതെ കരുണനില്ല, കരുണനില്ലാതെ ചാണ്ടിയുമില്ല. 1982-ൽ യു. ഡി. എഫ്. ഭൂരിപക്ഷം നേടി കരുണാകരൻ മുഖ്യമന്ത്രിയുമായി. അതോടെ ചാണ്ടിസാറിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. ഏറ്റവുമടുത്ത മുഹൂർത്തത്തിൽ അതിയാനെ ലഫ്. ഗവർണറാക്കി പോണ്ടിച്ചേരിക്കു നാടുകടത്തി.
കോൺഗ്രസിൽ കരുണാകരനോ ളം തന്നെ സീനിയറായിരുന്നു എ. എ. റഹീം. തലയെടുപ്പും തറവാടിത്തവും കരുണനേക്കാൾ കൂടും. 1979 അവസാനം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ റഹീമി നു് മൽസരിക്കാൻ കിട്ടിയതു് ജയസാധ്യത നന്നേ കുറഞ്ഞ ചിറയിൻകീഴ് സീറ്റാണു്. ഈഴവരുടെ കൈലാസം, മാർക്സിസ്റ്റ് സി. പി. ഐ. കക്ഷികൾ പ്രബലം. എതിർസ്ഥാനാർഥി വയലാർ രവി സിറ്റിംഗ് മെമ്പർ. വോട്ടെണ്ണിത്തീർന്നപ്പോൾ നേരിയ ഭൂരിപക്ഷത്തോടെ റഹീം ജയിച്ചു. കേന്ദ്രത്തിൽ സഹമന്ത്രിസ്ഥാനവും ലഭിച്ചു.
1984-ൽ വിണ്ടും തെരഞ്ഞെടുപ്പു് റഹീം സ്വദേശമായ കൊല്ലത്തു മൽസരിക്കാൻ മോഹിച്ചു. കരുണാകർജി പക്ഷേ, കൊല്ലം കൃഷ്ണകുമാറി നു കൊടുത്തു. ചിറയിൻകീഴ് തലേക്കുന്നിൽ ബഷീറി നും കൊടുത്തു. കേന്ദ്രമന്ത്രിക്കു മൽസരിക്കാൻ സീറ്റില്ല. റഹീമി നെപ്പോലൊരു സീനിയർ നേതാവു് വെയിൽകൊണ്ടു് തെരഞ്ഞെടുപ്പു പ്രചാരണം നടത്തണോ? രാജ്യസഭാ സീറ്റ് തരാം എന്നു് ലീഡർ ഉറപ്പുകൊടുത്തു. രാജ്യസഭയിലേക്കു് ഒഴിവുവന്നപ്പോൾ ആന്റണി സ്ഥാനാർഥി. റഹീമി നു് അടുത്ത സീറ്റ് വാഗ്ദാനം. അടുത്ത ഒഴിവുവന്നപ്പോൾ കരുണാകരനി ലെ മഹാഗാന്ധിയൻ ഉയിർത്തെഴുന്നേറ്റു. പട്ടികജാതിക്കാരൻ എന്നു പറഞ്ഞു ടി. കെ. സി. വടുതല ക്കു കൊടുത്തു. എ. എ. റഹീം പിന്നീടൊരിക്കലും പാർലമെന്റംഗമായില്ല എന്നുപറഞ്ഞാൽ കഥ കഴിഞ്ഞു അതാണു കരുണാകരൻ!
1995-ൽ മുഖ്യമന്ത്രിപദം നഷ്ടമായപ്പോൾ 1996-ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കാരണവരുടെ കളി അവസാനിച്ചു എന്നുപറഞ്ഞവരുണ്ടു്. പക്ഷേ, അതിനെയും അതിജീവിച്ചു. മുരളീധരനെ കെ. പി. സി.-യുടെ ഏക വൈസ്പ്രസിഡന്റ് തുടർന്നു് പ്രസിഡന്റുമാക്കിയപ്പോൾ ഉമ്മൻചാണ്ടി യെ പുറത്തുനിറുത്തി. കെ. വി. തോമസി നെ മന്ത്രിയാക്കിയപ്പോൾ കരുണാകരന്റെ പല്ലിനു ശൗര്യം തെല്ലും കുറഞ്ഞിട്ടില്ല എന്നു ജനം തിരിച്ചറിഞ്ഞു.
കേരള രാഷ്ട്രീയത്തിലെ പരസ്പര പൂരകങ്ങളായ രണ്ടു് ആത്മാക്കളാണു് ആന്റണി യും കരുണാകരനും. കരുണാകരന്റെ കാപട്യമുണ്ടെങ്കിലേ ആന്റപ്പന്റെ ആദർശശുദ്ധിക്കു ധാവള ്യമുള്ളു. മറിച്ചു് ആന്റണി യുടെ ആവണക്കെണ്ണ മുഖവും അനങ്ങാപ്പാറനയവും കാണുമ്പോഴേ കരുണന്റെ കർമചൈതന്യം ബോധ്യപ്പെടു. കരുണാകരനില്ലെങ്കിൽ ആന്റണിയില്ല, ആന്റണിയില്ലെങ്കിൽ കരുണാകരനുമില്ല.
ആന്റണി ഭൂമിയോളം ക്ഷമിച്ചു. വിട്ടു വീഴ്ച ചെയ്തു. വിട്ടുവീഴ്ച ചെയ്താണു് ആദർശധീരന്റെ മുഖം കോടിയതും സ്വരം പതറിയതും. രാജ്യസഭയിലേക്കു റെബലിനെ നിറുത്തിയപ്പോൾ ഹൈക്കമാന്റ് വാളൂരിയതാണു്. ആന്റണി പറഞ്ഞു് വാൾ ഉറയിലിടുവിച്ചു. അതോടെ കരുണാകരനു് ആവേശം കൂടി. എറണാകുളത്തു് റാലിനടത്തി. ഹൈക്കമാന്റിനെ വെല്ലുവിളിച്ചു. തിരുവനന്തപുരത്തു് യോഗം കൂടി. പുതിയ പാർട്ടിക്കു് തെരഞ്ഞെടുപ്പു ചിഹ്നവും കൊടിയും തീരുമാനിച്ചു. ആന്റണി പിന്നെയും കാലുപിടിച്ചു. മുരളി യെ മന്ത്രിയാക്കി. കരുണാകരനു് രാജ്യസഭാ സീറ്റും, പത്മജ ക്കു് മുകുന്ദപുരം ലോക്സഭാ മണ്ഡലവും കാഴ്ചവെച്ചു.
2004 മേയിൽ നടന്ന തെരഞ്ഞെടുപ്പു് ആന്റണി ക്കും കരുണാകരനും വാട്ടർലു ആയി. പത്മജ തോറ്റു, മുരളി തോറ്റു, ചെന്നിത്തല യും സുധീരനും വരെ തോറ്റു. കോൺഗ്രസ് കടപുഴകി. ഉമ്മൻചാണ്ടി യും കൂട്ടരും അന്തോണിസുപുണ്യാളനെ പിന്നിൽനിന്നു കുത്തി. മദാമ്മാ ഗാന്ധിയുടെ അപ്രിയത്തിനു പാത്രീഭൂതനായി പുണ്യാളച്ചൻ പടിയിറങ്ങി. തൽസ്ഥാനത്തു് പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് മുഖ്യനായി. പരിശുദ്ധ കാതോലിക്കാബാവക്കും മലയാളമനോരമക്കും സ്തോത്രം!
ആന്റണി വീണപ്പോൾ കരുണാകരന്റെ കളി കഴിഞ്ഞു. മന്ത്രിസഭാ രൂപവത്കരണ വേളയിൽ കാരണവർ കൊടുത്ത ലിസ്റ്റ് കുഞ്ഞൂഞ്ഞ് കുട്ടയിലിട്ടു. കരുണാകരപക്ഷപാതികളായ ബാലകൃഷ്ണപിള്ള ക്കും ടി. എം. ജേക്കബിനും വരെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ലീഡർക്കും മകനും പാർട്ടിയിൽ പുല്ലുവിലയായി. ഒന്നുകിൽ പാർട്ടി വിട്ടുപോകുക അല്ലെങ്കിൽ ആട്ടും തുപ്പുമേറ്റു് കഴിയുക. ഉമ്മൻചാണ്ടി യുടെ അവഹേളനത്തിനൊപ്പം പിണറായി യുടെ പ്രലോഭനം കൂടിയായപ്പോൾ മുരളീധരനു് പിടിച്ചുനിൽക്കാനായില്ല—അങ്ങനെ ഡി. ഐ. സി. (കെ) ഉണ്ടായി.
കരുണകരനെ യും പരിവാരങ്ങളെയും പടിയടിച്ചു പിണ്ഡംവെക്കുന്നതിനു് ആന്റണി എതിരായിരുന്നു. കാരണം കരുണനില്ലെങ്കിൽ പിന്നെ കേരളരാഷ്ട്രീയത്തിൽ ആദർശധീരനു പ്രസക്തിയില്ല. ഇക്കാര്യം ആന്റണി യേക്കാൾ നന്നായി ഉമ്മൻചാണ്ടി ക്കു് അറിയാം. അതുകൊണ്ടു് മുരളി യെ കോൺഗ്രസിൽനിന്നു് സസ്പെന്റ് ചെയ്യിക്കാനും പുറത്താക്കാനും കുഞ്ഞൂഞ്ഞ് ഉൽസാഹിച്ചു. കരുണജി ഒഴിഞ്ഞ രാജ്യസഭാ സീറ്റിൽ ആന്റണി യെ ദൽഹിക്കയയ്ക്കുന്നതിലും ഉമ്മൻചാണ്ടി വിജയിച്ചു. പാർട്ടിയും മുന്നണിയും ഭരണവും പൂർണമായി അതിയാന്റെ കൈയിൽ അമർന്നു. പക്ഷേ, ഉമ്മൻചാണ്ടി തൊട്ടതൊക്കെ പിഴച്ചു. അറുവഷളൻ ഭരണം. ആന്റണി എത്ര ഭേദമായിരുന്നു എന്നു് ആളുകളെക്കൊണ്ടു് പറയിച്ചു.
കറുപ്പനയ്യാ മൂപ്പനാരും ചിദംബരവും തമിഴ്‌നാട്ടിൽ പയറ്റിയ തന്ത്രമാണു കരുണാകരനും മകനും ഇവിടെ പരീക്ഷിച്ചതു്. ഇടതുമുന്നണിയിൽ ഇടംനേടുക, ഉമ്മൻ കോൺഗ്രസിനെ നാമാവശേഷമാക്കി കരുത്തുതെളിയിക്കുക, യഥാർഥ കോൺഗ്രസ് തങ്ങളുടേതെന്നു് ഹൈക്കമാന്റിനു മുന്നിൽ തെളിയിക്കുക. പിണറായി യും മുരളി യും തമ്മിൽ സീറ്റുവിഭജനം മാത്രമല്ല, മന്ത്രിമാരുടെ വകുപ്പുചർച്ചവരെ കഴിഞ്ഞു. കരുനീക്കം വൻ വിജയമായേനെ—പോളിറ്റ് ബ്യൂറോയുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഡി. ഐ. സി.-യുമായി സഖ്യമോ ധാരണയോ പാടില്ലെന്നു് കാരാട്ട് ശഠിച്ചപ്പോൾ മുരളി യുടെ മുഖകമലം വാടി കരുണാകരന്റെ കണക്കുകൂട്ടൽ അമ്പേ തെറ്റി.
തക്കസമയത്തു് കുഞ്ഞാലിക്കുട്ടി ഇടപെട്ടു് കരുണാകരാ ദികളെ യു. ഡി. എഫ്. ക്യാമ്പിലേക്കു തിരിച്ചുകൊണ്ടുപോയി. മുരളി ക്കു പിടിച്ചുകയറാൻ കൊടുവള്ളിയും ഒരുക്കി കോൺഗ്രസുകാർ പരസ്പരം വാരി. വിരുദ്ധ ഗ്രൂപ്പുകാരുടെ പരാജയം ഉറപ്പാക്കി കൊടുവള്ളി പൊട്ടി. മുരളീധരൻ മലർന്നടിച്ചുവീണു.
ഇടതുമുന്നണിയിൽ ചേക്കേറാൻ അവസാനശ്രമമെന്ന നിലക്കാണു് കരുണാകരനും കൂട്ടരും എൻ. സി. പി.-യിൽ ചേർന്നതു്. തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിനു വേണ്ടി നടന്നു പ്രസംഗിക്കുകയും ചെയ്തു. കിംഫലം? തെരഞ്ഞെടുപ്പുകഴിഞ്ഞപ്പോൾ മുരളി മാത്രമല്ല സിറിയക് ജോണും ശശീന്ദ്രനും വരെ ഇടതുമുന്നണിക്കു പുറത്തായി. കാരണവരുടെ തന്ത്രങ്ങൾ പിന്നെയും പിന്നെയും പാളുന്നുവെന്നു് തിരിച്ചറിഞ്ഞപ്പോൾ ശങ്കരനും ശോഭന യുമൊക്കെ മാതൃസംഘടനയിലേക്കു മടങ്ങി. കടത്തുവള്ളം യാത്രയായീ… കരയിൽ നീ മാത്രമായീ.
അങ്ങനെ കരുണാകരനും മകനും ഒരു മുന്നണിയിലുമില്ലാതെ രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ കഴിയുമ്പോഴാണു് ഐക്യകാഹളം മുഴങ്ങുന്നതു്. കരുണാകരനെ തിരിച്ചുകൊണ്ടുവന്നു് കോൺഗ്രസിനെ ശക്തിപ്പെടുത്തണം!
കരുണാകരകലാപവും ഡി. ഐ. സി.-യുടെ ആവിർഭാവവും കോൺഗ്രസിനെ ദുർബലമാക്കിയിരുന്നു എന്നതു് സത്യം. നല്ലൊരു ഭാഗം പ്രവർത്തകർ പ്രത്യേകിച്ചു് യുവാക്കൾ ലീഡർക്കൊപ്പം പാർട്ടി വിട്ടിരുന്നു. പാർട്ടി അനുഭാവികളിലോ സ്ഥിരം വോട്ടർമാരിലോ അത്രവലിയ ചോർച്ച ഉണ്ടായില്ലതാനും. പക്ഷേ, പ്രവർത്തകരുടെ അഭാവം തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു് വലിയ മാന്ദ്യം സൃഷ്ടിക്കുകയും പരാജയത്തിലേക്കു വഴിതെളിക്കുകയും ചെയ്യുന്നതു് എറണാകുളം ഉപതെരഞ്ഞെടുപ്പു മുതൽ വ്യക്തമാണു്. ഡി. ഐ. സി./എൻ. സി. പി. അസ്തമിക്കുന്നതോടെ പ്രവർത്തകർ കോൺഗ്രസിലേക്കു തിരിച്ചു വരും എന്നതും ഉറപ്പാണു്.
കരുണാകരനും പരിവാരങ്ങളും പോയതോടെ കോൺഗ്രസിനുണ്ടായ പ്രധാന മേന്മ ഗ്രൂപ്പിസം അവസാനിച്ചു എന്നതാണു്. നേതാവില്ലാതെ പഴയ ഐ ഗ്രൂപ്പുകാർ നിസ്തേജരായി. ഐ ഗ്രൂപ്പില്ലാതായതോടെ എ ഗ്രൂപ്പും ഗ്രൂപ്പില്ലാ ഗ്രൂപ്പുമൊക്കെ അപ്രസക്തമായി. എ ഗ്രൂപ്പിൽ ഉമ്മൻചാണ്ടി നയിക്കുന്ന കോർഗ്രൂപ്പു മാത്രം നിലനിന്നു. അവർ പരമശക്തരായി. പാർട്ടി കുഞ്ഞൂഞ്ഞിന്റെയും കൂട്ടാളികളുടെയും പിടിയിലൊതുങ്ങി.
കോർഗ്രൂപ്പെന്നു പറഞ്ഞാൽ ഉമ്മൻചാണ്ടി യും കാളി കൂളി വേതാളങ്ങളും ഉൾപ്പെട്ട ചെറുസംഘമാണു്. അസുരഗുരു ശുക്രാചാര്യരുടെ വേഷത്തിൽ ആര്യാടൻ മുഹമ്മദ്, സന്തത സഹപ്രവർത്തകരായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സി. ജോസഫ്. ഡൊമിനിക് പ്രസന്റേഷൻ കുഞ്ഞൂഞ്ഞിന്റെ ഇടംകൈയും വലംകൈയുമായി പി. ടി. തോമസും ബെന്നി ബഹനാനും ഇവരാണു് സംസ്ഥാനത്തു് കോൺഗ്രസിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതു്. എം. എം. ഹസനും എം. എ. കുട്ടപ്പനും സീറ്റു നിഷേധിക്കാൻ പോലും ശക്തരാണു്. ഈ സംഘം ചങ്കുറപ്പും മനോരമയുടെ പിന്തുണയുമാണു് കോർഗ്രൂപ്പിന്റെ മുലധനം.
ഉമ്മൻചാണ്ടി യുടെ വാലാണു് രമേശ് ചെന്നിത്തല എന്ന സത്യം വെട്ടിത്തുറന്നു പറഞ്ഞതു് വീരശ്രീ വെള്ളാപ്പള്ളി നടേശൻ. എൻ. എസ്. എസ്. ജനറൽസെക്രട്ടറി സുകുമാരൻ നായരു ടെയും പിൻബലമാണു് കെ. പി. സി. സി. അധ്യക്ഷന്റെ പ്രധാന ‘യോഖ്യത’. രമേശ്ജി പ്രസിഡന്റായി വന്നപ്പോഴാണു് കെ. മുരളീധരൻ എത്രകേമനായിരുന്നു എന്നു് കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞതു്.
കെ. വി. തോമസുംകടവൂർ ശിവദാസനും മുതൽ പി. ശങ്കരനും എം. എ. ചന്ദ്രശേഖരനും വരെയുള്ള പഴയ ഐ ഗ്രൂപ്പുകാർ, ജി. കാർത്തികേയനെ യും എം. ഐ. ഷാനവാസി നെയും പോലുള്ള മുൻ മൂന്നാംചേരിക്കാർ ടി. എച്ച്. മുസ്തഫ, കെ. കെ. രാമചന്ദ്രൻ, പി. സി. ചാക്കോ എന്നിങ്ങനെയുളള ഒറ്റയാന്മാർ വി. എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തലേക്കുന്നിൽ ബഷീർ, കെ. മുഹമ്മദാലി മുതലായ ആന്റണി ബ്രാൻഡ് ആദർശധീരർ—ഇവരൊക്കെ അസംതൃപ്തരും അസ്വസ്ഥരുമാണു്. ഉമ്മൻചാണ്ടി ക്ലീക്കിന്റെ അപ്രമാദിത്വം അവസാനിക്കണം. അഹിംസാപാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പുതുയുഗം പിറക്കണം എന്നു് അവരൊക്കെ ആത്മാർഥമായി ആഗ്രഹിക്കുന്നു.
അശരണർക്കും ആലംബഹീനർക്കും ആശ്രയം ആദർശധിരനല്ലാതെ മറ്റാരു്? കേന്ദ്രത്തിൽ പ്രതിരോധമന്ത്രി വരെ ആകാൻ കഴിഞ്ഞെങ്കിലും തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു് പുകച്ചുചാടിച്ച ഉമ്മൻചാണ്ടി യോടു് അടങ്ങാത്ത പക വെച്ചു പുലർത്തുന്നയാളാണു് അന്തപ്പൻ, സുധീരൻ, തലേക്കുന്നിൽ, മുല്ലപ്പള്ളി പ്രഭൃതികൾക്കൊകെ ആന്റണി യുടെ മനോഗതം കൃത്യമായി അറിയാം. അവരും പ്രതികാരത്തിനായി ദാഹിക്കുന്നവരാണു്.
ആന്റണി ക്കു് 2009 മേയിലോ അതിനു മുമ്പോ കേന്ദ്രമന്ത്രി ഉദ്യോഗം അവസാനിപ്പിച്ചു് സംസ്ഥാനത്തേക്കു മടങ്ങിവരണം. തൽസമയത്തു് ഉമ്മൻചാണ്ടി യെ മാറ്റണം. 2011-ൽ വീണ്ടും കേരള മുഖ്യമന്ത്രിയാകണം. വളരെ ലളിതമായ അജണ്ട.
പക്ഷേ, ആന്റണി ക്കു വലിയൊരു പരാധീനതയുണ്ടു്. അദ്ദേഹം ആദർശധീരനാണു് പരസ്യമായി ഗ്രൂപ്പുപ്രവർത്തനം നടത്താൻ പറ്റില്ല—അതും വൽസലശിഷ്യൻ ഉമ്മൻചാണ്ടി ക്കെതിരെ. സുധീരനെ ക്കൊണ്ടോ മുല്ലപ്പള്ളി യെകൊണ്ടോ അസംതൃപ്തരെ ഒരു കൊടിക്കീഴിൽ അണിനിരത്താനുമാവില്ല. പ്രശ്നം രണ്ടാണു്. ഒന്നാമതു് സുധീരനെ കെ. കെ. രാമചന്ദ്രനും ടി. എച്ച്. മുസ്തഫ യുമൊന്നും നേതാവായി അംഗീകരിക്കില്ല. രണ്ടാമതു് ആന്റണി യും സുധീരനും തമ്മിലുള്ള ഹൃദയൈക്യം ഇന്നാട്ടിൽ കൊച്ചുകുട്ടികൾക്കുവരെ അറിയാം.
ഇത്തരമൊരു വിഷമസന്ധിയിൽ ആദർശധീരന്റെ വളക്കൂറുള്ള ബുദ്ധിയിൽ തെളിഞ്ഞ പരിഹാരമാർഗമാണു് ഐക്യകാഹളം. കരുണാകരനെ അംഗീകരിക്കാൻ മുസ്തഫ തയാർ, മുല്ലപ്പള്ളി തയാർ, പി. സി. ചാക്കോ യും എം. ഐ. ഷാനവാസും, ജി. കാർത്തികേയനും തയാർ, എം. എം. ജേക്കബു മുതൽ ശോഭനാ ജോർജ്ജ് വരെയുള്ളവർ—തയാർ, തയാർ, തയാർ! ഹൈക്കമാന്റ് പച്ചക്കൊടി കാണിച്ചാൽ മാത്രം മതി. കാരണവർ തിരിച്ചുവരും. കായാകൽപ ചികിൽസകൊണ്ടു് പാർട്ടിയെ ശക്തിപ്പെടുത്തും. ആദ്യം രമേശ് ചെന്നിത്തല യെ വടക്കോട്ടു് വിടും, പിന്നെ ഉമ്മൻചാണ്ടി യെ മൂലക്കിരുത്തും. ഒത്തുതീർപ്പു് സ്ഥാനാർഥിയായി ആന്റണി മടങ്ങിവരും. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും.
സോണിയ വിളിച്ചാൽ രാഹുൽ നിർബന്ധിച്ചാൽ കരുണാകരനു് നിഷേധിക്കാനാവില്ല. നെഹ്റുജി ഇന്ദിരാജി മാരുടെ കാലംമുതൽ നെഹ്റു-ഗാന്ധിജി കുടുംബവുമായുള്ള ബന്ധം അതാണു് അച്ഛനോടൊപ്പം ചെന്നു് പാർട്ടിയെ ശക്തിപ്പെടുത്താൻ പത്മജ ക്കും കൊതിയായി. എൻ. സി. പി. തകർന്നിട്ടായാലും നാത്തൂൻ ചത്തിട്ടായാലും ആങ്ങളയുടെ കണ്ണീർ കാണണമെന്നേയുള്ളു മലർമങ്കക്കുമോഹം.
അങ്ങനെ ഐക്യകാഹളം മുഴങ്ങി. കരുണാകരനെ തിരിച്ചുകൊണ്ടുവരണമെന്നു ആദ്യം പറഞ്ഞതു്. എം. എം. ജേക്കബ് പിന്നെ കെ. കെ. രാമചന്ദ്രനും ടി. എച്ച്. മുസ്തഫ യുമൊക്കെ അതു് ആവർത്തിച്ചു. ഘടകകക്ഷികളും മടിച്ചുനിന്നില്ല, മാണി യും പിള്ള യും ജേക്കബു മൊക്കെ കരുണകാരന്റെ പ്രസക്തിയെപ്പറ്റി വാചാലരായി. കരുണാകരനെ വിളിക്കു, ഐക്യമുന്നണിയെ രക്ഷിക്കൂ!
കരുണാകരനെ തിരിച്ചുവിളിക്കണം എന്നു തെളിച്ചുപറഞ്ഞില്ലെങ്കിലും കോൺഗ്രസിന്റെ ‘അടിത്തറ’ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ആന്റണി യും വ്യക്തമാക്കി. ഏതാണ്ടു് ഇതുപോലൊരു പ്രസ്താവന പാസാക്കി വയലാർ രവി യും ധന്യനായി.
ഹൈക്കമാന്റ് പ്രശ്നം പഠിക്കാൻ മുഹ്സിന കിദ്വായി യെ കേരളത്തിലേക്കയച്ചു. ഉമ്മൻചാണ്ടി യും ചെന്നിത്തല യും കൂടി മുഹ്സിന യെ കുപ്പിയിലിറക്കി. കരുണാകരന്റെ നിഴൽപറ്റി മുരളീധരനും പാർട്ടിയിലേക്കു തിരിച്ചുവരണം. അച്ചടക്കം കുട്ടിച്ചോറാകുമെന്നും ബോധ്യപ്പെടുത്തി. ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണു മുഹ്സിന അധികം പറഞ്ഞതു്.
അച്ഛന്റെ രാഷ്ട്രീയ ഭാവിക്കു ദുർനിമിത്തമാകേണ്ട എന്ന ചിന്താഗതി കാരണം മുരളി കരുണാകരനെ എൻ. സി. പി.-യിൽനിന്നു വിടുതൽ ചെയ്തു. ഇനി അച്ഛനായി അച്ഛന്റെ പാടായി. സർവതന്ത്ര സ്വതന്ത്രനായി, കുളിച്ചു കുറിതൊട്ടു ശുദ്ധനായി ഭക്ത കരുണാകരൻ മദാമാഗാന്ധിയുടെ പടിവാതിൽക്കൽ വിളികാത്തു് ചെവി വട്ടംപിടിച്ചു നിൽക്കുന്നു.
വയോധികനും രോഗാതുരനുമായ മുതിർന്ന നേതാവിനെ കരുവാക്കി ചതുരംഗം കളിക്കുകയാണു് ക്രൂര നസ്രാണികൾ—ആന്റണി യും ഉമ്മൻചാണ്ടി യും. അച്ഛനെ കരുവാക്കി അതേ കളിതന്നെ ആവർത്തിക്കുന്നു. മുരളി യും പത്മജ യും ചാണ്ടി സാറിന്റെ, റഹീം സാഹിബിന്റെ സേവ്യർ അറയ്ക്കലി ന്റെ വേറെയും ഒരുപാടു് പേരുടെ ശാപം കരുണാകർജി യുടെ തലക്കുമീതെയുണ്ടു്. ആരുടെയൊക്കെ എന്തൊക്കെ വിനോദങ്ങൾക്കു വിധേയനായാലാണു് അദ്ദേഹത്തിന്റെ ആയുസ്സൊടുങ്ങുക? കൃഷ്ണാ, ഗുരുവായൂരപ്പാ, ഭക്തവൽസലാ, കരുണനു നീയേ തുണ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.