നടികർ തിലകം ശിവാജി ഗണേശനെ ഒരുകാലത്തു് തമിഴിലെ ദിലീപ് കുമാർ എന്നാണു് വിവരദോഷികൾ വിശേഷിപ്പിച്ചിരുന്നതു്. ആത്മാഭിമാനികളായ തമിഴകർ ദിലീപിനെ ഹിന്ദിസിനിമയിലെ ശിവാജിയെന്നു് വിളിച്ചു് തിരിച്ചടിച്ചെന്നാണു് ചരിത്രം. മുത്തുവേൽ കരുണാനിധി യെ നാളിതുവരെ തമിഴ്‌നാട് ബാദൽ എന്നു് വിളിക്കാൻ ആരും മുതിർന്നിട്ടില്ല. അതുകൊണ്ടുതന്നെ പ്രാകാശ്സിംഗ് ബാദലി നെ പഞ്ചാബ് കലൈഞ്ജർ എന്നു് തിരിച്ചുവിളിക്കാനും ഇടവന്നില്ല.
ഒറ്റനോട്ടത്തിൽ വൈജാത്യങ്ങളാണു് കൂടുതൽ. കലൈഞ്ജർക്കു് താടിയും തലപ്പാവുമില്ല. ബാദലിനു് കറുപ്പു കണ്ണടയോ മഞ്ഞ ഷാളോ പതിവില്ല. തനി നാസ്തികനാണു് കരുണാനിധി; പരമഭക്തനാണു് സർദാർജി. പഞ്ചാബിഭാഷയോടും ഗുർമുഖി ലിപിയോടുമുള്ള സ്നേഹം നിലനിറുത്തിക്കൊണ്ടുതന്നെ അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കാൻ ബാദലിനു് മടിയില്ല. കലൈഞ്ജർ തമിഴേ ശ്വസിക്കൂ. തമിഴേ എഴുതൂ. തമിഴേ പറയൂ.
വിശദാംശങ്ങളിൽ ഇവർ തമ്മിലുള്ള സാദൃശ്യം അദ്ഭുതാവഹം. കരുണാനിധി ജനിച്ചതു് 1924-ൽ, ദ്രാവിഡ കഴകത്തിൽ ചേർന്നതു് 1948-ൽ, മദ്രാസ് നിയമസഭാംഗമായതു് 1957-ൽ. ബാദൽ ജനിച്ചതു് 1925-ൽ, അകാലിദൾ പ്രവർത്തകനായതു് 1947-ൽ, പഞ്ചാബ് നിയമസഭയിലേക്കു് ആദ്യം ജയിച്ചതു് 1957-ൽ. പഞ്ചാബിലും തമിഴ്‌നാട്ടിലും കോൺഗ്രസിന്റെ അധികാരകുത്തക തകർന്നതു് ഒരേ വർഷം—1967. അണ്ണാ ദുരയുടെ മന്ത്രിസഭയിൽ മരാമത്തുവകുപ്പിന്റെ ചുമതലക്കാരൻ കരുണാനിധി; സർദാർ ഗുർണാസിംഗിന്റെ സാമൂഹിക വികസന-പഞ്ചായത്തുകാര്യ മന്ത്രി പ്രകാശ് സിംഗ് ബാദൽ. കരുണാനിധി ആദ്യം മുഖ്യമന്ത്രിയായതു് 45-ാം വയസ്സിൽ, 1969-ൽ. ആദ്യമായി മുഖ്യമന്ത്രി പദമേൽക്കുമ്പോൾ ബാദലിന്റെ പ്രായവും 45 തന്നെ. വർഷം 1970. 356-ാം അനുച്ഛേദത്തിന്റെ ഇരകളായിട്ടുണ്ടു് ഇരുവരും. 1980-ൽ ബാദലിന്റെ മന്ത്രിസഭയെ കേന്ദ്രം ഡിസ്മിസ് ചെയ്തു. 1975-ലും 1991-ലും അതേ വിധിയുണ്ടായി കരുണാനിധി നയിച്ച മന്ത്രിസഭകൾക്കും.
തീവ്രവാദ-വിഘടനവാദ പ്രസ്ഥാനങ്ങൾ ഇരുനേതാക്കളുടെയും ജീവചരിത്രത്തിൽ കരിനിഴൽ വീഴ്ത്തുന്നു. ഖാലിസ്ഥാൻ വാദികളുമായി ബാദലിനും എൽ. ടി. ടി. ഇ.-യുമായി കരുണാനിധിക്കുമുള്ള ബന്ധം സുവിദിതം. ഇന്ദിരാഗാന്ധി യുടെ ജീവനെടുത്തതു് സിക്ക് തീവ്രവാദികൾ, രാജീവിനെ വധിച്ചതു് തമിഴ് പുലികൾ. ബാദലിനെയോ കലൈജ്ഞറെയോ തീവ്രവാദികൾക്കു് പ്രിയം പോര… തമിഴ് അതിതീവ്രവാദികൾ വൈകോയുടെ കൂടെ, സിഖ് അത്യുഗ്രവാദികൾ സിംരജ്ഞിത് സിംഗ് മാനോ ടൊപ്പം.
ഉറ്റ സഹപ്രവർത്തകനായിരുന്ന എം. ജി. രാമചന്ദ്രൻ വേറെ പാർട്ടിയുണ്ടാക്കി ഒരു വ്യാഴവട്ടക്കാലം (1977–89) കലൈഞ്ജറെ പ്രതിപക്ഷത്തിരുത്തി. ബാദലിനുമുണ്ടായിട്ടുണ്ടു്. അകാലി രാഷ്ട്രീയത്തിൽ ഗ്രഹണകാലം. 1985-ൽ സീനിയോറിറ്റി മറികടന്നു് സുർജിത് സിംഗ് ബർണാല മുഖ്യമന്ത്രിയായി. 1980-ൽ നഷ്ടപ്പെട്ട മുഖ്യമന്ത്രി പദം വീണ്ടെടുക്കാൻ ബാദലിനു് 1997 വരെ കാത്തിരിക്കേണ്ടിവന്നു.
ബാദലും കരുണാനിധിയും ഒരുപോലെ അഴിമതിയാരോപണ വിധേയർ ദോഷം പറയരുതല്ലോ, ആരോപണം ഉന്നയിക്കുന്നവർ ഇവരേക്കാൾ അഴിമതിക്കാർ. ജനനന്മയെ ലാക്കാക്കി രണ്ടുപേരും മക്കളെ രാഷ്ട്രീയത്തിലിറക്കിയിട്ടുണ്ടു്. കലൈജ്ഞറുടെ അനന്തരാവകാശി മു. ക. സ്റ്റാലിൻ, മുൻ ചെന്നൈ മേയർ; പ്രകാശിന്റേതു് സുഖ്ബീർ സിംഗ് ബാദൽ, ഫരീദ് കോട്ടിൽനിന്നുള്ള പാർലമെന്റംഗം.
മരണപര്യന്തം അധികാരത്തിൽ തുടരണം, ജനങ്ങളെ സേവിക്കണം എന്നു നിർബന്ധമുള്ളവരാണു് ഇന്ത്യാ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം നേതാക്കളും. സാമാന്യനിയമത്തിനു് അപവാദമല്ല കലൈജ്ഞറും ബാദലും. കഴിഞ്ഞ മേയിൽ, തന്റെ 82-ാം വയസ്സിൽ തമിഴക മുതൽ അമൈച്ചർ പദവിയിൽ മടങ്ങിയെത്തി, മുത്തുവേൽ കരുണാനിധി. ബാദലിനിപ്പോൾ 82 നടപ്പാണു്. അധികാരം, ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ല.
ഫെബ്രുവരി 13-നു് പഞ്ചാബ് നിയമസഭയിലേക്കു് തെരഞ്ഞെടുപ്പാണു്. ഒരുവശത്തു് കോൺഗ്രസ്, മറുവശത്തു് അകാലിദൾ-ബി. ജെ. പി. സഖ്യം. ഇടതു-വലതു് കമ്യൂണീസ്റ്റു പാർട്ടികളും ബൽവന്ത് സിംഗ് രാമുവാലിയ യുടെ ലോക് ഭലായ് പാർട്ടിയും വിമത ബി. എസ്. പി.-യും ചേർന്ന മൂന്നാം മുന്നണി. പിന്നെ എരിയുംവെയിലത്തുകയിലും കുത്തി ബി. എസ്. പി.-യും മാൻ വിഭാഗം അകാലിദളും.
കോൺഗ്രസ് സേനയെ നയിക്കുന്നതു് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, പാട്യാല രാജകുടുംബാംഗം, മുൻ പട്ടാള ഉദ്യോഗസ്ഥൻ. അകാലികളുടെ അഴിമതി അവസാനിപ്പിക്കും, സൽഭരണം ഉറപ്പാക്കും, കണ്ണല്ലാത്തതൊക്കെ പൊന്നാക്കും എന്നു് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ദേഹം. ബാദലിനെതിരെ അഴിമതിക്കേസുകൾ റജിസ്റ്റർ ചെയ്തു എന്നതു് സത്യം.
ഉമ്മൻചാണ്ടി യേക്കാൾ വിദഗ്ദ്ധമായി വിരുദ്ധ ഗ്രൂപ്പുകളെ തളച്ചവൻ അമരേന്ദ്രൻ. രജീന്ദർ കൗർ ഭട്ടലും ഷംഷേർ സിംഗ് ദുള്ളോ യും നിഷ്പ്രഭരായി. മുഖ്യമന്ത്രിയെ മാറ്റാൻ വിമതർ നടത്തിയ സകല ശ്രമവും പരാജയത്തിൽ കലാശിച്ചു. മുഖ്യനാണെങ്കിൽ ബന്ധുക്കൾക്കും അനുയായികൾക്കും വാരിക്കോരിക്കൊടുത്തു. സ്ഥാനാർഥി നിർണയത്തിലും ഇതാവർത്തിച്ചു. സീറ്റു കിട്ടാത്തവരത്രയും സ്വതന്ത്രരായി പത്രിക കൊടുത്തു. റിബലുകളുടെ ഒമ്പതാമുൽസവം.
2002-ൽ പോലും കോൺഗ്രസിനു് അകാലിദളിനെ നിലംപരിശാക്കാൻ കഴിഞ്ഞില്ല. ഹിന്ദു ഭൂരിപക്ഷ കേന്ദ്രങ്ങളിൽ ബി. ജെ. പി.-ക്കാണു് കനത്ത അടി കിട്ടിയതു്. 117 അംഗനിയമസഭയിൽ കോൺഗ്രസ് 62, സി. പി. ഐ. 2, അകാലിദൾ 41, ബി. ജെ. പി. 3, കക്ഷിരഹിതർ 9. കോൺഗ്രസിനും സി. പി. ഐ.-ക്കും കൂടി 37.96 ശതമാനം വോട്ട് കിട്ടിയപ്പോൾ അകാലി-ബി. ജെ. പി. സഖ്യത്തിനു് 36.75 ശതമാനം നേടാൻ കഴിഞ്ഞു.
ഇത്തവണ കോൺഗ്രസ്-സി. പി. ഐ. ധാരണയില്ല. സഖാക്കൾക്കു് ഒന്നോ ഒന്നരയോ സീറ്റ് ജയിക്കാനൊത്താൽ ഭാഗ്യം. മിക്ക സ്ഥലത്തും ജാമ്യസംഖ്യ പോകുമെന്നതും സ്പഷ്ടം. പക്ഷേ, കമ്യൂണിസ്റ്റുകാർ ഭിന്നിപ്പിക്കുന്ന മതേതര വോട്ടുകൾ കോൺഗ്രസിന്റെ കുഴിമാന്തും. കാൻഷിറാമിന്റെ ജന്മദേശമാണു് പഞ്ചാബ്. ബി. എസ്. പി. പിൻവലിക്കുന്നതും കോൺഗ്രസിന്റെ വോട്ടുബാങ്കിൽനിന്നു തന്നെ.
1999-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു് കോൺഗ്രസിനായിരുന്നു മുൻതൂക്കം. 2002-ൽ നിയമസഭയിലേക്കും അതേ ജനവിധി ആവർത്തിച്ചു. 2004-ലെ ലോൿസഭാ തെരഞ്ഞെടുപ്പിൽ അകാലി-ബി. ജെ. പി. സഖ്യം വൻവിജയം നേടി. അകാലിദളിനു് എട്ടും ബി. ജെ. പി.-ക്കു് മൂന്നും സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിനു് പാട്യാലയും ജലന്ധറും മാത്രമേ ജയിക്കാനായുള്ളൂ. മുതിർന്ന നേതാവു് ആർ. എൽ. ഭാട്യ കുത്തക സീറ്റായ അമൃത്സറിൽ ക്രിക്കറ്റ് കളിക്കാരനോടു് തോറ്റു് ബൗളർ ഹാറ്റിട്ടു. ഭാട്യാജിയെ പിന്നീടു് ഗവർണറാക്കി കേരളത്തിലേക്കു് നാടുകടത്തി.
പാർട്ടി ഭരിക്കുന്ന രണ്ടു് സംസ്ഥാനങ്ങളിലാണു് 2004-ൽ കോൺഗ്രസിനു് തിരിച്ചടിയുണ്ടായതു്. ഒന്നു് കേരളം, മറ്റേതു് പഞ്ചാബ്. പ്രബുദ്ധ കേരളം 2006-ൽ നിയമസഭയിലേക്കു് അതേ വിധിയെഴുത്തു് ആവർത്തിച്ചു. ഇതു് പഞ്ചാബിന്റെ ഊഴം.
ഗ്രാമീണ സിഖ് കർഷകരാണു് അകാലി ദളിന്റെ നട്ടെല്ലു്. ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റിയുടെ പിന്തുണയും നിർണായകം. പട്ടണങ്ങളിലാണു് ബി. ജെ. പി.-ക്കു് വേരോട്ടം—പ്രത്യേകിച്ചും കച്ചവടക്കാർക്കിടയിൽ. ഒന്നിടവിട്ട തെരഞ്ഞെടുപ്പുകളിൽ ജാതിഹിന്ദുക്കൾ കോൺഗ്രസിനെയും ബി. ജെ. പി.-യെയും മാറിമാറി പരീക്ഷിക്കുന്നു. എതുപക്ഷം ജയിച്ചാലും അവരുടെ മേൽക്കൊയ്മ നിലനിൽക്കുകയും ചെയ്യുന്നു.
അറുപതുകളിൽ ആരംഭിച്ചതാണു് പഞ്ചാബിലെ അകാലി-ബി. ജെ. പി. സഖ്യം. ബർണാല കത്തിനിന്ന എൺപതിന്റെ മധ്യത്തിൽ മാത്രമേ അതു് ശിഥിലമായിരുന്നുള്ളൂ. ബാദലും വാജ്പേയി യും ഉറ്റ സുഹൃത്തുക്കളാണു്. മൊറാർജി മന്ത്രിസഭയിൽ കുറച്ചുകാലം സഹപ്രവർത്തകരായിരുന്നു. 1998–2004 കാലത്തു് വാജ്പേയിയുടെ മന്ത്രിസഭയിലും അകാലികളുണ്ടായിരുന്നു. അകാലിദളിനെ പിണക്കാതിരിക്കാൻ ബി. ജെ. പി. നേതൃത്വം ദത്തശ്രദ്ധരാണു്. ലോൿസഭയിലെ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ചരൺജിത് സിംഗ് അട്വാളിനു് നൽകിയതു് മകുടോദാഹരണം.
മുമ്പൊക്കെ പഞ്ചാബ്-ഹരിയാന ബന്ധം സംഘർഷഭരിതമായിരുന്നു. ബിയാന്ത്-സത്ലജ് നദീജലതർക്കം, ചണ്ഡീഗഢ്, അബോഹർ-ഫസ്ലിക്ക കൈമാറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങൾ. കേന്ദ്രം ഹരിയാനയെ വഴിവിട്ടു സഹായിക്കുന്നു എന്നായിരുന്നു അകാലിദളിന്റെ ആക്ഷേപം. (മറിച്ചു് ഹരിയാനയെ അവഗണിക്കുന്നു എന്നു് ദേവിലാലിന്റെയും) ഇപ്പോൾ അത്തരം വിഷയങ്ങളൊന്നും സജീവമല്ല. അകാലിദളിനു് വേണ്ടി ഓംപ്രകാശ് ചൗത്താല പ്രചാരണത്തിനെത്തുന്നു. ഹിന്ദു ജാട്ടുകൾക്കിടയിൽ ചൗത്താലക്കുള്ള സ്വാധീനം അകാലി-ബി. ജെ. പി. സഖ്യത്തിനു് ഗുണകരമാകും. 36 സീറ്റുകളിൽ ഹിന്ദു വോട്ട് നിർണായകമാണു്. അകാലിദൾ സ്വന്തം നിലക്കു് ഏഴു് ഹിന്ദുക്കളെ സ്ഥാനാർഥികളാക്കിയിട്ടുണ്ടു്.
“കർഷകർക്കു് വൈദ്യുതി സൗജന്യം” എന്നായിരുന്നു മുമ്പു് പഞ്ചാബിലും ഹരിയാനയിലും തെരഞ്ഞെടുപ്പു് മുദ്രാവാക്യം. നാലു രൂപക്കു് ഒരു കിലോ ആട്ട, ഇരുപതു് രൂപക്കു് ഒരു കിലോ പരിപ്പു് എന്നാണു് ബാദലിന്റെ വാഗ്ദാനം. റോഡുകൾ, വൈദ്യുതി എല്ലാം സുലഭം, സുഭിക്ഷം-അകാലി-ബി. ജെ. പി. സഖ്യത്തെ വിജയിപ്പിച്ചാൽ പിന്നെ പഞ്ചാബാണു് പറുദീസ. രണ്ടു രൂപക്കു് അരിയും വീടുതോറും കളർ ടി. വി.-യും വാഗ്ദാനം ചെയ്തു് തെരഞ്ഞെടുപ്പു് ജയിച്ച കരുണാനിധി യെ ഓർമിക്കുക.
‘പഞ്ചാബി സ്റ്റാലിൻ’ മൽസരിക്കുന്നില്ല. പകരം പ്രചാരണരംഗത്തു് ഉറച്ചുനിൽക്കുന്നു. വളരെ നേരത്തേ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി, പ്രചാരണവും തുടങ്ങി. അകാലിദൾ 21 യുവാക്കളെ രംഗത്തിറക്കിയിട്ടുണ്ടു്. 15 പുതുമുഖ സ്ഥാനാർത്ഥികൾ. അക്ഷരാഭ്യാസമുള്ളവർ വേണം മൽസരിക്കാൻ എന്നു് തീരുമാനിച്ചതാണു് സുഖ്ബീർ ബാദലി ന്റെ മൗലികമായ സംഭാവന. അകാലി സ്ഥാനാർഥികളിൽ 40 ശതമാനം ബിരുദധാരികളാണു്.
നവജോത് സിംഗ് സിധു ലോൿസഭാംഗത്വം രാജിവെച്ചതിനെ തുടർന്നു് അമൃത്സർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ടു്. നരഹത്യക്കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ശിക്ഷിച്ചതിനെ തുടർന്നാണു് സിധു രാജി കൊടുത്തതു്. ശിക്ഷിക്കപ്പെട്ടവർ പാർലമെന്റംഗമായി തുടരരുതെന്നു് ഭരണഘടനയിലോ ജനപ്രാതിനിധ്യ നിയമത്തിലോ വ്യവസ്ഥയില്ല. ഉന്നത ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി രാജിവെച്ചു. സുപ്രീംകോടതി, ശിക്ഷാവിധി സ്റ്റേ ചെയ്തപ്പോൾ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചു. ഉന്നത ധാർമിക മൂല്യങ്ങളെ സുപ്രീംകോടതി ശ്ലാഘിച്ചു. ബി. ജെ. പി. ഉടനടി സീറ്റും കൊടുത്തു.
അമൃത്സറിൽ ഡോ. മൻമോഹൻ സിംഗ് മൽസരിക്കണം എന്നൊരാവശ്യം ചില കോൺഗ്രസുകാർ ഉന്നയിച്ചു. പ്രധാനമന്ത്രി രാജ്യസഭാംഗമായി തുടരുന്നതു് ഉചിതമല്ല. പഞ്ചാബിന്റെ വീരപുത്രൻ സഭയിൽ അസാമിനെ പ്രതിനിധാനം ചെയ്യുന്നതു് ഒട്ടും ശരിയല്ല. അമൃത്സറിൽ മൽസരിച്ചാൽ പുഷ്പംപോലെ ജയിക്കാം, സംസ്ഥാനത്തു് പാർട്ടിയുടെ പ്രചാരണത്തിനു് ആക്കം കൂട്ടാം—ഇങ്ങനെ പോയി വാദഗതികൾ.
സ്വന്തം ജനപിന്തുണയെ കുറിച്ചു് ശരിയായ ധാരണയുള്ളതിനാൽ മൻമോഹൻ ക്ഷണം വിനയപൂർവം നിരാകരിച്ചു. ക്രിക്കറ്റ് കളിക്കാരനോടു കളിക്കാൻ പറ്റിയതല്ല പ്രായവും ആരോഗ്യസ്ഥിതിയും. നമുക്കു് പറ്റിയതല്ല തെരഞ്ഞെടുപ്പുരംഗം. മുമ്പൊരിക്കൽ ദൽഹിയിൽ മൽസരിച്ചു് ഡീസന്റായി തോറ്റതാണു്. ജനപിന്തുണയേയില്ല എന്ന ഒറ്റക്കാരണം കൊണ്ടാണു് മദാം സോണിയ മൻമോഹൻ സിംഗി നെ പ്രധാനമന്ത്രിയാക്കിയതു്. അദ്ദേഹത്തിനു് രാജ്യസഭ ധാരാളം. ആസാമെങ്കിൽ ആസാം, അന്തമാനെങ്കിൽ ആന്തമാൻ.
ഹരിയാന വേർപെട്ടു് ഇപ്പോൾ കാണുന്ന രൂപത്തിൽ പഞ്ചാബ് സംസ്ഥാനമുണ്ടായതു് 1966-ലാണു്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ ഒരു പാർട്ടിയും അടുപ്പിച്ചു രണ്ടുവട്ടം ജയിച്ച ചരിത്രമില്ല. 1967-ൽ അകാലി സഖ്യം, 1972-ൽ കോൺഗ്രസ്, 1977-ൽ അകാലി-ജനതാ സഖ്യം, 1980-ൽ കോൺഗ്രസ്, 1987-ൽ അകാലിദൾ, 1992-ൽ കോൺഗ്രസ്, 1997-ൽ അകാലി-ബി. ജെ. പി. സഖ്യം, 2002-ൽ കോൺഗ്രസ്. ആ നിലക്കും ഇത്തവണ അകാലികൾക്കാണു് സാധ്യത. അഞ്ചോ ആറോ ശതമാനം വോട്ട് വ്യതിയാനമുണ്ടാകുകയും അകാലി-ബി. ജെ. പി. സഖ്യം മുന്നിൽ രണ്ടോ അതിലധികമോ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുകയും ചെയ്യുമെന്നാണു് സൂചന. ബാദലിന്റെ പുനരാഗമനം സുവ്യക്തം, സുനിശ്ചിതം.
പഞ്ചാബിനൊപ്പം തെരഞ്ഞെടുപ്പു് നടക്കുന്ന ഉത്തരഖണ്ഡിലും ഭരണവിരുദ്ധ വികാരം മുതലെടുത്തു് ബി. ജ. പി. അധികാരം തിരിച്ചുപിടിക്കാനാണു് സാധ്യത. യു. പി.-ക്കാരുടെ ഭാഗമായിരിക്കുന്ന കാലത്തേ ബി. ജെ. പി.-യുടെ ശക്തികേന്ദ്രമാണതു്. നിത്യാനന്ദ സ്വാമിയുടെയും കോഷിയാരിയുടെയും ഭരണത്തിന്റെ ഗുണംകൊണ്ടു് 2002-ൽ കോൺഗ്രസ് ജയിച്ചെന്നു് മാത്രം. എൻ. ഡി. തിവാരി യുടെ ഭരണത്തിന്റെ മേന്മകൊണ്ടു് ഇത്തവണ ബി. ജെ. പി.-ക്കും നേട്ടമുണ്ടാക്കും. പഞ്ചാബിലെയും ഉത്തരഖണ്ഡിലെയും വിജയങ്ങൾ കാവിപ്പടക്കു് ആവേശം പകരും. ഉത്തർപ്രദേശാണു് നിർണായകം. കാരണം, ദൽഹിയിലേക്കുള്ള രാജപാത ലക്നോവിലൂടെയാണു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.