“സുഖിക്കാനും മരുങ്ങാനും മാളോർ, പാടുപെടാനും ഉറക്കമിളക്കാനും മക്കാരാക്ക” എന്നൊരു ചൊല്ലുണ്ടു് തെക്കേമലബാറിൽ. ഏതാണ്ടു് ഇതേ അവസ്ഥയിലെത്തിയിരിക്കുന്നു മാർക്സിസ്റ്റുപാർട്ടിയിലെ കാര്യങ്ങൾ. നാടാകെ നടന്നു പ്രചാരണം നടത്താനും മതികെട്ടാൻമല കേറാനും അച്യുതാനന്ദൻ, തെരഞ്ഞെടുപ്പിൽ മൽസരിക്കാനും മന്ത്രിമാരാകാനും പാലോളി, കോടിയേരി, ബേബി, ഐസക്കു മാർ.
എന്തായിരുന്നു അഞ്ചുവർഷം മുമ്പത്തെ അവസ്ഥ? വിഡ്ഢിത്തം പറയലും ഏഷ്യാനെറ്റിൽ പ്രേക്ഷകർക്കു മറുപടി നൽകലും മാത്രമായിരുന്നു നായനാരു ടെ ഉത്തരവാദിത്തങ്ങൾ. പി. ശശിയും മുരളീധരൻനായരും കൂടി കാര്യങ്ങൾ ഒരു പരുവത്തിലാക്കി. കെടുകാര്യസ്ഥതയിൽ ധനമന്ത്രി ശിവദാസമേനോൻ സഹപ്രവർത്തകരെ ബഹുദൂരം പിന്നിലാക്കി. മാസത്തിൽ മുപ്പത്തിയൊന്നുദിവസവും ട്രഷറി ബാൻ! മേനോൻമാഷിന്റെ തൊപ്പിയിൽ കാക്കത്തൂവലായി കല്ലുവാതുക്കൽ മദ്യദുരന്തമുണ്ടായി. മണിച്ചന്റെ മാസപ്പടിലിസ്റ്റിൽ സഖാക്കളുടെ പേരുവിവരം കണ്ടു് ജനം അന്തംവിട്ടു.
അബ്കാരി സഖാക്കളുടെയും ഉദാരമനസ്കരായ ദുബൈ മുതലാളിമാരുടെയും ഉറച്ച പിന്തുണയോടെ ടെലിവിഷൻ ചാനലുണ്ടാക്കിയതും പാർട്ടിക്കു വിനയായി. ജനതയുടെ ആത്മാവിഷ്കാരത്തെ അബ്കാരി ചാനൽ എന്നു് വർഗശത്രുക്കൾ അപഹസിച്ചു.
ഇടതുമുന്നണിയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിനു് പാർട്ടിസെക്രട്ടറി പിണറായി വിജയൻ കണ്ടെത്തിയ ഒറ്റമൂലി ലീഗ് ബാന്ധവമായിരുന്നു. അതിലേക്കായി ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ വെള്ളം ചേർത്തു. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ കല്ലട സുകുമാരന്റെ റിപ്പോർട്ട് തള്ളി; അഡ്വക്കേറ്റ് ജനറൽ എം. കെ. ദാമോദരനിൽനിന്നു് ക്ലീൻ ചിറ്റ് വാങ്ങി കുഞ്ഞാലിക്കുട്ടി യെ കേസിൽ നിന്നൊഴിവാക്കി. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പക്ഷേ, അടവുനയം അമ്പേ പാളി. ഏറനാടൻ മാപ്പിളമാർ മാർക്സിസ്റ്റ്-ലീഗ് ഐക്യത്തെ അംഗീകരിച്ചില്ല. അച്യുതാനന്ദൻ സി. പി. എമ്മിലും ഇ. അഹമ്മദ് മുസ്ലിംലീഗിലും പിടിമുറുക്കി. ഐക്യമുന്നണിയിൽ ഉറച്ചുനിൽക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചതോടെ സഖാക്കളുടെ പരാജയം സുനിശ്ചിതമായി.
മുഖ്യമന്ത്രി ഇ. കെ. നായനാരോ പാർട്ടി സെക്രട്ടറി പിണറായി വിജയനോ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയാറായില്ല. മന്ത്രിമാരായ ശിവദാസമേനോനും ശർമയും പാലോളി മുഹമ്മദുകുട്ടി യും അതേ പാത പിന്തുടർന്നു. തോൽക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ആരുണ്ടു്? ഉത്തരം: വി. എസ്. അച്യുതാനന്ദൻ.
വോട്ടെണ്ണിത്തീർന്നപ്പോൾ ചെങ്കൊടി താണു. 99 സീറ്റിൽ യു. ഡി. എഫ്, ഒരിടത്തു് കോൺഗ്രസ് റിബൽ. ഇടതുമുന്നണി വെറും 40 സ്ഥാനങ്ങളിലൊതുങ്ങി. പ്രതിപക്ഷനേതാവു് വി. എസ്. അച്യുതാനന്ദൻ, ഉപനേതാവു് കോടിയേരി ബാലകൃഷ്ണൻ.
ഉടലാകെയുലച്ചും മുഖം വക്രീകരിച്ചും ശബ്ദം ഉയർത്തിയും താഴ്ത്തിയുമുള്ള വി. എസിന്റെ സംസാരശൈലി മിമിക്രിക്കാർക്കു് ഹരം പകർന്നു. അച്ചുമാമയെ അനുകരിക്കുന്നതു് കൊച്ചുകുട്ടികളുടെ ഇഷ്ടവിനോദമായി. ആന്റണി യെ ആക്രമിക്കുന്നതിൽ അച്യുതാനന്ദനേ ക്കാൾ മികച്ചുനിന്നതു് കരുണാകരനാ യിരുന്നുതാനും.
അചിരേണ വി. എസ്. അരങ്ങുകീഴടക്കി. വൃക്കവാണിഭവും മതികെട്ടാൻ കൈയേറ്റവുമൊക്കെ ആളിക്കത്തിച്ചതു് അച്യുതാനന്ദൻ ആയിരുന്നു. മൂന്നാറിൽ ടാറ്റാ ടീ ലിമിറ്റഡ് നടത്തുന്ന കൈയേറ്റത്തെ അപലപിക്കാൻ ചങ്കൂറ്റം കാട്ടിയ ഏക നേതാവും അദ്ദേഹം തന്നെ. കരുണാകരന്റെ എതിർപ്പു് വ്യക്തിനിഷ്ഠവും അസൂയാജന്യവുമാണെങ്കിൽ അച്യുതാനന്ദന്റേതു് വസ്തുനിഷ്ഠവും കലർപ്പറ്റതുമാണെന്നു് ജനം എളുപ്പം തിരിച്ചറിഞ്ഞു.
ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു് അച്യുതാനന്ദൻ എ. കെ. ജി.-യാകാൻ ശ്രമിക്കുന്നതു് പാർട്ടിസെക്രട്ടറി പിണറായി വിജയനോ എൽ. ഡി. എഫ്. കൺവീനർ പാലോളി മുഹമ്മദ്കുട്ടി ക്കോ ഇഷ്ടമായില്ല. പാർട്ടിയോ മുന്നണിയോ വി. എസിന്റെ ഇടപെടലുകളെ ഏതെങ്കിലും വിധത്തിൽ പിന്തുണച്ചതുമില്ല. അമ്മായിയും കുടിച്ചു പാൽക്കഞ്ഞി എന്ന മട്ടിൽ വല്ല പ്രസ്താവനയും നടത്തിയെങ്കിലായി.
ഒരുഘട്ടത്തിൽ വി. എസിന്റെ ഇടപെടലുകൾ പിണറായിപക്ഷക്കാർക്കു് അരോചകവും അസഹനീയവുമായി. പ്രവാസിയെന്ന നിലക്കു് ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന പി. വി. അബ്ദുൾവഹാബ് സംസ്ഥാനത്തെ സ്ഥിരതാമസക്കാരനായി നടിച്ചു് രാജ്യസഭാംഗമാകുന്നതിനെ അച്യുതാനന്ദൻ എതിർത്തു. അതിസമ്പന്നനും ആപൽബാന്ധവനും സംഗതിവശാൽ കൈരളി ചാനലിന്റെ ഡയറക്ടറുമായ വഹാബ് പാർലമെന്റ് മെമ്പറാകുന്നതിൽ ഒരു അധാർമികതയുമില്ലെന്നായി പിണറായി സഖാവു്. ഗൾഫാർ ഹോട്ടലുകൾ കൈയേറിയ കോവളം കൊട്ടാരത്തിന്റെ കാര്യത്തിലുമുണ്ടായി ഇതേ പ്രതിസന്ധി. പണത്തിനുമീതെ പാർട്ടി പറക്കില്ല. പറക്കാൻ വി. എസിനെ പിണറായി അനുവദിക്കുകയുമില്ല.
മുത്തങ്ങയും മാറാടുംപോലുള്ള വിഷയങ്ങളിൽപോലും പിണറായിയും വി. എസും ഒത്തൊരുമിച്ചു് പ്രവർത്തിച്ചില്ല. മുത്തങ്ങ പ്രശ്നത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു് ഏതാനും ദിവസം പ്രതിപക്ഷ എം. എൽ. എ.-മാർ ഉണ്ണാവ്രതം അനുഷ്ഠിച്ചു. അവസാനം വിനോദിനി ഫോണിൽ വിളിച്ചപേക്ഷിച്ചപ്പോൾ (തന്വിയാണവൾ, കല്ലല്ലിരുമ്പല്ല!) ആന്റണി അലിഞ്ഞു. സി. ബി. ഐ. അന്വേഷണത്തിനു് ഉത്തരവിട്ടു. സമരവും തീർന്നു.
കോൺഗ്രസിലെ ആഭ്യന്തരക്കുഴപ്പവും അച്യുതാനന്ദന്റെ ഒറ്റയാൾ പോരാട്ടവുമാണു്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു. ഡി. എഫിന്റെ കഥ തീർത്തതു്. ഇരുപതിൽ പതിനെട്ടുസീറ്റും ഇടതുമുന്നണി നേടി. ഒരിടത്തുമാത്രം യു. ഡി. എഫ്.; അവശേഷിച്ചതു് എൻ. ഡി. എ. ലേബലിൽ പി. സി. തോമസ്.
2004-ലെ ഓണക്കാലത്തു് ആന്റണി രാജിവെച്ചു. ഉമ്മൻചാണ്ടി പകരക്കാരനായെത്തി. അതേസമയത്തുതന്നെ കിളിരൂർ-കവിയൂർ പീഡനക്കേസുകൾ വാർത്താപ്രാധാന്യം നേടി. പാർട്ടിയിലെ വൻതോക്കുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നറിഞ്ഞിട്ടും അച്യുതാനന്ദൻ ഇടപെട്ടു. ആശുപത്രിയിൽ ശാരിയെ സന്ദർശിച്ച വി. ഐ. പി. ആരു് എന്നു് സാക്ഷരകേരളം സ്വയം ചോദിച്ചു. അനഘ ലൈംഗികപീഡനത്തിനിരയായിട്ടില്ലെന്നു് ശ്രീമതി ടീച്ചർ തറപ്പിച്ചുപറഞ്ഞപ്പോൾ സംസ്ഥാനത്തെ മുഴുവൻ ഉറികളും ഊറിച്ചിരിച്ചു; പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ അന്തംവിട്ടു.
2004 ഒക്ടോബർ അവസാനം റജീനയുടെ വെളിപ്പെടുത്തൽ, മാധ്യമപ്രവർത്തകർക്കുനേരെ ലീഗുകാരുടെ കൈയേറ്റം, പൊലീസിന്റെ അതിക്രമം. കുഞ്ഞാലിക്കുട്ടി യെ കേസിൽനിന്നൊഴിവാക്കിയവരുടെ പേരുവിവരം പുറത്തുവന്നു. വി. എസു കൂടി പങ്കെടുത്ത യോഗത്തിൽ പാർട്ടി തീരുമാനമനുസരിച്ചാണു് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയതെന്നു് വിജയൻ വിശദീകരിച്ചു. വി. എസ്. അതിനെ ശക്തമായി ഖണ്ഡിച്ചു. മരിച്ചുപോയ ചടയൻ ഗോവിന്ദ ന്റെ പേരും വലിച്ചിഴക്കപ്പെട്ടു. ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചശേഷം പിണറായിക്കു് താൻ പറഞ്ഞതു തിരുത്തേണ്ടിവന്നു.
കുഞ്ഞാലിക്കുട്ടി രാജിവെച്ചു് റജീനയുടെ പ്രശ്നം ഒതുങ്ങിമ്പോഴേക്കും സംഘടനാ തെരഞ്ഞെടുപ്പുകൾ ഊർജിതമായി. ഗ്രൂപ്പു യുദ്ധം മുറുകി. നേതാക്കളുടെ ജീവിതശൈലിയും പ്രവർത്തനരീതിയും വിമർശവിധേയമായി. പിണറായി വിജയൻ മാസാമാസം സിംഗപ്പൂർക്കുപോകുന്നതു് ആരെക്കാണാനാണു്? ദുബൈയിൽ പ്രതിദിനം അമ്പതിനായിരം രൂപ വാടകയുള്ള മുറിയിൽ താമസിക്കുന്നതു് ആരുടെ ചെലവിൽ എന്നൊക്കെ വി. എസ്. പക്ഷക്കാർ ചോദിച്ചു. മൊകേരി കൊലക്കേസ് പ്രതികളെ തൂക്കാൻ വിധിച്ച ജഡ്ജിയോടുള്ള അതേ വികാരമാണു് അച്യുതാനന്ദനോടുള്ളതെന്നു് പിണറായി ഗ്രൂപ്പുകാർ തിരിച്ചടിച്ചു.
ജില്ലാതെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ അച്യുതാനന്ദനാണു് മുൻതൂക്കം. പഴയ സി. ഐ. ടി. യു. പക്ഷക്കാരുട പിന്തുണയോടെ വി. എസ്. സംസ്ഥാനകമ്മിറ്റി പിടിക്കുമെന്നു് നിരീക്ഷകർ പ്രവചിച്ചു. പ്രേരണ, പ്രലോഭനം, ഭീഷണി-ഔദ്യോഗിക വിഭാഗം ചതുരുപായങ്ങളും പയറ്റി. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ അതിശക്തമായിരുന്നുതാനും. സംസ്ഥാനകമ്മിറ്റിയിലേക്കു വി. എസ്. പക്ഷത്തുനിന്നു് മൽസരിച്ച പന്ത്രണ്ടാളും പരാജിതരായി. മലപ്പുറത്തു് വിജയൻ മിന്നൽപിണറായി!
2005 ഫെബ്രുവരിയിൽ മന്ത്രി വിശ്വനാഥ ന്റെ രാജിയെത്തുടർന്നു് മറയൂരെ ചന്ദനക്കൊള്ളയും പാലക്കാട്ടെ അനധികൃത ചന്ദനഫാക്ടറികളും ചർച്ചാവിഷയമായി. ഇത്തവണയും ചന്ദ്രഹാസമെടുത്തതു് വി. എസ്. തന്നെ. കഴിഞ്ഞ നായനാർ സർക്കാറിന്റെ കാലത്തു് സഖാക്കളുടെ ഒത്താശയോടെയാണു് ഇവയിൽ പലതും പ്രവർത്തനം തുടങ്ങിയതെന്നതുവേറെ കാര്യം.
സമ്മേളാനന്തരം കാര്യങ്ങളൊക്കെ പിണറായി ആഗ്രഹിച്ചപ്രകാരം നടന്നു. സംസ്ഥാനസെക്രട്ടറിയേറ്റിൽനിന്നു് അച്യുതാനന്ദപക്ഷക്കാരായ എസ്. ശർമ്മ യും എം. ചന്ദ്രനും ഒഴിവാക്കപ്പെട്ടു. ദേശാഭിമാനി പത്രാധിപസ്ഥാനത്തു് വി. എസിനു പകരം വി. വി. ദക്ഷിണാമൂർത്തി വന്നു.
അതിനിടെ കോൺഗ്രസ് പിളർന്നു. 2005 മെയ് ഒന്നിനു് കരുണാകരപക്ഷക്കാർ ഡി. ഐ. സി-കെ രൂപവത്കരിച്ചു. ആരംഭകാലം മുതൽ ഡി. ഐ. സി.-യോടു് അനുഭാവം പുലർത്തി, പിണറായി വിജയൻ. മറുവശത്തു് അച്യുതാനന്ദൻ കടുത്ത കരുണാകരവിരുദ്ധനായി തുടർന്നു. അഴീക്കോട്, കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പുകളിൽ ഡി. ഐ. സി. മാർക്സിസ്റ്റു സ്ഥാനാർത്ഥികൾക്കു നിരുപാധിക പിന്തുണ നൽകി.
പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പുകളാകുമ്പോഴേക്കു് ഡി. ഐ. സി.-യായി പ്രധാന തർക്കവിഷയം. കരുണാകരന്റെ പാർട്ടിയുമായി യാതൊരുവിധ തെരഞ്ഞെടുപ്പു സഖ്യവും പാടില്ലെന്നു് അച്യുതാനന്ദൻ ശഠിച്ചു. അവസാനം പ്രാദേശിക തലത്തിൽ നീക്കുപോക്കു നടത്താം എന്നു് ഒത്തുതീർപ്പുണ്ടായി. തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊളളവേ അഴീക്കോടൻ വധവും അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളുമൊന്നും ഇപ്പോൾ പ്രസക്തമല്ലെന്നും പിണറായി വിശദീകരിച്ചു.
സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി പരിണമിച്ചു. പിണറായി പക്ഷക്കാരായ അംഗങ്ങളുടെ ആക്രമണം തുലോം ദുർബലമായിരുന്നു. ലാവ്ലിൻ പ്രശ്നം ഉന്നയിച്ചുകൊണ്ടുളള പ്രത്യാക്രമണം അതിരൂക്ഷവും.
കഴിഞ്ഞവർഷമൊടുവിൽ നടന്ന കേരള പഠനകോൺഗ്രസ് സി. പി. എമ്മിന്റെ വലതുപക്ഷ വ്യതിയാനം സ്പഷ്ടമാക്കി. കരിമണൽ ലോബിയുടെ പരസ്യം സ്വീകരിച്ചതു് വിവാദമായെങ്കിലും സംഘാടക സഖാക്കൾ കുലുങ്ങിയില്ല.
2006-ാമാണ്ടു് പുലർന്നതു് പിണറായി സഖാവിന്റെ കേരള മാർച്ചോടെയാണു്. പണക്കൊഴുപ്പുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ മാർച്ചിൽ ഡി. ഐ. സി. ബന്ധത്തെ ന്യായീകരിക്കാനാണു് സഖാവു് അധികസമയവും വിനിയോഗിച്ചതു്. മാർച്ച് തിരുവനന്തപുരത്തു് സമാപിക്കുമ്പോഴേക്കും ഡി. ഐ. സി.-ക്കെതിരെ സി. പി. ഐ.-യും ആർ. എസ്. പി.-യും രംഗത്തു വന്നു. ഇടതുപക്ഷ ഐക്യം ശിഥിലമായി.
ഡി. ഐ. സി.-യുമായി നീക്കുപോക്കോ ധാരണയോ പാടില്ല എന്ന കേന്ദ്ര തീരുമാനം വന്നതിനുപിന്നാലെ ലാവ്ലിനെ സംബന്ധിച്ച സി. എ. ജി. റിപ്പോർട്ടുകൂടിയായപ്പോൾ പിണറായി പതറി. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത തീരേ മങ്ങി. അത്യസാധാരണ സാഹചര്യങ്ങളിലേ സംസ്ഥാന സെക്രട്ടറി മൽസരിക്കാനാവൂ എന്ന കീഴ്‌വഴക്കം നിലവിലുണ്ടുതാനും.
പോളിറ്റ്ബ്യൂറോ അംഗം, ഇപ്പോഴുള്ളതിൽ ഏറ്റവും മുതിർന്ന നേതാവു്, കാലാവധി തീരുന്ന സഭയിലെ പ്രതിപക്ഷ നേതാവു്, അഴിമതിക്കും സകലവിധ സാമൂഹികതിന്മകൾക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു് ജനപ്രീതി നേടിയ ആൾ എന്നീ നിലകളിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു് പരിഗണിക്കപ്പെടേണ്ടതു് വി. എസിന്റെ പേരാണു്. എന്നാൽ വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുന്നതു് പിണറായിക്കു സഹിക്കുമോ? ‘വികസന’ അജണ്ട തയാറാക്കി കാത്തിരിക്കുന്ന സഖാക്കൾക്കു താങ്ങാനാകുമോ? പ്രബലമായ ചന്ദന-കരിമണൽ-ഹവാലാലോബികൾക്കു് അംഗീകരിക്കാൻ കഴിയുമോ?
കേന്ദ്രകമ്മിറ്റി അംഗങ്ങൾ കോപാകുലരായി: ഇയാൾ മൽസരിച്ചാൽ ന്യൂനപക്ഷങ്ങൾ വോട്ടുചെയ്യില്ല. പാർട്ടിയെ സ്നേഹിക്കുന്ന ഇടത്തരക്കാരുടെ വോട്ടും കിട്ടില്ല. ഇയാൾ കരിമണൽ ഖനനത്തെ എതിർത്തില്ലേ? കഞ്ചിക്കോട്ടെ ചന്ദനഫാക്ടറികൾ പൂട്ടണമെന്നു പറഞ്ഞില്ലേ? സ്മാർട്ട്സിറ്റിയെയും മെട്രോ റെയിലിനെയും അപലപിച്ചില്ലേ? എക്സ്പ്രസ് ഹൈവേ ആവശ്യമെന്നു ശഠിച്ചില്ലേ? ഐസ്ക്രീം പാർലർ കേസിൽ പ്രോസിക്യൂട്ടറെ മാറ്റാൻ ഹരജി കൊടുത്തില്ലേ? വികസനവിരുദ്ധൻ, ന്യുനപക്ഷ വിരോധി, കടുംപിടിത്തക്കാരൻ, കാപാലികൻ, കശ്മലൻ. ഇവനെ ക്രൂശിക്ക, ബറാബാസിനെ വിട്ടയക്കുക!
സംസ്ഥാന സെക്രട്ടേറിയറ്റിലും ഇതേ വികാരം അലയടിച്ചു: പാർട്ടിക്കതീതനായല്ലേ ഇയാൾ ഇത്രകാലം പ്രവർത്തിച്ചതു് ? കോവളം കൊട്ടാരത്തിൽ സമരത്തിനുപോകുംമുമ്പു് പാർട്ടിയുടെ അനുവാദം വാങ്ങിയോ? പെൺവാണിഭകേസുകൾ കുത്തിപ്പൊക്കിയതു് പാർട്ടിയെ അപകീർത്തിപ്പെടുത്താനല്ലേ? ഇയാൾക്കു ജനപിന്തുണയുണ്ടെന്നു പറഞ്ഞതാരാണു്? കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിൽ ഇയാളെ ഉയർത്തിക്കാട്ടിയിട്ടു് എന്തുഫലമായി? മലപ്പുറം സമ്മേളനത്തിൽ ഇദ്ദേഹം നിറുത്തിയ ഒരു സ്ഥാനാർത്ഥിയെങ്കിലും ജയിച്ചോ? ഈ മഹാനേതാവിനു് വോട്ടെടുപ്പിൽ 64-ാം സ്ഥാനമല്ലേ കിട്ടിയുള്ളൂ?
അങ്ങനെ വി. എസ്. മൽസരിക്കേണ്ട എന്നു തീരുമാനമായി. എം. എ. ബേബി, തോമസ് ഐസക്ക്, ഇ. പി. ജയരാജൻ, പി. കെ. ശ്രീമതി മുതൽപേർ മൽസരിക്കാനും തീരുമാനിച്ചു. പാലോളി മുഹമ്മദ് കുട്ടി യായിരിക്കും മുഖ്യമന്ത്രി എന്നും ധാരണയായി.
പാലോളി സഖാവു് മുഖ്യമന്ത്രിയാവുന്നതോടെ മുസ്ലിംകൾ ഒന്നടങ്കം പാർട്ടിയിൽ ചേരും. അതോടെ ലീഗിന്റെ കടപൂട്ടും എന്നാണു് പ്രത്യാശ. മൽസരരംഗത്തുനിന്നു് ഒഴിവാക്കപ്പെട്ട വി. എസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു് നേതൃത്വം നൽകും. എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം. അതുവഴി ജന്മി-മുതലാളി-പൗരോഹിത്യ കൂട്ടായ്മയെ തകർക്കണം.
തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യനല്ലാത്തയാൾ പ്രചാരണത്തിനു് നേതൃത്വം നൽകുന്നതിന്റെ ഔചിത്യം ചിന്തനീയം. പക്ഷേ, ഇതു സി. പി. എമ്മാണു്. ഈ പാർട്ടിയിൽ ജനാധിപത്യം എന്നാൽ ജനങ്ങളുടെ മേലുള്ള ആധിപത്യം എന്നാണു് അർത്ഥം.
ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുമുള്ള നേതാക്കളുടെ കഴിവിനുമുന്നിൽ പകച്ചുനിൽക്കുകയാണു് ജനം. അവർ അൽപാൽപം പ്രതികരിക്കുന്നുണ്ടു്. പിണറായിയുടെ കോലം കത്തിക്കുന്നതാണു് ഇപ്പോഴത്തെ ഫാഷൻ.
കോലാഹലമുണ്ടാക്കിയാലോ കോലം കത്തിച്ചാലോ കുലുങ്ങുന്നയാളല്ല സഖാവു് വിജയൻ. സി. പി. എമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും സകലതും ബൂർഷ്വാ മാധ്യമങ്ങളുടെ കുപ്രചാരണമാണെന്നും സഖാവു് ആണയിടുന്നു. പറയുന്നതു് വിജയനായതിനാൽ സത്യമാകാനേ തരമുള്ളൂ.
2006 മെയ് 11-നു് വോട്ടെണ്ണിത്തീരുമ്പോൾ ഇടതുമുന്നണിക്കു് വൻ ഭൂരിപക്ഷം കിട്ടും എന്നു് ഉറപ്പാണു്. പാലോളി സഖാവു് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേൽക്കും. പിന്നെ പിണറായിയുടെ പദുകംവെച്ചു് ഭരിക്കും. കരിമണൽ ഖനനം നിർബാധം നടക്കും. എക്സ്പ്രസ് ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകും. എ. ഡി. ബി.-യിൽനിന്നു് ചരടില്ലാത്ത വായ്പകൾ മാത്രം സ്വീകരിക്കും. മറയൂരെ അവസാനത്തെ മരവും മുറിച്ചുതീരുംവരെ കഞ്ചിക്കോട്ടെ ചന്ദന ഫാക്ടറികൾ പ്രവർത്തിക്കും. സഖാവു് കുന്നന്താനം ലതാനായർ അധ്യക്ഷയായി വനിതാകമ്മീഷൻ പുനഃസംഘടിപ്പിക്കും.
തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കഴിഞ്ഞാലുടൻ വി. എസ്. അച്യുതാനന്ദനെ ന്യൂറംബർഗ് മാതൃകയിൽ വിചാരണ ചെയ്യും. പാർട്ടി നേതൃത്വത്തെ ധിക്കരിച്ചു, വികസനത്തിനു തുരങ്കംവെച്ചു, ന്യൂനപക്ഷങ്ങളെ വെറുപ്പിച്ചു എന്നിവയായിരിക്കും ചാർജുകൾ. പാവങ്ങളുടെ പടത്തലവൻ, പുന്നപ്ര സമരനായകൻ എന്നീ ജനകീയ ബിരുദങ്ങൾ തിരിച്ചെടുത്തശേഷം പാർട്ടിയിൽ നിന്നു് പുറത്താക്കും, പടിയടച്ചു പിണ്ഡവും വെക്കും. കെ. വി. പത്രോസ്, പി. ഗംഗാധരൻ, കെ. ചാത്തുണ്ണിമാസ്റ്റർ, പി. വി. കുഞ്ഞിക്കണ്ണൻ, പുത്തലത്തു നാരായണൻ, ഒ. ഭരതൻ എന്നിവരെപ്പോലെ വി. എസും വിസ്മൃതിയിൽ മറയും.
2006 ഒക്ടോബർ 21 മുതൽ 27 വരെ തീയതികളിൽ പുന്നപ്ര-വയലാർ സമരത്തിന്റെ വജ്രജൂബിലി ഗംഭീരമായി ആഘോഷിക്കും. കേന്ദ്ര-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. സ്മരണകളിരമ്പുന്ന രണസ്മാരകത്തിൽ സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ ചാർത്തും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.