കുണ്ടറ ചിന്തിക്കുന്ന രീതിയിൽ കേരളം ചിന്തിക്കുമെന്നാണു് പ്രമാണം. കുണ്ടറ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് ജയിച്ചാൽ സംസ്ഥാനത്തു് യു. ഡി. എഫിനു് ഭൂരിപക്ഷം കിട്ടും, കോൺഗ്രസുകാരൻ മുഖ്യമന്ത്രിയാകും. കുണ്ടറ പിടിക്കുന്നതു് മാർക്സിസ്റ്റ് സ്ഥാനാർഥിയാണെങ്കിലോ, ഹജൂർ കച്ചേരിക്കു മുകളിൽ ചെങ്കൊടി പാറും.
കൊല്ലം-കൊട്ടാരക്കര റോഡിലാണു് കുണ്ടറ പട്ടണം. അലുമിനിയം, കളിമൺ, കശുവണ്ടി, സ്റ്റാർച്ച് ഫാക്ടറികൾ മിക്കതും പൂട്ടിപ്പോയെങ്കിലും വ്യവസായ കേന്ദ്രമെന്നാണു് സങ്കൽപം. തിരുവിതാംകൂർ ചരിത്രത്തിൽ കുണ്ടറക്കു് നിസ്തുലമായ സ്ഥാനമുണ്ടു്. ഇളമ്പള്ളൂർ ക്ഷേത്രനടയിൽ വെച്ചാണു് കൊല്ലവർഷം 984-മാണ്ടു് മകരമാസം ഒന്നാംതീയതി (11-1-1809) വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതു്: “…രാജധർമത്തെ നടത്തി നാട്ടിൽ ഒള്ള മര്യാദക്കു് അഴിവുവരാതെ ഇരിക്കേണ്ടുന്നതിനു മനുഷ്യയത്നത്തിൽ ഒന്നു കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെയിരിപ്പാൻ ആകുന്നെടത്തോളവും ഒള്ള പ്രയത്നങ്ങൾ ചെയ്യുകയും പിന്നത്തതിൽ ഈശ്വരാനുഗ്രഹംപോലെ വരുന്നതൊക്കെയും യുക്തമെന്നും നിശ്ചയിച്ചു അത്രെ അവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു…”
ഇളമ്പള്ളൂർ, കൊറ്റംകര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം പഞ്ചായത്തുകൾ ചേർന്നാൽ കുണ്ടറ നിയോജകമണ്ഡലമായി. 1965-ലാണു് പഴയ തൃക്കടവൂർ ദ്വയാംഗമണ്ഡലം വിഭജിച്ചു് കുണ്ടറ നിലവിൽ വന്നതു്. അത്തവണ കോൺഗ്രസിലെ വി. ശങ്കരനാരായണപിള്ള ജയിച്ചു. 1967-ൽ സി. പി. എമ്മിലെ പി. കെ. സുകുമാരൻ വിജയിച്ചു. 1970-ലും ’77-ലും കോൺഗ്രസിലെ എ. എ. റഹിം, ’80-ൽ മാർക്സിസ്റ്റ് പാർട്ടിയിലെ വി. വി. ജോസഫ്, ’82-ൽ കോൺഗ്രസിലെ തോപ്പിൽ രവി, 1987-ലും ’96-ലും സി. പി. എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മ, ’91-ൽ കോൺഗ്രസിലെ അൽഫോൺസാ ജോൺ, 2001-ൽ കോൺഗ്രസിലെ തന്നെ കടവൂർ ജി. ശിവദാസൻ.
കുണ്ടറയുടെ ചരിത്രവും സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയാന്തരീക്ഷവും വെച്ചുനോക്കിയാൽ ഇത്തവണ സി. പി. എമ്മാണു് ജയിക്കേണ്ടതു്. മാർക്സിസ്റ്റ് സ്ഥാനാർഥി കെങ്കേമനാണു്—സഖാവു് എം. എ. ബേബി. നാട്ടുകാരനാണു്. കുണ്ടറ മണ്ഡലത്തിൽപെട്ട പ്രാക്കുളമാണു് സഖാവിന്റെ ജന്മദേശം. കൊല്ലം എസ്. എൻ. കോളജിൽവെച്ചാണു് ബേബി കമ്യൂണിസത്തിലേക്കു് സ്നാനപ്പെട്ടതു്. ബി. എ. പരീക്ഷ എഴുതിയപ്പോഴൊക്കെ തോറ്റെങ്കിലും രാഷ്ട്രീയത്തിൽ വിജയിച്ചു.
എസ്. എഫ്. ഐ.-യുടെ ദേശീയ പ്രസിഡന്റ്, ഡി. വൈ. എഫ്. ഐ.-യുടെ ദേശീയ പ്രസിഡന്റ്, സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം, രണ്ടുതവണ രാജ്യസഭാംഗം…
സാംസ്കാരിക രംഗത്തു് വ്യക്തിമുദ്ര പതിപ്പിച്ച മഹാനേതാവാണു് എം. എ. ബേബി. പുരോഗമന കലാസാഹിതിയുടെ ചുമതലക്കാരൻ, കൈരളി ടി. വി.-യുടെ മുഖ്യ ആസൂത്രകൻ, ‘മാനവീയം’ പരിപാടിയുടെ സംഘാടകൻ, സ്വരലയയുടെ തലതൊട്ടപ്പൻ. കമ്യൂണിസ്റ്റുകാരുടെ സംഗീതാഭിരുചിയെ കെ. എസ്. ജോർജിൽ നിന്നു് ഉസ്താദ് ഫയാസ്ഖാനോ ളം എത്തിച്ച മഹാൻ. സാംസ്കാരിക നായകർക്കു് ഉറ്റതോഴൻ. തല്ലാനും തലോടാനുമറിയാം. മദമിളകിയ എം. എൻ. വിജയനെ വരെ ഒറ്റക്കു നേരിടും.
ബേബിയുടെ എതിരാളിയും മോശക്കാരനല്ല—അഡ്വക്കറ്റ് കടവൂർ ജി. ശിവദാസൻ, മുൻ മന്ത്രി, സിറ്റിംഗ് എം. എൽ. എ., കൊല്ലം ബാറിലെ അഭിഭാഷകൻ, അഡ്വ. എം. ഐ. ഷാനവാസ്, അഡ്വ. വയലാർ രവി എന്നിവരെയൊക്കെപ്പോലെ കോടതികാണാത്ത വക്കീലല്ല. ധാരാളം കേസും ഫീസുമുള്ളയാൾ. എമ്മല്ലെയോ മന്ത്രിയോ ആയില്ലെങ്കിലും ജീവിക്കാൻ ചുറ്റുപാടുള്ള ദേഹം. വക്കീൽപണിയിലെന്നപോലെ രാഷ്ട്രീയത്തിലും വെന്നിക്കൊടി പാറിച്ചവൻ ശിവദാസൻ. നിയമസഭാംഗമായ നാലുതവണയും മന്ത്രിയായ മറ്റൊരാളില്ല.
വിപ്ലവ സോഷ്യലിസ്റ്റുകാരനായാണു് ശിവദാസന്റെ രംഗപ്രവേശം. പ്രോഗ്രസീവ് സ്റ്റുഡന്റ്സ് യൂനിയനിലും യു. ടി. യു. സി.-യിലും താരമായിരുന്നു. 1980-ൽ ആർ. എസ്. പി. ടിക്കറ്റിൽ നിയമസഭാംഗമായി. പാർട്ടി പിളർന്നപ്പോൾ ശ്രീകണ്ഠൻനായർക്കൊപ്പം നിന്നു. ശ്രീകണ്ഠൻ ചേട്ടന്റെ മരണശേഷം കരുണാകരന്റെ മേൽക്കോയ്മ അംഗീകരിച്ചു് കോൺഗ്രസിൽ ചേർന്നു. ലീഡറും മകനും പിണങ്ങിപ്പിരിഞ്ഞപ്പോഴും പാർട്ടിയിൽ ഉറച്ചുനിൽക്കുന്നു.
മാർക്സിസ്റ്റ് പാർട്ടി, ലത്തീൻ കത്തോലിക്കർക്കു് സംവരണം ചെയ്ത മണ്ഡലമാണു് കുണ്ടറ. കോൺഗ്രസ് സ്ഥാനാർഥി മിക്കപ്പോഴും ഈഴവനായിരിക്കും. നായർ, ഈഴവ, ലത്തീൻ, മുസ്ലീം സമുദായങ്ങൾക്കു് നല്ല സംഖ്യാബലമുണ്ടു്. ലത്തീൻകാരധികവും കോൺഗ്രസുകാരാണു്; ഈഴവർ മാർക്സിസ്റ്റുകാരും. വിരുദ്ധപക്ഷത്തുനിന്നു് പരമാവധി വോട്ടുതട്ടുകയാണു് രണ്ടു മുന്നണികളുടെയും ലക്ഷ്യം. എം. എ. ബേബി യും കടവൂർ ശിവദാസനും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ചരിത്രം ആവർത്തിക്കുകയാണു്.
എസ്. എൻ. കോളജിലെ വിദ്യാർഥിസമരത്തിൽ വഹിച്ച വിപ്ലവകരമായ പങ്കാണു് മേഴ്സിക്കുട്ടിയമ്മ ക്കു് കഴിഞ്ഞതവണ വിനയായതു്. പ്രിൻസിപ്പാളിനെ ബന്ദിയാക്കി ഒത്തുതീർപ്പിൽ ഒപ്പിടുവിച്ചതിനു് സഖാവു് വലിയ വില നൽകേണ്ടിവന്നു. മേഴ്സിക്കുട്ടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ഇടയലേഖനം പ്രസിദ്ധീകരിച്ചു. ഈഴവ വോട്ടുബാങ്ക് ചോർന്നു, കുണ്ടറ കൈവിട്ടു.
ഇത്തവണ കടവൂരിനു് എസ്. എൻ. ഡി. പി.-യുടെ പരസ്യ പിന്തുണയില്ല. എൻ. എസ്. എസിന്റെ കാരുണ്യം പ്രതീക്ഷിക്കാനുമാവില്ല. മറുവശത്തു്, ബേബിക്കു് ലത്തീൻ കത്തോലിക്കാ ഐക്യവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടു്. കുണ്ടറയും ആലപ്പുഴയുമൊഴിച്ചു് 138 സീറ്റിലും ഐക്യവേദി യു. ഡി. എഫിനെ അനുകൂലിക്കുന്നു എന്നതും പ്രസ്താവ്യമാണു്. കാലാകാലങ്ങളായി കൈപ്പത്തിക്കു് വോട്ടുകുത്തുന്ന മുസ്ലീംകളിൽ ഒരുവിഭാഗമെങ്കിലും ഇത്തവണ ബേബിസഖാവിനെ സഹായിക്കും.
നീരീശ്വരവാദിയായ മകനു് യുക്തിവാദി സമ്മേളനത്തിൽ പങ്കെടുക്കാൻ ഈശ്വരവിശ്വാസിയായ അമ്മ അയൽവീട്ടിൽ നിന്നു് പണം കടംവാങ്ങിക്കൊടുത്തു, ആ സമ്മേളനത്തിൽ പി. ഗോവിന്ദപിള്ള ചെയ്ത പ്രസംഗം കേട്ടു് എം. എ. ബേബി കമ്യൂണിസത്തിൽ ആകൃഷ്ടനായി എന്നാണു് ഐതിഹ്യം. അന്നും ഇന്നും നാസ്തികനാണു് ബേബിസഖാവ്. ബേബിക്കു് മകളെ കല്യാണം കഴിച്ചുകൊടുത്ത പാപത്തിനു് ലൂയീസിന്റെ മൃതദേഹം പള്ളിസെമിത്തേരിയിലടക്കാൻ വൈദികൻ വിസമ്മതിച്ചു, തൃശ്ശിവപേരൂരുനിന്നു തിരുവനന്തപുരത്തുകൊണ്ടുവന്നു് വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിച്ചു എന്നുമുണ്ടു് പുരാവൃത്തം.
ദൈവവിശാസിയല്ലെങ്കിലും ജനാധിപത്യ വിശ്വാസിയാണു് ബേബി. കുണ്ടറ മണ്ഡലത്തിൽ നാസ്തികരേക്കാൾ ആൾബലം ഈശ്വരവിശ്വാസികൾക്കാണു്. യുക്തിചിന്തയോടു് അൽപമെങ്കിലും ചായ്വുള്ളതു് കടവൂർ ശിവദാസന്റെ ജാതിക്കാർക്കാണു്. ലത്തീൻകാരും നായന്മാരും മുസ്ലീംകളുമൊക്കെ തനി മൂരാച്ചികൾ! അതുകൊണ്ടു് സകല അമ്പലങ്ങളിലും പള്ളികളിലും കയറിയിറങ്ങി വോട്ടുപിടിക്കുകയാണു് എം. എ. ബേബി.
ചിറ്റുമല ദുർഗാക്ഷേത്രത്തിൽ പൊങ്കാല നടക്കുമ്പോൾ സ്ഥാനാർഥി ഓടിയെത്തി. സഖാവു് ഭഗവതിയെ തൊഴുതു, ഭക്തകളെയും തൊഴുതു. പേരയം ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിലും സമൂഹസദ്യയിലും പങ്കെടുത്തു. ഏപ്രിൽ 11-നു് നബിദിന ഘോഷയാത്രയെ അഭിവാദ്യംചെയ്യാനെത്തിയ അതേ ആവേശത്തോടെ ദുഃഖവെള്ളിയാഴ്ച ദിവസമായ ഏപ്രിൽ 14-നു് കുരിശിന്റെ വഴിയിലും പങ്കെടുക്കാനെത്തി. കുരിശിന്റെ വഴി, വിലാപയാത്രയാണെന്നു് പറഞ്ഞു് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിടവകയിലെ വിശ്വാസികൾ സഖാവിനെ മടക്കിയയച്ചു! (പിതാവേ, ഇവർ ചെയ്യുന്നതെന്തെന്നു് ഇവരറിയുന്നില്ല). തെരഞ്ഞെടുപ്പു് കഴിയുമ്പോൾ ബേബി പി. സി. തോമസിനെ പ്പോലെ വേളാങ്കണ്ണിയിൽ പോയി തല മുണ്ഡനം ചെയ്യുമെന്നു് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നുണ്ടു്. ഗോവിന്ദപിള്ളയദ്ദേഹത്തിനു് പുട്ടപർത്തിക്കുപോകാമെങ്കിൽ ബേബിക്കു് വേളാങ്കണ്ണിക്കും പോകാം.
കുണ്ടറയിൽ എല്ലാവരും അടക്കംപറയുന്നതു് അടിയൊഴുക്കുകളെക്കുറിച്ചാണു്. അഷ്ടമുടിക്കായലിലെ അടിയൊഴുക്കല്ല, രാഷ്ട്രീയത്തിലെ അടിയൊഴുക്കു്. എത്ര വോട്ട് നിർജീവമാകും, എത്ര വലത്തുനിന്നു് ഇടത്തോട്ടു് ഒഴുകും, എത്ര ഇടത്തുനിന്നു് വലത്തോട്ടു മാറും എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ.
കേരളാ കോൺഗ്രസോ മുസ്ലീംലീഗോ കാര്യമായില്ല, കുണ്ടറയിൽ. യു. ഡി. എഫ്. എന്നുപറഞ്ഞാൽ കോൺഗ്രസു മാത്രം. മുൻകാലങ്ങളിൽ കടവൂർജിയെ വിജയിപ്പിക്കാൻ ഓടിപ്പാഞ്ഞു നടന്ന കരുണാകരൻ ഗ്രൂപ്പുകാർ മുക്കാലും ഇപ്പോൾ ഡി. ഐ. സി.-യിലാണു്. ആ പാർട്ടി ഇപ്പോൾ ഐക്യമുന്നണിയിലുണ്ടോ എന്നു് അവർക്കുതന്നെ അറിയില്ല. കൊല്ലം ജില്ലയിൽ മുരളി യുടെ പാർട്ടിക്കു് ഒരു സീറ്റും കൊടുത്തിട്ടില്ല. മുസ്ലീംലീഗ് മൽസരിക്കുന്ന ഇരവിപുരത്തല്ലാതെ ഒരിടത്തും അവർ സജീവവുമല്ല. മന്ത്രിസ്ഥാനം പോയശേഷം കരുണാകരനെ തള്ളിപ്പറഞ്ഞ കടവൂർ ശിവദാസനെ തറപറ്റിക്കേണ്ടതു് ഡി. ഐ. സി.-യുടെ ആവശ്യമാണു്. പിണറായി-മുരളി-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന്റെ കാണാക്കരങ്ങൾ കുണ്ടറയിൽ ബേബിക്കു തുണയാകും.
കടവൂർ ശിവദാസൻ ജയിച്ചേ തീരൂ എന്ന നിർബന്ധമൊന്നും ഉമ്മൻകോൺഗ്രസിനുമില്ല. എറണാകുളത്തു് കെ. വി. തോമസും ചാലക്കുടിയിൽ സാവിത്രി ലക്ഷ്മണനും നേരിടുന്ന പ്രതിസന്ധി കുണ്ടറയിൽ ശിവദാസനും അനുഭവിക്കുന്നു. പ്രചാരണവും പ്രവർത്തനവുമൊക്കെ ഏതാണ്ടൊരു മട്ടിൽ മുന്നോട്ടുപോകുന്നു എന്നുമാത്രം.
പുറമേക്കു് ശാന്തമെങ്കിലും ഇതിനേക്കാൾ സ്ഫോടനാത്മകമാണു് ഇടതുമുന്നണിയിലെ കാര്യങ്ങൾ. സി. പി. എം., സി. പി. ഐ., ആർ. എസ്. പി. കക്ഷികൾക്കാണു് പ്രാബല്യം. കേരളാ കോൺഗ്രസ് ഗ്രൂപ്പുകളും ജനതാദളുമൊക്കെ തീർത്തും അപ്രസക്തം കൊല്ലം സീറ്റ് സി. പി. എം. പിടിച്ചുപറിച്ചതിലുള്ള അമർഷം പുകയുന്നുണ്ടു് ആർ. എസ്. പി.-യിൽ. അവർ മുൻകാല സഖാവു് കടവൂരിനു് വോട്ടുകുത്തിയാൽ പോലും അദ്ഭുതപ്പെടാനില്ല. സി. പി. ഐ.-ക്കാരും അസംതൃപ്തരാണു്. വിപ്ലവ സോഷ്യലിസ്റ്റുകളോളം പ്രകടമല്ല വികാരമെന്നേയുള്ളൂ.
വി. എസ്. പക്ഷക്കാരുടെ കൈലാസമാണു്, കുണ്ടറ. കടുത്ത അച്യുതാനന്ദ പക്ഷക്കാരിയായ മേഴ്സിക്കുട്ടിയമ്മ യുടെ സീറ്റ് കൈക്കലാക്കിയാണു് ബേബി സഖാവിന്റെ രംഗപ്രവേശം. വി. എസ്. പക്ഷക്കാർ പാരവെക്കും എന്ന സംസാരം പൊതുവെയുണ്ട്. മേഴ്സിക്കുട്ടിയമ്മയും പാർട്ടി ഏരിയാ സെക്രട്ടറി ജോസുകുട്ടിയും പെരിനാടു് പഞ്ചായത്ത് പ്രസിഡന്റു് സജികുമാറും സദാ സ്ഥാനാർഥിക്കൊപ്പമുണ്ടു്. ഗ്രൂപ്പ്വൈരം തെരഞ്ഞെടുപ്പുഫലത്തെ എത്രമാത്രം സ്വാധീനിക്കുമെന്നു് വോട്ടെണ്ണൽ കഴിഞ്ഞാലേ പറയാനാകൂ.
ഭാസുരേന്ദ്ര ബാബുവിന്റെ രംഗപ്രവേശമാണു് വി. എസ്. പക്ഷക്കാരെ അലോസരപ്പെടുത്തുന്ന മറ്റൊരു സംഗതി. അച്യുതാനന്ദനു് സീറ്റ് നിഷേധിച്ച നടപടിയെ ഏറ്റവും ശക്തമായി ന്യായീകരിച്ചയാളാണു് ഇദ്ദേഹം. മാർച്ച് 16-ാം തീയതി ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചക്കിടയിൽ ബാബു പ്രകടിപ്പിച്ച അഭിപ്രായം കുണ്ടറക്കാരും കേട്ടതാണു്. പിണറായിസം—കോടിയേരിസത്തിന്റെ കരുത്തനായ വക്താവും എം. എ. ബേബി, തോമസ് ഐസക്ക് എന്നിവരുടെ സ്തുതിഗായകനുമാണു് ഭാസുരേന്ദ്ര ബാബു.
“എ. ഡി. ബി. വായ്പയുടെ കാര്യത്തിലും വിദേശ മൂലധന നിക്ഷേപത്തിന്റെ കാര്യത്തിലും നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലും ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലും കാര്യമായ മാറ്റങ്ങൾക്കു് സി. പി. എം. വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണു് എന്നു നമുക്കുകാണാം. ഒരു കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ അടിസ്ഥാന വീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ വർഗപരമായ അതിന്റെ പരിഗണനകളുടെ മണ്ഡലത്തിലാണു് മാറ്റങ്ങൾ വരുത്തുന്നതു് എന്നു് നാം തിരിച്ചറിയണം. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ താൽപര്യത്തിൽ മാത്രം ഊന്നിനിന്നുകൊണ്ടു് കേരള സംസ്ഥാനത്തിന്റെ ഭരണാധികാര നേതൃത്വത്തിലേക്കു് ഉയരാൻ ഇനി സാധ്യമല്ലെന്നു് കേരളത്തിന്റെ ഇന്നത്തെ വികസിതാവസ്ഥ മനസ്സിലാക്കുന്ന സി. പി. എം. നേതൃത്വം പഠിച്ചുകഴിഞ്ഞിട്ടുണ്ടു്…”
മൂലധന നിക്ഷേപ താൽപര്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഭാഗങ്ങളെ നേരിൽ കാണാനും അവയുമായി ആശയവിനിമയം നടത്താനും വികസനത്തെ സംബന്ധിച്ചു് അവയ്ക്കുള്ള ആശങ്കകൾ ദൂരീകരിക്കാനും കേരളയാത്രാ വേളയിൽ പിണറായി വിജയൻ നടത്തിയ ശ്രമത്തെ ശ്ലാഘിച്ചശേഷം “അതിവിപ്ലവകാരികൾക്കു് വികസനം കൊണ്ടുവരാനാകില്ല” എന്ന എം. എ. ബേബി യുടെ പ്രസ്താവനയോടു് ഭാസുരേന്ദ്ര ബാബു ഇപ്രകാരം പ്രതികരിക്കുന്നു:
“സമസ്ത രംഗങ്ങളെയും ആധുനികശാസ്ത്രസാങ്കേതിക വിദ്യകൊണ്ടു് ത്വരിപ്പിക്കാൻ പ്രാപ്തിയുള്ള സ്മാർട്ട് സിറ്റിപോലെയുള്ള വൈജ്ഞാനിക സംരംഭങ്ങളെയും എക്സ്പ്രസ് വേ പോലുള്ള സഞ്ചാരസാധ്യതകളെയും സ്വീകരിക്കുന്നതിനു പകരം ഇവയെയെല്ലാം കണ്ണടച്ചു് എതിർക്കുന്ന ഒരു രീതിയാണു് തീവ്രവിപ്ലവം പറയുന്നവർ കൈയേറ്റുകാണുന്നതു്.” അച്യുതാനന്ദനെ യും എം. എൻ. വിജയനെ യും ലാക്കാക്കി ഇങ്ങനെയും ഒരു വെടിപൊട്ടിച്ചുകാണുന്നു; “പഴയ ഗൃഹാതുരത്വ സങ്കൽപങ്ങളിൽ ഉഴറി ആനുകാലിക വസ്തുനിഷ്ഠതകളെ വിസ്മരിക്കുന്ന കമ്യൂണിസ്റ്റുകാർ മാത്രമാണു് ഇതിനെ പരിഷ്കരണവാദമായി കാണുന്നതു്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളിൽത്തന്നെ ഇത്തരമാളുകൾ കാലഹരണപ്പെട്ട ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടു് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശാസ്ത്രീയമായ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുന്നുണ്ടു്.”
എ. ഡി. ബി. വായ്പയുടെയും സ്മാർട്ട് സിറ്റി, എക്സ്പ്രസ് വേകളുടെയും ഈ അപ്പോസ്തലനാകുന്നു, കുണ്ടറയിൽ എം. എ. ബേബി യുടെ പ്രധാന പ്രചാരകൻ. അലിൻഡും സ്റ്റാർച്ച് ഫാക്ടറിയുമൊക്കെ പൂട്ടി മുദ്രവെച്ച കുണ്ടറക്കാർക്കു് ഇനി കവിയൂർ-കിളിരൂർ മാതൃകയിലുള്ള വികസനം പ്രതീക്ഷിക്കാം.
സംസ്ഥാനത്തു് മൽസരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാർഥി ആരാണു്? കുട്ടനാട്ടിലെ കുവൈത്ത് ചാണ്ടി എന്നാണു് ഉത്തരം. ഇടതുമുന്നണിയിലെ സമ്പന്നസ്ഥനാർഥിയോ? കോതമംഗലത്തെ ഷെവലിയാർ ടി. യു. കുരുവിള. വല്ലാത്ത ഒരെളിമയുണ്ടു്. കുരുവിളയുടെ പ്രചാരണത്തിനു്. സൈക്കിളാണു് തെരഞ്ഞെടുപ്പു് ചിഹ്നം. (ആസ്തിവെച്ചു് നോക്കിയാൽ ബെൻസു കാറെങ്കിലും ആകേണ്ടതായിരുന്നു). രണ്ടുതരം പോസ്റ്ററുകൾ അച്ചടിപ്പിച്ചിട്ടുണ്ടു്: ഒന്നിൽ താടിവെച്ച കുരുവിള, മറ്റേതിൽ ക്ലീൻ ഷേവ് കുരുവിള.
കുണ്ടറയിൽ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മൽസരിക്കുന്ന സഖാവു് എം. എ. ബേബി ഇതിനകം ആറു വ്യത്യസ്ത ഇനം പോസ്റ്ററുകൾ പതിപ്പിച്ചുകഴിഞ്ഞു. ഇനിയും ഒന്നോ രണ്ടോ കൂടി വന്നേക്കാം. കൊടിതോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ, കമാനങ്ങൾ—എങ്ങും പണത്തിന്റെ പകിട്ടും പത്രാസും. രണ്ടു-രണ്ടര കോടി രൂപയെങ്കിലും മാർച്ച് 22-നകം ധൂളിയാകും എന്ന് വ്യക്തം.
എന്താണു് ടി. യു. കുരുവിള യും എം. എ. ബേബി യും തമ്മിലുള്ള വ്യത്യാസം? കുരുവിള ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസുകാരനും യാക്കോബായ സുറിയാനി ക്രിസ്ത്യാനിയും; ബേബി മാർക്സിസ്റ്റുകാരനും ലത്തീൻ കത്തോലിക്കനും എന്നതാണോ? തീർച്ചയായും അല്ല. കുരുവിള ചെലവഴിക്കുന്ന പണം ടിയാന്റെ കാരണവന്മാർ സമ്പാദിച്ചതും, സ്വയം കച്ചവടം ചെയ്തുണ്ടാക്കിയതുമാണു്. മറിച്ചു് ബേബി പൊടിക്കുന്നതു് അർധപട്ടിണിക്കാർ മുതൽ അബ്കാരി മുതലാളിമാർ വരെയുള്ള പാർട്ടി ബന്ധുക്കൾ സംഭാവന നൽകിയ മുതലാണു്.
വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു് എം. എ. ബേബി ഇപ്രകാരം വിശദീകരിക്കുന്നു: “മുതലാളിത്ത ചൂഷണ വ്യവസ്ഥക്കു് എതിരായി കമ്യൂണിസ്റ്റുകാർ പൊരുതുന്നതു് ആ മുതലാളിത്ത ചൂഷണവ്യവസ്ഥക്കകത്തു ജീവിച്ചുകൊണ്ടാണു് എന്ന് മാർക്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അങ്ങനെ ജീവിക്കുമ്പോൾ ആ വ്യവസ്ഥയുടെ പലതരം ദോഷങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കേണ്ടിവരും. മൂലധനം വെള്ളത്തെപ്പോലെയാണു്. Water will always find its level. എവിടെ കൂടുതൽ ലാഭം ലഭിക്കുന്നുവോ അവിടേക്കു് മൂലധനം ഒഴുകും. ഇപ്പോൾ പണമൂലധനത്തിന്റെ ഒഴുക്കുമുണ്ടു്. അതാണു് ഈ Hot money, Hot investment എന്നൊക്കെ പറയുന്നതു്.”
എന്തുകൊണ്ടാണു് സമീപത്തുള്ള കൂന്നത്തുർക്കോ നെടുവത്തൂർക്കോ ഇരവിപുരത്തേക്കോ ഒഴുകാതെ മൂലധനം കുണ്ടറയിലേക്കൊഴുകുന്നതു് എന്നു മനസ്സിലായില്ലേ? കുണ്ടറയിലാണു് ലാഭം. അതുമാത്രമാണു് ഹോട്ട് ഇൻവെസ്റ്റ്മെന്റ്.
നാലുവട്ടം മന്ത്രിയായിരുന്ന ആളാണു് ശിവദാസൻ. അതും വൈദ്യുതി, വനം, എക്സൈസുപോലുള്ള വകുപ്പുകളിൽ, എന്തുഫലം? സി. പി. എമ്മിനുള്ളതിന്റെ പകുതിയെങ്കിലും മൂലധനം കുണ്ടറയിലെത്തിക്കാൻ കഴിയുന്നില്ല. മുമ്പെങ്ങും ഉണ്ടാകാത്തവിധം ഐക്യമുന്നണിയുടെ കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കപ്പെടുന്നുമുണ്ടു്. ഭരണമാറ്റം ആസന്നമായതിനാൽ പൊലീസ് നിഷ്ക്രിയം. മനോരമ പോലും മൗനം. ശിവദാസനു് തലവിധിയെ പഴിക്കുകയേ ഗതിയുള്ളൂ.
പണത്തിന്റെ ധാരാളിത്തത്തേക്കാൾ പ്രകടമായി മറ്റെന്തെങ്കിലും കുണ്ടറയിൽ കാണാമെങ്കിൽ അതു് സാംസ്ക്കാരിക നായകരുടെ സാന്നിധ്യമാണു്. കവികളെ തട്ടിയിട്ടു് വഴിനടക്കാൻ പറ്റാതായിരിക്കുന്നു. വി. എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്ത തെരഞ്ഞെടുപ്പു് കൺവെൻഷനിൽ കടമ്മനിട്ട രാമകൃഷ്ണനും ഡി. വിനയചന്ദ്രനും പങ്കെടുത്തിരുന്നു. മാർച്ച് 16-നു് അഞ്ചാലുമ്മൂട്ടിൽ ബേബിക്കു് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഒ. എൻ. വി. എത്തി. ബേബി സഖാവിന്റെ വെബ്സൈറ്റ് www.mababy.in ഉദ്ഘാടനം ചെയ്തതു് തിരുനെല്ലൂർ കരുണാകരൻ.
തിരുനെല്ലൂരും വിനയചന്ദ്രനും നാട്ടുകാർ, ഒ. എൻ. വി.-യും കടമ്മനിട്ട യും കമ്യൂണിസ്റ്റു സഹയാത്രികർ എന്നുകരുതി സമാധാനിക്കാം. ബേബിക്കു് വേണ്ടി മനുഷ്യസ്നേഹികൾ തോളോടുതോൾ ചേർന്നു് ചെറുത്തുനിൽക്കുന്ന പോരാട്ടഭൂമിയിൽ, വടകരയിൽനിന്നു് മീൻകച്ചവടത്തിനു് അവധികൊടുത്തു് വന്നിരിക്കുന്നു. കവി പവിത്രൻ തീക്കുനിയും കുടുംബവും. അവർ കുണ്ടറയിൽ ക്യാമ്പുചെയ്താണു് പ്രചാരണം. പകലന്തിയോളം ജീപ്പിൽ ചുറ്റിയടിച്ചു് മണ്ഡലത്തിലങ്ങോളമിങ്ങോളം കവിതചൊല്ലുന്നു, തീക്കുനി. (കവിതയുടെ കാഠിന്യംകൊണ്ടു കടവൂർ ശിവദാസൻ ജയിച്ചുപോയേക്കുമെന്നു് ചില ദോഷൈകദൃക്കുകൾ പറയുന്നതു് കാര്യമാക്കാനില്ല). കവിതയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവനായ സഖാവു് എം. എ. ബേബി ക്കു് വോട്ടുചെയ്യണമെന്ന അഭ്യർഥന സഹൃദയസമക്ഷം വിതരണം ചെയ്യുന്നതു് കവിയുടെ പിഞ്ചുകുട്ടികൾ. വിത്തനാഥന്റെ ബേബിക്കു പാലും നിർധനച്ചെറുക്കനുമിനീരും എന്നു ചങ്ങമ്പുഴക്കവിത.
കവികൾ തെളിച്ച പാതയിലൂടെ വന്നൂ ചിത്രകാരന്മാർ. ഏപ്രിൽ 15-നു് സിൻഡിക്കേറ്റ് ബാങ്കിനുമുന്നിൽ ബേബി സഖാവിനു് പിന്തുണയർപ്പിച്ചുകൊണ്ടു നടന്ന ചിത്രകലാ ക്യാമ്പ്, സി. പി. എം. കേന്ദ്ര കമ്മിറ്റിയംഗം സുനിത് ചോപ്ര ഉദ്ഘാടനം ചെയ്തു. ബേബി ഒരു തൂപ്പുകാരനാണെന്നു് നോട്ടീസ് പറയുന്നു. മാറാലകൾ അടിച്ചുമാറ്റി പുതുമയിലേക്കു് നയിക്കുന്ന സുഹൃത്തും പുരോഗമനത്തിന്റെ ശക്തനായ വക്താവും തികഞ്ഞ ജനകീയ നേതാവും. തൂപ്പുകാരനു് അഭിവാദ്യമർപ്പിച്ചു് ബ്രഷ് ചലിപ്പിച്ച പ്രതിഭകൾ: സി. എൻ. കരുണാകരൻ, ബി. ഡി. ദത്തൻ, സത്യപാൽ, നന്ദൻ, പൊന്ന്യം ചന്ദ്രൻ, മുഹമ്മദ്ഷാ, ജയചന്ദ്രൻ, ഹോചിമിൻ…
തങ്ങളുടെ വാൽസല്യഭാജനമായിരുന്ന എം. എ. ബേബി ക്കു് വോട്ടുചെയ്യണമെന്നു് എസ്. എൻ. കോളജിലെ അധ്യാപകർ അഭ്യർഥന പുറപ്പെടുവിച്ചിട്ടുണ്ടു്. അതിലെ ഒപ്പുകാർ: ഡോ. പി. വിജയരാഘവൻ, ഡോ. എസ്. ബലരാമൻ, സി. എൻ. സത്യപാലൻ, ആര്യനാടു് ഗോപി, വെളിയം രാജൻ, എസ്. എസ്. ശ്രീനിവാസൻ, എസ്. വസന്തബാബു, എം. ബാലചന്ദ്രൻ, ജെ. സോമദാസ്, എൻ. സതി, സി. വി. രാജഗോപാൽ, കെ. പി. അപ്പൻ, കാർട്ടൂണിസ്റ്റ് സോമനാഥൻ… തികഞ്ഞ അരാഷ്ട്രീയനും ശുദ്ധകലാവാദിയുമായതിനാലാകണം അപ്പൻ മാഷ് അഗണ്യകോടിയിൽ തള്ളപ്പെട്ടതു്.
ജനങ്ങളെ ദൈവങ്ങളായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ ദർശനമാണു് ബേബിയുടേതു്. ഇക്കാര്യത്തിൽ കുണ്ടറയിലെ ജനങ്ങൾ ഭാഗ്യംചെയ്തവരാണു് എന്നു് ഞങ്ങൾ കരുതുന്നു. നിങ്ങളുടെ വോട്ടുമാത്രമല്ല അനുഗ്രഹം, ഉപദേശം, തത്ത്വചിന്ത ഇതെല്ലാം എം. എ. ബേബി ക്കു് ആവശ്യമാണു്: അധ്യാപകരുടെ അഭ്യർഥന പറയുന്നു. ദൈവമില്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബേബി എങ്ങനെ ജനങ്ങളെ ദൈവമായി കരുതും എന്നു ചോദിക്കരുതു്. ബലരാമനാദികൾക്കു് ബുദ്ധി കടുകട്ടിയാണു്.
ചലച്ചിത്ര രംഗത്തുനിന്നു് നടൻ മുരളി യും സംവിധായകൻ രഞ്ജി പണിക്കരും വന്നു പോയി. ജോൺ ബ്രിട്ടാസ്, ബാബു ഭരദ്വാജ്, പ്രഭാവർമ, അശ്വമേധം ജി. എസ്. പ്രദീപ് എന്നിങ്ങനെ കൈരളി ചാനലിലെ ഏതാണ്ടെല്ലാ പ്രതിഭകളും ശീമത്തമ്പുരാനുവേണ്ടി രംഗത്തുണ്ടു്. സന്തോഷ് പാലി ഉടനെയെത്തുമെന്നു് പ്രതീക്ഷിക്കുന്നു. ദേശാഭിമാനിയിൽനിന്നു് ആർ. എസ്. ബാബു വന്നിട്ടുണ്ടു്. പി. എം. മനോജ് കൂടിയായാൽ കോറം തികയും.
സഖാവു് ബേബിക്കു് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു് ഏപ്രിൽ അഞ്ചിനു് മുൻകാല എസ്. എഫ്. ഐ. പ്രവർത്തകരുടെ കൺവെൻഷൻ മൂക്കട കല്ലറക്കൽ ഹാളിൽ നടന്നു. വെളിയം കെ. എസ്. രാജീവും സി. ബാൾഡ്വിനുമായിരുന്നു മുഖ്യസംഘാടകർ. പങ്കെടുത്തവർ—സി. ഭാസ്ക്കരൻ, സി. പി. അബൂബക്കർ, ജോൺ ബ്രിട്ടാസ്, പ്രഭാവർമ, ഡോ. എ. റസലുദീൻ, ഡോ. പി. ജെ. ചെറിയാൻ, പ്രൊഫ. ജയദേവൻ, അഡ്വ. ഷാനവാസ്ഖാൻ, അഡ്വ. പാരിപ്പിള്ളി രവീന്ദ്രൻ, കാഥികൻ ഹർഷകുമാർ (സ്പാർട്ടക്കസ് ഫെയിം), ജീവിക്കുന്ന രക്തസാക്ഷി സൈമൺ ബ്രിട്ടോ, അബ്കാരി മുതലാളി അമ്പലക്കര അനിൽകുമാർ എന്നിത്യാദി പ്രതിഭകൾ. പ്രൊഫ. ജയദേവന്റെയും വെളിയം കെ. എസ്. രാജീവിന്റെയും നേതൃത്വത്തിൽ രണ്ടു് കാൽനട ജാഥകൾ ഏപ്രിൽ 11 മുതൽ മണ്ഡലത്തിൽ പ്രചാരണം നടത്തുകയാണു്.
സ്ഥാനാർഥിയുടെ പടവും ചിഹ്നവുമുള്ള വിഷു-ഈസ്റ്റർ കാർഡുകൾ കുണ്ടറയിലെമ്പാടും പാറിനടക്കുകയാണു്. സഖാവു് ബേബി ഫിദൽ കാസ്ട്രോയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും സാർവത്രികമാണു്. ഇനി ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരു ടെ വോട്ടഭ്യർഥനയും കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ തിരുമനസ്സിലെ കൽപനയുമാണു് വരാനുള്ളതു്.
ഇന്ദുവദനേ നിന്നെ ലഭിച്ചു, ഇനിക്കിന്നുകേൾ പുരാപുണ്യം ഫലിച്ചു എന്ന രണ്ടാംദിവസത്തെ നളന്റെ അവസ്ഥയിലെത്തിയിരിക്കുന്നു, എം. എ. ബേബി. നളനു് പിന്നെ വൈരിയായുണ്ടായിരുന്നതു് ദമയന്തിയുടെ ലജ്ജ; ബേബിക്കു് കുണ്ടറ നിവാസികളുടെ നിസ്സംഗത.
തെരഞ്ഞെടുപ്പു് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനു് അച്യുതാനന്ദനെ കാണാൻ ആൾ കൂടി. പൂഴി വാരിയിട്ടാൽ താഴാത്ത പുരുഷാരം. പിന്നീടു് നിസ്സംഗത, നിർവികാരത, പവിത്രൻ തീക്കുനി കവിത പാടിയിട്ടും മുൻകാല എസ്. എഫ്. ഐ.-ക്കാർ കാൽനട ജാഥ നടത്തിയിട്ടുമൊന്നും ജനം ഗൗനിക്കുന്നില്ല. സ്ഥാനാർഥിയുടെ ഗുണഗണങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണവും തുച്ഛം.
കാലാകാലങ്ങളായി ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ടുകുത്തുന്ന കുറെ സാധുക്കളുണ്ടു് കുണ്ടറയിൽ. ഇവരാരും എം. എ., പി. എച്ച്. ഡി.-ക്കാരല്ല. വെറും സാധാരണക്കാർ. വിവരവും വിദ്യാഭ്യാസവും കുറഞ്ഞവർ. മൂലധന നിക്ഷേപത്തെക്കുറിച്ചുള്ള മാർക്സിന്റെ സിദ്ധാന്തമോ ഭാസുരേന്ദ്ര ഭാഷ്യമോ ബേബി-ഐസക് വ്യാഖ്യാനമോ അറിയാത്തവർ. അജ്ഞതയുടെ ആധിക്യംകൊണ്ടാവാം, വെറും നിഷ്കളങ്കതകൊണ്ടുമാവാം ഇക്കൂട്ടർക്കു് വി. എസ്. അച്യുതാനന്ദ നാണു് കൺകണ്ട ദൈവം. വനംകൊള്ളയെ, സ്ത്രീപീഡനത്തെ, വൃക്കവാണിഭത്തെ ചെറുക്കുന്ന ധീരപോരാളി; ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്മുറക്കാരോടു് സന്ധിയില്ലാ സമരം ചെയ്യുന്ന വർത്തമാനകാല വേലുത്തമ്പി.
വി. എസിനെ വികസനവിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമാക്കി മുദ്രയടിച്ചു് സീറ്റ് നിഷേധിക്കാൻ പരിശ്രമിച്ചവരിൽ മുമ്പനാണു് എം. എ. ബേബി യെന്നു്. കുണ്ടറക്കാർ ധരിച്ചുവശായിരിക്കുന്നു. കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നടന്ന ചർച്ചകളെക്കുറിച്ചു് ബുർഷ്വാ മാധ്യമങ്ങൾ പ്രചരിപ്പിച്ച നുണകൾ ഈ സാധുക്കൾ വിശ്വസിച്ചതാകാം കാരണം. മെക്കാളെ പ്രഭുവിനു് വിടുപണി ചെയ്ത മുളകുമടിശ്ശീലക്കാരൻ മാത്തുതരകന്റെ റോളിലാണോ കുണ്ടറക്കാർ ബേബിയെ കാണുന്നതു്? അങ്ങനെയെങ്കിൽ, സഖാവിന്റെ വാട്ടർലൂവാകും കുണ്ടറ.
അങ്ങനെയല്ലെങ്കിലോ? സഖാവു് എം. എ. ബേബി വൻ ഭൂരിപക്ഷത്തോടെ ജയിക്കും. മന്ത്രിയുമാകും. സാംസ്കാരിക വകുപ്പുതന്നെ ലഭിക്കാനാണു് സാധ്യത. സ്വാതിതിരുനാളിന്റെ കാലത്തെന്നപോലെ സംഗീതസാന്ദ്രമാകും തിരുവനന്തപുരം. ഒ. എൻ. വി.-ക്കും കടമ്മനിട്ട ക്കും എഴുത്തച്ഛൻ പുരസ്ക്കാരം ലഭിക്കും. സി. എൻ. കരുണാകരൻ ലളിതകലാ അക്കാദമി ചെയർമാനാകും; ആർ. എസ്. ബാബു പ്രസ് അക്കാദമി ചെയർമാനും. നാനാ വഴിക്കും മൂലധനം ഒഴുകിയെത്തും. സംസ്ഥാനം ഉത്തരോത്തരം പുരോഗമിക്കും. നൂറു പൂക്കൾ വിരിയും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.