വളരെ ആഹ്ലാകരമോ പ്രത്യാശാനിർഭരമോ ആയ സാഹചര്യത്തിലല്ല, 2004 ആഗസ്റ്റ് 11-നു് ഉമ്മൻചാണ്ടി സത്യവാചകം ചൊല്ലി അധികാരമേറ്റതു്. കോൺഗ്രസിലെ ചേരിപ്പോരു്, ഘടകകക്ഷികൾ തമ്മിലുള്ള അസ്വാരസ്യം, മാറാട്, മുത്തങ്ങ പോലുള്ള പ്രതിസന്ധികൾ, മതികെട്ടാൻ കൈയേറ്റവും വൃക്കവാണിഭവും രജനിയുടെ ആത്മഹത്യയും ആന്റണി യുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയുമൊക്കെ സൃഷ്ടിച്ച വൈകാരികാന്തരീക്ഷം, എല്ലാത്തിനുമുപരി ലോക്സഭാതെരഞ്ഞെടുപ്പു് നൽകിയ കനത്ത ആഘാതം. ഏറ്റവും വേഗം സർക്കാറിന്റെ പ്രതിഛായ വീണ്ടെടുക്കണം. മുന്നണിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തണം. കഷ്ടിച്ചു് ഒരു വർഷം മാത്രം അകലെയുള്ള പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പികളിലും പിന്നീടു് ഒരു വർഷത്തിനകം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിലും വിജയത്തിലേക്കു് നയിക്കണം—ഉമ്മൻചാണ്ടി ക്കു് മേലുള്ള ഉത്തരവാദിത്തം കനത്തതായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണു് ഉമ്മൻചാണ്ടി പ്രശ്നത്തെ സമീപിച്ചതു്. ആന്റണിമന്ത്രിസഭയിലുണ്ടായിരുന്ന സകല കോൺഗ്രസുകാരെയും മാറ്റി. (കൂട്ടത്തിൽ രണ്ടു ലീഗുകാരും മാറി). ഒരു പുതിയ ടീമിനെ അവതരിപ്പിച്ചു. കെ. വി. തോമസി നെയും കടവൂർ ശിവദാസനെ യും നിലനിറുത്തണമെന്നു് ആന്റണി അപേക്ഷിച്ചതു് ചെവിക്കൊണ്ടില്ല. ലീഡറുടെ തിരുവിഷ്ടം തീർത്തും മാനിക്കാതെ ഐ ഗ്രൂപ്പിൽനിന്നു് ഏറ്റവും നിരുപദ്രവികളെന്നു തോന്നിയ മൂന്നുപേരെ മന്ത്രിമാരാക്കി അവരിൽ രണ്ടുപേർ—അടൂർ പ്രകാശും അനിൽകുമാറും—തൽക്ഷണം ഉമ്മൻചാണ്ടി യുടെ അക്രീതദാസരായി. പിളർപ്പുകാലമാകുമ്പോഴും ശക്തനും കരുണാകരനെ കൈവിട്ടു. ആര്യാടൻ, തിരുവഞ്ചൂർ, കെ. പി. വിശ്വനാഥൻ, കെ. കെ. രാമചന്ദ്രൻ എന്നീ പ്രമുഖ കരുണാകരവിരുദ്ധരെ പ്രധാന സചീവരായി നിയമിച്ചു് ഗ്രൂപ്പുവികാരം തികച്ചും മാനിച്ചു.
ബാബുദിവാകരന്റെ സത്യപ്രതിജ്ഞ രണ്ടു ദിവസത്തേക്കു് താമസിപ്പിച്ച ഉമ്മൻചാണ്ടി ബാലകൃഷ്ണപിള്ള യെയും ടി. എം. ജേക്കബി നെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചു. ചെറുഘടകകക്ഷികൾക്കും ഭരണപങ്കാളിത്തം എന്ന 1967 മുതൽ പിന്തുടർന്നുവന്ന സനാതനതത്ത്വം ലംഘിക്കപ്പെട്ടു. ബാലകൃഷ്ണപിള്ള പരിശുദ്ധ കാതോലിക്കാ ബാവ വഴിക്കും ജേക്കബ് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖേനയും സമ്മർദ്ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല. പഴയ കളി നടക്കില്ല എന്നു് കെ. എം. മാണി മുതൽ എം. വി. രാഘവൻ വരെയുള്ളവർക്കു് ബോധ്യമായി.
ആന്റണി യുടേതിനേക്കാൾ മെച്ചപ്പട്ട ടീമായിരുന്നു ഉമ്മൻചാണ്ടി യുടേതു്. നാലകത്തു് സൂപ്പി, ചെർക്കളം അബ്ദുല്ല, പി. ശങ്കരൻ, എം. എം. ഹസ്സൻ മുതലായ പ്രതിഭകളെയൊന്നും സഹിക്കേണ്ട നിർഭാഗ്യം കുഞ്ഞൂഞ്ഞിനുണ്ടായില്ല. പക്ഷേ, ഇവരുടെയൊക്കെ അഭാവം വക്കം പുരുഷോത്തമൻ ഒറ്റക്കു് നികത്തി. മന്ത്രിസഭയുടെ സൽപ്പേരിനു് വക്കത്തോളം സംഭാവന നൽകിയവർ മറ്റാരുമില്ല.
ആന്റണി യേക്കാൾ നിയമസഭാപരിചയവും ഭരണസാമർഥ്യവുമുള്ളയാളാണു് ഉമ്മൻചാണ്ടി. 1970 മുതൽ നിയമസഭാംഗമാണു് മുമ്പു് മൂന്നു തവണ മന്ത്രിയായിരുന്ന പരിചയമുണ്ടു്. അതും തൊഴിൽ, ആഭ്യന്തരം, ധനകാര്യം പോലുള്ള വകുപ്പുകളിൽ അഴിമതിക്കാരനെന്ന ദുഷ്പേരുണ്ടായിട്ടില്ല. തികച്ചും ജനകീയൻ തൃണമൂലതലംവരെയുള്ള കോൺഗ്രസുകാർക്കു് പ്രിയങ്കരൻ. മാധ്യമങ്ങളുടെ ഓമന, മനോരമക്കു് കണ്ണിന്റെ കൃഷ്ണമണി.
ഉമ്മൻചാണ്ടി യുടെ സ്ഥാനലബ്ധി കോൺഗ്രസുകാരെ ആവേശഭരിതരാക്കി, മുഖ്യനാണെങ്കിൽ നാടൊട്ടുക്കു് ജനസമ്പർക്ക പരിപാടി നടത്തി മുന്നേറി. കുഞ്ഞൂഞ്ഞിന്റെ കുതിച്ചുകയറ്റം കണ്ടു് പ്രതിപക്ഷക്കാർപോലും അൽപമൊന്നു് അന്ധാളിച്ചു. കരുണാകരനും മകനും നിസ്തേജരായി. ആദർശധീരൻ തികച്ചും അപ്രസക്തനായി. കോൺഗ്രസിലും ഐക്യജനാധിപത്യ മുന്നണിയിലും കേരളരാഷ്ട്രീയത്തിൽതന്നെയും ഉമ്മൻചാണ്ടി യുഗം പിറന്നതായി രാഷ്ട്രീയനീരിക്ഷകർ രേഖപ്പെടുത്തി.
പുത്തരിയിൽ കല്ലുകടിക്കാൻ ഏറെ വൈകിയില്ല. കരിമണൽ ഖനനത്തിനു് അനുമതി കൊടുക്കാനുള്ള തീരുമാനമാണു് ആദ്യം വന്നതു്. പ്രതിപക്ഷ നേതാക്കളും വി. എം. സുധീരനും വാളെടുത്തു. ലത്തീൻ സഭ അതൃപ്തി രേഖപ്പെടുത്തി. ദിവസങ്ങൾക്കകം തീരുമാനം പിൻവലിച്ചു. പിന്നീടു് ജസ്റ്റിസ് ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയുണ്ടാക്കി. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖനനാനുമതി നൽകാൻ നീക്കമുണ്ടായെങ്കിലും അതും ഫലവത്തായില്ല.
ടൂ സ്റ്റാർ ഹോട്ടലുകൾക്കു് ബാർ ലൈസൻസ് നൽകിയും ടൂറിസം വകുപ്പിന്റെ അംഗികാരമുള്ള റസ്റ്റോറന്റുകളിൽ ബിയർ, വൈൻ പാർലറുകൾ അനുവദിച്ചും മദ്യനയം ഉദാരമാക്കാനുള്ള തീരുമാനം പിന്നാലെ വന്നു. ഇത്തവണ പള്ളിയും പട്ടക്കാരും ഇളകി. വീണ്ടും തീരുമാനം തിരുത്തി.
അപ്പോഴേക്കും റജീനയുടെ വെളിപ്പെടുത്തൽ വെള്ളിടിപോലെ വന്നുവീണു. കുഞ്ഞാലിക്കുട്ടി യുടെ മാജിക്ക് മുറവിളി ഉയർത്തി. സ്ത്രീസംഘടനകളും പ്രതിപക്ഷനേതൃത്വവും രംഗത്തുവന്നു. മന്ത്രി ഉടൻ രാജിവെച്ചിരുന്നെങ്കിൽ പ്രശ്നം ഒതുങ്ങിയേനെ. പക്ഷേ, അതുണ്ടായില്ല. പാണക്കാട്ടെ ആധ്യാത്മികചാര്യൻ ആവശ്യപ്പെട്ടാലേ രാജി കൊടുക്കു എന്നു് വിനീതൻ പ്രഖ്യാപിച്ചു. രാജി ചോദിച്ചുവാങ്ങാനുള്ള ചങ്കൂറ്റം മുഖ്യനോ രാഷ്ട്രീയവിവേകം ആചാര്യനോ പ്രകടിപ്പിച്ചുമില്ല. പകരം വിമാനത്താവളത്തിൽ കൊടികെട്ടുക, പത്രക്കാരെ തല്ലുക മുതലായ കലാപരിപാടികളാണു് നടന്നതു്. മുസ്ലിംലീഗിന്റെ ബിനാമിയാണു് താനെന്നു് മുഖ്യമന്ത്രി തെളിയിച്ചു. ജനം കുഞ്ഞൂഞ്ഞിനെ വെറുത്തു. രണ്ടുമാസം കഴിഞ്ഞു് കുഞ്ഞാലിക്കുട്ടി സദയം രാജിവെക്കുമ്പോഴേക്കും സർക്കാറിന്റെ പ്രതിച്ഛായ പാടേ തകർന്നുകഴിഞ്ഞിരുന്നു.
റജീനയുടെ പിന്നാലെ വന്നു സുനാമി. ദുരിതാശ്വാസത്തിനു് കേന്ദ്രത്തിൽനിന്നു് കിട്ടിയതും പിരിച്ചതുമായ സംഖ്യ പലവഴിക്കു് ഒഴുകി. ദുരിതബാധിതർക്കു് ഇപ്പോഴും കഷ്ടപ്പാടു് മാത്രം.
2005 ആകുമ്പോഴേക്കും പ്രബല സമുദായങ്ങൾ സർകാറിനെതിരായി. കോൺഗ്രസുകാരനായ ഒറ്റ സുറിയാനി കത്തോലിക്കനെയും മന്ത്രിയാക്കാത്തതിൽ സീറോ-മലബാർ സഭ പരിഭവിച്ചു. ഫാ. ജോബ് ചിറ്റിലപ്പിള്ളിയുടെ യഥാർഥ ഘാതകരെ അറസ്റ്റ് ചെയ്യാഞ്ഞതും, ഒളവണ്ണയിൽ കന്യാസ്ത്രീകൾക്കു് നേരെ നടന്ന അക്രമവും സത്യ ക്രിസ്ത്യാനികളെ വേദനിപ്പിച്ചു. നെയ്യാറ്റിൻകര മെത്രാനരമന ആക്രമിച്ചു. കോൺഗ്രസുകാരെ അറസ്റ്റ് ചെയ്യാൻ വൈകിയപ്പോൾ ലത്തീൻകാരും പ്രകോപിതരായി. ടി. എം. ജേക്കബിനെ മന്ത്രിയാക്കാത്തതിൽ വ്യാകുലരായിരുന്ന സുറിയാനി യാക്കോബായ്ക്കാർ തൃക്കുന്നതു് പള്ളിയിലെ പൊലീസ് നടപടിയോടെ തീർത്തും എതിരായി. മുഖ്യന്റെ ചെയ്തികളെക്കുറിച്ചു് സ്വന്തം (സിറിയൻ ഓർത്തഡോക്സ്) സഭയിൽ തന്നെ രണ്ടഭിപ്രായമായി. ആന്റണിയോടു് പുലർത്തിയ സൗമനസ്യം എൻ. എസ്. എസോ എസ്. എൻ. ഡി. പി.-യോ ഉമ്മൻചാണ്ടി യോടു് കാണിച്ചില്ല. ഹിന്ദുക്കൾക്കു് രക്ഷയില്ലെന്നു് നാരായണപ്പണിക്കരും നടേശ ഗുരുവും ആർത്തുവിളിച്ചു. സംസ്ഥാനത്തു് മെത്രാൻ-മുത്തൂറ്റ്-മനോരമ ഭരണമാണെന്നു് വെള്ളാപ്പള്ളി വെട്ടിത്തുറന്നു് പറഞ്ഞു.
മാറാട് പുനരധിവാസം, മഅ്ദനിയുടെ പരോൾ, ആന്റണിയുടെ പ്രസ്താവന എന്നിവയെ ചൊല്ലി ഭരണമുന്നണിയിൽനിന്നകന്ന മുസ്ലിംസമുദായത്തെ തിരികെ കൊണ്ടുവരാൻ കുഞ്ഞൂഞ്ഞിനു് കഴിഞ്ഞില്ല. പെൺവാണിഭക്കേസിൽ തടിയൂരാൻ വിനീതൻ ദീനൂൽ ഇസ്ലാമിനെ ദുരുപയോഗം ചെയ്തതും സ്വയം പ്രവാചകനായി നടിച്ചതുമൊക്കെ സമുദായത്തെ വെറുപ്പിച്ചു. നാരായണപ്പണികർക്കു് കൂടി ബോധ്യമായ വിധത്തിൽ പാക്കേജുണ്ടാക്കി. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ശ്രമത്തോടു് ലീഗൊഴികെയുള്ള സംഘടനകൾ രൂക്ഷമായി പ്രതികരിച്ചു. കാന്തരപുരം സുന്നികളും ഒരു വിഭാഗം മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും പി. ഡി. പി.-യുമൊക്കെ സർക്കാറിനു് തീർത്തും എതിരായി.
കൂനിന്മേൽ കുരുവായി കോൺഗ്രസിലെ പ്രശ്നങ്ങൾ മൂർച്ഛിച്ചു. അച്ചടക്ക ലംഘനം ആരോപിച്ചു് മുരളീധരനെ ആദ്യം സസ്പെന്റ് ചെയ്തു. പിന്നെ പുറത്താക്കി. മെയ് ഒന്നാം തീയതിയിലെ ശുഭമുഹൂർത്തത്തിൽ കാരണവരും മകനും പുതിയ പാർട്ടിയുണ്ടാക്കി. നല്ലൊരു ഭാഗം പ്രവർത്തകർ അവർക്കൊപ്പം പോയി. ഒമ്പതു് എം. എൽ. എ.-മാർ നിയമസഭാംഗത്വം രാജിവെച്ചു് ലീഡറോടു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ടി. എം. ജേക്കബും ജോണി നെല്ലൂരും നിയമസഭയിൽ തുടർന്നു കൊണ്ടു് കരുണാകരന്റെ കരങ്ങൾക്കു് ശക്തി പകർന്നു.
വനം മാഫിയയുമായി ബന്ധമുണ്ടെന്നു് ഹൈക്കോടതി കുറ്റപ്പെടുത്തിയ കെ. പി. വിശ്വനാഥനു് രാജിവെക്കേണ്ടിവന്നു. സുപ്രീം കോടതിയിൽ പോയെങ്കിലും അനുകൂലമായ യാതൊരു ഉത്തരവും കിട്ടിയില്ല. വിശ്വനാഥനു് പകരം സുജനപാലിനെ മന്ത്രിയാക്കുമ്പോഴേക്കും ലോകായുക്തയുടെ ബ്രഹ്മാസ്ത്രമേറ്റു് മന്ത്രി കെ. കെ. രാമചന്ദ്രൻ പുറത്തുപോയി. ധനകാര്യമന്ത്രിയുടെ ഗർഹണീയമായ പ്രവൃത്തിയിൽ മനംനൊന്തു് മന്ത്രി അനിൽകുമാർ രാജികൊടുത്തെങ്കിലും മൂന്നാംദിവസം പിൻവലിച്ചു. എല്ലാംകൊണ്ടും മന്ത്രിസഭയുടെ ഖ്യാതി ഉത്തരോത്തരം വർധിച്ചു. ഇന്ത്യാ ടുഡേ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ഇന്ത്യയിൽ ജനപ്രീതി ഏറ്റവും കുറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യാണെന്നു് കണ്ടെത്തി.
കരുണാകരൻ രാജിവെച്ച ഒഴിവിൽ എ. കെ. ആന്റണി രാജ്യസഭയിലേക്കു് പോയി. ചേർത്തലയിൽ ഉപതെരഞ്ഞെടുപ്പു് നടന്നാൽ ഭരണമുന്നണിയുടെ ജനപിന്തുണ വ്യക്തമാകും. അതുകൊണ്ടു് ആദർശധീരൻ എം. എൽ. എ. സ്ഥാനം രാജിവെക്കുന്നതു് പരമാവധി നീട്ടിക്കൊണ്ടുപോയി. ചേർത്തലയിൽ നിന്നു് രക്ഷപ്പെട്ടെങ്കിലും അഴീക്കോട്ടും കൂത്തുപറമ്പിലും ജനങ്ങളെ നേരിടേണ്ടിവന്നു. രണ്ടിടത്തും സി. പി. എമ്മിന്റെ ഭൂരിപക്ഷം കൂടി കൂത്തുപറമ്പിൽ മാർക്സിസ്റ്റുകാരനു് കിട്ടിയതിന്റെ പകുതി വോട്ടെങ്കിലും കിട്ടാതെ കോൺഗ്രസ് നാണം കെട്ടു.
തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി നിലംപരിശായി. കോർപറേഷനുകൾ അഞ്ചും ജില്ലാപഞ്ചായത്തുകൾ പതിനാലിൽ പന്ത്രണ്ടും ഇടതുമുന്നണി കൊണ്ടുപോയി. ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും സഖാക്കൾക്കു തന്നെ പരാജയത്തെ നിസ്സാരവത്കരിച്ച മുഖ്യമന്ത്രി പനച്ചിക്കാട് പഞ്ചായത്തിലെ ഏതാനും വാർഡുകൾ ജയിച്ചതിനെക്കുറിച്ചു് ഊറ്റം കൊണ്ടു!
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു് പിന്നാലെ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പ് വന്നു. ബി. ജെ. പി. വോട്ടുകൾ മൊത്തമായി പണം കൊടുത്തു് വാങ്ങിയതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. കോൺഗ്രസിനു് ഭരണത്തിന്റെ വിധിയെഴുത്താണു് ഉപതെരഞ്ഞെടുപ്പെന്നു് പറയാൻ വരെ മുഖ്യൻ ധൈര്യപ്പെട്ടു. കിംഫലം വോട്ടെണ്ണിത്തീർന്നപ്പോൾ പി. കെ. വി.യേക്കാൾ കൂടിയ ഭൂരിപക്ഷത്തോടെ പന്ന്യൻ രവീന്ദ്രൻ വിജയിച്ചു.
അധികാരത്തിൽ തിരിച്ചെത്തുക അസാധ്യമെന്നു് തിരിച്ചറിഞ്ഞ മന്ത്രിമാർ വികസന പ്രവർത്തനത്തിനു് ആക്കം കൂട്ടി. വിഭവസമാഹരണം ഊർജിതമായി. കത്തുന്ന പുരയുടെ കഴുക്കോലൂരുന്ന പരിപാടി നിർബാധം നടന്നു. 1991–94 കാലത്തെ കരുണാകരഭരണത്തെ ഉമ്മൻചാണ്ടി അതിവേഗം ബഹുദൂരം പിന്നിലാക്കുന്ന കാഴ്ച കേരളീയർ കണ്ടു. ലോകയുക്തയിൽ പരാതികൾ പെരുകി. ആരോഗ്യമന്ത്രി രാജിവെയ്ക്കേണ്ടിവന്നു. ധനം എക്സൈസ് മന്ത്രിയുടെ പേരു് ജനം ‘റൊക്കം’ പുരുഷോത്തമൻ എന്നു് തിരുത്തി.
മുഖ്യമന്ത്രി നേരിട്ടു് ഭരിക്കുന്ന പൊലീസ് വകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. ഇഷ്ടപ്പെട്ടയിടത്തു് പോസ്റ്റിംഗ് കിട്ടണമെങ്കിൽ കനത്ത ദക്ഷിണ നിർബന്ധമായി. ലോക്സഭാതെരഞ്ഞെടുപ്പിൽ തോറ്റ ഒരു കോൺഗ്രസുകാരൻ കുറഞ്ഞ സമയത്തിനകം പരമാവധി തുക സംഭരിച്ചു് റെക്കോർഡ് സ്ഥാപിച്ചു.
ക്രമസമാധാനപാലന-കുറ്റാന്വേഷണ രംഗങ്ങളിലും വമ്പിച്ച മാറ്റങ്ങളുണ്ടായി. പൊലീസ് ഏമാന്മാരുടെ സഹായസഹകരണങ്ങളോടെ ഗുണ്ടാസംഘങ്ങൾ പെരുകി. കണിച്ചുകുളങ്ങര മോഡൽ കൊലപാതകങ്ങൾ അരങ്ങേറി. കൂട്ടായ്മകവർച്ച സാർവത്രികമായി. സ്ത്രീപീഡനം സുകുമാരകലയായും, പെൺവാണിഭം വൻ വ്യവസായമായും വളർന്നു. കിളിരൂർ-കവിയൂർ കേസുകൾ ഒതുക്കാൻ ഭരണ-പ്രതിപക്ഷക്കാർ ഒരുമിച്ചു. എസ്. എം. ഇ. പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ ശ്രമിച്ചു. ഐസിക്രീം പാർലറിൽ പ്രഗല്ഭമതിയായ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. സൂര്യനെല്ലിക്കേസിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാതെ ഏറെ നാൾ ഉരുണ്ടുകളിച്ചു. പി. ജെ. കുര്യനെ സഹായിക്കാൻ കള്ളസത്യവാങ്മൂലം സമർപ്പിച്ചു. എതിർസ്ഥാനാർഥിയെ ജയിലിലടച്ചു് ഗോതമ്പുണ്ട തീറ്റിക്കാൻ ധിക്കൃതശക്രപരാക്രമനാകിയ കെ. കരുണാകരനു പോലും കഴിഞ്ഞിട്ടില്ല. അതാണു്, ഉമ്മൻചാണ്ടി. യെവൻ പുലിയല്ല. സിംഹമാണു് കെട്ടാ!
ഇദംപ്രഥമമായി എസ്. എസ്. എൽ. സി. ചോദ്യക്കടലാസ് ചോരുന്നതു് കാണാനും കേരളീയർക്കു് ഭാഗ്യമുണ്ടായി. കുറ്റാവാളികളെ രക്ഷിക്കാൻ പൊലീസ് കഴിവിനൊത്തു് പ്രയത്നിച്ചു. മുഖ്യപ്രതിയെ വെള്ളപൂശാൻ മലയാളത്തിന്റെ സുപ്രഭാതം അച്ചടിമഷി ഏറെ വറ്റിച്ചു.
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ചു് വീരോചിതമായി പരാജയപ്പെട്ടശേഷം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നിയമനിർമ്മാണം നടത്തി, മറയൂരെ ചന്ദനക്കാടുകൾ മുച്ചൂടും മുടിപ്പിച്ചു, ആരോഗ്യവകുപ്പിലും ദേവസ്വം ബോർഡിലും വെയർ ഹൗസിംഗ് കോർപറേഷനിലും നിയമനം ലേലംവിളി അടിസ്ഥാനത്തിലാക്കി… ഇങ്ങനെ എണ്ണിപ്പറയാൻ ഇനിയുമേറെയുണ്ടു് നേട്ടങ്ങൾ. സ്മാർട്ട്സിറ്റിയും എക്സ്പ്രസ് വേയും ബി. ഒ. ടി. അടിസ്ഥാനത്തിലുള്ള ശബരിമലവികസനവുമൊക്കെ അടുത്ത തവണത്തേക്കു് മാറ്റിവെച്ചിരിക്കുന്നു. സമയ പരിമിതി മൂലം ബാലകൃഷ്ണപിളള, ജേക്കബ്, മുരളീധരന്മാ രെ കൂടി ചേർത്തു് ശക്തിപ്പെടുത്തിയ മുന്നണി അധികാരത്തിൽ തിരിച്ചെത്തിയാലുടൻ വികസനപരിപാടികളുമായി മുന്നോട്ടുപോകും.
തീർത്താൽ തീരാത്ത അപമാനത്തിൽ നിന്നു് തങ്ങളെ രക്ഷിച്ച ഉമ്മൻചാണ്ടി യോടു് കെ. കരുണാകരനും എ. കെ. ആന്റണി യും നന്ദിയുള്ളവരായിരിക്കണം. ഇത്ര കുറഞ്ഞ കാലത്തിനുള്ളിൽ ഇത്രയേറെ ജനക്ഷേമകരമായ കാര്യങ്ങൾ ചെയ്തുതീർത്ത—അതും മനോരമയുടെയും മറിയാമ്മയുടെയും മാത്രം പിന്തുണയോടെ—കുഞ്ഞിനോടു് നമ്മൾ കേരളീയരും കൃതജ്ഞരായിരിക്കുക.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.