സ്വദേശാഭിമാനികളാണു് തൃശൂർക്കാർ. വിശേഷിച്ചു് നസ്രാണികൾ. ലോകത്തെ ഏറ്റവും ഗംഭീരസ്ഥലം തൃശൂർ, ഏറ്റവും ശ്രേഷ്ഠർ മുൻകഷണ്ടിക്കാരും വെന്തിങ്ങധാരികളുമായ സിറിയൻ കത്തോലിക്കർ. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ദുനിയാവിലുള്ള സകലസംഗതികളെയും തൃശൂരുള്ളവയുമായി തുലനം ചെയ്യും. ‘ഡാ, മ്മടെയാൺഡാ കേമം’ എന്നു സമർഥിക്കും.
ഡാ, ഈ ന്യൂയോർക്ക്ന്ന് പറേണതു്. എന്തൂട്ടാൺഡാ, മ്മടെ തൃശൂരന്റത്ര വര്വോ എന്നു ചോദിച്ച ഇട്ടുപ്പ് മുതലാളി കേവലമൊരു വി. കെ. എൻ. കഥാപാത്രമല്ല. തൃശൂർ മാപ്ലമാരെ സംബന്ധിച്ചിടത്തോളം വാഷിംഗ്ടൺ പോസ്റ്റിനേക്കാൾ കേമമായിരുന്നു കാലഗതിയടഞ്ഞ എക്സ്പ്രസ് ദിനപത്രം. പ്രിൻസ്റ്റൺ സർവകലാശാലയേക്കാൾ സെന്തോമസ് കോളജ്, വാൾസ് ട്രീറ്റിനേക്കാൾ അരിയങ്ങാടി, ടാറ്റ-ബിർളമാരേക്കാൾ ചാക്കോളാ, ബെക്കൻ ബോവറേക്കാൾ പാപ്പച്ചൻ.
റോമിലെ സെന്റ് പീറ്റേഴ്സ് ബസ്ലിക്കയേക്കാൾ, സിസ്റ്റൈൻ ചാപ്പലിനേക്കാൾ ശ്രേഷ്ഠതയുള്ളതാണു് തൃശൂരെ ലൂർദ് പള്ളിയും പുത്തൻ പള്ളിയും. മദർ തെരേസ യേക്കാൾ മഹതി എവു പ്രേസ്യാമ്മ. പോൾ ആറാമൻ മാർപാപ്പ യേക്കാൾ പുണ്യവാനായിരുന്നു, ജോർജ് ആലപ്പാട്ട് തിരുമേനി. ജോൺ പോൾ രണ്ടാമനേ ക്കാൾ മാർ ജോസഫ് കുണ്ടുകുളം.
1957–59 കാലത്തു് വിമോചനസമരത്തിനു് നേതൃത്വം നൽകിയതു് ആലപ്പാട്ട് തിരുമേനിയായിരുന്നു. അന്നു് തൃശൂരങ്ങാടി ഇളകി മറിഞ്ഞു. വാളുള്ളവർ വാളെടുത്തു, വാളില്ലാത്തവർ മടിശ്ശീല വിറ്റു് വാൾ വാങ്ങി. അടികൊണ്ടു വീഴാൻ, വെടികൊണ്ടു ചാകാൻ അൽമായർ മൽസരിച്ചു. ആയിരക്കണക്കിനു് സ്ത്രീകൾ അറസ്റ്റ് വരിച്ചു് ജയിലിൽ പോയി. തടവറ ഞങ്ങൾക്കു് മണിയറയാണേ, പൊലീസ് ഞങ്ങൾക്കു പുല്ലാണേ!
1972-ലെ സ്വകാര്യ കോളജ് സമരകാലത്തു് കുണ്ടുകുളം പിതാവാണു് പടനായകൻ. എ. കെ. ആന്റണി യെ തെമ്മാടിക്കുഴിയിലടക്കും, യൂത്തന്മാരെ മഴുത്തായ കൊണ്ടു നേരിടും എന്നു് തിരുമേനി ഗർജിച്ചു. വിശ്വാസികൾ കോരിത്തരിച്ചു.
കഴിവും പ്രാപ്തിയും ദൈവശാസ്ത്ര പാണ്ഡിത്യവും പരിഗണിച്ചാൽ കുണ്ടുകുളത്തെ കർദിനാൾ ആക്കേണ്ടതായിരുന്നു. എന്തു ചെയ്യാം? ജോസഫ് പാറേക്കാട്ടിൽ കാലം ചെയ്തപ്പോൾ ചങ്ങനാശ്ശേരിയിലെ മാർ ആന്റണി പടിയറ കർദിനാൾ ആയി. കുണ്ടുകുളത്തിന്റെ ചാൻസ് പോയി.
കുണ്ടുകുളം പിതാവു് കണ്ണടച്ചപ്പോൾ അതിനേക്കാൾ വലിയ കൊടുംചതി! തൃശൂർക്കാരനല്ലാത്ത മാർ ജേക്കബ് തൂങ്കുഴി മെത്രാനായി. ഫാ. ബോസ്കോ പുത്തൂരി ന്റെ സ്വപ്നം പൊലിഞ്ഞു. സ്വദേശാഭിമാനികൾക്കു് കടുത്ത അഭിമാനക്ഷയം. കുരിശിൽ മരിച്ച കർത്താവിനെ ഓർത്തുമാത്രം തൃശൂർക്കാർ തൂങ്കുഴിപിതാവിനെ സഹിച്ചു. മെത്രാനു കുടിക്കാൻ വീഞ്ഞിനുപകരം ആസിഡു പകർന്നുകൊടുത്ത സംഭവംവരെയുണ്ടായി. തൃശൂർക്കാരെ ശാന്തരാക്കാൻ ആൻഡ്രൂസ് താഴത്തിനെ 2004 മാർച്ചിൽ സഹായ മെത്രാനായി പ്രഖ്യാപിച്ചു. 2007-ൽ തൂങ്കുഴി സ്ഥാനമൊഴിഞ്ഞപ്പോൾ തൃശൂരിന്റെ വീരപുത്രൻ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടു. അത്യപൂർവ സംഭവം!
പുതുക്കാട്ടുകാരനാണു് ആൻഡ്രൂസ് താഴത്ത്. 1951 ഡിസംബർ 13-നു് ജനിച്ചു. പുതുക്കാട് ഹൈസ്കൂളിൽ പഠിക്കവേ ദൈവവിളിയുണ്ടായി. പത്താംതരം ജയിച്ചു് തോപ്പിലെ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ ചേർന്നു. അനന്തരം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പഠനം പൂർത്തിയാക്കി. 1977 മാർച്ച് 14-നു് പട്ടം കിട്ടി.
കാനോൻ നിയമത്തിൽ മുങ്ങിക്കുളിച്ചയാളാണു് ആൻഡ്രൂസ് പിതാവു്. റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു് കാനോൻ നിയമത്തിലാണു് ഡോക്ടറേറ്റ്, ഓറിയന്റൽ കാനോൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു; കാനോൻ നിയമത്തെക്കുറിച്ചു് ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ടു്. തൃശൂരെ അരമന കോടതിയിൽ ന്യായാധിപനായും കാക്കനാട്ടെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ഓർഡിനറി ട്രൈബ്യൂണലിന്റെ അധ്യക്ഷനായും പ്രവർത്തിച്ച പാരമ്പര്യവുമുണ്ടു്.
ഭാരിച്ച പല ചുമതലകളും നിറവേറ്റി കഴിവും ദൈവാനുഗ്രഹവും തെളിയിച്ചയാൾ ആൻഡ്രൂസ്. ലൂർദുപള്ളി വികാരി, പുത്തൻ പള്ളി റെക്ടർ, മൈനർ സെമിനാരി പ്രിഫക്ട്, വികാരി ജനറാൾ, രൂപതാ വൈസ് ചാൻസലർ, ചാൻസലർ—അങ്ങനെ പലതും. 2004 മെയ് ഒന്നാം തീയതിയാണു് സഹായ മെത്രാനായി വാഴിച്ചതു്. മൂന്നേ മൂന്നുവർഷത്തിനകം ഡബിൾ പ്രമോഷൻ—2007 മാർച്ച് 18-നു് തൃശൂർക്കാർക്കു് സ്വന്തം ആർച്ച് ബിഷപ്പുണ്ടായി.
മാർ ജേക്കബ് തൂങ്കുഴി തൃശൂർ മെത്രാനായിരുന്ന കാലത്താണു് സഖാവു് എം. എ. ബേബി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തിയതു്. അതിരൂപത നേരിട്ടു് നടത്തുന്നതാണു് ജൂബിലി മെഡിക്കൽ കോളജ്. ‘അതി-രൂപ-താ’ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മഹദ് സ്ഥാപനം. (വെല്ലൂർ മെഡിക്കൽ കോളജിനേക്കാൾ തൃശൂർക്കാർ വില കൽപിക്കുന്നതു് ജൂബിലിക്കു്; സെന്റ് ജോൺസിനേക്കാൾ അമല മെഡിക്കൽ കോളജിനു്). ഏതായാലും പള്ളിയും പട്ടക്കാരും ഇളകി. സ്വാശ്രയ നിയമത്തിനെതിരെ പ്രമേയം പാസാക്കി. അക്കാലത്തു് ചങ്ങനാശ്ശേരിയിലെ മാർ ജോസഫ് പവ്വത്തിലാ ണു് മെത്രാൻമാർക്കു മൂപ്പൻ. പവ്വത്തിലിനു സെക്കന്റ് ഫിഡിൽ വായിക്കുന്ന ജോലിയേ തൂങ്കുഴിക്കുണ്ടായിരുന്നുള്ളൂ.
പിന്നീടുള്ള കാര്യങ്ങളൊക്കെ സുവിദിതം. ബേബി സഖാവിന്റെ നിയമം ആടു കടിച്ചുപോയി. വിദ്യാർഥികളും രക്ഷിതാക്കളും തെരുവാധാരം. സ്വാശ്രയ മുതലാളിമാർക്കു കൊള്ളലാഭം. പ്രവേശന പരീക്ഷ സ്വന്തമായി നടത്താം, ഇഷ്ടപ്പടി ഫീസു പിരിക്കാം, സംവരണം പാലിക്കണ്ട എന്നിങ്ങനെ പലതരം സൗകര്യങ്ങൾ. രണ്ടാം മുണ്ടശ്ശേരിയുടെ തലതാണു. സമവായ ചർച്ചയുമായി മാനേജ്മെന്റുകളുടെ പടിവാതിലിൽ മുട്ടിവിളിച്ചു. മുതലാളിമാർവെച്ച വ്യവസ്ഥകൾ ഏറക്കുറെ അംഗീകരിച്ചു. നാലകത്തു് സൂപ്പി യുടെ കാലത്തേക്കാൾ മോശപ്പെട്ട അവസ്ഥയിലെത്തി, കാര്യങ്ങൾ.
അപ്പോഴേക്കും പവ്വത്തിൽ, തൂങ്കുഴിപിതാക്കൾ സ്ഥാനമൊഴിഞ്ഞിരുന്നു. ആൻഡ്രൂസ് താഴത്തു് തൃശൂരും ജോസഫ് പെരുന്തോട്ടം ചങ്ങനാശ്ശേരിയിലും മെത്രാപ്പോലീത്തമാർ. വർക്കി വിതയത്തിൽ അത്യുന്നത കർദിനാൾ. മൂവരും ന്യൂനപക്ഷാവകാശ സംരക്ഷകർ, പുത്തൻ വിദ്യാഭ്യാസ സംസ്കാരത്തെക്കുറിച്ചു് വേറിട്ട കാഴ്ചപ്പാടുള്ളവരും.
കത്തോലിക്കാ മാനേജ്മെന്റിലുള്ള സ്ഥാപനങ്ങളിൽ തലവരിയോ കോഴയോ പാടില്ലെന്നു് ആണ്ടോടാണ്ടു് ഇടയലേഖനമയക്കുന്നയാളാണു് കർദിനാൾ തിരുമേനി. തദവസരത്തിൽ മനോരമയും ദീപികയും ദേശാഭിമാനിയുമൊക്കെ കോരിത്തരിപ്പോടെ മുഖപ്രസംഗമെഴുതും. പക്ഷേ, തലവരിയും കോഴയും പൂർവാധികം ഭംഗിയായി തുടരുന്നു. ‘ഇടയ’ലേഖനം കൊണ്ടു് കുഞ്ഞാടുകൾക്കു് ഗുണമേതുമില്ല. സത്യവിശ്വാസികളിൽനിന്നു് പിരിവെടുത്തു് പടുത്തുയർത്തിയ ജൂബിലി മെഡിക്കൽ കോളജിൽ സീറ്റൊന്നിനു് 70–75 ലക്ഷമാണു് വില. സി. എം. ഐ.-ക്കാരുടെ അമല കോളജിൽ നിരക്കു കുറവാണു്—മുപ്പതു മുപ്പത്തഞ്ചിനു് കിട്ടിയേക്കും.
സഭവക സ്വാശ്രയ സ്ഥാപനത്തിൽ മതമല്ല, പണമാണു് മാനദണ്ഡം. ക്രിസ്ത്യാനികൾക്കു് യാതൊരുവിധ വിശേഷാൽ പരിഗണനയുമില്ല. നമ്പൂരിക്കും നസ്രാണിക്കും നാലാം വേദക്കാർക്കുമൊക്കെ ഒരേതലവരി, ഒരേ ഫീസ് നിരക്കു്, ജൂബിലിയിൽ പ്രവേശനം നേടുന്നവരിൽ നല്ലൊരു പങ്കു് വാടാനപ്പള്ളി-ചാവക്കാട് ഭാഗത്തു നിന്നുള്ള ധനാഢ്യ മുസ്ലീം കുട്ടികളാണു്. പിന്നെ, അബ്കാരി സന്തതികളായ ഈഴവരും. തൃശൂർ നസ്രാണിക്കുട്ടികൾ എത്രയോ തുച്ഛമാണു് ജൂബിലിയിൽ. അവരൊക്കെ ഇതിന്റെ പകുതി കൊടുത്തു് ബാംഗ്ലൂർ ചേരും. അല്ലെങ്കിൽ ഗബ്രിയേലച്ചന്റെ കൈയോ കാലോ പിടിച്ചു് അമലയിൽ ചേക്കേറും.
കത്തോലിക്കാ സഭയുടെ ന്യൂനപക്ഷാവകാശ സംരക്ഷണ വ്യഗ്രത, പുരോഹിതരുടെ രൂപ-താ, അതി-രൂപ-താ നയവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സംശയിക്കുന്ന തോമാച്ചന്മാർ ആരെങ്കിലുമുണ്ടെങ്കിൽ, അവർ മാർ തോമസ് ചക്യത്ത് ജൂൺ 28-നു് മാതൃഭൂമിയിലെഴുതിയ ‘മാറുന്ന വിദ്യാഭ്യാസ സംസ്കാരം’ എന്ന ലേഖനം വായിപ്പിൻ. വളരെ കഷ്ടവും മനോവിഷമവും സഹിച്ചു്, വളരെ കണ്ണുനീരോടുകൂടി അഭിവന്ദ്യ തോമസ് പിതാവു് മാതൃഭൂമിയിൽ (മനോരമയിലോ ദീപികയിലോ അല്ല) എഴുതിയതെന്തെന്നാൽ—
- വിദ്യാഭ്യാസ സംസ്കാരം മാറുകയാണു്. സാമ്പത്തിക-സാമൂഹിക ഉയർച്ചയുടെ ഏക കോവണി വിദ്യാഭ്യാസമാണു്. നല്ല അധ്യയനവും അച്ചടക്കവുമുള്ള സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ചു് രക്ഷിതാക്കൾ കുട്ടികളെ ചേർക്കുന്നു.
- പ്രൊഫഷനൽ വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടു്. കേരളത്തിൽനിന്നു് പണം അന്യ സംസ്ഥാനങ്ങളിലേക്കു് ഒഴുകാതിരിക്കാനാണു് ഇവിടെ സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയതു്. കത്തോലിക്കാ തിരുസഭ പ്രൊഫഷനൽ വിദ്യാഭ്യാസ രംഗത്തു് വലിയ സംഖ്യ മുതൽ മുടക്കിയിരിക്കുന്നു.
- നിലവാരമുള്ള വിദ്യാഭ്യാസം, നിശ്ചയമായും ചെലവേറിയതാണു്. വിദ്യാർഥികളുടെ പഠനച്ചെലവു് രക്ഷിതാക്കൾ വഹിക്കണം. എണ്ണത്തിൽ കുറവുള്ളതു് എണ്ണിത്തികക്കാൻ വയ്യ; വളവുള്ളതു് നേരെയാക്കാനും വയ്യ.
- നല്ല വിദ്യാഭ്യാസം സൗജന്യമായി ലഭിക്കാൻ സർക്കാർ സമ്മർദം ചെലുത്തുന്നു. ഇതു് കൈയടി കിട്ടാൻ വേണ്ടിയാണു്. മൂഢന്മാരെ ഭരിക്കുന്നവരുടെ അട്ടഹാസത്തേക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ നല്ലതു്; യുദ്ധായുധങ്ങളേക്കാൾ ജ്ഞാനം നല്ലതു്.
- സത്യത്തിൽ എൻട്രൻസ് പരീക്ഷതന്നെ അസംബന്ധമാണു്. പത്താം ക്ലാസും പ്ലസ്ടുവും ജയിച്ച കുട്ടികൾക്കു് പിന്നെയെന്തിനാണൊരു പ്രവേശന പരീക്ഷ? എൻട്രൻസ് പരീക്ഷ വൃഥാ പ്രയത്നവും മായയുമാണു്. സത്യക്രിസ്ത്യാനികൾക്കു് അതു പീലാത്തോസിന്റെ കോടതിയാണു്.
- പ്രൊഫഷനൽ കോളജുകളിലെ സർക്കാർ ക്വോട്ടയും സർക്കാറിന്റെ എൻട്രൻസ് പരീക്ഷയും സമ്പന്നരുടെ പക്ഷം പിടിക്കുന്നു. സാധു കുടുംബങ്ങളിലെ കുട്ടികൾ ഇന്നേ തീയതിവരെ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടില്ല, ഇനി നേടുകയുമില്ല. മാനേജ്മെന്റിന്റെ ചെലവിൽ പണക്കാരുടെ മക്കളെ പഠിപ്പിക്കണമെന്ന സർക്കാറിന്റെ ശാഠ്യം അധാർമികമാണു്. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും ധനവാനെ സ്വാശ്രയ കോളജിൽ സൗജന്യമായി പ്രവേശിപ്പിക്കയില്ല.
- മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം കിട്ടുന്ന പാവങ്ങളുടെ പണംകൊണ്ടു് സർക്കാർ ക്വാട്ടയിലെ പണക്കാരെ പഠിപ്പിക്കുന്ന ക്രോസ് സബ്സിഡി പാടില്ലെന്നു് സുപ്രീംകോടതി വിധിച്ചിട്ടുണ്ടു്. കോടതിവിധി ലംഘിക്കുന്നതു് ദൈവദൂഷണവും കടുത്തപള്ളിക്കുറ്റവുമാണു്. ഗന്ധകത്തീയാളുന്ന നിത്യനരകത്തിലേക്കു് മാനേജ്മെന്റുകളെ തള്ളിവിടരുതു്.
- കത്തോലിക്കാ മാനേജ്മെന്റിലുള്ള സ്വാശ്രയ കോളജുകൾ ദാരിദ്ര്യരേഖക്കു് താഴെ നിന്നുള്ള 10 ശതമാനം കുട്ടികൾക്കു് 100 ശതമാനം ഫീസിളവു് നൽകാൻ ഉദ്ദേശിക്കുന്നു. നമ്മുടെ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടുന്നവർ ഏതാണ്ടു് എല്ലാവരുംതന്നെ ദരിദ്രവാസികളായതുകൊണ്ടു് ഫീസിളവു് കിട്ടേണ്ടവരെ നറുക്കിട്ടു് തീരുമാനിക്കും.
- ചില മെഡിക്കൽ കോളജ് മാനേജ്മെന്റുകളുമായി സർക്കാർ ഉറപ്പിച്ച സമവായ ഫീസിനേക്കാൾ കുറവാണു് കത്തോലിക്കാ സ്ഥാപനങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന ഫീസ്. ഫീസല്ലാതെ യാതൊരു സംഖ്യയും വിദ്യാർഥികളിൽനിന്നു് ഈടാക്കുകയുമില്ല. സമവായ ഫീസിനേക്കാൾ കുറഞ്ഞ നിരക്കു് ഈടാക്കാൻ സർക്കാർ സമ്മതിക്കാത്തതാണു് യഥാർഥ പ്രശ്നം.
- ജനാധിപത്യത്തിൽ കണ്ടുവരുന്ന അനാരോഗ്യകരമായ ഒരു സമീപനമാണു് വ്യാജ സമത്വബോധം. ഞാൻ ളോഹയിടാത്തതുകൊണ്ടു് നീയും ളോഹയിടരുതു്. ആരെയും ശരാശരിക്കു് മുകളിലേക്കു് വളരാൻ അനുവദിക്കാത്ത ലെവലിംഗ് പ്രത്യയശാസ്ത്രം. കത്തോലിക്കാ വൈദികരും മെത്രാന്മാരും ‘കൂടുതൽ സമന്മാരാ’ണെന്നു് മറ്റുള്ളവർ അംഗീകരിക്കണം.
തോമസ് അപ്പോസ്തലൻ മാതൃഭൂമി വായനക്കാർക്കെഴുതിയ ലേഖനം വായിച്ചു കോരിത്തരിച്ച ഒരു സത്യവിശ്വാസി പറഞ്ഞതു്; പിതാവിന്റെ സാഹിത്യം ജോറായി. ശീർഷകത്തിൽ പക്ഷേ, ചെറിയൊരു തിരുത്താകാം—നാറുന്ന വിദ്യാഭ്യാസ സംസ്കാരം!
മതവിശ്വാസത്തിൽനിന്നു് അധ്യാപകരെയും വിദ്യാർഥികളെയും അകറ്റാനും ക്രൈസ്തവസമൂഹത്തെ തളർത്താനും സർക്കാർ തന്ത്രപൂർവം കരുക്കൾ നീക്കുകയാണെന്നു് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം കുറ്റപ്പെടുത്തുന്നു. ഭരണഘടനയും പരമോന്നത നീതിപീഠവും ഉറപ്പുനൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാനും വിദ്യാഭ്യാസ രംഗത്തെ മുഴുവനായി കൈയടക്കി രാഷ്ട്രീയവത്ക്കരിക്കാനുമാണു് സർക്കാർ ശ്രമിക്കുന്നതു്. ദാരിദ്ര്യവും അസമത്വവും രാജ്യത്തു് വർധിച്ചുവരുന്നതു് വിദ്യാഭ്യാസത്തിലൂടെ തടയാനാണു് സഭയുടെ ശ്രമം. നീതിയും സമത്വവും ഐക്യവുമുള്ള സമൂഹത്തെ സൃഷ്ടിച്ചു് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനു് ക്രിയാത്മക പങ്കു് വഹിക്കാൻ സഭ ആഗ്രഹിക്കുന്നു.
ചക്യത്തു് പിതാവിന്റെ മാതൃഭൂമി ലേഖനത്തിലാകട്ടെ, പെരുന്തോട്ടം പിതാവിന്റെ ഇടയലേഖനത്തിലാകട്ടെ വിമോചനസമരത്തിന്റെ ഒരു സൂചനയുമില്ല. അത്യുഗ്ര പ്രതാപശാലി പവ്വത്തിൽ പിതാവു് ഏറ്റവും സംഘർഷഭരിതമായ ദിനങ്ങളിൽ പോലും വിമോചനസമരമെന്നു് ഉച്ചരിച്ചിരുന്നില്ലെന്നു് ഓർമിക്കണം. അവിടെയാണു് മ്മടെ ആൻഡ്രൂസ് പിതാവിന്റെ പ്രസക്തി. വേണ്ടിവന്നാൽ രണ്ടാം വിമോചനസമരം നടത്തും! വിദ്യാർഥി-യുവജന പ്രക്ഷോഭം കൈയുംകെട്ടിനിന്നു് കാണില്ല! മന്ത്രിമാരെ ആരെയും കുറുമാലിപ്പുഴ കടക്കാൻ അനുവദിക്കില്ല!
അതാണു് തൃശൂർകാരുടെ ധൈര്യം, ചങ്കൂറ്റം! എറണാകുളം, ചങ്ങനാശ്ശേരി രൂപതക്കാരെപ്പോലെ നനഞ്ഞ നസ്രാണികളല്ല തൃശൂർക്കാർ—ഉള്ളിലൊന്നു കരുതുക, പുറത്തു് മറ്റൊന്നു പറയുക എന്ന രീതിയേയില്ല—വെട്ടൊന്നു്, മുറി രണ്ടു്. മാർ ജേക്കബ് തൂങ്കുഴി യായിരുന്നു തൃശൂർ ആർച്ച് ബിഷപ്പെങ്കിൽ ഇങ്ങനെ പ്രസംഗിക്കുമോ? ഒരിക്കലുമില്ല. തലശ്ശേരിയിലിരുന്ന കാലം മുതലേ മാർക്സിസ്റ്റുകാരെ ഭയമാണു് തൂങ്കുഴിക്കു്. മാമക്കുട്ടിയെ കണ്ടാൽ എഴുന്നേറ്റു് നിൽക്കും. ദൈവശാസ്ത്രമറിയാം, ചങ്കൂറ്റം തീരെയില്ല. ആൻഡ്രൂസ് പിതാവു് മറിച്ചാണു്. ആരെടാ എന്നു ചോദിച്ചാൽ ഏതെടാ എന്നു് തിരിച്ചുചോദിക്കും. ആലപ്പാട്ടിന്റെയും കുണ്ടുകുളത്തിന്റെയും യഥാർഥ പിൻഗാമി.
മന്ത്രിമാർക്കു് കുറുമാലിപ്പുഴ കടന്നു് തൃശൂർക്കു് പോകാൻ മെത്രാന്റെ തീട്ടൂരം വേണോ? തൃശൂരിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമറിയാത്തവരേ അങ്ങനെ ചോദിക്കൂ. പെരിയാറിനോടോ ചാലക്കുടിയാറിനോടോ താരതമ്യം ചെയ്താൽ കുറുമാലിപ്പുഴയും മണലിപ്പുഴയും അൽപം വീതി കൂടിയ തോടുകളാണു്. കേരളസർക്കാർ അംഗീകരിച്ച 44 നദികളുടെ പട്ടികയിൽ ചാലക്കുടി, കരുവന്നൂർ, പുഴയ്ക്കൽ, കേച്ചേരിപ്പുഴകൾ ഉണ്ടു്. കുറുമാലിയും മണലിയും ഇല്ല. പക്ഷേ, തൃശൂർക്കാർക്കു് സർക്കാർ പട്ടികയും പഞ്ചാംഗവുമൊന്നും പ്രശ്നമല്ല. നൈലിനേക്കാൾ നീളവും ആമസോണിനേക്കാൾ ആഴവുമുണ്ടു് കുറുമാലിപ്പുഴക്കു്. ഡാന്യൂബിനേക്കാൾ, വോൾഗയേക്കാൾ കേമം മണലിപ്പുഴ. പോട്ടോമാക് നദിക്കരയിൽ വാഷിംഗ്ടൺ, തെംസിന്റെ തീരത്തു് ലണ്ടൻ. അതുപോലെ മണലിപ്പുഴയോരത്തു് ആമ്പല്ലൂർ, കുറുമാലിക്കരയിൽ പുതുക്കാട്.
കുറുമാലിപ്പുഴ ക്കു് തെക്കാണു് നന്തിക്കരയും പറപ്പൂക്കരയും. പാലം കടന്നാൽ പുതുക്കാട്. ആൻഡ്രൂസ് പിതാവിന്റെ ജന്മദേശം. കുറുമാലിപ്പുഴയിൽ മുങ്ങിക്കുളിച്ചും നീന്തിത്തുടിച്ചും ചൂണ്ടയിട്ടു് മീൻപിടിച്ചും വളർന്നയാളാണു് പിതാവു്. സംഗതിവശാൽ ഇരിങ്ങാലക്കുട-തൃശൂർ രൂപതകളുടെ അതിർത്തിയുമാണു് കുറുമാലിപ്പുഴ. വന്ദ്യപിതാവിന്റെ ആജ്ഞലംഘിച്ചു് തൃശ്ശിവപേരൂർക്കു് കാലെടുത്തുചവിട്ടാൻ ധൈര്യമുണ്ടോ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് മന്ത്രിമാർക്കു്?
സഭവക സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ ഇടപെടൽ അനുവദിക്കരുതെന്ന കാര്യത്തിൽ സകല മെത്രാന്മാരും സി. എം. ഐ., ജെസ്യൂട്ട് വൈദികരും കന്യാസ്ത്രീ മഠങ്ങളും ഒറ്റക്കെട്ടാണു്. ന്യൂനപക്ഷാവകാശം സംരക്ഷിക്കണം, 100 ശതമാനം സീറ്റും മാനേജ്മെന്റിനു് കിട്ടണം, പ്രവേശന പരീക്ഷ പാടില്ല, സംവരണം പറ്റില്ല, തലവരിയും ഫീസും നിർണയിക്കാനുള്ള അവകാശം ദൈവദത്തമാണു്. മാതൃഭൂമി എഡിറ്റ് പേജിലെഴുതാനും ഇടയലേഖനമിറക്കാനുമല്ലാതെ വിമോചനസമരത്തിനു് ആഹ്വാനം ചെയ്യാൻ ആർക്കുണ്ടു് ധൈര്യം?
ളാപ്പാലം കടന്നു് ഒറ്റ സഖാവും ചങ്ങനാശ്ശേരിയിൽ കാലുകുത്തരുതെന്നു് പറയാൻ നാവുപൊന്തില്ല, പെരുന്തോട്ടത്തിനു്. മൂവാറ്റുപുഴയാറു് മുറിച്ചുകടക്കരുതെന്നു് പുന്നക്കോട്ടിലോ കരുവന്നൂർപ്പുഴ കടക്കരുതെന്നു് പഴയാറ്റിലോ പറയില്ല. പെരിയാറോ വേമ്പനാട് കായലോ കടന്നു് എറണാകുളത്തു് വരരുതെന്നു് അത്യുന്നത കർദിനാളും കൽപിക്കുകയില്ല. ഇതാണു് ഇതര പിതാക്കളും ആൻഡ്രൂസ് മെത്രാനും തമ്മിലെ വ്യത്യാസം. മ്മടെ മെത്രാനു് കാനോൻ നിയമം മാത്രമല്ല കൈയൂക്കിന്റെ നിയമവുമറിയാം. കേരളത്തിന്റെ വൈദിക തലസ്ഥാനം എറണാകുളത്തുനിന്നു് തൃശൂർക്കു് മാറ്റണം. വിതയത്തിൽ സ്ഥാനത്യാഗം ചെയ്തു് ആൻഡ്രൂസ് പിതാവിനെ കർദിനാളാക്കണം.
ആൻഡ്രൂസ് പിതാവിന്റെ സമരാഹ്വാനത്തോടു് കേരളീയ സമൂഹം നീതിരഹിതമായാണു് പ്രതികരിച്ചതു്. മാർക്സിസ്റ്റ് പാർട്ടിയും ദേശാഭിമാനിയും മാത്രമല്ല എൻ. എസ്. എസും എസ്. എൻ. ഡി. പി.-യും മാതൃഭൂമിയും മാധ്യമവുമൊക്കെ സമരപ്രഖ്യാപനത്തെ എതിർത്തു. യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, സി. എസ്. ഐ. സഭകളും മനോരമ, മംഗളം പത്രങ്ങളും നിസ്സംഗത പുലർത്തി. കഷ്ടിച്ചു് ദീപിക മാത്രമാണു് അര നല്ല വാക്കു് പറഞ്ഞതു്. മുസ്ലീംലീഗ് ആദ്യം പിന്തുണ പ്രഖ്യാപിച്ചു, പിന്നീടു് പിൻവലിഞ്ഞു.
ജൂബിലിയിൽ കനത്ത തലവരിയും മുടിഞ്ഞ ഫീസും കൊടുക്കാൻ വയ്യാതെ മക്കളെ ബാംഗ്ലൂർക്കു് വിടുന്ന തൃശൂരിലെ സത്യവിശ്വാസികൾ ആവേശം കാട്ടാഞ്ഞതു് സ്വാഭാവികം. മനുഷ്യസ്വഭാവം അങ്ങനെയാണു്. ദൈവത്തേക്കാൾ മേമോനോടാണു് അവർക്കു് പ്രിയം. പക്ഷേ, പള്ളികൊണ്ടു് ഉപജീവനം കഴിക്കുന്ന പട്ടക്കാരുടെയും കന്യാസ്ത്രീമാരുടെയും സ്ഥിതി അതാണോ? പിതാവിന്റെ പ്രസംഗം തീർന്നയുടനെ ലൂർദ് പള്ളിയിലും പുത്തൻപള്ളിയിലും കൂട്ടമണിയടിച്ചു് ആളെ കൂട്ടാഞ്ഞതും സ്ക്കൂൾകുട്ടികളെവരെ വഴിയിലിറക്കി വിശ്വാസപ്രഖ്യാപന റാലി നടത്താഞ്ഞതും അക്ഷന്തവ്യം. ആൻഡ്രൂസ് പിതാവിന്റെ സമരാഹ്വാനം അനവസരത്തിലുള്ള അനാവശ്യമെന്നാണു് വൈദികർ അടക്കം പറയുന്നതു്.
എൻ. എസ്. എസിനെയും മുസ്ലീംലീഗിനെയും കൂട്ടാതെ, ഇതര ക്രൈസ്തവസഭകളുടെയും മനോരമയുടെയും പിന്തുണ കൂടാതെ എങ്ങനെ നടത്തും വിമോചന സമരം എന്നാണു് സംശയം. ദീപികയുടെ പോലും 51 ശതമാനം ഓഹരി അന്യാധീനമാണു്. (അതും മാർക്സിസ്റ്റ് ബിനാമി നാലാം വേദക്കാരന്റെ കൈയിൽ!). കേന്ദ്രത്തിൽ കോൺഗ്രസ് ഭരിക്കുന്നതു് മാർക്സിസ്റ്റുകാരുടെ ഔദാര്യത്തിൽ. പിന്നെ എങ്ങനെ സർക്കാറിനെ പിരിച്ചുവിടും, സമരം വിജയിക്കും എന്നാണു് ചോദ്യം.
ദൈവമഹത്ത്വത്തെപ്പറ്റി ബോധ്യമില്ലാത്തവരാണു് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതും ഒഴികഴിവുകൾ പറയുന്നതും. അബ്രഹാമിന്റെ ബലി സ്വീകരിച്ച ദൈവം, നോഹയെ പ്രളയത്തിൽനിന്നു് രക്ഷിച്ച ദൈവം, ദാവീദിന്റെ കവണക്കല്ലാൽ ഗൊല്യാത്തിനെ വീഴ്ത്തിയ ദൈവം, ഫറോവയുടെ സൈന്യത്തെ തുലച്ചു് മോശയെ മോചിപ്പിച്ച ദൈവം, സീനായ് മലമുകളിൽ ഇസ്രായേൽ ജനതക്കു് പത്തു കൽപ്പനകൾ നൽകിയ ദൈവം, മുണ്ടശ്ശേരി യുടെ മുണ്ടുരിഞ്ഞ ദൈവം, എം. എ. ബേബി യുടെ നിയമത്തെ ജലരേഖയാക്കിയ നമ്മുടെ ദൈവം—സർവശക്തനായ ദൈവത്താൽ അസാധ്യമായി എന്തുണ്ടു്? ദൈവമഹത്ത്വമുള്ളവൻ കിഴക്കൻ മലയെ അമ്മാനമാടും, പടിഞ്ഞാറൻ കാറ്റിനെ പിടിച്ചുകെട്ടും. സിംഹങ്ങളുടെ വായ് പിളർന്നു് പല്ലെണ്ണിനോക്കും, ബേബി സഖാവിന്റെ താടിമീശക്കു് തീകൊളുത്തും. അച്യുതാനന്ദന്റെ അടപ്പു് തെറിപ്പിക്കും, പിണറായി യുടെ പണിതീർക്കും—സകല രൂപതകൾക്കും അതിരൂപതകൾക്കും മീതെ തൃശൂരിന്റെ കൊടിപാറിക്കും.
അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ കർത്താവു് ആൻഡ്രൂസ് പിതാവിനെ കാത്തുരക്ഷിക്കട്ടെ. ആമേൻ!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.