ബഹു: മന്ത്രി കുട്ടപ്പൻ മാന്യനാണെന്നു മനസ്സിലായി. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇമ്മാതിരി കുനട്ടു പിടിച്ച ചോദ്യങ്ങളുന്നയിച്ചു ശല്യപ്പെടുത്തിയ പത്രലേഖകനെതിരെ കേസെടുപ്പിച്ചേനെ. പത്രലേഖകർക്കും വകതിരിവുവേണം എം. എൽ. എ. ആയിരിക്കുമ്പോൾ അതും പ്രതിപക്ഷത്തായിരിക്കുമ്പോൾ എന്തൊക്കെ ആവശ്യപ്പെടും. മന്ത്രിയായെന്നുവെച്ചു് അതു വല്ലതും നടപ്പാക്കാനൊക്കുമോ?
ലേഖകരെക്കാളും വിവേകമതികളാണു് പത്രഉടമകൾ. അതുകൊണ്ടാണല്ലോ പട്ടിക ജാതിക്കാർക്കെതിരായ വിവേചനം കുത്തക പത്രങ്ങളിൽ വാർത്തയേ ആകാഞ്ഞതു്. കോളേജധികൃതരുടെ നിഷേധക്കുറിപ്പാണു് മലയാള മനോരമയിൽ ആദ്യം വന്നതു്. ശുദ്ധ ഗാന്ധിയൻ പത്രമായ മാതൃഭൂമി നിഷേധക്കുറിപ്പും പ്രസിദ്ധീകരിക്കാതെ ഇരുപത്തിനാലു കാരറ്റ് നിഷ്പക്ഷത തെളിയിച്ചു. രാഷ്ട്രീയക്കാരും അവസരത്തിനൊത്തുയർന്നു. വിവേചനം ദൗർഭാഗ്യകരമാണു് എന്നു പറയാൻ കരുണാകരനേ ഉണ്ടായിരുന്നുള്ളു. ഇടതു-വലതു കമ്യുണിസ്റ്റ് പാർട്ടികൾ മൗനം ദീക്ഷിച്ചു. മനുഷ്യാവകാശ പ്രവർത്തകനും ഭരണഘടനാ വിദഗ്ദ്ധനുമായ അന്നത്തെ സ്ഥലം എം. എൽ. എ.-ക്കും ഉരിയാട്ടമുണ്ടായില്ല. ഡോ. എം. എ. കുട്ടപ്പൻ തന്നെയും വഴിപാടിനു് ഒരു പ്രസ്താവന ഇറക്കിയെന്നേയുള്ളു.
കുട്ടപ്പനു് കുരുത്തമില്ല എന്നൊരഭിപ്രായം പണ്ടേയുണ്ടു് കോൺഗ്രസിൽ. യുക്തിവാദി സംഘവും അംബേദ്കർ മിഷനുമൊക്കെയായി സർക്കാർ സർവ്വീസിൽ ഡോക്ടറായി വിരാജിച്ച കുട്ടപ്പനെക്കൊണ്ടു് ജോലി രാജിവെപ്പിച്ചതും എം. എൽ. എ.-യാക്കിയതും പരമഭക്തനായ കെ. കരുണാകരൻ. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്തിനടുത്തു് വാളകുഴി സ്വദേശിയായ കുട്ടപ്പൻ കന്നിയങ്കം കുറിച്ചതു് 1980-ൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ. ആന്റണി കോൺഗ്രസിലെ സുരേഷായിരുന്നു എതിരാളി. മുസ്ലിംലീഗിന്റെ അകമഴിഞ്ഞ സഹകരണമുണ്ടായാതുകൊണ്ടു് കുട്ടപ്പൻ വിജയിച്ചു.
നിയമസഭാംഗമായിരിക്കവെ കരുണാകർജി യുടെ അപ്രീതിക്കു പാത്രീഭൂതനായി കുട്ടപ്പൻ. പുകഞ്ഞകൊള്ളി പുറത്തു് എന്നാണല്ലോ കാരണവരുടെ സിദ്ധാന്തം. ലീഡറുടെ പ്രതാപകാലവുമാണു്. അങ്ങനെ 1982-ലെ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെട്ട ഏക കോൺഗ്രസ് എം. എൽ. എ.-യായി. കുട്ടപ്പൻ വണ്ടൂരിൽ കരുണാകരൻ തന്റെ വിനീത വിധേയൻ പന്തളം സുധാകരനെ നിർത്തി ജയിപ്പിച്ചു.
1982-ൽ മന്ത്രിയോഗം തെളിഞ്ഞതു് കെ. കെ. ബാലകൃഷ്ണനാ യിരുന്നു. ഭാര്യ മരിച്ചു കിടക്കുമ്പോഴും കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭ നിലനിർത്താൻ സഭയിൽ ഓടിയെത്തിയതിന്റെ പ്രത്യുപകാരം. ഹരിജനക്ഷേമ വകുപ്പു, പക്ഷേ, കരുണാകരൻ കൈവശംവെച്ചു. ബാലകൃഷ്ണനു കിട്ടിയതു ഗതാഗതവകുപ്പു്. കരുണാകർജി യുടെ ഭരണകാലത്താണു് ഐ. ആർ. ഡി. പി. പ്രകാരം പട്ടികജാതിക്കാർക്കു് ആനയെ വാങ്ങിക്കൊടുത്തതും ബലാത്സംഗത്തിനിരയാകുന്നവർക്കു് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചതും കേരള ഹൈക്കോടതിയിൽ ആദ്യമായി പട്ടികജാതിക്കാരൻ ജഡ്ജിയായതും.
ഒരു കൊല്ലത്തിനകം മന്ത്രിസഭാ പുനഃസംഘടനയുണ്ടായി. കെ. കെ. ബാലകൃഷ്ണൻ സിറിയക് ജോണി നും ജോസ് കുറ്റ്യാനിക്കുമൊപ്പം മറുകണ്ടം ചാടി. ആന്റണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്തു് എം. എൽ. എ.-യും മന്ത്രിയുമായ വേലായുധൻ ക്രമേണ കരുണാകരന്റെ ആളായി. ആഭ്യന്തര വകുപ്പു നഷ്ടപ്പെട്ട വയലാർ രവി മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു് വേലായുധനും രാജിവെക്കുമെന്നായിരുന്നു ആന്റണി യുടെ പ്രതീക്ഷ. വേലായുധൻ പക്ഷേ, കരുണാകരനോ ടു് ഒട്ടിനിന്നു. 1987-ലെ തെരഞ്ഞെടുപ്പിൽ വേലായുധന്റെ പേരു് ആന്റണി വെട്ടി. അതോടെ വേലായുധന്റെ രാഷ്ട്രീയ ഭാവി ആടു കടിച്ചു. നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും പി. കെ. വേലായുധനു സീറ്റുകിട്ടിയില്ല.
വേലായുധനെ വെട്ടിയ ആന്റണി കുട്ടപ്പനു സീറ്റു തരപ്പെടുത്തി. തൃശുർ ജില്ലയിലെ ചേലക്കരയിൽനിന്നു് ഏഴായിരത്തിൽപ്പരം വോട്ടിനു ജയിച്ചു കയറിയപ്പോൾ ഭരണമില്ല. അഞ്ചു വർഷം കഴിഞ്ഞു് ഭരണം കിട്ടിയപ്പോൾ ആലപ്പുഴ ജില്ലയിലെ പന്തളത്തു് സിറ്റിംഗ് എം. എൽ. എ. കേശവനോടു് പൊരുതിത്തോൽക്കാനായിരുന്നു കുട്ടപ്പന്റെ വിധി. കുട്ടപ്പൻ ഇട്ടെറിഞ്ഞുപോയ ചേലക്കരയിൽ കോൺഗ്രസിലെ എം. പി. താമി പുഷ്പം പോലെ ജയിക്കുകയും ചെയ്തു. വണ്ടൂരുനിന്നു് മൂന്നാമതും ജയിച്ചുവന്ന പന്തളം സുധാകരനാ ണു് മന്ത്രിയായതു്.
1994 ജുണിൽ ഒഴിവുവന്ന രാജ്യസഭാ സ്ഥാനങ്ങളിൽ ഒന്നു് പട്ടികജാതിക്കാരനെന്ന നിലയിൽ എം. എ. കുട്ടപ്പനു കൊടുക്കണമെന്നു് ആന്റണി ഗ്രൂപ്പ് ആവശ്യപ്പെട്ടു. നേരത്തെ പി. കെ. കുഞ്ഞച്ചനും ടി. കെ. സി. വടുതല യുമൊക്കെ രാജ്യസഭാംഗങ്ങളായിരുന്നതുമാണല്ലോ. കരുണാകരനു പക്ഷേ, കുട്ടപ്പനെ ബോധിച്ചില്ല. ഒരു സീറ്റ് വയലാർ രവി യ്ക്കു കൊടുത്തു. മറ്റേതു് മുസ്ലിംലീഗിലെ സമദാനിക്കും. മൂന്നാമത്തെ സീറ്റ് മാർക്സിസ്റ്റ് പാർട്ടിയുടേതാണു്. അങ്ങനെ കുട്ടപ്പനെ വീണ്ടും ഒതുക്കി.
കുട്ടപ്പനെ തഴഞ്ഞതിൽ പ്രതിഷേധിച്ചു് ഉമ്മൻചാണ്ടി മന്ത്രിപദം ഒഴിഞ്ഞു. പിന്നാലെ കെ. പി. വിശ്വനാഥനും രാജികൊടുത്തു. ആന്റണി ഗ്രൂപ്പ് നേതൃമാറ്റം ആവശ്യപ്പെട്ടു. ഘടകക്ഷികളും അതേ ആവശ്യം ഏറ്റുപിടിച്ചപ്പോൾ കരുണാകരന്റെ കടപുഴകി.
1996-ൽ എറണാകുളം ജില്ലയിലെ ഞാറക്കൽ മണ്ഡലത്തിൽ മൽസരിച്ച കുട്ടപ്പൻ നേരിയ ഭൂരിപക്ഷത്തോടെ സിറ്റിംഗ് എം. എൽ. എ. വി. കെ. ബാബു വിനെ തോൽപിച്ചു. ഭരണം ഇടതുമുന്നണിക്കും കിട്ടി. നിയമസഭക്കകത്തും പുറത്തും പട്ടികജാതിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി കുട്ടപ്പൻ ശബ്ദമുയർത്തി. തന്നെ ‘ഹരിജൻ കുട്ടപ്പൻ’ എന്നു പരാമർശിച്ച മുഖ്യമന്ത്രിക്കെതിരെ കേസുകൊടുക്കാനും മടിച്ചില്ല. ഹരിജൻ എന്നു വിശേഷിപ്പിച്ചതിൽ അധിക്ഷേപകരമായി ഒന്നുമില്ല എന്നായിരുന്നു ഹൈക്കോടതി വിധി, (കോടതിയിലും പട്ടികജാതിക്കാർക്കു രക്ഷയില്ല; പുലനാടി എന്നു വിളിച്ചാലും ആക്ഷേപകരമല്ല എന്നു് ഈയിടെ വിധിയുണ്ടായി).
നെടുമ്പാശ്ശേരി വിമാനത്താവളക്കമ്പനിയിലെ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ടു് നിരാഹാരസമരം നടത്തിയതായിരുന്നു കുട്ടപ്പന്റെ മറ്റൊരു പരാക്രമം. സെന്റ് തെരേസാസിനു മുമ്പിൽ സത്യഗ്രഹത്തിനൊന്നും തുനിഞ്ഞില്ല കുട്ടപ്പൻ. കാരണം ഞാറക്കൽ മണ്ഡലത്തിൽ ക്രിസ്ത്യാനികൾ, വിശേഷിച്ചു് ലത്തീൻ കത്തോലിക്കർ ആണു് കോൺഗ്രസിനു വോട്ടു ചെയ്യാറു്. പട്ടികജാതിക്കാരുടെയും ഈഴവരുടെയും വോട്ട് നിശ്ചയമായും കമ്യുണിസ്റ്റുകാർക്കാണു്. വെറുതേ ഉള്ള വോട്ടിൽ ചുക്കിട്ടു കാച്ചരുതല്ലോ. കുടുംബത്തിനകത്തും പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടു്—കുട്ടപ്പന്റെ നല്ല പാതി നസ്രാണിത്തരുണിയാകുന്നു.
ഇത്തവണ മാർക്സിസ്റ്റ് സ്ഥാനാർത്ഥി ജയിക്കുമെന്നു് കോൺഗ്രസുകാർ ഉറപ്പിച്ച സീറ്റാണു് ഞാറക്കൽ. ക്രിസ്ത്യാനികളിൽ ഒരു വിഭാഗം നീരസം പ്രകടിപ്പിച്ചിട്ടും തരംഗത്തിന്റെ ബലത്തിൽ കുട്ടപ്പൻ പിടിച്ചു കയറി. കെ. കെ. ബാലകൃഷ്ണൻ മരിക്കുകയും പന്തളം സുധാകരൻ തോൽക്കുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രിസ്ഥാനവും കുട്ടപ്പനെ തേടിയെത്തി. നിയമസഭയിൽ പട്ടികജാതിക്കാർ 14 പേരുള്ള സ്ഥിതിക്കു് മന്ത്രിമാർ രണ്ടു പേർ ആകാമായിരുന്നു. ഈഴവേതര പിന്നാക്ക ഹിന്ദുക്കൾക്കു പ്രാതിനിധ്യമേ ഇല്ലാത്ത സാഹചര്യത്തിൽ പട്ടികജാതിക്കാരൻ ഒന്നായിപ്പോയതിൽ അതിശയിക്കാനില്ല. വകുപ്പോ? പട്ടിക ജാതിക്ഷേമം തന്നെ. കുട്ടപ്പൻ ഡോക്ടറായതുകൊണ്ടു മാത്രം ആരോഗ്യവകുപ്പു കിട്ടണമെന്നില്ലല്ലോ. 54-കാരനായ കുട്ടപ്പനു (ജനനം 12.4.1947) കിട്ടിയ മറ്റൊരു വകുപ്പു് യുവജനക്ഷേമമാണു്.
ഒന്നുമില്ലാത്തതിലും ഭേദമാണു് പട്ടികജാതിക്ഷേമ വകുപ്പു് എന്നു സമാധാനിച്ചു ഭരിക്കാൻ തുടങ്ങുമ്പോഴാണു് പത്രലേഖകൻ സെന്റ് തെരേസാസും പൊക്കിപ്പിടിച്ചു് ഗുലുമാലുണ്ടാക്കുന്നതു്. പ്രിൻസിപ്പാൾ സി. ടെസ്സയടക്കമുള്ളവരെ അറസ്റ്റു ചെയ്തു തുറുങ്കിലടക്കണമെന്നു് കുട്ടപ്പനു് ആഗ്രഹമുണ്ടു്. പക്ഷേ, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം മെത്രാന്മാരും മന്ത്രി കെ. വി. തോമസും കോപിക്കും. സി. ടി. സുകുമാരൻ എന്ന ഐ. എ. എസുകാരന്റെ ദുരൂഹമരണത്തെപ്പറ്റി അന്വേഷണത്തിനുത്തരവിട്ടാലോ, കോൺഗ്രസിന്റെ അത്യുന്നത നേതൃത്വം വരെ എതിരാകും. ഒടിയന്മാരെപ്പറ്റിയുള്ള അന്ധവിശ്വാസം നിലനിൽക്കുന്ന തെക്കേ മലബാറിൽ പറയ സമുദായക്കാർക്കെതിരെ നടക്കുന്ന ആക്രമങ്ങൾ തടയാൻ ശ്രമിച്ചാൽ ലീഗുകാരാകും ഇളകുക. ചുരുക്കത്തിൽ മർമവിദ്യ പഠിച്ച നമ്പൂതിരിയുടെ അവസ്ഥയിലാണു് കുട്ടപ്പൻ. എവിടെ നോക്കിയാലും മർമം. പശുവിനു് ഒരടിപോലും കൊടുക്കാനാവില്ല.
ആകയാൽ ‘അടഞ്ഞ അധ്യായ’മേ ശരണം. സെന്റ് തെരേസാസ് അടഞ്ഞ അധ്യായം. സി. ടി. സുകുമാരൻ പണ്ടേ അടഞ്ഞ അധ്യായം. മുള്ളൻകൊല്ലിയിൽ ആദിവാസികൾ പട്ടിണി കിടന്നുമരിക്കുന്നതു് അടഞ്ഞുകൊണ്ടിരിക്കുന്ന അധ്യായം. കട്ടപ്പനക്കടുത്തു് ചെമ്പക്കപ്പാറയിൽ പതിനഞ്ചുകാരിയായ ദലിത് പെൺകുട്ടിയെ 22 പേർ ചേർന്നു് മാനഭംഗപ്പെടുത്തിയതും ചടയമംഗലത്തിനടുത്തു് കുരിയോടു് ആദിവാസി ഹോസ്റ്റലിലെ ഒമ്പതുവയസ്സുകാരൻ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചയിൽ കൊല്ലപ്പെട്ടതും ഉടനെ അടയാനിരിക്കുന്ന അധ്യായങ്ങൾ. ആദിവാസി ഭൂമി അന്യാധീനപ്പെട്ടതും അട്ടപ്പാടിയിലെയും വയനാട്ടിലെയും അവിവാഹിതരായ അമ്മമാരുമൊക്കെ ആർക്കും താൽപര്യമില്ലാത്ത കാര്യങ്ങൾ മാത്രം.
നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയുടെ തലപ്പത്തു് നായനാർ മാറി ആന്റണി വന്നു. നിയമനത്തിൽ പട്ടികജാതിക്കാർക്കു സംവരണം ഇപ്പോഴും മരീചിക തന്നെ. എന്തിനു വിമാനത്താവള കമ്പനിയെ മാത്രം പറയണം? നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകളിലൊക്കെ നിയമനങ്ങളിൽ പത്തു ശതമാനം പട്ടികജാതി/വർഗക്കാർക്കായി സംവരണം ചെയ്തുകൊണ്ടു് രജിസ്ട്രാർ ഉത്തരവിറക്കിയിട്ടു കൊല്ലം പത്തായി. ഒരൊറ്റ പട്ടികജാതിക്കാരനും നിയമനം കിട്ടാത്ത സഹകരണ ബാങ്കുകൾ എത്രയാണു്. സംവരണം നടപ്പാക്കിയവർ തന്നെ പ്യൂൺ അറ്റൻഡർ തസ്തികകളാണു് പട്ടികജാതിക്കാർക്കായി നീക്കിവെച്ചതു്. ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്കു് പ്രമോഷൻ പരിഗണിക്കുമ്പോൾ ജുഡിഷ്യൽ സർവീസിലെ ഏറ്റവും സീനിയറായ ജില്ലാജഡ്ജി തഴയപ്പെടുന്നു. തൊട്ടു താഴെയുള്ളയാളുടെ പേരു് ശിപാർശ ചെയ്യപ്പെടുകയും ചെയ്യുന്നു. തഴയപ്പെട്ടതു് പട്ടികജാതിക്കാരൻ. ശിപാർശ ചെയ്യപ്പെട്ടതു് സവർണൻ ശിപാർശ നടത്തിയ കൊളേജ്യത്തിൽ അധ്യക്ഷത വഹിച്ചതു് സഹോദരൻ അയ്യപ്പന്റെ നേരനന്തരവൾ!
വിദ്യാഭ്യാസത്തിലായാലും ഉദ്യോഗസ്ഥ നിയമനത്തിലായാലും പട്ടികജാതിക്കാർക്കുള്ള ആനുകൂല്യം തട്ടിയെടുക്കുന്നതു വേറൊരു കൂട്ടർ: വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ വിറ്റു് വില്ലേജ് ഓഫിസർമാരും തഹസിൽദാർമാരും സമ്പന്നരായിരിക്കുന്നു. 1999–2000 വിദ്യാഭ്യാസ വർഷത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ മുപ്പതു കോളേജുകൾ പട്ടികജാതിക്കാർക്കു് നീക്കിവെച്ച സീറ്റുകൾ സ്വന്തക്കാർക്കു് നൽകി എന്നാണു് ഔദ്യോഗിക കണക്കു്. മിക്കവാറും ക്രിസ്ത്യൻ കോളേജുകൾ; അവയിലേറെയും കത്തോലിക്കരുടെയും. എറണാകുളം സെന്റ് തെരേസിൽ പട്ടികജാതിക്കാരായ വിദ്യാർഥിനികൾ എത്ര ശതമാനമുണ്ടാകുമെന്ന് ബഹു: മന്ത്രി ഒന്നു് അന്വേഷിച്ചാൽ നന്നായിരിക്കും. അതു് മിക്കവാറും പൂജ്യത്തോടടുത്ത ഒരു ശതമാനമാകാനാണിട.
പട്ടികജാതി/പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായി 335 കോടി രൂപയാണു് ശങ്കരനാരായണൻജിയുടെ പുതുക്കിയ ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളതു്. മൊത്തം വാർഷിക പദ്ധതിയുടെ 11.11 ശതമാനം. വക കൊള്ളിച്ചതിന്റെ 11 ശതമാനമെങ്കിലും ഉദ്ദേശിച്ച കാര്യത്തിനു ചെലവായാൽ പട്ടികജാതിക്കാരുടെ ഭാഗ്യം.
പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും മൂന്നു വീതം റസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങുമെന്നും ഉന്നതവിദ്യാഭ്യാസത്തിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്നുമാണു് ബജറ്റു വാഗ്ദാനം. മുഖ്യധാരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു് പട്ടികജാതിക്കാരെ മാറ്റി നിറുത്തുകയാവില്ലേ ഇവയുടെ ആത്യന്തികമായ ഫലം. അമേരിക്കയിലെ പഴയ seperate but equal സ്ഥാപനങ്ങൾ പോലെ.
സെന്റ് തെരേസാസ് സംഭവം അടഞ്ഞ അധ്യായമാണെന്നു കുട്ടപ്പൻ ആലുവാകൊട്ടാരത്തിലിരുന്നു പ്രസ്താവിച്ചതു് ജുലായ് 12-ാം തീയതി വ്യാഴാഴ്ചയായിരുന്നു. അടുത്ത ബുധനാഴ്ച അതേ വിവേചനം കുട്ടപ്പനും അനുഭവിച്ചു. നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിൽ കയറിയ കുട്ടപ്പൻ പെട്ടെന്നു പുറത്തിറങ്ങി ലിഫ്റ്റിൽ നിന്നു് സ്പീക്കർ ഇറക്കിവിട്ടതാണെന്നും രണ്ടുപക്ഷമുണ്ടു്. സ്പീക്കർക്കൊപ്പം ലിഫ്റ്റിൽ കയറാൻ മറ്റാർക്കും അവകാശമില്ലത്രെ. കുട്ടപ്പന്റെ സ്ഥാനത്തു് ഗൗരിയമ്മ യായിരുന്നെങ്കിൽ എം. വി. രാഘവനോ ചെർക്കളം അബ്ദുല്ല യോ കെ. സുധാകരനോ ആയിരുന്നെങ്കിൽ എന്തായേനെ കഥ? കുട്ടപ്പൻ സാധുവും തീണ്ടൽ ജാതിക്കാരനുമായതുകൊണ്ടു് ലിഫ്റ്റിൽ നിന്നു ബഹിഷ്കൃതനായി എന്നതാണു് സത്യം. സ്പീക്കറുടെ പ്രവൃത്തിയെപ്പറ്റി കുട്ടപ്പൻ മുഖ്യനോടു പരാതിപ്പെട്ടിട്ടുണ്ടു്. മുഖ്യമന്ത്രി പതിവിൻപടി പ്രശ്നം പഠിക്കുകയാണു്. മന്ത്രിസഭയുടെ കാലാവധി തീർന്നാലും തിരുമാനം പ്രതീക്ഷിക്കേണ്ടതില്ല. അടഞ്ഞ അധ്യായം ഒരെണ്ണം കൂടി.
നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയാണെങ്കിൽ ഇതും ഇതിലപ്പുറവും നടക്കും. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയായി തുടരണമെന്നേ ആന്റണി ക്കുള്ളു: കഴിയുന്നത്രകാലം മന്ത്രിക്കസേരയിൽ ചടഞ്ഞുകൂടണമെന്നു കുട്ടപ്പനും. സ്റ്റേറ്റുകാറും മന്ത്രി മന്ദിരവും മാത്രമാണു് തുറന്ന അധ്യായങ്ങൾ. ‘പട്ടികജാതിക്കാരെ ദൈവം രക്ഷിക്കട്ടെ.’
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.