1977 ഏപ്രിൽ 13. കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് അന്നാണു് രാജൻ കേസിന്റെ വിധി പറഞ്ഞതു്. ചാത്തമംഗലത്തെ ഹോസ്റ്റലിൽ നിന്നു് 1976 മാർച്ച് ഒന്നിനു് പൊലീസ് രാജനെ കസ്റ്റഡിയിലെടുത്തുവെന്നു് കോടതിക്കു് ബോധ്യമായി. മറിച്ചുള്ള സർക്കാറിന്റെ വാദം നിരാകരിച്ചു; രാജനെ കോടതിയിൽ ഹാജരാക്കണം എന്നു കൽപിച്ചു. സർക്കാർ ഭാഗത്തുനിന്നു് സമർപ്പിച്ച എതിർസത്യവാങ്മൂലങ്ങളൊന്നും തൃപ്തികരമല്ലെന്നു് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, നാലാം എതിർകക്ഷി കരുണാകരന്റെ അഫിഡവിറ്റിൽ സത്യം തുറന്നുപറയാനല്ല മറച്ചുവെക്കാനുള്ള ശ്രമമാണു് പ്രകടമാകുന്നതെന്നു് കുറ്റപ്പെടുത്തി.
കരുണാകരൻ നിയമജ്ഞനല്ല. ഭരണഘടനാ വിദഗ്ദ്ധനുമല്ല. സത്യവാങ്മൂലം തയാറാക്കിയതും കേസു വാദിച്ചതും അന്നത്തെ അഡീഷനൽ അഡ്വക്കേറ്റ് ജനറൽ ടി. എസ്. എൻ. മേനോൻ. ഏതേതു സത്യങ്ങൾ തുറന്നുപറയണം, ഏതൊക്കെ മറച്ചു വെക്കണം എന്നു നിശ്ചയിച്ചതും മേനോൻ. എറണാകുളത്തു് തയാറാക്കി കൊടുത്തയച്ച സത്യവാങ്മൂലത്തിൽ കൈയൊപ്പു ചാർത്തി മടക്കി അയക്കുകയേ കരുണാകരൻ ചെയ്തുള്ളു.
കള്ള സത്യവാങ്മൂലം ഫയൽ ചെയ്തു് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കരുണാകരൻ ഉടനടി രാജിവെക്കണമെന്നു് പ്രതിപക്ഷനേതാവു് ഇ. എം. എസ്. നമ്പൂതിരിപ്പാടു് ആവശ്യപ്പെട്ടു. ഉപനേതാവു് ടി. കെ. രാമകൃഷ്ണ നും ഉഗ്രനേതാവു് എം. വി. രാഘവനും അതു് ഏറ്റു് പറഞ്ഞു. കൂത്തുപറമ്പ് മെമ്പർ പിണറായി വിജയൻ നിയമസഭയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങി പരിക്ഷീണിതരായ സി. പി. എം. പ്രവർത്തകർ, പട്ടിണി കിടന്നവൻ ചക്കപ്പുഴുക്കു് കിട്ടിയ ഉൽസാഹത്തോടെ ചാടിപ്പുറപ്പെട്ടു. നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ.
എ. കെ. ആന്റണി യാണു് അക്കാലം കെ. പി. സി. സി. അധ്യക്ഷൻ. ധർമപുത്രരുടെ ഇളയച്ഛന്റെ മകനാണു് ആന്റപ്പൻ. ഗോഹട്ടിയിൽചെന്നു് അടിയന്തിരാവസ്ഥയെ എതിർത്ത ആദർശധീരൻ. കോടതി കുറ്റപ്പെടുത്തിയ നിലക്കു കരുണാകരൻ തുടരുന്നതു് ഉചിതമല്ലെന്നു് ആന്റണിക്കു് തോന്നി. ആദർശ പ്രചോദിതരായ അന്നത്തെ യൂത്തന്മാരും കെ. എസ്. യുക്കാരും അതേറ്റുപാടി. സി. പി. ഐ, ആർ. എസ്. പി. കക്ഷികളും അതേ വഴിക്കു് ചിന്തിച്ചു.
അലഹബാദ് ഹൈക്കോടതി വിധി ധിക്കരിച്ചതുകൊണ്ടാണു് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നതും കൊടിയ മനുഷ്യാവകാശലംഘനം നടമാടിയതും. അതുകൊണ്ടുമാത്രമാണു് ദേശീയ തലത്തിൽ കോൺഗ്രസ് കടപുഴകിയതും റായ്ബറേലിയിൽ മാഡം തന്നെ മലർന്നടിച്ചു വീണതും. മറിച്ചു് ഹൈക്കോടതി വിധി മാനിച്ചു് 1975 ജുൺ 12-നു് രാജിവെച്ചിരുന്നെങ്കിലോ? സുപ്രീം കോടതിയിൽ അപ്പീൽ ജയിച്ചു് പ്രധാനമന്ത്രിപദം ഏറ്റെടുക്കാമായിരുന്നു. കോൺഗ്രസ് ഭരണം ആചന്ദ്രതാരം അഭംഗുരം നിലനിന്നേനെ. റായ്ബറേലിയുടെ പാഠം കരുണാകരനും ബാധകം. കോൺഗ്രസിനെ മുന്നണിയെ രക്ഷിക്കാൻ രാജി അനിവാര്യം.
പാവം കരുണാകരൻ ആറ്റുനോറ്റു മുഖ്യമന്ത്രിയായിട്ടു് മൂന്നാഴ്ചപോലുമായിരുന്നില്ല. വിധി വന്നു പന്ത്രണ്ടാം ദിവസം ഹൃദയ വേദനയോടെ രാജികൊടുത്തു. ജവഹർനഗറിലെ വാടകവീട്ടിലേക്കു് താമസം മാറ്റി. പിന്നെ വളരെക്കാലം കോടതി കയറിയിറങ്ങി. ഒടുവിൽ കുറ്റവിമുക്തനായി. 1980-ൽ മാർൿസിസ്റ്റുകാർ കിണഞ്ഞുപരിശ്രമിച്ചിട്ടും മാളയിൽ റായ്ബറേലി ആവർത്തിച്ചില്ല. മൽസരിച്ചപ്പോഴൊക്കെ മാളയുടെ മാണിക്യം കരുണാകരൻ തന്നെ. 1982-ൽ ഇടക്കാല തെരഞ്ഞെടുപ്പു് ജയിച്ചു് അദ്ദേഹം മുഖ്യമന്ത്രിയായി, കാലാവധി തീർത്തു ഭരിച്ചു.
ആകസ്മികമെന്നേ പറയേണ്ടൂ. മുപ്പതു വർഷത്തിനിപ്പുറം അതേദിവസം, അതേസമയം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മറ്റൊരു സുപ്രധാന വിധിന്യായം! 2007 ഏപ്രിൽ 13-നു് 1.45-ന്റെ ശുഭമുഹൂർത്തത്തിൽ മന്ത്രി പാലോളി മുഹമ്മദ്കുട്ടി യുടെ മാപ്പപേക്ഷ തള്ളി കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. കരുണാകർജിയെ കുരിശിൽ തറച്ചതു് ജസ്റ്റിസുമാരായ പി. സുബ്രഹ്മണ്യം പോറ്റിയും വി. ഖാലിദുമായിരുന്നെങ്കിൽ പാവം. പാലോളിയെ ആണിയടിച്ചതു് ആൿടിംഗ് ചീഫ് ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണനും ജസ്റ്റിസ് എം. എൻ. കൃഷ്ണനും എന്നതേയുള്ളു വ്യത്യാസം.
നോട്ടുകെട്ടുകളുടെ കനത്തിനനുസരിച്ചു് വിധിപറയുന്ന ലജ്ജാകരമായ അവസ്ഥയിലേക്കു് നമ്മുടെ കോടതികൾ മാറിയിരിക്കുന്നു എന്ന പാലോളിയുടെ പരാമർശം നീതിന്യായവ്യവസ്ഥയുടെ അടിത്തറയിളക്കുന്നതും ജനങ്ങൾക്കു് കോടതികളിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുത്തുന്നതുമാണു്: കോടതി കുറ്റപ്പെടുത്തി. സഖാവിന്റെ പശ്ചാത്താപം ആത്മാർഥമല്ല, കോടതിയലക്ഷ്യം ചെയ്തതായി അദ്ദേഹം സമ്മതിച്ചിട്ടുമില്ല. അതുകൊണ്ടു് കേസുമായി മുന്നോട്ടു പോകും.
ഹൈക്കോടതിയിൽനിന്നു് ഇത്തരമൊരു കുറ്റപ്പെടുത്തലുണ്ടായാൽ ഏതു മന്ത്രിയും രാജിവെക്കും. അതാണു് കരുണാകരനുണ്ടാക്കിവെച്ച കീഴ്‌വഴക്കം. രാജിവെച്ചില്ലെങ്കിൽ വെപ്പിക്കും. പ്രതിപക്ഷത്തിനും പത്രങ്ങൾക്കും അലമ്പുണ്ടാക്കാൻ അവസരം നൽകുകയല്ല.
ഓർമയില്ലേ, ആർ. ബാലകൃഷ്ണപിള്ള യുടെ പഞ്ചാബ് മോഡൽ പ്രസംഗം? കേന്ദ്രാവഗണനക്കെതിരെ കേരള കോൺഗ്രസുകാർ സംഘടിപ്പിച്ച യോഗത്തിൽ കൊച്ചു ഫാൿടറി പഞ്ചാബിനു കൊടുത്തതിനെ വിമർശിച്ചതാണു് പിള്ളയദ്ദേഹം, “ബൂട്ടാസിംഗിനുപോലും കാലെടുത്തു ചവിട്ടാൻ പറ്റാത്ത പഞ്ചാബിനാണോ കൊച്ചു ഫാൿടറി? എങ്കിൽ നമുക്കും പഞ്ചാബിന്റെ വഴി തേടാം” എന്നു പ്രസംഗിച്ചതായി പിറ്റേന്നു് മാതൃഭൂമി (മാത്രം) റിപ്പോർട്ട് ചെയ്തു. ഉടനെ പുകിലായി, പുക്കാറായി, പൊതുതാൽപര്യഹർജിയായി. ഇപ്രകാരം പ്രസംഗിച്ചിട്ടുണ്ടെങ്കിൽ സത്യപ്രതിജ്ഞാലംഘനമാകുമെന്നേ ജസ്റ്റിസ് കെ. പി. രാധാകൃഷ്ണമേനോൻ പറഞ്ഞുള്ളു. തൽക്ഷണം കരുണാകരൻ പിള്ളയെ വിളിച്ചുവരുത്തി രാജിവാങ്ങിച്ചു.
വനം മാഫിയക്കു് മന്ത്രിയുമായി ബന്ധമുണ്ടാകാനിടയുണ്ടെന്ന ഹൈക്കോടതിയുടെ ആനുഷംഗിക പരാമർശമാണു് കെ. പി. വിശ്വനാഥന്റെ കസേര കളഞ്ഞതു്. മന്ത്രി കേസിൽ കക്ഷിയേ ആയിരുന്നില്ല. അദ്ദേഹത്തിന്റെ വാദം കേൾക്കാതെയാണു് ഇത്തരമൊരഭിപ്രായ പ്രകടനം നടത്തിയതു്. പ്രതിപക്ഷം രാജി ചോദിക്കാൻ നാവു വളയ്ക്കുമ്പോഴേക്കും ഉമ്മൻചാണ്ടി വിശ്വേട്ടനെ വിളിച്ചു് കടലാസു വാങ്ങി.
കെ. കരുണാകരനെ യോ ഉമ്മൻചാണ്ടി യെയോ പോലുള്ള മുഖ്യമന്ത്രിയാണോ വി. എസ്. അച്യുതാനന്ദൻ? ഒരിക്കലുമല്ല. ആന്റണിയേക്കാൾ ആദർശശാലി. രാഷ്ട്രീയ സദാചാരത്തിന്റെയും ധാർമികതയുടെയും ഹെഡ് ഓഫീസ്. ആർ. ബാലകൃഷ്ണപിള്ള യെയും കെ. പി. വിശ്വനാഥനെ യും പോലുള്ള മന്ത്രിയാണോ സഖാവു് പാലോളി മുഹമ്മദ് കുട്ടി? അല്ല. സാധുമനുഷ്യൻ. ആർക്കും ഒരുപദ്രവവും ചെയ്യില്ല. പച്ചവെള്ളം ചവച്ചു കഴിക്കുന്ന പ്രകൃതം. വള്ളുവനാടൻ (സവർണ) ഭാഷയിൽ ഒരു സാത്വികൻ, ഏറനാടൻ മാപ്പിളഭാഷയിൽ ഒരു മിസ്കീൻ. മന്ത്രിയായി തുടരണമെന്നു് യാതൊരു നിർബന്ധവുമില്ല. ബീടർക്കും കുട്ടികൾക്കുമായി ഒന്നും സമ്പാദിച്ചിട്ടില്ല, സൽപ്പേരല്ലാതെ. സാധാരണഗതിയിൽ, മാപ്പപേക്ഷ തള്ളി മിനിറ്റുകൾക്കകം പാലോളി സഖാവു് രാജിക്കത്തു കൊടുക്കേണ്ടതും മുഖ്യമന്ത്രി സഖാവു് അതു് ഗവർണർജിയെ ഏൽപിക്കേണ്ടതുമാണു്.
അവിടെ നിങ്ങൾക്കു തെറ്റി. ഇതു് കോൺഗ്രസോ ലീഗോ കേരള കോൺഗ്രസിന്റെ ഏതെങ്കിലും അവാന്തര വിഭാഗമോ ബി. ജെ. പി.-യോ പോലുമല്ല. സി. പി. ഐ.-യോ ആർ. എസ്. പി.-യോ പോലുമല്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർൿസിസ്റ്റ്) ആണു്. പവൻമാറ്റു് വിപ്ലവപാർട്ടി. ഇവിടെ ആരു്, എപ്പോൾ മന്ത്രിയാകണം, ഏതു് വകുപ്പു്, എങ്ങനെ ഭരിക്കണം, ഏതു് ഉത്തരവിറക്കണം, എങ്ങനെ പ്രസംഗിക്കണം, എങ്ങനെ പ്രസംഗിക്കാതിരിക്കണം, കോടതിയിൽ എന്നു് ഹാജരാകണം, ഏതു് വക്കീലിനെ കേസേൽപിക്കണം, എങ്ങനെ വാദിക്കണം, വിധി വന്നാൽ എന്തു് നിലപാടെടുക്കണം, എപ്പോൾ രാജിവെക്കണം, വിധിച്ച ജഡ്ജിയെ എന്തു് തെറി വിളിക്കണം, ഏതു് വഴിയേ നാടുകടത്തണം എന്നൊക്കെ തീരുമാനിക്കുന്നതു് പാർട്ടിയാണു്.
പാർട്ടിയെന്നു പറഞ്ഞാൽ മതിലെഴുതുന്നവരും പോസ്റ്ററൊട്ടിക്കുന്നവരും ജാഥക്കു് പോകുന്നവരും പൊലീസിന്റെ അടി വാങ്ങുന്നവരുമാണോ? അല്ല. അഞ്ചുകൊല്ലത്തിലൊരിക്കൽ ചുറ്റിക-അരിവാൾ-നക്ഷത്രത്തിൽ വോട്ടുകുത്തുന്നവരാണോ? അവരുമല്ല. അണ്ടനും അടകൊടനും കണ്ടൻ കോരനുമൊന്നുമല്ല പാർട്ടി. ക്യാപ്റ്റൻ കൃഷ്ണൻ നായരോ ഗൾഫാർ മുഹമ്മദാലിയോ പോലുമല്ല. പാർട്ടിയെന്നാൽ സംസ്ഥാന കമ്മിറ്റി, കമ്മിറ്റിയെന്നാൽ സെക്രട്ടറിയേറ്റ്, സെക്രട്ടറിയേറ്റെന്നാൽ സംസ്ഥാന സെക്രട്ടറി, നിലവിൽ സഖാവു് പിണറായിയാണു് പാർട്ടി, പാർട്ടിയാണു് പിണറായി.
പാലോളി സഖാവിനെ നേതാവാക്കിയതും മന്ത്രിയാക്കിയതും പാർട്ടിയാണു്. പന്തീരാണ്ടു് മുമ്പു് ഇദ്ദേഹത്തിന്റെ പേരു് മലപ്പുറം ജില്ലക്കു് പുറത്തു്, കൃത്യമായി പറഞ്ഞാൽ പഴയ വള്ളുവനാടു് താലൂക്കിന്റെ വട്ടത്തിനപ്പുറം ഒരുത്തരും കേട്ടിട്ടില്ല. 1995 ഏപ്രിൽ 11-നു് ഇ. കെ. ഇമ്പിച്ചിബാവ കണ്ണടച്ചു. പാർട്ടിക്കു് എണ്ണിപ്പറയാൻ ഒരു മുസ്ലിം നേതാവു് വേണം. അതും മലബാറിൽ നിന്നു്, ആവുന്നതും മലപ്പുറം ജില്ലയിൽ നിന്നുതന്നെ. അതു് മൂസക്കുട്ടിയോ മുഹമ്മദ് കുട്ടിയോ സെയ്താലിക്കുട്ടിയോ ആകാം. (തീരെ ചെറുപ്പമായതുകൊണ്ടു് അബ്ദുല്ലക്കുട്ടി പരിഗണിക്കപ്പെട്ടില്ല; സി. എം. പി.-യിൽ പോയതിനാൽ മൂസാൻകുട്ടിയും). അങ്ങനെ കുറിവീണതാണു് പാലോളി സഖാവിനു്. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായി, കേന്ദ്ര കമ്മിറ്റി അംഗമായി. 1996-ൽ സുരക്ഷിതമായ പൊന്നാനി സീറ്റിൽ മൽസരിച്ചു് എം. എൽ. എ.-യും മന്ത്രിയുമായി.
തദ്ദേശ സ്വയംഭരണ വകുപ്പാണു് കിട്ടിയതു്. സഖാവിനു് ഭരിക്കാനൊന്നും അറിയില്ലെന്നു് പാർട്ടിക്കറിയാം. അതുകൊണ്ടു് എസ്. എം. വിജയാനന്ദ് എന്ന അതിപ്രഗല്ഭ ഐ. എ. എസുകാരനെ സെക്രട്ടറിയാക്കി, കമാൽകുട്ടി എന്ന പുമാനെ പഞ്ചായത്തു് ഡയറക്ടറും. പാലോളി നാടുവാണ കാലത്താണു് ജനകീയാസൂത്രണം എന്ന സൂത്രം പ്രയോഗത്തിൽ വന്നതു്. പൂച്ചെണ്ടുകൾ മന്ത്രിക്കു കിട്ടി, കല്ലേറു് പാർട്ടിക്കും.
മന്ത്രിപ്പണി കഴിഞ്ഞപ്പോൾ ഇടതുമുന്നണി കൺവീനറായി. നിറമോ മണമോ ഗുണമോ ഇല്ലാത്ത കൺവീനർ. അമ്മിക്കുഴവിക്കു് കാറ്റുപിടിച്ചപോലെ നിസ്സംഗൻ. പഴയൊരു കാൽപ്പന്തുകളിക്കാരനും അർജന്റീനയുടെ ആരാധകനുമാണു് പാലോളി. പാർട്ടിക്കകത്തെ ഗ്രൂപ്പുകളിൽ കമ്പം തീരെയില്ല. പരമനിഷ്പക്ഷൻ. മലപ്പുറം സമ്മേളനത്തിനുശേഷം പിണറായി പക്ഷത്തേക്കു് ചായാൻ തുടങ്ങി. ഡി. ഐ. സി. (കെ) യെ മുന്നണിയിലെടുക്കേണ്ടെന്നു് പോളിറ്റ് ബ്യൂറോ തീരുമാനിച്ചപ്പോൾ ക്ഷോഭിക്കുന്ന പാലോളിയക്കണ്ടു് ജനം അന്തംവിട്ടു. കൺവീനറാണെന്ന ബോധമില്ലാതെ, മുന്നണി മര്യാദ മറന്നു് സി. പി. ഐ.-ക്കും ആർ. എസ്. പി.-ക്കുമെതിരെ കടുത്ത പരാമർശം നടത്തുന്നതും കേട്ടു.
വി. എസ്. അച്യുതാനന്ദനെ വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമാക്കി മുദ്രയടിച്ചു് തെരഞ്ഞെടുപ്പിൽ നിന്നു് മാറ്റി നിറുത്തുമ്പോൾ, പാലോളി മുഹമ്മദ് കുട്ടി യായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണു് പാർട്ടി പ്രഖ്യാപിച്ചതു്. സംസ്ഥാന ജനസംഖ്യയിൽ 25 ശതമാനത്തോളം വരുന്ന മുസ്ലിംകൾ ഇതുകേട്ടു് ആനന്ദതുന്ദിലരാകുമെന്നും മലബാർ മേഖലയിലെമ്പാടും പച്ചച്ചെങ്കൊടി പാറുമെന്നും പിണറായി വ്യാമോഹിച്ചു. സംഭവിച്ചതു് മറിച്ചാണു്. പ്രൊഫ. പി. കെ. പോക്കർ, കെ. ഇ. എൻ. കുഞ്ഞമ്മദ് എന്നിങ്ങനെ ഏതാനും ബുദ്ധി ജീവികൾക്കല്ലാതെ ഒരാൾക്കുമുണ്ടായില്ല രോമഹർഷം. മാധ്യമം പത്രം പാലോളിയെ തള്ളിപ്പറഞ്ഞു. മാതൃഭൂമിയും കേരള കൗമുദിയും എരിതീയിൽ എണ്ണ പകർന്നു. ഇന്ത്യാവിഷനും ഏഷ്യാനെറ്റും പ്രതിഷേധക്കാർക്കു് ചൂട്ടുപിടിച്ചു. ഈഴവവോട്ടുബാങ്ക് ലിക്വിഡേഷന്റെ വക്കിലെത്തിയപ്പോൾ പോളിറ്റ്ബ്യൂറോ തീരുമാനം മാറ്റി.
മുമ്പു് മാരാരിക്കുളത്തെന്നപോലെ മലമ്പുഴയിൽ വി. എസ്. മലർന്നടിച്ചുവീഴും, പാലോളി മുഖ്യമന്ത്രിയാകും എന്നു വിശ്വസിച്ചവരുണ്ടു്. ചാക്കുകച്ചവടക്കാരനും കോളക്കമ്പനികളും ഇരുമ്പുരുക്കു് വ്യവസായികളും കൊണ്ടുപിടിച്ചു് ഉൽസാഹിച്ചെങ്കിലും സതീശൻ പാച്ചേനി ക്കു് ജയിക്കാനൊത്തില്ല. വി. എസ്. മുഖ്യമന്ത്രിയായി, പാലോളി തദ്ദേശ സ്വയംഭരണവകുപ്പു് മന്ത്രിയും.
എ. ഡി. ബി. വായ്പാ പ്രശ്നത്തിൽ ഇമേജ് അൽപമൊന്നു് ഡിമ്മായി—ഇടതുമുന്നണിയിൽ ആലോചിച്ചാൽ ഘടകകക്ഷികൾ ഉടക്കും, മന്ത്രിസഭയിൽ അച്യുതാനന്ദൻ വഴക്കിനുവരും. അതുകൊണ്ടു് ആരോടും ആലോചിക്കാതെ ഒപ്പിടാൻ പാർട്ടി പറഞ്ഞു. പാലോളി അനുസരിച്ചു. ഇടഞ്ഞ മുഖ്യനെ മയക്കുവെടിവെച്ചു തളച്ചു. വെളിയം ഭാർഗവനെ വെറുതെ പുച്ഛിച്ചു. കാര്യങ്ങളങ്ങനെ ജിൽജില്ലായി മുന്നേറുമ്പോഴാണു് കോടതിയലക്ഷ്യത്തിന്റെ വരവു്.
ലാവ്ലിൻ കേസ് സി. ബി. ഐ. തന്നെ അന്വേഷിക്കണം എന്ന നിലപാടു് കഴിഞ്ഞ ഡിസംബറിൽതന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഭരണവും സമരവും എന്ന നയമനുസരിച്ചു് പാർട്ടി ദ്വിമുഖതന്ത്രം പയറ്റി. പൊതു താൽപര്യ ഹർജിയെ എതിർക്കാൻ സുപ്രീംകോടതിയിൽ നിന്നു് ആർ. കെ. ആനന്ദ് എന്ന പഞ്ചാബി വക്കീലിനെ ഇറക്കി. ഒപ്പം കോടതികളെ വിമർശിക്കാൻ ചില കുട്ടി നേതാക്കളെയും തുടലൂരി വിട്ടു. ആനന്ദ് ഇംഗ്ലീഷിലും ഹിന്ദിയിലും ഗുർമുഖിയിലുമൊക്കെ മാറി മാറി വാദിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബാലി വഴങ്ങിയില്ല. അതോടെ കുട്ടിസഖാക്കൾ മൂർച്ച കൂട്ടി. ബാലിയെ ഒറ്റതിരിച്ചു് ആക്രമിക്കാൻ തുടങ്ങി. ജനുവരി 4-നു് സ്വാശ്രയ വിദ്യാഭ്യാസ നിയമം ചരിത്രമായി, 16-നു് ലാവ്ലിൻ സി. ബി. ഐ.-യെ ഏൽപിച്ചു് ഉത്തരവായി. 23-ാം തീയതി എസ്. എഫ്. ഐ.-ക്കാർ ചീഫ് ജസ്റ്റിസിനെ പ്രതീകാത്മകമായി നാടുകടത്തി.
ജനുവരി 23-നു് ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പു് ചടങ്ങിൽ ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണൻ വികാരനിർഭരമായ പ്രസംഗം ചെയ്തു: നീതിപീഠത്തിനെതിരായി നടക്കുന്ന കടന്നാക്രമണത്തെ അപലപിച്ചു. ജനുവരി 26-നു് ഹൈക്കോടതിയിലെ റിപ്പബ്ലിൿദിന പ്രസംഗത്തിലും ഏറക്കുറെ അതേ വാക്കുകൾ ആവർത്തിച്ചു. കോടതി പ്രകോപിതമായെന്നറിഞ്ഞപ്പോൾ സിന്ധു ജോയി ക്കും സ്വരാജിനും രാഗേഷിനും ആവേശം വർധിച്ചു: ഞങ്ങൾക്കെതിരെ കോടതിയലക്ഷ്യക്കേസെടുക്കൂ! ചുണയുണ്ടെങ്കിൽ കാണട്ടെ! കേറിപ്പോകുന്ന കുരങ്ങിനു് ഏണിവെച്ചു കൊടുക്കുന്ന പണി ദേശാഭിമാനിയും പീപ്പിൾ ടി. വി.-യും സസന്തോഷം ഏറ്റെടുത്തു. പാർട്ടി ഇതൊക്കെ കണ്ടു് മന്ദഹസിച്ചു. നമ്മളോടു് കളിച്ചാൽ വിവരമറിയും.
എസ്. എഫ്. ഐ.-ക്കാരിൽ നിന്നു് ആവേശമുൾക്കൊണ്ടു് ബഹു. മന്ത്രി പാലോളി കോടതിക്കെതിരെ വെടിപൊട്ടിച്ചതാണു് കുഴപ്പമായതു്. കോടതിയലക്ഷ്യത്തിനു് സ്വമേധയാ കേസെടുത്തപ്പോൾ സഖാവു് പതറി. പ്രസംഗം തെറ്റായി റിപ്പോർട്ടു ചെയ്തതാണെന്നു ആദ്യം പറഞ്ഞു. പ്രസക്ത ഭാഗങ്ങൾ ടി. വി. ചാനലുകൾ ആവർത്തിച്ചു കാണിച്ചപ്പോൾ വായടഞ്ഞു. മന്ത്രി പറഞ്ഞതു് മാത്രമേ തങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുള്ളുവെന്നു് കേസിലുൾപ്പെട്ട പത്രങ്ങൾ നാലും ഏകസ്വരത്തിൽ സത്യവാങ്മൂലം നൽകിയപ്പോൾ സ്ഥിതി കൂടുതൽ വഷളായി. കോടതിയിൽ നേരിട്ടു് ഹാജരായപ്പോൾ, പ്രസ്താവന നടത്തിയതുതന്നെയാണു് എന്നു് സമ്മതിച്ചു. കോടതിക്കു് മനഃപ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം എന്നു കൂട്ടിച്ചേർത്തു. അങ്ങനെ ആർക്കാനും വേണ്ടി ഓക്കാനിക്കണ്ട, പശ്ചാത്താപമുണ്ടെങ്കിൽ മതി പ്രായശ്ചിത്തമെന്നു് കോടതി.
കോടതി മാപ്പപേക്ഷ തള്ളിയ നിലക്കു് മന്ത്രി രാജിവെക്കണമെന്നു് കോൺഗ്രസും ബി. ജെ. പി.-യും ആവർത്തിച്ചു് ആവശ്യപ്പെടുന്നു. സി. പി. ഐ., ആർ. എസ്. പി. കക്ഷികളുടെയും വി. എസ്. ഗ്രൂപ്പുകാരുടെയും ഉള്ളിലിരിപ്പു് മറ്റൊന്നല്ല. പുറമേക്കു് പറയുന്നില്ലെന്നേയുള്ളു. പക്ഷേ, രാഷ്ട്രീയ സദാചാരത്തെയും ധാർമികതയെയും പറ്റി സി. പി. എമ്മിന്റെ നിലപാടു് വ്യത്യസ്തമാണു്. പാലോളി രാജിവെക്കരുതെന്നു് സ്റ്റേറ്റ് കമ്മിറ്റി വിലക്കിയിരിക്കുന്നു. രാജിവെക്കുന്ന പ്രശ്നമില്ല, ശിക്ഷിച്ചാൽ ജയിലിൽ പോകുമെന്നു് പാലോളി. ജയിലിലിരുന്നു് ഭരിച്ചാൽ ഭരുമോ എന്നു് നോക്കാം.
രാഷ്ട്രീയ സദാചാരത്തെപ്പറ്റി പാർട്ടിയുടെ നിലപാടു് സുവ്യക്തവും സുചിന്തിതവുമാണു്. ഏതാണു് സദാചാരം, ഏതാണു് അനാചാരമെന്നു് പാർട്ടി തീരുമാനിക്കും. പ്രായേണ, പാർട്ടിസഖാക്കൾ ചെയ്യുന്നതു് സദാചാരം, വിരുദ്ധന്മാർ ചെയ്യുന്നതു് ദുരാചാരം. പാർട്ടിക്കു് മീതെ പരുന്തു് പറക്കില്ല. പാർട്ടി പകലെന്നു പറഞ്ഞാൽ പകൽ, അർധരാത്രിയെന്നു് പറഞ്ഞാൽ അർധരാത്രി തന്നെ.
കമ്യൂണിസ്റ്റ്/മാർൿസിസ്റ്റ് രാഷ്ട്രീയ ധാർമികതക്കു് ഉദാഹരണങ്ങൾ എമ്പാടുമുണ്ടു് കേരള രാഷ്ട്രീയ ചരിത്രത്തിൽ. ചാത്തൻ മാസ്റ്റർ മൈമുനാ ബീവിയെ മന്ത്രി മന്ദിരത്തിൽ താമസിപ്പിച്ചപ്പോൾ പാർട്ടിക്കു് സദാചാരത്തെക്കുറിച്ചു് യാതൊരു ശങ്കയുമുണ്ടായില്ല. പി. ടി. ചാക്കോ പത്മാ മേനോനെ കാറിൽ കയറ്റിക്കൊണ്ടുപോയപ്പോൾ സഖാക്കൾ അലമുറയിട്ടു. ‘അരണയുടെ ബുദ്ധിയും പാമ്പിന്റെ പകയും കാളക്കൂറ്റന്റെ കാമാസക്തിയുമുള്ള’ മന്ത്രി രാജിവെക്കുംവരെ സമരം ചെയ്തു.
1968-ൽ കോടതിയലക്ഷ്യത്തിനു് ഹൈക്കോടതി ശിക്ഷിച്ചപ്പോഴോ പിന്നീടു് സുപ്രീംകോടതി ശിക്ഷ ശരിവെച്ചപ്പോഴെങ്കിലുമോ മുഖ്യമന്ത്രി ഇ. എം. എസ്. രാജിവെച്ചില്ല. കരുണാകരന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്നു് പറഞ്ഞതും ഇ. എം. എസ്. ചാടി വീണു് രാജി ചോദിച്ചു. അതാണു് നമ്മുടെ വിപ്ലവപാരമ്പര്യം.
പ്രായപൂർത്തിയാകാത്ത മകളെ കല്യാണം കഴിപ്പിച്ചതിനു് പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നു് കോടതി പറഞ്ഞപ്പോൾ എം. പി. ഗംഗാധരൻ രാജിവെച്ചു. ഇടമലയാർ കേസിൽ കുറ്റപത്രം കിട്ടിയപ്പോൾ ബാലകൃഷ്ണപിള്ള യും രാജി കൊടുത്തു. ബൂർഷ്വാ രാഷ്ട്രീയ സദാചാരം. കോടതി ശിക്ഷിച്ചശേഷവും എ. കെ. ബാലൻ മന്ത്രിയായി തുടരുന്നു. മജിസ്ട്രേറ്റിനെതിരെ നിയമസഭ പ്രമേയവും പാസാക്കിയിരിക്കുന്നു. മാർക്സിസ്റ്റ് ധാർമികത, വിപ്ലവ രാഷ്ട്രീയ സദാചാരം.
ഘടകകക്ഷികളുടെ, വിശിഷ്യ ബൂർഷ്വാ പാർട്ടികളുടെ കാര്യത്തിൽ സി. പി. എം. കുറെക്കൂടി ജാഗ്രത പുലർത്തുന്നുണ്ടു്. ലൈംഗികാരോപണമുണ്ടായപ്പോൾതന്നെ നീല ലോഹിതദാസൻ നാടാരെ ക്കൊണ്ടു് രാജി വെപ്പിച്ചതും കോടതി ശിക്ഷിച്ചപ്പോൾ മൽസരിക്കാൻ സീറ്റ് നിഷേധിച്ചതും ദൃഷ്ടാന്തം. പിണറായി വിജയനോ ടുള്ള ഉറ്റ ചങ്ങാത്തംപോലും വിമാന വിവാദമുണ്ടായപ്പോൾ പി. ജെ. ജോസഫി നെ തുണച്ചില്ല എന്നും ഓർമ്മിക്കുക.
പാലോളിക്കേസിൽ ദാർശനിക-സൈദ്ധാന്തിക പ്രശ്നങ്ങൾ കൂടി അന്തർഭവിച്ചിരിക്കുന്നു. കോടതികളെ വിമർശിക്കാനും ന്യായാധിപന്മാരെ സ്വഭാവഹത്യ നടത്താനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു് സി. പി. എമ്മിന്റെ പോരാട്ടം. പാർട്ടി നേതാക്കൾക്കു് ഹിതകരമല്ലാത്ത വിധികൾ പുറപ്പെടുവിച്ചുകൂടാ. മറിച്ചു് വിധിക്കുന്നവരെ ബ്ലാൿമെയിൽ ചെയ്യാനും വേണ്ടിവന്നാൽ വധഭീഷണി മുഴക്കാനും സഖാക്കൾക്കു് അവകാശമുണ്ടു്.
അറിയപ്പെടുന്ന സി. പി. എം. സഹയാത്രികനായിരുന്നു ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റി. 1967-ലെ ഇ. എം. എസ്. മന്ത്രിസഭയുടെ ആദ്യനാളുകളിൽ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു, ജഡ്ജിയുദ്യോഗത്തിൽ നിന്നു് വിരമിച്ചശേഷം 1989-ൽ മാർക്സിസ്റ്റ് സ്വതന്ത്രനായി മയിൽ അടയാളത്തിൽ എറണാകുളത്തുനിന്നു് പാർലമെന്റിലേക്കു് മൽസരിച്ചിട്ടുമുണ്ടു്. പോറ്റി മാർക്സിസ്റ്റുകാരനായതുകൊണ്ടാണു് തനിക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയതെന്നു് കരുണാകരൻ എന്നെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? അതാണു് ബൂർഷ്വാ സുജന മര്യാദ. ഇത്തരമൊരു ഔദാര്യം സഖാക്കളിൽ നിന്നു് പ്രതീക്ഷിക്കരുതു്. ഒ. ഭരതന്റെ തെരഞ്ഞെടുപ്പു് റദ്ദാക്കിയ കാലത്തു് (1992) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനെ പറയാത്ത തെറിയില്ല. പിന്നീടു് ഭരതൻ പാർട്ടിക്കു് അനഭിമതനായപ്പോൾ ബാലകൃഷ്ണനെ മുൻകാല പ്രാബല്യത്തോടെ വാഴ്ത്തപ്പെട്ടവനാക്കി. ലാവ്ലിൻ കേസ് വിജിലൻസ് അന്വേഷിച്ചാൽ മതി എന്നു് വിധിച്ചിരുന്നെങ്കിൽ ചീഫ് ജസ്റ്റിസ് ബാലിയും വിശുദ്ധനായേനെ.
ന്യായാധിപന്മാരിൽ 20 ശതമാനം അഴിമതിക്കാരാണെന്ന മുൻ ചീഫ് ജസ്റ്റിസ് എസ്. പി. ബറൂച്ചയുടെ പ്രസ്താവനയാണു് സഖാക്കളുടെ തുറുപ്പുചീട്ടു്. ബറൂച്ച പറഞ്ഞതു് സബോർഡിനേറ്റ് ജുഡീഷ്യറിയെ (ജില്ലാ ജഡ്ജി മുതൽ താഴോട്ടുള്ളവർ) സംബന്ധിച്ചാണു്. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരിൽ 20 ശതമാനം കള്ളന്മാരാണെന്നു് ചീഫ് ജസ്റ്റിസ് തന്നെ സമ്മതിച്ചതാണെന്നും യഥാർഥത്തിൽ ഇക്കൂട്ടരുടെ എണ്ണം അതിലുമെത്രയോ അധികമാണെന്നുമാണു് ദേശാഭിമാനിയിലെ തൂലികത്തൊഴിലാളികളും എത്തപ്പൈ നേതാക്കളും ചോദിക്കുന്നതു്.
ന്യായാധിപരിൽ 20 ശതമാനം അഴിമതിക്കാരാണെന്നു് ചീഫ് ജസ്റ്റിസ് തുറന്നു പറഞ്ഞല്ലോ. ഏരിയാകമ്മിറ്റി മുതൽ മേലോട്ടുള്ള സി. പി. എം. നേതാക്കളിൽ അഴിമതിക്കാരല്ലാത്തവർ എത്ര ശതമാനമുണ്ടെന്നു് പിണറായി സഖാവു് വ്യക്തമാക്കുമോ? പാർട്ടിക്കാരുടെ കണ്ണിലെ കോലെടുത്തശേഷം ജഡ്ജിമാരുടെ കണ്ണിലെ കരടു തിരയുന്നതാണു് ഉചിതം.
പാലോളിക്കേസിലെ ഇതഃപര്യന്തമുള്ള നടപടികൾക്കു് കീഴാളപക്ഷ ദുർവായനയും സാധ്യമാണു്. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റും അഡ്വക്കേറ്റ് ജനറലുമായിരുന്ന സി. കെ. ശിവശങ്കരപ്പണിക്കരുടെ മകനാണു് ജസ്റ്റിസ് കെ. എസ്. രാധാകൃഷ്ണൻ. എം. എൻ. കൃഷ്ണൻ പാലക്കാട്ടുകാരൻ പരദേശ ബ്രാഹ്മണൻ. രണ്ടുപേരും സവർണർ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർ, വെളുത്ത നിറമുള്ളവർ, ഉന്നത ബിരുദധാരികൾ, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നവർ, മാർൿസിസം—ലെനിനിസത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയാത്തവർ, സി. പി. എം. സ്ഥാനാർഥികൾക്കു് വോട്ടുചെയ്യാൻ യാതൊരു സാധ്യതയുമില്ലാത്തവർ, പിണറായിയുടെ കേരള മാർച്ചിനു് അഭിവാദ്യമർപ്പിക്കാൻ ചെല്ലാഞ്ഞവർ, തിരുവോണത്തിനു് കുറുക്കുകാളൻ കൂട്ടി മൃഷ്ടാന്നമുണ്ടു് ഏമ്പക്കം വിടുന്നവർ. പാലോളിയോ? പാവം. നിർധനൻ, മിക്കവാറും നിരക്ഷരൻ. അവർണൻ, ഇരുണ്ട നിറമുള്ള വള്ളുവനാടൻ മുസൽമാൻ. കാളനല്ല, കാളയിറച്ചിയാണു് പഥ്യം. ക്രിക്കറ്റല്ല, കാൽപ്പന്തുകളിയിലാണു് കമ്പം. കോടതിയലക്ഷ്യം നേരിടുന്ന പത്രങ്ങൾ നാലും—മംഗളം, മാധ്യമം, ദീപിക, തേജസ്—ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെന്റിലുള്ളവ. പാലോളിയുടെ രാജി ആവശ്യപ്പെടുന്നവർ പി. എസ്. ശ്രീധരൻപിള്ള യും രമേശ് ചെന്നിത്തല യും. കോടതിയലക്ഷ്യക്കേസിനു് പിന്നിലുള്ള സവർണ ഫാഷിസ്റ്റ് ഗൂഢാലോചന തെളിയിക്കാൻ കുഞ്ഞമ്മദ്-പോക്കറാദി പ്രതിഭകൾക്കു് ഇനിയെന്തുവേണം?
കെ. കരുണാകരൻ മുതൽ കെ. പി. വിശ്വനാഥനും കെ. കെ. രാമചന്ദ്രനും വരെയുള്ളവർ കോടതി വിധിയെത്തുടർന്നു് മന്ത്രിസ്ഥാനമൊഴിഞ്ഞതു് ജനാധിപത്യ മൂല്യങ്ങളോടോ നീതിന്യായ സമ്പ്രദായത്തോടോ ഉള്ള അതിരുകടന്ന ബഹുമാനംകൊണ്ടെന്നതിനേക്കാൾ ജനരോഷത്തെക്കുറിച്ചുള്ള ഭയം കൊണ്ടായിരുന്നു. റായ്ബറേലി സിൻഡ്രോം എന്നു വിളിക്കാവുന്ന മനോവികൽപം.
യഥാർഥത്തിൽ ഇതു് അന്ധവിശ്വാസത്തിൽനിന്നുടലെടുത്ത അടിസ്ഥാന രഹിതമായ ഭയം മാത്രമാണു്. കോടതിവിധിയും ജനവിധിയും തമ്മിൽ അത്ര വലിയ ബന്ധമൊന്നുമില്ല. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷവും ഇ. എം. എസ്. പട്ടാമ്പിയിൽ നിന്നു് ജയിച്ചു. കോടതിവിധി മാനിച്ചു് രാജിവെച്ച കെ. പി. വിശ്വനാഥൻ കൊടകരയിലും കെ. കെ. രാമചന്ദ്രൻ കൽപറ്റയിലും തോറ്റു തൊപ്പിയിട്ടതു് നാം കണ്ടു. ഇടമലയാർ, ഗ്രാഫൈറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടശേഷം 2001-ൽ ബാലകൃഷ്ണപിള്ള കൊട്ടാരക്കര നിന്നു ജയിച്ചു. രണ്ടിലും വെറുതേ വിട്ടശേഷം 2006-ൽ അതേ മണ്ഡലത്തിൽ പരാജയമടഞ്ഞു!
അതേസമയം അവിഹിതമാർഗങ്ങളിലൂടെ കോടതിവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ ജനം വെറുതേ വിടില്ല. അലഹാബാദ് ഹൈക്കോടതി വിധി മാനിച്ചു് രാജിവെക്കാത്തതുകൊണ്ടല്ല, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും ഭരണഘടന തിരുത്തിയെഴുതിയും നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ചതുകൊണ്ടാണു് ഇന്ദിരാ നെഹ്റു ഗാന്ധി റായ്ബറേലിയിൽ മൂക്കു കുത്തിയതു്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മൊഴിമാറ്റി പറയിച്ചും പ്രോസിക്യൂട്ടറെ പ്രലോഭിപ്പിച്ചും കോടതി വിചാരണ പ്രഹസനമാക്കിയതുകൊണ്ടാണു് ഒരു വിനീതനു് കുറ്റിപ്പുറം വാട്ടർലൂ ആയതു്. സ്വയം പ്രഖ്യാപിത പ്രവാചകത്വത്തിനോ യെവൻ കടുവയാണു്, കാട്ടുപോത്താണു്, കാണ്ടാമൃഗമാണെന്നൊക്കെയുള്ള വീരസ്യങ്ങൾക്കോ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ കരകയറ്റാനായില്ലെന്നതു് സമീപകാല ചരിത്രം.
കോടതിവിധിക്കെതിരെ പന്തം കൊളുത്തി പ്രകടനം നടത്തുന്ന, ന്യായാധിപരെ പ്രതീകാത്മകമായി നാടുകടത്തുന്ന സഖാക്കളെ കാത്തിരിക്കുന്ന വിധിയും വ്യത്യസ്തമാകാനിടയില്ല. കാരണം, കുറ്റിപ്പുറത്തു നിന്നു് പൊന്നാനിക്കുള്ള ദൂരം നന്നേ കുറവാണു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.