വിലാപകാവ്യത്തിനു് ഇംഗ്ലീഷിൽ എലിജി എന്നാണു് പേരു്. പ്രസിദ്ധനായ ഏതെങ്കിലും വ്യക്തിയുടെയോ സുഹൃത്തിന്റെയോ നിര്യാണത്തിൽ മനംനൊന്തു് രചിക്കുന്ന തത്ത്വചിന്താപരമായ ഭാവഗീതമാണു്, സാധാരണഗതിയിൽ എലിജി. മിൽട്ടന്റെ ‘ലിസിഡസ് ’ (1638), ഷെല്ലി യുടെ ‘അഡോണൈസ് ’ (1821), ടെനിസന്റെ ‘ഇൻമെമ്മോറിയം’ (1850) എന്നിവ വിഖ്യാതമായ ഉദാഹരണങ്ങൾ. ഐറിഷ് ചാനലിൽ മുങ്ങിമരിച്ച സുഹൃത്തിനെക്കുറിച്ചാണു് മിൽട്ടന്റെ ‘ലിസിഡസ്സ്’, കപ്പൽച്ചേതത്തിൽ മരിച്ച സഹോദരനെപ്പറ്റിയാണു് ടെനിസന്റെ ‘ഇൻമെമ്മോറിയം’; ജോൺ കീറ്റ്സി ന്റെ അകാലനിര്യാണമാണു് ‘അഡോണൈസി’നു് പ്രചോദനം. മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള തത്ത്വചിന്താപരമായ മറ്റു് വിലാപകാവ്യങ്ങളുമുണ്ടു്. തോമസ് ഗ്രേ യുടെ ‘എലിജി റിട്ടൺ ഇൻ എ കൺട്രി ചർച്ച്യാഡ് ’ (1751) ഉദാഹരണം.
മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീപർവം ആകാനേ തരമുള്ളൂ. (കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവന തുഞ്ചത്തെഴുത്തച്ഛന്റേതുതന്നെ). പാശ്ചാത്യ മാതൃക പിന്തുടർന്ന പ്രധാന വിലാപകാവ്യങ്ങൾ വി. സി. ബാലകൃഷ്ണപ്പണിക്കരു ടെ ‘ഒരു വിലാപ’വും (1908) കുമാരനാശാന്റെ ‘പ്രരോദന’വും (1919) പത്നീവിയോഗമാണു് ‘വിലാപ’ത്തിനു് നിദാനമെങ്കിൽ കേരള പാണിനി യുടെ നിര്യാണമായിരുന്നു ‘പ്രരോദന’ത്തിനുള്ള പ്രചോദനം.
വിലാപകാവ്യത്തിനു് മരണം നിർബന്ധമാണെന്നില്ല. ബി. എ. പരീക്ഷയിൽ ഒരു പാർട്ടിനു് തോറ്റപ്പോൾ എ. ആർ. തമ്പുരാൻ ‘ഭംഗവിലാപ’മെഴുതി; കേൾവിശക്തി നഷ്ടപ്പെട്ടപ്പോൾ വള്ളത്തോൾ ‘ബധിരവിലാപ’വും.
മഹാത്മഗാന്ധി വെടിയേറ്റു് വീണപ്പോൾ ‘ബാപ്പുജി’ എന്ന ഖണ്ഡകാവ്യം രചിച്ച വള്ളത്തോൾ പിന്നീടു് സഖാവു് സ്റ്റാലിൻ മരിച്ചതറിഞ്ഞു് ‘സ്റ്റാലിൻ ഹാ!’ എന്നൊരു വിലാപകവിതയെഴുതി. അന്നന്നു് കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ, മഹാകവികളും. സുഗതകുമാരി യാണെങ്കിൽ ഇന്ദിരാഗാന്ധി തോറ്റപ്പോൾ (1977) “പ്രിയദർശിനീ നിന്നെ സ്നേഹിച്ചു പണ്ടേ ഞങ്ങൾ” എന്നും വെടിയേറ്റു് മരിച്ചപ്പോൾ (1984) “പ്രിയദർശിനീ നിനക്കുറങ്ങാമിനി” എന്നും പാടി. ജി. ശങ്കരക്കുറുപ്പ് മരിച്ചപ്പോൾ “ആംഗ്ലേയാക്ഷരമാലക്കേഴാമക്ഷരം പോയി” എന്നാണു് സിസ്റ്റർ മേരി ബെനീഞ്ഞ വിലപിച്ചതു്. വൈലോപ്പിള്ളി വിടപറഞ്ഞപ്പോൾ “മാതുലാ പൊറുത്താലും, തീർന്നു മാമ്പഴക്കാലം” എന്നു് കുണ്ഠിതപ്പെട്ടതു് സച്ചിദാനന്ദൻ.
പത്രത്തിലെ ചരമക്കോളം നോക്കി കാവ്യരചന നടത്തുന്നവരും ഏറെയാണു്. 1980 ജൂലൈ 20-26-ന്റെ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പു് കാണുക. വിലാപ കവിതകൾ രണ്ടെണ്ണമാ—എൻ. കെ. ദേശത്തി ന്റെ ‘ശോഭ’, വെണ്ണിക്കുളം ഗോപാലക്കുറുപ്പി ന്റെ ‘കുങ്കുമക്കുറികൾ’ ആയിടെ ആത്മഹത്യ ചെയ്ത പ്രമുഖ സിനിമാതാരത്തെക്കുറിച്ചാണു് ദേശത്തിന്റെ കവിത—ശോഭ അഭിനയിച്ച ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, പശി, ഏകാകിനി, എന്റെ നീലാകാശം തുടങ്ങിയ ചിത്രങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്തു് ഒരു കസർത്തു്.
“ഇരുളുന്നിതെന്റെ നീലാകാശം; വെള്ളി-
മുകിൽ മാലയും മുല്ല മലർമാലയും മങ്ങി
വിളറുന്നു, ഹാ, നരച്ചിരുളുന്നു;
നിറതിങ്കളേ, നിൻ നിലാവെളിച്ചം വീണ്ടു-
മിനിവന്നുദിക്കയില്ലെന്നതോർക്കേ,കറു-
ത്തിരുളുന്നിതെൻ മാനസാകാശം”
എന്നു് വിലപിക്കുന്നതിനോടൊപ്പം
“ഇവിടെപ്പൊലിഞ്ഞ പൊൻ
താരകേ, നീ പുനർ
ജ്ജനി വരിക്കാം സ്വർഗതാരമായ്, സന്താന
വനിയിൽ നറുപൂവാ, യൊരപ്സരസ്സായ്,
ഉലകം നിനക്കുചിതമല്ലുമ്പർനാട്ടിലേ-
ക്കുയരേണ്ടുമുവർശിയല്ലയോ നീ?”
എന്നൊക്കെ സമാശ്വസിക്കുന്നുമുണ്ടു്.
ഭാരതയുവലോക ചൈതന്യ പ്രതീകമായ് ഭാനുമൽ പ്രതാപനായ് ധീരതാനിലയമായ്, വിശ്രുത കൈലാസത്തിൻ തുംഗമാം ശിഖരത്തിൽ വിദ്യോതിച്ചിരുന്നൊരാവിക്രമിയുടെ—സഞ്ജയ്ഗാന്ധി യുടെ—അകാലമൃത്യുവിനെക്കുറിച്ചാണു് വെണ്ണിക്കുളത്തിന്റെ കവിത.
“അക്ഷയശോഭാപൂരംതൂകിനിന്നുൽഭാസിച്ച
നക്ഷത്രം പൊലിഞ്ഞു
പോയ്ക്കണ്ണൊന്നുചിമ്മുംമുമ്പേ
അക്ഷരപാഠാരാംഭം തൊട്ടുതൻമുത്തച്ഛന്റെ
ശിക്ഷണം നേടിനേടിത്തെളിഞ്ഞ ജനപ്രിയൻ,
ഉജ്വലവീര്യത്തിന്റെ ചട്ടയുമണിഞ്ഞു
കൊണ്ടർജുനാത്മജനെപ്പോലടരാടിയ ധീരൻ.
ജന്മഭൂചരിതാർഥയാകുവാനൊരുക്കിയ
കർമവൈഭവത്തിന്റെ
കാതലായ്ക്കാണപ്പെട്ടോൻ
മിഴിനീർക്കടലിങ്കലമ്മയെ, ജ്ജനങ്ങളെ
മുഴുകുംമട്ടിലാക്കീ ഭാരതാംബികയേയും…”
മോനിഷാ ഉണ്ണി കാറപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ എൻ. കെ. ദേശം കവിതയൊന്നും എഴുതിക്കണ്ടില്ല. ശ്രീപെരുമ്പത്തൂർ സ്ഫോടനത്തിനു മുമ്പുതന്നെ ഗോപാലക്കുറുപ്പ് ദിവംഗതനാകുകയും ചെയ്തു. കൈരളിയുടെ മഹാനഷ്ടങ്ങൾ.
വേദവേദാന്ത വിജ്ഞാനവിത്തും ശ്രീനാരായണധർമം പിഴിഞ്ഞ സത്തുമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ ഒന്നാം തീയതി ജലസമാധിയായ സ്വാമി ശാശ്വതികാനന്ദ. നടരാജഗുരു മുതൽക്കിങ്ങോട്ടു് എത്രയോ ശിഷ്യന്മാരുണ്ടായിട്ടുണ്ടു് ഗുരുദേവനു്. എന്നാൽ, അവർക്കാർക്കും ശാശ്വതികാനന്ദന്റെ ഗ്ലാമറുണ്ടായിരുന്നില്ല. ശിവഗിരി മഠാധിപതിയായിരുന്നപ്പോഴും അല്ലാഞ്ഞപ്പോഴും സ്വാമിയായിരുന്നു ശ്രീനാരായണീയരുടെ കൺകണ്ട ദൈവം. കള്ളച്ചൂതിൽത്തോറ്റു് അധികാരഭ്രഷ്ടനായപ്പോഴോ പിന്നീടു് ശിവഗിരിയിൽ പൊലീസ് കർസേവ നടത്തിയപ്പൊഴോ സ്വാമി കുലുങ്ങിയില്ല. എ. കെ. ആന്റണി ക്കെതിരെ തെരഞ്ഞെടുപ്പു് പ്രചാരണം നടത്താനോ വിരുദ്ധപക്ഷത്തെ സന്ന്യാസികൾക്കെതിരെ നിയമയുദ്ധം നടത്താനോ കാഷായവസ്ത്രം തടസ്സമായുമില്ല. കോടതി വിധിയെ തുടർന്നു് നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാനൽ എല്ലാ സീറ്റും നേടിയിട്ടും മഠാധിപതി സ്ഥാനത്തുനിന്നൊഴിഞ്ഞുനിൽക്കാനുള്ള ആർജവവും അദ്ദേഹം പ്രദർശിപ്പിച്ചു.
സ്വാമിയുടെ അകാല വിയോഗം സാംസ്ക്കാരിക കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ശിവഗിരിയെ കാവിവത്ക്കരണത്തിൽനിന്നു് രക്ഷിച്ച കർമയോഗിയായിരുന്നു ശാശ്വതികാനന്ദ യെന്നു് കമ്യൂണിസ്റ്റുകാർ; ഹൈന്ദവ സംസ്കാരത്തിന്റെ പതാഹാവാഹകനായിരുന്നെന്നു് സംഘപരിവാർ. സ്വാമിയുടെ നന്മകൾ ലേഖനരൂപത്തിലാക്കി, സുകുമാർ അഴീക്കോട്. എം. കെ. സാനു മൗനം പാലിച്ചു. തോട്ടം രാജശേഖരൻ സ്വാമിയെ മദ്യപനും ദുർവൃത്തനുമാക്കി ചിത്രീകരിച്ചു.
നന്മയെച്ചൊല്ലി വിനിശ്വസിക്കാം ചിലർ,
തിന്മയെപ്പറ്റിയേ പാടൂ ലോകം!
(ജി. ശങ്കരക്കുറുപ്പ്, ഓടക്കുഴൽ)
ഇതൊക്കെയാണെങ്കിലും വിലാപകാവ്യമെഴുതാൻ കവികളാരും മുന്നോട്ടുവന്നില്ല. എം. പി. അപ്പൻ മുതൽക്കു് ശ്രീനാരായണീയരായ കവികൾ തന്നെ എത്രയോ പേരുണ്ടു്. എന്നാൽ, I weep for Adonais—he is dead! എന്നു് വിലപിക്കാൻ ഷെല്ലി, “ഇവിടെ മഞ്ഞുസുമേരുവിന്മേൽ കൽപദ്രുമത്തിനുടെ കൊമ്പിൽ വിരിഞ്ഞിടാം നീ”യെന്നു് സമാശ്വസിപ്പിക്കാൻ കുമാരനാശാൻ ഇല്ലാതെ പോയി. നമ്മുടെ സംസ്കാരലോപം.
സ്വാമിയുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തിയ കേരളകൗമുദിയുടെ ജൂലൈ രണ്ടാം തീയതിയിലെയും മൂന്നാം തീയതിയിലെയും ലക്കങ്ങൾക്കു് എത്ര ആയുസ്സുണ്ടു്? ഏറ്റവും കൂടിയതു് 24 മണിക്കൂർ. ഏതു പത്രവാർത്തക്കും ആയുസ്സു് അത്രയേയുള്ളൂ. മറിച്ചു് ഷെല്ലി യുടെ ‘അഡോണൈസ് ’ ആണെങ്കിൽ ഇംഗ്ലീഷ് ഭാഷയുള്ളിടത്തോളം കാലം നിലനിൽക്കും. അതാണു് കവിതയുടെ ശക്തി.
സ്വാമിതൃപ്പാദങ്ങളുടെ മഹച്ചരമത്തെക്കുറിച്ചു് വിലാപകാവ്യമെഴുതാൻ മഹാകവികൾ മടിച്ചുനിന്നാൽ പിന്നെയെന്താണു് കരണീയം? വെറും കവികൾ ആ ജോലി ഏറ്റെടുക്കുക. അവരും വിസമ്മതിച്ചാലോ? കവികളേയല്ലാത്തവർ പരിശ്രമിക്കുക. അങ്ങനെയാണു് കുമാരി ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി ‘ഒരു നൊമ്പരം’ എഴുതിയതു്. ആഗസ്റ്റ് 28-ാം തീയതി (ചിങ്ങം 12) അതു് കേരളകൗമുദി പത്രത്തിന്റെ എഡിറ്റ് പേജിൽ കവയിത്രിയുടെ ചിത്രം സഹിതം അച്ചടിച്ചുവരുകയും ചെയ്തു.
ജസ്റ്റിസ് ലക്ഷ്മിക്കുട്ടി, പേരു സൂചിപ്പിക്കുന്നപോലെ കേരള ഹൈക്കൊടതിയിലെ ഒരു ന്യായാധിപയാണു്. 1985-ൽ ജില്ലാ ജഡ്ജിയായി നേരിട്ടു് തെരഞ്ഞെടുക്കപ്പെട്ടതാണു്. എന്നാൽ, കമ്യൂണൽ റൊട്ടേഷൻ പ്രകാരം ഒന്നാമതായി നിയമനം ലഭിക്കേണ്ടിയിരുന്ന ലക്ഷ്മിക്കുട്ടിയെ തഴഞ്ഞു് ലിസ്റ്റിലുണ്ടായിരുന്ന മറ്റു നാലു പേരെ (കൃഷ്ണൻ നായർ, ഖാലിദ്, അച്യുതനുണ്ണി, രാജപ്പൻ ആശാരി) നിയമിക്കാനായിരുന്നു അന്നു് നാടുവാണിരുന്ന കരുണാകരൻ സർക്കാർ തീരുമാനിച്ചതു്. ഒരു ഈഴവ വനിത തഴയപ്പെട്ടതിനെ എസ്. എൻ. ഡി. പി. യോഗമോ ഭരണമുന്നണിയിൽ അംഗമായിരുന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയോ അന്നു് ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമസംഘം അധ്യക്ഷനുമായിരുന്ന ശാശ്വതികാനന്ദ സ്വമി യെങ്കിലുമോ അപലപിച്ചില്ല. ലക്ഷ്മിക്കുട്ടി കേസിനു പോയി. അപ്പോൾ ലിസ്റ്റ് തന്നെ വേണ്ടെന്നുവെക്കും എന്നായി സർക്കാർ നിലപാടു്. ലക്ഷ്മിക്കുട്ടിയെയും മറ്റു നാലു പേരെയും നിയമിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോയി. ഒന്നര വർഷത്തിനു ശേഷം 1987-ൽ സുപ്രീം കോടതി വിധി പ്രകാരമാണു് അവർക്കു് നിയമനം ലഭിച്ചതു്. കൊല്ലം, മാവേലിക്കര, പത്തനംതിട്ട, തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി പരിലസിച്ചു. 2000-മാണ്ടു് ജൂലൈ 12-നു് ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.
തിരുവനന്തപുരത്തു് വക്കീലായിരിക്കുമ്പോഴോ പിന്നീടു് ജഡ്ജിയായ ശേഷമോ ലക്ഷ്മിക്കുട്ടി കവയിത്രിയായി അറിയപ്പെട്ടിട്ടില്ല. സ്വാമികളുടെ ആകസ്മിക മരണം ന്യായാധിപയിലെ കവയിത്രിയെ തട്ടിയുണർത്തിയതാകാം.
“ഓരോരോ മനുഷ്യനും
ഓരോരോ ദൗത്യത്തിനായ്
പിറന്നീടുന്നു ഭൂവിൽ ആയതേ പരമാർഥം”
എന്നു് അവർ തന്നെ പാടിയിരിക്കുന്നു.
“ആ ദിവ്യ തേജസ്സിന്റെ ചേതനയകന്നുപോയ്
വിശ്വസിക്കാനാകാതെ ഞങ്ങളും പകച്ചുപോയ്
കേട്ടതു ശരിയാകാതിരു-
ന്നീടട്ടേയെന്നു പ്രാർത്ഥിച്ചു
ദൈവത്തോടു് മനംനൊന്തുരുകി ഞാൻ…”
ഇതാണു് ഒരു നൊമ്പര’ത്തിന്റെ ആരംഭം. ഇതിൽ കവിതയെവിടെ? അലങ്കാരമെവിടെ, ചമത്കാരമെവിടെ. വൃത്തം സ്രഗ്ദ്ധരയാണോ ശാർദൂലവിക്രീഡിതമാണോ എന്നൊന്നും ചോദിക്കരുതു്. കവിതയിൽ ചോദ്യമില്ല. (കോടതിയലക്ഷ്യം പേടിച്ചാകും സാഹിത്യ വാരഫലക്കാരൻ നൊമ്പരത്തെ തൊട്ടില്ല) വൃത്തമോ അലങ്കാരമോ അല്ല. കവിയുടെ ആത്മാർഥതയാണു് പ്രധാനം. പിന്നെ, കറതീർന്ന ഗുരുഭക്തി.
“അങ്ങുതൻവചനങ്ങൾ മാർഗദീപമാകുവാൻ
ഞങ്ങളെയനുഗ്രഹിച്ചീടുക മഹാത്മാവേ!”
എന്ന വരികളിൽ നൊമ്പരത്തിന്റെ ആകത്തുക അടങ്ങിയിരിക്കുന്നു.
“അങ്ങുതൻ സമാധിയി-
ലർപ്പിക്കാൻ മറ്റൊന്നില്ല.
കണ്ണുനീർമുത്തല്ലാതെ മറ്റെന്തുനൽകീടുവാൻ”
എന്ന രീതിയിൽ കാവ്യം അവസാനിക്കുകയും ചെയ്യുന്നു.
1956-ൽ പ്രവർത്തനം ആരംഭിച്ചതാണു് കേരളാ ഹൈക്കോടതി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിയമസംബന്ധമായ ലേഖനമെഴുതിയ ന്യായാധിപർ ഉണ്ടായിട്ടുണ്ടു്. വിധിന്യായത്തിലുടനീളം കീറ്റ്സും ഷെല്ലി യും കോരിനിറച്ച ഒരു ജഡ്ജി മുമ്പുണ്ടായിരുന്നു. ഒരു പ്രമുഖ സാഹിത്യകാരന്റെ സഹോദരൻ നേരത്തെ ജഡ്ജിയായിരുന്നു. അനന്തരവൻ ഇപ്പോൾ ജഡ്ജിയാണു്. മറ്റൊരു ന്യായാധിപന്റെ ജാമാതാവു് മൺമറഞ്ഞ മഹാസാഹിത്യകാരന്റെ മകനാണു്. പിന്നെ, കോടതി മുറിയിലെ തിരക്കുകൾക്കിടയിലും നിയമപ്രശ്നങ്ങളുടെ നൂലാമാലകളിലും മലയാളമനോരമ വായിച്ചു് ജീവിതഗന്ധിയായ കഥകൾ ആസ്വദിച്ചിരുന്ന ഒരാളും ഉണ്ടായിരുന്നു. ഇത്രക്കേയുള്ളൂ. ഹൈക്കോടതിയുടെ സാഹിത്യബന്ധം. ഇതാദ്യമായാണു് നീതിയുടെ വൃക്ഷത്തിൽനിന്നു് കുയിലിന്റെ കൂജനം.
Our sweetest songs are those that tell of saddest thought എന്നു പറഞ്ഞുവെച്ചിരിക്കുന്നു. ആംഗലകവി ഷെല്ലി. അതുകൊണ്ടാണു് ശാശ്വതികാനന്ദ സ്വാമിയുടെ വിയോഗം സൃഷ്ടിച്ച വേദനയിലും നാം ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയുടെ കവിതക്കായി—കാതോർക്കുന്നതു്.
മൂടുകഹൃദന്തമേ മുഗ്ധഭാവനകൊണ്ടീ
മൂകവേദനകളെ; മുഴുവൻ മുത്താകട്ടെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.