കേരള മന്ത്രിസഭയിലെ ഗ്ലാമർതാരമാകുന്നു മാനത്താംകണ്ടി മുനീർ എന്ന ഡോ. എം. കെ. മുനീർ. മുസ്ലിം ലീഗുനേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. എച്ച്. മുഹമ്മദ് കോയ യുടെ മകൻ. 1962 ആഗസ്റ്റ് 26-നു് അന്നശ്ശേരിയിൽ ജനനം. കോഴിക്കോടു് മെഡിക്കൽ കോളേജിൽനിന്നു് എം. ബി. ബി. എസ്. പാസായി സി. എച്ച്. സ്മാരക ആശുപത്രിയിൽ ജോലി നോക്കുമ്പോഴാണു് മുനീറിനു് രാഷ്ട്രീയ വിളിയുണ്ടായതു്. 25-ാം വയസ്സിൽ കോർപറേഷൻ കൗൺസിലർ, 29-ൽ നിയമസഭാംഗം; 39-ൽ മന്ത്രി. ബഹുമുഖ പ്രതിഭയാണു് മുനീർ. പ്രസംഗിക്കും, എഴുതും, പടം വരക്കും, പാടും, പാട്ടിൽ പറഞ്ഞപോലെ ഓത്തുമുപ്പത്തഞ്ചും ബെയ്ത്തും പച്ചിപ്പാട്ടും നീർത്തിവെച്ചാലോനു വെള്ളം പോലെ. കാരിക്കേച്ചറുകൾ സമാഹരിച്ചു് ‘സ്കെച്ചസ് ’ എന്നൊരു പുസ്തകമുണ്ടാക്കി; ‘ഫാഷിസവും സംഘ പരിവാറും’ എന്ന കിതാബ് എഴുതി അവാർഡും വാങ്ങി. തൂലിക മാസികയുടെ പത്രാധിപരും ലളിതകലാ അക്കാദമി അംഗവുമായിരുന്നു. ഒലിവ് പബ്ലിക്കേഷൻസിന്റെയും ഇന്ത്യാവിഷൻ ചാനലിന്റെയും അമരക്കാരൻ. മോയിൻകുട്ടി വൈദ്യരു ടെ വരികൾ അൽപം മാറ്റിപ്പാടിയാൽ—
നാമക്കരുത്തൻ മന്ത്രിമുനീർ
നാളുക്കും ഒത്ത പുരുഷൻ ഇല്ലൈ
താമരപൂക്കും മുഖത്തെക്കണ്ടാൽ
തേനാർചിറക്കും പയക്കം കേട്ടാൽ
ഭൂമിക്കു് സുറുമയിട്ട വീരന്മാരാണു് മുസ്ലിംലീഗുകാർ. ബെമ്പോട്ടു കച്ചവടം മുതൽക്കുള്ള സർവഗുലാബികളുമുണ്ടു് അവരുടെ കൈയിൽ. ചുണ്ണാമ്പു വാങ്ങാൻ കാശില്ലാഞ്ഞവർ പലരും ഇന്നു കൊലകൊമ്പന്മാരാണു്. മയ്യിത്തിന്റെ മുതലുകിട്ടിയാലും വലല്ലാല്ലീൻ ആമീൻ! പള്ളി പ്രശ്നത്തേക്കാൾ വലുതാണു് പള്ള പ്രശ്നം. അതുകൊണ്ടാണു് അയോധ്യയിൽ പള്ളി പൊളിച്ചപ്പോഴും ഇവിടത്തെ ലീഗുകാർ മന്ത്രിക്കസേരയിൽ ഒട്ടിപ്പിടിച്ചിരുന്നതു്.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളത്രയും വിറ്റുകളയാമെന്നാണു് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭീഷണി. വിവര സാങ്കേതിക വിദ്യ പഠിക്കാൻ സെക്രട്ടറിയുമൊത്തു് ഉലകം ചുറ്റുകയാണദ്ദേഹം. സൂപ്പി സാഹിബാണെങ്കിൽ സാങ്കേതികവിദ്യാഭ്യാസ രംഗം സ്വകാര്യമേഖലക്കു് തീറെഴുതിക്കഴിഞ്ഞു. മുഴത്തിനുമുപ്പതാണിപ്പോൾ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ. ഒക്കത്തുകാശുണ്ടെങ്കിൽ തക്കത്തിൽ കച്ചവടം ചെയ്യാം.
പാവം മുനീർ മാത്രം എത്രനാൾ പൂച്ച ആബിദായപോലെ അനങ്ങാതിരിക്കും. രാഷ്ട്രീയം എന്നതു് ഖായിമ്മക്കളിയല്ല. ഖുറൈശിത്തരം കാണിച്ചു് പുന്നായ്മകളിച്ചിരുന്നാൽ കട പൂട്ടേണ്ടിവരും. രാഷ്ട്രീയക്കാർ മലക്കുകളല്ല. എല്ലാ ശർത്തും ഫർളുമൊപ്പിച്ചു് ഭരണം കൊണ്ടു നടക്കാനാവില്ല. മലപ്പുറത്തുപോലും പത്താളുവാങ്ങാത്ത, വാങ്ങിയവർ തന്നെ വായിക്കാത്ത ചന്ദ്രികക്കു് മുംബൈ എഡിഷൻ തുടങ്ങാനാണു് പാർട്ടി തീരുമാനം. ഇന്ത്യാ വിഷനാണെങ്കിൽ തുടങ്ങിയസ്ഥലത്തുതന്നെ നിൽക്കുന്നു.
അങ്ങനെയാണു് മരാമരത്തുവകുപ്പു് വക വിശ്രമമന്ദിരങ്ങൾ സ്വകാര്യ വ്യക്തികൾക്കു് കൈമാറാൻ തീരുമാനിച്ചതു്. ആദ്യം റസ്റ്റ് ഹൗസുകൾ, പിന്നെ ഘട്ടംഘട്ടമായി റോഡുകൾ, തോടുകൾ, വിളക്കുമരങ്ങൾ. “ജ്ജനു് മുജ്ജനുറുപ്പിക കിട്ടണം” എന്ന നിർബന്ധമില്ല. എട്ടണയെങ്കിൽ എട്ടണ കിട്ടണതായി.
മൂന്നാർ, തൃശൂർ, ഫറോക്ക്, പൊന്മുടി, ആലുവ, വൈക്കം എന്നിവിടങ്ങളിലെ റസ്റ്റ് ഹൗസുകളാണു് മുപ്പതുകൊല്ലത്തേക്കു് സ്വകാര്യ വ്യക്തികൾക്കു് കൈമാറുന്നതു്. കച്ചവടം ലാഭകരമെന്നു് കണ്ടാൽ മറ്റു റസ്റ്റ് ഹൗസുകളും കൈമാറും. ‘എ’ കാറ്റഗറിയിൽ റസ്റ്റ് ഹൗസുകളിൽ മൂന്നു മുറികളും ‘ബി’ കാറ്റഗറിയിൽ ഒരു മുറിയും സർക്കാറുദ്യോഗസ്ഥർക്കായി മാറ്റിവെക്കും. പ്രതിവർഷം 26 ലക്ഷം രൂപ ഫീസിനത്തിൽ സർക്കാറിനു കിട്ടുകയും ചെയ്യും.
മുത്തിനുള്ളതു് മുത്താറിക്കു വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷനേതാവും ദേശാഭിമാനിയും അപലപിച്ചതു് സ്വാഭാവികം. കേരള കൗമുദി നവംബർ എട്ടിനു് മുഖപ്രസംഗവുമെഴുതി. സഖാക്കൾ അങ്ങിങ്ങു് അല്ലറ ചില്ലറ സമരമൊക്കെ നടത്തുകയും ചെയ്തു. എന്നാൽ, റസ്റ്റ് ഹൗസ് സ്വകാര്യവത്കരണത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചതു് കോൺഗ്രസുകാരനായ ആലുവാ എം. എൽ. എ. കെ. മുഹമ്മദാലി യായിരുന്നു. പിന്നീടു് വി. എം. സുധീരനും തേറമ്പിൽ രാമകൃഷ്ണനും അതേപാത പിന്തുടർന്നു.
മലപ്പുറം ജില്ലക്കുതെക്കു്, അമ്പതുശതമാനത്തിലേറെ മുസ്ലിം വോട്ടർമാരുള്ള ഏക നിയോജക മണ്ഡലമാണു് ആലുവ. സുശക്തവും സുസ്ഥിരവുമാണു് ആലുവായുടെ കോൺഗ്രസ് പാരമ്പര്യം. 1967-ൽ മാർക്സിസ്റ്റ് സ്വതന്ത്രൻ വിജയിച്ചതൊഴിച്ചാൽ കേരളപ്പിറവിക്കുശേഷം കോൺഗ്രസുകാർ മാത്രമേ ആലുവായെ പ്രതിനിധാനം ചെയ്തിട്ടുള്ളു. കേരള കോൺഗ്രസുകളെയോ മുസ്ലിംലീഗിനെയോ കൂട്ടുപിടിക്കാതെ കോൺഗ്രസ് ഒറ്റക്കു മൽസരിച്ചു് (21 വാർഡിലും ചിഹ്നം കൈപ്പത്തി) ഭൂരിപക്ഷം നേടി ഭരിക്കുന്ന കേരളത്തിലെ ഏക മുനിസിപ്പാലിറ്റിയും ആലുവയാണു്.
കോൺഗ്രസിലെ ആന്റണി ഗ്രൂപ്പുകാരനാണു് കെ. മുഹമ്മദാലി. 1980-ൽ ടി. എച്ച്. മുസ്തഫ യെ മലർത്തിയടിച്ചു് നിയമസഭയിലെത്തുമ്പോൾ വയസ്സു് 33 ആയിരുന്നു മുഹമ്മദാലിക്കു്. 1982, 87, 91, 96, 2001 വർഷങ്ങളിലൊക്കെ വിജയം ആവർത്തിച്ചു. ഓരോ തവണയും ഭൂരിപക്ഷം വർദ്ധിച്ചു. ഇത്രയധികം തവണ തുടർച്ചയായി ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത മറ്റൊരു കോൺഗ്രസുകാരനും—ഉമ്മൻചാണ്ടി യല്ലാത—ഉണ്ടായിട്ടില്ല. ആറു വട്ടം അടുപ്പിച്ചു് ജയിച്ചു് നിയമസഭാംഗത്വ രജത ജൂബിലിയുടെ പടിവാതിലെത്തിയിട്ടും മന്ത്രിസ്ഥാനം കിട്ടാഞ്ഞ ഹതഭാഗ്യരും വേറെ ഉണ്ടായിട്ടില്ല. അഴിമതിക്കാരല്ലാത്ത അപൂർവം കോൺഗ്രസുകാരിലൊരാളാണു് മുഹമ്മദാലി. ഭൂവിനിയോഗം ഉത്തരവു ലംഘിച്ചു് അഞ്ചു സെന്റ് സ്ഥലം മണ്ണിട്ടുനികത്തി എന്ന ഒരു ആരോപണമേ ഇക്കണ്ട കാലത്തിനിടക്കു് അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുള്ളു.
140 റസ്റ്റ് ഹൗസുകൾ നടത്തുന്നവകയിൽ സർക്കാറിനു് പ്രതിവർഷം രണ്ടു കോടി രൂപ നഷ്ടമുണ്ടെന്നാണു് മുഖ്യനും മുനീറും പറയുന്നതു്. എന്നാൽ മുഹമ്മദാലിയുടെ നിലപാടു് മറ്റൊന്നാണു്. “സർക്കാർ അതിഥിമന്ദിരങ്ങൾ ആദായകരമായി നടക്കുന്ന സ്ഥാപനങ്ങളല്ല. ഒരുകാലത്തും ആദായകരമായിരുന്നുമില്ല. അതല്ല ലക്ഷ്യവും. താഴ്‌ന്നവരുമാനക്കാരായ സർക്കാർ ജീവനക്കാർക്കും പൊതുപ്രവർത്തകർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനു് താമസമൊരുക്കാൻ വേണ്ടിയാണു് അതിഥിമന്ദിരങ്ങൾ നിർമിച്ചിട്ടുള്ളതു്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും സർക്കാർ മേഖലയിലാണു്. അവിടെങ്ങുമുള്ള സർക്കാറുകൾ അതിഥിമന്ദിരങ്ങൾ ആദായവത്കരിക്കാൻ ശ്രമിക്കുന്നില്ല.” ഇനി, ആദായമുണ്ടാക്കിയേ തീരൂ എന്നാണെങ്കിൽ അവ കെ. ടി. ഡി. സി.-യെ ഏൽപിച്ചാൽ മതി എന്നും മുഹമ്മദാലിക്കു് അഭിപ്രായമുണ്ടു്.
“സർക്കാർ പാട്ടത്തിനുകൊടുത്ത ഭൂമിയും മറ്റും തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെയാണു് ഇപ്പോൾ റസ്റ്റ് ഹൗസുകൾ കൈമാറാൻ തീരുമാനിച്ചിട്ടുള്ളതു്. 30 വർഷം കഴിയുമ്പോൾ ഇന്നു് സ്വകാര്യ വ്യക്തികൾക്കു് കൈമാറുന്ന രാഷ്ട്രീയ നേതൃത്വമായിരിക്കില്ല ഭരണത്തിൽ. ഇതു് സംബന്ധിച്ചു് അനുകൂലമായും പ്രതികൂലമായും അഭിപ്രായം പറഞ്ഞവരും അന്നുണ്ടാകണമെന്നില്ല. പൊതുമുതൽ അന്യാധീനപ്പെടുത്തുന്ന നടപടി ഏതു് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായാലും യോജിക്കാൻ കഴിയില്ല”—മുഹമ്മദാലി പറയുന്നു.
സ്വകാര്യ വ്യക്തികൾക്കു് 30 കൊല്ലത്തേക്കു് ഏൽപിച്ചുകൊടുത്ത അതിഥിമന്ദിരം പള്ളിക്കാട്ടിൽ പോയ മുതലാണെന്നു് ആർക്കാണു് അറിയാത്തതു്? പക്ഷേ, മുനീറിനു് സംശയമില്ല. മുതൽ സർക്കാറിന്റെ തന്നെ. അതിഥിമന്ദിരങ്ങൾ പാട്ടത്തിനു് നൽകുകയല്ല; അവയുടെ നടത്തിപ്പുമാത്രമാണു് സ്വകാര്യ സംരംഭകരെ ഏൽപിക്കുന്നതു്. സ്ഥലം ഉൾപ്പെടെ റസ്റ്റ് ഹൗസുകളുടെ പൂർണമായ അവകാശം സർക്കാറിനാണു്. മാത്രമല്ല, “മരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതു്” എന്നൊരു ബോർഡ് പുറത്തു സ്ഥാപിക്കുകയും ചെയ്യും. മദ്യക്കുപ്പികളിലും സിഗരറ്റുകൂടുകളിലും കാണുന്ന ആരോഗ്യത്തിനു് ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പുപോലെ ഒന്നു്.
അപ്രകാരമൊരു ബോർഡ് ഉള്ളപ്പോൾ ഏതു് സ്വകാര്യ സംരംഭകനാണു് മാഷേ, ഒഴിഞ്ഞു കൊടുക്കാത്തതു്? പെട്ടി സ്വകാര്യ വ്യക്തികളുടെ കൈയിൽ, താക്കോൽ സർക്കാറിന്റെ പോക്കറ്റിലും.
സ്വകാര്യ സംരംഭകർക്കു് അതിഥിമന്ദിരം നാലു നക്ഷത്ര സൗകര്യത്തോടെ പുതുക്കിപ്പണിയാം എന്നതാണു് കൈമാറ്റക്കരാറിലെ ഏറ്റവും ആകർഷകമായ വ്യവസ്ഥ. നാലു നക്ഷത്രമാകണമെങ്കിൽ ബാർ നിർബന്ധം. പരിശുദ്ധ റമദാൻ മാസത്തിൽത്തന്നെ ഇത്ര വിപ്ലവകരമായ തീരുമാനം കൈക്കൊണ്ട മന്ത്രിപുംഗവനെ അഭിനന്ദിക്കുകയല്ലേ പുരോഗമന ചിന്താഗതിക്കാർ ചെയ്യേണ്ടിയിരുന്നതു്.
സർക്കാർ അതിഥിമന്ദിരങ്ങളത്രയും കാടുകയറി ഭാർഗവീനിലയമായിക്കിടക്കുകയാണെന്നും അനാശാസ്യ പ്രവർത്തനമാണു് അവിടെ നടക്കുന്നതെന്നുംമന്ത്രി പറഞ്ഞു. നക്ഷത്ര പദവി കൈവന്നാൽ പിന്നെ ‘ആശാസ്യ’ പ്രവർത്തനമേ നടക്കൂ. അതിഥിമന്ദിര കൈമാറ്റത്തിൽ അഴിമതിയുണ്ടെന്നു് തെളിഞ്ഞാൽ മന്ത്രിക്കസേരയിൽ തുടരില്ല എന്നൊരു ഭീഷണിയും മുഴക്കി, മുനീർ. നായനാരെ പ്പോലെ ലോകായുക്തയിൽ കടലാസുകൊടുക്കാൻ വെല്ലുവിളിച്ചില്ലെന്നുമാത്രം. മുസ്ലിംലീഗിനെ പിണക്കിയാൽ പിന്നെ ഭരണമില്ലെന്നു് ആന്റണി ക്കറിയാം. കോൺഗ്രസിലെ ഗ്രൂപ്പുകൾ നാലും മുഖ്യനു് എതിരാണു്. ചെറുകിട പാർട്ടികളും തഥൈവ. വന്നിട്ടും പോയിട്ടും മുസ്ലിംലീഗും മാണിഗ്രൂപ്പുമാണു് ആന്റണിക്കു് തുണ. അതുകൊണ്ടുതന്നെ മുനീർ വിരൽവെക്കുന്നിടത്തു് ഒപ്പിടലല്ലാതെ ഗത്യന്തരമില്ല ആദർശധീരനു്. ലീഗിന്റെ പിന്തുണയില്ലെങ്കിൽ കോഴിക്കോട്ടുനിന്നു് ഇനി ലോക്സഭ കാണില്ലെന്നു മുരളീധരനു മറിയാം. യു. ഡി. എഫ്. യോഗത്തിൽ ഇ. അഹമ്മദി നോടു് മാപ്പുചോദിക്കാനുള്ള വിവേകം മുരളിക്കുണ്ടായതും മുഹമ്മദാലിക്കെതിരെ പരസ്യമായി പ്രതികരിച്ചതും അതുകൊണ്ടാണു്. മരാമത്തുവകുപ്പിന്റെ വിശ്രമമന്ദിരങ്ങൾ തീർത്തിട്ടുവേണം ടൂറിസം വകുപ്പിന്റെ അതിഥിമന്ദിരങ്ങൾ കച്ചവടമാക്കാൻ. അതും കഴിഞ്ഞു് കെ. ടി. ഡി. സി.-യുടെ യാത്രിനിവാസുകൾ കൊടുക്കുന്നവർക്കു് ലാഭം. എടുക്കുന്നവർക്കും ലാഭം. കാഴ്ചക്കാർക്കു് ബഹുലാഭം. മയ്യത്തു് സുബർക്കത്തിൽ പോയാലെന്തു്, ജഹന്നത്തിൽ പോയാലെന്തു്? മുക്രിക്കാർക്കു കൈനിറയെ കാശ്!
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.