SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Braillelommeur.jpg
Pocket watch for the visually impaired, a photograph by Fisle Nor .
ലാൽ­കൃ­ഷ്ണ­ന്റെ പു­ന­ര­വ­താ­രം
കെ. രാ­ജേ­ശ്വ­രി
ഇ­നി­യ­ങ്ങോ­ട്ടു് ധർ­മ­സം­സ­ദു­ക­ളു­ടെ ക­ന്നി­മാ­സ­മാ­യി­രി­ക്കും.
images/Manmohansingh.jpg
മൻ­മോ­ഹൻ­സിം­ഗ്

പ­തി­നാ­ലാം ലോൿസഭ നി­ല­വിൽ വ­രു­ക­യാ­ണു്. ദേശീയ ജ­നാ­ധി­പ­ത്യ­സ­ഖ്യം അ­ധി­കാ­ര­ഭ്ര­ഷ്ട­രാ­യി­രി­ക്കു­ന്നു. തൽ­സ്ഥാ­ന­ത്തു് കോൺ­ഗ്ര­സ് നേ­തൃ­ത്വ­ത്തി­ലു­ള്ള ഐക്യ പു­രോ­ഗ­മ­ന­സ­ഖ്യം. മ­ദാ­മ്മാ­ഗാ­ന്ധി­യു­ടെ വി­ദേ­ശ­ജ­ന­നം സം­ബ­ന്ധി­ച്ചും മ­ന്ത്രി­മാ­രു­ടെ വ­കു­പ്പു­വി­ഭ­ജ­നം സം­ബ­ന്ധി­ച്ചു­മു­ണ്ടാ­യ ഈ­ശാ­പോ­ശ­കൾ­ക്കു് വി­രാ­മം. മൻ­മോ­ഹൻ­സിം­ഗ് പ്ര­ധാ­ന­മ­ന്ത്രി­യും പി. ചി­ദം­ബ­രം ധ­ന­കാ­ര്യ­മ­ന്ത്രി­യു­മാ­യു­ള്ള മ­ന്ത്രി­സ­ഭ ഇതാ മാർ­ക്സി­സ്റ്റ് പി­ന്തു­ണ­യോ­ടെ ഇ­ന്ത്യാ മ­ഹാ­രാ­ജ്യ­ത്തെ പു­രോ­ഗ­തി­യി­ലേ­ക്കു്, സോ­ഷ്യ­ലി­സ­ത്തി­ലേ­ക്കു് ന­യി­ക്കാ­നൊ­രു­ങ്ങു­ന്നു.

images/Chidambaram.jpg
പി. ചി­ദം­ബ­രം

വി­ജ­യി­കൾ ആർ­ത്തു­ല്ല­സി­ക്കു­ന്നു. യക്ഷ-​കിന്നര-ഗന്ധർവ-കിം പു­രു­ഷ­ന്മാർ സ്തു­തി­ഗീ­ത­ങ്ങൾ ആ­ല­പി­ക്കു­ന്നു. സോ­ണി­യാ­ഗാ­ന്ധി യുടെ പ­ര­മ­ത്യാ­ഗ­ത്തെ­യും മൻ­മോ­ഹൻ­സിം­ഗി­ന്റെ മ­ഹ­ത്ത്വ­ത്തെ­യും എത്ര വാ­ഴ്ത്തി­യി­ട്ടും മ­തി­വ­രു­ന്നി­ല്ല, മാ­ധ്യ­മ­ങ്ങൾ­ക്കും തൂ­ലി­ക­ത്തൊ­ഴി­ലാ­ളി­കൾ­ക്കും. കേവലം മൂ­ന്നാ­ഴ്ച മു­മ്പു് വാ­ജ്പേ­യി യെ ദു­നി­യാ­വി­ലെ ഏ­റ്റ­വും സ്വാ­ധീ­ന­ശ­ക്തി­യു­ള്ള ഇ­രു­പ­തു് രാ­ഷ്ട്രീ­യ­ക്കാ­രു­ടെ കൂ­ട്ട­ത്തിൽ­പെ­ടു­ത്തി­യ, കോൺ­ഗ്ര­സി­ലെ വം­ശ­വാ­ഴ്ച­യെ ഭർ­ത്സി­ച്ച ടൈം മാ­ഗ­സിൻ ഇതാ ‘Sonia Shining’ എന്ന ക­വർ­സ്റ്റോ­റി പ്ര­സി­ദ്ധീ­ക­രി­ച്ചി­രി­ക്കു­ന്നു. 1965-ൽ കേം­ബ്രി­ജി­ലെ ഗ്രീ­ക്ക് റെ­സ്റ്റോ­റ­ന്റിൽ സോണിയ മാ­യ്നോ എന്ന മ­ധു­ര­പ്പ­തി­നെ­ട്ടു­കാ­രി രാ­ജീ­വ്ഗാ­ന്ധി യെ ക­ണ്ടു­മു­ട്ടി­യ­തും പ്ര­ണ­യി­ച്ച­തു­മാ­യ പ­ഴ­ങ്ക­ഥ വാ­രി­വി­ള­മ്പി­യി­ട്ടു­മു­ണ്ടു്. ടൈ­മി­ന്റെ സ്ഥി­തി ഇ­തെ­ങ്കിൽ ദ വീ­ക്കി­ന്റെ, ഇ­ന്ത്യാ ടു­ഡേ­യു­ടെ, ഔ­ട്ട്ലു­ക്കി­ന്റെ സ്ഥി­തി എ­ന്താ­യി­രി­ക്കും? ‘ച­രി­ത്രം സൃ­ഷ്ടി­ച്ചു് സോണിയ; ച­രി­ത്രം സൃ­ഷ്ടി­ക്കാൻ മൻ­മോ­ഹൻ­സിം­ഗ്’ എന്ന സ­മ­കാ­ലി­ക മ­ല­യാ­ളം വാ­രി­ക­യു­ടെ ക­വർ­സ്റ്റോ­റി വാ­യി­ച്ചു് ഇ­തെ­ഴു­തു­ന്ന­വൾ ക­ര­ഞ്ഞു­പോ­യി: “പ്ര­ധാ­ന­മ­ന്ത്രി­പ­ദം പ­രി­ത്യ­ജി­ക്കാൻ തീ­രു­മാ­നി­ച്ച­തു­വ­ഴി ഇ­ന്ത്യ­യു­ടെ ഹൃ­ദ­യ­ത്തി­ലാ­ണു് സോ­ണി­യാ­ഗാ­ന്ധി സ്ഥാ­നം നേ­ടി­യ­തു്. ഒ­രി­ക്കൽ­പോ­ലും പ്ര­ധാ­ന­മ­ന്ത്രി­സ്ഥാ­നം മോ­ഹി­ച്ചി­ട്ടി­ല്ലാ­ത്ത മൻ­മോ­ഹൻ­സിം­ഗ് ഒ­ടു­വിൽ സോ­ണി­യ­യു­ടെ നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി പ്ര­ധാ­ന­മ­ന്ത്രി­യാ­കു­ന്നു. അ­ധി­കാ­ര­മോ­ഹി­ക­ളു­ടെ അ­സം­ബ­ന്ധ നാ­ട­ക­ങ്ങൾ ക­ണ്ടു­മ­ടു­ത്ത ജ­ന­ങ്ങൾ­ക്കു് ആ­ത്മാ­ഭി­മാ­നം പ­ക­രു­ക­യാ­ണു് ഈ ച­രി­ത്ര­മു­ഹൂർ­ത്തം.

images/Atal_Bihari_Vajpayee.jpg
വാ­ജ്പേ­യി

വി­ജ­യി­ക­ളെ­യും പി­ന്തു­ണ­ക്കാ­രെ­യും സ്തു­തി­ഗാ­യ­ക­രെ­യും അ­വ­രു­ടെ വ­ഴി­ക്കു് വിടുക. കോൺ­ഗ്ര­സ് സ­ഖ്യ­ക­ക്ഷി­ക­ളും ക­ഴി­യും­വി­ധം ഭ­രി­ക്ക­ട്ടെ, സ­മ്പാ­ദി­ക്ക­ട്ടെ, നാടു് ന­ന്നാ­ക്ക­ട്ടെ. വി­രു­ന്നു­വീ­ട്ടിൽ പോ­കു­ന്ന­തി­നെ­ക്കാൾ വി­ലാ­പ­ഭ­വ­ന­ത്തിൽ പോ­കു­ന്ന­തു് ഉ­ത്ത­മം എ­ന്നു് സ­ത്യ­വേ­ദ­പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞു­കാ­ണു­ന്നു. (സഭാ പ്ര­ഭാ­ഷ­കൻ 7; 2) ആകയാൽ നാം പ­രാ­ജി­ത­രു­ടെ പ­ട­കു­ടീ­ര­ത്തി­ലേ­ക്കു് പോകുക.

വി­ക­സ­നം, സൽ­ഭ­ര­ണം മു­ത­ലാ­യ മ­ഹോ­ന്ന­ത ആ­ശ­യ­ങ്ങ­ള­ല്ല മ­റി­ച്ചു് ജാ­തീ­യ­ത­യാ­ണു് സാധു വോ­ട്ടർ­മാ­രെ പ­ലേ­ട­ത്തും ആ­വേ­ശി­ച്ച­തു്.

images/Rajiv_Gandhi.jpg
രാ­ജീ­വ്ഗാ­ന്ധി

ഉ­ത്ത­ര­വാ­ദി­ത്ത­ത്തോ­ടെ ക്രി­യാ­ത്മ­ക പ്ര­തി­പ­ക്ഷ­മാ­യി അ­ദ്വാൻ­ജി­ക്കു­ള്ള പ്ര­തി­ബ­ദ്ധ­ത അ­വി­തർ­ക്കി­ത­മാ­ണു്. ഹൈ­ദ­രാ­ബാ­ദി­ലെ (സിൻഡ്) ആർ. എസ്. എസ്. ശാ­ഖ­യിൽ ചേ­രു­മ്പോൾ വ­യ­സ്സു് പ­തി­ന­ഞ്ചേ ആ­യി­രു­ന്നു­ള്ളൂ ലാൽ­കൃ­ഷ്ണ­നു്. ഡി. ജി. നാഷനൽ കോ­ളേ­ജിൽ­നി­ന്നു് ബി­രു­ദ­പ­ഠ­നം പൂർ­ത്തി­യാ­ക്കി ക­റാ­ച്ചി­യിൽ കാ­ര്യ­വാ­ഹാ­യി­രി­ക്കു­മ്പോൾ ഇ­ന്ത്യാ­വി­ഭ­ജ­നം. സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര കാ­ല­ഘ­ട്ട­ത്തിൽ രാ­ജ­സ്ഥാ­നിൽ സം­ഘ­പ്ര­ചാ­ര­കൻ. ഭാ­ര­തീ­യ ജ­ന­സം­ഘ­ത്തി­ന്റെ മു­ഴു­വൻ സമയ പ്ര­വർ­ത്ത­ക­രാ­യി ഗു­രു­ജി വി­ട്ടു­കൊ­ടു­ത്ത പ്ര­ചാ­ര­ക­രിൽ ഒ­രാ­ളാ­യി­രു­ന്നു അ­ദ്വാ­നി. 1952-57 കാ­ല­ത്തു് രാ­ജ­സ്ഥാ­നി­ലും തു­ടർ­ന്നു് ദൽ­ഹി­യി­ലും ജ­ന­സം­ഘ­ത്തി­ന്റെ കാ­ര്യ­ദർ­ശി. 1960-67-ൽ ഓർ­ഗ­നൈ­സ­റി­ന്റെ സ­ഹ­പ­ത്രാ­ധി­പൻ. 1967-70 കാ­ല­യ­ള­വിൽ ദൽഹി മെ­ട്രോ­പോ­ളി­റ്റൻ കൗൺ­സിൽ ചെ­യർ­മാൻ. 1970 മുതൽ രാ­ജ്യ­സ­ഭാം­ഗം.

1973-ൽ കാൺ­പൂ­രിൽ നടന്ന സ­മ്മേ­ള­നം അ­ദ്വാ­നി­യെ ജ­ന­സം­ഘ­ത്തി­ന്റെ ദേശീയ പ്ര­സി­ഡ­ന്റാ­യി തെ­ര­ഞ്ഞെ­ടു­ത്തു. സ്ഥാ­ന­മൊ­ഴി­ഞ്ഞ പ്ര­സി­ഡ­ന്റ് അ­ടൽ­ബി­ഹാ­രി വാ­ജ്പേ­യി പ­റ­ഞ്ഞു: ന­മു­ക്കെ­ല്ലാം പ്രി­യ­ങ്ക­ര­നാ­ണു് അ­ദ്വാൻ­ജി; ന­മ്മു­ടെ ദീ­ന­ദ­യാൽ ര­ണ്ടാ­മൻ.

images/Deendayal_upadhyaaya.jpg
ദീൻ­ദ­യാൽ ഉ­പാ­ധ്യാ­യ

ദീൻ­ദ­യാൽ ഉ­പാ­ധ്യാ­യ യെ­പ്പോ­ലെ തി­ക­ഞ്ഞ സ്വ­യം­സേ­വ­ക­നും കി­ട­യ­റ്റ സം­ഘാ­ട­ക­നു­മാ­യി­രു­ന്നു അ­ദ്വാ­നി. കനത്ത മേൽ­മീ­ശ, മൃ­ദു­വാ­യ സം­സാ­രം, കർ­ക്ക­ശ സ്വ­ഭാ­വം, പാ­രി­ലി­ല്ല ഭ­യ­മെ­ന്നും ഒ­ട്ടു­മി­ല്ലാ­രി­ലും ക­രു­ണ­യെ­ന്നും ഏ­തി­നും പോ­രു­മെ­ന്നും അ­രു­ളു­ന്ന ധീ­ര­മാ­യ മു­ഖ­കാ­ന്തി. ഇം­ഗ്ലീ­ഷും ഹി­ന്ദി­യും ന­ന്നാ­യി സം­സാ­രി­ക്കും. വാ­ജ്പേ­യി­യു­ടേ­തു­പോ­ലെ കാ­വ്യാ­ത്മ­ക­മ­ല്ല പ്ര­സം­ഗ­ശൈ­ലി. കവിയോ സ്വ­പ്ന­ജീ­വി­യോ അല്ല, തി­ക­ച്ചും പ്രാ­യോ­ഗി­ക­മ­തി­യാ­യ രാ­ഷ്ട്രീ­യ­ക്കാ­രൻ.

images/Uddhav_thackeray.jpg
താ­ക്ക­റെ

1971-ൽ പാർ­ല­മെ­ന്റി­ലേ­ക്കും 72-ൽ സം­സ്ഥാ­ന നി­യ­മ­സ­ഭ­ക­ളി­ലേ­ക്കും നടന്ന തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ കനത്ത പ­രാ­ജ­യ­മാ­ണു് ജ­ന­സം­ഘ­ത്തി­നു­ണ്ടാ­യ­തു്. ലോൿ­സ­ഭ­യിൽ 35 സീ­റ്റു­ണ്ടാ­യി­രു­ന്ന­തു് 22 ആയി കു­റ­ഞ്ഞു. ബം­ഗ്ലാ­ദേ­ശ് യു­ദ്ധ­ത്തി­നു­ശേ­ഷം 1972 മാർ­ച്ചിൽ 13 സം­സ്ഥാ­ന­ങ്ങ­ളി­ലെ­യും 5 കേ­ന്ദ്ര­ഭ­ര­ണ പ്ര­ദേ­ശ­ങ്ങ­ളി­ലെ­യും നി­യ­മ­സ­ഭ­ക­ളി­ലേ­ക്കു് നടന്ന തെ­ര­ഞ്ഞെ­ടു­പ്പിൽ ദ­യ­നീ­യ­മാ­യി­രു­ന്നു പ്ര­ക­ട­നം. മൽ­സ­രി­ച്ച സീ­റ്റു­കൾ 1,233, ജ­യി­ച്ച­തു് 104; കി­ട്ടി­യ വോ­ട്ട് 3.82 ശ­ത­മാ­നം. മ­ധ്യ­പ്ര­ദേ­ശി­ലും (48) ബീ­ഹാ­റി­ലും (25) മാ­ത്ര­മേ ര­ണ്ട­ക്കം തി­ക­ക്കാ­നാ­യു­ള്ളു. ഹ­രി­യാ­ന­യിൽ 2, ജമ്മു കാ­ശ്മീ­രി­ലും ഗു­ജ­റാ­ത്തി­ലും 3 വീതം, രാ­ജ­സ്ഥാ­നിൽ 8, ഹിമചൽ, ദൽഹി, മ­ഹാ­രാ­ഷ്ട്ര എ­ന്നി­വി­ട­ങ്ങ­ളിൽ 5 വീതം—ഇ­താ­യി­രു­ന്നു നി­ല­വാ­രം. ആ­ന്ധ്ര­യി­ലോ മൈ­സൂ­രി­ലോ പ­ഞ്ചാ­ബി­ലോ ബം­ഗാ­ളി­ലോ ആ­സാ­മി­ലോ ജ­ന­സം­ഘം നി­ലം­തൊ­ട്ടി­ട്ടി­ല്ല. തൊ­ട്ട­ടു­ത്ത­വർ­ഷം ബാൽ­രാ­ജ് മാ­ധോ­ക് പാർ­ട്ടി വി­ട്ട­തും ജ­ന­സം­ഘ­ത്തി­നു് തി­രി­ച്ച­ടി­യാ­യി.

images/Jayaprakash_Narayan.jpg
ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണൻ

ഈ അ­ന്ത­രാ­ള­ഘ­ട്ട­ത്തി­ലാ­ണു് അ­ദ്വാ­നി നേ­തൃ­ത്വ­മേൽ­ക്കു­ന്ന­തു്. പാർ­ട്ടി സം­ഘ­ട­ന­യെ ശ­ക്തി­പ്പെ­ടു­ത്തു­ന്ന­തി­ലും ഭ­ര­ണ­ക­ക്ഷി­ക്കെ­തി­രെ പാർ­ല­മെ­ന്റി­ന­ക­ത്തും പു­റ­ത്തും ആ­ക്ര­മ­ണ­മ­ഴി­ച്ചു വി­ടു­ന്ന­തി­ലും ദ­ത്ത­ശ്ര­ദ്ധ­നാ­യി­രു­ന്നു അ­ദ്വാൻ­ജി. 1974–75-ൽ ജ­യ­പ്ര­കാ­ശ് പ്ര­സ്ഥാ­ന­ത്തിൽ ജ­ന­സം­ഘം നിർ­ണാ­യ­ക പങ്കു വ­ഹി­ച്ചു. 1975 ജൂണിൽ സം­ഘ­ട­നാ കോൺ­ഗ്ര­സ്, സ്വ­ത­ന്ത്ര­പാർ­ട്ടി­ക­ളോ­ടു് ചേർ­ന്നു് ഗു­ജ­റാ­ത്തിൽ അ­ധി­കാ­രം പി­ടി­ച്ചു. അ­ടി­യ­ന്തി­രാ­വ­സ്ഥ­യിൽ കാ­രാ­ഗൃ­ഹ­വാ­സം അ­നു­ഭ­വി­ച്ചു. തു­ടർ­ന്നു് നടന്ന തെ­ര­ഞ്ഞെ­ടു­പ്പിൽ ജ­ന­താ­പാർ­ട്ടി­യു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് ചു­ക്കാൻ പി­ടി­ച്ചു. 90 ജ­ന­സം­ഘ­ക്കാ­രാ­ണു് അ­ത്ത­വ­ണ ലോൿ­സ­ഭ­യി­ലെ­ത്തി­യ­തു്. ജനതാ സർ­ക്കാ­റിൽ വാർത്താവിതരണ-​പ്രക്ഷേപണ വ­കു­പ്പി­ന്റെ ചു­മ­ത­ല­ക്കാ­ര­നാ­യി­രു­ന്നു അ­ദ്വാ­നി.

1980 ഏ­പ്രിൽ 5, 6 തീ­യ­തി­ക­ളിൽ ദൽ­ഹി­യിൽ നടന്ന കൺ­വെൻ­ഷ­നിൽ പഴയ ജ­ന­സം­ഘ­ക്കാർ ജ­ന­താ­പാർ­ട്ടി­യിൽ­നി­ന്നു് വേർ­പെ­ട്ടു് പുതിയ ക­ക്ഷി­യു­ണ്ടാ­ക്കി—ബി. ജെ. പി. അ­ധ്യ­ക്ഷൻ അ­ടൽ­ബി­ഹാ­രി വാ­ജ്പേ­യി. ലോക നായക് ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ­ന്റെ സ്വ­പ്ന­ങ്ങൾ സാ­ക്ഷാ­ത്ക­രി­ക്കാൻ പാർ­ട്ടി പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണെ­ന്നു് വാ­ജ്പേ­യി പ്ര­ഖ്യാ­പി­ച്ചു. രാ­ഷ്ട്രീ­യ­രം­ഗ­ത്തു­നി­ന്നു് ന­ഷ്ട­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന വി­ശ്വാ­സ്യ­ത പു­നഃ­സ്ഥാ­പി­ക്കാൻ പാർ­ട്ടി ക­ഠി­നാ­ദ്ധ്വാ­നം ചെ­യ്യു­മെ­ന്നും പ­ദ­വി­കൾ­ക്കോ അ­ധി­കാ­ര­ത്തി­നോ വേ­ണ്ടി അ­ല­ഞ്ഞു­ന­ട­ക്കി­ല്ലെ­ന്നും അടൽജി പ്ര­സം­ഗ­വ­ശാൽ ഉ­റ­പ്പു­നൽ­കി.

മ­തേ­ത­ര­ത്വം, ജ­നാ­ധി­പ­ത്യം, ദേ­ശീ­യോ­ദ്ഗ്ര­ഥ­നം, മൂ­ല്യാ­ധി­ഷ്ഠി­ത രാ­ഷ്ട്രീ­യം, ഗാ­ന്ധി­യൻ സോ­ഷ്യ­ലി­സം എ­ന്നി­വ­യാ­യി­രു­ന്നു ഭാ. ജ. പാ.-യുടെ അ­ടി­സ്ഥാ­ന പ്ര­മാ­ണ­ങ്ങൾ. ഗാ­ന്ധി­യെ കൊ­ന്ന­വർ­ക്കെ­ന്തു് ഗാ­ന്ധി­യൻ സോ­ഷ്യ­ലി­സം എ­ന്നു് എ­തി­രാ­ളി­കൾ പ­രി­ഹ­സി­ച്ചു. ദീൻ­ദ­യാൽ­ജി­യു­ടെ ഏ­കാ­ത്മ­ക മാ­ന­വ­വാ­ദം ആ­കേ­ണ്ടി­യി­രു­ന്നു അ­ടി­സ്ഥാ­ന­പ്ര­മാ­ണം എ­ന്നു് ആർ. എസ്. എ­സു­കാർ മു­റു­മു­റു­ത്തു.

images/NTRamaRao.jpg
എൻ. ടി. രാ­മ­റാ­വു

മൂ­ല്യാ­ധി­ഷ്ഠി­ത രാ­ഷ്ട്രീ­യ­വും ഗാ­ന്ധി­യൻ സോ­ഷ്യ­ലി­സ­വു­മൊ­ക്കെ എ­ടു­ക്കാ­ച്ച­ര­ക്കു­ക­ളാ­ണെ­ന്നു് 1984-ലെ തെ­ര­ഞ്ഞെ­ടു­പ്പു് തെ­ളി­യി­ച്ചു. 545 അംഗ സഭയിൽ രണ്ടേ ര­ണ്ടു് സീ­റ്റി­ലാ­ണു് ബി. ജെ. പി. ജ­യി­ച്ച­തു്. ഒ­ന്നു് ഗു­ജ­റാ­ത്തിൽ, മ­റ്റേ­തു് എൻ. ടി. രാ­മ­റാ­വു വി­ന്റെ കാ­രു­ണ്യം­കൊ­ണ്ടു് ആ­ന്ധ്ര­യിൽ. സാ­ക്ഷാൽ അടൽ ബി­ഹാ­രി വാ­ജ്പേ­യി സ്വ­ദേ­ശ­മാ­യ ഗ്വാ­ളി­യോ­റിൽ മാ­ധ­വ­റാ­വു സി­ന്ധ്യ യോടു് വൻ­വ്യ­ത്യാ­സ­ത്തിൽ തോ­റ്റു.

ന­ടു­ക്കു­ന്ന പ­രാ­ജ­യ­ത്തെ സ­മ­ചി­ത്ത­ത­യോ­ടെ കാണാൻ ക­ഴി­ഞ്ഞ ഏക നേ­താ­വു് അ­ദ്വാ­നി യാ­യി­രു­ന്നു. ര­ണ്ടി­ട­ത്തേ ജ­യി­ക്കാ­നാ­യു­ള്ളു­വെ­ങ്കി­ലും പോൾ ചെയ്ത വോ­ട്ടി­ന്റെ 7.4 ശ­ത­മാ­നം നേടാൻ ക­ഴി­ഞ്ഞ കാ­ര്യം അ­ദ്ദേ­ഹം എ­ടു­ത്തു­പ­റ­ഞ്ഞു. ബി. ജെ. പി. ‘ഹി­ന്ദു­ത്വ’യിൽ നി­ന്ന­ക­ന്നു് പോ­യ­താ­ണു് പ­രാ­ജ­യ­കാ­ര­ണം എ­ന്നു് മ­ന­സ്സി­ലാ­ക്കാൻ അ­ദ്വാ­നി­ക്കു് ക­ഴി­ഞ്ഞു. 1972-ൽ ബം­ഗ്ലാ­ദേ­ശ് യു­ദ്ധ­വും 84-ൽ ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ വധവും സൃ­ഷ്ടി­ച്ച കോൺ­ഗ്ര­സ് അ­നു­കൂ­ല ദേശീയ ഹി­ന്ദു വി­കാ­ര­മാ­ണു് ജ­ന­സം­ഘ­ത്തി­നു് ക്ഷീ­ണം ചെ­യ്ത­തു്.

images/Narendra_Modi.jpg
മോഡി

1986 ഏ­പ്രി­ലിൽ വാ­ജ്പേ­യി­യു­ടെ കാ­ലാ­വ­ധി അ­വ­സാ­നി­ച്ചു; എൽ. കെ. അ­ദ്വാ­നി പാർ­ട്ടി അ­ധ്യ­ക്ഷ­നാ­യി. “മ­യ­മി­ല്ലാ­ത്ത തീ­രു­മാ­ന­ങ്ങൾ ന­ട­പ്പാ­ക്കേ­ണ്ടി­വ­രു­മ്പോൾ ഞ­ങ്ങ­ളെ­ല്ലാം അ­ദ്വാ­നി­ജി­യെ­യാ­ണു് ഉ­റ്റു­നോ­ക്കാ­റു­ള­ള­തു്”—വാ­ജ്പേ­യി പ­റ­ഞ്ഞു. ഗാ­ന്ധി­യൻ സോ­ഷ്യ­ലി­സ­ത്തെ­പ്പ­റ്റി­യോ ലോ­ക­നാ­യ­ക് ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ ന്റെ സ്വ­പ്ന­ങ്ങ­ളെ­ക്കു­റി­ച്ചോ പി­ന്നീ­ടൊ­ന്നും കേ­ട്ടി­ട്ടി­ല്ല. ക­ശ്മീ­രി­നു് പ്ര­ത്യേ­ക പദവി നൽ­കു­ന്ന 370-ാം അ­നു­ച്ഛേ­ദം പിൻ­വ­ലി­ക്കു­ക, ഏക സിവിൽ കോഡ് ന­ട­പ്പാ­ക്കു­ക, ന്യൂ­ന­പ­ക്ഷ ക­മീ­ഷ­ന്റെ സ്ഥാ­ന­ത്തു് മ­നു­ഷ്യാ­വ­കാ­ശ കമീഷൻ രൂ­പ­വ­ത്ക­രി­ക്കു­ക എന്നീ ആ­വ­ശ്യ­ങ്ങൾ ഭാ. ജ. പാ. മു­ന്നോ­ട്ടു­വെ­ച്ചു.

അ­ദ്വാ­നി നേ­തൃ­ത്വ­മേ­റ്റ­തി­നു് തൊ­ട്ടു­പി­ന്നാ­ലെ മാ­ര­ക­മാ­യ മ­റ്റൊ­രാ­യു­ധം കൈ­വ­ന്നു—മു­സ്ലിം വനിതാ സം­ര­ക്ഷ­ണ­നി­യ­മം. ഷാ­ബാ­നു­കേ­സി­ലെ സു­പ്രീം കോ­ട­തി­വി­ധി മ­റി­ക­ട­ക്കാൻ രാ­ജീ­വ്ഗാ­ന്ധി യു­ണ്ടാ­ക്കി­യ നിയമം. ക­മ്യൂ­ണി­സ്റ്റു­കാ­രുൾ­പ്പെ­ടെ­യു­ള്ള പു­രോ­ഗ­മ­ന ചി­ന്താ­ഗ­തി­ക്കാർ നി­യ­മ­ത്തെ അ­പ­ല­പി­ച്ചു. എ­ങ്കി­ലും രാ­ഷ്ട്രീ­യ മു­ത­ലെ­ടു­പ്പു് ന­ട­ത്തി­യ­തു് ബി. ജെ. പി.-​യാണു്. കേ­ന്ദ്ര സർ­ക്കാർ മ­ത­മൗ­ലി­ക­വാ­ദി­കൾ­ക്കു് കീ­ഴ­ട­ങ്ങു­ക­യാ­യി­രു­ന്നെ­ന്നു് അ­ദ്വാ­നി ആ­ക്ഷേ­പി­ച്ചു.

images/Uma_Bharati.jpg
ഉ­മാ­ഭാ­ര­തി

അ­പ്പോ­ഴേ­ക്കും വി­ശ്വ­ഹി­ന്ദു­പ­രി­ഷ­ത്തു് രാ­മ­ജ­ന്മ­ഭൂ­മി­പ്ര­ശ്നം കു­ത്തി­പ്പൊ­ക്കി­യി­രു­ന്നു. പ­രി­ഷ­ത്തി­ന്റെ യു­വ­ജ­ന­വി­ഭാ­ഗം—ബ­ജ്റം­ഗ­ദൾ—നി­ല­വിൽ വന്നു. വിനയ് ക­ത്യാർ, ഉ­മാ­ഭാ­ര­തി, സാ­ധ്വി ഋതംഭര മു­ത­ലാ­യ യു­വ­നേ­താ­ക്കൾ നി­ര­ന്ത­രം തീ­തു­പ്പി. നാ­ടൊ­ട്ടു­ക്കു് രാ­മ­ശി­ലാ­പൂ­ജ­കൾ ന­ട­ന്നു. ഹി­ന്ദു­ത്വ­വി­കാ­രം ആ­ളി­ക്ക­ത്തി. വ­ട­ക്കേ­ന്ത്യ­യി­ലാ­കെ വർ­ഗീ­യ­സം­ഘർ­ഷം പ­ടർ­ന്നു­പി­ടി­ച്ചു. ജ­യ്പൂർ, കോട്ട, ഇൻഡോർ, ഗോധ്ര എ­ന്നി­വി­ട­ങ്ങ­ളിൽ ല­ഹ­ള­യു­ണ്ടാ­യി. ഭ­ഗൽ­പൂർ ക­ലാ­പ­ത്തിൽ 800-ഓളം പേർ പ­ര­ലോ­കം പൂകി.

images/V_P_Singh.jpg
വി. പി. സിംഗ്

1989-ലെ പാർ­ല­മെ­ന്റ് തെ­ര­ഞ്ഞെ­ടു­പ്പിൽ ബി. ജെ. പി.-​ക്കു് ഗം­ഭീ­ര­നേ­ട്ട­മു­ണ്ടാ­യി. ഹി­മാ­ചൽ, രാ­ജ­സ്ഥാൻ, മ­ധ്യ­പ്ര­ദേ­ശ് സം­സ്ഥാ­ന­ങ്ങ­ളിൽ വൻ വിജയം. യു. പി.-​യിലും ബീ­ഹാ­റി­ലും മ­ഹാ­രാ­ഷ്ട്ര­യി­ലും സാ­ന്നി­ദ്ധ്യം തെ­ളി­യി­ച്ചു. പോൾ ചെ­യ്ത­തി­ന്റെ 11.5 ശ­ത­മാ­നം വോ­ട്ട് കി­ട്ടി. സീ­റ്റു­കൾ 88 ആയി. അ­ത്ത­വ­ണ വാ­ജ്പേ­യി മൽ­സ­രി­ച്ചി­ല്ല. അ­തേ­സ­മ­യം 19 വർ­ഷ­മാ­യി രാ­ജ്യ­സ­ഭാം­ഗ­മാ­യ അ­ദ്വാ­നി ന്യൂ­ദൽ­ഹി­യിൽ­നി­ന്നു് ലോൿ­സ­ഭ­യി­ലേ­ക്കു് തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു. ബി. ജെ. പി.-യിലെ യ­ഥാർ­ത്ഥ ശ­ക്തി­കേ­ന്ദ്രം ഏ­താ­ണെ­ന്നു് പ­കൽ­പോ­ലെ വ്യ­ക്ത­മാ­യി. 1990 ഫെ­ബ്രു­വ­രി­യിൽ എ­ട്ടു് സം­സ്ഥാ­ന­ങ്ങ­ളിൽ തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ന്നു. മ­ധ്യ­പ്ര­ദേ­ശി­ലും രാ­ജ­സ്ഥാ­നി­ലും ഹി­മാ­ച­ലി­ലും ബി. ജെ. പി.-​ക്കു് മു­ഖ്യ­മ­ന്ത്രി­മാ­രു­ണ്ടാ­യി. മണ്ഡൽ കമീഷൻ റി­പ്പോർ­ട് ന­ട­പ്പാ­ക്കു­ക വഴി ഹി­ന്ദു വോ­ട്ട്ബാ­ങ്ക് പി­ളർ­ത്താൻ വി. പി. സിംഗ് തു­നി­ഞ്ഞ­പ്പോൾ ക­ടു­ത്ത ന­ട­പ­ടി­ക്കു് നിർ­ബ­ന്ധി­ത­നാ­യി ലാൽ­കൃ­ഷ്ണ അ­ദ്വാ­നി. ബി. ജെ. പി. അ­യോ­ധ്യാ­പ്ര­ശ്നം ആ­ളി­ക്ക­ത്തി­ച്ചു. 1990 ഒ­ക്ടോ­ബർ 30-നു് അ­യോ­ധ്യ­യിൽ കർസേവ ന­ട­ത്തു­മെ­ന്നും അ­തി­നു് മു­ന്നോ­ടി­യാ­യി അ­ദ്വാ­നി ര­ഥ­യാ­ത്ര ന­ട­ത്തു­മെ­ന്നും പ്ര­ഖ്യാ­പ­ന­മു­ണ്ടാ­യി. “ച­രി­ത്ര­ത്തി­ലെ ഏ­റ്റ­വും വലിയ ജ­ന­മു­ന്നേ­റ്റ­മാ­യി­രി­ക്കും കർസേവ. അതു് ത­ട­ഞ്ഞാൽ ഗു­രു­ത­ര­മാ­യ പ്ര­ത്യാ­ഘാ­ത­മു­ണ്ടാ­കും,” എ­യർ­ക­ണ്ടീ­ഷൻ ചെയ്ത ഡി. സി. എം. ടൊ­യോ­ട്ട­യാ­യി­രു­ന്നു ലാൽ­കൃ­ഷ്ണ രഥം. സെ­പ്റ്റം­ബർ 25-നു് സോ­മ­നാ­ഥ­ക്ഷേ­ത്ര­ത്തിൽ­നി­ന്നു് പു­റ­പ്പെ­ട്ട രഥം ഒ­ക്ടോ­ബർ 23-നു് സ­മ­സ്തി­പ്പൂ­രിൽ ത­ട­യ­പ്പെ­ട്ടു. അ­ന്നു­ത­ന്നെ ബി. ജെ. പി. മ­ന്ത്രി­സ­ഭ­ക്കു­ള്ള പി­ന്തു­ണ പിൻ­വ­ലി­ച്ചു. വി­ശ്വാ­സ­പ്ര­മേ­യം പ­രാ­ജ­യ­പ്പെ­ടു­ക­യാൽ നവംബർ 7-നു് വി. പി. സിംഗ് രാ­ജി­വെ­ച്ചു.

1991 മേ­യി­ലെ തെ­ര­ഞ്ഞെ­ടു­പ്പിൽ അ­ദ്വാ­നി­യും കൂ­ട്ട­രും ആ­ളി­ക്ക­ത്തി. ഉ­മാ­ഭാ­ര­തി യും വിനയ് ക­ത്യാ­റും സ്വാ­മി സ­ച്ചി­ദാ­ന­ന്ദ ഹ­രി­സാ­ക്ഷി­യും മ­ഹ­ന്ത് അ­വൈ­ദ്യ­നാ­ഥു മെ­ല്ലാം ബി. ജെ. പി. സ്ഥാ­നാർ­ത്ഥി­ക­ളാ­യി. സാ­ധ്വി ഋതംഭര തീ­തു­പ്പി: നാം മൗ­ലാ­നാ മു­ലാ­യ­മി­നെ­യും രാ­ജീ­വ്ഗാ­ന്ധി യെയും മ­റ­ക്കി­ല്ല. സ­ര­യൂ­ന­ദി­യു­ടെ ഗ­ദ്ഗ­ദ­വും അ­യോ­ധ്യ­യു­ടെ വേ­ദ­ന­യും കർ­സേ­വ­ക­രു­ടെ ര­ക്ത­സാ­ക്ഷി­ത്വ­വും നി­ങ്ങൾ ഓർ­ക്കു­ക. അ­മ്മ­മാ­രേ, യു­വാ­ക്ക­ളേ, ഒരു ഹി­ന്ദു­വി­നും രാ­മ­ക്ഷേ­ത്ര­ത്തിൽ­നി­ന്നു് മു­ഖം­തി­രി­ക്കാ­നാ­വി­ല്ല. രാ­മ­ന്റെ ഒരു ശ­ത്രു­വി­നെ­യും നമ്മൾ വെ­റു­തേ വി­ട്ടു­കൂ­ടാ…

images/Lalu_Prasad.jpg
ലാ­ലു­പ്ര­സാ­ദ്

പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പി­ന്റെ ഒ­ന്നാം­ഘ­ട്ടം പൂർ­ത്തി­യാ­യ­ശേ­ഷം രാ­ജീ­വ്ഗാ­ന്ധി ബോം­ബു­സ്ഫോ­ട­ന­ത്തിൽ മ­രി­ച്ച­തു്. അ­ദ്വാ­നി­യു­ടെ ക­ണ­ക്കു­ക്കൂ­ട്ടൽ തെ­റ്റി­ച്ചു. അ­നു­താ­പ­ത­രം­ഗ­ത്താൽ കോൺ­ഗ്ര­സ് ഏ­റ്റ­വും വലിയ ഒ­റ്റ­ക്ക­ക്ഷി­യാ­യി. ബി. ജെ. പി.-യുടെ വോ­ട്ട് 20.1 ശ­ത­മാ­നം ആയും സീ­റ്റു­കൾ 121 ആയും വർ­ദ്ധി­ച്ചു. രാ­മ­ത­രം­ഗം അ­ല­യ­ടി­ച്ച ഉ­ത്തർ­പ്ര­ദേ­ശിൽ ബി. ജെ. പി. അ­ധി­കാ­ര­ത്തി­ലേ­റി.

1992 ഡി­സം­ബർ 6-നു് ബാബരി മ­സ്ജി­ദ് ത­കർ­ക്ക­പ്പെ­ട്ടു. കർ­സേ­വ­കർ­ക്കു് നേ­തൃ­ത്വം നൽകാൻ അ­ദ്വാ­നി­യും ഉ­ണ്ടാ­യി­രു­ന്നു. ശ്രീ­രാ­മ­ദേ­വൻ ജ­നി­ച്ച­തെ­വി­ടെ­യെ­ന്നു് കോ­ട­തി­യ­ല്ല തീ­രു­മാ­നി­ക്കേ­ണ്ട­തു് എ­ന്നാ­ണു് അ­ദ്വാൻ­ജി­യു­ടെ സു­ചി­ന്തി­ത­മാ­യ അ­ഭി­പ്രാ­യം.

images/Kashiram_Rana.jpg
കാ­ശി­റാം റാണ

1996 ആ­കു­മ്പോ­ഴേ­ക്കും രാ­ജ്യ­ത്തെ ഏ­റ്റ­വും പ്ര­ബ­ല­നാ­യ രാ­ഷ്ട്രീ­യ­നേ­താ­വാ­യി­ത്തീർ­ന്നു ലാൽ­കൃ­ഷ്ണ അ­ദ്വാ­നി. അ­ടു­ത്ത അവസരം ബി. ജെ. പി.-​യുടേതാണെന്നും അ­ദ്വാൻ­ജി­യാ­യി­രി­ക്കും വി­ധാ­താ­വെ­ന്നും സം­ഘ­സ്വ­യം­സേ­വ­കർ ഉ­റ­ച്ചു് വി­ശ്വ­സി­ച്ചു. ജെയിൻ ഹവാലാ കേസ് വീ­ണ്ടും ക­ണ­ക്കു­ക്കൂ­ട്ട­ലു­കൾ തെ­റ്റി­ച്ചു. അ­ദ്വാ­നി തൽ­ക്ഷ­ണം പ്ര­തി­പ­ക്ഷ നേ­തൃ­സ്ഥാ­നം രാ­ജി­വെ­ച്ചു. കു­റ്റ­വി­മു­ക്ത­നാ­കും­വ­രെ അ­ധി­കാ­ര­സ്ഥാ­ന­ങ്ങൾ സ്വീ­ക­രി­ക്കി­ല്ലെ­ന്നും പ്ര­ഖ്യാ­പി­ച്ചു. 1998-ലെ തെ­ര­ഞ്ഞെ­ടു­പ്പാ­കു­മ്പോ­ഴേ­ക്കും അ­ദ്വാ­നി കേ­സിൽ­നി­ന്നു് ഒ­ഴി­വാ­ക്ക­പ്പെ­ട്ടു. കിം ഫലം? വാ­ജ്പേ­യി ബി. ജെ. പി.-​യുടെയും മു­ന്ന­ണി­യു­ടെ­യും അ­നി­ഷേ­ധ്യ നേ­താ­വാ­യി­ക്ക­ഴി­ഞ്ഞു. തീവ്ര ഹി­ന്ദു­ത്വ­വാ­ദി­യും കർ­ക്ക­ശ­ക്കാ­ര­നു­മാ­യ അ­ദ്വാ­നി­യേ­ക്കാൾ മി­ത­വാ­ദി­യും ക­വി­യും മാ­നു­ഷി­ക ദൗർ­ബ­ല്യ­ങ്ങൾ­ക്ക­ടി­മ­യു­മാ­യ വാ­ജ്പേ­യി സ്വീ­കാ­ര്യൻ!

images/Murli_Manohar_Joshi.jpg
മുരളി മനോഹർ ജോഷി

അ­ന്നു­മു­ത­ലി­ന്നോ­ളം ആ­ഭ്യ­ന്ത­ര­വ­കു­പ്പി­ന്റെ ചു­മ­ത­ല­ക്കാ­ര­നും മ­ന്ത്രി­സ­ഭ­യി­ലെ ര­ണ്ടാം­സ്ഥാ­ന­ക്കാ­ര­നു­മാ­യി­ക്ക­ഴി­ഞ്ഞു അ­ദ്വാ­നി. ഒ­ടു­വിൽ ഡ­പ്പി­ടി പ്ര­ധാ­ന മ­ന്ത്രി എ­ന്നൊ­രു സ­മാ­ശ്വാ­സ­പ­ദ­വി­യും ചാർ­ത്തി­ക്കി­ട്ടി. ഇ­പ്പോൾ വാ­ജ്പേ­യി പ­രാ­ജി­ത­നും പ­രി­ക്ഷീ­ണി­ത­നു­മാ­യി­രി­ക്കു­ന്നു. ര­ണ്ടാം സ്ഥാ­ന­ത്തി­നു് വെ­ല്ലു­വി­ളി­യു­യർ­ത്തി­യ മുരളി മനോഹർ ജോഷി തെ­ര­ഞ്ഞെ­ടു­പ്പിൽ തോ­റ്റു് ക­ള­ത്തി­നു് പു­റ­ത്താ­വു­ക­യും ചെ­യ്തി­രി­ക്കു­ന്നു. ഇ­നി­യ­ങ്ങോ­ട്ടു് ഭാ. ജ. പാ.-യുടെ പ­ര­മോ­ന്ന­ത നേ­താ­വു് ലാൽ­കൃ­ഷ്ണ അ­ദ്വാ­നി.

images/Om_Prakash_Chautala.png
ഓം­പ്ര­കാ­ശ് ചൗതാല

ഇ­ത്ത­വ­ണ­യും അ­ദ്വാ­നി­ക്കി­ല്ല കു­ലു­ക്കം. ബി. ജെ. പി.-യെ അ­പേ­ക്ഷി­ച്ചു് ഏഴ് സീ­റ്റേ കൂ­ടു­ത­ലു­ള്ളു കോൺ­ഗ്ര­സി­നു്. കി­ട്ടി­യ വോ­ട്ടി­ന്റെ ശ­ത­മാ­നം തു­ല്യം. കോൺ­ഗ്ര­സി­ന്റേ­തി­നേ­ക്കാൾ സ­ഖ്യ­ക­ക്ഷി­ക­ളു­ടെ—രാ­ഷ്ട്രീ­യ ജ­ന­താ­ദൾ, ടി. ആർ. എസ്., ഡി. എം. കെ.—വിജയം. ബി. ജെ. പി.-​യുടേതിനേക്കാൾ കൂ­ട്ടാ­ളി­ക­ളു­ടെ—മമത, നാ­യി­ഡു, ജ­യ­ല­ളി­ത—പ­രാ­ജ­യം. ക­ഴി­ഞ്ഞ­ത­വ­ണ ജ­യി­ച്ച­വർ ഇ­ത്ത­വ­ണ തോ­റ്റു. ഇ­ക്കു­റി തോ­റ്റ­വർ അ­ടു­ത്ത­വ­ട്ടം ജ­യി­ച്ചേ മ­തി­യാ­വൂ. തീ­വ്ര­ദേ­ശീ­യ ഹി­ന്ദു­ത്വ­വി­കാ­രം­കൊ­ണ്ടാ­ണു് 1972-ലും 84-ലും കോൺ­ഗ്ര­സ് 99-ൽ ബി. ജെ. പി.-യും ജ­യി­ച്ച­തു്. തി­ള­ക്ക­വും സു­ഖാ­നു­ഭൂ­തി­യു­മൊ­ക്കെ മ­ധു­ര­പ­ദ­ങ്ങ­ളാ­ണു്. തെ­ര­ഞ്ഞെ­ടു­പ്പു് ജ­യി­ക്കാൻ ഹി­ന്ദു­ത്വം­ത­ന്നെ വേണം. മ­തേ­ത­ര­ത്വ­ത്തെ കാ­ത്തു­സൂ­ക്ഷി­ക്കാൻ പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­യ ഇ­ട­തു­പ­ക്ഷ­പാർ­ട്ടി­കൾ പി­ന്തു­ണ­ക്കു­ന്നി­ട­ത്തോ­ളം കാലം കേ­ന്ദ്ര­സർ­ക്കാർ നി­ല­നിൽ­ക്കും. ഒ­രു­പ­ക്ഷേ, കാ­ലാ­വ­ധി തി­ക­ക്കാൻ­പോ­ലും സാ­ധ്യ­ത­യു­ണ്ടു്. 2009-​ാമാണ്ടുവരെ ബി. ജെ. പി.-​ക്കു് കാ­ത്തി­രി­ക്കേ­ണ്ടി­വ­രു­മെ­ന്നർ­ത്ഥം. അ­ദ്വാ­നി­ക്കു് 77 വ­യ­സ്സാ­യി. (ജനനം: 8.11.1927) പ­റ­യ­ത്ത­ക്ക അ­സു­ഖ­മൊ­ന്നു­മി­ല്ല. എ­ന്നാ­ലും 2009 വളരെ അ­ക­ലെ­യാ­ണു്.

images/GOVINDACHARYA.jpg
ഗോ­വി­ന്ദാ­ചാ­ര്യ

മൻ­മോ­ഹൻ സർ­ക്കാ­റി­നെ­തി­രെ പഴയ ഹി­ന്ദു­ത്വ തീ­വ്ര­ദേ­ശാ­ഭി­മാ­ന അജണ്ട തന്നെ പ­യ­റ്റാ­നാ­ണു് സാ­ധ്യ­ത. വി­ദേ­ശ­ജ­ന്മ­പ്ര­ശ്നം കു­ത്തി­പ്പൊ­ക്കി സോണിയ യുടെ സ്ഥാ­നാ­രോ­ഹ­ണം മു­ട­ക്കി­യ രീതി നോ­ക്കു­ക. രാ­ഷ്ട്രീ­യ സ്വാ­ഭി­മാൻ ആ­ന്ദോ­ള­ന്റെ ബാ­ന­റിൽ ഗോ­വി­ന്ദാ­ചാ­ര്യ യാണു് പ്ര­ശ്നം ആ­ളി­ക്ക­ത്തി­ച്ച­തു്. വാ­ജ്പേ­യി­യെ അ­ധി­ക്ഷേ­പി­ച്ച­തി­നു് ബി. ജെ. പി. വി­ടേ­ണ്ടി­വ­ന്ന­യാ­ളാ­ണു് ഗോ­വി­ന്ദാ­ചാ­ര്യ. സം­ഘ­പ്ര­ചാ­ര­കൻ, അ­ദ്വാ­നി­യു­ടെ അ­ടു­പ്പ­ക്കാ­രൻ. ഗോ­വി­ന്ദാ­ചാ­ര്യ­ക്കു് പി­ന്തു­ണ­യു­മാ­യി ഇ­ദ­യ­ക്ക­നി ഉ­മാ­ഭാ­ര­തി യും ഗ്ലാ­മർ­ഗേൾ സുഷമാ സ്വ­രാ­ജും രം­ഗ­ത്തു­വ­ന്നു. ഇ­രു­വ­രും അ­ദ്വാ­നി­യു­ടെ ഗു­ളി­ക­ച്ചെ­പ്പേ­ന്തി­യ­വർ. ഇ­വർ­ക്കൊ­ക്കെ ധാർ­മി­ക പി­ന്തു­ണ നൽ­കി­യ­തു് രാ­ഷ്ട്രീ­യ സ്വ­യം­സേ­വ­ക­സം­ഘ­വും വി­ശ്വ­ഹി­ന്ദു­പ­രി­ഷ­ത്തും.

images/Sushma_Swaraj.jpg
സുഷമാ സ്വ­രാ­ജ്

ഇ­നി­യ­ങ്ങോ­ട്ടു് ധർ­മ­സം­സ­ദു­ക­ളു­ടെ ക­ന്നി­മാ­സ­മാ­യി­രി­ക്കും. സ്വാ­മി ചി­ന്മ­യാ­ന­ന്ദ, മ­ഹ­ന്ത് അ­വൈ­ദ്യ­നാ­ഥ്, സാ­ധ്വി ഋതംഭര എ­ന്നി­വ­രു­ടെ പുതിയ പ­തി­പ്പു­കൾ രം­ഗ­ത്തി­റ­ങ്ങും. അ­യോ­ധ്യ, കാശി, മഥുര, പി­ന്നെ മൂ­വാ­യി­രം മ­റ്റു് പ­ള്ളി­കൾ. ഗോ­വ­ധ­നി­രോ­ധം, ഏക സി­വിൽ­കോ­ഡ്, ക­ശ്മീ­രി­ന്റെ പ്ര­ത്യേ­ക പദവി, പ­ണ്ഡി­റ്റു­ക­ളു­ടെ പു­ന­ര­ധി­വാ­സം… അ­ങ്ങ­നെ എ­ത്ര­യെ­ത്ര വി­ഷ­യ­ങ്ങൾ.

images/Pramod_Mahajan.jpg
പ്ര­മോ­ദ് മഹാജൻ

ഒ­ന്നാ­ന്ത­രം പാർ­ല­മെ­ന്റേ­റി­യ­നാ­ണു് അ­ദ്വാ­നി. ലോൿ­സ­ഭ­യിൽ അദ്വാനി-​ഫെർണാണ്ടസ് ടീം സർ­ക്കാ­റി­ന്റെ സൈരം കെ­ടു­ത്തു­മെ­ന്ന­തു് ഉ­റ­പ്പാ­ണു്. നി­തീ­ഷ് കുമാർ, മമതാ ബാ­നർ­ജി, കാ­ശി­റാം റാണ, പി. എ. സാം­ഗ്മ, അ­ന­ന്ത­കു­മാർ എ­ന്നി­വ­രുൾ­പ്പെ­ട്ട­താ­ണു് ര­ണ്ടാം­നി­ര. രാ­ജ്യ­സ­ഭ­യിൽ ജ­സ്വ­ന്ത്സിം­ഗ്, പ്ര­മോ­ദ് മഹാജൻ, സുഷമാ സ്വ­രാ­ജ് എ­ന്നി­വർ­ക്കാ­യി­രി­ക്കും ആ­ക്ര­മ­ണ­ത്തി­ന്റെ ചുമതല.

images/Nitish_Kumar.jpg
നി­തീ­ഷ് കുമാർ

വ­രാ­നി­രി­ക്കു­ന്ന നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പു­കൾ­ക്കു് പാർ­ട്ടി­യെ സ­ജ്ജ­മാ­ക്കു­ക­യാ­ണു് അ­ദ്വാ­നി­യു­ടെ അ­ടി­യ­ന്തി­ര ചുമതല. ഈ വർഷം ഒ­ക്ടോ­ബ­റി­ന­കം മ­ഹാ­രാ­ഷ്ട്ര­യിൽ തെ­ര­ഞ്ഞെ­ടു­പ്പു് ന­ട­ക്കും. അ­ടു­ത്ത­വർ­ഷ­മാ­ദ്യം ബീഹാർ, ഝാർ­ഖ­ണ്ഡ്, ഹ­രി­യാ­ന, പി­ന്നെ പ­ഞ്ചാ­ബ്; അ­തി­നു­ശേ­ഷം ബംഗാൾ, കേരളം, ത­മി­ഴ്‌­നാ­ട്. അ­തും­ക­ഴി­ഞ്ഞു് ഉ­ത്തർ­പ്ര­ദേ­ശ്. പ­ര­മാ­വ­ധി സം­സ്ഥാ­ന­ങ്ങ­ളിൽ ഭരണം പി­ടി­ക്ക­ണം; പ­ര­മാ­വ­ധി പേരെ രാ­ജ്യ­സ­ഭ­യി­ലെ­ത്തി­ക്ക­ണം.

images/Arjun_Munda.jpg
അർ­ജുൻ­മു­ണ്ട

മ­ഹാ­രാ­ഷ്ട്ര­യിൽ സേന—ബി. ജെ. പി. സഖ്യം നല്ല നി­ല­യി­ലാ­ണു്. വി­ലാ­സ്റാ­വു ദേ­ശ്മു­ഖി­നെ മാ­റ്റി സു­ശീൽ­കു­മാർ ഷിൻഡേ യെ കൊ­ണ്ടു­വ­ന്നി­ട്ടും ഗു­ണ­പ­ര­മാ­യ മാ­റ്റ­മൊ­ന്നു­മു­ണ്ടാ­യി­ട്ടി­ല്ല. അ­ഴി­മ­തി­യും ഗ്രൂ­പ്പി­സ­വും അ­നു­ദി­നം വർ­ദ്ധി­ക്കു­ന്നു. കോൺ­ഗ്ര­സും എൻ. സി. പി.-യും ആർ. പി. ഐ. ഗ്രൂ­പ്പു­ക­ളും ഒത്തു പി­ടി­ച്ചി­ട്ടും ഈ തെ­ര­ഞ്ഞെ­ടു­പ്പിൽ 23 സീ­റ്റേ നേ­ടാ­നാ­യു­ള്ളു. സേന—ബി. ജെ. പി. സഖ്യം വലിയ നാ­ട്യ­ങ്ങ­ളൊ­ന്നു­മി­ല്ലാ­തെ 25 സീ­റ്റ് നേടി. നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ ഉ­ണ്ടാ­കാ­നി­ട­യു­ള്ള ഭ­ര­ണ­വി­രു­ദ്ധ­വി­കാ­രം­കൂ­ടി ക­ണ­ക്കി­ലെ­ടു­ത്താൽ കോൺ­ഗ്ര­സി­ന്റെ കാ­ര്യം ഗോ­പി­യാ­കും. മുംബൈ വ്യ­വ­സാ­യി­ക­ളു­ടെ­യും പ­ഞ്ച­സാ­ര ലോ­ബി­യു­ടെ­യും സാ­മ്പ­ത്തി­ക­പി­ന്തു­ണ ഉ­റ­പ്പാ­ക്കു­ന്ന­തി­നു് മ­ഹാ­രാ­ഷ്ട്ര­യു­ടെ നി­യ­ന്ത്ര­ണം ഇ­രു­കൂ­ട്ടർ­ക്കും നിർ­ണാ­യ­ക­മാ­ണു്.

images/Mamata_Banerjee.jpg
മമതാ ബാ­നർ­ജി

ലാ­ലു­പ്ര­സാ­ദി ന്റെ ഭരണം അ­വ­സാ­നി­പ്പി­ക്കേ­ണ്ട­തു് ബി. ജെ. പി.-യുടെ പ­ര­മ­മാ­യ ല­ക്ഷ്യ­ങ്ങ­ളി­ലൊ­ന്നാ­ണു്. ബീ­ഹാ­റിൽ ബി. ജെ. പി.-യും ഐ­ക്യ­ജ­ന­താ­ദ­ളും പ­ത്തൊ­മ്പ­ത­ട­വും പ­യ­റ്റും. അ­ദ്വാ­നി­യും നി­തീ­ഷും ഫെർ­ണാ­ണ്ട­സും ആ­വ­നാ­ഴി­യി­ലെ അ­വ­സാ­ന­ത്തെ അ­മ്പും എ­ടു­ത്തു് പ്ര­യോ­ഗി­ക്കും. ക­ഴി­ഞ്ഞ­ത­വ­ണ ശ­ത്രു­പാ­ള­യ­ത്തി­ലാ­യി­രു­ന്ന രാം­വി­ലാ­സ് പാ­സ്വാൻ ലാ­ലു­വി­നോ­ടൊ­പ്പം ചേർ­ന്നി­രി­ക്കു­ന്നു. ജൂ­നി­യർ പാർ­ട്ണ­റാ­യി കോൺ­ഗ്ര­സു­മു­ണ്ടു്. അ­വ­സാ­ന­നി­മി­ഷം സി. പി. ഐ. കൂടി ഈ സ­ഖ്യ­ത്തിൽ ചേർ­ന്നേ­ക്കാം. ബി. ജെ. പി.-​ക്കു് സ്വാ­ധീ­ന­മു­ണ്ടാ­യി­രു­ന്ന ഗി­രി­വർ­ഗ മേഖല ഝാർ­ഖ­ണ്ഡി­ലാ­യ­തും ലാ­ലു­വി­നു് ആ­ശ്വാ­സം നൽ­കു­ന്നു.

images/A_k_antony.jpg
എ. കെ. ആ­ന്റ­ണി

ബീ­ഹാ­റിൽ ഭരണം പി­ടി­ക്കു­ന്ന­തി­ലും ദു­ഷ്ക­രം ഝാർ­ഖ­ണ്ഡിൽ ഭരണം നി­ല­നി­റു­ത്തൽ. മൂ­ന്നു­വർ­ഷ­ത്തെ ഭ­ര­ണം­കൊ­ണ്ടു് ന­ല്ല­വ­രാ­യ നാ­ട്ടു­കാ­രെ മൊ­ത്തം വെ­റു­പ്പി­ച്ചു­ക­ഴി­ഞ്ഞു. ഏ­താ­ണ്ടു് എ. കെ. ആ­ന്റ­ണി യുടെ നി­ല­വാ­ര­ത്തി­ലെ­ത്തി­യി­ട്ടു­ണ്ടു് മു­ഖ്യ­മ­ന്ത്രി അർ­ജുൻ­മു­ണ്ട. മ­റു­വ­ശ­ത്തു് കോൺ­ഗ്ര­സ്—ജെ. എം. എം-സി. പി. ഐ. സഖ്യം ശ­ക്ത­മാ­ണു­താ­നും. ഹ­രി­യാ­ന­യിൽ ഓം­പ്ര­കാ­ശ് ചൗതാല അ­സൂ­യാർ­ഹ­മാ­യ നി­ല­യി­ലാ­ണു്—ബി. ജെ. പി.-​യുമായി കൂ­ട്ടു­ചേർ­ന്നാ­ലും ഇ­ല്ലെ­ങ്കി­ലും തോൽവി ഉ­റ­പ്പു്.

images/Sushilkumar_Shinde.jpg
സു­ശീൽ­കു­മാർ ഷിൻഡേ

അ­ദ്ഭു­ത­ങ്ങൾ പ്ര­വർ­ത്തി­ക്കാൻ ക­ഴി­വും പ്രാ­പ്തി­യു­മു­ള്ള നേ­താ­വാ­ണു് അ­ദ്വാ­നി. ആർ. എസ്. എ­സി­ന്റെ മൊ­ത്തം പ്ര­ഹ­ര­ശേ­ഷി­യും അ­ദ്ദേ­ഹ­ത്തി­നു് അധീനം. ബാ­ദ­ലി­നെ­യും താ­ക്ക­റെ യെയും ഫെർ­ണ­ണ്ട­സി­നെ­യും പോ­ലു­ള്ള കൂ­ട്ടാ­ളി­കൾ, മോഡി യെയും ഉ­മാ­ഭാ­ര­തി യെയും പോ­ലു­ള്ള സ­ഹ­പ്ര­വർ­ത്ത­കർ, മാ­ധ്യ­മ­ങ്ങ­ളു­ടെ പി­ന്തു­ണ, 2009-ലെ ലോൿ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ന­കം എ­വി­ടെ­യൊ­ക്കെ വർഗീയ ല­ഹ­ള­ക­ളു­ണ്ടാ­കും, എത്ര കോ­ടി­യു­ടെ മുതൽ വെ­ന്തെ­രി­യും, എത്ര സാ­ധു­ക്ക­ളു­ടെ പ്രാ­ണൻ പോകും എ­ന്നൊ­ക്കെ കാ­ത്തി­രു­ന്നു് കാ­ണു­വിൻ.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Lalkrishnante Punaravatharam (ml: ലാൽ­കൃ­ഷ്ണ­ന്റെ പു­ന­ര­വ­താ­രം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Lalkrishnante Punaravatharam, കെ. രാ­ജേ­ശ്വ­രി, ലാൽ­കൃ­ഷ്ണ­ന്റെ പു­ന­ര­വ­താ­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pocket watch for the visually impaired, a photograph by Fisle Nor . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.