പോയവാരം കോൺഗ്രസ് ഹൈക്കമാന്റിനു കയ്പേറിയതായിരുന്നു. ഉത്തർപ്രദേശ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു. ഫെബ്രുവരി 26-നു് മുലായംസിംഗ് വിധാൻസഭയിൽ പുഷ്പംപോലെ വിശ്വാസവോട്ടുനേടി.
ഫെബ്രുവരി 27-നു് മൂന്നു സംസ്ഥാനങ്ങളിലെ വോട്ടുപെട്ടി തുറന്നപ്പോൾ വീണ്ടും തിരിച്ചടി. പഞ്ചാബിലും ഉത്തരഖണ്ഡിലും പാർട്ടി അധികാരഭ്രഷ്ടരായി. മണിപ്പൂരിൽ കഷ്ടി പിടിച്ചുകയറി. കൂനിന്മേൽ കുരുവെന്നപോലെ ക്വാത്റോച്ചി പ്രശ്നം വീണ്ടും ഉയർന്നുവന്നു. പാർലമെന്റിൽ ബഹളം, പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം, മാധ്യമങ്ങളുടെ പരിഹാസം. ജകപൊക.
പഞ്ചാബിലെയോ ഉത്തരഖണ്ഡിലെയോ തെരഞ്ഞെടുപ്പു് ഫലങ്ങൾ അപ്രതീക്ഷിതമല്ല. കർണേജപന്മാരും തിരുമുമ്പിൽ സേവക്കാരുമായ ഏതാനും സോണിയാഭൃത്യരും വയറ്റുപ്പിഴപ്പു പ്രസ്ഥാനക്കാരായ ഒന്നോ രണ്ടോ അഭിപ്രായവോട്ടെടുപ്പുകാരുമല്ലാതെ ആരും അഹിംസാപാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നു് പ്രതീക്ഷിച്ചിട്ടില്ല. പഞ്ചാബിൽ അകാലി-ബി. ജെ. പി. സഖ്യം; ഉത്തരഖണ്ഡിൽ ബി. ജെ. പി. സഖ്യം; ഉത്തരഖണ്ഡിൽ ബി. ജെ. പി. തനിയെ. തെരഞ്ഞെടുപ്പു് പ്രഖ്യാപനത്തിനുമുമ്പുതന്നെ ചിത്രം വ്യക്തം.
തെരഞ്ഞെടുപ്പിനുമുമ്പു് എതിരാളികളും ഇപ്പോൾ കോൺഗ്രസുകാരും (ബ്രൂട്ടസിന്റെ റോളിൽ മലയാള മനോരമ തന്നെയും) പ്രചരിപ്പിക്കുംപോലെ അമരീന്ദർ സിംഗി ന്റെ ദുർഭരണംകൊണ്ടാണോ പഞ്ചാബിൽ അഹിംസാപാർട്ടി തോറ്റതു്? ഒരിക്കലുമല്ല. 1997–2002 കാലത്തെ ബാദൽ ഭരണത്തേക്കാൾ, 1992–97 കാലഘട്ടത്തിലെ ബിയാന്ത്സിംഗ്, ഹർചരൺസിംഗ്, രജീന്ദർകൗർ ഭരണത്തേക്കാൾ എത്രയോ ഭേദമായിരുന്നു അമരീന്ദ്ര ഭരണം. സത്യത്തിൽ പ്രതാപ് സിംഗ് കെയ്റോണിനു ശേഷം പഞ്ചാബ് കണ്ട ഏറ്റവും പ്രഗല്ഭനായ മുഖ്യമന്ത്രിയാണു് അമരീന്ദർസിംഗ്.
പിന്നെ, അമരീന്ദർ സിംഗല്ല ആഗസ്റ്റസ് സീസറാണെങ്കിലും രണ്ടാമതൊരിക്കൽ ജയിപ്പിക്കില്ല, പഞ്ചാബിലെ പ്രബുദ്ധ വോട്ടർമാർ. 1966-ൽ ഇപ്പോൾ കാണുന്ന പഞ്ചാബ് സംസ്ഥാനം രൂപംകൊണ്ടതുമുതൽ ഇന്നുവരെ അതാണു് അവസ്ഥ. കഴിഞ്ഞ തവണ കോൺഗ്രസ്, ഇത്തവണ അകാലിദൾ, അടുത്തതവണ വീണ്ടും കോൺഗ്രസ്…
അഞ്ചുവർഷം ഭരിച്ച പാർട്ടി വീണ്ടും തെരഞ്ഞെടുപ്പു് ജയിച്ചു് അധികാരത്തിൽ വരുകയെന്നതു് ബംഗാളിലല്ലാതെ ഒരിടത്തും ക്ഷിപ്രസാധ്യമല്ല. ദിഗ്വിജയ്സിംഗ് (1998), ചന്ദ്രബാബുനായിഡു (1999), റബ്റി ദേവി (2000), ഷീലാദീക്ഷിത് (2003), നരേന്ദ്ര മോഡി (2004), നവീൻ പട്നായിക് (2004), തരുൺ ഗൊഗോയ് (2006) എന്നിങ്ങനെ അപൂർവം പ്രതികളേ സമീപകാലത്തു് ജയം ആവർത്തിച്ചിട്ടുള്ളൂ. ഇവരിൽ ഭരണത്തിന്റെ മേന്മകൊണ്ടു് ജയിച്ചതു് ഷീല മാത്രം. പ്രതിപക്ഷത്തെ അനൈക്യമാണു് റബ്റിയെയും ഗൊഗോയിയെയും തിരിച്ചു കൊണ്ടുവന്നതു്. എതിരാളികളുടെ അമിത ആത്മവിശ്വാസം ദിഗ്വിജയിനു തുണയായി. സാമുദായിക വികാരം ആളിക്കത്തിച്ചു് മോഡി നേടി. ലോക്സ്ഭ-അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു് നടത്തിയതു കൊണ്ടാണു് നായിഡുവും പടനായകനും യുദ്ധം ജയിച്ചതു്.
ഇനി, മാധ്യമങ്ങൾ പ്രചരിപ്പിക്കുംവിധം മാരകമാണോ പഞ്ചാബിലെ പരാജയം? ഭരണവിരുദ്ധ വികാരം, വിലക്കയറ്റം, വിമതശല്യം, അകാലി-ബി. ജെ. പി. സഖ്യത്തിന്റെ ചിട്ടയായ പ്രചാരണം എന്നിവയൊക്കെയുണ്ടായിട്ടും തെരഞ്ഞെടുപ്പു് നടന്ന 118-ൽ 44 സീറ്റ് ജയിക്കാൻ കോൺഗ്രസിനു് സാധിച്ചു. (ഉമ്മൻചാണ്ടി യുടെ അനുപമ നേതൃത്വത്തിൻകീഴിൽ പാർട്ടിക്കു് കേരളത്തിൽ ലഭിച്ചതു് 24 സീറ്റാണെന്നു് ഓർക്കണം). അകാലിദളിനു് ഒറ്റക്കു് ഭൂരിപക്ഷമില്ല. എസ്. ജി. പി. സി. മുൻ അധ്യക്ഷ ജാഗിർകൗറും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അട്വാളി ന്റെ മകൻ ഇന്ദർ ഇക്ബാൽ സിംഗു മടക്കം പല പ്രമാണിമാരും തോൽക്കുകയും ചെയ്തു. അമരീന്ദറിനു് സന്തോഷിക്കാൻ പിന്നെയുമുണ്ടു് സംഗതി—പാർട്ടിയിലെ മുഖ്യഎതിരാളിയും പി. സി. സി. പ്രസിഡന്റുമായ ഷംസേർസിംഗ് ഡള്ളോ തോറ്റുപോയി!
ഉത്തരഖണ്ഡിലെ സ്ഥിതിയും വളരെ വ്യത്യസ്തമല്ല. ഉത്തരഖണ്ഡ് സംസ്ഥാനരൂപവത്ക്കരണത്തിനു് മുൻകൈയെടുത്തതു് ബി. ജെ. പി.-യാണു്. അവർക്കു് നല്ല സ്വാധീനമുള്ള പ്രദേശം. നിത്യാനന്ദസ്വാമിയുടെയും ഭഗത്സിംഗ് കോഷിയാരി യുടെയും ഭരണത്തിന്റെ ഗുണംകൊണ്ടുമാത്രമാണു് കഴിഞ്ഞ തവണ കോൺഗ്രസ് നേടിയതു്. മുഖ്യമന്ത്രി എൻ. ഡി. തിവാരി യും പി. സി. സി. പ്രസിഡന്റ് ഹരീഷ് റാവത്തും ഗ്രൂപ്പ് കളിച്ചു് സുയിപ്പാക്കി. ജനവിധി മുൻകൂട്ടിക്കണ്ടു് രണ്ടുപേരും ഗോദയിലിറങ്ങാതെ മപ്പടിച്ചു നിന്നു. ഇതൊക്കെയായിട്ടും ബി. ജെ. പി.-ക്കു് കേവലഭൂരിപക്ഷം നേടാനായില്ല. പ്രാദേശിക കക്ഷിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാറുണ്ടാക്കാമെന്നു മാത്രം. നിത്യാനന്ദസ്വാമി തോറ്റു, കോഷിയാരി, ജയിച്ചു. ബി. ജെ. പി.-ക്കു് 34 സീറ്റ് കിട്ടിയപ്പോൾ കോൺഗ്രസിനു് 21 എണ്ണം ജയിക്കാനായി. തെഹ് ഗഡ്വാൾ ലോക്സഭാ മണ്ഡലം ബി. ജെ. പി.-യിൽനിന്നു് തിരിച്ചുപിടിക്കുകയും ചെയ്തു.
ബി. ജെ. പി.-ക്കു് തൽക്കാലം സന്തോഷിക്കാൻ വകയുണ്ടു്. ബീഹാറിലെ ലാലു-റബ്റി നിഗ്രഹത്തിനും കർണാടകത്തിലെ ഗൗഡാപരിണയത്തിനുംശേഷം വീണ്ടും ഒരു അനർഘ നിമിഷം. ഉത്തരാഖണ്ഡിൽ സ്വന്തം സർക്കാർ. മത്സരിച്ച 23 സീറ്റിൽ 19-ഉം ജയിച്ചു എന്നതിലൊതുങ്ങുന്നില്ല പഞ്ചാബിന്റെ മാധുര്യം. ഉമാഭാരതി നിറുത്തിയ 33 പേർക്കും ജാമ്യസംഖ്യ നഷ്ടമായി; ഒറ്റക്കു് ഭൂരിപക്ഷമില്ലാത്തതുകൊണ്ടു് അകാലിദളിനു് ബി. ജെ. പി.-യെ അവഗണിക്കാനുമാവില്ല.
പ്രസക്തമായ മറ്റൊരു കാര്യം. 2008 നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി. ജെ. പി.-യുടെ സ്ഥിതി എന്തായിരിക്കും? രാജസ്ഥാനിൽ വസുന്ധര രാജസിന്ധ്യ യോ മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനോ ഛത്തീസ്ഗഢിൽ രമൺസിംഗോ തിരിച്ചുവരുമോ?
ബി. ജെ. പി.-ക്കു് ഇപ്പോൾ കഴിഞ്ഞതു് ക്വാർട്ടർ ഫൈനലാണു്. വരുന്ന ഏപ്രിലിൽ ഉത്തർപ്രദേശാണു് സെമി; 2009 ഏപ്രിലിലെ ലോക്സഭാ തെരഞ്ഞെടുപ്പു് ഫൈനൽ. 2004-ൽ കൈവിട്ടുപോയ കേന്ദ്രഭരണം തിരിച്ചുപിടിക്കണം, ചെങ്കോട്ടയിൽ കാവിക്കൊടി പാറിക്കണം.
ദൽഹിയിലേക്കുള്ള രാജപാത ലക്നോവിലൂടെയാണെന്നതു സുവിദിതം. പണ്ഡിത് നെഹ്റു മുതൽ ചന്ദ്രശേഖർ വരെയുള്ളവർ യു. പി.-യുടെ വീരപുത്രന്മാർ. ഗ്വാളിയോറിൽ കളിച്ചുവളർന്ന വാജ്പേയി പോലും ലക്നോവിൽനിന്നു് ജയിച്ചാണു് പ്രധാനമന്ത്രിയായതു്.
ഉത്തരഖണ്ഡോ ഛത്തീസ്ഗഢോ പോലെ ചെറു സംസ്ഥാനമല്ല, ഉത്തർപ്രദേശ്. ലോക്സഭയിലേക്കു് എൺപതും രാജ്യസഭയിലേക്കു് മുപ്പത്തൊന്നും മെമ്പർമാരെ തെരഞ്ഞെടുത്തയക്കുന്ന, 403 അസംബ്ലി മണ്ഡലങ്ങളുള്ള ബഡാബങ്കാളൻ സംസ്ഥാനം. രാജസ്ഥാനിലെയോ ഗുജറാത്തിലെയോപോലെ കോൺഗ്രസുമായി നേർക്കുനേർ പോരാട്ടവുമല്ല. ഓരോ മണ്ഡലത്തിലും ബഹുകോണ മൽസരം. പ്രബലരായ എതിരാളികൾ. സാമുദായിക സമവാക്യങ്ങൾ നിർണായകം. മഹാരാഷ്ട്രയിലും ബീഹാറിലും ഒറീസയിലുമുള്ളപോലെ ശക്തരായ സഖ്യകക്ഷികളുമില്ല. ഒറ്റക്കുതന്നെ പൊരുതണം.
മുരളി മനോഹർ ജോഷി യുടെയും രാജ്നാഥ്സിംഗി ന്റെയും മാതൃസംസ്ഥാനമാണു് ഉത്തർപ്രദേശ്. കൊലക്കൊമ്പന്മാരായ നേതാക്കൾ വേറേയുമുണ്ടു്—ലാൽജിഠണ്ഡൻ, കൽരാജ് മിശ്ര, കേസരിനാഥ് ത്രിപാഠി, വിനയ് കത്യാർ, ചെറിയൊരിടവേളക്കുശേഷം തിടമ്പേറ്റുന്നതു് കല്യാൺസിംഗ്. മുമ്പു മൂന്നുതവണ മുഖ്യമന്ത്രിയായ ദേഹം. മെയ്യുകണ്ണാക്കിയ അഭ്യാസി. ബി. ജെ. പി.-യിലെ കരുണാകരൻ എന്നുപറഞ്ഞാൽ തെറ്റില്ല.
രാമതരംഗം ആഞ്ഞടിച്ച 1991-ലാണു് ബി. ജെ. പി. ആദ്യം അധികാരത്തിലേറിയതു്. അത്തവണ ഒറ്റക്കു് ഭൂരിപക്ഷം കിട്ടി. അയോധ്യയിൽ പള്ളിപൊളിച്ചപ്പോൾ മന്ത്രിസഭയും പൊളിഞ്ഞു. 1993-ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം കിട്ടിയില്ല. 1996-ൽ ബി. എസ്. പി.-യുമായി കൂട്ടുമന്ത്രിസഭയുണ്ടാക്കി. മായാവതി പിന്തുണ പിൻവലിച്ചപ്പോൾ ബി. എസ്. പി.-യെയും കോൺഗ്രസിനെയും നെടുകെ പിളർത്തി ഭൂരിപക്ഷമുണ്ടാക്കി. ഗവർണർ രമേശ് ഭണ്ഡാരി മന്ത്രിസഭയെ അട്ടിമറിച്ചപ്പോൾ കോടതിയിൽനിന്നു് അനുകൂല ഉത്തരവുവാങ്ങി അധികാരത്തിൽ തിരിച്ചെത്തി. 2000-മാണ്ടിൽ സമാജ്വാദി, ബഹുജൻസമാജ് പാർട്ടികൾക്കു പിന്നിൽ മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെട്ടു.
2004-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥിതി പരിതാപകരമായി. എസ്. പി.-ക്കു് മുപ്പത്തഞ്ചും ബി. എസ്. പി.-ക്കു് പത്തൊമ്പതും സീറ്റ് കിട്ടിയപ്പോൾ ബി. ജെ. പി.-ക്കു് പത്തിടത്തേ ജയിക്കാനായുള്ളൂ. ഒമ്പതു് സീറ്റ് കിട്ടിയ കോൺഗ്രസിനേക്കാൾ അല്പം ഭേദം. മുരളി മനോഹർ ജോഷി യും വിനയ് കത്യാറും തോറ്റു തുന്നംപാടിയപ്പോൾ വാജ്പേയി ലക്നോവിലും കല്യാൺസിംഗ് ബുലന്ദ്ഷഹറിലും വിഷമിച്ചു ജയിച്ചു.
ഇത്തവണ പക്ഷേ, സ്ഥിതിഗതികൾ വ്യത്യസ്തമാണു്. മുലായംസിംഗി ന്റെ ജനപ്രീതി മങ്ങിക്കഴിഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തം, പ്രകടം. സാമുദായിക ലഹളകൾ, ക്രമസമാധാനത്തകർച്ച, വിലക്കയറ്റം, അഴിമതി, കെടുകാര്യസ്ഥത—ജനത്തിനു പൊറുതി മുട്ടി. കൂനിന്മേൽ കുരുവെന്നപോലെ സുപ്രീംകോടതി വിധികൾ. കാലുമാറ്റക്കാരായ എം. എൽ. എ.-മാരെ അയോഗ്യരാക്കി. അവിഹിതമായി സ്വത്തു സമ്പാദിച്ച കേസ് സി. ബി. ഐ.-ക്കു് വിട്ടു. മുസ്ലീംകൾക്കോ പിന്നാക്ക ഹിന്ദുക്കൾക്കോ മുലായമിനോടു് പഴയ മമതയില്ല. മുസ്ലീം വോട്ടുബാങ്കിൽ കൈയിട്ടുവാരാൻ ബി. എസ്. പി.-യും യാദവേതര പിന്നാക്കക്കാരെ തിരിച്ചുപിടിക്കാൻ ബി. ജെ. പി.-യും ആഞ്ഞുപിടിക്കും. ദലിതരുടെ വോട്ട് പ്രതീക്ഷിക്കയേ വേണ്ട. ബ്രാഹ്മണരെയും രജപുത്രരെയും വശീകരിക്കാൻ മുലായംസിംഗ് പല കോമാളിവേഷവും അണിയുന്നുണ്ടു്. ഫലം നാസ്തി. അമർസിംഗിന്റെ പണക്കൊഴുപ്പും അമിതാഭ്, ജയ, അഭിഷേക് ബച്ചന്മാരുടെ താരശോഭയും ഐശ്വര്യ, ജയപ്രദമാരുടെ തൊലിമിനിപ്പും കൊണ്ടുമാത്രം ഉത്തർപ്രദേശിന്റെ ഭരണം നിലനിറുത്താൻ കഴിയുകയില്ല. സമാജ്വാദി പാർട്ടി രണ്ടാംസ്ഥാനത്തേക്കോ മൂന്നാംസ്ഥാനത്തേക്കോ തള്ളപ്പെടുക എന്നേ അറിയാനുള്ളൂ.
എസ്. പി. ചീഞ്ഞാൽ ബി. എസ്. പി.-ക്കു് വളം എന്നാണു് ശാസ്ത്രം. പട്ടികജാതിക്കാരാണു് ബഹുജൻസമാജിന്റെ സുശക്തവോട്ടുബാങ്ക്. മുലായമിനെ വിട്ടുപോകുന്ന മുസൽമാന്മാരുടെ കാവൽമാലാഖ മായാവതി. ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമൊക്കെ വാരിവലിച്ചു സീറ്റുകൊടുക്കും. റൊക്കം പണം കൊടുക്കണമെന്നു് മാത്രം. തെരഞ്ഞെടുപ്പിനുശേഷം ഏറ്റവുമടുത്ത മുഹൂർത്തത്തിൽ ഇക്കൂട്ടർ മറുകണ്ടം ചാടും. കൂറുമാറ്റ നിരോധ നിയമമൊന്നും ഉത്തർപ്രദേശിൽ പ്രസക്തമല്ല.
ബഹൻജി ഇത്തവണ വലിയ ആവേശത്തിലാണു്. എറ്റവും വലിയ ഒറ്റക്കക്ഷി ബി. എസ്. പി., ഭൂരിപക്ഷം കിട്ടിയാലും ഇല്ലെങ്കിലും മുഖ്യമന്ത്രി മായാവതി. തെരഞ്ഞെടുപ്പിനുമുമ്പ് ആരോടും ധാരണയില്ല, വോട്ടെണ്ണലിനുശേഷം ആരോടും സഖ്യമാകാം. കോൺഗ്രസിനോ ബി. ജെ. പി.-ക്കോ പതിത്വമില്ല.
കോൺഗ്രസിന്റെ കാര്യം പരമ ദയനീയം. 1989 ഡിസംബർ അഞ്ചിനു് ഭരണം പരണത്തുവെച്ചു് ഇറങ്ങിപ്പോയതാണു്. പിന്നീടൊരിക്കലും അധികാരത്തിന്റെ പതിനാറയലത്തെത്തിയില്ല. ബി. എസ്. പി.-യുമായി സഖ്യം ചെയ്തു മൽസരിച്ച 1996-ൽ 33 സീറ്റാണു് കിട്ടിയതു്. അതിൽ 22 പേർ കല്യാൺസിംഗിന്റെ ചാക്കിൽകയറി വേറേ പാർട്ടിയുണ്ടാക്കി. കാലാവധി തീരുന്ന സഭയിൽ അഹിംസാപാർട്ടിക്കു് 15 അംഗങ്ങളേയുള്ളൂ.
മദാമ്മാഗാന്ധിക്കൊരു സ്വപ്നമുണ്ടു്. തകർന്നുപോയ വോട്ടുബാങ്ക് പുനഃസ്ഥാപിക്കണം. ബ്രാഹ്മണരും ദലിതരും മുസ്ലീംകളും അഹിംസയുടെ കൊടിക്കീഴിൽ ഒത്തുചേരണം. ഉത്തരപ്രദേശം തിരിച്ചുപിടിക്കണം. ഗംഗാസമതലത്തിലെമ്പാടും ത്രിവർണ പതാക പാറണം. രാഹുൽമോന്റെ അരിയിട്ടുവാഴ്ച ലക്നോവിൽ നടക്കണം. കാലം പക്ഷേ, പഴയതല്ല. നെഹ്റു-ഗാന്ധി കുടുംബമഹത്ത്വമൊക്കെ ജനത്തിനിപ്പോൾ ഓർമയില്ല. വോട്ടുബാങ്ക് എന്നേ ലിക്വിഡേറ്റു ചെയ്തുപോയിരിക്കുന്നു. ദലിതരത്രയും ബി. എസ്. പി.-യിൽ ചേക്കേറി. ബ്രാഹ്മണർ ബി. ജെ. പി.-യിൽ, മുസ്ലീംകൾ എസ്. പി.-യിൽ. സതീഷ്ശർമ യെയും സൽമാൻ ഖുർഷിദി നെയുംപോലെ ഭൂമിക്കു് ഭാരമായ ഉരുപ്പടികളാണു് സംസ്ഥാനത്തു് കോൺഗ്രസിന്റെ അനിഷേധ്യ നേതാക്കൾ. രാഹുൽഗാന്ധി യല്ല, പ്രപിതാമഹൻ ജവഹർലാൽ നെഹ്റു നേരിട്ടു് അവതരിച്ചാലും ലക്നോവിൽ മൂവർണക്കൊടി പാറില്ല.
കർണേജപന്മാരുടെ ഉപദേശം കേട്ടാണു് മുലായംമന്ത്രിസഭയെ അട്ടിമറിക്കാൻ മദാമ്മയും മക്കളും തുനിഞ്ഞിറങ്ങിയതു്. 356-ാം അനുച്ഛേദത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ ഡി. എം. കെ.-യെ വരെ വശീകരിച്ചു. എന്തുചെയ്യാം? പ്രകാശ് കാരാട്ട് പാറപോലെ ഉറച്ചുനിന്നു. യാദവനെ തൊട്ടാൽ തൊട്ടവനെ തട്ടും. ഭീഷണി ഫലിച്ചു. കേന്ദ്രം പത്തി മടക്കി മാളത്തിൽ പതുങ്ങി. അപ്പോഴേക്കും തെരഞ്ഞെടുപ്പു് പ്രഖ്യാപനം വന്നു, മുലായംസിംഗ് വിധാൻസഭയിൽ ഭൂരിപക്ഷവും തെളിയിച്ചു. സമാജ്വാദി പാർട്ടി കേന്ദ്രമന്ത്രിസഭക്കുള്ള പിന്തുണ പിൻവലിച്ചു. കോൺഗ്രസാണിപ്പോൾ യാദവന്റെ മുഖ്യശത്രു.
മെയ് 11-നു് വോട്ടെണ്ണുമ്പോൾ ഒരു പാർട്ടിക്കും ഭൂരിപക്ഷമുണ്ടാകുകയില്ലെന്നു് വ്യക്തം തൂക്കുനിയമസഭ സുനിശ്ചിതം. ബി. എസ്. പി., ബി. ജെ. പി., എസ്. പി. എന്നിവർ സ്വർണവും വെള്ളിയും വെങ്കലവും പങ്കുവെക്കും. കോൺഗ്രസ് വളരെ പിന്നിൽ നാലാംസ്ഥാനത്തിനായി അജിത് സിംഗി ന്റെ രാഷ്ട്രീയ ലോക്ദളിനോടു് മൽസരിക്കേണ്ടിവരും.
ബി. എസ്. പി.-യോടു് ചേർന്നു് കൂട്ടുമന്ത്രിസഭയുണ്ടാക്കണമെന്നാണു് കോൺഗ്രസിന്റെ മിതമായ മോഹം. മായാവതി യാണെങ്കിൽ ബി. ജെ. പി. പിന്തുണയോടെ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്നു. കാവിപ്പടയുടെ ഖൽബ് കണ്ടവരില്ല.
മുമ്പു മൂന്നുതവണ ബി. ജെ. പി. പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കിയവളാണു് മായാവതി. കോഴി കൂവുംമുമ്പു് മൂന്നുവട്ടവും തള്ളിപ്പറയേണ്ടിവന്നു. പുലിയുടെ പുള്ളി മായ്ക്കൽ അസാധ്യം. ബഹൻജിയുമായി പൊരുത്തപ്പെട്ടുപോകൽ അതിലും പ്രയാസം.
തെരഞ്ഞെടുപ്പിനുശേഷം എന്തുകൊണ്ടു് മുലായംസിംഗിനും രാജ്നാഥ്സിംഗി നും കൈകോർത്തുകൂടാ? എസ്. പി.-യുടെയും ബി. ജെ. പി.-യുടെയും മുഖ്യശത്രു കോൺഗ്രസാണു്. മുലായം യു. പി.-കൊണ്ടു് തൃപ്തിപ്പെടും, രാജ്നാഥിനു് കേന്ദ്രവും കിട്ടും. നിതീഷ് കുമാറിനും നവീൻ പട്നായികി നും ദേവഗൗഡ ക്കും ബി. ജെ. പി.-യോടു് സഖ്യമാകാമെങ്കിൽ മുലായംസിംഗിനു് എന്തുകൊണ്ടു പാടില്ല? 1989 ഡിസംബറിൽ മുലായംസിംഗ് ആദ്യം മുഖ്യനായതു് ബി. ജെ. പി. പിന്തുണയോടെയായിരുന്നു; 2003 ആഗസ്റ്റിൽ അവസാനം മുഖ്യനായതും അവരുടെ പരോക്ഷ പിന്തുണയോടെ തന്നെ. പാമേഴ്സ്റ്റൻ പ്രഭു പറഞ്ഞതാണു് ശാശ്വത സത്യം: രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥായിയായ താൽപര്യങ്ങളേയുള്ളൂ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.