അബ്ദുന്നാസിർ മഅദനി യെ മോചിപ്പിക്കമെന്നാവശ്യപ്പെട്ടു് പി. ഡി. പി. പ്രവർത്തകർ ഒക്ടോബർ 30-നു നടത്തിയ ചെക്ക് പോസ്റ്റ് ഉപരോധം അക്രമാസക്തമായി. പതിവുപോലെ വാഹനങ്ങളോടായിരുന്നു പരാക്രമം ഏറെയും. ആര്യങ്കാവിൽ മാത്രം 91 ലോറികളും നിരവധി ബസുകളും അടിച്ചുതകർത്തു. പരിസരത്തുള്ള വിടുകൾക്കും ക്ഷേത്രത്തിനും എസ്. എൻ. ഡി. പി. ശാഖായോഗ മന്ദിരത്തിനുനേരെയും കല്ലേറുണ്ടായി.
പ്രകോപനം ഉണ്ടായിട്ടാണെങ്കിലും അല്ലെങ്കിലും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ആക്രമാസക്തമാകുന്നതു് പുത്തരിയില്ല. ഇവിടെ, പുലർച്ചെ ആറുമണിക്കു് ഉപരോധം ആരംഭിക്കുന്നതിനു വളരെ മുമ്പുതന്നെ പി. ഡി. പി. പ്രവർത്തകർ ആര്യങ്കാവിലെത്തി നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. ഇരുളിന്റെ മറവും പൊലീസിന്റെ നിഷ്ക്രിയത്വവും അക്രമികൾക്കു് ആവേശം വർദ്ധിപ്പിച്ചിരിക്കണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി. ഡി. പി.-യുടെ വോട്ടുകൂടി വാങ്ങി അധികാരത്തിലെത്തിയ ആന്റണി സർക്കാർ മഅദനിയെ മോചിപ്പിക്കാൻ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നു് പാർട്ടിയുടെ ആക്ടിംഗ് ചെയർമാൻ ആര്യങ്കാവിൽ പ്രസംഗിക്കവേ കുറ്റപ്പെടുത്തി. മഅദനിയെ മോചിപ്പിക്കുന്നതിനു് യു. ഡി. എഫ്. തയാറായില്ലെങ്കിൽ മന്ത്രിമാരെ വഴിയിൽ തടയൽ തുടങ്ങിയ സമരങ്ങൾ സംഘടിപ്പിക്കുമെന്നു് അദ്ദേഹം ഭീഷണിമുഴക്കിയിട്ടുണ്ടു്. മുല്ലാ മുഹമ്മദ് ഉമർ, ഉസാമാബിൻലാദിൻ തുടങ്ങിയ രാജ്യസ്നേഹികളെ ആക്ടിംഗ് ചെയർമാൻ പ്രസംവശാൽ പ്രകീർത്തിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മഅദനിയുടെ ജാമ്യഹർജി ഒക്ടോബർ 31-നു് സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണു് ഉപരോധം തലേന്നു് നടന്നതു് എന്നതും സ്മരണീയമാണു്. ഉപരോധം കണ്ടുഭയന്നു് സുപ്രീംകോടതി ജാമ്യം അനുവദിക്കുമെന്നു് പ്രവർത്തകർ പ്രതീക്ഷിച്ചോ എന്തോ? ഏതായാലും ജാമ്യഹർജി പിറ്റേന്നു പിൻവലിക്കുകയാണുണ്ടായതു്. കുറ്റപത്രം പ്രതികൾ കൈപ്പറ്റിയ സാഹചര്യത്തിൽ ഇനി വിചാരണകോടതിയിൽ തന്നെ ജാമ്യപേക്ഷ വീണ്ടും സമർപ്പിക്കും. ബിൻലാദിന്റെയും മുല്ലാ ഉമറിന്റെയും താവഴിയിൽപ്പെട്ട ഒരു രാജ്യസ്നേഹിയാണു് മഅദനിയെന്നു് പ്രോസിക്യൂട്ടർ ബോധിപ്പിക്കാതിരിക്കില്ല. പി. ഡി. പി. ആക്ടിംഗ് ചെയർമാന്റെ പ്രസ്താവന ഹാജരാക്കുകയുമാകാം.
തീവ്രവാദപരമായ നിലപാടുകൾക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കും പേരുകേട്ടയാളായാണു് മഅദനിയുടെ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമാകുന്നതു്. ആ വർഷം ഡിസംബർ 11-നു് കന്യാകുമാരിയിൽനിന്നു് ആരംഭിച്ച ഡോ. മുരളി മനോഹർ ജോഷി യുടെ ഏകതായാത്ര പാലക്കാട്ടെത്തിയപ്പോൾ വർഗീയ സംഘർഷമുണ്ടായി: പൊലീസ് വെടിവെപ്പിൽ സിറാജുന്നിസ എന്ന ബാലിക കൊല്ലപ്പെട്ടു. സിറാജുന്നിസയുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി സംഘം ചേർന്ന ആക്രമികൾക്കുനേരെ പ്രാണരക്ഷാർത്ഥം വെടിപൊട്ടിച്ചതാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അന്നത്തെ പൊലിസ് സൂപ്രണ്ട് രമൺ ശ്രീവാസ്തവ കരുണാകർജി യുടെ അടുപ്പക്കാരനാകയാൽ അച്ചടക്ക നടപടിയെന്നും ഉണ്ടായില്ല. നടപടി വേണമെന്നു് കുഞ്ഞാലികുട്ടി സാഹിബ് വാശിപിടിച്ചതുമില്ല. സിറാജുന്നിസയുടെ രക്തം മഅദനിയുടെ ആയുധമായി: ആ വാഗ്വിലാസം ലീഗ് നേതാക്കളുടെ ഉറക്കം കെടുത്തി. നിരവധി ചെറുപ്പക്കാർ പ്രത്യേകിച്ചു് തെക്കൻ കേരളത്തിൽ മഅദനിയുടെ ഇസ്ലാമിക സേവക് സംഘിൽ അണിചേർന്നു.
1992 ജൂലൈ 19-നു് തിരുവനന്തപുരത്തിനടുത്തു് പൂന്തുറയിൽ അഞ്ചാളുടെ ഉയിരെടുത്ത ഹിന്ദു-മുസ്ലിം ലഹള നടന്നു. കൊലയിലും കൊള്ളിവെപ്പിലും ഐ. എസ്. എസും ആർ. എസ്. എസും തന്താങ്ങളുടെ പങ്കു് സ്തുത്യർഹമാംവിധം നിറവേറ്റി. അക്രമത്തെ മുസ്ലിംലീഗ് ശക്തമായി അപലപിച്ചു. പി. ഡി. പി.-യിലേക്കുള്ള അണികളുടെ ഒഴുക്കിനെ തടയാൻ കഴിഞ്ഞില്ലതാനും. ആഗസ്റ്റ് 6-ാം തീയതി നടന്ന ബോംബേറിൽ മഅദനിയുടെ ഒരു കാൽ നഷ്ടപ്പെട്ടു അദ്ദേഹത്തിനു രക്തസാക്ഷി പരിവേഷവുമായി.
1992 ഡിസംബർ 6-നു് ബാബരി മസ്ജിദ് തകർക്കപ്പെട്ടു. 10-ാം തീയതി ഐ. എസ്. എസ്. നിരോധിക്കപ്പെടുകയും ചെയ്തു. അന്നുതന്നെ ഐ. എസ്. എസ്. പിരിച്ചുവിട്ടതായി ടെലിഫോണിലൂടെ പ്രഖ്യാപിച്ചു. മഅദനി ഒളിവിൽപ്പോയി. 1993 ഏപ്രിൽ മാസത്തിലാണു് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ആവിർഭാവം സവർണ-ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ ദലിത്-പിന്നാക്ക ന്യൂനപക്ഷ മുന്നണി എന്നതാണു് പി. ഡി. പി.-യുടെ അടിസ്ഥാന പ്രമാണം. ചുളയില്ലാത്ത ചക്കയാണു് പി. ഡി. പി. എന്നു് കുഞ്ഞാലിക്കുട്ടി പുച്ഛിച്ചു. ഇന്ത്യയിലെ മൊത്തം മുസ്ലിംകളെയും രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ മഅദനിക്കു് സ്വന്തം കാലുപോലും സംരക്ഷിക്കാനായില്ല എന്നു് ടി. എച്ച്. മുസ്തഫയുടെ പരിഹാസം.
പള്ളിപൊളിച്ച ബി. ജെ. പി.-ക്കും അതിനു് ഒത്താശ ചെയ്ത കോൺഗ്രസിനുമെതിരെ മഅദനി ആഞ്ഞടിച്ചു. അധികാരത്തിൽ അള്ളിപ്പിടിച്ചിരുന്ന മുസ്ലിംലീഗിനെയും കുഞ്ഞാലിക്കുട്ടിയെയുമായിരുന്നു അതിനിശിതമായി വിമർശിച്ചതു്. ‘മുസ്ലിംലീഗ് മറുപടി പറയണം’ എന്ന മഅദനിയുടെ പ്രസംഗ കാസറ്റ് വിൽപനയിൽ റെക്കോർഡിട്ടു. ഏതാണ്ടു് ഇതേ സമയത്തുതന്നെ ഇബ്രാഹിംസുലൈമാൻ സേട്ടുവും കൂട്ടരും യൂനിയൻ ലീഗ് വിട്ടു് ഇന്ത്യൻ നാഷനൽ ലീഗ് രൂപവത്കരിച്ചു. ഇരു നേതാക്കളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ ഒന്നായിരുന്നെങ്കിലും സേട്ടുവും മഅദനിയും തമ്മിൽ സഖ്യം ഒരിക്കലും ഉണ്ടായില്ല. സുലൈമാൻ സേട്ടുവിനെ നേതാവായി അംഗീകരിക്കാൻ മാത്രം വിശാല മനഃസ്ഥിതി മഅദനിക്കുണ്ടായില്ല.
പരാജയഭീതിമൂലം കരുണാകരൻ രണ്ടുവട്ടം മാറ്റിവച്ച ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പിലാണു് (1993 സെപ്റ്റംബർ) മഅദനിയുടെ വിശ്വരൂപം കണ്ടതു്. മഅദനി ഒറ്റപ്പാലത്തു് താമസിച്ചു് പ്രചാരണം നടത്തി. മറുഭാഗത്തു് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ നേരിട്ടിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. കെ. ബാലകൃഷ്ണൻ ദയനീയമാംവിധം പരാജിതനായി. തൊട്ടുടുത്ത വർഷം നടന്ന ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി. ഡി. പി. സ്വന്തം സ്ഥാനാർഥിയെ നിറുത്തി. പി. ഡി. പി.-ക്കാരൻ പിടിച്ച പതിനയ്യായിരത്തോളം വോട്ടുകൾ നിർണായകമായി; ലീഗ് സ്ഥാനാർഥി പരാജയപ്പെട്ടു. അതിനടുത്ത വർഷം തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പിലും പി. ഡി. പി. കൊണ്ടുപിടിച്ചു് ഉൽസാഹിച്ചുവെങ്കിലും ആന്റണി യെ തോൽപിക്കാനായില്ല.
1995-ലെ പഞ്ചായത്തു തെരഞ്ഞെടുപ്പിലും ലീഗിനു് തിരിച്ചടിയുണ്ടായി. മലപ്പുറം, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി മുനിസിപ്പാലിറ്റികൾ വരെ ഇടതുപക്ഷം നേടി. 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ സീറ്റുകൾ 19-ൽനിന്നു് 14 ആയി കുറഞ്ഞു. മലപ്പുറം ജില്ലക്കു് തെക്കു് പാർട്ടിക്കു് ഒറ്റ സീറ്റും കിട്ടിയില്ല. എന്നാൽ ലീഗിന്റെ മുസ്ലിം വോട്ടുബാങ്ക് തകർക്കാൻ മഅദനിക്കു കഴിഞ്ഞില്ല. ഒറ്റക്കു് മൽസരിച്ച പി. ഡി. പി. പച്ചതൊട്ടില്ല. സംസ്ഥാനത്തുടനീളം പാർട്ടി സ്ഥാനാർഥികൾ ജാമ്യസംഖ്യ പൊതുഖജനാവിലേക്കു് മുതൽകൂട്ടി.
പി. ഡി. പി.-യുടെ പരാജയകാരണങ്ങൾ പലതാണു് ഒന്നാമതു് മഅദനിയല്ലാതെ ജനപിന്തുണയുള്ള ഒരു നേതാവും പാർട്ടിയിൽ ഉണ്ടായിരുന്നില്ല. ഐ. എസ്സ്. എസിൽ ഒരുമിച്ചുണ്ടായിരുന്ന പന്തളം അബ്ദുൽ മജീദോ ജിഫ്രി തങ്ങളോ പി. ഡി. പി.-യിൽ ചേർന്നില്ല. ഏതാനും നേതൃപദമോഹികൾ പാർട്ടിയുടെ ആവിർഭാവകാലത്തു് മഅദനിയെ ചുറ്റിപ്പറ്റി നടന്നിരുന്നെങ്കിലും അചിരേണ അവരും വിട്ടുപിരിഞ്ഞുപോയി. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു് സംസ്ഥാനത്തുടനീളം സഞ്ചരിച്ചു് പ്രചാരണം നടത്തുക അസാധ്യമാകയാൽ ഉപതെരഞ്ഞെടുപ്പുകളിലെ ‘മഅദനി മാജിക് ’ പൊതുതെരഞ്ഞെടുപ്പിൽ ആവർത്തിക്കാനും പ്രയാസം. രണ്ടു മുന്നണികൾ തമ്മിൽ നേർക്കുനേർ നടക്കുന്ന യുദ്ധമാണു് നിയമസഭാ തെരഞ്ഞെടുപ്പു്. ഒരു മുന്നണിയിലുമില്ലാത്ത ചെറുപാർട്ടികൾക്കു് വോട്ടുകൊടുക്കാൻ ജനം തയാറാകുകയില്ല. തെരഞ്ഞെടുപ്പു് അടുത്ത വേളയിൽ ഐക്യജനാധിപത്യമുന്നണിയുമായി വിലപേശൽ നടത്തിയതു് പി. ഡി. പി.-യുടെ വിശ്വാസ്യതയെ ബാധിച്ചു. സംഘടനാപരമായ ദൗർബല്യങ്ങളും പണത്തിന്റെ ദൗർലഭ്യവും കൂടിയായപ്പോൾ പി. ഡി. പി.-യുടെ പതനം ദയനീയമായി.
തെരഞ്ഞെടുപ്പിനുശേഷവും മുസ്ലിംലീഗിനെ പൊതുവിലും കുഞ്ഞാലികുട്ടി യെ പ്രത്യേകിച്ചും എതിർക്കുകയായിരുന്നു മഅദനി. പെൺകേസിൽ കുഞ്ഞാലിക്കുട്ടി ഉടനെ ജയിലിലാകുമെന്നു് പ്രസംഗിച്ചു് വിലസുമ്പോഴാണു് പ്രസംഗ കേസിൽ മഅദനി ജയിലിലടയ്ക്കപ്പെടുന്നതു്.
അറുപതാൾ മരിക്കുകയും 200-ലേറെ പേർക്കു് പരിക്കേൽക്കുകയും ചെയ്ത 1998 ഫെബ്രുവരി 14-ലെ കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെടുത്തിയാണു് മഅദനി അറസ്റ്റ്ചെയ്യപ്പെട്ടതു്. 1998 മാർച്ച് 31-നാണു് അറസ്റ്റുണ്ടായതു് 1996 മാർച്ചിൽ കോഴിക്കോടു് മാനാഞ്ചിറ മൈതാനത്തു് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നു് ആരോപിച്ചാണു് കേരള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതു്. കണ്ണൂർ ജയിലിലേക്കു് റിമാന്റ് ചെയ്യപ്പെട്ട മഅദനിയെ അവിടെനിന്നു് തമിഴ്‌നാട് പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
മഅദനിയുടെ അറസ്റ്റിനെയോ തടങ്കലിനെയോ പറ്റി അന്നു് വലിയ പ്രതിഷേധമൊന്നുമുണ്ടായില്ല. മഅദനിക്കു് അറംപറ്റിതാണെന്നു് ക്രൂരമായ സംതൃപ്തിയോടെ ചന്ദ്രിക അഭിപ്രായപ്പെട്ടു. ജയലളിത യുടെ ഔദാര്യത്തിൽ വാജ്പേയി ഭരിക്കുന്ന കാലമായിരുന്നു അതു്. തീവ്രവാദത്തെ തടയുന്നതിൽ പരാജയപ്പെട്ടു. തമിഴ്‌നാട് സർക്കാറിനെ പിരിച്ചുവിടണം എന്നായിരുന്നു തലൈവിയുടെ ഡിമാന്റ്. പിരിച്ചുവിടൽ ഭീഷണി തടയാനായി കരുണാനിധി സ്ഫോടനക്കേസ് പ്രതികൾക്കെതിരെ ദേശരക്ഷാ നിയമം പ്രയോഗിച്ചു. ജയലളിത പാലംവലിച്ചു് മന്ത്രിസഭ തകർന്നപ്പോൾ ഡി. എം. കെ., ബി. ജെ. പി. പാളയത്തിൽ ചേക്കേറി. കേന്ദ്രത്തെ സന്തോഷിപ്പിക്കാൻ കലൈഞ്ജർ കണ്ട മാർഗങ്ങളിലൊന്നു് മഅദനിയുടെ ജയിൽവാസം ഉറപ്പാക്കുകയായിരുന്നു. വിചാരണകോടതിയിലും മേൽക്കോടതികളിലും മഅദനി നൽകിയ ജാമ്യഹർജികൾ നിഷ്ക്കരുണം നിരാകരിക്കപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി. ഡി. പി. പ്രവർത്തകർ അരയും തലയും മുറുക്കി ഐക്യജനാധിപത്യമുന്നണിക്കുവേണ്ടി രംഗത്തിറങ്ങി. മഅദനിയെ തമിഴ്‌നാട് പൊലിസിനു് പിടിച്ചുകൊടുത്തതു് നായനാരാ ണെന്നതാണു് പുറമേക്കുപറഞ്ഞ കാരണം. നാദാപുരത്ത് ഒരു മുസ്ലിം സ്ത്രീ ബലാൽസംഗത്തിനിരയായതു് മാർക്സിസ്റ്റുകാരുടെ ന്യൂനപക്ഷ വിരോധത്തിനുദാഹരണമാക്കി അവർ പാടിനടന്നു. പ്രത്യുപകാരമായി മുസ്ലിംലിഗിനു് നീക്കിവെച്ച കഴക്കൂട്ടം സീറ്റ് പി. ഡി. പി.-ക്കു സമ്മതനായ സ്വതന്ത്രനു് നൽകി. അഡ്വ. എം. അൽതാഫ് സ്ഥാനാർഥിയായി വന്നപ്പോഴേക്കും കോൺഗ്രസുകാർ ഒന്നടങ്കം വിമത സ്ഥാനാർഥി എം. എ. വാഹിദി നെ പിന്താങ്ങി. നാമനിർദേശപത്രിക സമർപ്പിക്കാതെ അൽതാഫ് പിൻവാങ്ങി പതിനൊന്നാം മണിക്കൂറിൽ മുഹമ്മദലി നിഷാദ് എന്ന ചെറുപ്പക്കാരനെ സ്വതന്ത്രവേഷം കെട്ടിച്ചു് രംഗത്തിറക്കി. വോട്ടെണ്ണിത്തീർന്നപ്പോൾ വാഹിദ് വിജയിയായി; നിഷാദിനു് ജാമ്യസംഖ്യം നഷ്ടം.
ഐക്യജനാധിപത്യ മുന്നണി കേരളത്തിലും കോൺഗ്രസിന്റെ സഖ്യകക്ഷിയായ അണ്ണാ ഡി. എം. കെ. തമിഴ്‌നാട്ടിലും അധികാരത്തിലെത്തിയതോടെ ഉസ്താദിന്റെ മോചനം ഉടനുണ്ടാകുമെന്നു് പി. ഡി. പി.-ക്കാർ പ്രതീക്ഷിച്ചു. ഉമ്മൻചാണ്ടി യും സുധീരനു മൊക്കെ സേലം ജയിലിലെത്തി മഅദനിയെ കണ്ടു് കുശലപ്രശ്നം നടത്തുകയും ചെയ്തു. മഅദനിയെ തുറന്നുവിടണമെന്നു് ആദർശധീരൻ എങ്ങനെ പറയും? ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കാനായി ചരിത്രഗവേഷണ കൗൺസിൽ പിരിച്ചുവിടുകയും വള്ളിക്കാവിലമ്മയെ പ്രണമിക്കയും ചെയ്യുന്ന കേരള മുഖ്യൻ ഒരു ക്രിമിനൽ കേസ് പ്രതിക്കുവേണ്ടി ശിപാർശ നടത്തുകയോ? ഒരിക്കലുമില്ല.
ഇനി, ആന്റണി പറഞ്ഞാൽ തലൈവി ഗൗനിക്കുമോ? അതുമില്ല. ബി. ജെ. പി.-യെ പിണക്കാതെ നോക്കാനാണു് ജയലളിത യും ശ്രമിക്കുന്നതു്. കോൺഗ്രസുമായുള്ള ബാന്ധവം അവസാനിക്കുകയും ചെയ്തിരിക്കുന്നു.
പി. ഡി. പി.-ക്കാർക്കു് ആകെ ചെയ്യാവുന്നതു് നല്ല വക്കീലന്മാരെ ഏർപ്പാടാക്കി കേസു നടത്തുകയാണു്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ എറിഞ്ഞു തകർക്കുന്നതുകൊണ്ടു് ശത്രുക്കളുടെ എണ്ണം വർധിപ്പിക്കാമെന്നല്ലാതെ ഫലമൊന്നുമില്ല. പി. ഡി. പി. നടത്തുന്ന അക്രമത്തിന്റെ ഗുണഭോക്താക്കൾ പ്രത്യക്ഷത്തിൽ ബി. ജെ. പി.-യും പരോക്ഷമായി ഇടതുമുന്നണിയും ആയിരിക്കും. ഹിന്ദുവോട്ടുകൾ ബി. ജെ. പി. പിടിക്കും ബി. ജെ. പി.-യുടെ വോട്ട് താമരയിൽത്തന്നെ കുത്തിയാൽ ഇടതുമുന്നണി ഭരിക്കും. 1987-ലെയും 96-ലെയും തെരഞ്ഞെടുപ്പുകൾ ഇക്കാര്യം അസന്ദിഗ്ദ്ധമായി തെളിയിച്ചാതാണു്. വികലാംഗനും രോഗിയുമായ നേതാവിന്റെ മോചനമാണു് ആഗ്രഹിക്കുന്നതെങ്കിൽ അക്രമമാർഗം വെടിയുകയാണു് പി. ഡി. പി.-ക്കാർ ചെയ്യേണ്ടതു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.