images/The_stolen_ring.jpg
The stolen ring, a painting by Anonymous author .
മഹാരാഷ്ട്ര: മണിമുഴങ്ങുന്നതാർക്കുവേണ്ടി?
കെ. രാജേശ്വരി
images/Sushilkumar_Shinde.jpg
സുശീൽ കുമാർ ഷിൻഡേ

ഡോ. ബി. ആർ. അംബേദ്കറു ടെ കണ്ണടഞ്ഞു് 46 കൊല്ലത്തിനുശേഷം അദ്ദേഹത്തിന്റെ മാതൃ സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇതാദ്യമായി ഒരു ദലിതൻ മുഖ്യമന്ത്രിപദത്തിലെത്തിയിരിക്കുന്നു—61 കാരനായ കോൺഗ്രസ് നേതാവു് സുശീൽ കുമാർ ഷിൻഡേ. ദീർഘകാലം സംസ്ഥാന മന്ത്രിയായും പാർലമെന്റംഗമായും പ്രവർത്തിച്ചു കഴിവു് തെളിയിച്ചയാളാണു് അദ്ദേഹം. ഇക്കഴിഞ്ഞ ആഗസ്റ്റിൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയും.

images/M_V_Raghavan.jpg
എം. വി. രാഘവൻ

ഏറക്കുറെ ആകസ്മികമായിരുന്നു വിലാസ്റാവു ദേശ്മുഖി ന്റെ പതനം. പെട്ടെന്നൊരു ദിവസം ദൽഹിക്കു് വിളിച്ചുവരുത്തി മദാം സോണിയ രാജി ആവശ്യപ്പെടുകയായിരുന്നു. എം. എൽ. എ.-മാരുടെ തലയെണ്ണലോ തലപുകഞ്ഞ കൂടിയാലോചനകളോ ഉണ്ടായില്ല. കോൺഗ്രസല്ലേ പാർട്ടി? തിരുവായ്ക്കെതിർവാക്കില്ല.

images/Vilasrao_deshmukh.jpg
വിലാസ്റാവു ദേശ്മുഖ്

കാരണം ചോദിക്കാതെയും പറയാതെയും ഒരു മുഖ്യമന്ത്രിയെ കെട്ടുകെട്ടിക്കാൻ മാത്രം കമാൻഡിംഗ് പവറൊക്കെ ഇപ്പൊഴും കോൺഗ്രസ് ഹൈക്കമാൻഡിനുണ്ടെന്നു് വ്യക്തം. ഇന്ദിരാജി യുടെ കാലത്തൊക്കെ എന്തായിരുന്നു കമാൻഡ്? 1978 ഡിസംബറിനും 1983 ജനുവരിക്കുമിടക്കു് മുഖ്യമന്ത്രിമാർ നാലു പേരാണു് ആന്ധ്രയിൽ ഭരണം നടത്തിയതു്—സർവശ്രീ എം. ചെന്നറെഡ്ഡി, ഭവനം വെങ്കിട്ടറാം, ടി. അഞ്ജയ്യ, കെ. വിജയഭാസ്കര റെഡ്ഡി. ശക്തനും ഇന്ദിരയുടെ അടുപ്പക്കാരനുമായിരുന്നിട്ടും ഒരു വർഷത്തിലധികം പിടിച്ചുനിൽക്കാനായില്ല ചെന്ന റെഡ്ഡി ക്കു്. ദുർബലനും അപ്രാപ്തനുമായ വെങ്കിട്ട റാമി ന്റെ കാര്യം പറയാനുമില്ല. ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽ രാജീവ് ഗാന്ധി ക്കു് രാജകീയ സ്വീകരണം ഒരുക്കിയതാണു് അജ്ഞയ്യ യുടെ കസേര തെറിക്കാൻ കാരണം. സ്വീകരണച്ചടങ്ങിലെ ധൂർത്തും ധാരാളിത്തവും കണ്ടു് രാജീവ് പൊട്ടിത്തെറിച്ചു. ബഹുജനമധ്യത്തിൽ അവഹേളിതനായ അഞ്ജയ്യ പൊട്ടിക്കരഞ്ഞു. വൈകാതെ ഇന്ദിരാജി മുഖ്യന്റെ ചീട്ടു കീറി, വിജയഭാസ്കര റെഡ്ഡി സ്ഥാനമേറ്റു. അഞ്ജയ്യയുടെ കണ്ണീരായിരുന്നു എൻ. ടി. രാമറാവു വിന്റെ ഏറ്റവും വലിയ ആയുധം. ഒരേ പടത്തിൽ കർണനായും അർജുനനായും ശ്രീകൃഷ്ണനായും ദുര്യോധനനായും അഭിനയിച്ചു് ചരിത്രം സൃഷ്ടിച്ച രാമറാവു തെലുഗു ഗൗരവത്തെ കുറിച്ചു് വാചാലനായി. ഫലം 1977-ലെ ജനതാ തരംഗത്തിലും കോൺഗ്രസിനൊപ്പം നിന്ന ആന്ധ്ര 1983-ൽ പാർട്ടിയെ കൈവിട്ടു.

images/Rajinder_Kaur_Bhattal.jpg
രജീന്ദർ കൗർ ഭട്ടൽ

അധികാരത്തിലേറി കൊല്ലം മൂന്നു കഴിഞ്ഞിട്ടും ഭരണത്തെപ്പറ്റി ജനമധ്യത്തിൽ മതിപ്പുളവാക്കാൻ കഴിഞ്ഞില്ല എന്നതാണു് ദേശ്മുഖിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. കഷ്ടിച്ചൊരു ദിഗ്വിജയ സിംഗ ല്ലാതെ മതിപ്പുളവാക്കിയ മറ്റൊരു കോൺഗ്രസ് മുഖ്യനെ കാണിച്ചു തരാമോ? വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയും തുടക്കത്തിൽ നല്ല പേരു് കേൾപ്പിക്കുകയും ചെയ്ത എസ്. എം. കൃഷ്ണ യുടെ ഇപ്പോഴത്തെ സ്ഥിതി എന്താണു്? പതിനാലാം രാവു് കഴിഞ്ഞ നിലാവുപോലെ കൃഷ്ണയുടെ ജനസമ്മിതി കുറഞ്ഞുകൊണ്ടേയിരിക്കുന്നു. എ. കെ. ആന്റണി യുടെ കാര്യം പറയാതിരിക്കുന്നതാണു് ഭേദം.

images/MChannaReddy.jpg
എം. ചെന്നറെഡ്ഡി

അശോക് ഗെഹ്ലോട്ടി നും ഷീലാ ദീക്ഷിതി നുമില്ലാത്ത ഒരു പരാധീനതകൂടിയുണ്ടു് ദേശ്മുഖിനു്. അദ്ദേഹത്തിന്റേതു് കൂട്ടുമന്ത്രിസഭയാണു്. അതു് തെരഞ്ഞെടുപ്പിനു് ശേഷം തട്ടിക്കൂട്ടിയ മുന്നണിയുമാണു്. സോണിയാ ഗാന്ധി യുടെ നിതാന്ത വിമർശകൻ ശരത് പവാറി ന്റെ എൻ. സി. പി.-യാണു് മുഖ്യ സഖ്യകക്ഷി. പിന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവിധ ഗ്രൂപ്പുകൾ, ഇടതു-വലതു കമ്യൂണിസ്റ്റു പാർട്ടികൾ. ഏതാനും കക്ഷിരഹിതരും. ഭൂരിപക്ഷം അതീവ ലോലമാണു്. മന്ത്രിസഭ ഈയിടെ ഒരു വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചതേയുള്ളൂതാനും. പരമാവധി വിട്ടുവീഴ്ച ചെയ്താണു് ദിവസങ്ങൾ തള്ളിനീക്കിയിരുന്നതു്.

images/B_S_Koshyari.jpg
ഭഗത് സിംഗ് കോഷിയാരി

പെരിക്ലീസൊന്നുമല്ലെങ്കിലും ഒരു ഭരണാധികാരിയെന്ന നിലക്കു് മറ്റു പലരേക്കാളും ഭേദമായിരുന്നു ദേശ്മുഖ്. വർഗീയ ലഹളകൾക്കും സവർണ-ദലിത് സംഘർഷങ്ങൾക്കും കുപ്രസിദ്ധി നേടിയ മഹാരാഷ്ട്രയിൽ ക്രമസമാധാനം സംരക്ഷിക്കാൻ ദേശ്മുഖിനു് സാധിച്ചു. ഗുജറാത്തിലെ കലാപത്തീ ബാൽതാക്കറെ യെ പോലുള്ള ഉൽപ്രേരകങ്ങളുണ്ടായിട്ടുകൂടി മഹാരാഷ്ട്രയിലേക്കു് പടരാതെ നോക്കി, വൻതോതിലുള്ള ഭീകരാക്രമണങ്ങളും ഉണ്ടായില്ല.

images/Sharad_Pawar.jpg
ശരത് പവാർ

ഗുജറാത്തിൽ ഹിന്ദുത്വ ശക്തികൾക്കുണ്ടായ തകർപ്പൻ വിജയമാണു് ഹൈക്കമാൻഡിന്റെ കണ്ണു തുറപ്പിച്ചതു്. ഇക്കഴിഞ്ഞ ദിവസം ശിവജി പാർക്കിൽ നരേന്ദ്രമോഡി യുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയ ആൾക്കൂട്ടം കേന്ദ്ര നേതൃത്വത്തെ അതിശയിപ്പിച്ചു. ഗുജറാത്തിൽ പട്ടികജാതി-വർഗ വോട്ടർമാർ ഗണ്യമായി ബി. ജെ. പി.-ക്കു് വോട്ടു കുത്തിയതും മഹാരാഷ്ട്രയിലെ നേതൃമാറ്റത്തിനു് കാരണമായിരിക്കാം. ഒരു പട്ടികജാതിക്കാരനെ മുഖ്യമന്ത്രിയാക്കി ഹിന്ദുത്വത്തിനു് തടയിടാമെന്നു് ബുദ്ധിയുപദേശിച്ചതാരാണാവോ? ദേശ്മുഖിനെ മാറ്റിയതോടെ പ്രബലമായ മറാത്താലോബി കോൺഗ്രസിനെതിരായിരിക്കുന്നു.

images/Digvijaya_Singh.jpg
ദിഗ്വിജയ സിംഗ്

നേതൃമാറ്റം സാമുദായിക വികാരത്തെ എപ്രകാരം സ്വാധീനിക്കുമെന്നു് കേരളം തെളിയിച്ചതാണല്ലോ. കരുണാകരനെ പറഞ്ഞുവിടണമെന്നു് ശഠിച്ചവർ കോൺഗ്രസിലെ ആന്റണി വിഭാഗം, മുസ്ലീംലീഗ്, കേരള കോൺഗ്രസ് ഗ്രൂപ്പുകൾ-എല്ലാം അഹിന്ദുക്കൾ. മറിച്ചു്, യാതൊരു കാരണവശാലും കാരണവരെ മാറ്റരുതെന്നു് വാശിപിടിച്ചതു് എൻ. എസ്. എസും എം. വി. രാഘവനും. കോൺഗ്രസിലെ നേതൃമാറ്റം നായർക്കെതിരായ ക്രിസ്ത്യൻ-മുസ്ലീം ഉപജാപ ഫലമാണെന്നു് കരയോഗക്കാർ വ്യാഖ്യാനിച്ചു. ആന്റണി യാണെങ്കിൽ സംവരണ സംരക്ഷണ നിയമമുണ്ടാക്കി ഈഴവരെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും ഏറ്റില്ല. അതോടെ നായന്മാർ മൊത്തം എതിരായി. മന്നം സമാധിയിൽ ചെരിപ്പിട്ടു് കയറിയെന്നതൊക്കെ പുറമേക്കു് പറഞ്ഞ കാരണം മാത്രം. ലീഡറെ അപമാനിച്ചു പറഞ്ഞയച്ചു എന്ന തോന്നലാണു് തിരുവിതാംകൂർ ഭാഗത്തു് ഐക്യമുന്നണിക്കെതിരെ തിരിയാൻ നായന്മാരെ പ്രേരിപ്പിച്ചതു്.

images/Harcharan_Singh_Brar.png
ഹർചരൺ സിംഗ് ബ്രാർ

മഹാരാഷ്ട്ര നിയമസഭയിലേക്കു് തെരഞ്ഞെടുപ്പു് നടക്കാൻ ഇനി ഒന്നേമുക്കാൽ വർഷം ബാക്കിയുണ്ടു്. അത്രയും സമയത്തിനകം പാർട്ടിയുടെയും മന്ത്രിസഭയുടെയും വിശ്വാസ്യത വീണ്ടെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണു് ഷിൻഡേ ക്കുള്ളതു്. ബാബരി മസ്ജിദ് തകർച്ചക്കു ശേഷം 1992 ഡിസംബറിൽ നടന്ന ലഹള തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണു് 1993 ഫെബ്രുവരി 22-നു് മുഖ്യമന്ത്രി സുധാകർ റാവു നായ്കി നെ മാറ്റിയതു്. തൽസ്ഥാനമേറ്റതു് ഭരണപടുവും തന്ത്രശാലിയുമായ ശരത്പവാർ. പവാർ വലതുകാൽവെച്ചു കയറിയതിന്റെ ആറാം ദിവസം മുംബൈ സ്ഫോടനം, അതിനടുത്ത വർഷം വിധാൻ സൗധത്തിനു് മുന്നിൽ ആദിവാസി കൂട്ടക്കൊല. പരിണതഫലം—1995 മാർച്ച് ആദ്യ വാരം നടന്ന തെരഞ്ഞെടുപ്പിൽ ശിവസേനാ-ബി. ജെ. പി. സഖ്യം അധികാരത്തിലേറി.

images/Ajit_Jogi.png
അജിത് ജോഗി

ചിലപ്പോൾ പതിനൊന്നാം മണിക്കൂറിലാകും നേതൃമാറ്റത്തിന്റെ ആവശ്യകത ഹൈക്കമാഡിനു് ബോധ്യപ്പെടുക. 1995 സെപ്റ്റംബർ 1-നു് ബിയാന്ത്സിംഗ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടപ്പോൾ ഹർചരൺ സിംഗ് ബ്രാറി നാണു് പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ യോഗമുണ്ടായതു്. അഭിപ്രായ വോട്ടെടുപ്പുകൾ കോൺഗ്രസിന്റെ പരാജയം സുനിശ്ചിതം എന്നു് സൂചിപ്പിച്ച ശേഷമാണു് ഹൈക്കമാൻഡ് ഞെട്ടിയുണർന്നതു്. സീതാറാം കേസരി യാണു് അക്കാലത്തു് കോൺഗ്രസ് പ്രസിഡന്റ്. 1996 നവംബർ 20-നു് ബ്രാർ രാജി കൊടുത്തു; 27-നു് രജീന്ദർ കൗർ ഭട്ടൽ സത്യവാചകം ചൊല്ലി—പഞ്ചാബിലെ പ്രഥമ വനിതാ മുഖ്യമന്ത്രി. 1997 ഫെബ്രുവരി ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. സീറ്റുകൾ 87-ൽ നിന്നു് 14 ആയി കുറഞ്ഞു.

images/J_B_Pattnaik.jpg
ജെ. ബി. പട്നായ്ക്

കോൺഗ്രസ് രജീന്ദർ കൗറിനോടു് ചെയ്ത ചതിയാണു് ബി. ജെ. പി. സുഷമാ സ്വരാജി നോടു് ആവർത്തിച്ചതു്. മദൻ ലാൽ ഖുറാന കുറ്റവിമുക്തനായ ശേഷവും സ്ഥാനമൊഴിയാൻ വർമ കൂട്ടാക്കിയില്ല. ഖുറാനക്കു് പിന്നിൽ പഞ്ചാബികളും വർമയോടൊപ്പം ജാട്ടുകളും അണിനിരന്നു. അതിനിടെ, നിത്യോപയോഗ സാധനങ്ങൾക്കു് വില കൂടി. സവാള കിലോഗ്രാമിനു് 75 രൂപ വരെയെത്തി. തെരഞ്ഞെടുപ്പിനു് ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ കേന്ദ്രം ഇടപെട്ടു് വർമയെക്കൊണ്ടു രാജിവെപ്പിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സുഷമ ക്കു് ദൽഹി മുഖ്യയാകാൻ താൽപര്യം പോരായിരുന്നു. എങ്കിലും അദ്വാനി നിർബന്ധിച്ചു് സ്ഥാനമേൽപിച്ചു. 1998 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സുഷമ കഷ്ടിച്ചു ജയിച്ചു. പാർട്ടി നിലംപരിശായി.

images/Giridhar-Gamang.jpg
ഗിരിധർഗമാങ്

ഉത്തർപ്രദേശിൽ രാംപ്രകാശ് ഗുപ്ത ക്കു് പകരം രാജ്നാഥ് സിംഗി നെ മുഖ്യമന്ത്രിയാക്കിയതും ഉത്തരാഞ്ചലിൽ നിത്യാനന്ദ സ്വാമിയെ മാറ്റി ഭഗത് സിംഗ് കോഷിയാരി യെ കൊണ്ടുവന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു തന്നെ. രണ്ടും ചീറ്റിപ്പോയി. എന്നാൽ, മൂന്നാമത്തെ ശ്രമം വമ്പിച്ച വിജയത്തിൽ കലാശിച്ചു—ഗുജറാത്തിൽ കേശുഭായ് പട്ടേലി ന്റെ സ്ഥാനത്തു് ഛോട്ടാ സർദാർ നരേന്ദ്ര മോഡി യെ വാഴിച്ചതു്. മോഡിത്വം വിജയത്തിന്റെ പര്യായമായി മാറി.

images/Hemananda-Biswal.jpg
ഹേമാനന്ദ് ബിസ്വാൾ

തെരഞ്ഞെടുപ്പു് ലാക്കാക്കി രംഗത്തുകൊണ്ടുവന്ന മുഖ്യമന്ത്രിയെ വോട്ടെടുപ്പിനു് മൂന്നു മാസം മുമ്പു് മാറ്റേണ്ട ഗതികേടും കോൺഗ്രസിനുണ്ടായിട്ടുണ്ടു്. 1995 ജനുവരിയിൽ വൻ ഭൂരിപക്ഷത്തോടെ ഒറീസയിൽ അധികാരം പിടിക്കുമ്പോൾ ജെ. ബി. പട്നായ്ക് ആയിരുന്നു അമരക്കാരൻ. 1998 ഫെബ്രുവരിയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായപ്പോൾ പടനായകന്റെ കസേരയിളകി. പിന്നാലെ അഴിമതിയാരോപണങ്ങൾ, ലൈംഗികാപവാദങ്ങൾ. ഗ്രഹാം സ്റ്റെയിൻസ് എന്ന മിഷനറിയെയും കുട്ടികളെയും ജീവനോടെ ചുട്ട സംഭവത്തിനു് തൊട്ടുപിന്നാലെ 1999 ഫെബ്രുവരി ആദ്യം പടനായ്ക് അധികാര ഭ്രഷ്ടനായി. പകരക്കാരനായി വന്നതു് ഗിരിധർഗമാങ്. പട്ടികവർഗക്കാരനായ ഗമാങ്ങിനെ മുൻനിറുത്തി ബി. ജെ. പി.-യുടെ ആദിവാസി വോട്ടുബാങ്ക് തകർക്കാനാണു് സോണിയ ഉദ്ദേശിച്ചതു്. 1999 സെപ്റ്റംബർ–ഒക്ടോബറിലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് തറപറ്റി. ഒക്ടോബർ അവസാനം വീശിയ ചുഴലിക്കൊടുങ്കാറ്റു് ഗമാങ്ങി ന്റെയും കടപുഴക്കി. നവംബറിൽ ഗമാങ്ങിനെ മാറ്റി ഹേമാനന്ദ് ബിസ്വാൾ മുഖ്യനായി. അതും ഫലിച്ചില്ല. 2000 മാർച്ച് ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ബി. ജെ. ഡി.-ബി. ജെ. പി. സഖ്യം അധികാരം പിടിച്ചു.

images/NTRamaRao.jpg
എൻ. ടി. രാമറാവു

ദേശ്മുഖി നെ മാറ്റിയതു് ദൽഹി, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലൊക്കെ വിമതർക്കു് ആവേശം പകർന്നിരിക്കുന്നു. കർണാടകത്തിൽ കൃഷ്ണക്കെതിരെ ജാഫർ ഷെരീഫ് പരസ്യമായി രംഗത്തു വന്നിട്ടുണ്ടു്. ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടി ന്റെ നില പരുങ്ങലിലാക്കിയിരിക്കുന്നു. സോണിയ യോടുള്ള അടുപ്പം കൊണ്ടുമാത്രമാണു് ഷീലാ ദീക്ഷിത് ദൽഹി മുഖ്യയായി തുടരുന്നതു്. മധ്യപ്രദേശിൽ അജിത് ജോഗി യും മധ്യപ്രദേശിൽ ദ്വിഗ്വിജയ്സിംഗും താരതമ്യേന സുരക്ഷിതമായ സ്ഥിതിയിലാണു്. 2003 ഒക്ടോബറിനു് മുമ്പു് ഇരുവർക്കും സ്ഥാനചലനം ഭയപ്പെടേണ്ടതില്ല.

images/Vasantdada_Patil.jpg
വസന്ത് ദാദാ പാട്ടീൽ

മഹാരാഷ്ട്രത്തിലെ നേതൃമാറ്റം കരുണാകരനു് ആവേശം പകരുന്നതാണു്. ഇതിനകം തന്നെ സമ്പൂർണ്ണ പരാജയമെന്നു് തെളിഞ്ഞ ആന്റണി യെ മാറ്റി ചെറുപ്പക്കാരനും ഗ്രൂപ്പ് ചിന്തകൾക്കു് അതീതനുമായ കെ. പി. സി. സി. പ്രസിഡന്റിനെ തൽസ്ഥാനത്തു് അവരോധിക്കണമെന്നു് കാരണവർക്കു് ന്യായമായും ആവശ്യപ്പെടാം.

images/Narayan_Rane.jpg
നാരായണൻ റാണെ

മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിനു് മുമ്പുതന്നെ തോൽവി സമ്മതിച്ച അവസ്ഥയിലാണു് കോൺഗ്രസ്. മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ കഴിഞ്ഞ മൂന്നേകാൽ വർഷത്തെ ഭരണം പരാജയമായിരുന്നു എന്നു് പാർട്ടി അംഗീകരിച്ചിരിക്കുന്നു. നഷ്ടപ്പെട്ട ബഹുജനാടിത്തറ വീണ്ടെടുക്കാൻ പോന്ന വൈഭവമൊന്നും പാവം ഷിൻഡേ ക്കില്ല. ആയകാലത്തു് വസന്ത് ദാദാ പാട്ടീലി നും ശരത്പവാറി നും കഴിയാത്ത കാര്യമാണു് ഷിൻഡേയിൽ നിന്നു് ഹൈക്കമാൻഡ് പ്രതീക്ഷിക്കുന്നതു്. ഇപ്പോഴത്തെ നിലക്കു് സേന-ബി. ജെ. പി. സഖ്യത്തിനു് അനുകൂലമാണു് സ്ഥിതിഗതികൾ. നാരായണൻ റാണെ ആകുമോ അതോ ഗോപിനാഥ് മുണ്ടേ ആയിരിക്കുമോ അടുത്ത മഹാരാഷ്ട്രാ മുഖ്യൻ? കാത്തിരുന്നു കാണുക.

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Maharashtra: Manimuzhangunnathaarkkuvendi? (ml: മഹാരാഷ്ട്ര: മണിമുഴങ്ങുന്നതാർക്കുവേണ്ടി?).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Maharashtra: Manimuzhangunnathaarkkuvendi?, കെ. രാജേശ്വരി, മഹാരാഷ്ട്ര: മണിമുഴങ്ങുന്നതാർക്കുവേണ്ടി?, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 24, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The stolen ring, a painting by Anonymous author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.