ഭാഗ്യജാതകം എന്നൊന്നുണ്ടെങ്കിൽ അതു് നമ്മുടെ മാണിസാറിന്റേതാണു്. പതിനൊന്നുവട്ടം അദ്ദേഹം പാലായിൽ മൽസരിച്ചു. എല്ലാത്തവണയും വിജയിച്ചു. പല പ്രാവശ്യം മന്ത്രിയായി. ആഭ്യന്തരം, ധനകാര്യം, ജലസേചനം, നിയമം, റവന്യൂ വകുപ്പുകൾ കൈയാളി. പ്രഗല്ഭനായ സാമാജികൻ, സമർഥനായ ഭരണാധികാരി, മഹാനായ ജനനേതാവു്, അദ്ധ്വാനവർഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവു്.
തിരിച്ചടികൾ ഉണ്ടായിട്ടില്ലെന്നല്ല—1977-ൽ ഹൈക്കോടതി മാണി യുടെ തെരഞ്ഞെടുപ്പു് റദ്ദാക്കി, അതിനടുത്ത വർഷം കേസ് ജയിച്ചു് അധികാരത്തിൽ മടങ്ങിയെത്തിയപ്പോഴേക്കും പി. ജെ. ജോസഫ് പാർട്ടി പിളർത്തി, പിന്നീടു് ടി. എം. ജേക്കബും പി. എം. മാത്യുവും പിന്നിൽനിന്നു് കുത്തി. പക്ഷേ, എല്ലാ പ്രതിസന്ധികളെയും മാണിസാർ അതിജീവിച്ചു. കർത്താവിന്റെ കാരുണ്യം, മെത്രാന്മാരുടെ അനുഗ്രഹം.
മുഖ്യമന്ത്രിപദം മാത്രം മരീചീകയായി. കഴിവും പ്രാപ്തിയും ഇല്ലാഞ്ഞിട്ടല്ല. ജനപിന്തുണ പോരാഞ്ഞതുമല്ല. പണം പ്രശ്നമേയല്ല. കത്തോലിക്കാ തിരുസഭയുടെ പരിപൂർണ പിന്തുണയുണ്ടു്. കരുണാകരനോ ളം കൗശലക്കാരനുമാണു്. കിം ഫലം? 1979-ൽ കസേരയുടെ തൊട്ടരികിൽ എത്തിയതാണു്. കപ്പിനും ചുണ്ടിനുമിടക്കു് അതു് തട്ടിപ്പോയി. 1990-ാമാണ്ടിൽ കേന്ദ്രമന്ത്രിയാവാൻ ദൽഹിയിൽ ചെന്നപ്പോഴുമുണ്ടായി അതേ ദുരനുഭവം. പിന്നെ ഉള്ളതുകൊണ്ടു് തൃപ്തിപ്പെട്ടു. പിതാവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ തിരുഹിതം നിറവേറട്ടെ.
ആറു സന്തതികളാണു് മാണി-കുട്ടിയമ്മ ദമ്പതികൾക്കു്. അഞ്ചു പെണ്ണും ഒരാണും. പെൺമക്കളെ എല്ലാവരെയും നല്ല നിലയിൽ കെട്ടിച്ചു. വിത്തിനും നെല്ലിനും കൂടി ആകെയുള്ള മകനെ കൊള്ളാവുന്ന സ്ഥിതിയിലെത്തിക്കണമെന്നു് ഏതു് അപ്പനാണു് ആഗ്രഹിക്കാത്തതു്? തന്റെ കാലശേഷം മലയോര കർഷകർ അനാഥരാകരുതു്, തൊപ്പിപ്പാള രാഷ്ട്രീയവും അധ്വാനവർഗ സിദ്ധാന്തവും അന്യാധീനപ്പെടുകയും അരുതു്.
2001-ൽ മകനെ പാലായിൽ നിറുത്തി താൻ കടുത്തുരുത്തിയിലേക്കു മാറാമെന്നാണു് മാണിസാർ കരുതിയതു്. സ്വന്തം മകനേക്കാൾ ഓമനിച്ചുവളർത്തിയ പി. സി. തോമസ് ഉടക്കി. പി. എം. മാത്യുവും ജോയി വെട്ടിക്കുഴിയും കലാപക്കൊടി ഉയർത്തി. ഒടുവിൽ കടുത്തുരുത്തി സ്റ്റീഫൻ ജോർജി നും ഇടുക്കി റോഷി അഗസ്റ്റി നും കൊടുത്തു. മാണി പാലായിൽത്തന്നെ മൽസരിച്ചു. ജോമോനു് സീറ്റില്ല.
മൽസരിച്ച 11-ൽ ഒമ്പതു് സീറ്റ് ജയിച്ചിട്ടും മന്ത്രിയായിട്ടും മാണിസാറിന്റെ മനം തണുത്തില്ല. സി. എച്ച്. മുഹമ്മദ്കോയ യുടെ മകൻ മരാമത്തുമന്ത്രി, ടി. കെ. ദിവാകരന്റെ പുത്രൻ തൊഴിൽമന്ത്രി, ബാലകൃഷ്ണപിള്ള യുടെ സന്തതി ഗതാഗതമന്ത്രി. കരുണാകരന്റെ മകൻ പാർലമെന്റംഗവും കെ. പി. സി. സി. പ്രസിഡന്റും. ബേബി ജോണി ന്റെയും കെ. പി. പ്രഭാകരന്റെ യും മക്കൾ എം. എൽ. എമാർ. നമ്മുടെ ചെറുക്കൻ മാത്രം, കർത്താവേ, ഒരിടത്തുമെത്തിയിട്ടില്ല.
മാത്രമോ? ഉരുളച്ചോറു കൊടുത്തു വളർത്തിയ പി. സി. തോമസ് പരിഭവിച്ചു് മുഖം വീർപ്പിച്ചു നിൽക്കുന്നു. തൊടുപുഴ കോടതിയിൽ യുവറോണർ വിളിച്ചുനടന്ന കാലത്തു് മാണിസാറാണു് കൈപിടിച്ചു് രാഷ്ട്രീയത്തിലിറക്കിയതു്. വാഴൂരു നിന്നു് തോറ്റപ്പോൾ വഴിയിലുപേക്ഷിക്കാതെ വീണ്ടും വീണ്ടും പാർലമെന്റിലേക്കു നിറുത്തി ജയിപ്പിച്ചതും മാണി തന്നെ. ഒരാൾക്കു് രണ്ടു പദവി പാടില്ല, സി. എഫ്. തോമസി ന്റെ സ്ഥാനത്തു് തന്നെ പാർട്ടി ചെയർമാനാക്കണം എന്നായിരുന്നു പി. സി.-യുടെ ഡിമാന്റ്.
കരിങ്ങോഴക്കൽ മാണി മാണി തന്റെ വിശ്വരൂപം പ്രകടിപ്പിച്ചു. പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു: ഒരാൾക്കു് എത്ര പദവിയുമാകാം. പി. സി. തോമസിനെ പടിയടച്ചു് പിണ്ഡം വെച്ചു. പുകഞ്ഞകൊള്ളി പുറത്തു്.
2003 ഏപ്രിലിൽ രാജ്യസഭയിലേക്കു് മൂന്നു് ഒഴിവുകൾ വന്നു. രണ്ടെണ്ണം ഐക്യമുന്നണിക്കു കിട്ടും, ഒന്നു് ഇടതിനു പോകും. മാണിസാർ ഒരു സീറ്റു ചോദിച്ചു. കോൺഗ്രസുകാർ ഗൗനിച്ചില്ല. തെന്നല ബാലകൃഷ്ണപിള്ള യും വയലാർ രവിയും സ്ഥാനാർത്ഥികൾ. കരുണാകരൻ കോടോത്ത് ഗോവിന്ദൻ നായരെ റിബലാക്കി നിറുത്തി. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും കോടോത്തിനു് വോട്ട് മറിച്ചു. കെ. എം. മാണി അസ്സലുള്ളവനാണു്. അടുത്ത തവണയെങ്കിലും നീതി കിട്ടും എന്നു പ്രതീക്ഷിച്ചു് ആന്റണി ക്കൊപ്പം ഉറച്ചുനിന്നു. അങ്ങനെ തെന്നലയും രവിയും ജയിച്ചു. മുന്നണിയും മന്ത്രിസഭയും രക്ഷപ്പെട്ടു.
2004 മാർച്ചിൽ രാജ്യസഭയിൽ വീണ്ടും മൂന്നു് ഒഴിവുകളുണ്ടായി. മാണി വീണ്ടും സീറ്റ് ചോദിച്ചു. കിട്ടിയില്ല. അടുത്ത തവണ തരാം എന്നു് ഉറപ്പുകൊടുത്തു. ഒരു സീറ്റ് കോൺഗ്രസിൽ ഐക്യമുണ്ടാക്കാൻ കരുണാകരനു നൽകി; മറ്റേതു് മുസ്ലിംലീഗ് അബ്ദുൽ വഹാബിനു മറിച്ചുവിറ്റു.
രാജ്യസഭയല്ലെങ്കിൽ ലോൿസഭ. മകനെ പാർലമെന്റംഗം ആക്കിയേ അടങ്ങൂ എന്നു് മാണിസാർ ശപഥം ചെയ്തു. മൂവാറ്റുപുഴയിൽ ജോസ്. കെ. മാണി സ്ഥാനാർത്ഥി. ചിഹ്നം രണ്ടില.
ഐക്യജനാധിപത്യ മുന്നണിയുടെ ഉരുക്കുകോട്ടയാണു് മൂവാറ്റുപുഴ. ജോമോൻ ചെറുപ്പക്കാരൻ, സുന്ദരൻ. പ്രചാരണത്തിനു് ആളും അർഥവും വേണ്ടുവോളം. ഭരണസ്വാധീനം വേറെയും. പക്ഷേ, ഒന്നും ഫലവത്തായില്ല. മാണി യുടെ ചിരന്തന വൈരികൾ—പി. ജെ. ജോസഫ്, ടി. എം. ജേക്കബ്, ജോണി നെല്ലൂർ, ബാലകൃഷ്ണപിള്ള, ജോർജ് കെ. മാത്യു, പി. സി. ജോർജ്—മുന്നണിഭേദമെന്യേ പി. സി. തോമസി നെ പിന്താങ്ങി. ചാക്കോച്ചന്റെ മകനു് അനുകൂലമായി കത്തോലിക്കാ-നായർ വികാരം പതഞ്ഞുപൊങ്ങി. മുസ്ലിംവോട്ടുകൾ അടിപടലേ എൽ. ഡി. എഫിനു പോയി. തോമാച്ചൻ ജയിച്ചു; ജോമോൻ മൂന്നാംസ്ഥാനത്തേക്കു് തള്ളപ്പെട്ടു.
ജയിച്ചിരുന്നെങ്കിൽ ഇ. അഹമ്മദി നൊപ്പം ജോസ് കെ. മാണി ക്കും കേന്ദ്രമന്ത്രിയാകാമായിരുന്നു. എന്തുചെയ്യാം? അനുഭവിക്കാൻ യോഗം വേണം. മക്കളുടെ ഉയർച്ച കണ്ടു് ആനന്ദിക്കാൻ അപ്പനമ്മമാർക്കും വേണം ഭാഗ്യം.
വി. വി. രാഘവൻ മരണപ്പെടുകയാൽ 2004 അവസാനം രാജ്യസഭയിൽ ഒരു ഒഴിവുണ്ടായി. അത്തവണയും മാണി അവകാശമുന്നയിച്ചു് പി. ജെ. കുര്യൻ സീറ്റ് കൈക്കലാക്കി. മാണിസാർ ‘മഞ്ഞി’ലെ വിമലയെപ്പോലെ കാത്തിരിപ്പു തുടർന്നു.
2005 മെയ് ഒന്നിനു് കെ. കരുണാകരൻ ഉമ്മൻകോൺഗ്രസുമായുള്ള സകലബന്ധവും അറുത്തുമുറിച്ചു് പുതിയ പാർട്ടിയുണ്ടാക്കി. കൂട്ടത്തിൽ രാജ്യസഭാംഗത്വവും രാജിവെച്ചു. മാണിയുടെ പ്രതീക്ഷ വാനോളമുയർന്നു. ഇത്തവണ സീറ്റുകിട്ടും, മകൻ കേന്ദ്രമന്ത്രിയാകും. ഉമ്മൻചാണ്ടി യെ വരെ ഞെട്ടിച്ചുകൊണ്ടു് എ. കെ. ആന്റണി സീറ്റു കൈക്കലാക്കി. ആദർശധീരനുള്ളപ്പോൾ പാവം ജോമോനെ ആരു് ഗൗനിക്കാൻ?
മാണി പരിഭവിച്ചു. കഠിനമായി പ്രതിഷേധിച്ചു, കോൺഗ്രസിന്റെ വഞ്ചനക്കെതിരെ ശക്തമായി പ്രതികരിച്ചു. ഉമ്മൻചാണ്ടി യും രമേശ് ചെന്നിത്തല യും അവസരത്തിനൊത്തു് ഉയർന്നു. ഇനി വരുന്ന സീറ്റ് മാണിഗ്രൂപ്പിനു് തന്നെ. കാതോലിക്കാബാവയാണെ, നാരായണപ്പണിക്കരാണെ സത്യം, സത്യം!
എം. എം. ജേക്കബിന്റെ ഉദ്യോഗകാലാവധി അവസാനിക്കുന്ന മുറക്കു് തെന്നല ബാലകൃഷ്ണപിള്ള ഗവർണറാകും. അപ്പോൾ ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കട്ടായമായും മാണിഗ്രൂപ്പിനു് നൽകും എന്നൊക്കെയായിരുന്നു വാഗ്ദാനം. എം. എം. ജേക്കബ് ഇപ്പോഴും മേഘാലയത്തിൽ സസുഖം കഴിയുന്നു. തെന്നലച്ചേട്ടൻ രാജ്യസഭയിലും തുടരുന്നു. ആകയാൽ ജോസ് കെ. മാണി കേവലം യൂത്ത് ഫ്രണ്ട് പ്രസിഡന്റായി പാലാ കരിങ്ങോഴക്കലും കഴിഞ്ഞുകൂടുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്കു് കനത്ത തിരിച്ചടി നേരിട്ടെങ്കിലും മാണിഗ്രൂപ്പ് പിടിച്ചുനിന്നു. മൽസരിച്ച 11 സീറ്റിൽ ഏഴെണ്ണം ജയിച്ചു. സിറ്റിംഗ് സീറ്റുകൾ രണ്ടെണ്ണമേ നഷ്ടമായുള്ളൂ. കടുത്ത പോരാട്ടത്തിനുശേഷമാണു് കടുത്തുരുത്തി കൈവിട്ടതു്, റിബലുണ്ടായതുകൊണ്ടാണു് തിരുവല്ല പോയതു്. ഭരണാധികാരം പോയെങ്കിലും കെ. എം. മാണി ക്കു് ആശ്വാസത്തിനു് വകയുണ്ടു്: ജോസഫ് ഗ്രൂപ്പിനു് നാലു സീറ്റേ ജയിക്കാൻ കഴിഞ്ഞുള്ളു, പി. സി. ജോർജി നു് മന്ത്രിസ്ഥാനം കിട്ടിയില്ല, പി. ജെ. ജോസഫ് ആരോപണവിധേയനായി കസേര പോയി—പോയില്ല എന്ന മട്ടിൽ നിൽക്കുന്നു, ബാലകൃഷ്ണപിള്ള യും ജേക്കബും ജോണി നെല്ലൂരും ഡോ. കെ. സി. ജോസഫും തെരഞ്ഞെടുപ്പിൽ തോറ്റു, ടി. എസ്. ജോണി നും ജോർജ് കെ. മാത്യു വിനും ടിക്കറ്റേ കിട്ടിയില്ല.
2006 ജുണിൽ രാജ്യസഭയിലേക്കു് മൂന്നു സ്ഥാനങ്ങൾ ഒഴിവുവന്നു. മാണി അവകാശവാദം ഉന്നയിച്ചതു് സ്വാഭാവികം. കുഞ്ഞൂഞ്ഞിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നു് ബോധ്യമായതു് അപ്പോഴാണു്. നിയമസഭാതെരഞ്ഞെടുപ്പിൽ വൻവിജയമുണ്ടാകും, രാജ്യസഭയിലേക്കു് രണ്ടോ മൂന്നോ പേരെ ജയിപ്പിക്കാൻ വേണ്ട സംഖ്യാബലമുണ്ടാകും; അങ്ങനെയെങ്കിൽ ഒരു സീറ്റ് മാണിക്കു് കൊടുക്കാമെന്നാണു് ഉദ്ദേശിച്ചതു് എന്നു പറഞ്ഞു, ഉമ്മൻചാണ്ടി. ഇത്തവണ സീറ്റ് പി. ജെ. കുര്യനാ ണു്. വരുന്ന തവണ മാണിയെ തീർച്ചയായും പരിഗണിക്കും.
പോക്രിത്തരത്തിനും അതിരുവേണം. രാജ്യസഭയിൽ ഇനി ഒഴിവുവരുന്നതു് 2009 ഏപ്രിലിൽ ആണു്. അപ്പോഴേക്കും മൻമോഹൻ മന്ത്രിസഭയുടെ കാലാവധി തീരും. പിന്നെ ജോമോൻ എങ്ങനെ മന്ത്രിയാകും? മാത്രമല്ല; ഇനി വരാനിരിക്കുന്ന ഒഴിവുകൾ തെന്നലയുടെയും വയലാർജിയുടേതുമാണു്. തെന്നലക്കു് പ്രായമായി; ഒഴിവാക്കാം. കേന്ദ്രമന്ത്രിയായിരിക്കുന്ന വയലാർ രവി യെ മാറ്റിനിറുത്തി എങ്ങനെ ജോസ് കെ. മാണി യെ രാജ്യസഭയിലേക്കയക്കും? രാജ്യസഭ മാണിപുത്രനു നൽകൂ, ഞാൻ ലോക്സഭയിലേക്കു മൽസരിച്ചോളാം എന്നു പറയാൻമാത്രം ഹൃദയവിശാലത പ്രകടിപ്പിക്കുമോ വയലാർജി? ഇനി, രവി മൽസരിച്ചാൽ ജയിക്കുമെന്നു് ഉറപ്പുള്ള ഏതു മണ്ഡലമുണ്ടു് ഭൂമിമലയാളത്തിൽ?
2009 മേയിൽ ജോസ് കെ. മാണി യെ വീണ്ടും ലോക്സഭയിലേക്കു് മൽസരിപ്പിക്കുക എന്നതാണു് ഇനിയുള്ള പോംവഴി. മൂവാറ്റുപുഴ പാർലമെന്റുമണ്ഡലം ഇല്ലാതായിരിക്കുന്നു. ഒന്നുകിൽ ഇടുക്കി, അല്ലെങ്കിൽ കോട്ടയം. ഫ്രാൻസിസ് ജോർജോ പി. സി. തോമസോ ആയിരിക്കും ഇടുക്കിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി. ഒരാൾ കെ. എം. ജോർജി ന്റെ മകൻ, മറ്റേയാൾ പി. ടി. ചാക്കോ യുടെ മകൻ. രണ്ടും അപകടകാരികൾ, കെ. എം. മാണി യുടെ മകനേക്കാൾ എന്തുകൊണ്ടും പ്രാപ്തർ. കത്തോലിക്കാഹൃദയഭൂമി എന്നു പറയാവുന്ന പാലാ, പൂഞ്ഞാർ, കടുത്തുരുത്തി നിയമസഭാമണ്ഡലങ്ങൾ കോട്ടയം പാർലമെന്റുസീറ്റിലാണു് ഉൾപ്പെട്ടിരിക്കുന്നതു്. കോട്ടയത്തു് സുരേഷ് കുറുപ്പി നോടു് അങ്കം കുറിക്കാനും ജോസ് കെ. മാണി അശക്തൻ. ഭരണമില്ലാത്തതുകൊണ്ടു് താസിൽദാർ-ഡെപ്യൂട്ടി കലക്ടർ തലത്തിൽ വിഭവസമാഹരണം നടത്താനും സാധിക്കില്ല.
വല്ലപാടും ജയിച്ചാലും മന്ത്രിയാകും എന്നതിനു് ഉറപ്പില്ല. കോൺഗ്രസിനു് ഒറ്റക്കു് ഭൂരിപക്ഷം കിട്ടിയാൽ കൂട്ടുകക്ഷി മന്ത്രിസഭക്കു് പ്രസക്തിയില്ല. എൻ. ഡി. എ. അധികാരം തിരിച്ചുപിടിച്ചാലും നമ്മുടെ കാര്യം കട്ടപ്പുക!
മാണിസാറിനിപ്പോൾ വയസ്സു് 73 ആയി. ഇനി എത്രനാൾ എന്നു് കർത്താവുതമ്പുരാനറിയാം. കണ്ണടയും മുമ്പു് മകൻ എന്തെങ്കിലുമൊന്നു് ആയിക്കാണാൻ അതിയാൻ തിടുക്കം കൂട്ടുന്നതിൽ തെറ്റുപറയാൻ മേല. വാക്കുമാറ്റിമാറ്റിപ്പറഞ്ഞു് ആ പാവത്തിനെ പറ്റിക്കുന്നവരോടു് ദൈവം പൊറുക്കത്തില്ല. അതുകൊണ്ടു് കോൺഗ്രസിനു് ഭൂരിപക്ഷമൊള്ള ഏതേലും സംസ്ഥാനത്തു് നിറുത്തി ജോമോനെ രാജ്യസഭാംഗമാക്കണം, കേന്ദ്രമന്ത്രിയാക്കണം. മാണിസാറും കുട്ടിയമ്മചേച്ചിയും മനഃസമാധാനത്തോടെ പൊയ്ക്കോട്ടെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.