പണത്തിനുമീതേ പരുന്തും പറക്കില്ല എന്നാണു് പഴമൊഴി. കള്ളുവിറ്റ കാശിനുമീതെ കഴുകനും പറക്കില്ല എന്നു് പുതുമൊഴി. ഇരുമൊഴികളെയും അന്വർഥമാക്കിക്കൊണ്ടാണു് മദ്യരാജാവു് വിജയ് മല്യ യുടെ രാജ്യസഭാ പ്രവേശം.
യു. ബി. ഗ്രൂപ്പ് എന്ന മദ്യമഹാസാമ്രജ്യത്തിന്റെ അധിപനാണു് വിജയ് മല്യ. മഹാകുബേരൻ. പരമഭഗവതൻ. അദ്ദേഹമാണു് ശബരിമല ശ്രീകോവിൽ തങ്കംകൊണ്ടുപൊതിഞ്ഞതു്. സന്നിധാനത്തും പമ്പയിലും മാളികപ്പുറത്തുമൊക്കെ സ്ഥാപിച്ച പരസ്യബോർഡുകൾ ഹൈക്കോടതി നിർദേശപ്രകാരം നീക്കം ചെയ്തില്ലായിരുന്നെങ്കിൽ ‘ശരണമയ്യപ്പാ’ എന്ന ഭക്തിനിർഘോഷം ഇതിനോടകം ‘ശരണമല്ലയ്യാ’ എന്നായി മാറിപ്പോയേനെ. മല്യയുടെ മാതൃക പിന്തുടർന്നാണു് മണിച്ചൻ ശാർക്കര ക്ഷേത്രത്തിൽ ആനക്കൊട്ടിലുണ്ടാക്കിയതെന്നും കേൾക്കുന്നു.
പണമായി പ്രതാപമായി ദൈവാനുഗ്രഹവുമായി. എന്നാലിനി ചില പദവികൾകൂടി വേണം എന്നു് മല്ലയ്യൻ മോഹിച്ചതു് സ്വാഭാവികം. പൂന്താനം പണ്ടു പാടിയപോലെ ആശയാകുന്ന പാശമിതങ്കേന്നു്
വേർവിടാതെ കരേറുന്നു മേൽക്കുമേൽ. പത്മഭൂഷൻ പത്മവിഭൂഷൺ മുതലായവയിലേക്കല്ല പാർലമെന്റംഗത്വത്തിലേക്കാണു് മല്ലയ്യന്റെ ചിന്ത പോയതു്. രാജ്യസഭയിലാണെങ്കിൽ വലിയ ദേഹാധ്വാനം കൂടാതെ കഴിയാം. ആറുവർഷത്തേക്കു് തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തയും വേണ്ട.
224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽനിന്നു് നാലുപേരെയാണു് രാജ്യസഭയിലേക്കു് തെരഞ്ഞെടുക്കേണ്ടതു്. 133 അംഗങ്ങളുള്ള കോൺഗ്രസിനു് മൂന്നാളെ വിജയിപ്പിക്കാം. 42 മെമ്പർമാരുള്ള ബി. ജെ. പി.-ക്കു വലിയ ബദ്ധപ്പാടുകൂടാതെ നാലാമനെയും സഖ്യകക്ഷിയായ ജനതാദൾ(യു) ദേവഗൗഡ യുടെ മതേതര ജനതാദളുമായി ചേർന്നു് മൂന്നാം ചേരിയുണ്ടാക്കിയതുപോലും ബി. ജെ. പി.-ക്കു പ്രശ്നമാകുമായിരുന്നില്ല. ഇരുപതോളം വരുന്ന സ്വതന്ത്രരിൽ ഏതാനും പേരുടെ പിന്തുണ നേടാവുന്നതേയുള്ളു.
വിജയ് മല്യ സ്വതന്ത്രസ്ഥാനാർഥിയായാണു് രംഗപ്രവേശം ചെയ്തതു്. എസ്. കെ. പൊറ്റെക്കാട് പണ്ടു് സ്വയംവിശേഷിപ്പിച്ചപോലെ സര്‍വ്വതന്ത്രകുതന്ത്ര സ്വതന്ത്രൻ. രാമകൃഷ്ണ ഹെഗ്ഡേ യുടെ ഐക്യ ജനതാദളും ഗൗഡയുടെ മതേര ജനതാദളും തൽക്ഷണം മദ്യരാജാവിനു് പിന്തുണ പ്രഖ്യാപിച്ചു. ബി. ജെ. പി.-യിലെ രണ്ടംഗങ്ങൾ കൂടി മല്യയുടെ പിന്നിൽ അണിനിരന്നതോടെ സ്ഥിതിഗതികൾ പ്രവചനാതീതമായി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ വേളയിൽ ബി. ജെ. പി. മല്യക്കെതിരെ നിരവധി ആക്ഷേപങ്ങളുന്നയിച്ചു. വരണാധികാരി അവയെല്ലാം നിരാകരിച്ചു.
വോട്ടെണ്ണിത്തീർന്നപ്പോൾ ബി. ജെ. പി.-യും കോൺഗ്രസും ഒരുപോലെ ഞെട്ടി. കോൺഗ്രസ് സ്ഥാനാർഥികളായ ജനാർദനൻ പൂജാരി ക്കു് 59, പ്രേമാകരിയപ്പ ക്കു് 45, എം. വി. രാജശേഖരനു് 44, ബി. ജെ. പി.-യിലെ താരാദേവി സിദ്ധാർഥക്കു് 49. ആദ്യറൗണ്ട് വോട്ടെണ്ണലിൽതന്നെ മല്യ പാട്ടും പാടി ജയിച്ചു. ആദ്യം പുറത്താക്കപ്പെട്ട രണ്ടുപേർക്കു് പുറമെ ആറു് ബി. ജെ. പി.-ക്കാരും ഏഴു് കോൺഗ്രസുകാരും വിലയേറിയ തങ്ങളുടെ സമ്മതിദാനാവകാശം മദ്യരാജാവിനു് അനുകൂലമായി വിനിയോഗിച്ചു.
നാലു് പതിറ്റാണ്ടു് ഇന്ത്യാ രാജ്യം ഭരിച്ചപാർട്ടിയാകുന്നു കോൺഗ്രസ്. നിലവിൽ ഭരിക്കുന്ന പാർട്ടിയാണു് ബി. ജെ. പി. മദ്യവർജനത്തിൽ അടിയുറച്ചുവിശ്വസിക്കുന്ന കോൺഗ്രസുകാരെയും മൂല്യാധിഷ്ഠിത രാഷ്ട്രീയക്കാരായ ബി. ജെ. പി.-ക്കാരെയും ഇത്രയെളുപ്പത്തിൽ വിലകൊടുത്തു വാങ്ങാമെന്നു് തെളിയിച്ച വിജയ് മല്യ യെ ഹാർദമായി അഭിനന്ദിക്കുക. അദ്ദേഹം ഇന്ത്യൻ പാർലമെന്റിനു് ഒരു മുതൽകൂട്ടായിരിക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ കുതിരക്കച്ചവടം പുതുമയുള്ള കാര്യമൊന്നുമല്ല. വർത്തകപ്രമാണിയും ധന്യാഢ്യനുമായ സാലേ മുഹമ്മദ് സേട്ട് ആറു് കോൺഗ്രസ് എം. എൽ. എ.-മാരെ പണംകൊടുത്തു വാങ്ങിയിട്ടാണു് 1964-ൽ രാജ്യസഭയിലേക്കു് പോയതു്. എന്തിനു് മുതാളിമാരെ മാത്രം പഴിക്കണം? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി. അടുത്തൂൺ പറ്റിയ ഒരു പുമാൻ രാജ്യസഭാംഗമാകാൻ എം. എൽ. എ.-മാർക്കു് പണം കൊടുത്ത സംഭവം അടുത്തകാലത്തു് ഒറീസയിൽ ഉണ്ടായി.
മല്യയുടെ ഐതിഹാസിക വിജയം രാജ്യത്തെമ്പാടുമുള്ള മദ്യമുതലാളിമാരെ ആവേശഭരിതരാക്കുമെന്നും കൂടുതൽ പേരെ രാഷ്ട്രീയത്തിലേക്കു ആകർഷിക്കുമെന്നും പ്രത്യാശിക്കുക. കേരളത്തെ സംബന്ധിച്ചിടത്തോളം മണർകാട്പാപ്പന്റെ ധീരപാരമ്പര്യവുമുണ്ടു് അബ്കാരികൾക്കു്. പാർട്ടി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവർക്കും സംഭാവന കൊടുത്തു് സന്തോഷമായി ജീവിച്ച പാപ്പൻചേട്ടനെ ഖദറിടുവിച്ചു് കോൺഗ്രസ് സ്ഥാനാർഥിയാക്കിയതു് കെ. കരുണാകരൻ. 1980-ലെ തെരഞ്ഞെടുപ്പിൽ പീരുമേട് മണ്ഡലത്തിലായിരുന്നു പാപ്പന്റെ പുത്തരിയങ്കം. എതിർ സ്ഥാനാർഥി സിറ്റിംഗ് എം. എൽ. എ. കൂടിയായിരുന്ന സഖാവു് സി. എ. കുര്യനു ദീപിക മനോരമ പത്രങ്ങളിലൂടെയും കത്തോലിക്കാ തിരുസഭയുടെയും പരിപൂർണമായ പിന്തുണ ഉണ്ടായിരുന്നു. പാപ്പൻജിക്കു് വോട്ടാർമാരിലേറെയും ചാരായത്തിന്റെ ലഭ്യതക്കനുസരിച്ചു വോട്ട് മാറ്റിചെയ്യുന്ന തമിഴരായ തോട്ടംതൊഴിലാളികളാണു് എന്ന അനുകൂല ഘടകവും ഉണ്ടായിരുന്നു. എന്നിട്ടും 3351 വോട്ടിന്റെ വ്യത്യാസത്തിൽ പാപ്പൻ പരാജയമടഞ്ഞു എം. എൽ. എ.-യാകുന്നതോടെ പാപ്പന്റെ പ്രാമാണ്യം വർധിക്കുമെന്നു് ഭയപ്പെട്ട മറ്റൊരു പ്രമുഖ അബ്കാരിയാണു് ഇടതുപക്ഷ സ്ഥാനാർഥിക്കുവേണ്ടി പണമിറക്കിയതും ചാരായം ഒഴുക്കിയതും.
1984 അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലായിരുന്നു പാപ്പന്റെ അടുത്ത അങ്കം. ഇത്തവണ കോൺഗ്രസിൽനിന്നു് തെറ്റിപ്പിരിഞ്ഞ ജോസ് കുറ്റ്യാനിയുടെ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. എതിരാളികൾ സഖാവു് സി. എ. കുര്യനും പ്രൊഫ. പി. ജെ. കുര്യനും, പി. ജെ. കുര്യൻ റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയിച്ചു. പാപ്പന്റെ ജാമ്യസംഖ്യ നഷ്ടമായി. അതോടെ രാഷ്ട്രീയം മടുത്ത പാപ്പൻ ക്രമേണ മദ്യവ്യവസായ രംഗത്തുനിന്നുതന്നെ പിന്മാറി.
മദ്യവ്യവസായവുമായി നേരിട്ടു് ബന്ധമുള്ള മൂന്നു അംഗങ്ങളുണ്ടു് കേരള നിയമസഭയിൽ. രണ്ടുപേർ കോൺഗ്രസുകാർ മൂന്നാമൻ ജനാധിപത്യ സംരക്ഷകനും. എന്നാൽ നാളിതുവരെ ഒറ്റ അബ്കാരിയും കേരളത്തെ പ്രതിനിധാനം ചെയ്തു് പാർലമെന്റിലെത്തിയിട്ടില്ല. എന്തൊരു പോക്കണംകേടാണിതു് ജനാധിപത്യ കേരളമേ ലജ്ജിച്ചു് തലതാഴ്ത്തുക!
പാർലമെന്റ് അംഗമാകാൻ തലയെടുപ്പും താൻപോരിമയുമുള്ള ഏതു് മദ്യമുതലാളിയുണ്ടിപ്പോൾ. മണർകാടു പാപ്പനും കെ. എസ്. ചാത്തുണ്ണിയുമൊക്കെ പരലോകപ്രാപ്തരായിരിക്കുന്നു. ഇ. കെ. ചന്ദ്രസേനൻ ആണെങ്കിൽ ജയിൽശിക്ഷ അനുഭവിച്ചു് ആശുപത്രിയിൽ കഴിയുന്നു. വന്നിട്ടും പോയിട്ടും ഒരാളേ ബാക്കിയുള്ളു—അബ്കാരി കുലതിലകനും ശ്രീനാരായണധർമപരിപാലക നായകനുമായ വീരശ്രീ വെള്ളാപ്പള്ളി നടേശൻ.
2003 ഏപ്രിലിൽ കേരളത്തിൽനിന്നുള്ള മൂന്നു് രാജ്യസഭാംഗങ്ങളുടെ—സഖാക്കൾ എസ്. രാമചന്ദ്രൻപിള്ള, സി. ഒ. പൗലോസ്, ജെ. ചിത്തരഞ്ജൻ—ടേം അവസാനിക്കും. ന്യായപ്രകാരം യു. ഡി. എഫ്.-നു് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കും. യു. ഡി. എഫിന്റെ രണ്ടു് സീറ്റിൽ ഒരെണ്ണം കോൺഗ്രസ് എടുത്തിട്ടു് മറ്റേതു് നടേശനു് നൽകാവുന്നതാണു്. മാർകിസ്റ്റ് പാർട്ടിയുടെ ഈഴവ വോട്ടുബാങ്ക് തകർത്തതിനുള്ള എളിയ പാരിതോഷികമായിരിക്കും അതു്. ഐക്യജനാധിപത്യ മുന്നണി സീറ്റുകൊടുക്കാത്തപക്ഷം എൽ. ഡി. എഫിനുതന്നെ മുതലാളിയെ സ്പോൺസർ ചെയ്യാവുന്നതേയുള്ളു. വി. എസ്. അച്യുതാനന്ദനും വെളിയം ഭാർഗവനും എത്ര പണിപ്പെട്ടാണു് നടേശനെ ഒരു ഫിഗറാക്കിയതു്. വെള്ളാപ്പള്ളിയെ തിരിച്ചുപിടിക്കുന്നതു വഴി മുന്നണിയുടെ ജനകീയാടിത്തറ ശക്തമാവുകയും ചെയ്യും.
ഇരുമുന്നണികളും കൈവിടുന്നപക്ഷം ബി. ജെ. പി.-ക്കും ഒരു കൈനോക്കാം. ഒന്നുകിൽ രാജഗോപാലിനെപ്പോലെ മധ്യപ്രദേശിലോ ഗുജറാത്തിലോ മറ്റോ കൊണ്ടുപോയി നിറുത്തി ജയിപ്പിക്കാം. അതല്ലെങ്കിൽ രാഷ്ട്രപതിയെക്കൊണ്ടു് നടേശനെ രാജ്യസഭയിലേക്കു നാമനിർദ്ദേശം ചെയ്യിക്കാം. സാഹിത്യം, ശാസ്ത്രം, കല, സാമൂഹികസേവനം എന്നിവയിൽ പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ ഉള്ളവരിൽനിന്നു് 12 പേരെ ഭരണഘടനയുടെ 80 (3) അനുച്ഛേദപ്രകാരം രാഷ്ട്രപതിക്കു് രാജ്യസഭാംഗങ്ങളായി നാമനിർദ്ദേശം ചെയ്യാം. ശ്രീ നാരായണ സൂക്തങ്ങൾക്കു് പുത്തൻ പരിപ്രേക്ഷ്യം ചമച്ച ചിന്തകൻ എന്ന നിലക്കും പുതിയ മദ്യനയത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ കേരളീയ സമൂഹത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചും രണ്ടാമതൊന്നു് ആലോചിക്കാതെ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യാവുന്നതാണു്. എസ്. എൻ. ഡി. പി. യോഗത്തിന്റെ ആദ്യകാല സെക്രട്ടാറിമാരായ കുമാരനാശാനെയും എൻ. കുമാരനെയും ശ്രീമൂലം പ്രജാസഭയിലേക്കു് നോമിനേറ്റ് ചെയ്യുകയുണ്ടായി എന്ന കാര്യവും സ്മരണീയമാണു്. യോഗത്തിന്റെ ഇന്നത്തെ ആസ്തിയും നടേശന്റെ വ്യക്തിമഹത്ത്വത്തിലേക്കു് പരിഗണിക്കുമ്പോൾ രാജ്യസഭയിലേക്കെന്നല്ല യു. എൻ. സെക്യൂരിറ്റി കൗൺസിലിലേക്കു നാമനിർദേശം ചെയ്താലും അധികമാവുകയില്ല.
ഇടതു-വലതു മുന്നണികളുടെയും ബി. ജെ. പി.-യുടെയും സത്വരശ്രദ്ധ ഇക്കാര്യത്തിൽ പതിയുമെന്നു പ്രത്യാശിക്കട്ടെ.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.