രവിവർമ്മ എന്ന ഛായാഗ്രാഹകനെക്കൊണ്ടാണു് മങ്കടക്കു് പ്രസിദ്ധി. പിന്നെ, സ്ഥിരമായി മുസ്ലീംലീഗ് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന നിയോജകമണ്ഡലം എന്ന നിലക്കും.
1956-ൽ മങ്കട നിയോജകമണ്ഡലമുണ്ടാകുന്ന കാലത്തു് ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് അംഗീകൃത രാഷ്ടീയപാർട്ടിയല്ല. 1957 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗുകാർ സ്വതന്ത്രന്മാരായാണു് മൽസരിച്ചതു്. ചതുഷ്കോണ മൽസരത്തിൽ ലീഗ് സ്വതന്ത്രൻ കെ. പി. മുഹമ്മദിനു് കിട്ടിയതു് 11,854 വോട്ടാണു്. കോൺഗ്രസിലെ മലവെട്ടത്തു് മുഹമ്മദിനു് 8,338, കമ്യൂണിസ്റ്റ് പാർട്ടിയിലെ രാഘവ പിഷാരടിക്കു് 6,849, തനി സ്വതന്ത്രൻ എം. സി. മത്തായിക്കു് 869. അന്നത്തെ പാലക്കാട് ജില്ലയിൽ മുസ്ലീംലീഗ് വിജയിച്ച ഏക സീറ്റായിരുന്നു മങ്കട. ലീഗിന്റെ ബാക്കി ഏഴുസീറ്റും—തിരൂർ, താനൂർ, കുറ്റിപ്പുറം, തിരൂരങ്ങാടി, മലപ്പുറം, മഞ്ചേരി (സംവരണം) കൊണ്ടോട്ടി-കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ടവയായിരുന്നു.
1960-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ലീഗ് അംഗീകൃത രാഷ്ട്രീയകക്ഷിയായി; കോൺഗ്രസും പി. എസ്. പി.-യുമുൾപ്പെട്ട മുക്കൂട്ട് മുന്നണിയിലെ ഘടകകക്ഷിയും. കമ്യൂണിസ്റ്റ്-ലീഗ് സ്ഥാനാർഥികൾ തമ്മിൽ നേരിട്ടുള്ള പോരാട്ടം നടന്നു. മുസ്ലീംലീഗിലെ പി. അബ്ദുൽമജീദിനു് 24,343 വോട്ട് കിട്ടിയപ്പോൾ സി. പി. ഐ.-യിലെ പൂക്കുഞ്ഞിക്കോയ തങ്ങൾക്കു് ലഭിച്ചതു് 20,031. കോൺഗ്രസ്, പി. എസ്. പി. വോട്ടുകളുടെ ഗണ്യമായ ഒരു ഭാഗം കമ്യൂണിസ്റ്റ് സ്ഥാനാർഥിക്കു് കിട്ടി എന്നർഥം.
1965 ആകുമ്പോഴേക്കും സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ പാടെ മാറി. മുക്കൂട്ടുമുന്നണി പൊളിഞ്ഞു. കോൺഗ്രസ്, കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് കക്ഷികൾ നെടുകേ പിളർന്നു. മങ്കട മണ്ഡലത്തിൽ ആദ്യമായി ചെങ്കൊടി പാറി. മാർക്സിസ്റ്റ് സ്ഥാനാർഥി പാലൊളി മുഹമ്മദ്കുട്ടി 1293 വോട്ടിന്റെ വ്യത്യാസത്തിൽ ലീഗിലെ കെ. കെ. സയ്യിദ് ഹസ്സൻകോയയെ തോൽപിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ നിയമസഭ കൂടിയതേയില്ല.
1967-ൽ സ്ഥിതിഗതികൾ പിന്നെയും മാറി. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് കക്ഷികൾ ഉൾപ്പെട്ട സപ്തകക്ഷി മുന്നണിയിൽ അംഗമായി. മുസ്ലിംലീഗ്. മങ്കടയിൽ മുസ്ലീം ലീഗിലെ സി. എച്ച്. മുഹമ്മദ്കോയ മൊത്തം പോൾ ചെയ്തതിന്റെ 79.82 ശതമാനം. കോൺഗ്രസ് സ്ഥാനാർത്ഥി വി. എസ്. എ. ചെറിയകോയയുടെ ജാമ്യസംഖ്യ നഷ്ടമായി.
1970-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-സി. പി. ഐ. മുന്നണിയിലായിരുന്നു മുസ്ലീംലീഗ്. മാർക്സിസ്റ്റ് മുന്നണി സ്ഥാനാർത്ഥി പാലൊളി മുഹമ്മദ്കുട്ടി യെ 6,341 വോട്ടിനു് തോൽപിച്ച് ലീഗിലെ എം. മൊയ്തീൻകുട്ടി ഹാജി സീറ്റ് നിലനിർത്തി. 1977-ലെ തെരഞ്ഞെടുപ്പാകുമ്പോഴേക്കു് മുസ്ലീംലീഗും രണ്ടായി. പിന്നീടങ്ങോട്ടു് മൂന്നുവട്ടം യൂനിയൻ ലീഗും അഖിലേന്ത്യാ ലീഗും തമ്മിലായി മങ്കടയിലെ പോരാട്ടം. യൂനിയൻ ലീഗിലെ കൊരമ്പയിൽ അഹമ്മദ് ഹാജി 7390 വോട്ട് വ്യത്യാസത്തിൽ അഖിലേന്ത്യാ ലീഗിലെ വി. പി. സി. തങ്ങളെ തോൽപിച്ചു. മലപ്പുറം ജില്ലയിലെ ഇതര മണ്ഡലങ്ങളെ അപേക്ഷിച്ചു് മാന്യമായ തോൽവിയാണു് അഖിലേന്ത്യാ ലീഗിനു് മങ്കടയിൽ ഉണ്ടായതു് കൊണ്ടോട്ടിയിലും താനൂരും കുറ്റിപ്പുറത്തും യൂനിയൻ ലീഗിനു് കിട്ടിയതിന്റെ മുന്നിലൊരു ഭാഗം വോട്ടേ അഖിലേന്ത്യാ ലീഗിനു് കിട്ടിയുള്ളൂ. മലപ്പുറത്തും മഞ്ചേരിയിലും തിരൂരങ്ങാടിയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.
കോൺഗ്രസിലെ ആന്റണി വിഭാഗം മാർക്സിസ്റ്റ് പാളയത്തിൽ ചേക്കേറിയതോടെ മങ്കട അത്ര സുരക്ഷിതമല്ലാതായി. തോട്ടമുടമയും വ്യവസായ പ്രമുഖനും ലയൺസ് ക്ലബ് ഭാരവാഹിയുമായ കൊരമ്പയിൽ ഹാജിക്കു് റിസ്ക് എടുക്കാൻ വയ്യല്ലോ. ഹാജി സുരക്ഷിതമായ കുറ്റിപ്പുറം മണ്ഡലത്തിലേക്ക് മാറി. 1980-ലെ തെരഞ്ഞെടുപ്പിൽ യൂനിയൻ ലീഗ് കെ. പി. എ. മജീദ് എന്ന യുവപോരാളിയെ പരീക്ഷിച്ചു.
മക്കരപ്പറമ്പിനടുത്തു് വട്ടാല്ലൂരിലെ ഒരു സാധാരണ കുടുംബത്തിലാണു് മജീദിന്റെ പിറവി എം. എസ്. എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1969-72 കാലത്തു് എം. എസ്. എഫിന്റെയും 1973–76 കാലഘട്ടത്തിൽ യൂത്ത്ലീഗിന്റെയും ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പ്രീഡിഗ്രിയും ജെ. ഡി. സി.-യും പാസായി സഹകരണബാങ്കിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചെങ്കിലും അചിരേണ രാഷ്ട്രീയം മജീദിനെ പൂർണമായും ഗ്രസിച്ചു. 1977-ൽ മുസ്ലീം യൂത്ത്ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായി കെ. പി. എ. മജീദ് തെരഞ്ഞെടുക്കപ്പെട്ടു.
1980-ൽ ആദ്യമായി മൽസരിക്കുമ്പോൾ വയസ്സു് മുപ്പതു് തികഞ്ഞിരുന്നില്ല, മജീദിനു് (ജനനം 15.7.1950). അഖിലേന്ത്യാ ലീഗ് സ്ഥാനാർഥി കെ. അബുഹാജി കാടിളക്കി പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മജീദ് 3,762 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1982-ൽ അബുഹാജി തന്നെ എതിരാളിയായി വന്നപ്പോൾ ഭൂരിപക്ഷം 4,363 ആയി വർധിച്ചു.
1987-ലെ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ലീഗുകൾ തമ്മിൽ ലയിച്ചിരുന്നു. സംസ്ഥാനത്താകമാനം വീശിയടിച്ച ഇടതുപക്ഷതരംഗം മലപ്പുറം ജില്ലയിൽ ഏശിയില്ല. ജില്ലയിലെ സീറ്റുകൾ പന്ത്രണ്ടും ഐക്യജനാധിപത്യമുന്നണി കൈയടക്കി. മലപ്പുറം ജില്ലയോടു് ചേർന്നുകിടക്കുന്ന വള്ളുവനാടൻ മണ്ഡലങ്ങളിലും തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം. മണ്ണാർക്കാട്, പാലക്കാട്—ഐക്യമുന്നണി കൊടിപാറിച്ചു. മങ്കടയിൽ മജീദ് സി. പി. എം. സ്ഥാനാർഥി പി. മൊയ്തുവിനെ 10,922 വോട്ട് വ്യത്യാസത്തിൽ പരാജയപ്പെടുത്തി.
1991-ൽ പക്ഷേ, രാജീവ്ഗാന്ധി മരിച്ച സഹതാപവും ഐക്യമുന്നണിക്കനുകൂലമായ തരംഗവും ഉണ്ടായിട്ടും മജീദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. മാർക്സിസ്റ്റ് സ്ഥാനാർഥി കെ. ഉമ്മർ മാസ്റ്ററേക്കാൾ 5960 വോട്ടേ കൂടുതൽ കിട്ടിയുള്ളൂ.
1996-ൽ മങ്കട പിടിക്കാനായി സി. പി. എം. ഒരു യുവതുർക്കിയെ സ്വതന്ത്രവേഷത്തിൽ പടക്കളത്തിലിറക്കി—മഞ്ഞളാംകുഴി അലി. രാമപുരത്തിനടുത്തു് പനങ്ങാങ്ങര സ്വദേശിയായ അലി കുറേക്കാലം ഗൾഫിലായിരുന്നു. മടങ്ങിവന്നതു് സിനിമാ നിർമാതാവായിട്ടാണു്. ആൾക്കും അർഥത്തിനും ക്ഷാമമില്ല. കടുത്ത പോരാട്ടത്തിനൊടുവിൽ മജീദ് തന്നെ ജയിച്ചു. മജീദിനു് 52,044 വോട്ട്. അലിക്കു് 50,990. ഭൂരിപക്ഷം 1,054. ബി. ജെ. പി.-യുടെ പരോക്ഷസഹായവും അലിക്കു് കിട്ടിക്കാണണം. 1991-ൽ 4707 വോട്ട് കിട്ടിയതു് 96-ൽ 4396 ആയി കുറഞ്ഞിരുന്നു. പൊന്നാനിയിൽ 5084-ൽനിന്ന് 8618 ആയും കുറ്റിപ്പുറത്തു് 4611-ൽനിന്നു് 5018 ആയും പെരിന്തൽമണ്ണയിൽ 2799-ൽനിന്നു് 3137 ആയും ബി. ജെ. പി. വോട്ടുകൾ വർധിച്ചപ്പോഴാണു് മങ്കടയിലെ വോട്ടിൽ കുറവു് വന്നതു് !
പരാജയത്തിനുശേഷം അലി മങ്കടയിൽ നിറഞ്ഞുനിൽക്കുകയും പഞ്ചായത്തു് തെരഞ്ഞെടുപ്പിന്റെ ഫലം വളരെ പ്രോൽസാഹനകരമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ സുരക്ഷിതമായ മറ്റൊരിടത്തേക്കു് മാറിയാലോ എന്നു് മജീദ് ആഗ്രഹിക്കാതല്ല. ആറാം തവണക്കാരായ മജീദിനെയും സൂപ്പിയേയുമൊക്കെ മാറ്റി തങ്ങൾക്കു് സീറ്റുതരണമെന്നു് മുസ്ലീം യൂത്തു് ലീഗുകാർ ആവശ്യപ്പെടാഞ്ഞിട്ടുമല്ല. സിറ്റിംഗ് എം. എൽ. എ.-മാരെല്ലാം അതാതു് സീറ്റിൽ മൽസരിക്കട്ടെ എന്നായിരുന്നു ശിഹാബ് തങ്ങളു ടെ അരുളപ്പാട്. പി. കെ. കെ. ബാവ യെ ഗുരുവായൂർക്കയച്ച് കെ. എൻ. എ. ഖാദറി നു് കൊണ്ടോട്ടി സീറ്റ് കൊടുത്തതു് മാത്രമായിരുന്നു അപവാദം.
മജീദിനേക്കാൾ മുമ്പു് അലി പ്രചാരണം തുടങ്ങി. മങ്കടയിൽ കടുത്ത പോരാട്ടം എന്നു് വലതുപക്ഷ—നിഷ്പക്ഷ പത്രങ്ങളും അലി മുന്നിലെത്തി എന്നു് ഇടതുപക്ഷ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തപ്പോഴും ലീഗ് നേതൃത്വത്തിനു് കുലുക്കമേതുമുണ്ടായില്ല. ഇതിലും വലിയ പെരുന്നാള് വന്നിട്ടു് വാപ്പ പള്ളീപ്പോയില്ല, പിന്നല്ലേ എന്ന മട്ടു്. വോട്ടെണ്ണിയപ്പോൾ ലീഗുകാർ ഞെട്ടി—3058 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അലി വിജയിച്ചു. മജീദിനു് കിട്ടിയതു് 64,700 വോട്ട്. അലിക്കു് 67,758 ബി. ജെ. പി.-യുടെ വോട്ട് പിന്നെയും കുറഞ്ഞു് 3152 ആയി. മലപ്പുറം ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി മുസ്ലീംലീഗിന്റെ ഒരു സ്ഥാനാർഥി പരാജിതനായി!
മങ്കടയുടെ വഴിക്കാണു് പെരിന്തൽമണ്ണ എന്ന വ്യക്തമായ സൂചനയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു് നൽകുന്നു. കെ. പി. എ. മജീദ് മങ്കടയിൽ അങ്കം കുറിച്ച 1980-ൽ തന്നെയാണു് നാലകത്തു് സൂപ്പി പെരിന്തൽമണ്ണയിൽ പോരിനിറങ്ങുന്നതു്. ഭൂരിപക്ഷം കൂടിയും കുറഞ്ഞുമൊക്കെ സൂപ്പി വക്കീൽ തന്നെ ജയിച്ചുകയറി—1987-ൽ 8194. 1991-ൽ 6939, 1996-ൽ 6248, ഇത്തവണ 5906. മങ്കടയേക്കാൾ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള സ്ഥലമാണു് പെരിന്തൽമണ്ണ. 1957,60,65,67 വർഷങ്ങളിലൊക്കെ കമ്യൂണിസ്റ്റ്/മാർക്സിസ്റ്റ് സ്ഥാനാർഥികളാണു് ജയിച്ചതു്. 1970 മുതൽക്കാണു് ലീഗിന്റെ പടയോട്ടം.
നാലകത്തു് സൂപ്പി യുടെ ഭാഗ്യം എന്നേ പറയേണ്ടൂ—പെരിന്തൽമണ്ണയിൽ ബി. ജെ. പി.-യുടെ വോട്ട് കൂടുകയാണു്. ഇത്തവണ 3428 ആയിരിക്കുന്നു. സ്വതന്ത്രനായ മഞ്ഞളാംകുഴി അലി ക്കു് മറിക്കുംപോലെ ചുവപ്പനായ വി. ശശികുമാറി നു് വോട്ടുകൊടുക്കാനാവില്ലല്ലോ? പൊന്നാനിയിലും ബി. ജെ. പി.-യുടെ വോട്ട് കുറഞ്ഞു് 5714 ആയി. ഗുണഭോക്താവു് കോൺഗ്രസിലെ എം. പി. ഗംഗാധരൻ. എവിടെ, ആർക്കു്, എത്ര വോട്ട് മറിക്കണം. അതിനു് എന്തു് വില വാങ്ങണം എന്നറിയാവുന്നവർ ആരുണ്ടു് ബി. ജെ. പി.-കാരേക്കാൾ?
മങ്കട നഷ്ടപ്പെട്ടതും പെരിന്തൽമണ്ണയിൽ ഭൂരിപക്ഷം കുറഞ്ഞതുമൊഴിച്ചാൽ മലപ്പുറം ജില്ലയിൽ ഐക്യജനാധിപത്യമുന്നണി തിളക്കമാർന്ന വിജയം നേടി. മലപ്പുറത്തു് മുനീറിന്റെ ഭൂരിപക്ഷം കുറക്കാനും പോളിംഗ് കുറക്കാനും പല കളിയും നടന്നിട്ടുണ്ടു്. മറ്റു് മണ്ഡലങ്ങളിലും ലീഗ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുതിച്ചുകയറി. കഴിഞ്ഞതവണ മൽസരിച്ചു് തോറ്റ പൊന്നാനി, വണ്ടൂർ സീറ്റുകളടക്കം കോൺഗ്രസ് വിജയിച്ചു. വണ്ടൂരെ എ. പി. അനിൽകുമാർ സംസ്ഥാനത്തു് ഏറ്റവും ഉയർന്ന ഭൂരിപക്ഷം (28,225) നേടിയ കോൺഗ്രസുകാരനുമാണു്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ മുസ്ലീംലീഗ് മികച്ച വിജയം നേടി. കഴിഞ്ഞതവണ നഷ്ടപ്പെട്ട മണ്ണാർക്കാട്, ഗുരുവായൂർ, മട്ടാഞ്ചേരി സീറ്റുകൾ ബി. ജെ. പി. സഹായം കൂടാതെ നല്ല ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചു.
ആർ. എസ്. പി.-യുടെ കുത്തക സീറ്റാണു് ഇരവിപുരം. 1967 മുതൽ അഞ്ചുവട്ടം സഖാവ് ആർ. എസ്. ഉണ്ണി തുടർച്ചയായി ജയിച്ചു. 1987-ൽ വി. പി. രാമകൃഷ്ണപിള്ള യും 1980-ലും 82-ലും 87-ലും ധനാഢ്യനായ എ. യൂനുസ്കുഞ്ഞാണു് ലീഗ് സ്ഥാനാർഥിയായി മൽസരിച്ചു് തോൽവിയിൽ ഹാട്രിക്ക് തികച്ചതു്. 1991-ലെ തെരഞ്ഞെടുപ്പിൽ യൂനുസ്കുഞ്ഞ് മലപ്പുറത്തു് സീറ്റുതരപ്പെടുത്തി എം. എൽ. എ. ആകുക എന്ന ജന്മാഭിലാഷം നിറവേറ്റി. ഗുരുവായൂർ സീറ്റ് കൈവിട്ട് പി. കെ. കെ. ബാവ ഇരവിപുരത്തു് അങ്കത്തിനിറങ്ങി. രാജീവ്ഗാന്ധി കൊല്ലപ്പെട്ട സഹതാപം മുതലാക്കി 622 വോട്ട് ഭൂരിപക്ഷത്തോടെ രാമകൃഷ്ണപിള്ള യെ തോൽപിച്ചു. 1996-ൽ ബാവ കൊണ്ടോട്ടിക്കു് പോയി; യൂനുസ്കുഞ്ഞു് വീണ്ടും ഇരവിപുരത്തു് മൽസരിച്ചു. ഇത്തവണ 4790 വോട്ടിനു് രാമകൃഷ്ണപിള്ളയോടു് തോറ്റു.
1991 ജനുവരിയിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കളമശ്ശേരി ഡിവിഷനിൽ സഖാവു് സരോജിനി ബാലാനന്ദ നെ അട്ടിമറിച്ച പ്രസിദ്ധനായ യൂത്ത്ലീഗ് നേതാവാണു് ടി. എ. അഹമ്മദ് കബീർ. അതേവർഷംതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ സ്ഥാനാർഥിയുമായി. 11189 വോട്ടിനു് പ്രൊഫ. മീനാക്ഷി തമ്പാനോ ടു് തോറ്റ കബീർ അടുത്തതവണ മട്ടാഞ്ചേരിയിലാണു് ഭാഗ്യം പരീക്ഷിച്ചതു്. 1980-ലും 82-ലും 87-ലും 91-ലും മുസ്ലീംലീഗിനെ വിജയിപ്പിച്ച മട്ടാഞ്ചേരി 1996-ൽ ഇടതുസ്വതന്ത്രൻ എം. എ. തോമസി നെയാണു് തുണച്ചതു്. കേവലം 425 വോട്ടിനു് അഹമ്മദ് കബീർ പരാജിതനായി. പി. ഡി. പി. സ്ഥാനാർഥി 5238 വോട്ട് പിടിച്ചതും മുസ്ലീംലീഗിലെ ഗ്രൂപ്പുവഴക്കുമാണു് കബീറിന്റെ അടിതെറ്റിച്ചതു്.
ഇത്തവണ മട്ടാഞ്ചേരിയിൽ വീണ്ടും മൽസരിക്കാനായിരുന്നു കബീറിനു് താൽപര്യം. എന്നാൽ പി. കെ. കുഞ്ഞാലിക്കുട്ടി യുടെ വിശ്വസ്തനായ പി. കെ. ഇബ്രാഹിംകുഞ്ഞു് മട്ടാഞ്ചേരി തട്ടിയെടുത്തു. അഹമ്മദ് കബീറി നെ ഇരവിപുരത്തേക്കയച്ചു. യൂനുസ്കുഞ്ഞിനു സീറ്റേ കിട്ടിയില്ല. പോരാട്ടം ഗംഭീരമായിരുന്നു. പക്ഷേ, ഭാഗ്യം കബീറിനെ തുണച്ചില്ല. പോസ്റ്റൽ വോട്ടാണു് നിർണായകമായതു്—ആർ. എസ്. പി.-യിലെ എ. എ. അസീസ് 20 വോട്ടിനു് വിജയിച്ചു.
1980-ലും 82-ലും തിരുവനന്തപുരം വെസ്റ്റ് ആയിരുന്നു മുസ്ലീംലീഗിന്റെ മണ്ഡലം. രണ്ടുവട്ടവും പി. എ. മുഹമദ്കണ്ണ് വിജയിച്ചു. 1987-ൽ തിരുവനന്തപുരം വെസ്റ്റ് കോൺഗ്രസിനു് കൊടുത്തു് ലീഗ് കഴക്കൂട്ടം സ്വീകരിച്ചു. വെസ്റ്റ് മണ്ഡലത്തിൽ എം. എം. ഹസൻ ജയിച്ചു. കഴക്കൂട്ടത്തു് സി. പി. എം. സ്വതന്ത്രയായി മൽസരിച്ച പ്രൊഫ. നബീസാ ഉമ്മാൾ 13,108 വോട്ട്, വ്യത്യാസത്തിൽ ലീഗിലെ നാവായിക്കുളം റഷീദിനെ തോൽപിച്ചു.
1987-ൽ എം. വി. രാഘവനെ അഴീക്കോട്ട് നിർത്തി വിജയിപ്പിച്ച ലീഗ് 1991-ൽ കഴക്കൂട്ടത്തു് രാഘവനെ അവതരിപ്പിച്ചു. ഐക്യമുന്നണി സ്ഥാനാർഥിയായി രാഘവൻ വന്നപ്പോൾ ബി. ജെ. പി.-യുടെ വോട്ട് 10,705ൽ നിന്നു് 2,298 ലേക്കു് കുത്തനെ ഇടിഞ്ഞു. 689 വോട്ടിന്റെ വ്യത്യാസത്തിൽ നബീസാ ഉമ്മാൾ പരാജിതയായി. 1996-ൽ രാഘവൻ ആറന്മുളക്കു് പോയപ്പോൾ കഴക്കൂട്ടത്തു് മുസ്ലീംലീഗ് ഇ. എ. റഷീദിനെ രംഗത്തിറക്കി. റഷീദിന്റെ പരാജയം ദയനീയമായിരുന്നു—കടകംപള്ളി സുരേന്ദ്രന്റെ ഭൂരിപക്ഷം 24057. കഴക്കൂട്ടത്തു് പി. ഡി. പി.-ക്കു് സമ്മതനായ സ്വതന്ത്രനെ നിർത്താനായിരുന്നു മുസ്ലീം ലീഗ് തീരുമാനിച്ചതു്. പ്രത്യുപകാരമായി ബാക്കി. 139 സീറ്റിലും പി. ഡി. പി. ഐക്യമുന്നണിയെ പിന്താങ്ങും. അഡ്വ. എം. അൽതാഫ് സ്വതന്ത്രവേഷമണിഞ്ഞു് കഴക്കൂട്ടത്തെത്തിയപ്പോഴോ കോൺഗ്രസ് നേതാവു് എം. എ. വാഹിദ് റിബലായി രംഗപ്രവേശം ചെയ്തു. ഐ വിഭാഗത്തിന്റെ നേതാവാണു് വാഹിദ്. തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷനേതാവും ആയിരുന്നു. കഴക്കൂട്ടത്തെ കോൺഗ്രസുകാരൊന്നടങ്കം വാഹിദിനു് പിന്നിൽ അണിനിരന്നപ്പോൾ അൽതാഫിനു് കാര്യം പിടികിട്ടി. ഈ പാനപാത്രം എന്നിൽനിന്നു് അകറ്റേണമേ എന്ന പ്രാർത്ഥനയോടെ അദ്ദേഹം പിൻവാങ്ങി. പതിനൊന്നാം മണിക്കൂറിൽ ഒരു സ്ഥാനാർഥിയെ തെരഞ്ഞുപിടിക്കേണ്ട ഗതികേടിലായി ലീഗ് നേതൃത്വം. അങ്ങനെയാണു് റിട്ടയേർഡ് പോലീസുദ്യോഗസ്ഥന്റെ മകനും ബിസിനസുകാരനുമായ മുഹമ്മദലി നിഷാദ് എന്ന യുവാവിനു് കുറി വീണതു്.
കഴക്കൂട്ടത്തെ വോട്ടെണ്ണിത്തീർന്നപ്പോൾ വാഹിദിനു് 49917, സി. പി. എമ്മിലെ ബിന്ദു ഉമ്മറിനു് 45624, മുഹമ്മദലി നിഷാദിനു് 10408. ഐക്യജനാധിപത്യമുന്നണി നിർത്തിയ 140-ൽ 99 പേർ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തപ്പോൾ ജാമ്യസംഖ്യ നഷ്ടപ്പെട്ട ഒരെയൊരാൾ മുഹമ്മദലി നിഷാദ് ആയിരുന്നു.
തങ്ങൾക്കു് ലഭിച്ച സീറ്റുകൾ ഘടകകക്ഷികൾക്കു് മറിച്ചുകൊടുക്കാനും മറ്റു പാർട്ടികളിൽനിന്നു് സ്ഥാനാർഥികളെ കടമെടുക്കാനും ഉള്ള മഹാമനസ്കത ഭൂമിമലയാളത്തിൽ മുസ്ലീംലീഗിനു് മാത്രമേയുള്ളൂ. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തു് കോൺഗ്രസിലെ യു. സി. രാമനെ യാണു് ലീഗ് ദത്തെടുത്തതു്. 1970-ൽ അവിഭക്ത ലീഗിനെയും 1977, 80, 82 വർഷങ്ങളിൽ അഖിലേന്ത്യാ ലീഗിനെയും വിജയിപ്പിച്ച മണ്ഡലമാണു് കുന്ദമംഗലം. ലീഗ് ലയനത്തിനുശേഷം ഇടതുമുന്നണിയേ ജയിച്ചിട്ടുള്ളൂ. 1987-ലും 91-ലും 96-ലും മാർക്സിസ്റ്റ് പാർട്ടിയിലെ സി. പി. ബാലൻ വൈദ്യനാണു് വിജയിച്ചതു്. ബി. ജെ. പി.-യുടെ വോട്ട് 11,878ൽ നിന്നു് 13,741 ലേക്കു് ഉയർന്നിട്ടും 3711 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു. സി. രാമൻ വിജയിച്ചു.
ബി. ജെ. പി. വോട്ട് വിജയികളെ നിർണയിക്കുന്ന മണ്ഡലങ്ങളാണു് കോഴിക്കോട് ഒന്നും രണ്ടും ബി. ജെ. പി.-ക്കാർ താമരക്കു് കുത്തിയാൽ ഇടതുമുന്നണി ജയിക്കും. വോട്ട് മറിച്ചാൽ ഐക്യമുന്നണിയും. കോഴിക്കോട് രണ്ടിൽ ബി. ജെ. പി. 12383 വോട്ടുപിടിച്ച 1987-ൽ സി. പി. എം. സ്ഥാനാർഥി സി. പി. കുഞ്ഞു് 2277 വോട്ടിനു് വിജയിച്ചു. 1991-ൽ ബി. ജെ. പി.-യുടെ വോട്ട് 5563 ആയി കുറഞ്ഞപ്പോൾ ലീഗിലെ എം. കെ. മുനീർ 3883 വോട്ടിന്റെ ഭൂരിപക്ഷം നേടി. 1996-ൽ ബി. ജെ. പി.-യുടെ വോട്ട് 10782 ആയി ഉയർന്നപ്പോൾ സഖാവ് എളമരം കരീം ലീഗിലെ ഖമറുന്നിസ അൻവറി നെ 8766 വോട്ടിനു് തോൽപിച്ചു.
ഖമറുന്നിസാ അൻവറിനെ അരങ്ങത്തു നിന്നു് അടുക്കളയിലേക്കു് മടക്കിയയച്ചു് ലീഗ് നേതൃത്വം കോഴിക്കോട് രണ്ടാം മണ്ഡലം വ്യവസായ പ്രമുഖനായ ടി. പി. എം. സാഹിറിനു് നൽകി. അതിനു് ഫലവുമുണ്ടായി-ബി. ജെ. പി.-യുടെ വോട്ട് 7345-ലേക്കു് താണു; 787 വോട്ടിനു് സാഹിർ വിജയിച്ചു.
ബേപ്പൂരിലും ഒരു വ്യവസായിയെത്തന്നെ മുസ്ലീംലീഗ് രംഗത്തിറക്കിയെങ്കിലും ബി. ജെ. പി.-ക്കാർ കനിഞ്ഞില്ല. ബി. ജെ. പി.-യുടെ വോട്ട് 14363ൽ നിന്നു് 10934 ആയി കുറഞ്ഞതു്, താമര അടയാളത്തിലാണെങ്കിലും നാലാം വേദക്കാരനു് വോട്ടുചെയ്യാൻ അണികൾക്കുള്ള സ്വാഭാവികമായ വിരക്തി കൊണ്ടാകാനേ ഇടയുള്ളൂ. ഭൂരിപക്ഷം 12096-ൽ നിന്നു് 5071 ആയി കുറഞ്ഞെങ്കിലും സി. പി. എം. സ്ഥാനാർഥി വി. കെ. സി. മമ്മദ്കോയ ലീഗിലെ എം. സി. മായിൻഹാജിയെ തോൽപിച്ചു.
മേപ്പയൂരിൽ മൽസരിക്കാൻ ബി. ജെ. പി.-ക്കും വെള്ളാപ്പള്ളി നടേശനും സമ്മതനായ ഒരു തിയ്യസമുദായക്കാരനെത്തേടി ലീഗ് നേതാക്കൾ എത്രയാണു് അലഞ്ഞതു്? ഒരു ഹുക്ക വ്യാപാരിയെ ഏറെക്കുറെ പിടികൂടിയതുമാണു്. ലീഗ് നേതാക്കളേക്കാൾ വിവേകം ഹുക്ക വ്യാപാരിക്കുണ്ടായിരുന്നതുകൊണ്ട് ചാക്കിൽ കയറിയില്ല. അവസാനം തനി ലീഗുകാരനായ പി. അമ്മദ് മാസ്റ്റർക്കു് കുറി വീണു. അപ്പോഴേക്കും സഖാവു് മത്തായി ചാക്കോ യുടെ പ്രചാരണം മൂന്നാം റൗണ്ടിലേക്കു് കടന്നിരുന്നു. ബി. ജെ. പി. വോട്ടുകൾ അവരുടെ സ്ഥാനാർഥിക്കുതന്നെ പോയി; ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും മത്തായി ചാക്കോ വിജയിച്ചു.
ബി. ജെ. പി. സഹായം തീരെയില്ലാതെതന്നെ സ്ഥിരംസീറ്റുകളായ കൊടുവള്ളിയും തിരുവമ്പാടിയും മുസ്ലീംലീഗ് നേടി. കഴിഞ്ഞതവണ കൊടുവള്ളിയിൽ കഷ്ടിച്ചു് രക്ഷപ്പെട്ട സി. മോയിൻകുട്ടി ഇക്കുറി തിരുവമ്പാടിയിൽ പുഷ്പം പോലെ ജയിച്ചു. ഭൂരിപക്ഷം 15631. കൊടുവള്ളിയിൽ സി. മമ്മൂട്ടി 16877 വോട്ടിനു് വിജയിച്ചു. മുനീറിന്റെ ഭൂരിപക്ഷം കുറക്കാൻ മലപ്പുറത്തു് പ്രവർത്തിച്ച ചില മാരാരിക്കുളം ശക്തികൾ ഇവിടെ തലപൊക്കിയത്രെ എന്നിട്ടും മമ്മൂട്ടി!
കുഞ്ഞിപ്പറമ്പത്തു് മോഹനൻ, കാട്ടിൽപറമ്പത്തു് മോഹനൻ എന്നീ അപരന്മാരെ മുൻനിർത്തിയാണു് പെരിങ്ങളത്തു് മുസ്ലീം ലീഗ് ജനതാദളിലെ കെ. പി. മോഹനനെ നേരിട്ടതു്. ലീഗിലെ കെ. കെ. മുഹമ്മദി ന്റെ അപരനായി ചാത്തോത്തു് മുഹമ്മദും രംഗത്തുവന്നു. രണ്ടല്ല ഇരുപതു് മോഹനന്മാർക്കിടയിൽനിന്നാലും പി. ആർ. കുറുപ്പി ന്റെ മകനെ തിരിച്ചറിയാനുണ്ടോ പെരിങ്ങളത്തുകാർക്കു് വിഷമം? 6978 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മോഹനൻ വിജയിച്ചു.
കാസർകോട്ടും മഞ്ചേശ്വരത്തും പതിവിൻപടി സി. പി. എം. സഹായിച്ചു. കാസർകോട്ട് സി. പി. എമ്മിന്റെ വോട്ട് 24254-ൽ നിന്നു് 21948 ആയി കുറഞ്ഞു. ബി. ജെ. പി.-യുടെ വോട്ട് 30149-ൽനിന്നു് 33895 ആയിട്ടും വിശേഷമുണ്ടായില്ല; സി. ടി. അഹമ്മദാലി യുടെ ഭൂരിപക്ഷം 3783-ൽനിന്നു് 17995 ആയി ഉയർന്നു മഞ്ചേശ്വരത്തു് ബി. ജെ. പി. വോട്ടുകൾ 32413-ൽ നിന്നു് 34306-ലേക്കും സി. പി. എമ്മിന്റേതു് 22601-ൽനിന്ന് 23201-ലേക്കും വർധിച്ചു. ചെർക്കളം അബ്ദുല്ല യുടെ ഭൂരിപക്ഷം 2292-ൽനിന്നു് 13188-ലേക്ക് കുതിച്ചുയർന്നു. കർണാടകയിൽനിന്നെത്തിയ ഒരു കോൺഗ്രസ് മന്ത്രിക്കു് ഇതിൽ നല്ല പങ്കുണ്ടു്.
23 സീറ്റിൽ മൽസരിച്ച മുസ്ലീംലീഗ് 17-ൽ (ഒരു സ്വതന്ത്രനടക്കം) വിജയിച്ചു. ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയതു് ലീഗുകാരനാണു്. ജാമ്യസംഖ്യ നഷ്ടമായ ഏക ഐക്യമുന്നണി സ്ഥാനാർഥി ലീഗ് സ്വതന്ത്രനും. 1996-നെ അപേക്ഷിച്ചു് 4 സീറ്റിന്റെ വർധനയുണ്ടു്; 1991-ലേതിനേക്കാൾ 2 സീറ്റ് കുറവുമാണു്.
ചരിത്രത്തിൽനിന്നു് ലീഗുകാർ പഠിക്കുന്ന പാഠമെന്താണു്? ഒന്നും പഠിക്കാനില്ല എന്നതുതന്നെ. ഇനി ചരിത്രം പഠിക്കാനും കണക്കുകൾ തലനാരിഴ കീറി പരിശോധിക്കാനുമുള്ള സമയമല്ല. കെ. പി. എ. മജീദ് തോറ്റാൽ ഓനുപോയി. മുഹമ്മദലി നിഷാദിന്റെ കെട്ടിവെച്ച സംഖ്യ പോയാൽ ഓനും.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.