മഹാത്മജി ക്കു് പറ്റിയ രണ്ടു തെറ്റുകളെപ്പറ്റി പറഞ്ഞതു് ചൗധരി ചരൺസിംഗാ ണു്. ഖിലാഫത്ത് സമരത്തെ പിന്താങ്ങിയതു് ആദ്യത്തെ അപരാധം. അതിന്റെ ഫലമായി വിഘടനവാദം ശക്തിപ്പെട്ടു, പാക്കിസ്ഥാൻ ഉണ്ടായി; രാജ്യത്തിന്റെ അഞ്ചിൽ ഒരു ഭാഗം നഷ്ടമായി. കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഭൂരിപക്ഷം അംഗങ്ങളും സർദാർ പട്ടേലി നെ പിന്തുണച്ചിട്ടും മസിലു പിടിച്ചു നെഹ്റു വിനെ പ്രധാനമന്ത്രിയാക്കിയതു് രണ്ടാമത്തെ തെറ്റു്. അതുകൊണ്ടു് കുടുംബവാഴ്ചയുണ്ടായി, ജനാധിപത്യ സമ്പ്രദായം ദുർബലമായി; രാജ്യത്തിന്റെ അവശേഷിച്ച അഞ്ചിൽ നാലും നാനാവിധമായി.
പറഞ്ഞതു് ചരൺസിംഗാ ണെങ്കിലും, 1979-ൽ മന്തിസഭ തകർന്നതിനെത്തുടർന്നുളവായ ഉൽക്കട നൈരാശ്യമാണു് വാക്കുകളിൽ മുഴങ്ങുന്നതു് എന്നിരിക്കിലും അതിൽ സത്യത്തിന്റെ വലിയൊരു അംശമുണ്ടു്. 1946-ൽ ഇടക്കാല മന്ത്രിസഭക്കു് നേതൃത്വം നൽകിയതു് പട്ടേലോ ആസാദോ രാജാജി യോ രാജൻ ബാബു വോ ആയിരുന്നെങ്കിൽ നാഷനൽ കോൺഗ്രസിന്റെയും ഇന്ത്യയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു.
ജവഹർലാൽ പ്രധാനമന്ത്രിയായി അധികാരമേറ്റ 1946 സെപ്റ്റംബർ രണ്ടിനു് നെഹ്റു-ഗാന്ധി കുടുംബാധിപത്യത്തിന്റെ യവനികയും ഉയർന്നു. 1964–66 കാലത്തു് ചെറിയ ഒരിടവേള—ശാസ്ത്രി യുടെ ഭരണകാലം. 1977 മാർച്ചിൽ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്നു് ഡിസംബർ വരെ വീണ്ടും ഒരിടവേള. വൈ. ബി. ചവാൻ-സ്വരൺസിംഗ്-ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരുടെ കൂട്ടുനേതൃത്വത്തോടു കലഹിച്ചു് 1978 ജനുവരി ഒന്നിനു് ഇന്ദിരാഗാന്ധി പുതിയ പാർട്ടിയുണ്ടാക്കി. 1980-ൽ സഞ്ജയ്ഗാന്ധി തീപ്പെട്ടു. മാഡം മൂത്തമകനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നു. 1984-ൽ അമ്മ മഹാറാണി നാടുനീങ്ങി. രണ്ടാമതൊന്നാലോചിക്കാതെ രാജീവലോചനൻ സത്യവാചകം ചൊല്ലി. 1991 മെയ് 21-നു് ശ്രീപെരുമ്പത്തൂരിൽ ബോംബുസ്ഫോടനം, കോൺഗ്രസ് കുടുംബാധിപത്യത്തിനു് അർധവിരാമം.
രാജീവ് കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ സോണിയ ക്കുമേൽ സമ്മർദം ഉണ്ടായതാണു്. ആ ഒഴിവിൽ നരസിംഹറാവു കോൺഗ്രസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയുമായി. സ്റ്റുവർട്ട് രാജാക്കന്മാർക്കിടയിൽ ഒലിവർ ക്രോംവെല്ലി നെപ്പോലെ, മുഗൾചക്രവർത്തിമാർക്കിടയിൽ ഷെർഷാസൂരി നെപ്പോലെ, നെഹ്റു-ഗാന്ധി രാജകുടുംബാംഗങ്ങൾക്കു നടുവിൽ തെലുങ്കു ബ്രാഹ്മണൻ.
നരസിംഹത്തെ വാഴിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ കറുപ്പയ്യാ മൂപ്പനാരും കരുണാകരനും വിജയഭാസ്കര റെഡ്ഡി യും ആയിരുന്നു. താരതമ്യേന ചെറുപ്പക്കാരനും വ്യവസായികളുടെ കണ്ണിലുണ്ണിയുമായ ശരത്പവാർ അധികാരം പിടിച്ചാൽ തങ്ങളുടെ അവസ്ഥ പരിതാപകരമാകുമെന്നു് കരുണാകരാദികൾ ഭയന്നു. ഏതായാലും അഞ്ചു കൊല്ലം റാവുജി അമർന്നിരുന്നു ഭരിച്ചു; അക്കാലമത്രയും നെഹ്റു-ഗാന്ധിമാരെ അധികാരസോപാനത്തിൽനിന്നു് അകറ്റിനിറുത്തുകയും ചെയ്തു.
1996-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരഭ്രഷ്ടമായി. അതോടെ നരസിംഹറാവു ദുർബലനായി. പരാജയത്തിന്റെ പാപഭാരം റാവുവിന്റെ മേൽ ചുമത്തപ്പെട്ടു. കൂനിന്മേൽ കുരുവായി ഒട്ടേറെ ആരോപണങ്ങൾ ഉയർന്നു. ലഖുഭായ് പട്ടേലിന്റെ കേസിൽ കുറ്റം ചുമത്തപ്പെട്ടതിനെത്തുടർന്നു് റാവുജി നേതൃത്വം ഒഴിഞ്ഞു. സീതാറാം കേസരി പകരക്കാരനായി വന്നു.
മർക്കടസ്യ സുരാപാനം, മധ്യേവൃശ്ചിക ദംശനം എന്ന മട്ടിലായിരുന്നു സീതാറാം കേസരിയുടെ പ്രകടനം. ആദ്യം ദേവഗൗഡ മന്ത്രിസഭയെ വീഴ്ത്തി, പിന്നെ ഗുജ്റാൽ മന്ത്രിസഭയെ മറിച്ചിട്ടു. കേസരിയോടു് കലഹിച്ചു് മമതാ ബാനർജി സ്വന്തം പാർട്ടിയുണ്ടാക്കി. കെ. സി. പന്തും എസ്. എസ്. അഹ്ലുവാലിയ യും രംഗരാജൻ കുമരമംഗല വുമൊക്കെ ബി. ജെ. പി.-യിൽ ചേക്കേറി. രാജ്യം ഇടക്കാല തെരഞ്ഞെടുപ്പിലേക്കു് നീങ്ങവേ, 1997 ഡിസംബർ അവസാനം സോണിയ ഗാന്ധി അവതരിച്ചു. കോൺഗ്രസിനു വേണ്ടി താൻ പ്രചാരണം നടത്തും എന്നു് മാഡം പ്രഖ്യാപിച്ചു.
അപ്പോഴേക്കും കോൺഗ്രസിന്റെ നില തുലോം ദുർബലമായിക്കഴിഞ്ഞിരുന്നു. ഗംഗാസമതലത്തിൽ പാർട്ടിയുടെ അടിത്തറ പൊളിഞ്ഞു. പരമ്പരാഗത വോട്ടു ബാങ്കുകൾ ലിക്വിഡേറ്റ് ചെയ്യപ്പെട്ടു. പണ്ടേ ദുർബലമായ ബംഗാളിലും തമിഴ്‌നാട്ടിലും പിളർപ്പു് പാർട്ടിയെ തരിപ്പണമാക്കി. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലേ പാർട്ടിക്കു് പൊരുതാനുള്ള ശക്തി അവശേഷിച്ചിരുന്നുള്ളു.
സോണിയ ഗാന്ധി രാജ്യവ്യാപകമായി പ്രചാരണം നടത്തിയിട്ടും 141 സീറ്റിലേ കോൺഗ്രസിനു് ജയിക്കാനായുള്ളു. എങ്കിലും 1998 മാർച്ച് 14-നു് കോൺഗ്രസ് പ്രവർത്തകസമിതി കേസരിയെ അധ്യക്ഷപദത്തിൽനിന്നു് നീക്കി, തൽസ്ഥാനത്തു് സോണിയാജിയെ അവരോധിച്ചു. തലേ വർഷം 90 ശതമാനം വോട്ടോടെ എ. ഐ. സി. സി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാളാണു് സീതാറാം കേസരി. എ. ഐ. സി. സി. സമ്മേളനം തെരഞ്ഞെടുത്ത പ്രസിഡന്റിനെ വർക്കിംഗ്കമ്മിറ്റി എങ്ങനെ നീക്കും എന്നു ചോദിക്കരുതു്. കോൺഗ്രസിൽ അതും അതിലപ്പുറവും നടക്കും.
സോണിയാജിയെ അധ്യക്ഷസ്ഥാനത്തു കുടിയിരുത്തുമ്പോൾ ഈ സ്ത്രീക്കു് ഇന്ത്യയുടെ ചരിത്രം അറിയാമോ, ഭൂമിശാസ്ത്രം അറിയാമോ, രാഷ്ട്രീയമറിയാമോ, സംസ്കാരമറിയാമോ എന്നൊന്നും കോൺഗ്രസുകാർ ചിന്തിച്ചില്ല. എട്ടാം ഷെഡ്യൂളിൽപ്പെട്ട ഏതെങ്കിലും ഭാഷ അവർക്കു കേട്ടാൽ മനസ്സിലാകുമോ എന്നതും ആലോചിച്ചില്ല. നെഹ്റു കുടുംബാംഗം എന്ന ഒറ്റക്കൊരു ഗുണത്തിനുമുന്നിൽ സകല പോരായ്മകളും മാഞ്ഞുപോയി.
അങ്ങനെ സോണിയ ഗാന്ധി എ. ഐ. സി. സി. പ്രസിഡന്റും പാർട്ടിയുടെ ഏകച്ഛത്രാധിപതിയുമായി. പിന്നാലെ ദൽഹി, രജസ്ഥാൻ, മധ്യപ്രദേശ് നിയമസഭകളിലേക്കു് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. വിലക്കയറ്റവും കേന്ദ്രസർക്കാറിനോടുള്ള അതൃപ്തിയുമാണു് ബി. ജെ. പി.-യുടെ കുഴിതോണ്ടിയതു് എന്നിരിക്കിലും വിജയം സോണിയാജിയുടെ കണക്കിലാണു് കോൺഗ്രസുകാരും മാധ്യമങ്ങളും എഴുതിച്ചേർത്തതു്.
1999 ഏപ്രിൽ മാസത്തിൽ കേന്ദ്രസർക്കാർ ആടിയുലഞ്ഞു് നിലംപൊത്തി, ബദൽ മന്ത്രിസഭയുണ്ടാക്കാൻ സോണിയ ഗാന്ധി അവകാശവാദമുന്നയിച്ചെങ്കിലും 272 എന്ന മാന്ത്രികസംഖ്യ തികക്കാൻ കഴിയാതെ അപഹാസ്യയായി. ലോക്സഭ പിരിച്ചുവിട്ടു് തെരഞ്ഞെടുപ്പിനു് ഒരുങ്ങുമ്പോഴാണു് ശരത്പവാറും പി. എ. സാഗ്മ യും താരിഖ് അൻവറും പിന്നിൽനിന്നു കുത്തിയതു്. വിദേശത്തു് ജനിച്ചവർ ഇന്ത്യയുടെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകരുതു് എന്നൊരഭിപ്രായം മൂവരും ചേർന്നു് സോണിയാജിയെ എഴുതിയറിയിച്ചു. വിവരമറിഞ്ഞു് അഹിംസാപാർട്ടിക്കാർ കോപാകുലരായി: അക്ബറിന്റെ സിംഹാസനത്തിൽ മൂട്ടയോ? മൂന്നുപേരെയും തൽക്ഷണം പാർട്ടിയിൽനിന്നു പുറത്താക്കി, പടിയടച്ചു് പിണ്ഡവും വെച്ചു.
1999-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി മുമ്പത്തെക്കാൾ മോശമായി. പാർട്ടിക്കും സഖ്യകക്ഷികൾക്കും കൂടി 138 സീറ്റേ കിട്ടിയുള്ളു. പരാജയത്തിന്റെ പാപഭാരം ആരെങ്കിലും മദാമ്മാഗാന്ധിക്കുമേൽ ചുമത്തിയോ? ഇല്ല. നമ്മുടെ മുജ്ജന്മപാപംകൊണ്ടു തോറ്റു. മദാമ്മാജി ഇല്ലായിരുന്നെങ്കിൽ ഇത്ര സീറ്റുപോലും കിട്ടുകയില്ലായിരുന്നു എന്നു് കോൺഗ്രസുകാർ മാറത്തടിച്ചു പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റിന്റെ ഭാരിച്ച ജോലിക്കുപുറമെ ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ചുമതലകൂടി സോണിയാജി വഹിച്ചിരുന്നു. എഴുതിക്കിട്ടുന്ന പ്രസംഗങ്ങൾ വായിക്കുക, ആൾക്കൂട്ടത്തിനുനേരെ കൈവീശുക എന്നിങ്ങനെ ക്ലേശകരമായ പ്രവൃത്തികൾ മടികൂടാതെ നിർവഹിച്ചു.
കേരളത്തിലും ആസാമിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ജയിച്ചുകൊണ്ടു് കോൺഗ്രസ് മെല്ലെ ചിത്രത്തിലേക്കു മടങ്ങിവന്നു. എല്ലായിടത്തും ഭരണവിരുദ്ധവികാരമാണു് പാർട്ടിയെ തുണച്ചതു്. മറുവശത്തു് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിനു് അധികാരം നഷ്ടപ്പെട്ടു. ഗുജറാത്തിൽ പാർട്ടി കടപുഴകി. സോണിയാ മാജിക്കിനെക്കുറിച്ചു് മാധ്യമങ്ങൾ പല സംശയങ്ങളും പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസുകാർ ഉറച്ചുനിന്നു: നഹീ ചാഹിയേ സോനാ ചാന്ദീ, ഹമേ ചാഹിയേ സോണിയാ ഗാന്ധി!
ഇന്ത്യ തിളങ്ങുന്നു എന്ന അവകാശവാദവുമായി 2004-ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി. ജെ. പി.-യെ ജനം കഠിനമായി ശിക്ഷിച്ചു. കോൺഗ്രസിനു് ബി. ജെ. പി.-യേക്കാൾ സീറ്റു കൂടുതൽ കിട്ടി; ഇടതുപക്ഷത്തിന്റെ പിന്തുണ കൂടിയായപ്പോൾ മന്ത്രിസഭ രൂപവത്കരിക്കാനും സാധിച്ചു. പ്രധാനമന്ത്രിപദം സ്വീകരിക്കാതിരിക്കാനുള്ള വിവേകം സോണിയ പ്രകടിപ്പിച്ചു. വിദേശ ജനനം വിഷയമാക്കി ബി. ജെ. പി. മുതലെടുപ്പു് നടത്തുന്നതു് തടയാൻ കഴിഞ്ഞു.
പ്രധാനമന്ത്രിസ്ഥാനത്തേക്കു് മൻമോഹൻസിംഗി നെ നിശ്ചയിച്ചതും സോണിയ തന്നെ. ഇതര കോൺഗ്രസുകാരെ അപേക്ഷിച്ചു് മൻമോഹനു് മൂന്നു മെച്ചങ്ങളുണ്ടു്: (1) ആൾ അഴിമതിക്കാരനല്ല. സംശുദ്ധമായ പ്രതിച്ഛായ. (2) ജനപിന്തുണ തീരെയുമില്ല ഇന്ത്യാ രാജ്യത്തെ ഏതു പഞ്ചായത്തിലെ ഏതു വാർഡിൽ നിന്നാലും ജയിക്കില്ല. സ്വന്തം ഭാര്യയുടെ വോട്ടുപോലും കിട്ടുമെന്നു് ഉറപ്പില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പുണ്ടാക്കില്ല. മദാമ്മയുടെ മേൽക്കോയ്മ തികച്ചും അംഗീകരിക്കും, ആജ്ഞകൾ ശിരസാവഹിക്കും. തികച്ചും ഭക്തഹനുമാൻ. (3) പരിഷ്കരണവാദിയും അമേരിക്കയുടെ കണ്ണിലുണ്ണിയുമാണു്. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നുപറയേണ്ട താമസമേയുള്ളു, തലകുത്തി മറിയും.
അങ്ങനെ മൻമോഹൻജി പ്രധാനമന്ത്രിയും മദാമ്മജി യു. പി. എ. അദ്ധ്യക്ഷയുമായി പെറ്റിക്കോട്ട് ഗവൺമെന്റ് നിലവിൽവന്നു. ബി. ജെ. പി.-യെപ്പോലും നാണിപ്പിക്കുന്ന നടപടികളാണു് കേന്ദ്രസർക്കാർ ചെയ്തുകൂട്ടിയതു്. പേറ്റന്റ് നിയമ, വിത്തുനിയമ ഭേദഗതികൾ, സംയുക്ത നാവികാഭ്യാസം, ഇസ്രായേൽ ബാന്ധവം, ആണവകരാർ അങ്ങനെ പലതും. ബീഹാർ നിയമ സഭ പിരിച്ചുവിട്ടും ഗോവ നിയമസഭ സസ്പെന്റ് ചെയ്തും, ഝാർഖണ്ഡിലും മേഘാലയത്തിലും ഭൂരിപക്ഷമില്ലാത്ത കക്ഷിക്കു് മന്ത്രിസഭയുണ്ടാക്കാൻ അവസരംകൊടുത്തും സോണിയാജി, ഇന്ദിരാഗാന്ധി ക്കൊത്ത മരുമകളാണെന്നു് തെളിയിച്ചു.
തെരഞ്ഞെടുപ്പുകളിൽ നിരന്തരം തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലും പഞ്ചാബിലും ഹിമാചലിലും ഉത്തരഖണ്ഡിലും അധികാരം നഷ്ടപ്പെട്ടു. ബംഗാളും ഗുജറാത്തും ബാലികേറാമലകളായിത്തുടരുന്നു. ഉത്തർപ്രദേശിൽ നാലംസ്ഥാനം നിലനിറുത്തി. ആന്ധ്രയിലും കർണാടകത്തിലും തെരഞ്ഞെടുപ്പു നടത്തേണ്ട താമസമേയുള്ളു—പരാജയം സുനിശ്ചിതം. ഭരണവിരുദ്ധ വികാരത്താൽ ഒരുപക്ഷേ, രാജസ്ഥാനും മധ്യപ്രദേശും ജയിച്ചേക്കാം. അപ്പോഴും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു് ചോദ്യചിഹ്നമായി മുന്നിൽനിൽക്കും.
സോണിയക്കുശേഷം ആരു് എന്ന ചോദ്യത്തിനു് പ്രിയങ്ക എന്നാണു് മുമ്പു് മാധ്യമങ്ങൾ ഉത്തരം നൽകിയിരുന്നതു്. എന്നാൽ, സോണിയ രംഗത്തുകൊണ്ടുവന്നതു് രാഹുലി നെയാണു്. പയ്യനു് രാഷ്ട്രീയം വലിയ പിടിയില്ല. രാജീവി ന്റെ മകൻ, ഇന്ദിര യുടെ പൗത്രൻ എന്നൊക്കെ മേനിനടിച്ചു നടക്കാൻ, നെഹ്റു-ഗാന്ധി കുടുംബമഹിമയെക്കുറിച്ചു് വീരസ്യംപറയാൻ മാത്രം അറിയാം.
ഉത്തർപ്രദേശിലെയും ഗുജറാത്തിലെയും റോഡ്ഷോകൾക്കുശേഷം ഇന്ത്യയെ കണ്ടെത്തൽ പരിപാടിയുമായി ഊരുചുറ്റാൻ ഇറങ്ങിയിരിക്കുകയാണു്. കൂടെ നമ്മുടെ ഉമ്മൻചാണ്ടി യുടെ മകനും ചീഫ്ജസ്റ്റിസ് ബാലകൃഷ്ണന്റെ മരുമകനുമുണ്ടു്. രാഹുൽജി ഇന്ത്യയെ കണ്ടെത്തിക്കഴിയുമ്പോഴേക്കും അദ്വാൻജി പ്രധാനമന്ത്രി ആകുമെന്നു് പ്രതീക്ഷിക്കുക.
എ. ഐ. സി. സി. പ്രസിഡന്റുപദത്തിൽ സോണിയ ഗാന്ധി പത്തു വർഷം തികച്ചിരിക്കുന്നു. നെഹ്റു വിനോ ഇന്ദിര ക്കോ രാജീവിനോ ഇത്രയും നീണ്ട കാലയളവു് അധ്യക്ഷസ്ഥാനത്തിരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, ഇനിയാർക്കും സാധിച്ചെന്നും വരില്ല. ഈ പോക്കുപോയാൽ പാർട്ടിതന്നെ അധികനാളുണ്ടായെന്നിരിക്കില്ല.
ഗോതമ്പും ചോളവും തമ്മിൽ തിരിച്ചറിയാനാവാത്ത, പശുവിനെയും കാളയെയും തമ്മിൽ തിരിച്ചറിയാനാവാത്ത, മെട്രിക്കുലേറ്റുപോലുമില്ലാത്ത ഒരു സ്ത്രീ എന്നാണു് ചരൺസിംഗ് പണ്ടു് ഇന്ദിരാജി യെ വിശേഷിപ്പിച്ചതു്. ഇന്നു ജീവിച്ചിരുന്നെങ്കിൽ ചൗധരി സാഹിബ് സോണിയാജിയെ എങ്ങനെ വിവരിക്കുമായിരുന്നു എന്നതു് മാന്യവായനക്കാരുടെ ഭാവനക്കു വിടുന്നു.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.